മെഡിസിന്‍ @ ബൂലോകം

പ്രതിരോധ കുത്തിവയ്പ്പ് : ഒരു കമന്റ് സെപ്റ്റംബര്‍ 15, 2008

ഇത് ഉമേഷ് ജീയുടെ ഗുരുകുലം ബ്ലോഗിലെ ഒരു പോസ്റ്റിനുള്ള മറുപടിക്കമന്റാണ്.

സംഗതി വൈദ്യമായതിനാല്‍ കമന്റാണെങ്കിലും ഇവിടെ പോസ്റ്റുന്നു. രോഗപ്രതിരോധ ശേഷിയെക്കുറിച്ചും വാക്സിനേഷനുകള്‍ അതിനെങ്ങനെ സഹായിക്കും എന്നതിന്റെ ഫിസിയോളജിയെക്കുറിച്ചും വിശദമായി മറ്റൊരു പോസ്റ്റില്‍ ഇടാം എന്ന് വിചാരിക്കുന്നു.

1. പ്രതിരോധ കുത്തിവയ്പ്പ് അവനവന്റെ സുരക്ഷ മാത്രമല്ല ലക്ഷ്യമിടുന്നത്. അന്യന്റെ സുരക്ഷ കൂടിയാണ്. ഒരു വ്യക്തിയിലേക്ക് രോഗാണു സംക്രമിക്കുന്നത് തടയുമ്പോള്‍ നാം ആ സമൂഹത്തിലൂടെയുള്ള അണുവിന്റെ ആകമാന സഞ്ചാരത്തെയാണു തടയുന്നത് എന്ന വിശാല ബോധം കൂടിയുള്‍പ്പെടുന്നു ഇതില്‍.

എന്റെ വീട്ടിലെ ടിന്റു മോന് ചിലപ്പോ കുത്തിവയ്പ്പൊന്നും എടുത്തില്ലേലും അസുഖം വന്നാല്‍ നല്ല ചികിത്സയും ഭക്ഷണവും ഉള്ളതിനാല്‍ രക്ഷപ്പെടും. പക്ഷേ ടിന്റു മോനില്‍ നിന്നും അതേ രോഗാണു പകര്‍ന്ന് കിട്ടുന്ന അയല്പക്കത്തെ ടുട്ടു മോളുടെ അവസ്ഥ അതാവണമെന്നില്ല.

…അങ്ങനെ സമയത്ത് പ്രതിരോധകുത്തിവയ്പ്പെടുത്താല്‍ ഒഴിവാക്കാമായിരുന്ന രോഗങ്ങളോ അവയുടെ സങ്കീര്‍ണതകളോ മൂലം ലോകത്ത് 1,400,000 ടിന്റു മോനും ടുട്ടുമോളും വര്‍ഷം തോറും മരിക്കുന്നുണ്ട് … 5 വയസ്സ് തികയും മുന്‍പ്….

വാക്സ്സീനുകളും മരുന്നുകളാണു. ഫലം ഉണ്ടെങ്കില്‍ പാര്‍ശ്വഫലവും ഉണ്ടാകുമെന്നതില്‍ സംശയമൊന്നും വേണ്ട. അപ്പോള്‍ തീര്‍ച്ചയായും വാക്സീനുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. എന്നുവച്ച് അത് എടുക്കാതിരിക്കുന്നത് – പ്രത്യേകിച്ച് അതിനു സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ തടസ്സമല്ലാതിരിക്കുമ്പോള്‍ – സാമൂഹിക ദ്രോഹമാണെന്നാണു ഈയുള്ളവന്റെ വക്രബുദ്ധി പറയുന്നത് :))

2. വാക്സീനുകള്‍ക്കെതിരേ ഒരു തരം അനാവശ്യഭയം ഉണ്ടാവുകയോ ഉണ്ടാക്കിയെടുക്കുകയൊ ചെയ്യുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിട്ടുണ്ട് . ചില വാക്സീനുകള്‍, ഉദാ: ഹെപ്പറ്റൈറ്റിസ് – ബി, എം.എം.ആര്‍ , ഡിപിറ്റി തുടങ്ങിയവയിലെ രാസഘടനയില്‍ മെര്‍ക്കുറി പോലുള്ള വിഷാംശം ഉള്ളതിന്റെ പേരില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചിട്ടുണ്ടെന്നത് നേര്.

തൈമെറൊസാല്‍ (thimerosal) അഥവാ തയോമെര്‍സല്‍ എന്ന ഓര്‍ഗാനോമെര്‍ക്യൂറിക് സമ്യുക്തം ഈ വാക്സീനില്‍ അണുബാധ വരാതിരിക്കാനായി പ്രിസര്‍വേറ്റിവ് എന്ന നിലയ്ക്ക് ചേര്‍ക്കാറുണ്ടായിരുന്നു. സാധാരണഗതിയില്‍ ശരീരത്തില്‍ വിഷമയം ആകാന്‍ സാധ്യതയുള്ള മെര്‍ക്കുറി അളവുകള്‍ക്കും വളരെ താഴെയുള്ള അളവിലേ ഇത് എഫ്.ഡി ഏ പോലുള്ള ഏജന്‍സികള്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ജപ്പാനിലെ മിനമതാ അത്യാഹിതം (മെര്‍ക്കുറി കലര്‍ന്ന മത്സ്യം കഴിച്ച് മെര്‍ക്കുറി വിഷബാധയേറ്റ സംഭവം) വാക്സീനുകളിലെ മെര്‍ക്കുറിയുമായി ഏച്ചുകെട്ടി ഭീതിപരത്തിയവരില്‍ പത്രമാധ്യമങ്ങള്‍ മാത്രമല്ല ചില ശിശുരോഗ വിദഗ്ധരും ഉള്‍പ്പെടും 🙂

മെഥില്‍ മെര്‍ക്കുറിയാണു (methyl mercury) മിനമതാ സംഭവത്തിലെ വില്ലനെങ്കില്‍ തൈമെറൊസാലില്‍ അത് എഥില്‍ മെര്‍ക്കുറിയാണു (ethyl). രണ്ടും കടലും കുളവും പോലെ വ്യത്യസ്ഥം. മെഥില്‍ മെര്‍ക്കുറിക്ക് 50ദിവസത്തോളം ശരീരത്തില്‍ ഹാഫ് ലൈഫ്. എഥില്‍ മെര്‍ക്കുറി കഷ്ടിച്ച് 4 ദിവസം കൊണ്ട് ശരീരത്തില്‍ പകുതിയാകുന്നു.
തൈമെറൊസാല്‍ നേരാം വണ്ണം നടത്തിയ ഒരു പഠനത്തിലും ഓട്ടിസത്തിനോ മറ്റ് വിഷബാധാസംബന്‍ധിയായ പ്രശ്നങ്ങള്‍ക്കോ കാരണമായതായി കണ്ടെത്തിയിട്ടില്ല. എങ്കിലും അതിനെതിരായി വന്ന പ്രചാരണങ്ങള്‍ക്ക് ശക്തി കൂടിയപ്പോള്‍ പീഡിയാട്രിക് അക്കാഡമികളും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്റ്റ്രേയ്ഷനും വാക്സീനുകളില്‍ തൈമെറൊസാല്‍ ചേര്‍ക്കുന്നത് 90കളുടെ ഒടുക്കത്തോടെ നിരോധിച്ചു.

ഈ പ്രചാരണങ്ങളുടെ വെളിച്ചത്തില്‍ എലികളിലും മറ്റും നടന്ന ഇടക്കാല പഠനങ്ങള്‍ പരിശോധിച്ച കമ്മറ്റികള്‍ തൈമെറൊസാലിനെതിരെയാണു വിധിച്ചത്. എന്നാല്‍ രീതിശാസ്ത്രപരമായി വ്യക്തതയുള്ള അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ കാണിച്ച 12 പഠനങ്ങള്‍ അപഗ്രഥിച്ചതില്‍ നിന്നും 2004ലെ Immunization Safety Review Committee എത്തിച്ചേര്‍ന്ന നിഗമനം MMR വാക്സീനെയോ തൈമെറൊസാലിനെയോ ഓട്ടിസവുമായി ബന്ധപ്പെടുത്താനുള്ള തെളിവുകള്‍ വളരെ ദുര്‍ബലമാണ് എന്നതായിരുന്നു.

ആര്‍ക്കൈവ്സ് ഒഫ് ജനറല്‍ സൈക്കിയാട്രിയില്‍ (ഈ വര്‍ഷം ജനുവരി) വന്നത് : കാലിഫോണിയ ഡിപ്പാട്ട്മെന്റ് ഒഫ് ഡിവലപ്മെന്റല്‍ സ്റ്റഡീസിന്റെ 1995 ജനു 1 മുതല്‍ 2007 മാര്‍ച്ച് 31 വരെയുള്ള കാലയവില്‍ നടന്ന പഠനം വ്യക്തമാക്കുന്നത് വാക്സീനിലെ തൈമെറൊസാല്‍ തീരെ ഇല്ലാതായ കാലയളവിലും ഓട്ടിസത്തിന്റെ തോത് കുറഞ്ഞിട്ടില്ല, കൂടിയെങ്കിലേ ഉള്ളൂ !!

കൂട്ടത്തില്‍ പറയട്ടെ, MMR വാക്സീനും ഓട്ടിസവുമായുള്ള ബന്ധം സ്ഥാപിക്കാന്‍ ‘ശ്രമിച്ച’ ചില പഠനങ്ങള്‍ പില്‍ക്കാലത്ത് വിവാദമായിട്ടുണ്ട്. ഉദാ: 1998ലെ പ്രശസ്തമായ ആന്‍ഡ്രൂ വേയ്ക്ഫീല്‍ഡ് പഠനത്തില്‍ ഉള്‍പ്പെട്ട പല ഓട്ടിസ്റ്റിക് കുട്ടികളുടെയും രക്ഷിതാക്കള്‍ വാക്സീന്‍ മൂലമാണു ഓട്ടിസം വരുന്നതെന്ന് നഷ്ടപരിഹാരം തേടി നിയമവഴിക്ക് പോയവരായിരുന്നു. 2006 മേയ്-ജൂണ്‍ കാലത്ത് ചില പത്രങ്ങള്‍ കൊണ്ടാടിയ റിപ്പോട്ടാണു MMR കുത്തിവയ്പ്പിനെ ഒട്ടിസവുമായി ബന്ധപ്പെടുത്തിയ ഡോ: സ്റ്റീവന്‍ വാക്കറുടെ ഒരു പോസ്റ്റര്‍ അവതരണം (International Meeting for Autism Researchല്‍ അവതരിപ്പിച്ചത്) . കാള പെറ്റതും കയറിനായി ഓടിയ മാധ്യമങ്ങള്‍ ഒടുവില്‍ മീസിത്സ് ബാധയാണോ തന്റെ പഠനത്തിലെ രോഗികളില്‍ ഓട്ടിസത്തിന് കാരണമായത് എന്ന് നോക്കിയിട്ടില്ലെന്നും അതിനു സാധ്യതയുണ്ടെന്നും അതിനാല്‍ വാക്സീനാണു ഓട്ടിസത്തിനു കാരണമെന്ന് പറയാനാകില്ലെന്നും ഡോ:വാക്കര്‍ കൈകഴുകിയതോടെ പിടി വിട്ടു.

3. റൂബെല്ല (ജര്‍മ്മന്‍ മീസിത്സ്) വൈറല്‍ അണുബാധ താരതമ്യേന പ്രശ്നരഹിതമാണെങ്കിലും ചില പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. റൂബെല വരുന്ന ഗര്‍ഭിണികളില്‍ – വിശേഷിച്ച് ആദ്യ 6 മാസം – 80% കുഞ്ഞുങ്ങളിലും പ്രസവാനന്തരം അന്ധത, ബാധിര്യം, ഹൃദയത്തില്‍ തുള എന്നിങ്ങനെയുള്ള ഏതെങ്കിലും പ്രശ്നം ഒറ്റയ്ക്കോ ഒരുമിച്ചോ കാണാം . ഗര്‍ഭിണികളില്‍ അതിനാല്‍ തന്നെ ഈ അസുഖത്തിനു വലിയ പ്രാധാന്യമുണ്ട്.
പുരുഷനിലും സ്ത്രീയിലും കുട്ടികളിലൂം വ്യത്യാസമില്ലാതെ വരുന്ന റൂബെല്ല 6000 രോഗികളില്‍ 1 എന്ന നിരക്കില്‍ തലച്ചോറിനെ ബാധിക്കാം. (post infectious encephalopathy). ഇത് വരുന്നവരില്‍ 20% പേര്‍ മരിക്കാന്‍ സാധ്യത. കുട്ടികളില്‍ നിന്ന് ഗര്‍ഭിണികളിലേക്കുള്ള സംക്രമണ സാധ്യത വലുതാണെന്നുകൂടിയിരിക്കെ റൂബെല വാക്സീനെ തള്ളിക്കളയുന്നത് ശുദ്ധ മണ്ടത്തരമാണെന്നാണു ഈയുള്ളവന്റെ വിനീതമായ അഭിപ്രായം.
അത് പെണ്‍ കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും വേണം താനും. (ആദ്യം പറഞ്ഞ സാമൂഹിക സുരക്ഷാ തത്വം തന്നെ ഇവിടെയും)

റൂബെല വാക്സീന്‍ പ്രചാരത്തിലാകുന്നത് 1970ക്കളുടെ തുടക്കത്തില്‍. വളരെ ശുഷ്കാന്തിയോടെ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം നടപ്പാക്കിയ ഫിന്‍ലന്റ് ബ്രിട്ടന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ക്രമമായി റൂബെല കേയ്സുകള്‍ കുറഞ്ഞുവന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. (1975 കാലഘട്ടത്തില്‍ വര്‍ഷം തോറും ഏതാണ്ട് 750 ഗര്‍ഭസ്ഥ റൂബെല അബോര്‍ഷനുകളും 50 പ്രസവാനന്തര വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ബ്രിട്ടനില്‍ 2001 ആകുമ്പോള്‍ അത് 7 റൂബെല്ലക്കുഞ്ഞുങ്ങള്‍ എന്ന തൊതിലേക്ക് ജനനം കുറഞ്ഞു. ഫിന്‍ലന്റും അമേരിക്കയും ഏതാണ്ട് 0 നിരക്കെത്തിക്കഴിഞ്ഞു).

റൂബെല്ല വാക്സീനെതിരേയുള്ള മറ്റൊരു പ്രചരണം ത്രോമ്പോസൈറ്റോപീനിയ (ITP) എന്ന ഒരു രക്തസ്രാവ രോഗം ഉണ്ടാകുന്നു എന്നതാണു. ഭാഗികമായി ഇത് ശരിയാണു താനും. റൂബെല എടുക്കുന്ന 40,000 കുത്തിവയ്പ്പുകളില്‍ ഒരാള്‍ക്ക് ഈ രോഗം വാക്സീനിന്റെ പാര്‍ശ്വഫലമായി വരാം (സ്വീഡിഷ് കണക്ക്) . അമേരിക്കന്‍ കണക്കനുസരിച്ച് ഇത് 10 ലക്ഷം കുത്തിവയ്പ്പില്‍ 1 എന്ന തോതാണ് . എന്നാല്‍ റൂബെല്ല എന്ന രോഗം വന്നാലും ഇതേ അമിതരക്തസ്രാവ അവസ്ഥ ഉണ്ടാകാം. കുത്തിവയ്പ്പെടുക്കാതെ റൂബെല്ല വരുന്നവരില്‍ അതിന്റെ തോത് വച്ചു നോക്കുമ്പോള്‍ വാക്സീനിന്റെ പാര്‍ശ്വഫലത്തോത് അവഗണിക്കാവുന്നതത്രെ.

4. മീസിത്സ് (മണ്ണന്‍) അണുബാധ മൂക്ക് തൊണ്ട ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഒരു ‘ജലദോഷ’ ത്തിനപ്പുറം പോകുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ ഇവനൊന്ന് ‘അറിഞ്ഞ് വിളയാടിയാല്‍ ‘ ശ്വാസകോശത്തില്‍ സ്ഥിരമായ നാശനഷ്ടമുണ്ടാക്കാമെന്ന് മാത്രമല്ല ഭാവിയിലേക്കുള്ള സ്ഥിരമായ (പ്രത്യേകിച്ച് കുട്ടി ഒരു പുകവലിക്കാരനൊക്കെ ആകുമെങ്കില്‍ ) നെഞ്ചുരോഗ ഫിക്സഡ് ഡിപ്പോസിറ്റ് കൂടിയാകും ഇത് :))

മൊത്തം രോഗികളില്‍ 5 % പേര്‍ക്ക് ബ്രോങ്കോ ന്യുമോണിയയായോ ബ്രോങ്കിയോളൈറ്റിസോ ആയി ഇത് മാറാമെന്ന് കണക്ക്.

SSPE പോലുള്ള തലച്ചോര്‍ കോശനാശ രോഗങ്ങള്‍ ഇന്‍ഫക്ഷന്‍ വന്ന് 5 മുതല്‍ 15 വര്‍ഷത്തിനു ശേഷമേ കാണാറുള്ളൂ. അതും അത്യപൂര്‍വ്വം : 1ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ .
കളി അവിടെയല്ല… മണ്ണന്റെ അണുബാധത്തോത് (ഇന്‍ഫക്റ്റിവിറ്റിക്ക് എന്തരാണോ മലയാളം..ആ പോട്ട് പുല്ല്) വളരെ വലുതാണു. രോഗി നാലാളുടെ ഇടയിലിരുന്ന് ഒറ്റ തുമ്മല്‍ തുമ്മിയാല്‍ ചുറ്റുമിരിക്കുന്ന നാലാള്‍ക്കും വൈറസ് ബാധയുണ്ടാകും. ഏതാണ്ട് 100 % ഇന്‍ഫക്റ്റിവിറ്റി !!

മണ്ണനും (measles) മുണ്ടി നീരും (mumps) ഒറ്റയ്ക്കൊറ്റയ്ക്ക് നോക്കിയാല്‍ താരതമ്യേന പ്രശ്നകാരികളല്ലാത്ത രോഗങ്ങളാണ്. എന്നാല്‍ പോഷകാഹാരക്കുറവും മറ്റും ഉള്‍പ്പടെയുള്ള സാമൂഹികപരിപ്രേക്ഷ്യത്തില്‍ കണ്ടാല്‍ ഭീകരന്മാരുമാണു.2006 ലെ കണക്കനുസരിച്ച് വര്‍ഷം തോറും 2,42, 000 ലക്ഷം കുട്ടികള്‍ (5 വയസ്സില്‍ താഴെയുള്ളവരാണു ഭൂരിഭാഗവും) മണ്ണന്‍ വന്ന് ശ്വാസകോശാണുബാധയാല്‍ ലോകത്ത് മരിയ്ക്കുന്നു. ഇതില്‍ 95 ശതമാനത്തോളം പേര്‍ നമ്മുടേതു പോലുള്ള വികസ്വര നാടുകളിലാണ്.

പ്രതിരോധക്കുത്തിവയ്പ്പിന്റെ ആവശ്യകതയെക്കുറിച്ച് ഇനിയെന്ത് പറയാന്‍ ?

5 . മുണ്ടി നീര്‍ അഥവാ parotitis epidemica യുടെ പ്രധാന ലക്ഷണം ചെവിക്ക് മുന്നില്‍ കവിളിലായി ഉള്ള തുപ്പല്‍ ഗ്രന്ഥികളുടെ വീക്കമാണു.

മുണ്ടിനീര്‍ , 10,000 പേരില്‍ ഒരാളെ മാത്രം കൊല്ലുന്ന താരതമ്യേന നിര്‍ദ്ദോഷിയായ രോഗമാകുന്നു. എന്നാല്‍ മുണ്ടി നീര്‍ വരുന്ന 30 % രോഗികളില്‍ അത് തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ് ആയി മാറാറുണ്ട്.

കൌമാരമെത്താത്ത (ഏതാണ്ട് 12 വയസ്സില്‍ താഴെയുള്ള) ആണ്‍ കുട്ടികളില്‍ ഇത് വൃഷണത്തെ ഒട്ടും തന്നെ ബാധിക്കാറില്ല. പ്യൂബര്‍ട്ടി എത്തിയ കുട്ടികളില്‍ 20 – 40% പേര്‍ക്ക് മുണ്ടി നീര്‍ ‘അണ്ടിനീര്‍ ‘ (വൃഷണത്തില്‍ നീരുകെട്ടും എന്ന്) ആകുകയും ചെയ്യും !

എന്നാല്‍ ഇങ്ങനെ വൃഷണവീക്കം വരുന്നവര്‍ സ്ഥിരമായ ഷണ്ഡത്വം അപൂര്‍വ്വമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.(5% സ്ത്രീകളില്‍ അണ്ഡാശയവീക്കവും കാണാം – വെറുമൊരു വയറ് വേദന വന്നങ്ങ് പൊയ്ക്കോളും. )

അപൂര്‍വ്വമായ കോമ്പ്ലിക്കേയ്ഷനുകള്‍ പറഞ്ഞാല്‍ പേടിയാകും. ഹൃദയത്തെ വരെ ബാധിക്കാം. 1000ത്തില്‍ 3 പേര്‍ക്ക് കേള്‍വിയും പോകാം.

നിലവിലുള്ള വാക്സീനുകളായ ലെനിന്‍ ഗ്രാഡ് – 3 (വോ തന്ന തന്ന ,റഷ്യാക്കാരന്റെ തന്ന :), റൂബിനി, യുറേബ് ഏ എം – 9 എന്നിങ്ങനെയുള്ള വാക്സീനുകളെ അപേക്ഷിച്ച് ഇഫക്റ്റ് കുറവാണേലും അമേരിക്കയില്‍ ലൈസന്‍സ് ചെയ്തിട്ടുള്ള Jeryl–Lynn വാക്സീന് സൈഡ് ഇഫക്റ്റുകള്‍ വളരെ കുറവാണു. അമേരിക്കയില്‍ ഇത് 2 ഡോസ് നല്‍കാനാണു വ്യവസ്ഥ.

6. ഈ മൂന്ന് വാക്സീനുകളും ചേര്‍ന്നതാണ് എം.എം.ആര്‍ . അത് കുട്ടിക്ക് 12 മാസം പ്രായമാകുമ്പോഴാണു നല്‍കേണ്ടത്. 9-ആം മാസം എം.എം.ആര്‍ ആണോ കൊടുത്തത് ? അതോ മീസിത്സ് മാത്രമോ ?

നാട്ടില്‍ അനുവര്‍ത്തിച്ചു പോരുന്ന Universal Immunisation Programme അനുസരിച്ച് 6 മാസത്തില്‍ മീസില്‍സ് വാക്സീന്‍ ഗവണ്മെന്റ് ഫ്രീയായി കൊടുക്കുന്നു. MMR ആണെങ്കില്‍ അത് 15 മാസമാകുമ്പോഴാണു ഇന്ത്യയില്‍ കൊടുക്കുക. ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രീഷ്യന്‍സ് MMR ബൂസ്റ്റര്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. ഒരു ഡോസേ നാട്ടില്‍ ഉള്ളൂ.

അമേരിക്കയില്‍ 12 – 15 മാസത്തിനിടയിലും . അമേരിക്കയില്‍ സ്കൂള്‍ പ്രവേശനത്തിനു മുന്‍പ് 4-5 വയസ്സാകുമ്പോള്‍ ഒരു ബൂസ്റ്റര്‍ ഡോസ് MMR കൂടി കൊടുക്കും.

ഗര്‍ഭസ്ഥമായിരിക്കുമ്പോള്‍ മറുപിള്ള (പ്ലാസെന്റ) വഴി കുട്ടിയിലെത്തുന്ന രക്തത്തില്‍ അമ്മയുടെ ഉള്ളിലെ ആന്റീബോഡികള്‍ – അമ്മയ്ക്ക് ഈ കുത്തിവയ്പ്പുകള്‍ മുന്‍പ് എടുത്തിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ ഇവ രോഗമായി വന്നിട്ടുണ്ടെങ്കിലോ – ഉണ്ടാകും. പ്രസവാനന്തരം ഏതാണ്ട് 6 – 9 മാസം വരെ ഇത് നിലനില്‍ക്കും.പിന്നെ ക്രമേണ അവ നശിക്കും. അതുകൊണ്ടാണ്6 മാസം വരെയെങ്കിലും കാത്തിരിക്കാന്‍ നാം പറയുന്നത്. അതിനു മുന്നേ കൊടുക്കുമ്പോള്‍ വാക്സീനെ കുഞ്ഞിന്റെ ശരീരത്തിലെ മാതൃജന്യ ആന്റീബോഡികള്‍ ന്യൂട്രലൈസ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് തിയറി :))

എം.എം ആര്‍ 9 മാസം കൊടുക്കാന്‍ വകുപ്പില്ലാത്തതാണ്. എന്നാലും Don’t worry … പ്രശ്നമൊന്നുമില്ല.

പീഡിയാട്രീഷ്യന്മാരുടെ കമ്മറ്റി അംഗീകരിച്ച Catch Up Schedule അനുസരിച്ച് 5 വയസ്സ് കഴിഞ്ഞിട്ടും ആദ്യ MMR ഡോസ് എടുത്തിട്ടില്ല എങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആദ്യ ഡോസ് എടുക്കുക. എന്നിട്ട് കുറഞ്ഞത് 4 ആഴ്ച കഴിയുമ്പോള്‍ അടുത്ത MMR ഡോസ് എടുക്കാവുന്നതാണ്. പ്രായം 5 വയസ്സില്‍ താഴെയാണെങ്കില്‍ നേരത്തേ പറഞ്ഞ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ പോകാം: ആദ്യഡോസ് എത്രയും പെട്ടന്ന്. പിന്നെ സ്കൂളില്‍ ചേര്‍ക്കാറാവുമ്പോള്‍ ബൂസ്റ്റര്‍ ഡോസും.

7 . ഹെപ്പറ്റൈറ്റിസ് – ബി വാക്സീന്‍ ദേവേട്ടന്‍ പറഞ്ഞപോലെ കുട്ടികള്‍ക്ക് അനാവശ്യമാണെന്നൊക്കെ തോന്നാം. ചില ആഗോള കണക്കുകള്‍ മറ്റൊന്നാണു പറയുക: ലോകത്തിന്റെ മുക്കാല്‍ ജനസംഖ്യയും ഹെപ്പറ്റൈറ്റിസ്-ബി ബാധയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്.

HIVയെക്കാള്‍ 100 ഇരട്ടി വേഗത്തിലാണു ഹെപ്പറ്റൈറ്റിസ് ബി ബാധയുണ്ടാകുക എന്നോര്‍ക്കുക. എച് ഐ വി ബാധയേക്കാള്‍ നാം ഭയക്കേണ്ടത് ഹെപ്പറ്റൈറ്റിസ്-ബി യെ ആണ് എന്ന് സാരം.

സംഗതി രക്തത്തിലൂടെയോ ലൈംഗികവേഴ്ചയിലൂടെയോ പ്രസവവേളയിലെ സ്രവങ്ങളിലൂടെയോ ഒക്കെയാണു ശരീരത്തില്‍ ഈ വൈറസ് പ്രവേശിക്കുന്നതെങ്കിലും കുട്ടികളിലേക്ക് ഇത് സംക്രമിക്കാന്‍ ചില വഴികളുണ്ട് : കുത്തിവയ്പ്പുകള്‍ വഴി, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വഴി , ഓപ്പറേഷന്‍ ഉപകരണങ്ങള്‍ വഴി, രക്തസംബന്ധിയായ രോഗങ്ങള്‍ (വിശേഷിച്ച് സിക്കിള്‍ സെല്‍ അനീമിയ, തലാസ്സീമിയ തുടങ്ങിയവ വികസ്വര രാജ്യങ്ങളില്‍ കൂടുതലാണ്) വരുന്നവരില്‍ , മുറിവുകളില്‍ നിന്ന് മുറിവുകളിലേക്ക്, പച്ചകുത്തിലൂടെ, നിര്‍ബന്ധത്താലുള്ള ലൈംഗിക വേഴ്ച വഴി (ബാലികാ ബാല പീഡനത്തില്‍ നാം ഒട്ടും മോശമല്ലല്ലോ).

ഹെപ് – ബി ബാധിക്കുന്ന 20 – 30% ആളുകളെ ഇത് രോഗവാഹക അവസ്ഥയില്‍ ആക്കുന്നു. സനാതന രോഗിയാകുന്നവരില്‍ 50 – 75 % ആളുകളും കരളില്‍ ക്യാന്‍സര്‍ വന്നാണു മരിക്കുക. ശേഷിച്ചവര്‍ മറ്റു കരള്‍ രോഗം വന്നും.

Hep-Bയുടെ high endemicity areas എന്നുപറയുന്ന ഇടങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയും വരും. കിഴക്കന്‍ യൂറോപ്പിലെ ചില രാജ്യങ്ങളും സബ് സഹാറന്‍ ആഫ്രിക്കയുമൊക്കെ ഈ ഗ്രൂപ്പിലാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ നടന്ന ചിതറിയ ആന്റിജന്‍ അസേ പഠനങ്ങളില്‍ 0.1% മുതല്‍ 11.4% വരെ ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ്-ബി അണുബാധ ഉണ്ടായിട്ടുള്ളതായി കാണുന്നു. ഇതില്‍ ലോകാരോഗ്യസംഘടന ഉറപ്പിച്ച ” 5% ” എന്ന നിരക്ക് എടുത്ത് കണക്കുകൂട്ടുമ്പോള്‍ പോലും ഹെപ്പറ്റൈറ്റിസ് – ബി ബാധിച്ചവരുടെ ആഗോളസംഖ്യയുടെ 15% വരും !!

ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രിസ്ക് മുന്നോട്ടു വച്ച “വിപുലീകൃത പ്രതിരോധ കുത്തിവയ്പ്പ് യജ്ഞ’ത്തിന്റെ പ്രധാന പരിപാടികളിലൊന്ന് ഹെപ്പറ്റൈറ്റിസ്-ബി ബാധ പിടിച്ചു നിര്‍ത്തുകയെന്നതാണ്. ഹെപ്പറ്റൈറ്റിസ്-ബി വാക്സീനാകട്ടെ വളരെ വളരെ സുരക്ഷിതവുമാണ്. (ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമായി പേറ്റന്റ് എടുത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് ഇത് നാട്ടില്‍ നല്‍കുന്നുണ്ട്.)

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ, എത്രയും നേരത്തേ ഈ വാക്സീന്‍ കൊടുത്താല്‍ അത്രയും നേരത്തെ ഇത് വരുന്നതിനെതിരേ തടയിടാം. നാളെ അവനില്‍ നിന്നോ അവളില്‍ നിന്നോ – ലൈംഗികമായോ രക്തസംബന്ധമായോ – അത് മറ്റാര്‍ക്കും കിട്ടില്ല എന്നുറപ്പ് വരുത്താം.

8. പ്രതിരോധക്കുത്തിവയ്പ്പുകളെ കണ്ണുമടച്ച് എതിര്‍ക്കുകയും സ്പാം മെയിലുകള്‍ പടച്ചു വിടുകയും ചെയ്യുന്നവര്‍ ഈ കുത്തിവയ്പ്പുകള്‍ പ്രചാരത്തിലാവുന്നതിനു മുന്‍പും പിന്‍പും അതാത് രോഗങ്ങള്‍ വരുന്നതിന്റെ തോതും ആ രോഗങ്ങള്‍ മൂലം ഉണ്ടായ മരണങ്ങളുടെ നിരക്കുമൊക്കെ ഒന്ന് മനസ്സിരുത്തി പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

എപ്പോഴൊക്കെ നിലവിലുണ്ടായിരുന്ന പ്രതിരോധകുത്തിവയ്പ്പ് തീവ്രപരിപാടികള്‍ ആലസ്യത്തിലേക്ക് പോയിട്ടുണ്ടോ അപ്പോഴൊക്കെ അത് തടയേണ്ട രോഗങ്ങളുടെ തോതും കൂടിയിട്ടുണ്ട്. ഇംഗ്ലന്റ് വെയില്‍സ് സ്വീഡന്‍ ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 1979 – 81കാലത്ത് വില്ലന്‍ ചുമയ്ക്കെതിരേയുള്ള പ്രതിരോധനടപടികള്‍ തടസ്സപ്പെട്ടപ്പോള്‍ വില്ലന്‍ ചുമയുടേ റേറ്റും കൂടിയിട്ടുണ്ട്.

വാക്സീനുകള്‍ക്കെതിരെ ഡയലോഗ് വിടുന്ന 750 വെബ്സൈറ്റുകളെ ഉള്‍പ്പെടുത്തി നടന്ന പിറ്റ്സ്ബെര്‍ഗ് യൂണിവേഴ്സിറ്റിയുടെ പഠനം കാണിക്കുന്ന കണക്കുകള്‍ രസകരമാണു :

* അത്തരം വെബ്സൈറ്റുകളില്‍ 91% വും വാക്സീന്‍ ഓട്ടിസം, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്റ്രോം തുടങ്ങിയ അപൂര്‍വ രോഗങ്ങള്‍ക്ക്/അവസ്ഥകള്‍ക്ക് വഴിവയ്ക്കും എന്ന് പ്രചരിപ്പിക്കുന്നു .

* 83% വെബ് സൈറ്റുകള്‍ വാക്സീനുകളില്‍ മെര്‍ക്കുറി പോലുള്ള ‘വിഷം’ ഉണ്ടെന്നോ അല്ലെങ്കില്‍ ചില ബാച്ച് വാക്സീനുകള്‍ മൊത്തം contaminated ആണെന്നോ വാദിക്കുന്നു.

* 62% വെബ്സൈറ്റുകള്‍ പറയുന്നത് ഡോക്ടര്‍മാര്‍ മന:പൂര്‍വം കുത്തിവയ്പ്പിന്റെ സൈഡ് ഇഫക്റ്റ് പുറത്ത് പറയാത്തതാണെന്ന്.

* വാക്സീനുകള്‍ക്കെതിരേ കുരയ്ക്കുന്ന 67% വെബ്സൈറ്റുകള്‍ പ്രകൃതിചികിത്സ, ഹോമിയോ, കൈറോ പ്രാക്റ്റിക് രീതികള്‍ , ഹെര്‍ബല്‍ ഔഷധവും ഹോളിസ്റ്റിക് ഉഗാണ്ടന്‍ തിയറികളും മറ്റും നിര്‍ദ്ദേശിക്കുന്നവയാണെന്നത് യാദൃശ്ചികമല്ല :)) 16% Website കള്‍ ഈ വക ഉല്പ്പന്നങ്ങള്‍ വില്‍ക്കുന്നവയുമായിരുന്നു !

* 76% വെബ്സൈറ്റുകള്‍ ഗൂഢാലോചന സിദ്ധാന്തക്കാരാണ്. വാക്സീന്റെ ഫലപ്രാപ്തി, സുരക്ഷിതത്വം എന്നിവയെപ്പറ്റി വൈദ്യശാസ്ത്രം മറച്ചുവയ്ക്കുന്നു ; അല്ലെങ്കില്‍ കണക്കുകള്‍ ഒക്കെ തെറ്റാണ് എന്നിങ്ങനെ . ജൂതകൂട്ടക്കൊല നടന്നിട്ടേയില്ല എന്ന് ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോലെ… :))

ദേവേട്ടന്റെ കമന്റില്‍ ലിങ്കിയ ആ വാക്സീന്‍ ലിബറേയ്ഷന്‍ അണ്ണന്മാരെ (http://www.vaclib.org/index.htm) ഏതെങ്കിലും മൂന്നാം ലോക ചേരിയില്‍ ഒരു പത്തു ദിവസം താമസിപ്പിക്കാമെങ്കില്‍ ‘കടി’ മാറിക്കൊള്ളും :))

Advertisements
 

9 Responses to “പ്രതിരോധ കുത്തിവയ്പ്പ് : ഒരു കമന്റ്”

 1. ലതി Says:

  ഇത്രയും കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അവസരം തന്നതിന് ഒരുപാട് നന്ദി.
  ആശംസകള്‍!

 2. അനൂപ് തിരുവല്ല Says:

  അറിവ് പകര്‍ന്നതിന് നന്ദി.

 3. അനില്‍@ബ്ലോഗ് Says:

  ആവശ്യം വേണ്ട പ്രതിരോധകുത്തിവയ്പ്പുകള്‍ എടുക്കുന്നതില്‍ തെറ്റില്ല.

  എന്‍ഡമിക് ആയ രോഗങ്ങള്‍ക്കു തീര്‍ച്ചയായും കുത്തിവയ്പ്പെടുക്കതന്നെ വേണം.

  പള്‍സ് പോളിയൊ പോലെയുള്ള ഇടപാടുകള്‍ കുറച്ചുകൂടി ശാസ്ത്രീയമാക്കണം എന്നാണ് എന്റെ അഭിപ്രായം.

 4. ശ്രീവല്ലഭന്‍. Says:

  നന്ദി സൂരജ്.

  പോളിയോ ആണ് കേരളത്തില്‍ ഏറ്റവും എതിര്‍ക്കപ്പെടുന്ന പ്രതിരോധ കുത്തിവയ്പ്പ് എന്ന് തോന്നുന്നു. അതിനെ കുറിച്ചു ഒരു വിശദമായ ലേഖനം ഇട്ടാല്‍ നന്നായിരുന്നു.

 5. വെള്ളെഴുത്ത് Says:

  ദാ ഇങ്ങനെയൊരു വാര്‍ത്ത..പോളിയോ വാക്സിനെതിരെ സന്ധിയില്ലാ സമരം നടത്തുന്ന സാജന്‍ അയച്ചു തന്നത്.. എന്തായാലും ഓഫല്ല.
  http://www.ageofautism.com/2008/09/stunning-new-li.html

 6. ജ്യോതിര്‍ഗമയ Says:

  ഉമേഷിന്റെ ബ്ലോഗിലു ദേവന്റെയും ഇന്‍ഡ്യാഹറിറ്റേജിന്റെയും കമന്റുകള്‍ കണ്ട് അത്ഭുതപ്പെട്ടിരുന്ന്നു.

  മെഡിക്കല്‍ കാര്യങ്ങളില്‍ ആധികാരികതയോടെ അഭിപ്രായങ്ങള്‍ പാസാക്കുന്ന ഡോക്ടര്‍മാര്‍ പോലും പ്രതിരോധകുത്തിവയ്പ്പ് ക്യാമ്പെയിനുകളുടെ സാമൂഹിക മാനം മറക്കുന്നു എന്നത് കഷ്ടം തന്നെ.

  നിങ്ങള്‍ അതിനെ അതിന്റെ വിശാലചിത്രത്തില്‍ തിരികെ ഉറപ്പിച്ചു.
  അഭിനന്ദനങ്ങള്‍ ഈ അസൂയാവഹമായ രചനാചാതുരിക്ക്.

 7. ജയരാജന്‍ Says:

  നന്ദി സൂരജ്!

 8. ദേവന്‍ Says:

  സൂരജേ, എന്തെങ്കിലും ഒരക്ഷരം പറഞ്ഞാല്‍ കോണ്‍സ്പിറസിയുടെ ആള്‍ക്കാര്‍ വന്ന് ” കണ്ടോടാ, അലോപ്പത് തോറ്റു, ദൈവശിക്ഷ അവന്മാര്‍ക്ക് കിട്ടി” എന്നൊക്കെ കമന്റ് വരുമെന്ന് ഏതാണ്‌ ഉറപ്പുള്ളതുകൊണ്ട് ഈയിടെ സംശയം തുടങ്ങിയാലും മിണ്ടാതരിക്കുകയേ ഉള്ളു. എന്തരോ വരട്ട്

  ആദ്യമേ തന്നെ, ഓട്ടിസം തീയറിയോ റിപ്പബ്ലിക്കന്‍മാരുടെ മെര്‍ക്കുറി (അതോ ആര്‍സെനിക്കോ?) തീയറിയും ഒന്നും അവര്‍ പോലും വിശ്വസിക്കുമെന്ന് തോന്നുന്നില്ല. അതൊകൊണ്ട് അത് പോട്ട്.

  (മഞ്ഞപ്പിത്തം ബി ഇഞ്ജക്ഷനെപ്പറ്റി ഡോക്റ്റര്‍മാര്‍ പൊതുവില്‍ പറയുന്ന കാര്യത്തില്‍ ന്യായമുണ്ടെന്ന് ഡാറ്റ കാണിക്കുന്നു)

  വാക്സിനേഷന്റെ വ്യക്തിഗത മാനം വാക്സിന്‍ തരുന്ന സം‌രക്ഷണം വാക്സിന്‍ തരുന്ന റിസ്കിനെക്കാള്‍ കുറവാണെങ്കില്‍ ആ വാക്സിനേഷന്‍ ആവശ്യമില്ല എന്നതും സാമൂഹിക മാനത്തില്‍ വാക്സിനേഷന്‍ മറ്റ് അംഗങ്ങള്‍ക്ക് കൊടുക്കുന്ന സം‌രക്ഷണം (induced herd effect) വാക്സിന്‍ സമൂഹത്തില്‍ ഉണ്ടാക്കി വിടുന്ന അസുഖങ്ങളെക്കാള്‍ (vaccine associated epidemic) കുറവാണെങ്കില്‍ ആ വാക്സിനേഷനും ആവശ്യമില്ല എന്നതുമാണ്‌ എന്ന് തോന്നുന്നില്ലേ?

  (വിവാദ കമന്റുകള്‍ കയറിവരാതിരിക്കാന്‍:
  ൧. പ്രതിരോധ കുത്തിവയ്പ്പാണ്‌ പകര്‍ച്ച വ്യാധികള്‍ ഭൂമിയില്‍ ഉണ്ടാവുന്നത് തടയാനുള്ള ഏറ്റവും നല്ല വഴി എന്നതിലും
  ൨. പ്രതിരോധ കുത്തിവയ്പ്പുകള്‍ (ഏറ്റവും കുറഞ്ഞത് ഭൂരിഭാഗമെങ്കിലും) കുട്ടികളുടെ ആരോഗ്യത്തിനും ജീവനും അത്യാവശ്യമാണെന്നതിലും
  ൩. പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് പകരം വയ്ക്കാന്‍ ഒരു രീതിയിലെ വൈദ്യശാസ്ത്രത്തിനും ഇത്രയും ഫലപ്രദമായ മറ്റു വഴികള്‍ ഇന്നില്ല എന്നതിലും

  യാതൊരു തര്‍ക്കത്തിനും വഴിയില്ല, ഇടവുമില്ല, സാംഗത്യവുമില്ല)

  ഡേറ്റ ഉള്ള പല കാര്യങ്ങളും-
  ഉദാ: ഇന്ത്യയില്‍ വാക്സിന്‍ അസോസിയേറ്റഡ് പോളിയോ വൈല്‍ഡ് പോളിയോയെക്കാള്‍ കൂടുതലാണ്‌ , ഇന്ത്യന്‍ പീഡിയാട്രിക്ക് അസോസിയേഷന്‍ പള്‍സ് പോളിയോ ഇമ്യൂണൈസേഷന്‍ നിര്‍ത്താന്‍ പറയുന്നു, പകരം കൊടുക്കാന്‍ ഐ പി വി സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരിക്കുന്നു..

  ഡേറ്റ ശരിയായ രീതിയില്‍ അല്ലാത്ത പലതും- ഉദാ
  VAERS ജനുവരി മുതല്‍ ജൂലായ് വരെ ഡൗണ്‍ലോഡ് ചെയ്തപ്പോള്‍ മൂന്നു നാലു തരം കാര്യങ്ങള്‍ കൂടിക്കുഴഞ്ഞ് ഒരു പ്രയോജനവുമില്ലാത്ത വിവമാണതെന്ന് തോന്നിപ്പോയി. പലതും യാദൃശ്ചിക കോറിലേഷന്‍ ആകാം -നല്ലൊരു ശതമാനം മരണ വിവരങ്ങളും ഇഞ്ജെക്ഷന്‍ എടുത്തു ഒന്നോ രണ്ടോ ദിവസം കൊണ്ട് ആള്‌ (ഏതെങ്കിലും അവയവം നിലച്ച് മരിച്ചു എന്ന രീതിയിലാണ്‌, അതായത് ഇഞ്ജക്ഷന്റെ ഫലമാണെന്ന് സ്ഥാപിക്കാനാവില്ല), പലതും ചെറിയ റിയാക്ഷനുകളാണ്‌, പലതും വാക്സിന്റെ പ്രതികൂല ഫലവുമാണ്‌.

  മറ്റു വിവരമേ ലഭ്യമല്ലാത്ത കാര്യങ്ങളുടെ അനിശ്ചിതാവസ്ഥയും -അടക്കം കാര്യങ്ങള്‍ കുട്ടിയുടെ വേണ്ടപ്പെട്ടവരെ ബോദ്ധ്യപ്പെടുത്താന്‍ ഡോക്റ്റര്‍ക്ക് ബാദ്ധ്യതയില്ലേ?

  (ആശുപത്രികള്‍ക്കും സര്‍ക്കാരിനും വരെ വാണിജ്യമുഖമുണ്ടല്ലോ അതാണ്‌. പ്രിയ പേരന്റേ, നിന്റെ കുട്ടിക്ക് റോട്ടാവൈറസ് ഷോട്ട് വേണമോ എന്ന് ആദ്യ മെയില്‍, മിണ്ടാഞ്ഞപ്പോള്‍ വാക്സിന്റെ ബ്രോഷര്‍ രണ്ടാം മെയില്‍, അതിനും മിണ്ടാഞ്ഞപ്പോള്‍ വയ്യാത്ത കുട്ടിയുടെ ഒരു പടം മൂന്നാം മെയില്‍.. ഇതെന്താ ബ്ലാക്ക് മെയില്‍ ചെയ്ത് ഇമ്യൂണൈസ് ചെയ്യുന്നോ എന്ന് വിചാരിച്ചു പോയി .. )

 9. പെണ്‍കൊടി Says:

  കൊള്ളാം.. എന്റെ ആദ്യ വരവാണിതിലേക്ക്‌..
  പിന്നെ.. പ്രൊഫൈലില്‍ കണ്ട ഒരു കാര്യം.. നിരീശ്വരനാണോ അതോ നിരീശ്വരവാദിയാണോ…

  -പെണ്‍കൊടി.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )