മെഡിസിന്‍ @ ബൂലോകം

ഒരു പടിഞ്ഞാറന്‍ വീരഗാഥ ! സെപ്റ്റംബര്‍ 10, 2008

Filed under: മരുന്നു ഗവേഷണം,diabetes — surajrajan @ 1:01 pm

രക്തഗ്ലൂക്കോസ് വര്‍ദ്ധിക്കുന്നതിനാല്‍ രോഗികളുടെ ആഹാരം നിയന്ത്രിക്കുകയും കഠിനമായ ഡയറ്റിങ്ങിലൂടെ ഉള്ളിലെക്കെടുക്കുന്ന ഭക്ഷണത്തിലെ ഊര്‍ജ്ജം (calorie) പരിമിതപ്പെടുത്തുകയുമായിരുന്നു 1923നു മുന്‍പുള്ള ഡയബീടിസ് ചികിത്സാരീതി. കുട്ടികളിലുണ്ടാകുന്ന തരം ഡയബീടിസ് ആയിരുന്നു ഭീകരം. വയറുന്തി എല്ലുകള്‍ തള്ളിയ പേക്കോലങ്ങളായി ജീവിതം രണ്ടോ മൂന്നോ വര്‍ഷം മുന്നോട്ട് പോകും. ഇന്‍ഫക്ഷന്‍ മറ്റോ വന്നാല്‍ മരണം വേഗത്തിലാകും. ഇല്ലെങ്കില്‍ രക്തത്തിലെ രാസപ്രക്രിയകളില്‍ വ്യതിയാനങ്ങള്‍ വന്നു കോമയിലായി പഴുത്ത് നരകിച്ച മരണം. കാനഡയിലെ അലിസ്റ്റണ്‍ എന്ന ഐറിഷ് കുടിയേറ്റ ഗ്രാമത്തില്‍ ജനിച്ച ഫ്രെഡറിക് എന്ന കൊച്ചുകുട്ടിയുടെ കൂട്ടുകാരന്‍ മരിച്ചത് അങ്ങനെ മെല്ലെ മെല്ലെ നരകിച്ചായിരുന്നു.

* * *

കാര്‍ഷികവൃത്തിയില്‍ തല്പരന്‍, വായന കമ്മി, അക്ഷരത്തെറ്റുകളില്ലാതെ എഴുതാനറിയില്ല, വീട്ടുകാരുടെ നിര്‍ബന്ധപ്രകാരം മെത്ഥേഡിസ്റ്റ് പള്ളിയില്‍ വികാരിയാവാന്‍ വിക്ടോറിയ കോളെജില്‍ പോയി ഒടുവില്‍ ദൈവശാസ്ത്രപേപ്പറുകള്‍ മുഴുവനും തോറ്റു – 1912ല്‍ ടൊറന്റോ യൂണിവേഴ്സിറ്റിയില്‍ സര്‍ജ്ജനാവാനുള്ള ആഗ്രഹവുമായി വൈദ്യം പഠിക്കാന്‍ ചേരുമ്പോള്‍ ഫ്രെഡറിക് ഗ്രാന്റ് ബാന്റിങ് എന്ന ഇരുപത്തൊന്നുകാരനായ ഫ്രെഡ്ഡിന്റെ ‘യോഗ്യതകള്‍ ‘ ഇതൊക്കെയായിരുന്നു.

1914ല്‍ ഒന്നാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പട്ടാളത്തില്‍ ചേരാനായി ചാടിയിറങ്ങിയ ഫ്രെഡ് കാഴ്ചക്കുറവിന്റെ പേരില്‍ തിരസ്കൃതനായി.എന്നാല്‍ യുദ്ധം കൊടുമ്പിരികൊള്ളവെ ടൊറന്റോ യൂണിവേഴ്സിറ്റി ആ ബാച്ച് വിദ്യാര്‍ത്ഥികളുടെ വൈദ്യപഠനം 4 വര്‍ഷത്തേക്ക് ചുരുക്കി പട്ടാളത്തെ സഹായിച്ചു. അങ്ങനെ 1916 ഡിസംബറില്‍ ഫ്രെഡിന്റെ ബാച്ച് MB പാസായി പുറത്തിറങ്ങി. ഇത്തവണ കനേഡിയന്‍ ആര്‍മിയുടെ വൈദ്യവിഭാഗത്തില്‍ ക്യാപ്റ്റന്‍ റാങ്കില്‍ ഉദ്യോഗം ലഭിച്ച ഫ്രെഡ്ഡിനു ഫ്രാന്‍സിലെ പടക്കളത്തില്‍ ആംബുലന്‍സ് യൂണിറ്റില്‍ സേവനമനുഷ്ഠിക്കാനായിരുന്നു നിയോഗം. 1918 സെപ്റ്റംബറില്‍ യുദ്ധത്തിലേറ്റ മുറിവുകളും വച്ചുകെട്ടി ഇംഗ്ലണ്ടിലെ ഒരാശുപത്രിയില്‍ അഡ്മിറ്റാകേണ്ടിവന്നു. 1919ല്‍ യുദ്ധരംഗത്തെ ധീരതയ്ക്കുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ മെഡലുമായാണ്‍(മിലിറ്ററി ക്രോസ്) അദ്ദേഹം തിരികെ നാട്ടിലെത്തിയത്.

സര്‍ജ്ജറിയില്‍ ബിരുദാനന്തര ബിരുദം എന്ന ആഗ്രഹം ഉയിര്‍ത്തെഴുന്നേറ്റു. ഡോ:ക്ലാരന്‍സ് സ്റ്റാറിന്റെ കീഴില്‍ ടൊറൊന്റോയിലും പിന്നീട് ഒന്റാറിയോയിലും പ്രൈവറ്റ് പ്രാക്ടീസുകള്‍ നടത്തി കാശുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. 1920ല്‍ യൂണിവേഴ്സിറ്റി ഒഫ് വെസ്റ്റേണ്‍ ഒന്റാറിയോയുടെ മെഡിക്കല്‍കോളെജില്‍ ഫിസിയോളജി വിഭാഗം ജൂനിയര്‍ അധ്യാപകനായി കയറുമ്പോള്‍ നാലുഡോളറായിരുന്നു ഫ്രെഡിന്റെ ബാങ്ക് ബാലന്‍സ് !

പട്ടാളത്തില്‍ മുറിവ് വച്ചുകെട്ടലും അസ്ഥിരോഗചികിത്സയും ശീലിച്ച ഫ്രെഡിനു താരതമ്യേന തണുപ്പന്‍ വിഷയമായ ഫിസിയോളജിയിലേക്കുള്ള മാറ്റം ഇഷ്ടമായിരുന്നില്ല; കൂട്ടത്തില്‍ അധ്യാപനം എന്ന തലവേദന വേറേ. പക്ഷേ ഉപരിപഠനത്തിനുള്ള കാശിനു വേണ്ടി വേഷം കെട്ട് തുടര്‍ന്നേ മതിയാകുമായിരുന്നുള്ളൂ. അങ്ങനെയൊരു ‘ബോറനെ’ പ്രൊഫസര്‍ മില്ലര്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ചയാപചയക്രിയയെ പറ്റി ഒരു ക്ലാസെടുക്കാന്‍ ഏല്പ്പിക്കുമ്പോള്‍ അദ്ദേഹം സ്വപ്നത്തില്‍ പോലും കരുതിയിരുന്നിരിക്കില്ല, കോടിക്കണക്കിനു മനുഷ്യരുടെ ജീവിതത്തെ എന്നെന്നേയ്ക്കുമായി മാറ്റി മറിക്കാന്‍ പോന്ന ഒരു കണ്ടുപിടിത്തത്തിന്റെ വിത്താണു താന്‍ വിതച്ചതെന്ന് !

കാര്‍ബോഹൈഡ്രേറ്റുകള്‍ (പഞ്ചസാരയും മറ്റും ഉള്‍പ്പെടുന്ന രാസവസ്തുക്കളുടെ ഒരു ഗണം) ഫ്രെഡിനു കീറാമുട്ടിയായി. കോളെജ് ലൈബ്രറി മുഴുവന്‍ അരിച്ചു പറക്കി ലെക്ചര്‍ നോട്ട് കുത്തിക്കുറിച്ചിട്ടും തൃപ്തിയാവാതെ ഈ വിഷയത്തെക്കുറിച്ചുള്ള സമകാലിക റിസേര്‍ച്ച് പേപ്പറുകള്‍ തപ്പാന്‍ തുടങ്ങിയ ഫ്രെഡിനെ ഡോ: മോസസ് ബാറണിന്റെ പേപ്പര്‍ ആകര്‍ഷിച്ചു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിധിക്കപ്പുറമാകുമ്പോള്‍ (ഹൈപ്പര്‍ ഗ്ലൈസീമിയ) അത് മൂത്രത്തിലും കാണപ്പെടുന്നു. ഇത് മധുമേഹം അഥവാ ഗ്ലൈക്കോസ്യൂറിയ (glycosuria) എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ ജന്തുക്കളിലെ ആഗ്നേയ ഗ്രന്ഥി (pancreas) നശിപ്പിച്ചാല്‍ അവയ്ക്ക് മധുമേഹം1 വരുമെന്ന് അതിനോടകമുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നു. മധുമേഹം എന്നത് Diabetes ന്റെ (ഡയബീടിസ് 2 ) സുപ്രധാന ലക്ഷണമാണല്ലോ. ആഗ്നേയഗ്രന്ഥിയില്‍ നിന്നും ഒരു കൊച്ച് ട്യൂബുവഴി ഊറിവരുന്ന ജൈവരസമാണു കുടലിലെ ഭക്ഷണത്തെ ദഹിക്കാന്‍ സഹായിക്കുന്നതെന്നും വ്യക്തമായിരുന്നു. എന്നാല്‍ ഈ രസം ആഗ്നേയ ഗ്രന്ഥിയില്‍ നിന്നും അനിയന്ത്രിതമായി പുറത്തുവരുമ്പോള്‍ ശക്തമായ ദഹന ശേഷിയുള്ളതു കൊണ്ട് മറ്റ് അവയവങ്ങളെ കൂടി നശിപ്പിക്കും. മദ്യപാനികളിലും പിത്താശയത്തില്‍ കല്ല് വരുന്നവരിലും പാമ്പ് കടിയോ മറ്റോ ഏല്‍ക്കുന്നവരിലുമൊക്കെ ആഗ്നേയഗ്രന്ഥിവീക്കവും നീര്‍ക്കെട്ടും ഉണ്ടാകുമ്പോള്‍ ഈ ദഹനരസം അനിയന്ത്രിതമായി പുറത്തേക്ക് ഒലിക്കും. രക്തത്തെ വരെ ഈ രസം ദുഷിപ്പിച്ച് മരണകാരിയാവുകയും ചെയ്യാം അപ്പോള്‍ .

ആഗ്നേയ ഗ്രന്ഥിയിലെ ഈ ദഹനരസത്തില്‍ അടങ്ങിയിട്ടുള്ള എന്തോ ചിലതാണു പഞ്ചസാരയെ (കാര്‍ബോഹൈഡ്രേറ്റുകള്‍ ) ദഹിക്കാന്‍ സഹായിക്കുന്നതെന്നും അതിന്റെ അളവ് രക്തത്തില്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതെന്നും 1889ല്‍ തന്നെ ജര്‍മ്മനിയിലെ മിന്‍കോവ്സ്സ്കിയും വോണ്‍ മെറിംഗും പഠനങ്ങളിലൂടെ ഉറപ്പിച്ചിരുന്നു. 1910ല്‍ എഡ്വാഡ് ഷാഫര്‍ ഈ ‘ദിവ്യരാസവസ്തു’ ആഗ്നേയ ഗ്രന്ഥിക്കുള്ളിലെ കോശങ്ങളുടെ ചെറു കൂട്ടമായ ‘ലാംഗര്‍ഹാന്‍ ഐലറ്റു’കളില്‍ നിന്നും ഊറിവരുന്ന3 ഒരു പ്രോട്ടീനാണെന്ന് കണ്ടെത്തി. ഴാന്‍ ദെ മേയര്‍ 1909ലും ഷാഫര്‍ 1913ലും ‘insuline’ എന്ന് ഈ രസത്തെ വിളിച്ചു. ഇത്രയൊക്കെ പുരോഗതി മധുമേഹ ഗവേഷണത്തില്‍ ഉണ്ടായെങ്കിലും ഈ രാസവസ്തുവിനെ എങ്ങനെ ആഗ്നേയഗ്രന്ഥിയുടെ കോശങ്ങളില്‍ നിന്നും ഊറ്റിയെടുക്കുമെന്നത് ഏറെക്കാലമായി ഒരു പ്രശ്നവിഷയമായിരുന്നു. അങ്ങനെ ഊറ്റിയെടുത്ത ദ്രാവകത്തില്‍ ആഗ്നേയഗ്രന്ഥിയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുമുള്ള ദഹനരസം കൂടിയുള്‍പ്പെടുന്നതിനാല്‍ ഈ സംയുക്തം മരുന്നായി മൃഗങ്ങളില്‍ പ്രയോഗിച്ചാല്‍ തീവ്രമായ പാര്‍ശ്വഫലങ്ങളുണ്ടായിരുന്നു.

ഫ്രെഡ് ബാന്റിങ് വായിച്ച മോസസ് ബാറണിന്റെ ഗവേഷണ പേപ്പറിലെ മൗലികാശയം ഇതായിരുന്നു: ആഗ്നേയഗ്രന്ഥിയുടെ സ്രവം വരുന്ന കുഴലില്‍ ഒരു കല്ല് വന്ന് അടഞ്ഞാല്‍ ഗ്രന്ഥി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പൂര്‍ണ്ണമായും നശിക്കും. പക്ഷേ അതിലെ ലാംഗര്‍ഹാന്‍ കോശങ്ങളുടെ കൂട്ടം മാത്രം നശിക്കാതിരിക്കുന്നു. മുയല്‍, പൂച്ച, പട്ടി എന്നീ ജന്തുക്കളില്‍ പരീക്ഷണാര്‍ത്ഥം ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടിയപ്പോഴും ഇതുപോലെ ലാംഗര്‍ഹാന്‍ കോശസംഘാതം മാത്രം നശിക്കാതെ കുറച്ചുകാലം കൂടി നിന്നതായി മുന്‍കാല ഗവേഷണങ്ങള്‍ കാണിച്ചിരുന്നു.

ഈ കോശങ്ങളില്‍ നിന്നും വിസര്‍ജ്ജിക്കപ്പെടുന്ന പ്രോട്ടീന്‍ ആഗ്നേയഗ്രന്ഥിയുടെ ദഹനസഹായികളായ രാസവസ്തുക്കളുമായി കലര്‍ന്നാല്‍ നശിക്കാന്‍ സാധ്യതയില്ലേ ? അതുകൊണ്ടാകുമോ ഈ പ്രോട്ടീനെ ശുദ്ധരൂപത്തില്‍ വേര്‍തിരിക്കാനുള്ള പൂര്‍വകാലശ്രമങ്ങളെല്ലാം പരാജയമായത് ? ഫ്രെഡിന്റെ സംശയം ആ വഴിക്കായി. ഉറക്കം വരാത്ത ദിവസങ്ങള്‍ … കടം കയറി മുടിഞ്ഞുകൊണ്ടിരിക്കുന്ന ജീവിതം, ബോറന്‍ ജോലി…ഇതിനിടയിലാണ് ഇങ്ങനൊരു ആശയം മനസിനെ മഥിക്കുന്നത്. 1920 ഒക്ടോബര്‍ മുപ്പത്തിയൊന്നാം തീയതി അതികാലത്ത് 2മണിക്ക് എഴുന്നേറ്റിരുന്ന് തന്റെ നോട്ട് പുസ്തകത്തില്‍ ഫ്രെഡ് അക്ഷരത്തെറ്റുകളോടെ കുറിച്ചിട്ടു:

“ഡയബീടിസ് – പട്ടിയുടെ ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടുക. ഐലറ്റുകള്‍
ബാക്കിയാകുകയും ശിഷ്ട ഗ്രന്ഥി ദ്രവിക്കുകയും ചെയ്യും വരെ ജീവിപ്പിക്കുക…
ഗ്ലൈക്കോസ്യൂറിയ പരിഹരിക്കാന്‍ സഹായിക്കാവുന്ന ആന്തരികസ്രവം വേര്‍തിരിക്കുക.”

ലോകത്തെ മാറ്റി മറിച്ച ഒരു ഗവേഷണത്തിന്റെ നാന്ദിയായിരുന്നു അത്. ഈ ആശയത്തിനു പിറകില്‍ ഒരു തമാശകൂടിയുണ്ട്. വായനശീലം കമ്മിയായതിനാലാവാം, തന്റെ മുന്‍ഗാമികള്‍ നടത്തി പരാജയപ്പെട്ട ഗവേഷണത്തിന്റെ കഥകളൊന്നും ഫ്രെഡിനെ അലട്ടിയിരുന്നില്ല. ആ പരീക്ഷണങ്ങളുടെ അടുത്ത ഒരു ഘട്ടം എന്ന നിലയ്ക്കല്ല, അതിന്റെ ആരംഭം മുതലുള്ള ഒരു ആവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റെ മനസ്സില്‍ . ചെറിയൊരു വ്യത്യാസം – ആഗ്നേയഗ്രന്ഥിയെ ദ്രവിപ്പിച്ച് ലാംഗര്‍ഹാന്‍ കോശങ്ങളെ മാത്രമായി ബാക്കി നിര്‍ത്തി ഇന്‍സുലിന്‍ വേര്‍തിരിക്കുന്ന രീതി – ആയിരുന്നു ഫ്രെഡിന്റെ ഗവേഷണത്തെ ഉജ്ജ്വലമാക്കിയത്.

ആവേശഭരിതനായ ഫ്രെഡിനോട് ടൊറന്റോ യൂണിവേഴ്സിറ്റിയിലെ ഡോ:ജോണ്‍ ജെയിംസ് റിക്കാഡ് മക് ലിയോഡിനെ ചെന്നു കാണാന്‍ പ്രൊഫസര്‍ മില്ലര്‍ നിര്‍ദ്ദേശിച്ചു. 1913ല്‍ ഡയബീറ്റിസിന്റെ ശരീരശാസ്ത്രത്തെക്കുറിച്ച് എഴുതിയ പ്രബന്ധത്തില്‍ പ്രൊഫ: മക് ലിയോഡ് ആഗ്നേയഗ്രന്ഥിയുടെ ആന്തരികസ്രവമാണു പഞ്ചസാരയുടെ ചയാപചയങ്ങളെ നിയന്ത്രിക്കുന്നത് എന്ന് അടിവരയിട്ട് ഉറപ്പിച്ചിരുന്നെങ്കിലും ആ സ്രവത്തിലെ കണിക എന്താണെന്ന് കണ്ടെത്താന്‍ ഒരിക്കലും കഴിയില്ല എന്ന ധാരണ വച്ചു പുലര്‍ത്തിയിരുന്നു. തലച്ചോറില്‍ നിന്നും വരുന്ന സിഗ്നലുകളുടെ അടിസ്ഥാനത്തിലാണ് ഈ സ്രവം കാര്‍ബോഹൈഡ്രേറ്റ് ദഹനത്തെ നിയന്ത്രിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആശയം.

ഫ്രെഡറിക് ബാന്റിങ്ങിന്റെ ഈ വിഷയത്തിലെ ഉപരിപ്ലവമായ ജ്ഞാനവും, ഗവേഷണത്തിലെ മുന്‍ പരിചയമില്ലാഴികയും സര്‍വ്വോപരി പൂര്‍വഗാമികള്‍ ചെയ്തു പരാജയപ്പെട്ട ഗവേഷണങ്ങളെക്കുറിച്ചുള്ള തികഞ്ഞ അജ്ഞതയും ബോധ്യപ്പെട്ട പ്രൊഫസര്‍ മക് ലിയോഡ് ഈ പുതിയ ആശയത്തില്‍ അത്രയൊന്നും ആകൃഷ്ടനായില്ല എന്നതില്‍ അത്ഭുതമില്ല. പട്ടാളത്തിലെ ചില സുഹൃത്തുക്കള്‍ വഴി ശുപാര്‍ശചെയ്യിപ്പിച്ചതിനെ തുടര്‍ന്ന്‍ മക് ലിയോഡ് ബാന്റിങ്ങിനു വേനലവധി സമയത്തെ 8 ആഴ്ചകള്‍ ഉപയോഗിക്കാന്‍ ഒരു ചെറിയ ലബോററ്ററിയും മുന്‍ വര്‍ഷത്തെ ചില പരീക്ഷണങ്ങള്‍ക്കുശേഷം ബാക്കിയായ നായ്ക്കളേയും മക് ലിയോഡ് അനുവദിച്ചു.

രക്തത്തില്‍ വര്‍ധിക്കുന്ന പഞ്ചസാരയുടെ അളവ് നോക്കാന്‍ ചിലവ് കുറഞ്ഞ മാര്‍ഗ്ഗങ്ങളെ കുറിച്ച് ഫ്രെഡറിക് ബാന്റിംഗിനു അറിവുണ്ടായിരുന്നില്ല അന്ന്. ഒരു ഗവേഷണം നടത്തികൊണ്ടുപോകാനുള്ള പരിശീലനമോ പരിചയമോ ഇല്ലായിരുന്നതിനാല്‍ ഒഴിവാക്കാമായിരുന്ന ഒരുപാട് കാലതാമസം പലകാര്യത്തിലും ഫ്രെഡറിക് ബാന്റിങ്ങിനു നേരിടേണ്ടി വന്നു. എങ്കിലും ക്ഷമയായിരുന്നു കൈമുതല്‍ .

ഗവേഷണം 1921 ജൂണ്‍ ജൂലൈ മാസങ്ങളിലാകാമെന്ന് നിശ്ചയിച്ച ബാന്റിംഗിനു ചാള്‍സ് ഹെര്‍ബേട്ട് ബെസ്റ്റ്, എഡ്വാഡ് ക്ലാര്‍ക്ക് നോബിള്‍ എന്നീ ഫിസിയോളജി വിദ്യാര്‍ത്ഥികളെ മക് ലിയോഡ് സഹായത്തിനായി നല്‍കി. രക്തഗ്ലൂക്കോസ് അളക്കാനും മറ്റ് ലാബ് ജോലികള്‍ നോക്കാനും മുന്‍ പരിചയമുണ്ടായിരുന്നതിനാലാണ് ഇവരെ മക് ലിയോഡ് സഹായികളായി നല്‍കിയത്. എങ്കിലും പരീക്ഷണം പരാജയപ്പെടുമെന്ന കാര്യത്തില്‍ സംശയമേ ഇല്ലാതിരുന്ന പ്രഫസര്‍ കൂടുതല്‍ സ്ഥലവും ധനവും സൗകര്യങ്ങളും ഇതിലേക്കായി മുടക്കാന്‍ തയാറായിരുന്നില്ല. ജൂണ്‍ 14ന് അദ്ദേഹം സ്കോട്ട്ലന്റിലേക്ക് ഉല്ലാസയാത്രപോകുമ്പോള്‍ ബാന്റിംഗിന്റെ ഗവേഷണം തട്ടിയും മുട്ടിയും ഏതാണ്ടൊരുമാസം കഴിഞ്ഞിരുന്നു. ചാള്‍സ് ബെസ്റ്റിനായിരുന്നു ആയിരുന്നു ആദ്യ ഒരു മാസത്തേയ്ക്ക് സഹായിയാവാനുള്ള നറുക്കു വീണത്.

നായയുടെ ആഗ്നേയഗ്രന്ഥിയില്‍ നിന്നും ദഹനരസം കുടലിലേയ്ക്ക് കൊണ്ടുപോകുന്ന കുഴല്‍ തുന്നിക്കെട്ടിയിട്ട് അതിനെ ജീവിപ്പിച്ച് നിര്‍ത്തുക എന്നതായിരുന്നു ഏറ്റവും വലിയ പണി. ലബോററ്ററി മൃഗങ്ങളെ പരിപാലിക്കുന്നതിനും മറ്റും ഇന്നുള്ള നിയമങ്ങളും മൃഗാവകാശസംരക്ഷണ നിബന്ധനകളും ഇല്ലാതിരുന്ന കാലത്തായിരുന്നതിനാല്‍ ബാന്റിംഗിനു ജയിലില്‍ കിടക്കേണ്ടി വന്നില്ല ! ആഗ്നേയഗ്രന്ഥി ദ്രവിച്ച് പോകാന്‍ മാത്രം കൃത്യമായി അതിന്റെ കുഴല്‍ തുന്നിക്കെട്ടുന്നതു തന്നെ വളരെ പ്രയാസമായിരുന്നു. രണ്ടാം ആഴ്ച പത്തില്‍ ഏഴു നായ്ക്കളും മരിച്ചു. തുടര്‍ന്ന് തെരുവുനായ്ക്കളെ പണം കൊടുത്ത് വാങ്ങിയായി പരീക്ഷണം. ജൂലൈ അവസാനത്തോടെ ചില സൂചനകള്‍ കണ്ടുതുടങ്ങി.

ഒരു നായുടെ ആഗ്നേയഗ്രന്ഥി ഏതാണ്ട് മൂന്നിലൊന്നായി ചുരുങ്ങിയെന്ന് കണ്ട് അതിന്റെ ആഗ്നേയഗ്രന്ഥി ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി. ഈ ഗ്രന്ഥിയെ തണുപ്പിച്ച ഉപ്പുലായനിയില്‍ ഇട്ട് തണുത്ത പ്രതലത്തില്‍ വച്ച് മണല്‍ ചേര്‍ത്ത് അവര്‍ അരച്ചു. ഈ മിശ്രിതത്തെ അരിച്ച് ശരീരതാപനിലയിലേക്കെത്തിക്കുക എന്നതായിരുന്നു ‘പ്രാകൃത’മെന്ന് ഇന്നത്തെ നിലവാരം വച്ച് വിളിക്കാവുന്ന ആ രണ്ടാം ഘട്ട പരീക്ഷണം. ആഗ്നേയഗ്രന്ഥിയെടുത്തുകളഞ്ഞ് ഡയബീടിസ് രോഗം കൃത്രിമമായി സൃഷ്ടിക്കപ്പെട്ട ഒരു നായയില്‍ ഈ ലായനി ചെറിയ അളവില്‍ കുത്തിവച്ച്, അതിന്റെ രക്തഗ്ലൂക്കോസ് കുറയുന്നുണ്ടോ എന്ന്‍ നോക്കുകയായിരുന്നു പിന്നെ വേണ്ടിയിരുന്നത്. ജൂലൈ 30നു ഇത് ചെയ്ത് നോക്കിയപ്പോള്‍ മധുമേഹ രോഗിയായ പട്ടിയുടെ ഗ്ലൂക്കോസ് അളവ് കുറഞ്ഞതായി കണ്ടു. എന്നാല്‍ ഇന്‍ഫക്ഷന്‍ കാരണമാവാം പട്ടി അടുത്ത ദിവസം മരിച്ചു. തങ്ങളുടെ പാത ശരിയാണെന്ന ബോധ്യത്തില്‍ ഈ പരീക്ഷണത്തിന്റെ വ്യത്യസ്ഥ ആവര്‍ത്തനങ്ങള്‍ അവര്‍ നടത്തുകയുണ്ടായി. ആഗ്നേയ ഗ്രന്ഥിയല്ലാതുള്ള മറ്റ് സമീപസ്ഥ അവയവങ്ങളില്‍ നിന്നാണോ ഈ ‘സ്രവം’ ഉണ്ടാകുന്നത് എന്ന സാധ്യതമുതല്‍ കഴിയാവുന്ന എല്ലാ സാധ്യതകളും അവര്‍ പരീക്ഷിക്കുകയുണ്ടായി. പ്രൊഫസര്‍ മക് ലിയോഡ് തന്റെ സ്കോട്ട്ലന്റ് ഉല്ലാസയാത്ര നീട്ടിയതിനാലാവാം ഓഗസ്റ്റ് 1921ലും അവര്‍ പരീക്ഷണം തുടര്‍ന്നു.

ആഗ്നേയഗ്രന്ഥിക്കുഴല്‍ തുന്നിക്കെട്ടുന്ന പരിപാടി ദുഷ്കരമായതോടെ അവര്‍ ‘ആന്തരികസ്രവം’ മാത്രമായി എടുക്കാന്‍ മറ്റു വഴികള്‍ തേടാന്‍ തുടങ്ങി. അതിലൊന്ന് സെക്രീറ്റിന്‍ എന്ന ഹോര്‍മോണ്‍ ഉപയോഗിച്ച് ആഗ്നേയഗ്രന്ഥിയുടെ ദഹനരസത്തെ ഊറ്റിക്കളയുക എന്നതായിരുന്നു. മൂക്കില്‍ തൊടാന്‍ തല മുഴുവന്‍ ചുറ്റുന്ന പരിപാടിയായിരുന്നു ഇതെങ്കിലും സെക്രീറ്റിന്റെ ഉത്തേജനത്താല്‍ ദഹനരസം പൂര്‍ണ്ണമായും വറ്റിപ്പോയ ആഗ്നേയഗ്രന്ഥിയില്‍നിന്നും ആന്തരികസ്രവം എന്ന്‍ ബാന്റിംഗ് വിളിച്ചിരുന്ന ഇന്‍സുലിന്‍ ശുദ്ധമായി വേര്‍തിരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായിരുന്നു. ലാംഗര്‍ഹാന്‍ ഐലറ്റുകളില്‍ നിന്നും വേര്‍തിരിച്ചതിനാല്‍ ഐലറ്റിന്‍ എന്ന് ഇതിനെ വിളിക്കണമെന്നായിരുന്നു ബാന്റിംഗും ബെസ്റ്റും ആഗ്രഹിച്ചത്. എന്നാല്‍ ഇതിനെ പറ്റിയുള്ള മുന്‍ കാല ഗവേഷണങ്ങളെക്കുറിച്ച് നല്ല അറിവുണ്ടായിരുന്ന പ്രഫ:മക് ലിയോഡ് ഴാങ് ദെ മെയേഴ്സ് ഇട്ട ‘ഇന്‍സുലിന്‍’ എന്ന പേരുതന്നെ ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

അവധിക്കാലം കഴിഞ്ഞെത്തിയ മക് ലിയോഡ് കണ്ണുതള്ളി – പരിമിതമായ ലാബ് സൗകര്യങ്ങള്‍ വച്ച് ഉണ്ടാക്കിയ നേട്ടം കണ്ട്. ആദ്യം റിസള്‍ട്ടുകള്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെ ബാന്റിംഗുമായി ചില്ലറ വഴക്കുകള്‍ ഉണ്ടാക്കിയ മക് ലിയോഡ് പക്ഷേ പിന്നീട് ഇന്‍സുലിന്‍ ഗവേഷണത്തിന്റെ തലതൊട്ടപ്പനായി മാറുകയായിരുന്നു. ഇത് സ്വാര്‍ത്ഥതമൂലമായിരുന്നെന്ന് ഒരു കഥയുണ്ട്. (ബാന്റിംഗ് തന്നെ പില്‍ക്കാലത്ത് ഈ ആരോപണം ഉന്നയിച്ചിരുന്നു). എന്നിരുന്നാലും ഈ ഗവേഷണത്തിലെ പല ഘട്ടങ്ങളിലും ഉണ്ടായിട്ടുള്ള സാങ്കേതിക പ്രശ്നങ്ങള്‍ മക് ലിയോഡിന്റെ പരിചയസമ്പന്നതംഉഉലം പരിഹരിക്കപ്പെട്ടു എന്നത് മറക്കാന്‍ പാടില്ല. ഉദാഹരണത്തിനു ഗവേഷണത്തിന്റെ നാലാം ഘട്ടത്തില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ച് ആഗ്നേയഗ്രന്ഥിയെ സംസ്കരിക്കാനുള്ള നിര്‍ദ്ദേശം ആദ്യം വച്ചത് മക് ലിയോഡായിരുന്നു.

ഗര്‍ഭസ്ഥമായ പശുവിന്റെ ആഗ്നേയഗ്രന്ഥിയില്‍ ദഹനരസം തീരേ കാണാറില്ല. (ഗര്‍ഭസ്ഥമായ അവസ്ഥയില്‍ കുട്ടിക്ക് ഭക്ഷണം ആവശ്യമില്ലല്ലൊ). ആ പരുവത്തിലുള്ള ആഗ്നേയ ഗ്രന്ഥിയില്‍ ഇന്‍സുലിന്‍ സമൃദ്ധമാകുമെന്ന തന്റെ കാര്‍ഷികപരിചയം മൂലമുള്ള അറിവ് പരീക്ഷിച്ച് നോക്കിയാ ബാന്റിംഗ് വിജയിച്ചു. മാംസത്തിനായി കൊല്ലുന്നതിനു മുന്‍പ് ആഴ്ചകള്‍ മുന്‍പേ കന്നുകാലികളെ ഗര്‍ഭിണിയാക്കിയാല്‍ അവ കൂടുതല്‍ നന്നായി ഭക്ഷണം കഴിക്കുകയും തൂക്കം കൂടുകയും ചെയ്യുന്നു. അങ്ങനെ അറുക്കപ്പെടുന്ന കാലികളുടെ ഉള്ളില്‍ നിന്നും ഗര്‍ഭസ്ഥമായ കന്നിന്റെ ജഡം കിട്ടുക എളുപ്പമായി. ഇങ്ങനെ കിട്ടുന്ന ഇളം കന്നിന്റെ ആഗ്നേയഗ്രന്ഥിയെ ഉപ്പുവെള്ളത്തില്‍ ഇട്ട് ചതച്ചിട്ട് അരിച്ച് എടുക്കുക എന്നതായിരുന്നു അതുവരെ തുടര്‍ന്നിരുന്നത്. എന്നാല്‍ ഈ ലായനി തിളപ്പിക്കുന്നതോടെ അതിലെ ഇന്‍സുലിനും നശിക്കും. അപ്പോഴാണു അതിനെ ഉപ്പുവെള്ളത്തിലിടാതെ ആല്‍ക്കഹോളില്‍ സംസ്കരിക്കാനുള്ള നിര്‍ദ്ദേശം വന്നത്. ഇത് ആദ്യം വച്ചത് മക് ലിയോഡായിരുന്നു. ആല്‍ക്കഹോളില്‍ സംസ്കരിച്ച് അരിച്ചെടുത്ത ആഗ്നേയ ഗ്രന്ഥിയുടെ സ്രവത്തെ ആ ലായനി വറ്റിച്ച് എടുക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ആല്‍ക്കഹോള്‍ വളരെ ചെറിയ ചൂടില്‍ തന്നെ തിളച്ച് ആവിയായി വറ്റും. അതിനാല്‍ ആല്‍ക്കഹോളില്‍ ലയിപ്പിച്ച ആഗ്നേയഗ്രന്ഥീസ്രവത്തിനു മുകളിലൂടെ ചൂടുകാറ്റ് അടിപ്പിച്ചാല്‍ അതിലെ ആല്‍ക്കഹോള്‍ വറ്റുകയും ശുദ്ധമായ ഇന്‍സുലിന്‍ സമൃദ്ധമായ സ്രവം ലഭിക്കുകയും ചെയ്യും. ഇതുപയോഗിച്ചപ്പോള്‍ ഡയബറ്റിക് പരീക്ഷണ നായ്ക്കള്‍ കൂടുതല്‍ മെച്ചപ്പെട്ട റിസള്‍ട്ടുകള്‍ കാണിച്ചു.


Photo: തങ്ങളുടെ ഇന്‍സുലിന്‍ കൊണ്ട് ഏറ്റവുമധികം ദിവസം ജീവിച്ചിരുന്ന 33ആം നമ്പര്‍ പട്ടിയായ മാര്‍ജൊറീയുമൊത്ത് ബെസ്റ്റും ബാന്റിങും.

അതേ വര്‍ഷം ഡിസംബര്‍ മാസം ജെയിംസ് ബേറ്റ്രാം കോളിപ് എന്ന ബയോക്കെമിസ്ട്രി ഗവേഷകനെക്കൂടി ചേര്‍ത്ത് മക് ലിയോഡ് ആ ടീമിനെ വിപുലീകരിച്ചതോടെ കാര്യങ്ങള്‍ക്ക് ഒരു വ്യവസ്ഥ വന്നു. പട്ടിയുടെ ആഗ്നേയഗ്രന്ഥി തുന്നുന്നതും ഇളം കന്നിന്റെ ആഗ്നേയഗ്രന്ഥി തപ്പി നടക്കുന്നതുമൊക്കെ പഴങ്കഥയാക്കിക്കൊണ്ട് ഡോ: കോളിപ് പ്രോട്ടീനുകളെ ലായനിയില്‍ നിന്നും വേര്‍തിരിക്കുന്ന പ്രെസിപ്പിറ്റേഷന്‍ രീതി പ്രയോഗിക്കാന്‍ തുടങ്ങി. അതോടെ 90% ആല്‍ക്കഹോളില്‍ ഇന്‍സുലിന്‍ ഒഴികെയുള്ള ഏതാണ്ടെല്ലാ പ്രോട്ടീനുകളും ദഹനരസ സംയുക്തങ്ങളും വേര്‍തിരിച്ച് അരിച്ചുമാറ്റാനാവുമെന്ന് 1922 ജനുവരിയായപ്പോഴേക്കും കോളിപ് കാണിച്ചുകൊടുത്തു. ഇങ്ങനെ പൊടി രൂപത്തില്‍ വേര്‍തിരിച്ച ഇന്‍സുലിന്‍ ഏറെക്കുറേ ശുദ്ധവുമായിരുന്നു. മൃഗജഡങ്ങളില്‍ നിന്നുള്ള മുഴുവന്‍ ആഗ്നേയഗ്രന്ഥിയിലെയും ഇന്‍സുലിന്‍ വലിയ അളവുകളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ ശുദ്ധീകരിച്ച് നിര്‍മ്മിക്കാമെന്ന വഴിത്തിരിവ് ഇവിടെയായിരുന്നു.

ജനുവരി രണ്ടാം പകുതിയില്‍ ചില അഭിപ്രായവ്യത്യാസങ്ങളും വഴക്കുകളുമുണ്ടായെങ്കിലും ആദ്യ മനുഷ്യ പരീക്ഷണത്തിലേക്ക് അവര്‍ കടന്നു. ടൊറന്റോ ജനറലാശുപത്രിയിലെ ലിയോണാഡ് തോംസണ്‍ എന്ന 14 വയസ്സുകാരനായിരുന്നു ആദ്യ രോഗി. 1922 ജനുവരി 11 നു ഉച്ചയ്ക്ക് എഡ് ജെഫ്രി എന്ന ഹൗസ് സര്‍ജ്ജന്‍ ആയിരുന്നു ഡോക്ടര്‍മാരായ വാള്‍ട്ടര്‍ കാമ്പെല്‍, ഡംഗന്‍ ഗ്രഹാം എന്നിവരുടെ സാന്നിധ്യത്തില്‍ ആ ചരിത്ര കര്‍ത്തവ്യം നിര്‍വഹിച്ചത്. സാമ്പിളിന്റെ ശുദ്ധത പോരാഞ്ഞിട്ടാവാം ആദ്യ പരീക്ഷണം പാളി. കോളിപ് നല്‍കിയ കൂടുതല്‍ ശുദ്ധീകരിച്ച ഇന്‍സുലിന്‍ ഉപയോഗിച്ച് ജനുവരി 23നു നല്‍കിയ ഇഞ്ചക്ഷന്‍ ഫലം കണ്ടു. ലിയോണാഡ് തോംസണിനെ തുടര്‍ന്ന് അതേ ആശുപത്രിയില്‍ ഡോ: കാമ്പെല്ലിന്റെയും ഫ്ലെച്ചറുടെയും നേതൃത്വത്തില്‍ കൂടുതല്‍ മധുമേഹ രോഗികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷനുകള്‍ നല്‍കപ്പെട്ടു.

മേയ് 3നു മനുഷ്യരിലെ പഠനത്തിന്റെ ആദ്യ ഘട്ടം ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗവേഷണ റിപ്പോര്‍ട്ട് ഫ്രെഡ് ബാന്റിംഗ്, ചാള്‍സ് ബെസ്റ്റ്, കോളിപ്, കാമ്പെല്‍ ,മക് ലിയോഡ് തുടങ്ങിയവരുടെ പേരില്‍ അസോസിയേഷന്‍ ഒഫ് അമേരിക്കന്‍ ഫിസീഷ്യന്‍സിന്റെ വാഷിങ്ടണിലെ യോഗത്തില്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ഗവേഷണ/ചികിത്സാ രംഗത്തെ അതികായരടക്കം സദസ്സ് എഴുന്നേറ്റ് നിന്ന് കരഘോഷത്തോടെയാണു ആ മുഹൂര്‍ത്തത്തെ ചരിത്രത്തിന്റെ ഭാഗമാക്കിയത്.

ഫ്രെഡറിക് ബാന്റിംഗ്, ജെ.ജെ.ആര്‍ . മക് ലിയോഡ്, ചാള്‍സ് ബെസ്റ്റ്,
ജേയിംസ് കോളിപ് : ഒരു പഴയ പത്രക്കുറിപ്പില്‍ നിന്ന്.

വലിയ അളവില്‍ ഇന്‍സുലിന്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ ആല്‍ക്കഹോളിനു പകരം അസെറ്റോണ്‍ ഉപയോഗിക്കേണ്ടി വന്നു. പില്‍ക്കാലത്ത് ഐസോ ഇലക്ട്രിക് പ്രെസിപിറ്റേയ്ഷന്‍ രീതിയില്‍ ഇന്‍സുലിന്‍ ശുദ്ധീകരിച്ച് വേര്‍തിരിക്കാന്‍ തുടങ്ങിയപ്പോഴേക്കും ഏയ്ലി ലിലി പോലുള്ള (ഇന്നത്തെ വമ്പന്‍ ഡയബറ്റിക് മരുന്നുല്പാദകരായ Eli Lilly and Co.) വ്യവസായ സംരംഭങ്ങള്‍ സഹായത്തിനെത്തിയിരുന്നു.

1922 മേയ് ആയപ്പോഴേക്ക് ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ഇന്‍സുലിനായുള്ള അപേക്ഷകള്‍ ബാന്റിംഗിനു മുന്നില്‍ കുന്നുകൂടാന്‍ തുടങ്ങി. ന്യൂയോര്‍ക്കിലെ റോചെസ്റ്ററില്‍ നിന്നുമുള്ള ജെയിംസ് ഹാവന്‍സായിരുന്നു അമേരിക്കയില്‍ ഇന്‍സുലിന്‍ ലഭിച്ച ആദ്യ രോഗി. ജൂലൈ 10നു കാനഡയിലെ തന്നെ ഷാര്‍ലറ്റ് ക്ലാര്‍ക്ക് എന്ന വനിത ഒരു ശസ്ത്രക്രിയയ്ക്കിടയില്‍ ഇന്‍സുലിന്‍ നല്‍കപ്പെട്ട ആദ്യരോഗിയായി. ന്യൂജേഴ്സിയില്‍ നിന്ന് ടൊറന്റോ വരെ ചെന്ന് ഇന്‍സുലിന്‍ ചികിത്സ നേടിയ അഞ്ചുവയസ്സുകാരന്‍ ടെറി റൈഡര്‍ വര്‍ഷങ്ങളോളം ബാന്റിംഗിനു കത്തെഴുതിയിരുന്നു. 1923 ലെ നോബല്‍ സമ്മാനം ചില ഉപജാപങ്ങള്‍ കാരണം ബാന്റിംഗിനും മക് ലിയോഡിനും മാത്രമായി. ബാന്റിംഗ് തന്റെ സമ്മാനത്തുക ബെസ്റ്റുമായും മക് ലിയോഡ് തന്റേത് കോളിപ്പുമായും പങ്കിട്ടു മാന്യത കാട്ടി.

(ഇന്‍സുലിനെ ഐലറ്റിന്‍ എന്ന് വിളിച്ചിരുന്ന കാലത്തെ ഒരു മരുന്ന് ലേബല്‍)

1982 ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഡയബീറ്റിസ് രോഗികളുടെ ഒരു മഹാസമ്മേളനത്തില്‍ ബാന്റിംഗിന്റെ ആ പഴയ പേഷ്യന്റ് ടെറിറൈഡറുടെ വാക്കുകള്‍ ഇതായിരുന്നു:”ലോകം എന്തെങ്കിലും പുരോഗതി നേടുന്നുണ്ടെങ്കില്‍ അത് ഇതുപോലുള്ള സ്വതന്ത്ര ചിന്തകരിലൂടെയാണു, അല്ലാതെ നടന്ന് തേഞ്ഞ സുരക്ഷിത പാതകള്‍ തേടുന്നവരിലൂടെയല്ല ! “

ഈ വിജയഗാഥ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. മധുമേഹം എന്ന് ആദ്യം ഡയബീടിസിനു പേരു വിളിച്ചത് ഭാരതീയ വൈജ്ഞാനികരാണ്. ക്രിസ്തുവിനും മുന്നൂറോളം വര്‍ഷങ്ങള്‍ മുന്‍പ്. എന്നിട്ടും രോഗം വരുന്നത് പൂര്‍വജന്മപാപം മൂലമാണെന്ന് ‘ഗവേഷിക്കുന്ന’തിലായി നമുക്ക് താല്പര്യം; അല്ലെങ്കില്‍ അങ്ങനെ വഴിതിരിച്ചു, നമ്മുടെ ശാസ്ത്രത്വരയെ. അതല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ…

പിന്‍ വിളി:

ഈ വക പരീക്ഷണങ്ങളില്‍ ഒട്ടനവധി ജന്തുക്കള്‍ കീറിമുറിക്കപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടിട്ടുണ്ട്. അതു വായിച്ചിട്ട് കണ്ണീരും കൈയ്യുമായി വൈദ്യശാസ്ത്രത്തെ ശപിക്കാന്‍ വരുന്ന പുനര്‍ജാത ബോധിസത്വന്മാരോട് ഒരു അപേക്ഷ: ഇത് സഹജരീകരണസ്കൂണ്ഡ്രലിനി വഴി മനക്കണ്ണ് തുറന്ന് absolute truthന്റെ കടല്‍ താണ്ടിയവര്‍ നടത്തുന്ന പരീക്ഷണങ്ങളല്ല, സാമാന്യ ബുദ്ധിയും സാധാരണ പണിയായുധങ്ങളും ഉപയോഗിച്ചു ‘ഗുരുത്വം കെട്ട’ മനുഷ്യര്‍ മനുഷ്യനു വേണ്ടി നടത്തിയ പ്രയത്നങ്ങളുടെ കഥയാണ്. സനാതനസത്യമല്ല, കൂടെക്കൂടെ മാറുന്ന ശാസ്ത്രവുമത്രെ. പ്ലീസ്, ഒന്നു ക്ഷമിച്ചേരെ. അങ്ങനെ കിട്ടിയ ഇന്‍സുലിന്‍ അങ്ങ് വേണ്ടാന്നു വച്ചാ പോരേ !?

Foot notes:

1. ഡയബീടിസ് എന്ന രോഗത്തിന്റെ ഭാരതീയ വൈദ്യശാഖയിലെ തത്തുല്യരൂപം പ്രമേഹമല്ല, മധുമേഹം എന്നാണു
2. ഡയബറ്റീസ് എന്നല്ല ഡയബീടിസ് എന്നാണു ആംഗല ഉച്ചാരണം.
3. Islet (ഐലറ്റ്) എന്നാല്‍ തുരുത്ത് എന്നര്‍ത്ഥം. വിഖ്യാതനായ ജര്‍മ്മന്‍ ശരീരശാസ്ത്രജ്ഞന്‍ ഡോ:പോള്‍ ലാംഗര്‍ഹാന്റെ പേരില്‍ അറിയപ്പെടുന്ന കോശസംഘാതം. 1869ല്‍ തന്റെ ഡോക്ടറേറ്റ് തീസീസിനായുള്ള പഠനത്തിനിടെയാണ് അദ്ദേഹം കണ്ടെത്തിയത്.
4. പേറ്റന്റ് സംബന്ധിയായ പ്രശ്നങ്ങള്‍ , ബാന്റിംഗിനു മക് ലിയോഡിനോട് തോന്നിയ സംശയങ്ങള്‍ , ഇടയ്ക്ക് കോളിപ്പുമായി ഉണ്ടായ വഴക്കുകള്‍ എന്നിവയൊക്കെ ഗവേഷണത്തിന്റെ അന്ത്യപാദത്തില്‍ നിഴല്‍ വീഴ്ത്തിയെന്നത് സത്യം. 1923 ഏപ്രിലില്‍ നോബല്‍ സമ്മാനത്തിനായി ഈ ഗവേഷണം പരിഗണിക്കപ്പെട്ടപ്പോഴും വിവാദങ്ങളുണ്ടായി. ബാന്റിംഗിനും മക് ലിയോഡിനും മാത്രമായി സമ്മാനം ചുരുക്കിയ നോബല്‍ സമിതി മണ്ടത്തരത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 1906ല്‍ തന്നെ ആഗ്നേയഗ്രന്ഥിയില്‍ നിന്നുമുള്ള സ്രവം (ഇന്‍സുലിനായി ശുദ്ധീകരിക്കപ്പെട്ടിരുന്നില്ല അത്) മധുമേഹ ചികിത്സയില്‍ പ്രയോഗിച്ചു നോക്കിയ ജോര്‍ജ് സൂല്‍റ്റ്സറും ഈ ഗവേഷണത്തില്‍ വളരെ മുന്നോട്ടു പോയ അമേരിക്കയില്‍ നിന്നുള്ള ഇസ്രയേല്‍ ക്ലേയിനറുമൊന്നും ഇതിനോട് ചേര്‍ത്ത് പരിഗണിക്കപ്പെട്ടില്ല. പക്ഷേ അതൊന്നും ഇതിനു പിന്നിലെ മനുഷ്യപ്രയത്നത്തിന്റെ മഹത്വം കുറയ്ക്കുന്നില്ല.

അവലംബം :

1. Eli Lilly Archives ന്റെ Lest We Forget എന്ന അനുസ്മരണക്കുറിപ്പ്.

2. Insulin: Discovery and Controversy: Louis Rosenfeld: Clinical Chemistry 48:12 2270–2288 (2002)

3. Banting FG. Unpublished memoir, 1940 [from the Banting Papers].University of Toronto Archives.

4. Bliss M. The discovery of insulin. Chicago: University of Chicago Press, 1982:59–83.

ചിത്രങ്ങള്‍ക്ക് കടപ്പാട് : തോമസ് ഫിഷര്‍ ലൈബ്രറി, യൂണിവേഴ്സിറ്റി ഒഫ് ടൊറന്റോ
Thanks to Dr. S M Sadikot, President : Diabetes India, Mumbai and Eli Lilly & Co.

Advertisements
 

16 Responses to “ഒരു പടിഞ്ഞാറന്‍ വീരഗാഥ !”

 1. സൂരജ് :: suraj Says:

  മനുഷ്യന്‍ മനുഷ്യനു വേണ്ടി നടത്തിയ ഒരു പ്രയത്നത്തിന്റെ കഥ

 2. പാമരന്‍ Says:

  great one, maashe. thanks!

 3. മൂര്‍ത്തി Says:

  വളരെ നല്ല പോസ്റ്റ് സൂരജ്…ഞാന്‍ ഇത് പി.ഡി.എഫ് ആക്കും…

  ഒരു (ബൂലോഗ) കുടുംബ ഡോക്ടര്‍ ഉള്ളത് എത്ര നല്ലത്.

 4. Riaz Hassan Says:

  Great….keep posting…

 5. സി. കെ. ബാബു Says:

  ഇന്നു്‌ നമുക്കു് self-evident എന്നു് തോന്നുന്ന ഓരോ ശാസ്ത്രീയതകളും‍ എത്രപേര്‍ എത്രനാളത്തെ കഠിനാദ്ധ്വാനം കൊണ്ടു് നേടിയതാണെന്ന നേരിയ ഒരു ഗ്രാഹ്യം എങ്കിലും ഉണ്ടായിരുന്നെങ്കില്‍, അവയൊക്കെ ആസ്വദിച്ചുകൊണ്ടു് ശാസ്ത്രലോകത്തെ തെറിപറയാന്‍ ചില എരിവേറിയ ദൈവമക്കള്‍‍ കാണിക്കുന്ന ആവേശത്തിനു്‌ അല്പം കുറവു് ലഭിച്ചേനെ! എന്തു് പറയാന്‍? ബോധമില്ലായ്മയാണല്ലോ അവറ്റകളുടെ മുഖമുദ്ര! ദൈവം = ഏതു് ചോദ്യത്തിന്റെയും fast-food മറുപടി. യാതൊരു അദ്ധ്വാനവും വേണ്ട! മേടിക്കുക, തിന്നുക, തൂ..! സംഗതി വളരെ എളുപ്പം!

  നല്ല പരിശ്രമം! “Lest We Forget”!!

 6. യാരിദ്‌|~|Yarid Says:

  നല്ല പോസ്റ്റ് സൂരജ്.

 7. ഋഷി Says:

  ഞാനിതു കുറെക്കാലമായി അന്വേഷിച്ചു നടക്കുകയായിരുന്നു. നന്ദി..
  ഒരു സംശയം- നമ്മള്‍ ആഹാരനിയന്ത്രണം/ഹൈപോഗ്ലൈസീമിക് മരുന്നുകള്‍ എന്നിവയൊക്കെ നിര്‍ദ്ദേശിക്കുമ്പോഴും പഴയ പട്ടിണിചികിത്സയുടെ പ്രയോജനമല്ലേ കിട്ടുന്നുള്ളൂ?

 8. അനില്‍@ബ്ലോഗ് Says:

  വിവരങ്ങള്‍ക്കു നന്ദി സൂരജ്.

  മനുഷ്യന്‍ മനുഷ്യനുവേണ്ടി നടത്തുന്ന പ്രയത്നങ്ങളാണ് ലോകത്തെ ഇന്നത്തെ നിലയില്‍ എത്തിച്ചിട്ടുള്ളതു.

 9. അനൂപ് തിരുവല്ല Says:

  നല്ല പോസ്റ്റ്

 10. ജിഹേഷ് Says:

  nice post suraj…

 11. സൂരജ് :: suraj Says:

  വായിച്ചവര്‍ക്കും വായിക്കാനിരിക്കുന്നവര്‍ക്കും വളരെ നന്ദി, ഓണാശംസകളും ! മനുഷ്യപ്രയത്നത്തിന്റെ ഗാഥകളാല്‍ ലോകം സമ്പുഷ്ടമാകട്ടെ.

  ഋഷി ജീ ചോദിച്ച ഒരു സംശയത്തിനു മറുപടി:

  പ്രിയ ഋഷി,

  1. ഡയബീടിസിനെക്കുറിച്ച് വിശദമായ ഒരു കുറിപ്പ് പുറകേ എഴുതാമെന്നു കരുതിയാണു ഈ ലേഖനത്തില്‍ അതിന്റെ ഫിസിയോളജിക്കല്‍ വിശദാംശങ്ങള്‍ ഉപരിപ്ലവമായി സ്പര്‍ശിച്ചു പോയത്.

  ആഹാരനിയന്ത്രണം ഡയബീടിസിനു ഇന്നും പഥ്യമാണെങ്കിലും മുന്‍ കാലങ്ങളിലെ പോലെ അക്ഷരാര്‍ത്ഥത്തില്‍ പട്ടിണിക്കിടുന്ന രീതി ഇന്നില്ല.പില്‍ക്കാല കണ്ടെത്തലുകളുടെ വെളിച്ചത്തില്‍ നാം ഡയബീടിക് രോഗികളുടെ രക്തഗ്ലൂക്കൊസിനെയാണു നേരിട്ട് ടാര്‍ജറ്റ് ചെയ്യുന്നത്. മാത്രവുമല്ല, ഇന്ന് കാര്‍ബോഹൈഡ്രേറ്റുകളിലാണു പ്രധാനമായും നിയന്ത്രണം വച്ചിരിക്കുന്നത്. അതും രക്ത ഗ്ലൂക്കോസ് ക്രമാതീതമായി ഉയരാതിരിക്കാന്‍ മാത്രമുള്ള അളവുകളില്‍ . പട്ടിണിക്കിടുക എന്നതല്ല, ചെറിയ ഇടവേളകളില്‍ ചെറിയ ഓഹരികളായി ഭക്ഷണത്തെ വിഭജിച്ച് കഴിക്കുകയാണു പ്രധാന നിര്‍ദ്ദേശം.

  2. ഹൈപ്പോഗ്ലൈസീമിക് മരുന്നുകള്‍ പലതരത്തിലുണ്ട്. ഡയബീടിക് രോഗിയില്‍ അധികമായി വരുന്ന ഗ്ലൂക്കോസിനെ പേശികളിലേക്കും കരളിലേക്കും മറ്റും കയറ്റി വിട്ട് രക്തഗ്ലൂക്കോസ് നിലയെ താഴ്ത്തുക എന്നതാണ് അവയില്‍ ചിലത് ചെയ്യുന്നത്. അതേസമയം ക്ഷാമകാലത്തേയ്ക്കും ആഹാരം കഴിക്കാതിരിക്കുന്ന സമയത്തേയ്ക്കുമായി ഗ്ലൈക്കോജെന്‍ എന്ന രൂപത്തില്‍ ശേഖരിച്ചു വച്ചിരിക്കുന്ന ഗ്ലൂക്കോസിനെ രക്തത്തിലേയ്ക്ക് ഒഴുക്കി വിടുന്ന പരിപാടിയുണ്ട് നമ്മുടെ കരളിന്. ഇത് മധുമേഹ രോഗികളില്‍ രാത്രികാലങ്ങളിലും ആഹാരമില്ലാതിരിക്കുന്ന ഇടനേരങ്ങളിലും രക്തഗ്ല്ലൂക്കോസ് വര്‍ധിക്കാനിടയാക്കും. ഇതിനെ തടയുന്നതാണു ഹൈപ്പോ ഗ്ലൈസീമിക് മരുന്നുകളില്‍ മറ്റൊരു കൂട്ടം. ആഗ്നേയഗ്രന്ഥിയിലെ ഇന്‍സുലിന്റെ ഉല്പാദനത്തെ നേരിട്ട് ചെന്ന് കൂട്ടുന്ന വലിയൊരു കൂട്ടം മോളിക്യൂളുകളും ഇന്നു സാധാരണയായി പ്രയോഗിക്കുന്നു.ഇന്‍സുലിന്‍ മതിയായ അളവില്‍ ഉണ്ടായിട്ടും അത് ശരീര കോശങ്ങളില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാതിരിക്കുന്ന അവസ്ഥയെ (ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്) നേരിടാന്‍ കെല്പുള്ള മരുന്നുകളും സുലഭം.

  ഈ മരുന്നുകളത്രയും ടൈപ്പ്-2 ഡയബീടിസ് എന്ന മുതിര്‍ന്നവര്‍ക്ക് വരുന്ന ഡയബീടിസിനാണു ഫലപ്രദം. കുട്ടികളിലും കൌമാരക്കാരിലും 30 വയസ്സില്‍ താഴെയുള്ളവരിലും വരുന്ന ടൈപ്പ്-1 ഡയബീടിസിനും, Maturity Onset Diabetes of the Young (മോഡി – MODY) എന്ന തരം മധുമേഹത്തിനും ഇന്‍സുലിന്‍ കുത്തിവയ്പ്പ് ആദ്യമേ തുടങ്ങണം.

  ഇതിനൊക്കെ പുറമേ അമിതമായ രക്തഗ്ലൂക്കോസ് വൃക്ക, നാഡികള്‍ ,രക്തക്കുഴലുകള്‍ ,ചര്‍മ്മം , ഹൃദയം എന്നിങ്ങനെയുള്ള അവയവങ്ങളില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ അനുദിനം അനാവരണം ചെയ്യപ്പെടുന്നു. അവയ്ക്കെതിരെയുള്ള കാലാകാലം രോഗി നടത്തേണ്ട സ്ക്രീനിംഗുകളും ഇപ്പോള്‍ നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്.

  അതേക്കുറിച്ചൊക്കെ കൂടുതല്‍ ഈ സീരീസിന്റെ അടുത്ത ലക്കത്തില്‍ എഴുതാമെന്ന് വിചാരിക്കുന്നു.

  എല്ലാവര്‍ക്കും വീണ്ടും നന്ദി:)

 12. Santhanu Nair Says:

  Off Topic : Evideyo vaayichathu. Maneka gandhi orikkal oru vetenariante cheviyil nulli. Reason angeru oru muyaline cheviyil thookki eduthu.

  Onashamsakal..

 13. റോബി Says:

  1921-ല്‍ തുടങ്ങിയ ഗവേഷണത്തിന്‌ 1923-ല്‍ നൊബേല്‍…സമ്മതിക്കണം…

  പതിവു പോലെ നല്ല പോസ്റ്റ്

 14. സലാഹുദ്ദീന്‍ Says:

  സൂരജ് ഭായ്

  നല്ല വിജ്ഞാൻ പ്രദമായ പോസ്റ്റ്. ആശംസകൾ

 15. ചിത്രകാരന്‍chithrakaran Says:

  നമിച്ചിരിക്കുന്നു ഇഷ്ട !!!
  വൈദ്യശാസ്ത്രം പഠിക്കുന്നവര്‍ ഇങ്ങനെ വേണം.

 16. Rajeeve Chelanat Says:

  സൂരജ്

  വായിച്ചു. മുഴുവനൊന്നും ഉള്ളിലേക്കെത്തിയില്ല. എങ്കിലും, മനുഷ്യന്റെ ആ അന്വേഷണ ത്വര…ശാസ്ത്രത്തിന്റെ രീതികള്‍..അതൊക്കെ വായിച്ച് ഒരിക്കല്‍ കൂടി അന്തം വിട്ടിരുന്നു.

  അഭിവാദ്യങ്ങളോടെ


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )