മെഡിസിന്‍ @ ബൂലോകം

സ്വവര്‍ഗലൈംഗികതയുടെ ശാസ്ത്രം ജൂലൈ 3, 2009

ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് …

-ഇത് സാമൂഹികവൈദ്യപാഠപുസ്തകത്തില്‍ പൊതുജനാരോഗ്യത്തെ സംബന്ധിച്ച അധ്യായത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്ന ഒരു വരിയാണ്. ആരെഴുതിയെന്നൊന്നും അറിയില്ല. പക്ഷേ ഉള്‍ക്കൊള്ളലിന്റെ ജനാധിപത്യരീതികളെ വാനോളം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദില്ലി ഹൈക്കോടതി ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദീര്‍ഘകാലത്തെ പോരാട്ടത്തിന് നല്‍കിയ പച്ചക്കൊടി [1] ഈ തത്വത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

ഇങ്ങനെയുള്ള അവസരങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വവര്‍ഗ്ഗ രതിയേയും സംബന്ധിച്ച് അബദ്ധധാരണകളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടാവുക സ്വാഭാവികം. തങ്ങളുടെ തുരുമ്പിച്ച മതപ്രത്യയശാസ്ത്രങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാന്‍ പാതിരിമാരും മൊല്ലാക്കമാരും ആര്‍ഷഭാരതസംസ്കൃതിയുടെ കാവലാളുകളും കച്ചകെട്ടിയിറങ്ങുമ്പോള്‍ പ്രത്യേകിച്ചും. കുടുംബബന്ധങ്ങളെ ശിഥിലമാക്കുമെന്നു തുടങ്ങി എയിഡ്സ് വ്യാപനത്തിനു വരെ കാരണമാകുമെന്നൊക്കെയാണ് കാറ്റില്‍ പറക്കുന്ന വാദങ്ങള്‍ . സ്വവര്‍ഗ്ഗാനുരാഗം പരിണാമ നിയമങ്ങള്‍ക്കോ പ്രകൃതിക്കോ വിരുദ്ധമാണോ ? സ്വവര്‍ഗ്ഗരതി എയിഡ്സ് വ്യാപിപ്പിക്കുമോ ? ശാസ്ത്രപഠനങ്ങള്‍ എന്തു പറയുന്നു ഇതിനെ സംബന്ധിച്ച് ?

സ്വവര്‍ഗാഭിമുഖ്യവും സമൂഹവും

“അപരന്‍” (other) എന്നൊരു സങ്കല്പത്തിലൂന്നിയാണ് ആന്തരികവ്യക്തിത്വം മുതല്‍ സമൂഹവും രാഷ്ട്രവും വരെ ഉരുത്തിരിയുന്നത് എന്നിരിക്കെ സ്വന്തം കൂട്ടര്‍ പിന്‍പറ്റുന്ന ശീലങ്ങള്‍ normal-ഉം അതില്‍ നിന്ന് വ്യതിരിക്തമാവുന്നതെല്ലാം abnormal -ഉം ആവുന്നത് സ്വാഭാവികം. മതബദ്ധമായതും അല്ലാത്തതുമായ സാമൂഹിക നിയമസംഹിതകള്‍ ഉണ്ടാകുന്നത് ആത്യന്തികമായി ഈ അപരനെ(other) സ്വന്തത്തില്‍ (same) നിന്ന് വേര്‍തിരിക്കാനാണ്. ഭൂരിപക്ഷത്തിന്റെ അനുശീലനങ്ങള്‍ സ്വാഭാവികമെന്നും ന്യൂനപക്ഷത്തിന്റേത് അസ്വാഭാവികമെന്നും നോക്കിക്കാണുന്ന മനോനിലയും ഇതിന്റെ തുടര്‍ച്ചതന്നെ [2].

പരലൈംഗികരായ (heterosexuals) ഭൂരിപക്ഷമടങ്ങുന്ന സമൂഹം സ്വവര്‍ഗാനുരാഗികളെ എങ്ങനെ കാണുന്നു എന്നതിനെ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്.ഈ സാമൂഹികപ്രതികരണങ്ങളെ സംബന്ധിച്ചു പഠിച്ചഗവേഷകര്‍ അതിനെ മൂന്ന് ഘടകങ്ങളായി കാണുന്നു – ഒന്നാമത്തേത്, സ്വവര്‍ഗാനുരാഗം(homosexuality) എന്ന ആശയം എത്രമാത്രം “സദാചാരവിരുദ്ധ”മാണെന്ന ചിന്തയെ ആശ്രയിച്ചുള്ള പ്രതികരണം; രണ്ടാമത്, സ്വവര്‍ഗാനുരാഗി തനിക്കും തന്റെ ഉറ്റവര്‍ക്കും ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെ ഓര്‍ത്തുള്ള പ്രതികരണം; മൂന്നാമത്, സ്വവര്‍ഗാനുരാഗികളുടെ അവകാശസമരങ്ങളോടുള്ള പ്രതികരണം. പരലൈംഗികരായ പുരുഷന്മാര്‍ സ്വവര്‍ഗ്ഗാനുരാഗിയായ പുരുഷന്മാരോട് കാണിക്കുന്ന വെറുപ്പ് സ്ത്രീകളുടെ തത്തുല്യ പ്രതികരണത്തെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു [3]. എന്നാല്‍ സ്ത്രീസ്വവര്‍ഗാനുരാഗിക(Lesbians)ളോട് പരലൈംഗികരായ പുരുഷനും സ്ത്രീയും ഏതാണ്ടൊരുപോലെയാണ് പ്രതികരിക്കുന്നതും. ശ്രദ്ധേയമായ മറ്റൊരുകാര്യം ഒരു മനുഷ്യാവകാശപ്രശ്നമെന്ന നിലയിലേയ്ക്ക് വരുമ്പോള്‍ പ്രതികരണങ്ങള്‍ തണുക്കുകയും കൂടുതല്‍ ആളുകള്‍ – ആണ്‍ പെണ്‍ ഭേദമെന്യേ – സ്വവര്‍ഗാനുരാഗികളുടെ സമരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. പുരുഷമേധാവിത്വം, കര്‍ശനമായ ആണ്‍ – പെണ്‍ വിവേചനങ്ങള്‍, പുരുഷത്വ ചിഹ്നങ്ങള്‍, മതാധിഷ്ഠിത സദാചാരബോധം തുടങ്ങിയവയോട് ആഭിമുഖ്യമുള്ളവരാണ് ഇത്തരം ഹോമഫോബിയ കൂടുതലും വച്ചുപുലര്‍ത്തുന്നതായി പഠനങ്ങളും ചൂണ്ടുന്നത്. സ്വവര്‍ഗാനുരാഗികളോടുള്ള അവജ്ഞയ്ക്ക് ജാതി-വര്‍ണ-ലിംഗവിവേചനവുമായുള്ള സാമ്യം യാദൃച്ഛികമല്ല. സമൂഹത്തിലെ മറ്റ് അവശ/അസംഘടിത ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും ഭയവും പോലെ ഹോമഫോബിയയും അധീശത്വ മനോഭാവത്തില്‍ വേരൂന്നിയാണ് വളരുന്നതെന്നാണ് സൂചനകള്‍ [3,4].

സ്വവര്‍ഗാനുരാഗി എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആദ്യം മനസിലെത്തുന്ന ചിത്രം സ്ത്രൈണചേഷ്ടകളുള്ള നാണം കുണുങ്ങിയായ പുരുഷന്റെ(sissy boy)യാണ്, അല്ലെങ്കില്‍ സ്ത്രീവേഷം ധരിച്ച ഒരു നപുംസകരൂപത്തിന്റെ (transgender). എന്നാല്‍ സമൂഹം പ്രോട്ടോടൈപ്പുകളായി സങ്കല്പിച്ചുവച്ചിരിക്കുന്ന ഇവരൊക്കെ സ്വവര്‍ഗാനുരാഗികളിലെ ഒരു ചെറിയ ശതമാനം മാത്രമാണ് എന്നതാണ് സത്യം. കുട്ടിക്കാലത്ത് തീര്‍ച്ചമൂര്‍ച്ചയുള്ള ജെന്‍ഡര്‍ റോളുകള്‍ക്ക് വിധേയരാകാത്ത കുട്ടികള്‍ വളരുമ്പോള്‍ സ്വവര്‍ഗാനുരാഗിയാവാന്‍ സാധ്യത കൂടുതലാണെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സ്വവര്‍ഗഭോഗികളും ലൈംഗികവിഷയത്തിലൊഴിച്ച് പരലൈംഗികാഭിമുഖ്യമുള്ളവരില്‍ നിന്ന് ശാരീരികമോ മാനസികമോ ആയി ഒരു തരത്തിലും വ്യത്യസ്തരല്ല. സ്ത്രീ സ്വവര്‍ഗാനുരാഗിയില്‍ പുരുഷ ഹോര്‍മോണുകളും പുരുഷ സ്വവര്‍ഗപ്രണയികളില്‍ സ്ത്രീ ഹോര്‍മോണുകളുമായിരിക്കും കൂടുതല്‍ എന്ന ധാരണയും ഭൂരിപക്ഷത്തിന്റെ കാര്യത്തിലും ശരിയല്ല. സ്വന്തം ലൈംഗികസ്വത്വത്തെ സംബന്ധിച്ച (താനൊരു പുരുഷനാണോ സ്ത്രീയാണോ എന്നൊക്കെയുള്ള) സന്ദേഹങ്ങളും സ്വവര്‍ഗ്ഗാനുരാഗികളില്‍ അത്യപൂര്‍വ്വമാണ്‍. സ്വവര്‍ഗാനുരാഗവും പരലൈംഗികാഭിമുഖ്യവും ഒരേവ്യക്തിയില്‍ കാണുന്ന ദ്വിലൈംഗികതയും (bisexuality) അസാധാരണമല്ല. ആധുനിക സമൂഹത്തില്‍ സ്വവര്‍ഗാഭിമുഖ്യമുള്ളവര്‍ വേഷവിധാനങ്ങളില്‍ പരലൈംഗികാഭിമുഖ്യക്കാരെക്കാള്‍ ഒരു രീതിയിലും വ്യത്യസ്തരല്ല.

മറ്റൊരു പ്രധാന തെറ്റിദ്ധാരണയാണ് സ്വവര്‍ഗ്ഗരതിയും (homosexual act) സ്വവര്‍ഗ്ഗലൈംഗികാഭിമുഖ്യവും (homosexuality) ഒന്നായിക്കാണുന്നത്. സ്വവര്‍ഗ്ഗലൈംഗികാഭിമുഖ്യം അഥവാ homosexuality എന്നത് സ്വവര്‍ഗ്ഗത്തിലുള്ള വ്യക്തികളില്‍ നിന്ന് മാത്രം ലൈംഗികോത്തേജനം ലഭിക്കുന്ന മാനസികാവസ്ഥയാണ്. ഈ ആഭിമുഖ്യം പ്രണയമാകുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗമാകുന്നു.സ്വവര്‍ഗരതിരീതികളെ സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് വേര്‍തിരിച്ചുകാണേണ്ടതുണ്ട് [5]. കുണ്ടന്‍ (fag) എന്ന പരിഹാസവിളി സ്വവര്‍ഗ്ഗാനുരാഗികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും സ്വവര്‍ഗ്ഗ സുരതരീതികളെന്ന്‍ പൊതുവേ കരുതപ്പെടുന്ന ഗുദഭോഗവും വദനസുരതവുമൊക്കെ സ്വവര്‍ഗ്ഗാഭിമുഖ്യമുള്ളവരില്‍ മാത്രമല്ല പരലൈംഗികാഭിമുഖ്യമുള്ളവരിലും (heterosexuals)വ്യാപകമാണ്.സ്വവര്‍ഗ്ഗാനുരാഗികളുടെ കേവലജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ പരലൈംഗികാഭിമുഖ്യമുള്ളവരിലെ ഗുദഭോഗവും വദനസുരതവും ഏഴോ എട്ടോ മടങ്ങ് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് [6] !

ഇതുപോലൊരു അസംബന്ധമാണ് ഇവര്‍ ബാലപീഡകരാണെന്ന് അടച്ചുള്ള ആക്ഷേപം. മുതിര്‍ന്ന ഒരു പുരുഷന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയുമായി ലൈംഗികബന്ധമുണ്ടായാല്‍ അതിനെ സ്വവര്‍ഗാനുരാഗമായി കാണാന്‍ പൊതുവേ എല്ലാവര്‍ക്കും താല്പര്യമാണ്. സ്വവര്‍ഗരതിവേഴ്ചയെ സ്വവര്‍ഗലൈംഗികാഭിമുഖ്യമായി തെറ്റിദ്ധരിക്കുന്നതിന്റെ പ്രശ്നമാവാമിത്. ബാ‍ലപീഡകരെ അവരുടെ ലൈംഗികാഭിമുഖ്യം വച്ചല്ല അളക്കേണ്ടത്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പരലൈംഗികാഭിമുഖ്യമോ ദ്വിലൈംഗികാഭിമുഖ്യമോ ആണ് ബാലപീഡകരിലും കൂടുതല്‍ എന്നാണ് [7].പരലൈംഗികാഭിമുഖ്യമുള്ളവരിലും സ്വവര്‍ഗാഭിമുഖ്യമുള്ളവരിലും കുട്ടികളുടെ ചിത്രങ്ങള്‍ എത്രമാത്രം ലൈംഗികോത്തേജനം ഉണ്ടാക്കാമെന്ന് അന്വേഷിച്ച ഒരു പഠനത്തില്‍ വെളിവായത് ഈ രണ്ട് വിഭാഗങ്ങള്‍ തങ്ങളില്‍ ഇക്കാര്യത്തില്‍ വ്യത്യാസങ്ങളില്ലെന്നാണ്. കുറ്റവാസനയെ അളക്കുന്ന ചില പഠനങ്ങളാകട്ടെ സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവര്‍ മറുവിഭാഗത്തേക്കാള്‍ കുറ്റവാസനയും ആക്രമണ മനോഭാവവും കുറഞ്ഞ കൂട്ടരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത് [8].


സ്വവര്‍ഗാനുരാഗവും വൈദ്യലോകവും

മധ്യകാലഘട്ടത്തില്‍ നരകലബ്ധിക്ക് കാരണമായി പല സമൂഹങ്ങളും കണ്ടിരുന്ന സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗാനുരാഗവും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കാണ് ഒരു രോഗാവസ്ഥയാണെന്ന് സംശയിക്കപ്പെട്ടുതുടങ്ങിയത്. ഒരുതരത്തില്‍ ഇതൊരു വഴിത്തിരിവാണ് – കുറ്റവാളിയെന്ന മുദ്രയേക്കാള്‍ ഭേദമാണല്ലോ “രോഗി” എന്ന മുദ്ര. 1860കളില്‍ ജര്‍മ്മന്‍ നിയമജ്ഞനായ കാള്‍ ഹൈന്‍-റിഷ് ഉള്‍ റിഖ് ആണ് സ്വവര്‍ഗാനുരാഗം ഒരു ജന്മവാസനയാകാമെന്ന സാധ്യത ആദ്യമായി മുന്നോട്ടുവച്ചത്. ഇദ്ദേഹം ഇന്ന് ലൈംഗികന്യൂനപക്ഷാവകാശ സമരങ്ങളുടെ പിതാവായി അറിയപ്പെടുന്നു. 1930കളില്‍ ഇന്‍ഡ്യാനാ യൂണിവേഴ്സിറ്റിയിലെ ഡോ: ആല്ഫ്രെഡ് കിന്‍സിയുടെ പഠനങ്ങളാണ് പുരുഷന്മാരിലെ സ്വവര്‍ഗ്ഗരതിയുടെ വ്യാപ്തിയെപ്പറ്റിയുള്ള ആദ്യ ചിത്രങ്ങള്‍ മുഖ്യധാരാ വൈദ്യശാസ്ത്രത്തിന്റെ മുന്നില്‍ക്കൊണ്ടുവന്നത് [9,10]. ആ പഠനങ്ങളനുസരിച്ച് ജനസംഖ്യയിലെ 10%ത്തോളം ആളുകള്‍ സ്വവര്‍ഗ്ഗരതിക്കാരാവാമെന്ന് അനുമാനിക്കപ്പെട്ടു. സൈക്കോ അനലിറ്റിക് രീതികള്‍ പ്രചാരം നേടിയ ഈ കാലത്തുതന്നെയാണ് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വിശദീകരണമായി ഫ്രോയ്ഡും കൂട്ടരും “ലൈംഗികമനോവികാസ മുരടിപ്പ്” സിദ്ധാന്തങ്ങള്‍ മുന്നോട്ടുവച്ചതും [11]. സൈക്കയാട്രിയും സൈക്കോളജിയും തമ്മിലുള്ള ആശയസമരം കൊടുമ്പിരികൊണ്ട ഈ കാലഘട്ടത്തില്‍ ഡോ: ജോര്‍ജ് ഹെന്രിയുടെ നേതൃത്വത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ച തിയറികളെല്ലാം കൂടി യോജിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും അതു വിജയിച്ചില്ല [12] .

1905 മുതല്‍ 1950 വരെയുള്ള കാലത്ത് ഫ്രോയ്ഡിന്റെയും പിന്നീടുവന്ന ഫ്രോയ്ഡിയന്‍ സൈദ്ധാന്തികരുടെയും ഭാവനാവിലാസത്തില്‍ സൈക്കോളജി എന്ന ശാസ്ത്രശാഖ ഞെങ്ങി ഞെരുങ്ങിയെങ്കിലും കടുത്ത ചികിത്സാവിധികളില്‍ നിന്ന് സൈക്കോ അനാലിസിസിന്റെ സൌമ്യസ്വഭാവത്തിലൂടെ സ്വവര്‍ഗ്ഗാനുരാഗികളെ രക്ഷിക്കാന്‍ ഫ്രോയ്ഡിനായി എന്നത് എടുത്തുപറയണം.

സ്വവര്‍ഗ്ഗാനുരാഗപഠനങ്ങളില്‍ അടുത്ത വഴിത്തിരിവുണ്ടാകുന്നത് സൈക്കോളജിസ്റ്റായ ഡോ: എവ്ലിന്‍ ഹുക്കറിലൂടെയാണ്. 1953 മുതല്‍ 1957 വരെ നീണ്ട ഡോ:ഹുക്കറുടെ പഠനങ്ങളാണ് ഒരു മാനസിക രോഗമെന്ന നിലയില്‍ നിന്ന് സ്വവര്‍ഗ്ഗാഭിമുഖ്യത്തെ ഒരു സാധാരണ ജന്മവാസനയെന്ന നിലയിലേയ്ക്ക് ഇറക്കിക്കൊണ്ടുവന്നത്. സ്വവര്‍ഗാനുരാഗികളെയും അങ്ങനെയല്ലാത്തവരെയും ഉള്‍പ്പെടുത്തി അവര്‍ നടത്തിയ പഠനത്തിന്റെ ഫലം സമകാലിക വൈദ്യശാസ്ത്രധാരണകളെ ഇടിച്ചുനിരത്തുന്നതായിരുന്നു [13]. പ്രാചീന ജനസമൂഹങ്ങളില്‍ സ്വവര്‍ഗരതി വ്യാപകമായിരുന്നുവെന്നും മിക്കപ്പോഴും സ്വവര്‍ഗരതിക്ക് മുഖ്യധാരയുടെ അംഗീകാരമുണ്ടായിരുന്നുവെന്നും വിശദമാക്കുന്ന പഠനങ്ങളും ഇതേ കാലത്തു തന്നെ പുറത്തുവന്നു. മൃഗങ്ങളിലെ സ്വവര്‍ഗരതിശീലങ്ങളുമായും താരതമ്യപഠനങ്ങള്‍ ഉണ്ടായതോടെ ഇതൊരു “രോഗ”മല്ല, ഒരു രതിശീലം മാത്രമാണെന്ന ധാരണ കൂടുതലുറച്ചു [14] . ഡോ:ഹുക്കറുടെ പഠനഫലങ്ങള്‍ പില്‍ക്കാലത്ത് പലരും ആവര്‍ത്തിക്കുകയും ലൈംഗികശീലത്തിലെ വ്യതിയാനത്തിനപ്പുറം സ്വവര്‍ഗാനുരാഗികളെ മാനസികരോഗികളാ‍യി മുദ്രകുത്താനുള്ള കാരണങ്ങളില്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തു [15]. ഒടുവില്‍ ചില്ലറ വാഗ്വാദങ്ങളും വോട്ടെടുപ്പുകള്‍ക്കും ശേഷം വൈദ്യരംഗത്ത് മറ്റൊരു ചരിത്രം കുറിച്ചുകൊണ്ട് അമേരിക്കന്‍ സൈക്കയാട്രിക് അസോസിയേഷന്‍ തങ്ങളുടെ രോഗലിസ്റ്റില്‍ (Diagnostic and Statistical Manual of Mental Disorders) നിന്ന് 1986ല്‍ സ്വവര്‍ഗാനുരാഗത്തെ ഒഴിവാക്കി.

പല ജനസംഖ്യാപഠനങ്ങളും സ്വവര്‍ഗരതിക്കാരെ സംബന്ധിച്ച് പല കണക്കുകളാണ് നല്‍കുന്നത്. 90കളിലും 2000ങ്ങളിലും പാശ്ചാത്യരാജ്യങ്ങളില്‍ നടന്ന പല പഠനങ്ങളും 2 – 20% വരെയാ‍ണ് സ്വവര്‍ഗ്ഗാനുരാഗികളുടെ ജനസംഖ്യയായി കണ്ടെത്തിയത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന കടുത്തവിവേചനവും എതിര്‍പ്പും മൂലം വികസിത സമൂഹങ്ങളില്‍പ്പോലും സ്വവര്‍ഗ്ഗാനുരാഗികള്‍ വെളിച്ചത്തുവരാതിരിക്കുന്ന അവസ്ഥയുണ്ട്. ഇക്കാരണത്താലാവാം കണക്കുകളില്‍ വരുന്ന വ്യതിയാനം. ജീവിതത്തിന്റെ വളരെ ചെറിയൊരു കാലത്തിനിടെ സ്വവര്‍ഗാഭിമുഖ്യത്തിലൂടെ കടന്നുപോകുന്നവര്‍ മുതല്‍ ആജീവനാന്തം അതുമായി ജീവിക്കുന്നവര്‍ വരെയുള്ള വലിയൊരു സ്പെക്ട്രമാണ് സ്വവര്‍ഗലൈംഗികാഭിരുചികളുടേത് [16]. പൊതുജീവിതത്തില്‍ തികച്ചും പരലൈംഗികാഭിമുഖരായി ജീവിക്കുന്നവരില്‍പ്പോലും ഏറിയും കുറഞ്ഞും സ്വവര്‍ഗരതിശീലവും സ്വവര്‍ഗ്ഗാഭിമുഖ്യവും കാണപ്പെടുന്നു എന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട് (ചലനാത്മക ലൈംഗികത, അഥവാ fluidity of sexual orientation). സാമൂഹികവിലക്കുകളെ ഭയന്ന് അത്തരം വാഞ്ഛകള്‍ അടക്കുന്നവരാവാം ഏറിയകൂറും [17].

അതിനാല്‍ത്തന്നെ ഇന്ത്യയെപ്പോലുള്ള ഒരു അടഞ്ഞ സമൂഹത്തില്‍ അമിതസ്ത്രൈണഭാവമുള്ള അപൂര്‍വ്വം പുരുഷന്മാരും ഹിജഡകളുമാണ് തങ്ങളുടെ മറച്ചുവയ്ക്കാനാവാത്ത ലൈംഗികസ്വത്വം വെളിപ്പെടുത്തി മുന്നോട്ടുവരുന്നതില്‍ കൂടുതലും. സ്വവര്‍ഗാനുരാഗം “ചികിത്സിച്ചു ഭേദമാക്കി”യെന്നും അങ്ങനെയുള്ള ചിലര്‍ കുടുംബമായി കഴിയുന്നുണ്ടെന്നുമുള്ള സാക്ഷ്യങ്ങളുടെ പൊള്ളത്തരവും ഇവിടെത്തന്നെയാണ്.

മുന്‍ ധാരണകളെ അട്ടിമറിക്കുന്ന ഗവേഷണങ്ങളിലൂടെ വൈദ്യസമൂഹം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നുവെങ്കിലും ഇന്നും ഒരു ചെറിയ വിഭാഗം മനോരോഗചികിത്സകര്‍ സ്വവര്‍ഗാനുരാഗത്തെ ഒരു രോഗമായി കണ്ട് ചികിത്സിച്ച് ഭേദപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നത് ദു:ഖകരമാണ്. ചെറുപ്പക്കാരില്‍ ഇത്തരം ചികിത്സകളുണ്ടാക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ ചില്ലറയല്ല. മുന്‍ കാലങ്ങളില്‍ ലിംഗത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചും സ്വയംപീഡനത്തിന് രോഗിയെ പ്രേരിപ്പിച്ചുമൊക്കെയാണ് “ചികിത്സ” കൊടുത്തിരുന്നതെങ്കില്‍ ഇന്ന് അല്പം കൂടി മയപ്പെട്ടിട്ടുണ്ട് കാര്യങ്ങള്‍ എന്നുമാത്രമാണ് ഒരാശ്വാസം. സ്വവര്‍ഗ്ഗരതി ചികിത്സിച്ചുമാറ്റാമെന്ന് വിശ്വസിക്കുന്ന മനശാസ്ത്രചികിത്സകരില്‍ നടന്ന പഠനങ്ങള്‍ ചൂണ്ടുന്നത് അവരില്‍ നല്ലൊരുപങ്കും സ്വന്തം സദാചാരബോധം ചികിത്സയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നാണ്. പലരിലും തെളിവധിഷ്ഠിത വൈദ്യരീതികളെപ്പറ്റി കാര്യമായ അജ്ഞതയും കണ്ടെത്തുകയുണ്ടായി. സ്വവര്‍ഗരതിയെ എയിഡ്സ് ഭീതിയുമായി ബന്ധപ്പെടുത്തി കാണുന്നതും മതസദാചാരത്തിനു വിരുദ്ധമാണതെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകളും ഈ ചികിത്സകര്‍ക്കിടയില്‍ അത്ഭുതപ്പെടുത്തും വണ്ണം വ്യാപകമാണ്. [18,19]


സ്വവര്‍ഗലൈംഗികതയുടെ ജൈവാടിത്തറകള്‍

മനുഷ്യസ്വഭാവങ്ങളെ ശ്ലീലവും അശ്ലീലവും എന്നിങ്ങനെ മുറിക്കാനല്ല മറിച്ച് പല വൈശേഷ്യങ്ങളുടെ ഒരു തുടര്‍ച്ച(continuum)യായി കാണാനാണ് ആധുനിക വൈജ്ഞാനികവെളിപാടുകള്‍ നമ്മെ പ്രേരിപ്പിക്കുന്നത് . ആ അര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗാഭിമുഖ്യം സാമാന്യനിയമങ്ങളുടെ ഒരു അപഭ്രംശമല്ല മറിച്ച്, തികച്ചും ജൈവികമായ അനേകം സ്വഭാവവിശേഷങ്ങളിലൊന്നു മാത്രമാണെന്ന് പ്രാഥമിക പഠനങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

നൈസര്‍ഗികമായ ഒരു സ്വഭാവവിശേഷമാണ് ലൈംഗികത എന്നംഗീകരിക്കുന്നവര്‍ തന്നെ മുഖ്യമായും രണ്ടുവാദങ്ങളാണ് സ്വവര്‍ഗലൈംഗികാഭിമുഖ്യത്തിന്റെ കാരണമായി മുന്നോട്ടുവയ്ക്കുന്നത് : 1. ഇതൊരു ജനിതകവാസനയാണ് 2. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലുണ്ടാകുന്ന പാരിസ്ഥിതികസ്വാധീനങ്ങളുടെ ഫലമാണ്. ഇതിലെ ആദ്യത്തെ സിദ്ധാന്തപ്രകാരം ജന്മനാ തന്നെ ഒരു സ്വവര്‍ഗരതിക്കാരന്‍ ആ പ്രകൃതമാര്‍ജ്ജിക്കുന്നു. അതില്‍ നിന്ന് അയാളെ/അവളെ മാറ്റുക അസാധ്യമോ അനാവശ്യമോ ആണ് എന്നുവരുന്നു. രണ്ടാമത്തെ സിദ്ധാന്തം ചുരുക്കത്തില്‍ ഇങ്ങനെയാണ് : ഗര്‍ഭാവസ്ഥമുതല്‍ക്കുള്ള സ്വാധീനങ്ങള്‍ , ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയ ജനിതകേതര സ്വാധീനങ്ങളാല്‍ സ്വവര്‍ഗാഭിമുഖ്യം നിര്‍ണയിക്കപ്പെടുന്നു. യാഥാര്‍ത്ഥ്യം ഇവയ്ക്കു രണ്ടിനുമിടയിലെവിടെയോ ആണെന്ന് മസ്തിഷ്ക/മനശാസ്ത്രജ്ഞര്‍ കരുതുന്നു.

കുട്ടിക്കാലത്തെ സംഘം ചേരലുകളില്‍ സ്വന്തം ലൈംഗികസ്വത്വത്തെ ആണ്‍ – പെണ്‍ ദ്വന്ദ്വങ്ങളില്‍ ഒതുക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ടിയിരുന്നു എന്ന്‍ സ്വവര്‍ഗാനുരാഗികളില്‍ നല്ലൊരു വിഭാഗം റിപ്പോര്‍ട്ട് ചെയ്യാറുണ്ട് [20,21]. കൌമാരത്തിനപ്പുറം ഈ സന്ദിഗ്ധത അധികം പേരെയും അലട്ടാറില്ല എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗാഭിമുഖ്യം പ്രകടിപ്പിക്കുന്നവരിലെ ഒരു ചെറിയ വിഭാഗം വ്യക്തികള്‍ ഉഭയലിംഗമുള്ളവരോ ലിംഗസംബന്ധിയായ ജന്മവൈകല്യങ്ങളുള്ളവരോ ആണ് (ambiguous genitals). മൂന്നാം ലിംഗമെന്ന് വിളിക്കാവുന്ന നപുംസകങ്ങളും ഭ്രൂണാവസ്ഥയിലെ ചില ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മൂലം ലിംഗവും പ്രജനനാവയവങ്ങളും കൃത്യമായി ഉരുവപ്പെടാത്തവരുമൊക്കെ ഈ വിഭാഗത്തില്‍ വരുന്നവരാണ്. എന്നാല്‍ ഒരു വിഭാഗത്തില്‍ മാത്രം നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഹോര്‍മോണ്‍ വ്യതിയാന പ്രതിഭാസം സ്വവര്‍ഗാഭിമുഖ്യങ്ങളുടെയാകെ ജൈവാടിസ്ഥാനത്തെ വിശദീകരിക്കാനുപയോഗിക്കാനാവില്ല. വിശേഷിച്ച് സ്വവര്‍ഗാനുരാഗികളായ ഇരട്ടകളില്‍ നടന്ന ജനിതക പഠനങ്ങളും പുരുഷ ഹോര്‍മോണ്‍ സ്വീകരിണികളെ സംബന്ധിച്ച ജൈവകണികാ പഠനങ്ങളും “ഹോര്‍മോണ്‍” സിദ്ധാന്തത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നില്ല എന്നിരിക്കെ [22] .

ഗര്‍ഭകാലത്ത് ആണ്‍ ഭ്രൂണങ്ങളില്‍ നിന്നു അമ്മയുടെ രക്തത്തിലേയ്ക്ക് കടക്കുന്ന ചില ജൈവ ഘടകങ്ങള്‍ക്കെതിരേ അമ്മയില്‍ ജൈവപ്രതിരോധം (immune reaction) ഉണ്ടാകുമെന്നും പിന്നീട് വരുന്ന ആണ്‍ കുഞ്ഞുങ്ങളിലെ പുരുഷത്വം നിര്‍ണയിക്കുന്ന Y-ക്രോമസോമിന്റെ ഭാഗങ്ങളെ ഈ ജൈവപ്രതിരോധകണികകള്‍ ‘ആക്രമിക്കു’മെന്നും ഒരു കണ്ടെത്തലുണ്ട് [23]. മൂത്തകുട്ടികളില്‍ ആണുങ്ങള്‍ കൂടുന്നതനുസരിച്ച ഇളയ ആണ്‍ കുട്ടി സ്വവര്‍ഗാഭിമുഖ്യം കൂടുതല്‍ കാണിക്കാം എന്ന യു.എസ്-കനേഡിയന്‍ പഠന നിരീക്ഷണത്തില്‍ നിന്നാണ് ഈ സിദ്ധാന്തം രൂപപ്പെട്ടത് [24]. ബ്ലാങ്കാഡിന്റെയും കൂട്ടരുടെയും ഈ കണക്കുകൂട്ടലനുസരിച്ച് ഓരോ മൂത്ത ചേട്ടന്റെയും സാന്നിധ്യത്തില്‍ ഇളയ ആണ്‍കുട്ടിയെ സ്വവര്‍ഗാഭിമുഖ്യമുള്ളയാളാകാനുള്ള സാധ്യത 33% വച്ച് കൂടുന്നുവത്രെ. എലികളില്‍ നടന്ന പരീക്ഷണങ്ങള്‍ കാണിക്കുന്നത് Y-ക്രോമസോമിനെതിരേ ഉണ്ടാവുന്ന ഈ പ്രതിരോധവ്യൂഹത്തിന്റെ ആക്രമണം പിന്നീടുണ്ടാവുന്ന ആണ്‍ കുട്ടിയുടെ പ്രജനനശേഷിയെ ബാധിക്കാമെന്നാണ് [25].

ബൌദ്ധികമായോ മാനസിക ഘടനയിലോ പൊതുസമൂഹവുമായി ഗണനീയ വ്യത്യാസങ്ങളൊന്നും ഇല്ലെങ്കിലും ചില്ലറ ഘടനാപരമായ വ്യതിയാനങ്ങള്‍ സ്വവര്‍ഗാനുരാഗികളിലെ മസ്തിഷ്കങ്ങളില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുരങ്ങുകളിലും ആടുകളിലും നടന്ന പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലൈംഗികഹോര്‍മോണുകള്‍ക്ക് ഈ ഘടനാവ്യതിയാനത്തില്‍ പങ്കുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു [26]. ഈ വ്യതിയാനങ്ങള്‍ പില്‍ക്കാലത്തെ വളര്‍ച്ചയുടെയും മാനസികവികാസത്തിന്റെയും ഫലമല്ല മറിച്ച് ജനനസമയത്തുതന്നെ ഉള്ളവയാണ് എന്നും ഏറെക്കുറേ സ്ഥിരീകരിച്ചിട്ടുണ്ട് [27]. ഒരുപക്ഷേ ജനിതകവ്യതിയാനങ്ങളുടെ ഒരു ശാരീരിക ഫലമാവാം മസ്തിഷ്കത്തിലെ ഈ വ്യത്യാസങ്ങള്‍.

പാരിസ്ഥിതിക സ്വാധീനത്തെ ന്യായീകരിക്കുന്ന സിദ്ധാന്തങ്ങള്‍ ഇങ്ങനെ ഒരു വഴിക്ക് അന്വേഷണം തുടരുമ്പോള്‍ ഏറ്റവും ശക്തമായ തെളിവുകളുമായി ജനിതക സ്വാധീനപഠനങ്ങളും വരുന്നുണ്ട്. ഒരേ ജനിതക ഘടനയുള്ള കാരണത്താല്‍ ഇക്കാര്യത്തില്‍ പ്രകൃതിയിലെ മികച്ച പാഠപുസ്തകങ്ങളാണ് ഒരേ സിക്താണ്ഡം പിളര്‍ന്നുണ്ടാകുന്ന ഇരട്ടക്കുട്ടികള്‍ (monozygotic twins) . ഇരട്ടകളിലെ പഠനങ്ങള്‍ ഒരുകാര്യം അസന്ദിഗ്ധമായി സ്ഥാപിച്ചുകഴിഞ്ഞു – സ്വവര്‍ഗാനുരാഗത്തിന്റെ കാര്യത്തില്‍ ഇരട്ടകള്‍ 48% മുതല്‍ 66% വരെ പൊരുത്തം കാണിക്കുന്നുണ്ട്; അതായത് ജനിതകമായ സ്വാധീനം ഇക്കാര്യത്തില്‍ ശക്തമാണ്, എന്നാല്‍ ഇതു പൂര്‍ണമായും ജനിതകമല്ല താനും [28].

സ്വവര്‍ഗാഭിമുഖ്യമുള്ളവരുടെ കുടുംബങ്ങളിലെ ജനിതക പാറ്റേണുകള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റൊരു കാര്യം നിരീക്ഷിക്കപ്പെട്ടത്, അമ്മയില്‍ നിന്ന് ജനിതകമായ ചില ഘടകങ്ങള്‍ കുട്ടിയിലേയ്ക്ക് കൈമാറാനുള്ള സാധ്യതയാണ്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്വവര്‍ഗാനുരാഗികളായ സഹോദരന്മാരില്‍ വളരെയേറെ സാമ്യമുള്ള ചില കഷ്ണങ്ങള്‍ X ക്രോമസോമിന്റെ ഒരു ഭാഗത്ത് കണ്ടു [29]. ആണ്‍കുട്ടികള്‍ക്ക് X ക്രോമസോം അമ്മയില്‍ നിന്നേ കിട്ടാറുള്ളൂ. സ്വവര്‍ഗാനുരാഗിയായ പുരുഷന്റെ അമ്മയുടെ ബന്ധുക്കള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗം കൂടുതലായി കണ്ടത് ഇതിന്റെ കൌതുകമുയര്‍ത്തുന്നു. “Xq28” എന്ന പേരില്‍ ഡീന്‍ ഹെയ്മര്‍ വിളിച്ച ക്രോമസോമിന്റെ ഈ ഭാഗം 1990-കളുടെ തുടക്കത്തില്‍ വന്‍ കൊടുങ്കാറ്റാണുയര്‍ത്തിയത് . ഈ ഭാഗത്തായിരിക്കണം സ്വവര്‍ഗാനുരാഗത്തെ നിര്‍ണയിക്കുന്ന ജീനുകള്‍ ഇരിക്കുന്നത് എന്ന് പലയിടത്തും പ്രസ്താവിക്കപ്പെട്ടു. സ്വവര്‍ഗാനുരാഗം ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട വാസനയാണെന്നതിനു പൂര്‍ണ്ണതെളിവാണിതെന്ന്‍ ആശ്വസിച്ച സ്വവര്‍ഗപ്രണയികള്‍ ഇതാഘോഷിച്ചത് “Xq28 – Thanks Mom” എന്നാലേഖനം ചെയ്ത ടീ-ഷര്‍ട്ടുകള്‍ വരെ ഇറക്കിയാണ് [30] ! എന്നാല്‍ പിന്നീട് വന്ന പഠനങ്ങള്‍ക്ക് പലതിനും ഹെയ്മറുടെ ഫലങ്ങള്‍ അതേ തോതില്‍ ആവര്‍ത്തിക്കാനായില്ലെന്നു വന്നതോടെ ആവേശം കെട്ടടങ്ങി – ഇതൊരു യാദൃച്ഛിക പൊരുത്തമാവാമെന്ന്‍ പലരും അഭിപ്രായം തിരുത്തുകയും ചെയ്തു [31]. എങ്കിലും സ്വവര്‍ഗപ്രണയത്തിന് കാരണമാകാന്‍ ജീനുകള്‍ക്കാകും എന്ന് തെളിയിക്കാന്‍ അനുബന്ധപഠനങ്ങള്‍ക്ക് കഴിഞ്ഞതിനാല്‍ അന്വേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

പരിണാമത്തിന്റെ നീണ്ട വിരലുകള്‍

പ്രാക്തനസമൂഹങ്ങളില്‍ കുടുംബ/വ്യക്തി ബന്ധങ്ങളിലും സപത്നീസമ്പ്രദായത്തിനുള്ളിലും ഗുരുശിഷ്യബന്ധങ്ങളിലും യോദ്ധാക്കള്‍ക്കിടയിലെ സൌഹൃദങ്ങളിലും ഒക്കെ സമലൈംഗികതയും സ്വവര്‍ഗരതിയും പല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനു നരവംശപഠനങ്ങള്‍ ഒട്ടേറെ തെളിവുകള്‍ തരുന്നുണ്ട്. സ്വവര്‍ഗരതിയ്ക്ക് സമൂഹത്തില്‍ അംഗീകാരവും ഉന്നതസ്ഥാനവും നല്‍കിയിരുന്ന സംസ്കാരങ്ങളില്‍ ഏറ്റവും പ്രശസ്തം പുരാതന ഗ്രീക്കുകാരുടേതാണ് [32,33]. ഗ്രീക്ക് സംസ്കാരം മാത്രമല്ല ഇക്കാര്യത്തില്‍ മുന്നില്‍ . അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ കോളനീകരണപൂര്‍വ്വ സംസ്കാരങ്ങളില്‍ (ഉദാ: മായന്‍ ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ ) പുരുഷ സ്വവര്‍ഗാനുരാഗം വ്യാപകമായിരുന്നു. ബഹുഭാര്യാത്വം വ്യാപകമായ ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ സപത്നീ സമ്പ്രദായത്തില്‍ സ്ത്രീ സ്വവര്‍ഗാനുരാഗം അനുവദനീയമായിരുന്നു. വടക്കേ അമേരിക്കയിലെ ആദിമഗോത്രവംശജര്‍ക്കിടയില്‍ സ്വവര്‍ഗബന്ധങ്ങള്‍ നിലനിന്നിരുന്നതിനു 18 ‍ാം നൂറ്റാണ്ടിലെ മിഷണറിമാരുടെ കുറിപ്പുകള്‍ തെളിവുതരുന്നു. ഓസ്ട്രേലിയയ്ക്ക് വടക്കുകിഴക്കാ‍യി കിടക്കുന്ന ചെറുദ്വീപസമൂഹങ്ങളിലെ പിതാവ്/രക്ഷിതാവ്-പുത്രന്‍/അടിമ ജനുസില്‍ പെടുത്താവുന്ന “ഉടമ-അടിമ” ബന്ധങ്ങളില്‍ സ്വവര്‍ഗരതി അംഗീകൃതമായിരുന്നു [34]. താഹിതി, ഹവായി എന്നിവിടങ്ങളിലും ഇത്തരം ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇതിലെ ‘ഇടപാടുകാര്‍ക്ക്’ സമൂഹത്തില്‍ വലിയ സ്ഥാനവും നല്‍കിയിരുന്നു [35]. സാംബിയ, നൈജീരിയ, ബ്രസീല്‍, കൊളമ്പിയ, അഫ്ഘാനിസ്ഥാന്‍ തുടങ്ങി ആദിമ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണുന്ന അതിപുരാതന സംസ്കാരങ്ങളിലൊക്കെയും സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ ബന്ധങ്ങളും പലപ്പോഴും ഉന്നത സാമൂഹികപദവി നേടിയിരുന്നു എന്നതിനു തെളിവുണ്ട്. ക്രീറ്റിലെ ജനങ്ങള്‍ക്കിടയിലും, എന്തിന്, ജപ്പാനിലെ സമുറായ്മാരില്‍പ്പോലും ഇത് വ്യാപകമായിരുന്നു. [36]

ജനിതകമായ പ്രത്യേകതകള്‍ അടുത്ത തലമുറയിലേയ്ക്ക് പോകണമെങ്കില്‍ കുട്ടികള്‍ വേണം. സ്വവര്‍ഗരതിയിലൂടെ കുട്ടികളുണ്ടാവില്ല താനും. പ്രകൃതി അപ്പോള്‍ ആരംഭത്തിലേ നുള്ളിക്കളയേണ്ടതായിരുന്നില്ലേ ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഈ ലൈംഗികശീലത്തെ ? ഇതു “പ്രകൃതിക്കു വിരുദ്ധ”മാണെങ്കില്‍ ഇതിത്രയേറെ വ്യാപകവും നൈസര്‍ഗികവുമാവുന്നതെങ്ങനെ ?

പഴയീച്ചകള്‍ മുതല്‍ ആനയും തിമിംഗിലവും വരെയുള്ള ജന്തുവര്‍ഗ്ഗങ്ങളിലെ ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം സ്പീഷീസുകളില്‍ സ്വവര്‍ഗരതി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാചീന ലളിതശരീരികളായ ജീവികളില്‍ കാണുന്ന പ്രജനനപരമായ, ഹെര്‍മാഫ്രൊഡൈറ്റിസം പോലുള്ള, ഉഭയലൈംഗികതയല്ല ഇത്. പല ജന്തുവര്‍ഗ്ഗങ്ങളിലും യാദൃച്ഛികമോ താല്‍ക്കാലികമോ ആയ സ്വവര്‍ഗരതി (casual homosexuality) അല്ല, മറിച്ച് സമലിംഗത്തിലുള്ള ജോഡികള്‍ തന്നെ ഉണ്ട്. സ്വവര്‍ഗ രതിയെ സഹായിക്കുന്ന ജൈവരീതികളും പ്രകൃതിയില്‍ സുലഭമാണ്‍. സ്വവര്‍ഗ രതിയിലേര്‍പ്പെടുന്ന ഒറാങ് ഉട്ടാന് തന്റെ ലിംഗം ഉള്ളിലേയ്ക്ക് വലിച്ച് തത്സ്ഥാനത്ത് ഒരു കുഴിയുണ്ടാക്കി സ്വീകര്‍ത്താവാകാന്‍ പറ്റും. ഡോള്‍ഫിനുകളില്‍ തലയിലെ വെള്ളം ചീറ്റുന്ന തുളയില്‍ ലിംഗം തിരുകിയുള്ള സ്വവര്‍ഗ്ഗഭോഗവും സാധാരണയാണ്. കഴുത്തുകള്‍ ഉരുമ്മിയും അക്ഷരാര്‍ത്ഥത്തില്‍ ഉമ്മവച്ചും ആണ്‍ ജിറാഫുകള്‍ ലിംഗസംയോഗത്തിന് മുന്‍പുള്ള രതിപൂര്‍വ്വലീലകളിലേര്‍പ്പെടുന്നു. റീസസ് കുരങ്ങുകള്‍ക്കിടയിലൊക്കെ ആണുങ്ങള്‍ തമ്മില്‍ സമലിംഗ ഇണകള്‍ക്കായി മത്സരം വരെയുണ്ടാവുന്നു. ആണ്‍ ഡോള്‍ഫിനുകള്‍ക്കിടയില്‍ കൌമാരത്തില്‍ തുടങ്ങി പ്രജനനത്തിനു സജ്ജമാകുന്നതു വരെയുള്ള പത്തുപതിനഞ്ചു കൊല്ലക്കാലം സ്വവര്‍ഗജോഡികളായി ജീവിക്കുന്ന രീതി വ്യാപകമാണ്. കുപ്പിമൂക്കന്‍ ഡോള്‍ഫിനുകളില്‍ കുഞ്ഞുങ്ങളുണ്ടാവുന്ന ഒരു ചെറിയകാലത്തേയ്ക്ക് ഇവ പരലൈംഗികാഭിമുഖ്യം കാണിക്കുമെങ്കിലും രണ്ട് പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന മൂന്നംഗ കുടുംബങ്ങള്‍ രൂപീകരിക്കപ്പെടുക സ്വാഭാവികമാണ്. പ്രജനനത്തിനു ശേഷവും പുരുഷ ജോഡി വേര്‍പിരിയാതെ നില്‍ക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കറുത്ത അരയന്നങ്ങളില്‍ ഇത്തരം സ്വവര്‍ഗ്ഗ പുരുഷ ജോഡികള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ചുമതലയേറ്റെടുക്കുക മാത്രമല്ല, അതില്‍ തലയിടുന്ന പെണ്‍ ഇണയെ കൊത്തിയോടിക്കുക വരെ ചെയ്യാം [37] !

ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും പെണ്‍ സമലിംഗ ജോഡികളും ഉണ്ട് ജന്തുക്കള്‍ക്കിടയില്‍. ജാപ്പനീസ് മക്കാക് കുരങ്ങുകളിലെ പെണ്ണുങ്ങള്‍ ആണ്‍കുരങ്ങിന്റെ പുറത്തേയ്ക്ക് പിന്‍രതിയുടെ (anal sex) പൊസിഷനില്‍ കയറുന്നതും തുടര്‍ന്ന് പെണ്‍ കുരങ്ങിന് ലൈംഗികോത്തേജനമുണ്ടാവുന്നതും മസ്തിഷ്ക സ്കാനിങ്ങുകളിലൂടെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് [38].

അപ്പോള്‍ പാരിണാമികമായ എന്തൊക്കെയോ ആനുകൂല്യങ്ങള്‍ സ്വവര്‍ഗ ലൈംഗികാഭിമുഖ്യത്തിനും അതിന്റെയുപോല്പന്നമായ സ്വവര്‍ഗരതിക്കും ലഭിക്കുന്നുണ്ടെന്നതില്‍ സംശയമേതുമില്ല. പക്ഷേ പ്രജനനത്തിനു സഹായിക്കാത്ത രതിശീലത്തെ പ്രകൃതി വച്ചുപൊറുപ്പിക്കുന്നതെങ്ങനെ ?

ലൈംഗികതയെ വിശകലനം ചെയ്യുമ്പോള്‍ ചെന്നുപെടാവുന്ന സ്ഥിരം ചതിക്കുഴികളിലൊന്നാണ് പ്രകൃതി അത് പ്രജനനത്തിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന ധാരണ [39]. നേരിട്ട് അനുഭവവേദ്യമല്ലാത്ത സൂക്ഷ്മമായ അനവധി ഘടകങ്ങള്‍ ജന്തുക്കളിലെ ലൈംഗികാകര്‍ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് (ശരീര ഗന്ധം, സ്പര്‍ശം, ആകാരത്തിന്റെ സിമെട്രികത, ശരീരക്കൊഴുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്). മറ്റ് മൃഗങ്ങളില്‍ ഇവ മിക്കപ്പോഴും ഇത്ര സൂക്ഷ്മമല്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം ലൈംഗികസംതൃപ്തിയുടെ പാരമ്യം ലിംഗയോനീസംയോഗത്തിലാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ ലൈംഗികമെന്ന് തോന്നാത്ത, സ്പര്‍ശവും ശബ്ദവും അടക്കമുള്ള നൂറുകണക്കിന് സംഗതികള്‍ മൃഗങ്ങളിലെ ലൈംഗികസംതൃപ്തിയില്‍ പ്രധാനകണ്ണികളായി വര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ രതികേന്ദ്രിത വികാരങ്ങള്‍ ജന്തുലോകത്തെ ഏതാണ്ടെല്ലാ കൊടുക്കല്‍ വാങ്ങലുകളിലും പ്രതിഫലിക്കുന്നുമുണ്ട്. അതായത് അക്ഷരാര്‍ത്ഥത്തിലുള്ള ലിംഗയോനീസംയോഗമില്ലാതെ തന്നെ ലൈംഗികാഭിനിവേശങ്ങളെ പൂര്‍ത്തീകരിക്കാന്‍ സജ്ജമാണ് മൃഗശരീരമെന്നര്‍ത്ഥം. ഈ തിരണയില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ സ്വവര്‍ഗാഭിമുഖ്യം ഗോത്രങ്ങള്‍ക്കുള്ളിലെ വ്യക്തിബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുന്ന ശക്തമായ ഒരു കണ്ണിയാകാനുള്ള സാധ്യതയുണ്ടെന്ന് കാണാം.
രണ്ടാമത്തെ അബദ്ധധാരണ സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ പ്രജനനസാധ്യതകള്‍ കുറവാണെന്നതാണ്. പരലൈംഗികാഭിമുഖ്യമുള്ളവരുടെ (heterosexuals) ഭൂരിപക്ഷ സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവായിരിക്കാം, പക്ഷേ പഠനങ്ങള്‍ ചൂണ്ടുന്നത് സ്വവര്‍ഗാനുരാഗികളും സ്വവര്‍ഗരതിശീലമുള്ളവരും പൊതുവേ കരുതുന്നതിനേക്കാള്‍ വ്യാപകമായി പരലൈംഗികബന്ധം വഴി പ്രത്യുല്പാദനം നടത്തുന്നു എന്നുതന്നെയാണ് [40]. സ്ത്രീകളിലെ ദ്വിലൈംഗികത(bisexuality)യെപ്പറ്റി നടന്ന ഗവേഷണങ്ങള്‍ മുന്‍പ് പറഞ്ഞ “ലൈംഗികാഭിമുഖ്യത്തിന്റെ സ്പെക്ട്ര”ത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതോടൊപ്പം സ്വവര്‍ഗപ്രണയികളിലെ ഗണനീയമായ ഒരു വിഭാഗം പരലൈംഗികബന്ധങ്ങളിലൂടെ പ്രത്യുല്പാദനം നടത്താനുള്ള സാധ്യതയെയും വെളിവാക്കുന്നുണ്ട് [41]. ചുരുക്കിപ്പറഞ്ഞാല്‍ സ്വവര്‍ഗാനുരാഗപ്രവണതയ്ക്ക് ജനിതകമായ സ്വാധീനങ്ങളുണ്ടെങ്കില്‍ അവ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള സാധ്യതകള്‍ ഇത്തരം ലൈംഗിക ചലനാത്മകത തുറന്നുവയ്ക്കുന്നു.

മനുഷ്യനില്‍ അത്ര വ്യക്തമല്ലെങ്കിലും മൃഗലോകത്ത് പ്രജനന കാലം (mating season) വലിയൊരളവില്‍ ചാക്രികമാണ്. ഈ പരിതോവസ്ഥയില്‍ പ്രജനനേതര കാലങ്ങളില്‍ പുരുഷവര്‍ഗ്ഗം ലൈംഗികദാരിദ്ര്യമനുഭവിക്കുന്നുവെന്നും അതില്‍ നിന്നും ഒരു രക്ഷനേടലാണ് സ്വവര്‍ഗരതിയെന്നും ഒരു വിശദീകരണമുണ്ട്. പ്രജനനസാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള പ്രകൃതിയുടെ ഒരു ഉപായമാണ് ജന്മവാസനയായി മൃഗലോകത്ത് കാണാറുള്ള ‘അമിതലൈംഗികപ്രവണത’. ഇതിന്റെ ഉപോല്‍പ്പന്നം കൂടിയാവാം സ്വവര്‍ഗരതിശീലങ്ങള്‍ .ആണുങ്ങളിലാണ് കൂടുതലെങ്കിലും സ്ത്രീകളിലും ഇത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളിലെ എല്ലാത്തരം സ്വവര്‍ഗാഭിമുഖ്യങ്ങളെയും സ്വവര്‍ഗ ജോഡിരൂപീകരണങ്ങളെയും വിശദീകരിക്കാന്‍ ഈ സിദ്ധാന്തത്തിനാവില്ലെങ്കിലും ഗണ്യമായ ഒരു കൂട്ടം നിരീക്ഷണങ്ങള്‍ ഈ തിയറിയെ സാധൂകരിക്കുന്നുണ്ട് [42] . സാമൂഹ്യജീവിതം നയിക്കുന്ന ജന്തുഗോത്രങ്ങളില്‍ മേല്‍ക്കോയ്മ സ്ഥാപിക്കലിന്റെ ഒരു രീതിയാണ് ലൈംഗികാധികാരം പ്രകടമാക്കല്‍ . പ്രായം കുറഞ്ഞ ഗോത്രാംഗങ്ങളെ ‘ബലാത്സംഗ’ത്തോളം പോകാവുന്ന സ്വവര്‍ഗരതിയിലൂടെ കീഴൊതുക്കുന്ന രീതി മലയാട്‍, റീസസ് കുരങ്ങ്, ആള്‍ക്കുരങ്ങ് തുടങ്ങിയവയില്‍ വ്യാപകമാണ് [43].

സ്വവര്‍ഗരതിയില്‍ നിന്നും സാങ്കേതികമായി വ്യത്യസ്തമാണ് സ്വവര്‍ഗാനുരാഗപ്രവണത എന്ന് മുന്നേ പറഞ്ഞല്ലോ. ഇതിനെ സംബന്ധിച്ച് ഇന്നുള്ള ഏറ്റവും ശക്തമായ വിശദീകരണം പരസ്പരം ഇഴചേര്‍ന്നിരിക്കുന്ന നാലു സിദ്ധാന്തങ്ങളിലാണുള്ളത്. പരിണാമ നിയമങ്ങളുടെ ഭാഗമായിക്കഴിഞ്ഞ “കിന്‍ സെലക്ഷന്‍ തിയറി”(kin selection)യാണ് ഒന്ന്. ലളിതമായി പറഞ്ഞാല്‍, ജൈവികമായ പരക്ഷേമകാംക്ഷ (altruism) മൂലം സ്വവര്‍ഗാനുരാഗികള്‍ പരലൈംഗികപ്രജനനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേട്ടയാടല്‍, ആഹാരശേഖരണം, ശിശുപരിപാലനം, വിജ്ഞാനാര്‍ജ്ജനം, പ്രബോധനം, പ്രേഷിതപ്രവര്‍ത്തനം ആദിയായവയിലൂടെ കുടുംബത്തിന്റെയും ഗോത്രത്തിന്റെയും സമുദായത്തിന്റെയാകെയും സഹായിയായി മാറുന്നു [44]. അങ്ങനെ സ്വന്തം ജീനുകള്‍ക്ക് നേരിട്ട് അടുത്ത തലമുറയിലേയ്ക്ക് കൈമാറുന്നില്ലെങ്കിലും സ്വന്തം ജനിതകവുമായി ഏറ്റവുമടുത്ത സാമ്യമുള്ള ബന്ധുക്കളെ ഇവര്‍ പ്രജനനത്തിനു സഹായിക്കുന്നു. അങ്ങനെ, നേരിട്ട് പ്രത്യുല്പാദനപ്രക്രിയയില്‍ ഭാഗമാകാതെയാണെങ്കിലും സ്വവര്‍ഗാഭിമുഖ്യത്തിനനുകൂലമായ ജനിതകഘടകങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. [45]. സ്വവര്‍ഗാനുരാഗികള്‍ക്ക് പല പ്രാക്തനസമൂഹങ്ങളിലും ഉണ്ടായിരുന്ന സ്ഥാനവും അങ്ങനെയുള്ളവര്‍ അനുഷ്ഠിച്ചിരുന്ന ധര്‍മ്മവും ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നുണ്ട്. ഇത് കേവലസ്വവര്‍ഗാഭിമുഖ്യത്തിന്റെ മാത്രം പ്രത്യേകതയല്ല, മറിച്ച് നിര്‍ബന്ധിതമോ അല്ലാത്തതോ ആയ ബ്രഹ്മചര്യത്തിലൂടെ പ്രജനനത്തില്‍ നിന്നും മാറിനില്‍ക്കുന്ന വ്യക്തികള്‍ക്ക് സമൂഹങ്ങള്‍ നല്‍കുന്ന സ്ഥാനത്തിന്റെകൂടി പ്രത്യേകതയാണെന്ന കൂട്ടിച്ചേര്‍ക്കലുകള്‍ പില്‍ക്കാലത്ത് “കിന്‍ സെലക്ഷന്‍” വിശകലനത്തിനുണ്ടായിട്ടുണ്ട് [46]. പ്രാചീനവും അര്‍വ്വാചീനവുമായ മിക്ക സമൂഹങ്ങളിലും കുട്ടികളെ രതിയില്‍ നിന്നും വലിയൊരു കാലയളവിലേക്ക് നിര്‍ബന്ധപൂര്‍വ്വം മാറ്റിനിര്‍ത്തുന്ന പ്രവണതയും സ്വവര്‍ഗരതിക്കും സ്വവര്‍ഗാഭിമുഖ്യത്തിനും അനുകൂലമാകുന്നു എന്നതാണ് രണ്ടാം സിദ്ധാന്തം [47].

പല നിരീക്ഷണങ്ങളെയും വിശദീകരിക്കുന്നുണ്ടെങ്കിലും ഈ രണ്ട് സിദ്ധാന്തങ്ങള്‍ക്കും വിരുദ്ധമെന്ന് പറയാവുന്ന പല വ്യതിയാനങ്ങളും കണ്ടിട്ടുണ്ട്. മൂന്നാം സിദ്ധാന്തത്തിന്റെ പ്രസക്തി ഇവിടെയാണ്. വേട്ടയാടല്‍, കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങള്‍, യുദ്ധം എന്നിങ്ങനെ ചരിത്രാതീത കാലം മുതല്‍ക്കേ ശക്തമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സ്വവര്‍ഗാഭിമുഖ്യം ഉപകരിച്ചിരുന്നുവെന്നതിന് സാമൂഹ്യശാസ്ത്രപഠനങ്ങള്‍ തെളിവുതരുന്നു (മുകളില്‍ നോക്കുക) . അപ്പോള്‍ അടിസ്ഥാനപരമായി സ്വവര്‍ഗാഭിമുഖ്യത്തിന്റെ ലക്ഷ്യം പരസ്പരസഹായമാണെന്ന്‍ കാണാം. അതായത്, സ്വവര്‍ഗാഭിമുഖ്യമെന്നത് ഒരു ലൈംഗികതയെയോ പ്രജനനസാധ്യതയെയോ നേരിട്ട് സഹായിക്കുന്ന ഉപായമല്ല മറിച്ച് സമൂഹത്തിലെ അംഗങ്ങളുടെ അതിജീവനത്തിന് സഹായിക്കുന്ന ഒരു പ്രകൃതിനിര്‍ധാരണ വിദ്യയാണെന്ന് സാരം [48]. മനുഷ്യനുള്‍പ്പടെയുള്ള മൃഗകുലത്തിലെ ഏതാണ്ടെല്ലാ സ്വവര്‍ഗരത്യനുശീലനത്തെയും ഇത് വിശാലമായൊരു ക്യാന്‍വാസില്‍ വിശദീകരിക്കുന്നു.

ആത്യന്തികമായി ഒരുപക്ഷേ സ്വവര്‍ഗലൈംഗികശീലങ്ങള്‍ക്ക് ഒറ്റ അടിസ്ഥാന വിശദീകരണം എന്നൊന്നില്ല എന്നു വരാം. അങ്ങനെയെങ്കില്‍ ഈ സിദ്ധാന്തങ്ങളെല്ലാം താന്താങ്ങളുടെ മേഖലകളില്‍ ശരിയാണെന്ന് കൂട്ടേണ്ടിവരും. ഇവയ്ക്കൊക്കെ പുറത്തൊരു സാധ്യതയുണ്ട് : ഒരുപക്ഷേ സ്വവര്‍ഗാഭിമുഖ്യത്തെ ജന്മവാസനയായി വഹിക്കുന്ന ജീനുകള്‍ക്ക് മറ്റേതെങ്കിലും ഗുണം കൂടി വ്യക്തിക്ക് നല്‍കാന്‍ കഴിവുണ്ടെങ്കിലോ ? ആ വിശേഷഗുണം ആ ജീനുകളുടെ പ്രാഥമികധര്‍മ്മവും സ്വവര്‍ഗാഭിമുഖ്യം അതിന്റെ ഉപോല്‍പ്പന്നമോ ദ്വൈതഗുണമോ ആണെങ്കിലോ [49] ? ഈ സാധ്യത 1959ലേ മുന്നോട്ടുവച്ച സിദ്ധാന്തമാണ് ഹച്ചിന്‍സണിന്റെ “ബാലന്‍സ്ഡ് പോളിമോര്‍ഫിസം” [50] . ഹച്ചിന്‍സണ്‍ ഈ “പ്രാഥമിക ഗുണ”മെന്തായിരിക്കാമെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും പില്‍ക്കാലത്തു വന്ന ഹെയ്മറുടെ വിവാദമായ Xq28 ജനിതകകഷ്ണം ഒരു സാധ്യത മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രകൃതിയില്‍ ഒരു പ്രാഥമികോദ്ദേശ്യം വച്ചോ മറ്റേതെങ്കിലും ജൈവപ്രക്രിയയുടെ (ദ്വിതീയ) ഉപോല്‍പ്പന്നമായോ ഉരുത്തിരിഞ്ഞ ഒരു ജന്മവാസന സ്പീഷീസുകള്‍ വേര്‍പിരിയുന്നതിനനുസരിച്ച് അതാത് ഗോത്രങ്ങളില്‍ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഉപായമായി പരിണമിച്ചു എന്നതാവാം സ്വവര്‍ഗരതിയെ സംബന്ധിച്ച നാളത്തെ ജീവശാസ്ത്രത്തിന്റെ “ബൃഹദ് ഏകീകരണ സിദ്ധാന്തം”.

ലൈംഗിക രോഗങ്ങളും സ്വവര്‍ഗരതിയും

എയിഡ്സിന്റെ ആദ്യകാല കേസുകള്‍ ഭൂരിഭാഗവും സ്വവര്‍ഗരതിശീലം ഉള്ളവരിലായിരുന്നു എന്നതിനാല്‍ ’80കളില്‍ ഇത് സ്വവര്‍ഗലൈംഗികതയുടെ രോഗമായി കാണുന്ന പ്രവണത ശക്തമായിരുന്നു. ഈ തെറ്റിദ്ധാരണ തിടം വച്ച് ഇപ്പോള്‍ സ്വവര്‍ഗരതിശീലം നിയമവിധേയമാക്കുന്നതിനെതിരേ ശക്തമായ ഒരു വാദമായി മാറിയിട്ടുണ്ട്. എന്നാല്‍ സത്യമെന്താണ് ?

ഗുദഭാഗത്തെ ചര്‍മ്മത്തിനുള്ള രണ്ട് പ്രത്യേകതകളാണ് HIV പകരാനുള്ള സാധ്യതയേറ്റുന്നത്: ഒന്ന്, ചര്‍മ്മം വളരെ ലോലമായതുകാരണം എളുപ്പം മുറിവുണ്ടാകാനുള്ള സാധ്യത. രണ്ട്, യോനിയെ അപേക്ഷിച്ച് ഗുദത്തിലെ ചര്‍മ്മത്തിനും മലസഞ്ചിയിലെ ശ്ലേഷ്മസ്തരത്തിനും (mucosa) വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. HIVപകരുന്നതിനുള്ള ഒന്നാമത്തെ അപകടസാധ്യത ഗുദഭോഗത്തിനാണെന്നു പറയുന്നതിനു കാരണം ഇതാണ്. ഇത് കൂടാതെ മറ്റൊരു പ്രശ്നം, രതിജന്യരോഗങ്ങളായ പാപ്പിലോമാ അണുബാധ, ഗൊണേറിയ,സിഫിലിസ്, ഹെര്‍പീസ് പോലുള്ള രതിജന്യ വ്രണങ്ങള്‍ തുടങ്ങിയവ ഗുദഭോഗികളില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതുമൂലം ശ്രദ്ധിക്കാതെ പോകാമെന്നതാണ്. അപകടസാധ്യതയില്‍ (risk) രണ്ടാമതേ വരുന്നുള്ളുവെങ്കിലും ജനസമൂഹങ്ങളില്‍ പരലൈംഗികാഭിമുഖ്യമുള്ളവരുടെ കേവലസംഖ്യ സ്വവര്‍ഗാനുരാഗികളെ അപേക്ഷിച്ച് വളരെ വലുതായതിനാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ എയിഡ്സ് പകരുന്നതിന്റെ ഒന്നാം കാരണം ഇപ്പോഴും ലിംഗയോനീ സംയോഗം തന്നെയാണ് എന്നോര്‍ക്കണം [51]. ലോകാരോഗ്യ സംഘടനയുടെ എയിഡ്സ് നിവാരണ വിഭാഗത്തിന്റെ (UNAIDS) കണക്കുകള്‍ കാണിക്കുന്നത് ലോകത്തെ മൊത്തം എയിഡ്സ് രോഗത്തിന്റെ 10%ത്തില്‍ താഴെയേ സ്വവര്‍ഗാനുരാഗികളില്‍ കാണപ്പെടുന്നുള്ളൂ എന്നാണ്; 60%ത്തിലധികവും കൈമാറുന്നത് ലിംഗയോനീസംയോഗത്തിലൂടെയും. സ്വവര്‍ഗാനുരാഗം മുന്‍പേ പറഞ്ഞതുപോലെ ഒരു മാനസികവാഞ്ഛയും ജന്മവാസനയുമാണ്, അത്തരക്കാര്‍ക്ക് എയിഡ്സ് ഉണ്ടാക്കുന്ന HIV വൈറസ് ബാധയുണ്ടാവാനും വേണ്ടിയുള്ള പ്രത്യേക മെക്കാനിസങ്ങളൊന്നുമില്ല. പരലൈംഗികാഭിമുഖ്യമുള്ളവര്‍ക്ക് വൈറസ് ബാധ വരുന്ന രീതികള്‍ തന്നെയാണ് സ്വവര്‍ഗാനുരാഗികളിലും ഉള്ളത്. സ്വവര്‍ഗാനുരാഗികള്‍ താരതമ്യേന കൂടുതല്‍ ഗുദഭോഗം ചെയ്യുന്നു, ഇത് HIVപകരാനുള്ള അപകടസാധ്യതയേറുന്നു എന്നുമാത്രം.

ഇന്ന് ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന എയിഡ്സ് പകര്‍ച്ചവ്യാധിയുടെ 90%വും HIV വൈറസിന്റെ ടൈപ്-1 എന്ന വകഭേദം കാരണമാണുണ്ടാവുന്നത്. ടൈപ്-1 HIVയെ ഒന്‍പതു അവാന്തര ജനിതകവിഭാഗങ്ങളായി വര്‍ഗീകരിച്ചിട്ടുണ്ട് (subtype കള്‍ ). അമേരിക്ക, യൂറൊപ്പ്, ഓസ്ട്രേയ്ലിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഏറ്റവുമധികം കാണപ്പെടുന്നത് subtype Bയില്‍പ്പെട്ട HIV-1 വൈറസുകളാണ്. ഇവയാകട്ടെ സ്വവര്‍ഗരതിരീതികളിലൂടെ പകരാന്‍ സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങളെങ്കിലും സൂചിപ്പിക്കുന്നു [52] . ജനിതക അവാന്തരവിഭാഗത്തിലെ Subtype A ആണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൂടുതല്‍ വ്യാപകം. ഇതാകട്ടെ പരലൈംഗികബന്ധത്തിലൂടെയാണു പകരാന്‍ കൂടുതല്‍ സാധ്യതയെന്നും പഠനങ്ങളെ മുന്‍ നിര്‍ത്തി അനുമാനിക്കപ്പെടുന്നു. ഇങ്ങനെ നോക്കുമ്പോള്‍ സ്വവര്‍ഗഭോഗികളും പരലിംഗഭോഗികളും ഒരുപോലെ എയിഡ്സ് എന്ന മഹാമാരിയുടെ ഇരകളാണ്.

“എനിക്കീ രോഗമില്ല” എന്ന് സ്വയം തെറ്റിദ്ധരിക്കുകയാണ് ഒരു രോഗിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ വിഡ്ഢിത്തം ! HIV ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെതിരെ പോരാടുമ്പോള്‍ ബുദ്ധിയുള്ള സമൂഹം ആദ്യം ചെയ്യേണ്ടത് അതിനെ സംബന്ധിച്ച വസ്തുനിഷ്ഠമായി പഠിക്കുകയും, തങ്ങളുടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് കഴിയാവുന്നത്ര വിവരം ശേഖരിക്കുകയുമാണ്. പ്രകൃതിവിരുദ്ധരെന്ന് വിളിച്ച് മാറ്റിനിര്‍ത്താതെ, പൊതുസമൂഹത്തിലേയ്ക്ക് എല്ലാ ജനവിഭാഗങ്ങളെയും കൊണ്ടുവരുന്നതിലൂടെയേ ഇതു സാധിക്കൂ. സ്വവര്‍ഗരത്യനുശീലനമുള്ളവര്‍ പൊതുവേ ലൈംഗികരോഗങ്ങള്‍ക്ക് ചികിത്സ തേടാന്‍ വൈമുഖ്യമുള്ളവരാണ് – തങ്ങള്‍ ‘പിടിക്കപ്പെട്ടാ’ലുണ്ടാകുന്ന അവഹേളനം ഇന്നത്തെ സമൂഹത്തില്‍ ചില്ലറയല്ലല്ലോ. മുന്‍പ് സൂചിപ്പിച്ചതുപോലെ സ്വയം സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞവരേക്കാള്‍ പതിന്മടങ്ങ് വലുതാണ് പരലൈംഗികാഭിമുഖികളായി സമൂഹത്തില്‍ കഴിയുകയും സ്വവര്‍ഗരതിശീലം വച്ചുപുലര്‍ത്തുകയും ചെയ്യുന്നവരുടെ എണ്ണം. ഇങ്ങനെ ലൈംഗികാഭിമുഖ്യ ചാലകത്വം (fluid sexual orientation) പ്രകടിപ്പിക്കുന്ന മഹാഭൂരിപക്ഷം, സ്വവര്‍ഗഭോഗികളും പരലിംഗഭോഗികളും തമ്മിലൊരു പാലമായി വര്‍ത്തിക്കുന്നു [53]. ഗുദഭോഗത്തെ ‘പ്രകൃതിവിരുദ്ധ’മെന്ന് വിളിച്ച് സദാചാരവാളുമായി നില്‍ക്കുന്ന സമൂഹം സത്യത്തില്‍ ചെയ്യുന്നത് കണ്ണടച്ചിരുട്ടാക്കുകയാണ്. സമൂഹത്തിന്റെ പുറന്തള്ളല്‍ മൂലം സ്വവര്‍ഗാനുരാഗികളെപ്പറ്റിയുള്ള കൃത്യമായ കണക്കുകള്‍ പോലും പല സമൂഹങ്ങളിലും ലഭ്യമല്ല. ഇത് ആരോഗ്യനയ രൂപീകരണത്തെ എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരക്കാരിലെ രോഗങ്ങളെ തിരിച്ചറിയാനും ചികിത്സിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ട്രെയിനിംഗ് നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ട് പലയിടത്തും [54]. എയിഡ്സ് നിവാരണയജ്ഞം ശക്തമായ രാജ്യങ്ങളില്‍ പോലും 40%ത്തിനും താഴെ കവറേജ് മാത്രമേ സ്വവര്‍ഗരതിക്കാരില്‍ എത്തുന്നുള്ളൂ എന്നാണ് ലോകാരോഗ്യസംഘടനാ കണക്കുകള്‍ പറയുന്നത് .

സ്വവര്‍ഗരതി ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കുകയും സ്വവര്‍ഗാനുരാഗം കുറ്റമായി കാണുന്ന പ്രവണതയില്ലാതാവുകയും ചെയ്യുന്ന സമൂഹങ്ങളില്‍ സ്വവര്‍ഗാനുരാഗികള്‍ ചികിത്സതേടാനും ആരോഗ്യസംരക്ഷണത്തെ സംബന്ധിച്ച മുന്‍കരുതലുകളെടുക്കാനും പ്രോത്സാഹിപ്പിക്കപ്പെടുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എയിഡ്സ് പ്രതിരോധത്തിന്റെ ഏറ്റവും ഫലപ്രദമായ മാര്‍ഗം അപകടസാധ്യത കൂടുതലുള്ള (high risk) സമൂഹങ്ങളെ തിരിച്ചറിയുകയും അവര്‍ക്കിടയിലെ പീയര്‍ ഗ്രൂപ്പുകള്‍ വഴിയുള്ള ലൈംഗികബോധവല്‍ക്കരണവുമാണ്. സ്വവര്‍ഗരതിയെ അംഗീകരിക്കുന്ന സമൂഹങ്ങളില്‍ അത്തരക്കാരെ സംഘടിപ്പിക്കാനും പീയര്‍ ഗ്രൂപ്പുകളുണ്ടാക്കാനും എളുപ്പമാവുന്നു. ഗുദഭോഗവേളയില്‍ കൂടുതല്‍ ല്യൂബ്രിക്കന്റുകള്‍ ഉപയോഗിക്കാനും, ഉറ നിര്‍ബന്ധമായി ധരിക്കാനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാര്യമായ മാറ്റങ്ങള്‍ വരുന്നുണ്ട്. ഗുദഭോഗം ഒഴിവാക്കി വദനസുരതമോ, തുടകള്‍ക്കിടയില്‍ ലിംഗം വച്ചുള്ള ഭോഗരീതിയോ സ്വീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട് [55]. ഇങ്ങനെ ലൈംഗികതയെ അപഗൂഢവല്‍ക്കരിക്കുകയും അത് ശരീരത്തിന്റെ സ്വാഭാവികമായ ഒരാവശ്യമാണെന്ന ബോധ്യമുണ്ടാക്കുകയും ചെയ്യുകവഴിയേ ഈ യുദ്ധം ജയിക്കാനാവൂ.

ഓരോന്നിങ്ങനെ ചിന്തിച്ചാല്‍…

രതിയെ സംബന്ധിച്ച ഇന്നത്തെ മതങ്ങളുടെ ചിട്ടകള്‍ ഏതാണ്ട് ഒരുപോലെയാണ് ലോകമെമ്പാടും : പ്രത്യുല്പാദനത്തിനു മാത്രം ലൈംഗികവൃത്തി, ഒരു തുള്ളി ശുക്ലം പതിനായിരം തുള്ളി രക്തത്തിനു സമം, ശുക്ലം പാഴാക്കുന്നത് പാപം, സ്വയം ഭോഗം നരകശിക്ഷയ്ക്കര്‍ഹം, കന്യാചര്‍മ്മം പരിപാവനം: ഇങ്ങനെ പോകുന്നു ലൈംഗികതയെ സംബന്ധിച്ച ധാരണകള്‍ . ഇവയെ മത നിഷ്കര്‍ഷകളെന്നതിനേക്കാള്‍ പ്രാചീനസമൂഹങ്ങളുടെ നിയമങ്ങളായി കരുതാം‍. എന്നാല്‍ സമൂഹങ്ങള്‍ വികസിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നതനുസരിച്ച് നിയമങ്ങളും മാറുന്നു. ഏകഭാര്യാ/ഏകഭര്‍തൃവ്രതം നിഷ്കര്‍ഷിച്ച സമൂഹങ്ങള്‍ തന്നെ പില്‍ക്കാലത്ത് ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും അംഗീകരിച്ച ചരിത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. സുരതത്തെ ഒരു നിഗൂഢ/സ്വകാര്യവിഷയം എന്നതില്‍ നിന്നും ഒരു സാമൂഹിക യാഥാര്‍ത്ഥ്യവും ആസ്വാദ്യമായ ഒരു ജൈവക്രിയയും കലയും ആക്കി ഉയര്‍ത്തിയവരുമുണ്ട് നമ്മുടെ മുന്‍തലമുറകളില്‍ . സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക കേളികളില്‍ ഭോഗരീതികളെ സംബന്ധിച്ച നിഷ്കര്‍ഷകളൊന്നുമില്ലാത്ത മതങ്ങള്‍ പോലും സ്വവര്‍ഗ്ഗാനുരാഗത്തെ തീവ്രമായി എതിര്‍ക്കുന്നു എന്നത് കൌതുകകരമാണ്. ഭാരതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സദാചാരബോധവും ലൈംഗികതയെ സംബന്ധിച്ച പാപബോധവും അധിനിവേശകാലത്തിന്റെ അവശിഷ്ടങ്ങളാണെന്ന് വാദിക്കാറുള്ള ആര്‍ഷഭാരതസംസ്കൃതിക്കാര്‍ ആ വിക്റ്റോറിയന്‍ സദാചാരമൂല്യത്തിന്റെ ബാക്കിപത്രമായ ഒരു നിയമത്തെ മാറ്റുന്നതിന് ഭരണകൂടവും കോടതിയും മുന്‍ കൈയെടുക്കുമ്പോള്‍ ഓറിയന്റലിസത്തിന്റെ വാളുമായി ഇറങ്ങുന്നത് തമാശയ്ക്ക് വകയുണ്ട് !

പൊതു അവലംബങ്ങള്‍ :
1.Textbook of Homosexuality and Mental Health – R. P Cabaj, T. S Stein (Editors)
2. Diagnostic and Statistical Manual of Mental Disorders (DSM) – IV Text Revision (4th Ed)
3. UNAIDS Report on the global AIDS epidemic: 2008

ടിപ്പണി
(ഇവിടെയുദ്ധരിച്ചിട്ടുള്ള പഠനങ്ങളുടേത് സമഗ്രമായ പട്ടികയല്ല; അതാതുരംഗത്തെ ഗവേഷണങ്ങള്‍ക്ക് ഉദാഹരണം എന്നനിലയ്ക്കാണ് ചിലത് കൊടുത്തിട്ടുള്ളത്.)

1. Naz Foundation Versus Government of NCT of Delhi and Others WP(C) No.7455/2001
2. Intolerance and Psychopathology:Toward a General Diagnosis for Racism, Sexism, and Homophobia – Mary Guindon, Alan Green, and Fred Hanna, American Journal of Orthopsychiatry (2003)
3. Various studies by Herek (1988); Other similar studies by Agnew, Thompson, Smith, Gramzow and Currey (1993); Meta-analysis published in Personality and Social Psychology Bulletin by Mary Kite & Bernard Whitley Jr. (1996, reviews in 1998 and 2001); Michelle Davies (2004)
4. Stigma, Prejudice, and Violence Against Lesbians and Gay Men – Gregory M. Herek (Homosexuality: Research implications for public policy)
5. On Human Nature – E.O Wilson (1978)
6. 2002ലെ United States Advance Data from Vital and Health Statistics no: 362 അനുസരിച്ച് 18നും 44നും വയസ്സിനിടയ്ക്കുള്ള ഹെറ്ററോസെക്ഷ്വലുകളില്‍ 36.7 % പുരുഷന്മാരും 32.6% സ്ത്രീകളും ഒരിക്കലെങ്കിലും ഗുദഭോഗം ചെയ്തവരാണ്. ഈ പ്രായപരിധിയിലെ 87% ആണുങ്ങളും 86% പെണ്ണുങ്ങളും ഒരിക്കലെങ്കിലും വദനസുരതത്തിലും ഏര്‍പ്പെട്ടിട്ടുണ്ടത്രെ. വര്‍ഷാവര്‍ഷം ഈ സംഖ്യ വര്‍ധിച്ചാണു വരുന്നതും.
7. Freund et al., (1989); A comparison of neuroendocrine abnormalities and genetic factors in homosexuality and in pedophilia – Langevin R A, Annals of Sex Research(1993); Jenny et al., (1994);
8. Aggression, empathy and sexual orientation in males – Sergeant, Dickens, Davies & Griffiths, Personality and Individual Differences (2006)
9. Sexual Behavior in the Human Male : Kinsey, Pomeroy and Martin.(1948)
10. The Kinsey Data: Marginal tabulations of the 1938 -1963 interviews conducted by the Institute for Sex Research – Gebhard and Johnson.
11. Three Essays on the Theory of Sexuality: Sigmund Freud (1905)
12. Sex Variants: A Study of Homosexual Patterns – George W. Henry
13. The Adjustment of the Male Overt Homosexual. Evelyn Hooker; Journal of Projective Techniques.
14. Patterns of Sexual Behavior : Clellan Ford, Frank Beach
15. Freedman (1971),Hart, McKee et al (1978), Gonsiorek (1982)
16. Understanding Gay Relatives and Friends – Clinton R. Jones (1978)
17. The development of sexual orientation in women – Peplau et al.; Annual Review of Sex Research (1999)
18. Treating homosexuality as a sickness – Birte Twisselmann; BMJ (2004)
19. The response of mental health professionals to clients seeking help to change or redirect same-sex sexual orientation – Annie Bartlett, Glenn Smith,Michael King; Biomed Central Psychiatry (2009)
20. The “Sissy Boy Syndrome” and the Development of Homosexuality – R. Green (1987)
21. Is early effeminate behavior in boys early homosexuality? – B. Zuger, Comprehensive Psychiatry (1988)
22. Sequence Variation in the Androgen Receptor Gene is not a Common Determinant of Male Sexual Orientation – J.P Macke et. al, American Journal of Human Genetics (1993); M.F. Small (1993, 1995)
23. H-y antigen and homosexuality in men – Ray Blanchard, P. Klassen, Journal of Theoretical Biology (1997)
24. Homosexuality in men and number of older brothers – R. Blanchard, A. F. Bogaert, American Journal of Psychiatry (1996);The relation of birth order to sexual orientation in men and women – Blanchard, Zucker et al., Journal of Biosocial Science (1998);
25. Fraternal birth order and the maternal immune hypothesis of male homosexuality – R. Blanchard, Hormones and Behaviour (2001)
26. Roselli CE, Larkin K, Schrunk JM, Stormshak (2004)
27. A Difference in Hypothalamic Structure Between Heterosexual and Homosexual Men – Simon LeVay, Science(1991); Gender and sexual orientation in relation to hypothalamic structures – D.F. Swaab et al., Hormone Research (1992); Sexual Orientation and the Size of the Anterior Commissure in the Human Brain – Laura S. Allen,R. Gorski, Procedings of the National Academy of Science (1992)
28. Bailey et al. (1993); Whitam, Diamond, and Martin (1993); Bailey and Pillard (1991); Buhrich, Bailey, and Martin (1991)
29. D.Hamer, S. Hu et al (1993); Xq28ന്റെ കഥ Dean Hamer, Peter Copeland എന്നിവര്‍ ചേര്‍ന്നെഴുതിയ The Science of Desire-ല്‍ വിശദമായി പറഞ്ഞിട്ടുണ്ട്
30. Genome: The Autobiography of a Species in 23 Chapters – Matt Ridley (1999)
31. Risch, Squires-Wheeler, Keats (1993); Byne (1995); A Family History Study of Male Sexual Orientation Using Three Independent Samples – Bailey, pillard, Trivedi et al.,Behaviour Genetics (1999)
32. Out in Theory: The Emergence of Lesbian and Gay Anthropology – Ellen Lewin, William Leap (Eds.)
33: Chapters on Greek and Indo European Pedarasty in “From Sappho to De Sade: Moments in the History of Sexuality” – Jan N Bremmer
34. Ritualized Homosexuality in Melanesia: Gilbert Herdt
35. What Ever Happened to Ritualized Homosexuality? Modern Sexual Subjects in Melanesia and Elsewhere : Bruce M Knauft; Annual Review of Sex Research.
36. Homosexuality in the Ancient World : Wayne R. Dynes & Stephen Donaldson.
37. മൃഗങ്ങളിലെ സ്വവര്‍ഗരതിശീലങ്ങളെപ്പറ്റിയുള്ള വിശദമായ വിവരണങ്ങള്‍ക്ക് കനേഡിയന്‍ ജീവശാസ്ത്രകാരനായ Bruce Bagemihlന്റെ “Biological Exuberance: Animal Homosexuality and Natural Diversity” (1999) എന്ന പുസ്തകം കാണുക. പുസ്തകത്തിലെ വസ്തുതകളും അവതരണരീതിയും നിസ്തുലമാണെങ്കിലും നിരീക്ഷണങ്ങളുടെ വ്യാഖ്യാനങ്ങളില്‍ ചിലത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയവയാണ്.
38. Paul Vasey, Nadine Duckworth (1995 – 2007 കാലത്തിനിടയ്ക്കുള്ള വിവിധ പഠനങ്ങള്‍ )
39. Walter L. Williams (comment on Kirkpatrick’s paper: Evolution of Human Homosexual Behavior)
40. Homosexuality/ Heterosexuality: Concepts of Sexual Orientation – McWhirter, Sanders, Reinisch (Eds); 1990
41. Lisa M Diamond (1998 മുതല്‍ 2008വരെ Developmental Psychology,Journal of Personality and Social Psychology, Psychological Review, Journal of Psychology and Human Sexuality എന്നീ ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിവിധ പഠനങ്ങള്‍ )
42. Homosexuality Re-examined – West (1977); Sexuality and Aggressivity: Development in the Human Primate – Green. R (1978);
43. Ambisexuality in Animals – Denniston(1980); Functional Analysis of Social Staring Behavior in an All-male Group of Mountain Gorillas – Yamagiwa (1992).
44. Reproductive Strategies and Gender Construction: An Evolutionary View of Homosexualities : Dickemann, M.
45. E.O Wilson (1975), James D. Weinrich (1987)
46. The inclusive fitness hypothesis of sociobiology re-examined – Dickemann; Journal of Homosexuality (1995)
47. The evolution of social behavior – R.D. Alexander, Annual Review of Ecology and Systematics (1974) ; The evolution of reciprocal altruism – R.L. Trivers, Quarterly Review of Biology (1971); Parent-offspring conflict. R.L Trivers, American Zoologist (1974)
48.The evolution of homoerotic behavior in humans – F. Muscarella, Journal of Homosexuality (1999); The Evolution of Human Homosexual Behavior- Kirkpatrick, Current Anthropology (2000).
49. Futuyma and Risch (1984); Abramson and Pinkerton(1995); Vasey (1995, 2000)
50. A speculative consideration of certain possible forms of sexual selection in man – Hutchinson, American Naturalist (1959)
51. San Francisco cohort studies1984-1989 – Samuel et al., Journal of Acquired Immune Deficiency Syndromes (1993)
52. Essex M (1996); Bhoopat L, Eiangleng L, Rugpao S et al (2001)
53. Bisexualities and AIDS – edited by Aggleton P (1996); Schifter J, Parker R.G(1996); Gibson D R, Han L, Guo Y (2004); United States NCHS Statistics (2004)
54. Sexuality and Eroticism among Males in Moslem Societies – Schmitt and Sofer (1992); Love in a Different Climate: Men Who Have Sex with Men in India – Seabrook (1999); HIV and Men who have Sex with Men in Asia and the Pacific – UNAIDS Best Practices: UNAIDS/06.25E
55. Herbst J H et al. (2005); Shimada K. et al. (2006); Jones K et al (2006).


* * *

ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്ന ബ്ലോഗ് പോസ്റ്റുകള്‍ : ദില്ലി പോസ്റ്റ് , പ്രശാന്ത് കൃഷ്ണ, കിഷോര്‍ , കൂതറ തിരുമേനി , സന്തോഷ്, ചിന്തകന്‍ . അനുബന്ധവിഷയങ്ങളിലെ കൃഷ്ണതൃഷ്ണയുടെ ചില പോസ്റ്റുകള്‍: പുരുഷപ്രണയങ്ങളുടെ ചരിത്രകഥകള്‍ , പീനല്‍ കോഡിലെ 377നെപ്പറ്റി , മൂന്നാം ലിംഗ ന്യൂനപക്ഷങ്ങളെപ്പറ്റി . വികട ശിരോമണിയുടെ പോസ്റ്റ്: അനുരാഗം പാപമോ ?

Many thanks to Shaji Mullookkaran for his advise on hyperlinking the sub sections.

Advertisements