മെഡിസിന്‍ @ ബൂലോകം

സ്വപ്നം, സ്മൃതി, ബോധം : ഒരു ലഘുവിവരണം ഓഗസ്റ്റ് 5, 2008

വെള്ളെഴുത്തുമാഷിന്റെ ഈ സുന്ദര ലേഖനവും കണ്ണൂസ് ജീയുടെ ഈ കമന്റും കണ്ടപ്പോൾ തോന്നിയ ഒരു വട്ടിന് എഴുതിയ കുറിപ്പാണിത്. സമഗ്രമല്ല. ഈ വിഷയത്തിലെ മൂന്നാലു തിയറികളെ ഒരുമിപ്പിച്ചുകൊണ്ട് 2004-ൽ വന്ന ഴാങ്ങ് മോഡൽ ആണ് പ്രധാനമായും വിശകലനത്തിന് അവലംബം. തിയറികളുടെ ചരിത്രമോ വിശദാംശമോ ഉൾപ്പെടുത്തിയിട്ടില്ല. ഒപ്പം ചേർത്തിട്ടുള്ള ചിത്രങ്ങൾ ലളിതവൽകൃത മോഡലാണ് കാണിക്കുന്നത് – കൃത്യമല്ല; കാര്യം മനസ്സിലാവാൻ മാത്രം ഉള്ളത്.

സ്വപ്നങ്ങളെ ആദ്യമായി ശാസ്ത്രീയ വിശകലനത്തിനു വിധേയമാക്കിയത് നമ്മുടെ സിഗ്മണ്ട് ഫ്രോയിഡ് അപ്പൂപ്പനാണ്. ഫ്രോയിഡിന്റെ മന:ശാസ്ത്ര വിശകലനമനുസരിച്ച് സ്വപ്നം എന്നത് പൂർത്തിയാവാത്തതോ തീവ്രമായതോ ആയ അബോധ ചോദനകളുടെ സഫലീകരണമാണ്. എല്ലാ സ്വപ്നത്തിനും ഉപബോധ തലത്തിൽ അർത്ഥമുണ്ടെന്നും ഒരുതരം സിംബോളിക് സംവേദനമാണു സ്വപ്നങ്ങളിലൂടെ മനസ്സ് നടത്തുന്നതെന്നും ഫ്രോയിഡ് വിശദീകരിച്ചു. ഇന്നും തത്വ ചിന്തകർ ഫ്രോയിഡിയൻ ചിന്താ രീതിയാണ് ഉപയോഗിക്കുന്നത് ; ഒരുപക്ഷേ അതിന്റെ കാല്പനിക സൌന്ദര്യമാവാം കാരണം.

എന്നാൽ മസ്തിഷ്കശാസ്ത്രം വികസിച്ചപ്പോൾ ആ കാഴ്ചാപ്പാട് തിരുത്തപ്പെടുകയോ പുതുക്കി എഴുതപ്പെടുകയോ ചെയ്തു. ഇന്നത്തെ വിശദീകരണമനുസരിച്ച് സ്വപ്നങ്ങൾ ഓർമ്മയുമായി ബന്ധപ്പെട്ടതാണ്. വൈകാരികമായ അർത്ഥതലങ്ങൾ അതിനു തീരെയില്ല എന്നല്ല, പക്ഷേ ആദ്യമായും അവസാനമായും അവ തലച്ചോറിലെ ഓർമച്ചീളുകളുടെ ഒരു പെറുക്കിക്കൂട്ടലാണ്.
നമ്മുടെ സ്മൃതിയെ/ഓർമ്മയെ നിർണ്ണയിക്കുന്ന മസ്തിഷ്ക പ്രക്രിയയ്ക്ക് പ്രധാനമായും രണ്ട് വിഭാഗങ്ങളുണ്ട് – വ്യവഹാര സ്മൃതി മണ്ഡലം (working memory), സ്മൃതി സംഭരണ മണ്ഡലം (memory storage).
ഇതിൽ വ്യവഹാര സ്മൃതി മണ്ഡലമെന്നത് ബോധവും അബോധവുമായ എല്ലാ അറിവുകളുടെയും ആദ്യ പ്രോസസിംഗ് നടക്കുന്ന സ്ഥലമാണ്. പരിതസ്ഥിതിയിൽ നിന്ന് കണ്ണുകളും കാതുകളും ഉൾപ്പടെയുള്ള 11 ഇന്ദ്രിയങ്ങളിലൂടെ * തലച്ചോറിനു ലഭിക്കുന്ന അറിവുകളാണ് ഇവിടെ പ്രോസസ് ചെയ്യപെടുന്നത്. ഇന്ദിയങ്ങളിൽ നിന്നും പുത്തനായി വരുന്ന അറിവുകളെ ആദ്യം ഇന്ദ്രിയ സ്മരണ എന്നൊരു മണ്ഡലത്തിൽ സ്വീകരിച്ചിട്ട് അവയെ പിന്നെ വ്യവഹാര സ്മൃതി മണ്ഡലത്തിലേയ്ക്കു മാറ്റുകയാണു മസ്തിഷ്കം ചെയ്യുന്നത് എന്നൊരു കാഴ്ചപ്പാടുമുണ്ട്. അതെന്തുതന്നെയായാലും സജീവ സ്മൃതി മണ്ഡലമെന്നത് നമ്മുടെ ഉണർവിന്റെയും ബോധത്തിന്റെയും മുഖമുദ്രയാണെന്ന് ഉറപ്പിച്ചുപറയാം.
ബോധ സ്മൃതിയും അബോധ സ്മൃതിയും

ഓർമ്മകളുടെ സ്വഭാവം അനുസരിച്ച് രണ്ട് വിശാല വിഭാഗങ്ങളുണ്ടെന്നു പറയാം – ബോധ സ്മൃതിയും (conscious memory) അബോധ സ്മൃതിയും (non conscious memory). ഇന്ദ്രിയങ്ങളിൽ നിന്നു വരുന്ന വിവരങ്ങളിൽ വിവരണാത്മകമായ വസ്തുതകൾ ബോധതലത്തിൽ തന്നെ മസ്തിഷ്കത്തിൽ സൂക്ഷിക്കപ്പെടേണ്ടവയാണ്. എഴുത്ത് , വര, ചിഹ്നങ്ങൾ, ആംഗ്യം എന്നിവയുപയോഗിച്ച് മറ്റൊരാൾക്ക് വിവരിച്ചുകൊടുക്കാവുന്ന ഓർമ്മകളാണ് ബോധസ്മൃതി വിഭാഗത്തിലുള്ളത്. നമ്മുടെ ചുറ്റുപാടുകളിൽ നിന്നും നമുക്കു കിട്ടുന്ന അറിവുകളിൽ വളരെ ചെറിയൊരു ഭാഗമേ ബോധസ്മൃതിയായി രൂപപ്പെടുന്നുള്ളൂ. ബാക്കിയത്രയും അബോധ തലത്തിൽ ശേഖരിക്കപ്പെടുന്ന വിവരങ്ങളാണ്. ഉദാഹരണത്തിനു അറിയാത്ത ഒരു വഴിയിലൂടെ നിങ്ങൾ ഡ്രൈവ് ചെയ്ത് ഒരു സുഹൃത്തിന്റെ വീട് തേടി പോകുന്നുവെന്നിരിക്കട്ടെ. വഴിയരികിൽ മേയുന്ന പശു മുതൽ സൈൻ പോസ്റ്റുകളും ട്രാഫിക് ലൈറ്റുകളും വരെ നിങ്ങളുടെ വ്യവഹാര സ്മൃതിമണ്ഡലത്തിൽ പ്രവേശിക്കുന്നുണ്ട്. അതിൽ നിങ്ങൾക്ക് വഴിയോർത്ത് വയ്ക്കാൻ ആവശ്യമെന്ന് നിങ്ങൾ ബോധപൂർവ്വം ചിന്തിച്ചു വയ്ക്കുന്ന കാര്യങ്ങൾ മിക്കതും ബോധസ്മൃതിയുടെ ഭാഗത്ത് താത്കാലികമായി ശേഖരിക്കപ്പെടുന്നു. എന്നാൽ അങ്ങനെയോർത്തുവയ്ക്കുന്ന കാര്യങ്ങളുടെ മുന്നോ നാലോ ഇരട്ടി കാര്യങ്ങൾ അബോധസ്മൃതിയായി ശേഖരിക്കപ്പെടുന്നുണ്ട് – ഗിയർ മാറ്റുന്ന പ്രവർത്തി, ബ്രേക്ക് ചവിട്ടുന്നത്, സ്റ്റീരിയോയിൽ നിന്നും വരുന്ന പാട്ട്, റോഡ് മുറിച്ചു കടക്കുന്ന വൃദ്ധ, വഴിവക്കിൽ മേയുന്ന പശു ദൂരെ പട്ടം പറത്തുന്ന കുട്ടി – ഇതൊക്കെ അങ്ങനെ നിങ്ങളുടെ മസ്തിഷ്കത്തിന്റെ ഒരു കോണിൽ പെറുക്കി വയ്ക്കപ്പെടുന്നുണ്ട് ! എന്നാൽ (വഴി ഓർത്തുവയ്ക്കുക എന്ന) നമ്മുടെ ‘ആവശ്യത്തിനു’ ഉപകരിക്കാവുന്ന ഓർമ്മത്തുണ്ടുകൾ വീണ്ടും വീണ്ടും ചിന്താരൂപത്തിൽ ആവർത്തിക്കപ്പെടുന്നതിലൂടെ ഒരു മൂർത്ത ഓർമ്മയായി മാറുന്നു. മറ്റ് ‘അനാവശ്യ’ വസ്തുതകൾ ഡിലീറ്റ് ചെയപ്പെടുകയോ പുനർചിന്തനം എന്ന വ്യായാമം ഇല്ലാതെ നശിച്ചു പോകുകയോ ചെയ്യുന്നു. അബോധ സ്മൃതികളാണ് സ്വപ്നങ്ങളുണ്ടാവുന്നതിന്റെ പിന്നിൽ. അതേ കുറിച്ച് താഴെ പറയുന്നുണ്ട് . ഇപ്പോൾ ഒരു കാര്യം മാത്രം ഓർത്തുവയ്ക്കുക : സ്മൃതികൾ തലച്ചോറിൽ എവിടെയായിരുന്നാലും അതിനെ ബോധ/അബോധ വിഭാഗങ്ങളായി വർഗ്ഗീകരിക്കാം; അതായത് സ്മൃതികൾ ഉണ്ടാവുന്നതിന്റെ രീതിക്കനുസൃതമായല്ല മറിച്ച് അതിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവമനുസരിച്ചാണു ഈ വർഗ്ഗീകരണം
ഓർമ്മകൾ ഉണ്ടാകുന്നത് . . .
വ്യവഹാര സ്മൃതി മണ്ഡലം എന്നത് ഒരു ഓർമ്മ ശേഖരണ മണ്ഡലമല്ല. അവിടെ ഇന്ദ്രിയങ്ങൾ മനസിലെത്തിക്കുന്ന അറിവുകളുടെ പ്രൊസസ്സിംഗും വർഗ്ഗീകരണവുമൊക്കെയാണ് നടക്കുക. ഈ അറിവുകളെ ഓർമ്മകളാക്കി ശേഖരിക്കാൻ മനസിനു മറ്റൊരു ഭാഗമുണ്ട്. അതാണു സ്മൃതി ശേഖരണ മണ്ഡലം. ഇതിനെ വീണ്ടും രണ്ടായി വിഭജിക്കാം : ഹ്രസ്വകാല സ്മൃതി (temporary memory) എന്നും ദീർഘകാല സ്മൃതി (long term memory) എന്നും. ഏതാണ്ട് 1 മണിക്കൂർ വരെ ഓർമ്മ തങ്ങി നിൽക്കുന്ന മനസിന്റെ ഭാഗമാണ് ഹ്രസ്വകാല സ്മൃതി മണ്ഡലം. 1 മണിക്കൂർ മുതൽ ഒരായുഷ്കാലം വരെ ഓർമ്മകളെ സംഭരിക്കുന്നയിടമോ ? ദീർഘകാലസ്മൃതി മണ്ഡലവും.

ഇന്ദ്രിയ സ്മൃതിമണ്ഡലത്തിൽ സ്വീകരിക്കപ്പെടുന്ന അസംഖ്യം അറിവുകളിൽ എതെങ്കിലുമൊന്നിലേക്ക് നാം ശ്രദ്ധതിരിക്കുന്നുവെന്നിരിക്കട്ടെ; മുകളിലത്തെ ഉദാഹരണത്തിൽ : ഡ്രൈവ് ചെയ്ത വഴി ഓർക്കാൻ വഴിവക്കിലെ ഒരു പരസ്യപ്പലക ഓർത്തുവയ്ക്കാനുള്ള ശ്രമം. ഈ ‘ശ്രമം’ മൂലം ആ പരസ്യപ്പലകയുടെ ദൃശ്യവും സ്ഥാനവും നിങ്ങളുടെ സജീവ സ്മൃതിമണ്ഡലത്തിൽ പ്രോസസ് ചെയപ്പെടുകയും അവിടെ നിന്ന് ഒരു ഹ്രസ്വകാല സ്മൃതി ഫയൽ ആയി മാറ്റപ്പെടുന്നു (വലതു വശത്തെ ചിത്രം 1 ** വലുതാക്കി കാണുക). ഒന്നുരണ്ടു വട്ടം പരസ്യപ്പലകയെക്കുറിച്ചുള്ള ചിന്ത നാം മനസ്സിലിട്ട് റിഹേഴ്സ് ചെയ്യുന്നതോടെ ഈ ഓർമ്മ ഹ്രസ്വകാലസ്മൃതിയിൽ നിന്നും ഒരു ദീർഘകാല ഓർമ്മയായി മാറ്റപ്പെടുന്നു. സ്ഥിരമായി ചെയ്യുന്ന ജോലികൾ ഓർത്തു നോക്കൂ : ഡ്രൈവിംഗ് പഠിക്കുന്ന നാളുകളിൽ ‘വേണം’ എന്നു വച്ചു ചെയ്യുന്ന സംഗതികളായ ഗിയർ മാറ്റലും ക്ലച്ച് പ്ലേയുമെല്ലാം പിന്നീട് അബോധതലത്തിൽ തന്നെ (കൂടെയിരിക്കുന്നവരോട് വർത്തമാനം പറഞ്ഞുകൊണ്ടോ പാട്ടു കേട്ട് താളം പിടിച്ചുകൊണ്ടോ ഒക്കെ) ചെയ്യാൻ നമുക്ക് കഴിയുന്നു. ഇങ്ങനെ ദീർഘകാല സ്മൃതിയായി ഉറപ്പിക്കപ്പെടുന്ന പല കാര്യങ്ങളും അബോധ സ്മൃതികളാണ്. ഹ്രസ്വകാലാടിസ്ഥാനത്തിൽ മസ്തിഷ്കത്തിൽ വന്നു വീഴുന്ന ഇത്തരത്തിലുള്ള ചില അബോധസ്മൃതികൾ പെട്ടെന്ന് ഉണർത്തപ്പെടുമ്പോഴാണു പലപ്പോഴും ദേയ്ഷാ വൂ (Deja vu) – “ശ്ശടാ, ഞാനിവിടെ മുൻപ് വന്നിട്ടുണ്ടല്ലൊ” എന്നൊരു തോന്നൽ ഉണ്ടാവുന്നത് . അതേക്കുറിച്ച് പിന്നീടൊരിക്കൽ പറയാം.

ഉറങ്ങാൻ കിടക്കുമ്പോൾ . . .

ഉറക്കത്തിനു 2 പ്രധാന ഘട്ടങ്ങളുണ്ട് – ദ്രുത നേത്ര ചലന ഘട്ടവും (Rapid Eye Movement Stage), ദ്രുത നേത്ര ചലനമില്ലാ ഘട്ടവും (Non-Rapid Eye Movement Stage). ഉറക്കത്തിലായ വ്യക്തിയുടെ കണ്ണുകൾ ദ്രുതഗതിയിൽ ചലിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ വിഭജനം. തലച്ചോറിന്റെ പ്രവർത്തനങ്ങളെ അളക്കുന്ന ഇ.ഇ.ജി തരംഗങ്ങളിലും ഇവതമ്മിൽ വ്യത്യാസങ്ങൾ കാണാം.
ഉറക്കത്തിലേക്ക് വീഴുന്ന ആദ്യ ഒന്നരമണിക്കൂറിനുള്ളിൽ നിങ്ങൾ REM നിദ്രാഘട്ടത്തിലെത്തുന്നു. ഈ ഘട്ടത്തിന്റെ പ്രത്യേകതയെന്താണ് ? നിങ്ങളുടെ തലച്ചോർ പൂർണ്ണമായും ‘ഉണർന്നിരി’ക്കുകയും ശരീരം ‘സ്തംഭനാവസ്ഥ’യിൽ ആയിരിക്കുകയും ചെയ്യും ! അതായത് മനസ് ഉണർന്നു പ്രവർത്തിക്കുന്നു. സ്വപ്നങ്ങൾ ഈ ഘട്ടത്തിലാണുണ്ടാവുന്നത്. അതിലെ സംഭവങ്ങളോടൊക്കെ നിങ്ങളുടെ മനസ്സ് കൃത്യമായി പ്രതികരിക്കുന്നുണ്ട്. നിങ്ങൾ മനസ്സിൽ നിലവിളിക്കുന്നു, കരയുന്നു, പൊട്ടിച്ചിരിക്കുന്നു … പക്ഷേ… ശരീരം – അത് സ്തംഭിച്ചിരിക്കും. നിങ്ങൾക്ക് ഭയം മൂലം ‘ഓടാൻ’ തോന്നിയാലും കാലുകൾ അനങ്ങുന്നില്ല, നിലവിളിക്കാൻ തോന്നിയാലും തൊണ്ട അടഞ്ഞിരിക്കുന്നു… എന്താണിങ്ങനെ ?

നമ്മുടെ 8 മണിക്കൂർ ഉറക്കത്തിൽ ഏഴോ എട്ടോ തവണയെങ്കിലും നാം REM നിദ്രാഘട്ടത്തിൽ എത്താറുണ്ട്. ഈ അവസരങ്ങളിലെല്ലാം സ്വപ്നവും കാണും. എങ്കിലും ഉറക്കമുണരുന്ന നേരത്തോടടുത്തു കിട്ടുന്ന REM നിദ്രാഘട്ടത്തിലെ സ്വപ്നം – അവസാനം കണ്ട സ്വപ്നം – ആണ് നാം ഓർത്തിരിക്കുന്നത് എന്നു മാത്രം. REM നിദ്രാഘട്ടത്തിൽ മനസ്സിൽ വരുന്ന സംഗതികളോടെല്ലാം ശരീരം പ്രതികരിക്കാൻ തുടങ്ങിയാൽ ഭേഷായി 🙂 ഒരു രാത്രി കൊണ്ട് നാലഞ്ചു ഒടിവും എട്ടുപത്തു ചതവും നിശ്ചയം ! അതു തടയാനുള്ള ഉപാധിയാണ് REM നിദ്രയിലെ ‘ശരീര സ്തംഭനം’.
നമ്മുടെ ഉറക്കത്തിന്റെ 75% സമയവും നാം NREM നിദ്രാഘട്ടത്തിലാണ്. ഇതിനു പിന്നെയും 4 അവാന്തര ഘട്ടങ്ങളുണ്ട്. അതേക്കുറിച്ച് പറഞ്ഞാൽ ഇതു വായിക്കുന്ന നിങ്ങൾ ഉറക്കത്തിലാകുമെന്നതിനാൽ വിടുന്നു :). ഈ NREM സമയത്ത് ‘മരവിച്ച’ മനസ്സും ‘ഉണർന്ന’ ശരീരവുമാണു നമുക്ക് എന്നു പറയാം. ഈ ഘട്ടത്തിൽ സ്വപ്നങ്ങൾ തീരേ ഇല്ല എന്നുപറയാനാവില്ല. എന്നാൽ ഒന്നും ഓർക്കാനാവില്ല.

സ്വപ്ന സമാനം ഈ അനുഭവം . . .
സ്വപ്നം കാണുക 99% വും REM നിദ്രയിലാണെന്ന് പറഞ്ഞല്ലൊ. ഈ അവസ്ഥയിൽ തലച്ചോറിൽ നടക്കുന്ന ഓർമ്മ സംശോധനവും സംഭരണവുമാണു സ്വപ്നങ്ങൾക്ക് കാരണം. ഉറക്കം തുടങ്ങുമ്പോൾ തന്നെ ഇന്ദ്രിയങ്ങളിൽ നിന്നുമുള്ള അറിവിന്റെ ഒഴുക്ക് തടയപ്പെടുന്നു. ഓഫീസ് അടച്ചിട്ടിട്ട് പണിയെടുക്കുമ്പോലെ 🙂 ഇങ്ങനെ data in-put തടഞ്ഞുകഴിഞ്ഞാൽ തലച്ചോർ ജോലി തുടങ്ങുകയായി.
REM നിദ്രയിൽ ആകുന്ന സമയം തലച്ചോറിൽ അന്നന്ന് എത്തിയ ‘അബോധസ്മൃതികളെ’ വ്യവഹാര സ്മൃതി മണ്ഡലം (working memory) എഡിറ്റു ചെയ്യാനാരംഭിക്കുന്നു. ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങൾ മനസ്സിൽ ഉണ്ടാക്കിയെടുത്ത രൂപങ്ങളും ആശയങ്ങളും ചിന്തകളുമൊക്കെ ഇതിനായി ഉപയോഗിക്കപ്പെടുന്നു. ഇങ്ങനെ പൂർവ്വസ്മരണകളുമായി ഒത്തുനോക്കി പുതിയ അറിവുകളെ ദീർഘകാല സ്മൃതിമണ്ഡലത്തിലേക്ക് സംഭരിക്കുന്നു (ഇടതു വശത്ത് കൊടുത്ത ചിത്രം 2*** -ലെ ദീർഘകാല സ്മൃതി മണ്ഡലത്തിൽ നിന്നുമുള്ള ഇരട്ട arrows ശ്രദ്ധിക്കുക).

ഈ പ്രക്രിയ നടക്കുമ്പോൾ മറുവശത്ത് ‘ബോധ’ സ്മൃതികളെയും പരിശോധിക്കുന്നുണ്ട്. പക്ഷേ, ഒത്തു നോക്കലിനായി ഫയലുകൾ തുറക്കുന്നുണ്ടെങ്കിലും അവയുടെ സംഭരണം നടക്കുന്നില്ല. മനസ്സിന്റെ ശ്രദ്ധ ആ ഭാഗത്തേക്ക് കേന്ദ്രീകരിക്കപ്പെടുന്നുമില്ല.
അങ്ങനെ REM നിദ്രയിൽ അബോധസ്മൃതികളുടെ ‘അസംബന്ധ’ ചിത്രങ്ങളാണ് മനസ്സിൽ ഓടിക്കളിക്കുന്നത്. ഇത് നാം മുൻ അനുഭവങ്ങളിലൂടെ ഉണ്ടാക്കി വച്ചിട്ടുള്ള ‘ലോജിക്കി’ന് വിരുദ്ധമാകാം. അപ്പോൾ സംഭരിക്കപ്പെടുന്ന ഡേറ്റയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. ഇതു തടയാൻ മനസ്സ് കാണിക്കുന്ന ‘പൊടിക്കൈ’ ആണ് ഈ അസംബന്ധ ചിത്രങ്ങളെ’ ഒരു സീക്വൻസിൽ കഥ പോലെ ആക്കി മാറ്റുക എന്നത് . ഇതാ ഒരു സ്വപ്നം തയ്യാർ !
തലേന്ന് പറമ്പിൽ ഒരു കയർ കണ്ട് ഒരു മില്ലി സെക്കന്റ് നേരം അതു വല്ല
ഇഴജന്തുവുമായിരുന്നോ എന്ന് നിങ്ങൾ സംശയിക്കുന്നു. ആ സംശയം ഉണ്ടായി എന്ന കാര്യം പോലും നിങ്ങൾ വൈകുന്നേരമായപ്പോഴേക്കും മറന്നു പോകുന്നു. എന്നാൽ അബോധ സ്മൃതിയായി അത് തലച്ചോറിലുണ്ട്. നിദ്രയുടെ ഒരു ഘട്ടത്തിൽ ‘പറമ്പിലെ കയർ’ പൊങ്ങിവരുന്നു. മനസ്സ് ആ ‘അസംബന്ധത്തെ’ ഒരു പാമ്പാക്കി മാറ്റുന്നു. അല്പം ഭാവന ചേർത്ത് ഒരു കഥ അതിനു ചുറ്റും മെനഞ്ഞെന്നും വരാം – പാമ്പ് നിങ്ങളുടെ കട്ടിലിനടിയിൽ, പാമ്പ് നിങ്ങളുടെ കുളിമുറിയിൽ, പാമ്പ് നിങ്ങളുടെ കുഞ്ഞിനരികിൽ – നിങ്ങൾ വടിയെടുക്കാനായി തപ്പുന്നു – ഇല്ല, കൈകൾ സ്തംഭിച്ചിരിക്കുന്നു, ഉറക്കെവിളിക്കാൻ പോലുമാകുന്നില്ല…. കട്ട് !
സ്വപ്നം മാറിക്കഴിഞ്ഞു. നിങ്ങൾ ഏതോ ബന്ധുവിന്റെ കല്യാണ വീട്ടിലാണിപ്പോൾ. ബന്ധുവിനെ നിങ്ങൾക്കറിയാം, എന്നാൽ മുഖം മനസ്സിലാവുന്നില്ല. . . അല്പനേരം കഴിയുമ്പോൾ അത് കല്യാണവീടല്ല മരണവീടാണെന്ന് മനസിലാകുന്നു ..! കട്ട്..!!
ഇങ്ങനെ കാടുകയറുന്നു സ്വപ്നങ്ങൾ. ഇതിനിടെ നിങ്ങൾ ഉണർന്നാൽ അവസാനം കണ്ട സ്വപ്ന സീൻ ചിലപോൾ ഓർത്തെന്നു വരാം. ചിലപ്പോൾ എറ്റവും ഭയപ്പെടുത്തിയ സ്വപ്നം ഓർത്തു എന്നു പോലും വരില്ല. ഉണരുന്ന സമയമാണു മുഖ്യം, സ്വപ്നത്തിലെന്തായിരുന്നു എന്നതല്ല.
അബോധസ്മൃതികളാണു സ്വപ്നകാരകം എന്നു പറഞ്ഞു. അപ്പോൾ ബോധസ്മൃതികളോ ?

NREM നിദ്രാ ഘട്ടത്തിലാണു ബോധസ്മൃതികളെ പ്രധാനമായും സംശോധനം ചെയ്യുന്നതും ശേഖരിക്കുന്നതും. ബോധസ്മൃതികൾ നമ്മുടെ മനസ്സിനെ സംബന്ധിച്ചിടത്തോളം ലോജിക്കലും അർത്ഥ സമ്പൂർണ്ണവുമാണ്. അതിനാൽ അവയെ ബന്ധിപ്പിക്കാൻ കഥ മെനയേണ്ട കാര്യവുമില്ല. അത്നാൽ NREM നിദ്രയിൽ സ്വപ്നങ്ങൾക്ക് സാധ്യത കുറവാണ് – തീരേയില്ലെന്നല്ല. ഈ നിദ്രാഘട്ടത്തിൽ ശരീരത്തിന്റെ പേശീ ബലവും മറ്റും സാധാരണ പോലെയാണ്. അതിനാൽ നാം ഉറക്കത്തിൽ തിരിയുകയും അടുത്ത് കിടക്കുന്നവർക്കിട്ട് തൊഴിക്കുകയും മറിയുകയുമൊക്കെ ചെയ്യും. പക്ഷേ ആ ചലനങ്ങൾ തലച്ചോറിലേക്ക് തിരികെ സിഗ്നലുകളായി വരുന്നത് ഇന്ദ്രിയ സ്മൃതീതലത്തിൽ തന്നെ തടഞ്ഞിരിക്കുന്നതിനാൽ അതൊന്നും നാം അറിയുന്നില്ല, ഉണർന്നാൽ ഓർക്കാറുമില്ല. ഉറക്കത്തിൽ നടക്കുന്ന അസുഖമുള്ളവർ അതു ചെയ്യുന്നത് NREM നിദ്രയിലാണ്. അപ്പോൾ അവരെ ഉണർത്തിയാൽ തങ്ങൾ എവിടെയാണെന്നോ എങ്ങനെ അവിടെ എത്തിയെന്നോ ഒന്നും അറിയാതെ കൺഫ്യൂഷനടിച്ചിരിക്കും. ഇതു തന്നെയാണു കിടക്കപ്പായിൽ മുള്ളുന്നവരും ചെയ്യുന്നത് 🙂
അടിക്കുറിപ്പുകൾ
* 11 ഇന്ദ്രിയങ്ങൾ : അഞ്ചിന്ദ്രിയങ്ങളേ സാധാരണ പറയാറുള്ളൂ എങ്കിലും അതു ശാസ്ത്രീയമായി ശരിയല്ല. പ്രധാനപ്പെട്ട ഇന്ദ്രിയ സംവേദന രീതികൾ ഇവയാണ്: ലഘു സ്പർശം (fine touch), ഗുരുസ്പർശം (crude touch), വേദന (pain), താപം (temperature), കമ്പനം (vibration) , ശരീര/അവയവ ചലനം (positional & movement), കാഴ്ച (vision), കേൾവി (hearing), ശരീര സന്തുലനം (balance), മണം (olfaction), രുചി(gustation). ഇവയോരൊന്നിനും അവാന്തരവിഭാഗങ്ങളുമുണ്ട്.
**ചിത്രം 1 : ഉണർന്നിരിക്കുമ്പോൾ ഓർമ്മച്ചെപ്പിന്റെ പ്രവർത്തനം [ഴാങ് മോഡലിന്റെ ലളിതവൽകൃത ബ്ലോഗ് രൂപം:)]
***ചിത്രം 2 : ഉറക്കത്തിൽ ഓർമ്മച്ചെപ്പ് പ്രവർത്തിക്കുന്നതും സ്വപ്നമുണ്ടാകുന്നതും.
Advertisements
 

37 Responses to “സ്വപ്നം, സ്മൃതി, ബോധം : ഒരു ലഘുവിവരണം”

 1. മൂര്‍ത്തി Says:

  സ്വപ്നം പോലൊരു പോസ്റ്റ്……….

 2. ശ്രീവല്ലഭന്‍. Says:

  സ്വപ്ന വിവരണം ഇഷ്ടപ്പെട്ടു. ഡ്രീം അനാലിസിസ് എന്നൊരു ശാഖയും ഉള്ളതായ് കേട്ടിട്ടുണ്ട്. അതും ഫ്രോയിഡ് അപ്പൂപ്പന്‍റെ അല്ലെ? അതിനെ പറ്റി കുറെ അധികം സൈറ്റുകള്‍ കണ്ടിട്ടുണ്ട്.

  ഓ.ടോ : കമന്‍റ് ഇടാന്‍ വന്നപ്പോള്‍ ഒന്നു ഞെട്ടി.കാഷ്ഠിക്കാന്‍ അന്യന്റെ തിണ്ണയെക്കാള്‍ നല്ലത് സ്വന്തം പറമ്പാണ്. അതിന് മുന്പുള്ളതും വായിച്ചു : -)

 3. സൂരജ് :: suraj Says:

  മൂർത്തി ജീ താങ്ക്സ് 🙂

  വല്ലഭൻ ജീ,
  :))
  ഇന്റർപ്രെട്ടേയ്ഷൻ ഒഫ് ഡ്രീംസ് ഞാൻ വെള്ളെഴുത്ത് മാഷിനു വിട്ടുകൊടുത്തു 🙂 ഞങ്ങൾ തമ്മിൽ ഒരു ‘മെറ്റാ നരേഷൻ’കരാറുള്ളതാ 🙂

  പിന്നെ കമന്റ് ബോക്സിനു മുകളിലെ വാണിംഗ് : ഈയടുത്ത് ഒരു നിരൂപക ശിങ്കം വന്നതിൽ പിന്നെയാ 🙂 ഓരോരോ ബാലചാപല്യങ്ങളേ ..

 4. അഞ്ചല്‍ക്കാരന്‍. Says:

  നല്ല ലേഖനം സര്‍.
  ഇന്ന് ഉച്ചയുറക്കത്തില്‍ കണ്ട ഒരു സ്വപ്നത്തെ കുറിച്ച് ആലോചിച്ചിരിയ്ക്കുമ്പോഴാ ഈ പോസ്റ്റ് കാണുന്നത്. ആ സ്വപ്നം തികച്ചും രസകരമായിരുന്നു. ഒപ്പം ഇത്തിരി വിഷമം ഉണ്ടാക്കുന്നതും. അത് ഒരു പോസ്റ്റാക്കാമെന്ന് കരുതിയിരുന്നപ്പോഴാണ് ഈ “സ്വപ്നങ്ങളെ” കുറിച്ചുള്ള ഈ പോസ്റ്റ് കാണുന്നത്.

  ഇതായിരുന്നു സ്വപ്നം.
  സ്ഥലം തിരുവനന്തപുരം ആണെന്ന് തോന്നുന്നു. തിരക്കൊക്കെ കാണുമ്പോള്‍ അങ്ങിനെയാണ് തോന്നിയത്. നമ്മുടെ മുഖ്യമന്ത്രി അച്ചുതാനന്ദന്‍ എവിടെയോ പോകാനായി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ഒരു ഓട്ടോയില്‍ കയറാന്‍ വരുന്നു. ഓട്ടോ റിക്ഷായുടെ ഡ്രൈവര്‍ എന്റെ ഏറ്റവും അടുത്ത ചങ്ങാതി. (അവന്‍ ഓട്ടോ ഡ്രൈവര്‍ അല്ല. ഇവിടെ വന്ന് ചങ്ങാതത്തിലായ ഒരാളാണ്. സ്വപ്നത്തില്‍ ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ ചങ്ങാതിയാണെന്ന് മാത്രം.) മുഖ്യമന്ത്രി ഓട്ടോയുടെ അടുത്തെത്തുന്നു. പ്രത്യാകിച്ച് ഒന്നും സംഭവിയ്ക്കാത്ത പോലെ എന്റെ ചങ്ങാതി ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ നിന്നും എഴുന്നേറ്റ് പിന്‍ സീറ്റില്‍ ഇരിയ്ക്കുന്നു. മുഖ്യമന്ത്രി ഓട്ടോയുടെ ഡ്രൈവിങ്ങ് സീറ്റില്‍ കയറി ഓട്ടോ സ്റ്റാര്‍ട്ട് ചെയ്യുന്നു. അപ്പോഴാണ് ഞാന്‍ ഈ ദൃശ്യം കണ്ട് അടുത്ത് വരുന്നത്. മുഖ്യമന്ത്രി ഓട്ടോ ഓടിയ്ക്കുന്നതിന്റെ കൌതുകം പങ്കുവെയ്ക്കാനായി ഓട്ടോയില്‍ ഓടി കയറി ചങ്ങാതിയോട് സംസാരിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴാണ് മനസ്സിലാകുന്നത് എന്റെ ചങ്ങാതി പിന്‍ സീറ്റില്‍ മരിച്ചിരിയ്ക്കുകയാണെന്ന്.
  കട്ട്.

  ഉച്ചയുറക്കത്തില്‍ കണ്ട ഈ സ്വപ്നത്തിന് ശേഷം ഇപ്പോള്‍ എട്ട് മണിക്കൂറോളം കഴിയുന്നു. ഇപ്പോഴും ഈ സീനുകള്‍ മനസ്സില്‍ നിന്നും മായുന്നില്ല. ഒരു മാതിരി ഭ്രാന്ത് പിടിച്ച സ്വപ്നം. മുഖ്യമന്ത്രി, ഓട്ടോ റിക്ഷാ, ചങ്ങാതിയായ ഡ്രൈവര്‍, മരണം. ഇത് എന്ത് സ്വീക്വന്‍സാണ്?

  എന്തായാലും ആ സ്വപ്നത്തോടൊപ്പം ഈ പോസ്റ്റും കൂടി വായിച്ച് കഴിഞ്ഞപ്പോള്‍ ആകെപ്പാടെ ഒരു പരവേശം.

 5. പാമരന്‍ Says:

  ഉഗ്രന്‍ ലേഖനം! വളരെ നന്ദി. ഒത്തിരിക്കാലം മുന്പ്‌ ‘സ്വപ്നങ്ങളുടെ അപഗ്രഥനം’ വായിച്ചിട്ടുണ്ടായിരുന്നു. അതിനു കടകവിരുദ്ധമാണ്‌ ഇന്നത്തെ ഇന്‍റര്‍പ്രിറ്റേഷന്‍ എന്നു മനസ്സിലാക്കുന്നു.

 6. എതിരന്‍ കതിരവന്‍ Says:

  ഇന്ദ്രിയങ്ങളില്‍ കണ്ണല്ലാതെ വെളിച്ചം അനുഭവിക്കാന്‍ മസ്തിഷ്ക്കത്തില്‍ ന്യൂറോണുകള്‍ ഉണ്ടെന്ന് C. elegans- ലെ പഠനങ്ങള്‍ തെളിയിക്കുന്നു. അള്‍ട്രാവയലറ്റ് രശ്മികള്‍ അടിയ്ക്കുമ്പോള്‍ കണ്ണില്ലാത്ത ഈ ജീവികള്‍ പ്രതികരിക്കുമത്രെ. അതിന്റെ ജീനുകള്‍ കണ്ടുപിടിച്ചിട്ടിട്ടുണ്ട്.
  —————————-
  ഞാനൊരു അനോണി ഭൂതമാണ്.സ്വന്തമായി ബ്ലോഗുണ്ടാക്കി അവിടെ പലതും തൂക്കാറുണ്ട്. സൂരജ് ഇങ്ങനെയെഴുതും എന്ന് പണ്ടേ സ്വപ്നദര്‍ശനം ഉണ്ടായിരുന്നു.

 7. അനില്‍@ബ്ലോഗ് Says:

  സൂരജ്,
  വളരെ നല്ല പോസ്റ്റ്, അങ്ങിനെ ആകണമല്ലോ, താങ്കള്‍ ഒരു വൈദ്യശാസ്ത്രജ്ഞനാണ്.

  ഇനി കമന്റ് ബോക്സിന് മാന്യമായ സ്വാഗത കാപ്ഷന്‍ നല്‍കുക (വ്യക്തിപരമായ അഭിപ്രായം), അനോണിയെപ്പേടിചു ബ്ലോഗ്ഗ് ചുടണൊ?

  ഒന്നു കൂടി,
  ചില സ്വപ്നങ്ങളെങ്കിലും നമ്മുടെ നിത്യകാഴ്ചയുമായി ബന്ധമില്ലാത്തവ കാണാറുണ്ടു.ചില സ്വപ്നങ്ങള്‍ വരാന്‍ പോകുന്ന സംഭവങ്ങളുമായി ശതമാനമെങ്കിലും ബന്ധപ്പെട്ടുകിടന്ന ചില സംഭവങ്ങളെങ്കിലുമുണ്ടു.

  വീണ്ടും നല്ല പൊസ്റ്റുകള്‍ വായിക്കാന്‍ വരാം.
  ഓ.ടോ.

  അമെരിക്കയിലാണെങ്കിലും കാഷ്ടിക്കന്‍ വെള്ളം അന്വേഷിക്കുന്ന മനസ്സിനെ അഭിനന്ദിക്കുന്നു.

 8. ശ്രീ Says:

  നല്ല ഒരു പോസ്റ്റ്.

 9. സൂരജ് :: suraj Says:

  അഞ്ചൽക്കാരൻ, സന്ദർശനത്തിനും വായനയ്ക്കും നന്ദി. ഫ്രോയിഡിയൻ സിമ്പോളിസം ഉപയോഗിച്ച് അഞ്ചൽക്കാരന്റെ ആ സ്വപ്നം വിശദീകരിച്ചാൽ..ഹൊ! എനിക്കും പരവേശം :))

  പാമരൻ ജീ, 🙂

  എതിരൻ മാഷേ.. :))
  LITE-1 ജീനല്ലേ ? മാഷിനെ ഇവിടെ ഇന്ന് കാണുമെന്ന് എനിക്കും സ്വപ്നദർശനമുണ്ടായിരിക്കുന്നു 😉

  അനിൽ ജീ,

  വരാൻ പോകുന്ന സംഭവം മുൻ കൂട്ടി കണ്ടു എന്ന തോന്നലിനെ കുറിച്ച് – ദേഷാ വൂ പ്രതിഭാസത്തെക്കുറിച്ച് ന്യൂറോസയൻസിന്റെ കാഴ്ചപ്പാട് ഒരു പോസ്റ്റായി ഇടാം.

  ഓടോ: കമന്റ് കാപ്ഷൻ മാറ്റി. താങ്കളുടെ നിർദ്ദേശത്തിനു നന്ദി. ഈയടുത്ത് ഈയുള്ളവൻ എവിടെയോക്കെയോ എഴുതിയത് കണ്ട് ‘ഫീൽ ’ ചെയ്ത ഒരനോണി ഫൂതം തിണ്ണയിൽ കാഷ്ഠിച്ചത് കോരിക്കളഞ്ഞതിൽ‌പ്പിന്നെ ഉണ്ടായ വെളിപാടാണ് 🙂

  അമേരിക്കയിലായാലും ഉഗാണ്ടയിലായാലും നമുക്ക് വെള്ളം വേണം 😉

 10. അഭയാര്‍ത്ഥി Says:

  ഉറക്കത്തെക്കുറിച്ചിത്ര നന്നായി ഞാന്‍ മറ്റൊരിടത്തും ഉറങ്ങാതെ വായിച്ചിട്ടില്ല.
  മാസ്മരിക നിദ്രക്ക്‌ വശംവദനനായപോലെ ഞാന്‍ അക്ഷ്രങ്ങളെല്ലാം അരിച്ച്‌ പെറുക്കി വായിച്ചു-
  രാപ്പിഡ്‌ ഐ മൂവ്മെന്റ്‌ ഉണര്‍ച്ചയില്‍.

  പറഞ്ഞ്‌ വന്നപ്പോള്‍ ഇത്രയും കൂടി അറിയാന്‍ ആഗ്രഹിക്കുന്നു.

  മാസ്മരിക നിദ്രകളെക്കുറിച്ച്‌ (telepathy-hypnotism),
  പാരസൈക്കോളജിയെക്കുറിച്ച്‌ സൂരജിന്റെ അറിവെത്ര?.
  എന്റെ ചിന്തകള്‍ മറ്റൊരാളെ സ്വാധീനിക്കുമൊ?.

  ഞാനീ പ്രേത നിലയത്തിലുപേക്ഷിച്ച ഒരു ചിന്ത നാളെ മറ്റൊരാള്‍ക്കാല്‍മഹത്യക്ക്‌ ഹേതുവാകുമൊ?.

  അടുത്തവരുടെ ജനനവും, മരണവും മുന്‍ കൂട്ടി അറിയുമൊ?

  മരിച്ച അരൂപികള്‍ ദര്‍ശനമേകുമൊ?.

  സൂരജിന്റെ ശാസ്ത്രീയ വിശകലനങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നത്‌ കൊണ്ട്‌ ഒഴിവുള്ളപ്പോള്‍ എന്തെങ്കിലും ഇതിനെ ഒക്കെ കുറിച്ചെഴുതിയാല്‍
  ഓസിന്‌ വായിക്കാമായിരുന്നു.

  സൂരജ്‌ പണ്ടെ ആഡഡ്‌ ടു ഫേവറെറ്റായതിനാല്‍ വായിക്കാന്‍ മിസ്സാവില്ലെന്നുറപ്പ്‌ പറയാം.

 11. കിരണ്‍ തോമസ് തോമ്പില്‍ Says:

  മോനേ ഇതാണോ അമേരിക്കന്‍ ഗവേഷണം. എവിടെ നിന്ന് കിട്ടുന്നു സമയം. എന്തായാലും ഉഗ്രന്‍

 12. കാവലാന്‍ Says:

  നല്ല ലേഖനം, സ്വപ്നത്തെക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ഇങ്ങനെയൊന്നുമല്ലായിരുന്നു ഒക്കെ പൊളിച്ചടക്കി.
  അഭിനന്ദനങ്ങള്‍.

  ഇനി വെറും ഓടോ;
  കിരണ്‍,ഇതാണു പറയുന്നത് തലയില്‍ ആളുതാമസമുള്ളവന് വട്ടായാലും ജനത്തിനു കുറേ നല്ലതു കിട്ടും എന്ന്,സൂരജിനു വട്ടിളക്കിയ വെള്ളെഴുത്തിനും കണ്ണൂസിനും പ്രത്യേക അഭിനന്ദനങ്ങള്‍.

  പിന്നെ, പ്ഞ്ചേന്ദ്രിയങ്ങള്‍ കൂടാതെയും ഇന്ദ്രിയങ്ങളുണ്ട് എന്നു വച്ച്
  “അഴലിന്‍ പഞ്ചാഗ്നി നടുവില്‍….
  പഞ്ചേന്ദ്രിയങ്ങളും …. ഉരുകുമ്പോള്‍…..” എന്നത് പതിനൊന്നിന്ദ്രിയങ്ങളും ഉരുകുമ്പോള്‍ എന്നാക്കണമെന്നെങ്ങാനും പറഞ്ഞേക്കരുത്.

  “സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗ കുമാരികളല്ലോ..” എന്നായിരുന്നല്ലോ കവി പറഞ്ഞത്!!!
  ഓ…. കവിചിലപ്പോ മനുഷ്യനായിരുന്നിരിക്കും.

 13. ജ്യോതിര്‍ഗമയ Says:

  Great work doctor ji!!
  Haven’t seen the Zhang model so beautifully simplified anywhere else. Enviable style as usual. Congrats!!

  PS: a small note on hippocampus and the neuroanatomy of memory would have been great with this article.

 14. എതിരന്‍ കതിരവന്‍ Says:

  ഇതു വായിച്ചിരുന്നോ?

  Wolman R.N. and Kozmova M.
  Consciousness and Cognition 16: 838-849, 2007
  സ്വപ്നത്തിലെ യുക്തിഭദ്രതയുള്ള ചിന്തയെപ്പറ്റി.
  Abstract ഇല്‍ ഇങ്ങനെ പറയുന്നു:
  The results support the hypothesis and demonstrate that eight fundamental rational thought processes can be applied to the dreaming process.

  ഭയപ്പാടുണ്ടാക്കുന്ന സംഭവങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നതിന്റെ റിഹേഴ്സലാണ് പേടിസ്വപ്നമെന്നു ഒരു കൂട്ടര്‍ വാദിയ്ക്കുന്നുണ്ട്.

 15. വിചാരം Says:

  🙂

 16. സി. കെ. ബാബു Says:

  സ്വപ്നങ്ങള്‍ visual, auditory, motoric, and emotional വിഭാഗങ്ങളില്‍പ്പെടുത്താവുന്ന, അധികപങ്കും REM sleep period-ല്‍ ഉണ്ടാവുന്ന hallucinations ആണെന്നു് Prof. Gerhard Roth എഴുതിയതു് ഓര്‍മ്മവന്നു.

  നല്ല ലേഖനം.

 17. കിനാവ് Says:

  ദേ, വീണ്ടും സ്വപ്നം….

 18. റഫീക്ക് കിഴാറ്റൂര്‍ Says:

  REM നിദ്രയിലായി പോയി ഞാന്‍.

 19. Don(ഡോണ്‍) Says:

  നന്നായിട്ടുണ്ട് . ഉപകാരപ്രദം.

 20. Rare Rose Says:

  സൂരജ് ജീ..,..സ്വപ്നങ്ങളെ കുറിച്ചുള്ള സങ്കല്പങ്ങളെല്ലാം തന്നെ ഉഴുതു മറിച്ചു ഈ പോസ്റ്റ്…..യാതൊരു സങ്കീര്‍ണ്ണതയുമില്ലാതെ ലളിതമായി തന്നെ സ്വപ്നത്തിനു പിറകിലെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചിരിക്കുന്നു…അഭിനന്ദങ്ങള്‍ ട്ടോ..മനസ്സിലുണ്ടായിരുന്ന കുറെ സംശയങ്ങള്‍ക്കും ഇവിടെ നിന്നും ഉത്തരം കിട്ടി..പിന്നെ ശരീരത്തിന്റെ സ്തംഭനാവസ്ഥയാണു സ്വപ്നത്തില്‍ അനങ്ങാന്‍ വയ്യാതെ ചിലപ്പോഴൊക്കെ തോന്നാന്‍ ഇടയാക്കുന്നതെന്നും മനസ്സിലായി…:)

  തൊട്ടു മുന്നില്‍ ഡോണ്‍ ഉന്നയിച്ച സംശയങ്ങളൊക്കെ ഏതാണ്ടു എനിക്കും അനുഭവപ്പെട്ടിട്ടുണ്ടു ട്ടോ….അതെന്താപ്പോ അങ്ങനെ…എനിക്കും വട്ടുണ്ടാവോ…??

 21. ea jabbar Says:

  നല്ല സ്വപ്നങ്ങള്‍ ദൈവത്തില്‍ നിന്നും ചീത്ത സ്വപ്നങ്ങള്‍ പിശാചില്‍ നിന്നുമാണു വരുന്നത്!
  [നബി വചനം]

 22. ഗുപ്തന്‍ Says:

  സൂരജ് നല്ല കുറിപ്പ്..

  വിശകലനത്തിലെ ഭാഷയുടെ കൃത്യത അത്ഭുതപ്പെടുത്താറുണ്ട് പല്ലപ്പോഴും. അലോപ്പതി വൈദ്യന്മാര്‍ നല്ല ഭാഷ സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന ആ സുന്ദരമോഹനകാലം ഇതാ സമാഗതമായിരിക്കുന്നൂ‍…. (ഇനി പോലീസ്കാരൂ‍ടെ ശ്രമിച്ചാല്‍ സര്‍വം ശുഭം…ഹിഹിഹി. ഞങ്ങള്‍ വക്കീലന്മാര്‍ക്ക് ഒരു കൊഴപ്പോല്യ.. )

  കൊഗ്നിറ്റീവ് ഡിസൊണന്‍സ് എന്ന കുഴഞ്ഞുമറിഞ്ഞ പ്രതിഭാസവുമായി സ്വപ്നത്തെ നേരിട്ട് ബന്ധപ്പെട്ടുത്തി എഴുതിയിട്ടുണ്ടോ ആവോ ആരെങ്കിലും?

  കമ്പ്യൂട്ടര്‍ ഡീഫ്രാഗ്മെന്റേഷന്‍ കാണുന്നത് ഒരു വിഷ്വല്‍ അനാലജി ആയിരിക്കും എന്നും തോന്നുന്നു.

 23. ഭൂമിപുത്രി Says:

  സ്വപ്നങ്ങളെപറ്റിയാണെങ്കില്‍ ഒരുപാട് ചോദിയ്ക്കാനുണ്ടായിരുന്നു..എങ്കിലും തല്‍ക്കാലം ഈ നല്ല ക്ലാസ്കൊണ്ട് തൃപ്തിപ്പെട്ടു.ഗുപ്തന്‍ പറഞ്ഞതുപോലെ,ഇത്ര
  കൃത്യമായ മലയാളവാക്കുകള്‍ തിരഞ്ഞെടുക്കുന്നതിന്‍,
  കൊട് കൈ!

 24. അനൂപ് തിരുവല്ല Says:

  നല്ല പോസ്റ്റ്

 25. യാരിദ്‌|~|Yarid Says:

  സ്ഥിരമായി കാണുന്ന ഒരു സ്വപ്നമുണ്ടായിരുന്നു, പറന്നു പോകുന്ന സ്വപ്നനങ്ങള്‍. സൂരജിന്റെ ഈ പോസ്റ്റ് വായിച്ചു കഴിഞ്ഞതിനു ശേഷം ചുമ്മാ ഒന്നു ഗൂഗിള്‍ കൊടുത്തപ്പോള്‍ ആദ്യം കിട്ടിയ റിസള്‍ട്ട് ഇങ്ങനെയായിരുന്നു.

  “To dream of flying is usually a pleasant experience and is accompanied by a sense of exhilaration and freedom. It usually feels completely natural as if we have somehow always known how to do this. Rarely is the dream accompanied by a fear of heights or of falling. Flying may symbolise liberation from something that’s been troubling you. The obstructions and shackles that have held you down have been released and you can now experience the same sense of freedom that we see in the birds that soar in the sky. The sky may symbolise consciousness and spirituality so to dream of flying can represent the expansion of your awareness and the unfolding of your higher self. (Freud of course took a more materialistic view: to him flying dreams represented sexual release.“

  ഇപ്പൊള്‍ പിന്നെ വന്നു വന്നു ഒരു സ്വപ്നവുമില്ല. കിടന്നാലുടന്‍ ഉറക്കം വരും. അതു കൊണ്ട് സ്വപ്നവുമില്ല ഒന്നുമില്ല.

  നല്ല പോസ്റ്റ് സൂരജ്. മൂര്‍ത്തി മാഷ് പറഞ്ഞതു പോലെ സ്വപ്നം പോലൊരു പോസ്റ്റ്..:)

 26. nalan::നളന്‍ Says:

  സൂരജ്,
  ഹിപ്നോട്ടിസത്തെപ്പറ്റി ഒരു പോസ്റ്റ് പ്രതീക്ഷിക്കാമോ?

 27. (^oo^) bad girl (^oo^) Says:

  Feel good……

 28. കണ്ണൂസ്‌ Says:

  വായിച്ചോണ്ടിരിക്കുന്നു.:) ഇതു വരെ മനസ്സിലായിട്ടില്ല.

 29. Santhanu Nair Says:

  Randu doubt
  Palappozhum urangi thudangumbo oru kuzhiyilekku venathu pole kaalukal onnanganunnathu palappozhum undayittundu. Ithu vaayichappo aadyathe onnonnara manikkor REM aanennum appo shareeram sthambana avasthayil aanennum vaayichu.appol angottu correlate cheyyan pattunnilla. Atho athu urakkathinu munpulla kalaparupadikal aano.
  Pedippikkuna swapnangal kaanumbol enthu kondanu hridaya midippu koodunnathu? Enikku palappozhum undayathu kondu ariyam. Hridayavum saadharana pole pravarthikkendathalle?
  Chodichu vannappol onnu koodi
  Kannukal kondano swapnam kaanunnathu? alla ennanu ente viswasam, pinnendu kondanu kannukal odi nadakkunnathu? akathu nadakkunna parupadiyumayi relate chayyanano?

 30. cibu cj Says:

  സ്വപ്നത്തിന്റെ ഗതി നമുക്ക്‌ കോൺഷ്യസായി നിയന്ത്രിക്കാവുന്നതിനെ ലൂസിഡ്‌ ഡ്രീമിംഗ്‌ (http://en.wikipedia.org/wiki/Lucid_dream) എന്നാണ്‌ പറയുക. എന്റെ പഴയ മാനേജർക്ക്‌ ഈ വിദ്യയറിയാമായിരുന്നു. പഠിക്കുകയാണെങ്കിൽ പഠിച്ചിരിക്കേണ്ട ഒരു വിദ്യ ഇതാണെന്നാണ്‌ കക്ഷിയുടെ പക്ഷം.

  എന്റെ കാര്യത്തിൽ നേരെ തിരിച്ചാണ്‌. പൊതുവെ കാണുന്നതുമുഴുവൻ പേടിസ്വപ്നങ്ങൾ പോലുള്ള്‌ കാര്യങ്ങളാണ്‌. അതു് ഉറങ്ങി എണീറ്റ ഉടനെ അൽപം ഓർമയുണ്ടാവും; എന്നാൽ, വേണമെന്നു വിചാരിച്ചാൽ പോലും അത്‌ കുറച്ചുകഴിയുമ്പോഴേക്കും മറന്നുപോകും. എന്നാൽ എനിക്കറിയാവുന്ന പലരുടേയും കാര്യം അങ്ങനെയല്ല. സ്വപ്നങ്ങളൊക്കെ നല്ല ഓർമ്മയാണ്‌. എന്താണിങ്ങനെ വ്യത്യാസമുണ്ടാവുന്നത്‌?

 31. കുഞ്ഞന്‍ Says:

  വെറുതെയല്ല എല്ലാവരും എന്നോട് നിയേതു സ്വപ്നലോകത്താടാ എന്നു ചോദിക്കുന്നത്.

  എന്തായാലും ഈ സ്വപ്നങ്ങള്‍ കാരണം സ്കലനം നടക്കാറുണ്ട്..!

 32. ചിത്രകാരന്‍chithrakaran Says:

  ശാസ്ത്രവിഷയങ്ങള്‍ വളരെ ലളിതമായി പറഞ്ഞുതരുന്ന സൂരജിനോട് നന്ദി പറയട്ടെ. നമ്മുടെ മനസ്സിന്റെ കൈവരിയില്‍ നിന്ന് ബുദ്ധിയുടെ ആഗാധതയിലെക്ക് ഇടക്കെങ്കിലും എത്തിനോക്കാതിരുന്നാല്‍ ജീവിതം പരന്നുപോകുമെന്നതില്‍ സംശയമില്ല.

 33. അപ്പു Says:

  ഗംഭീര പോസ്റ്റുതന്നെ. ഇതിനൊക്കെ സമയം നീക്കിവയ്ക്കുന്ന ആ നല്ലമനസ്സിനു ഒരു സല്യൂട്ട്.

 34. കണ്ണൂസ്‌ Says:

  സൂരജ്, സിബുവിന്റെ കമന്റിന്റെ വെളിച്ചത്തില്‍ ഒന്നു കൂടി വിശദീകരിക്കണേ സ്വപ്നങ്ങളേ.

  സിദ്ധാര്‍ത്ഥന്‍ (ബ്ലോഗര്‍)പറഞ്ഞ ഒരു സ്വപ്നമുണ്ട്. സ്വപ്നമാണെന്ന് മനസ്സിലാക്കിയുള്ള സ്വപ്നം കാണലിനെപ്പറ്റി. അവന്‍ വന്ന് പറഞ്ഞു തരും. (വന്നില്ലെങ്കില്‍ ഞാന്‍ പറയാം:)

 35. വിചാരം Says:

  സൂരജ്.
  ഞാനിടയ്ക്കിടെ കാണുന്നൊരു സ്വപ്നമുണ്ട് ഭൂമി അതിന്റെ ഗുരുത്വാകര്‍ഷണം നഷ്ടപ്പെട്ട് താഴോട്ട് പതിയ്ക്കുന്നത് ഭൂമിയിലെ വസ്തുക്കലും ജനങ്ങളും ചിന്നി ചിതറി പ്രപഞ്ചത്തിലാകാമാനം ഒഴുകുന്നു. ഈ സ്വപനം പല തവണ ഞാന്‍ കണ്ടിട്ടുണ്ട്.

 36. സിദ്ധാര്‍ത്ഥന്‍ Says:

  കണ്ണൂസ് പറഞ്ഞ, സ്വപ്നമാണെന്നറിഞ്ഞു കാണുന്ന സ്വപ്നം, സിബു പറഞ്ഞ നിയന്ത്രിക്കപ്പെടുന്ന ലൂസിഡ് ഡ്രീമിങ്ങിന്റെ വരുതിയില്‍ വരുന്നതാണെന്നു തോന്നുന്നു. അതേതാണ്ടിപ്രകാരമാണു്:

  ആവശ്യത്തിനു വസ്ത്രമില്ലാതെ ചില സ്ഥലങ്ങളില്‍ എന്നെതന്നെ കാണുന്നതു് പലതവണ ഉണ്ടായിട്ടുണ്ടു്. പിന്നെ പിന്നെ അങ്ങനെയുള്ള സ്വപ്നങ്ങള്‍ വരുമ്പോള്‍ അതു സ്വപ്നമാണെന്നു് ഉണരാതെ തന്നെ തീര്‍ച്ചപ്പെടുത്താന്‍ തുടങ്ങി. ഈയിടെ കണ്ട ഒന്നു് എന്നെ കാണാന്‍ ഏതോ പെണ്ണിന്റെ വീട്ടുകാര്‍ വന്നിരിക്കുന്നു. കല്യാണം ഏതാണു് തീര്‍ച്ചപ്പെട്ട മട്ടാണു്. നീലബനിയനിട്ടു് ( സ്വപ്നം കളറല്ലെന്നു വാദിക്കുന്നവര്‍ നോട്ട് ദ പോയന്റ്) പെണ്ണിന്റെ തന്ത തറവാട്ടു മഹിമ പറയുന്ന രംഗം തൊട്ടാണു് ഓര്‍മ്മ. കക്ഷി ഇവ്വിധം സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എനിക്കൊരു ഭാര്യയും കുട്ടിയും ഉള്ള കാര്യം ഓര്‍മ്മ വന്നു. ടെന്‍ഷനായി. ഇയാളോടെങ്ങനെ അതു പറയും? എങ്ങനെ പറയാതിരിക്കും? വലിയ വിഷമം വന്നാല്‍ വിഷമാവസ്ഥ എങ്ങനെയുണ്ടായി എന്നു ചിന്തിക്കുന്ന രീതി എനിക്കുണ്ടു്. അങ്ങനെ ചിന്തിച്ചപ്പോള്‍ സംഗതിക്കു് വാലും തലയുമില്ല. ഉടനെ അതു സ്വപ്നമാണെന്നു തീര്‍ച്ചപ്പെടുത്തി. നീല ബനിയനെ സമാധാനിപ്പിച്ചു് പറഞ്ഞയച്ചു.

  മുന്‍പു കണ്ട ഒരെണ്ണത്തെപ്പറ്റി
  ഇവിടെ ഉണ്ടു്.

  കൂട്ടത്തില്‍ ഒരു കാര്യം കൂടെ. ആരു കാണുന്ന സ്വപ്നമാണു ഞാന്‍ എന്ന വെള്ളെഴുത്തിന്റെ ചോദ്യം അതിലെ സുന്ദരമായ കാല്പനികത കഴുകിക്കളഞ്ഞെടുത്താല്‍ ഞാന്‍ തന്നെ കാണുന്ന സ്വപ്നമാണെന്നു പറയേണ്ടി വരുമോ? കൂടുതല്‍ വിവരങ്ങള്‍ പുസ്തകത്തിലുണ്ടു്.

  പരസ്യം പതിക്കാന്‍ വകുപ്പുണ്ടാക്കിത്തന്ന സൂരജിനും കണ്ണൂസിനും സന്തോഷമുണ്ടാവട്ടെ 😉

 37. deepdowne Says:

  സൂരജ്‌ജീ, നല്ല പോസ്റ്റ്‌. സ്വപ്നം എന്ന വിഷയത്തെക്കുറിച്ച്‌ എപ്പോഴും ചിന്തിക്കുകയും എന്റെ തന്നെ സ്വപ്നങ്ങളുടെ ഗുട്ടൻസ്‌ മനസ്സിലക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ്‌ ഞാൻ(തത്‌ഫലമായി dreams എന്ന ലേബലിൽ എന്റെ ചില സ്വപ്നങ്ങൾ പോസ്റ്റാക്കി ഇട്ടിട്ടുമുണ്ട്‌). എനിക്ക്‌ സ്വപ്നങ്ങളെക്കുറിച്ച്‌ ആകെമൊത്തം തോന്നിയിട്ടുള്ള ധാരണകൾ സാങ്കേതികമായ നിഗമനങ്ങളുമായി എത്രകണ്ട്‌ അടുത്തുനിൽക്കുന്നു എന്ന് മനസ്സിലാക്കൻ ഈ പോസ്റ്റ്‌ വളരെ സഹായിച്ചു. വ്യത്യസ്തങ്ങളായ സ്വപ്നാനുഭവങ്ങൾ പലരും കമന്റിലൂടെ പങ്കുവെച്ചത്‌ വായിക്കാൻ കഴിഞ്ഞതും ഭാഗ്യം.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )