മെഡിസിന്‍ @ ബൂലോകം

ആയുര്‍വേദ ചര്‍ച്ച : വിലകുറഞ്ഞ പോസ്റ്റു/കമന്റ് യുദ്ധം. ഡിസംബര്‍ 5, 2007

(പുതിയത് )ആയുര്‍വേദ ചര്‍ച്ചാബ്ലോഗ് : സംശയങ്ങള്‍ ചോദിക്കാന്‍, തീര്‍ക്കാന്‍. ഇവിടെ ക്ലിക്കൂ.

ഇതൊരു വിലകുറഞ്ഞ പോസ്റ്റു/കമന്റ് യുദ്ധമായി വളരുകയാണ് എന്നു പല ചര്‍ച്ചകളില്‍ നിന്നും മനസ്സിലാകുന്നു. പക്ഷേ, എന്റെ പേരും പോസ്റ്റിലെ വാചകങ്ങളും പലപ്പോഴായി പണിക്കര്‍ സാറിന്റെ പോസ്റ്റുകളില്‍ വിമര്‍ശനാത്മകമായി പരാമര്‍ശിക്കപ്പെട്ടു കണ്ടതു കൊണ്ടാണ് ഇവിടെ ഇങ്ങനെ കമന്റാം എന്നു കരുതിയത്. തെറ്റായെങ്കില്‍ ക്ഷമിക്കുക. ഇതേക്കുറിച്ചോര്‍ത്ത് തല പുകയ്ക്കാതിരിക്കുക.. ഈ സീരീസില്‍ ഇതു ലാസ്റ്റ് !

അറിഞ്ഞുകൂടാത്തതിനെക്കുറിച്ച് അറിയാന്‍ സാധാരണ ആരും അവലംബിക്കുന്ന രീതിയേ ഞാനും സ്വീകരിച്ചുള്ളു : എന്തിനെക്കുറിച്ചു പഠിക്കാന്‍ ശ്രമിക്കുന്നുവോ അതിന്റെ, ആധികാരികമെന്നു പൊതുവില്‍ അറിയപ്പെടുന്ന, ടെക്സ്റ്റുകള്‍ വാങ്ങി വായിക്കാന്‍ ശ്രമിച്ചത് – ശ്രമിക്കുന്നത്.
എന്റെ കൈയ്യില്‍ ആയുര്‍വേദവുമായി ബന്ധപ്പെട്ടുള്ള പുസ്തകങ്ങളത്രയും ആയുര്‍വേദ കോളജില്‍ പഠിപ്പിക്കുന്നവയാണ്; ഏതൊരാളും കരുതുന്നതു പോലെ അവയുടെ ആധികാരികതയിലും സമഗ്രതയിലും ഞാനും വിശ്വസിച്ചു. പണിക്കര്‍ സാര്‍ ഉദാഹരിച്ചുകൊണ്ടിരിക്കുന്നതു പോലുള്ള ബഹു-അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ആ ടെക്സ്റ്റുകളില്‍ കണ്ടില്ല. (എന്റെ വിവരക്കേട് ). അവയില്‍ പദാനുപദ തര്‍ജ്ജമയായിരുന്നു കൂടുതലും. ചിലയിടത്തു മാത്രം മറ്റു ഗ്രന്ഥങ്ങളുമായി ചില “ക്രോസ് റെഫറന്‍സുകളും”. മതപരമായ ആത്മീയതയും, ആചാരബദ്ധമായ ചികിത്സാരീതികളും വാരി വിതറിയ ടെക്സ്റ്റുകള്‍ കാണുമ്പോള്‍ ആരും സംശയിച്ചുപോകും ഇതില്‍ സയന്‍സ് എവിടെയെന്ന്. പ്രത്യ്യേകിച്ച് നാം ഇന്നു പഠിക്കുന്ന ശാസ്ത്ര തത്വങ്ങള്‍ക്ക് കടക വിരുദ്ധമായ പലതും അതിനിടയില്‍ കാണുമ്പോള്‍. അതു തന്നെയേ എനിക്കും തോന്നിയുള്ളൂ. അതു ഞാന്‍ ബ്ലോഗില്‍ പങ്കുവച്ചു. അത്ര തന്നെ.

‘അലോപ്പൊതി‘ ഡോക്ടറായ ഞാന്‍ ആയുര്‍വേദത്തെക്കുറിച്ചോ ഹോമിയോപ്പൊതിയെക്കുറിച്ചോ മിണ്ടാന്‍ പാടില്ല എന്നില്ലല്ലോ. മാത്രമല്ല, സമാന്തര വൈദ്യരീതികളെക്കുറിച്ച് എന്റെ ക്ലിനിക്കില്‍ രോഗികള്‍ സംശയവുമായി വരുമ്പോള്‍ അവരോട് അതു ചുരുങ്ങിയപക്ഷം അവരുടെ രോഗത്തിനെങ്കിലും ഉപയോഗിക്കാമോ എന്നു പറയാന്‍ വേണ്ടുന്ന അറിവുണ്ടാക്കുക എന്നതേ എന്റെ ലക്ഷ്യത്തില്‍പ്പെടുന്നുള്ളൂ. അതിനിനി പാണിനീയവും അമരകോശവുമൊക്കെ നോക്കണം എന്നുവന്നാല്‍ വൈദ്യന് ആയുസ്സിതു പോരാ എന്നു വരും, അങ്ങനെയെങ്കില്‍ ബ്ലഡ് കാന്‍സര്‍ പോലുള്ള ഒരു രോഗത്തിനു കീമോതെറാപ്പിക്കു പോസ്റ്റുചെയ്ത ഒരു കുട്ടിയുടെ അമ്മ ആയുര്‍വേദം പോലുള്ള സമാന്തര ചികിത്സാസമ്പ്രദായം സ്വീകരിക്കുന്നതിനെക്കുറിച്ചു എന്നോട് ചോദിച്ചാല്‍ ഞാനെന്തു പറയണം ? “അവര്‍ അമരക്കോശവും പാണിനീയവുമൊക്കെ പഠിച്ചു വ്യാഖ്യാനിച്ചുകൊണ്ടിരിക്കുകയാണെന്നും, അതു കഴിയുമ്പോള്‍ ഒരു ട്രീറ്റ്മെന്റു നിശ്ചയിക്കുമെന്നും അതു വരെ വേണമെങ്കില്‍ കാത്തിരിക്കു“ എന്നുമോ ?

രണ്ടുവര്‍ഷം മുന്‍പ് കോളജില്‍ വച്ച് ചില മതസംഘടനാപ്രവര്‍ത്തകര്‍ വിശുദ്ധ ഖുര്‍ ആനിലെ ഭ്രൂണശാസ്ത്രം (Embryology as in the Holy Qur-an) എന്നൊരു പരിഭാഷാപുസ്തകം തന്നു. ഇന്നു കണ്ടുപിടിക്കപ്പെട്ട ഭ്രൂണശാസ്ത്ര രഹസ്യങ്ങളൊക്കെ ഖുര്‍-ആനില്‍ ഉണ്ടെന്നു വാദിക്കുന്നതായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. ഒറിജിനല്‍ ഖുര്‍-ആന്റെ ഒരു പതിപ്പെടുത്തു നോക്കിയപ്പോള്‍ അതിലെ അറബിക് തര്‍ജ്ജമയില്‍ ഇതൊന്നും ഇല്ല. ഉദാഹരണത്തിനു “തുള്ളി” എന്നര്‍ത്ഥം വരുന്ന വാക്കിനു രേതസ്സ് എന്നും, ബീജംഎന്നും ബീജകോശമെന്നും ചിലയിടങ്ങളില്‍ Yക്രോമസോമെന്നും വരെ വ്യാഖ്യാനിച്ചാണ് ഭ്രൂണശാസ്ത്രം മുഴുവന്‍ ഗ്രന്ഥകര്‍ത്താവ് ഖുര്‍ -ആനിലുണ്ട് എന്നു സമര്‍ത്ഥിച്ചിരിക്കുന്നത്. (ഇസ്ലാം മത വിശ്വാസികള്‍ പൊറുക്കുക. ഇത് ഒരു ഉദാഹരണം മാത്രമാണ്. )

എന്നെ സംബന്ധിച്ചിടത്തോളം ശാസ്ത്രത്തിന്റെ രീതിശാസ്ത്രം വച്ചേ എന്തിനേയും വിലയിരുത്താനാവൂ . കാര്യങ്ങള്‍ വസ്തുനിഷ്ഠവും, താത്വികമായി സുതാര്യവും, സര്‍വോപരി സമഗ്രവും പരസ്പരവൈരുദ്ധ്യമില്ലാത്തതുമായിരിക്കണം. ഒരു പരിധി വരെ സംഖ്യിക പിന്‍ബലമുള്ളതും.

പത്തോ നൂറോ രീതിയില്‍ – വേണമെങ്കില്‍ പരസ്പര വിരുദ്ധമായിത്തന്നെ – വ്യാഖ്യാനിക്കാവുന്ന ‘കാവ്യ’ ശകലങ്ങളായിട്ടൊക്കെയാണ് Katzung / Goodman&Gilman പോലുള്ള ഫാര്‍മക്കോളജി പുസ്തകങ്ങളും Opie’s Drugs For the Heartഉം ഒക്കെ പ്രസിദ്ധീകരിക്കുന്നതെങ്കില്‍ !!?!

അറിഞ്ഞുകൂടാത്തതിനെക്കുറിച്ചു ആധികാരികമായി പറയരുതു എന്നതു ശരി തന്നെ.
പക്ഷേ ഈ “ആധികാരികത“യൊക്കെ വായിക്കുന്നവരുടെ മനസ്സില്‍ കല്‍പ്പിച്ചുകൊടുക്കപ്പെടുന്ന വിശേഷണങ്ങള്‍ മാത്രമാണ്. ചിലര്‍ക്കു ബുഷിന്റെ വാക്കുകള്‍ ആധികാരികം, ചിലര്‍ക്ക് ബിന്‍ ലാദിന്റെ വാക്കുകളും.

പരിമിതമായ അറിവുവച്ച് ഒന്നിനേക്കുറിച്ചും ഒരു പോസ്റ്റും ഇടരുതെന്നാണെങ്കില്‍ ബ്ലോഗ്ഗറും പൂട്ടി ഗൂഗിളുകാര്‍ വീട്ടില്‍ പോയിരിക്കേണ്ടിവരും. വിക്കിപ്പീഡിയയും, റീഡേഴ്സ് ഡൈജസ്റ്റും, ആരോഗ്യമാസികയും പിന്നെ ചില്ലറ കിടുപിടി വെബ് സൈറ്റുകളും റെഫര്‍ ചെയ്തിട്ട് ആരോഗ്യം, രാഷ്ട്രീയം, ചരിത്രം, കവിത, ചിത്രരചന എന്നു വേണ്ട മെറ്റാഫിസിക്സിനെക്കുറിച്ചു വരെ ചര്‍ച്ച ചെയ്യുന്ന ബൂലോകത്താണോ ഇത് ????

ആയുര്‍വേദ ശാസ്ത്രീയതയുമായി ബന്ധപ്പെട്ട പോസ്റ്റുകളില്‍ കമന്റിയവര്‍ക്കും, ക്രിയാത്മകമായ, മാന്യമായ രീതിയില്‍ കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചവര്‍ക്കും, പല രീതികളില്‍ ചര്‍ച്ച കൊഴുപ്പിച്ചവര്‍ക്കും, ഇവിടെ കണ്ടതിനു വേറെ ചിലയിടത്തു ഈയുള്ളവനെ ഭര്‍ത്സിച്ച് പോസ്റ്റുകളിട്ടവര്‍ക്കും നന്ദി.

ഭഗവദ് ഗീതയും അദ്ധ്യാത്മയോഗവുമൊന്നും അറിയില്ലെങ്കിലും ഇഷ്ടമില്ലാത്ത അഭിപ്രായം കണ്ടാലുടനെ കലിതുള്ളി ചീത്തവിളിക്കാതിരിക്കാനുള്ള വിവേകം ഉള്ളതിനാല്‍ എല്ലാ ഭര്‍ത്സനങ്ങളേയും പുഞ്ചിരിയോടെ കാണുന്നു.

നല്ല നമസ്കാരം.

(ഇതേ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തല്‍ക്കാലം ഈ പോസ്റ്റോടെ നിര്‍ത്തുന്നു..മറ്റൊരു വിഷയവുമായി ഉടന്‍.)

Advertisements
 

11 Responses to “ആയുര്‍വേദ ചര്‍ച്ച : വിലകുറഞ്ഞ പോസ്റ്റു/കമന്റ് യുദ്ധം.”

 1. സൂരജ് Says:

  ‘അലോപ്പൊതി‘ ഡോക്ടറായ ഞാന്‍ ആയുര്‍വേദത്തെക്കുറിച്ചോ ഹോമിയോപ്പൊതിയെക്കുറിച്ചോ മിണ്ടാന്‍ പാടില്ല എന്നില്ലല്ലോ. മാത്രമല്ല, സമാന്തര വൈദ്യരീതികളെക്കുറിച്ച് എന്റെ ക്ലിനിക്കില്‍ രോഗികള്‍ സംശയവുമായി വരുമ്പോള്‍ അവരോട് അതു ചുരുങ്ങിയപക്ഷം അവരുടെ രോഗത്തിനെങ്കിലും ഉപയോഗിക്കാമോ എന്നു പറയാന്‍ വേണ്ടുന്ന അറിവുണ്ടാക്കുക എന്നതേ എന്റെ ലക്ഷ്യത്തില്‍പ്പെടുന്നുള്ളൂ. അതിനിനി പാണിനീയവും അമരകോശവുമൊക്കെ നോക്കണം എന്നുവന്നാല്‍ വൈദ്യന് ആയുസ്സിതു പോരാ എന്നു വരും, അങ്ങനെയെങ്കില്‍ ബ്ലഡ് കാന്‍സര്‍ പോലുള്ള ഒരു രോഗത്തിനു കീമോതെറാപ്പിക്കു പോസ്റ്റുചെയ്ത ഒരു കുട്ടിയുടെ അമ്മ ആയുര്‍വേദം പോലുള്ള സമാന്തര ചികിത്സാസമ്പ്രദായം സ്വീകരിക്കുന്നതിനെക്കുറിച്ചു എന്നോട് ചോദിച്ചാല്‍ ഞാനെന്തു പറയണം ? “അവര്‍ അമരക്കോശവും പാണിനീയവുമൊക്കെ പഠിച്ചു വ്യാഖ്യാനിച്ചുകൊണ്ടിരിക്കുകയാണെന്നും, അതു കഴിയുമ്പോള്‍ ഒരു ട്രീറ്റ്മെന്റു നിശ്ചയിക്കുമെന്നും അതു വരെ വേണമെങ്കില്‍ കാത്തിരിക്കു“ എന്നുമോ ?

 2. ചതുര്‍മാനങ്ങള്‍ Says:

  ബ്ലഡ് കാന്‍സര്‍ വന്ന ഒരു കുട്ടിയുടെ അമ്മയോടു സംസാരിക്കുന്ന രീതിയിലാണോ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു ഒരു ചികിത്സാരീതി തെറ്റാനെന്നു ലോക സമക്ഷം എഴുതി പ്രസിദ്ധീകരിക്കുന്നതു?. ഒരു രോഗിയോട് സംസാരിക്കുന്ന രീതിയിലാണൊ അലോപ്പതിയിലെ തന്നെ ഒരു കാര്യം എഴുതി പബ്ലിഷ് ചെയ്യുന്നതു?
  അതോ ബ്ലഡ് കാന്‍സര്‍ പിടിപെട്ട ഒരമ്മയുടെ മാനസികാവസ്ഥയാണു ബ്ലോഗ് എഴുതുന്നവര്‍ക്കും അതു വായിക്കുന്നവര്‍ക്കും എന്നു സൂരജിനു തോന്നിയോ? അങ്ങിനെ ഉള്ള ഒരു മാനസികാവസ്ഥയോ നിലവാരത്തകര്‍ച്ചയോ നേരിടുന്നവരാണു ബ്ലോഗിലുള്ളവരെല്ലം അല്ലെങ്കില്‍ അങ്ങിനെ ഉള്ള ഒരു കൂട്ടര്‍ക്കു വേണ്ടി മാത്രമാണു സൂരജിന്റെ ലേഖനങ്ങള്‍ എന്നു വിക്കി കോപ്പിയടിക്കുന്നവരെന്നും രാഷ്ട്രീയം തുടങ്ങി എല്ലാറ്റിനേയും കുറിച്ചു വാചാലരാകുന്നവരാണു ബ്ലോഗര്‍മാരെന്നുമുള്ള സൂരജിന്റെ തന്നെ ഒരു വാചകം വായിച്ചപ്പോള്‍ എനിക്കു തോന്നി.

  ഒരു വിഷയം തെറ്റാണെന്നു നിരീക്ഷിച്ചുകൊണ്ടു നമ്മള്‍ ഒരു പോസ്റ്റൊക്കെ ഇട്ട് ഇരിക്കുമ്പോള്‍ ആ വിഷയത്തിലുള്ള് നമ്മുടെ അറിവിനെത്തന്നെ ചോദ്യംചെയ്യപ്പെടലിനു വിധേയമാക്കുന്നതില്‍ എന്താണിത്ര തെറ്റ്? അതില്‍ ഇത്ര അസഹിഷ്ണുത കാണിക്കേണ്ട് ആവശ്യമുണ്ടോ?

  സൂരജിന്റെ ലേഖനങ്ങള്‍ ചില കാര്യങ്ങളില്‍ വളരെ ഇന്‍ഫൊര്‍മേറ്റീവു ആണു.സൂരജു സ്പെഷ്യലൈസ് ചെയ്യാത്ത വിഷയങ്ങളെക്കുറിച്ചു ആധികാരികമായി പ്രതിപാദിക്കുമ്പോള്‍ വിമര്‍ശനങ്ങള്‍ സ്വാഭാവികമല്ലേ? അതു ശരിയായ ഒരു പ്രവണതയുമല്ലേ?

  അലോപ്പതി ഡോക്ക്ടറായ താങ്കള്‍ക്കു ആയുര്‍വേദത്തെക്കുറിച്ചോ ഹോമിയോപ്പതിയെക്കുറീച്ചോ പറയാം. പക്ഷേ താങ്കളുടെ നിരീക്ഷണങ്ങള്‍ വിമര്‍ശനാതീതമായിരിക്കണമെന്ന് പറയണമെങ്കില്‍ ‘ചിലപ്പോള്‍’ താങ്കള്‍ക്കു അമരകോശമോ പാണിനീയമോ അല്ലെങ്കില്‍ കുറേ സംഹിതകളോ ഒക്കെ സ്പെഷ്യലൈസ്ഡ് ആയി പഠിക്കേണ്ടി വരും, അല്ലെങ്കില്‍ ചിലപ്പോള്‍ ഈ ആയുര്‍വേദം സ്പെഷ്യലൈസ്ഡ് ചെയ്തവരേയും അതില്‍ താല്‍പ്പര്യം കയറി അതു പഠിക്കുന്നവരേയുമൊക്കെ തല്ലിക്കൊല്ലേണ്ടി വരും എന്നാണു കമെന്റ്റുകളും പോസ്റ്റൂകളും വായിച്ചതില്‍ നിന്നും എനിക്കു മനസ്സിലായതു.

 3. അനംഗാരി Says:

  പ്രിയ സൂരജ്,
  താങ്കള്‍ ബൂലോഗത്ത് വന്നപ്പോള്‍ ഞാന്‍ വളരെ സന്തോഷിച്ച ആളാണ്.മറ്റൊന്നും കൊണ്ടല്ല,
  കാമ്പുള്ളതും, പ്രയോജനപ്രദവുമായ ലേഖനങ്ങള്‍,ആരോഗ്യപംക്തികള്‍ ഇതൊക്കെ പ്രതീക്ഷിച്ചു.പകരം ഈ പരസ്പരം ചെളിവാരിയെറിയല്‍ കണ്ട് ഞാന്‍ ഇപ്പോള്‍ ദു:ഖിക്കുന്നു.

  താങ്കള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ കെടുകാര്യസ്ഥതക്കും,അഴിമതിക്കും,എതിരായ ശബ്ദമായി,ബോധവല്‍ക്കരണത്തിന്റെ ഒരു കല്ലു സ്ലേറ്റായി, ഈ ബ്ലോഗ് മാറണം എന്ന് അപേക്ഷ.

 4. മൂര്‍ത്തി Says:

  വിക്കിയും വെബ് സൈറ്റുകളുമൊക്കെ റെഫര്‍ ചെയ്യുന്നത് ശരിയായ രീതി തന്നെ അല്ലേ? ഒരാള്‍ പറയുന്ന കാര്യം ക്രോസ് ചെക്ക് ചെയ്യാന്‍ അവസരം നെറ്റില്‍ ഉണ്ട് അത് ഉപയോഗിക്കുന്നു. തെറ്റാണെന്ന് കാണുന്നവ ചര്‍ച്ചയില്‍ അവതരിപ്പിക്കുന്നു. അത് വഴി മൊത്തത്തില്‍ ചര്‍ച്ചയുടെ നിലവാരം കൂടുകയല്ലേ ഉള്ളൂ. നീയോ ഞാനോ എന്ന മട്ടിലുള്ള തല്ലിനേക്കാള്‍ നല്ലത് അത് തന്നെയല്ലേ? കഴിഞ്ഞ പോസ്റ്റില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രസക്തമായ ചിലതിനെങ്കിലും സൂരജ് മറുപടി പറഞ്ഞില്ല എന്നൊരഭിപ്രായം ഉണ്ട്. ആയുര്‍വേദത്തെ തള്ളിക്കളയുന്നത് അവസാനം പോരെ, നാട്ടറിവുകള്‍ ഉപയോഗിക്കുകയല്ലേ(ശരി ഉണ്ടെങ്കില്‍) ശരി, ആയുര്‍വേദത്തിന്റെ കാര്യത്തില്‍ സീറോ ടോളറന്‍സും, മോഡേണ്‍ വൈദ്യത്തിന്റെ കാര്യത്തില്‍ 63% വരെ ടോളറന്‍സും , റിസര്‍ച്ചിന്റെ പകുതിയില്‍ തന്നെ റിസര്‍ച്ച് ചെയ്യപ്പെടുന്ന കാര്യത്തില്‍ കഴമ്പില്ല എന്ന വാദത്തിന്റെ ശരിയില്ലായ്മ തുടങ്ങിയവ. അവ മറുപടി അര്‍ഹിക്കുന്നു എന്ന് തന്നെ കരുതുന്നു. പോസ്റ്റിട്ട ആള്‍ എന്ന നിലക്കാണ് താങ്കളോട് പറയുന്നത്. ചര്‍ച്ച കണ്‍ക്ലൂഡ് ചെയ്തില്ല എന്നൊരു തോന്നല്‍. തെറ്റാണെങ്കില്‍ ക്ഷമിക്കുക…

  വില കുറഞ്ഞ കമന്റ് പോസ്റ്റ് ചര്‍ച്ച ആയോ എന്നറിയില്ല. ചിലതൊഴിച്ചാല്‍ മൊത്തത്തില്‍ നല്ല ചര്‍ച്ചയായിരുന്നു എന്ന് തന്നെ തോന്നുന്നു.

 5. N.J ജോജൂ Says:

  സൂരജ്,

  സൂരജിന്റെ ഉദ്ദ്യേശശുദ്ധിയെ മാനിയ്ക്കുന്നു. പക്ഷേ സൂരജ് ചില മുന്‍‌വിധികളോടെയാണോ വിഷയത്തെ സമീപിച്ചതെന്നു സംശയമുണ്ട്.

  ആയുര്‍വേദവും മറ്റും ഗുരുകുലസമ്പ്രദായത്തില്‍ കൈമാറിയിരുന്നതാണല്ലോ. അത് ശ്ലോകങ്ങള്‍ വായിച്ചുമാത്രം മനസിലാക്കാന്‍ കഴിയുമോഎന്നു സംശയമുണ്ട്.

 6. ചിത്രകാരന്‍chithrakaran Says:

  സൂരജ് ധൈര്യപൂര്‍വ്വം സൂരജിനു ശരിയെന്നു തോന്നുന്നത് എന്തുമെഴുതുക. പരസ്പര ബഹുമാനമെന്നത് സത്യം മൂടിവക്കാനുള്ള ഉപചാപ ആചാരമായിക്കൂട.
  ആരുടെയും ഏത് അഭിപ്രായത്തേയും അവരുടെ അഭിപ്രായമായി കാണാനും,ആ അഭിപ്രായം തെറ്റായാലും ശരിയായാലും വെളിപ്പെടുത്താന്‍ കാണിച്ച മനസ്സിനെ ബഹുമാനിക്കലുമാണ്.
  കമന്റ്,ബ്ലൊഗ് യുദ്ധങ്ങള്‍ക്ക് നാം പ്രാധാന്യം കൊടുക്കുംബോള്‍ മാത്രമേ അതു വലിയ പ്രശ്നമാകുകയുള്ളു.
  പ്രാധാന്യം നല്‍കാതിരിക്കുക.
  ഒന്നോ രണ്ടോ വ്യക്തികളെ മാനസാന്തരപ്പെടുത്താനാണ് താങ്കള്‍ ബ്ലൊഗ് ചെയ്യുന്നത് എന്ന് എന്തിനു തെറ്റിദ്ധരിക്കണം?
  ക്ഷേമാശംസകളോടെ…

 7. സൂരജ് Says:

  ചര്‍ച്ച തുടരുകയും ഇടപെടുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി.
  ഈ ബ്ലോഗിന്റെ തുടക്കത്തിലേ തന്നെ ഇങ്ങനെയോരു വിവാദത്തിലേര്‍പ്പെട്ട് അന്തരീക്ഷമലിനീകരണം ഉണ്ടാക്കാനുദ്ദേശിച്ചിരുന്നില്ല 🙂

  ഇവിടെ കമന്റുന്നവര്‍ ഒരു ശാസ്ത്രവിഷയത്തിനോ രാഷ്ട്രീയ വിഷയത്തിനോ നല്‍കേണ്ടുന്ന മാന്യത നല്‍കിക്കൊണ്ടുതന്നെയാണു എഴുതുന്നത് എന്നു പകല്‍ പോലെ വ്യക്തം. എങ്കിലും മറ്റു ചില ബ്ലോഗ് പോസ്റ്റുകളില്‍ ചില നിലവാരമില്ലാത്ത വ്യക്ത്യധിഷ്ടിത വാചകങ്ങള്‍ കണ്ടപ്പോള്‍ ചെറിയൊരു അന്ധാളിപ്പ്..അത്രേ ഉള്ളൂ..
  പിന്നെ ചിത്രകാരന്റെ വാക്കുകള്‍ ആ ഫീലിംഗ് മാറ്റി. അതേ, ആരെ മാനസാന്തരപ്പെടുത്താനാണു ഞാന്‍ ബ്ലോഗുന്നത് ? എന്റെ ബുദ്ധിക്കും വിവരത്തിനും നിരക്കുന്നതല്ലേ ഞാന്‍ എഴുതേണ്ടതു ?
  തീര്‍ച്ചയായും…എല്ലാവര്‍ക്കും വീണ്ടും നന്ദി.

  ചര്‍ച്ച തുടരട്ടെ…

 8. സൂരജ് Says:

  വക്കാരിമാഷുടെ ആ കമന്റ് ഓര്‍മ്മിപ്പിച്ചതിനു മൂര്‍ത്തിജീക്കു നന്ദി. അതു കഴിഞ്ഞ പോസ്റ്റിലെ കമന്റുകള്‍ക്കിടയില്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല.
  ലക്ഷ്മി മിശ്രയുടെ പുസ്തകഠിലെ ഈ വരികളാണല്ലോ വക്കാരിമാഷ് ക്വോട്ട് ചെയ്തത്.
  In 1983, the US Office of Technology stated that only 10-20% of all procedures currently used in medical practice had been shown effective by controlled trial.

  മൂര്‍ത്തിജീ ഈ കണക്കു തിരിച്ചു നിര്‍ത്തി ‘ 63% കണ്ണടയ്ക്കല്‍ ’ എന്നൊരു ആരോപണവും ഉന്നയിച്ചിരിക്കുന്നു. [ അങ്ങനൊരു അനുമാനം സാംഖ്യികമായി ശരിയല്ല കേട്ടൊ 🙂 ..പോട്ടെ…നമുക്കു വിഷയത്തിലേക്കു കടക്കാം]

  1. ലക്ഷ്മി മിശ്ര പറഞ്ഞതു പോലുള്ള ഒരു കമന്റ് Office of Health Technology Assessment (OHTA) ന്റെ ചില പ്രസിദ്ധീകരണങ്ങളില്‍ വന്നതാണു. എന്നാല്‍ ചരിത്രപരമായി ഇതു ആദ്യം ചര്‍ച്ചക്കു വച്ചത്, കെര്‍ വൈറ്റ്, ആര്‍ച്ചീ കോക്രെയ്ന്‍ എന്നിവരാണ്. വൈദ്യ ശാസ്ത്ര മെതഡോളജികളെ കുറിച്ചു 1970 കളിലെ അവരുടെ ചില തമാശരൂപേണയുള്ള കമന്റുകളാണ് ഈയൊരു സ്ഥിതിവിവരക്കണക്കിനു വിത്തുപാകിയത്. ഇന്ന് നാം അവലംബിക്കുന്ന ശാസ്ത്രീ‍യ നിഷ്കര്‍ഷകള്‍ ക്യത്യമായി പാലിക്കാതെയുള്ള ചില പഠനങ്ങളാണ് കോക്ക്രെയ്ന്‍, വൈറ്റ് എന്നിവരുടെ ആത്മവിമര്‍ശപരമായ ആ കമന്റിനു പിന്നിലുണ്ടായിരുന്നത്. എന്നാല്‍ അതു OHTA 1978 ല്‍ ഒരു ഔദ്യോഗിക സ്റ്റേറ്റ് മെന്റ് ആക്കുകയും 1983ല്‍ ആവര്‍ത്തിക്കുകയും ചെയ്തു.

  2. OHTAയുടെ ഈ കമന്റ് വിശകലനം ചെയ്ത മത്തിയാസ് പെര്‍ലെത്ത്, ഡേവിഡ് സാക്കറ്റ് എന്നിവര്‍ ഈ കമന്റിനെ ഒരു സ്ഥിതിവിവരക്കണക്കായി ഉറപ്പിക്കുന്നതിനെതിരേ ചില മുന്നറിയിപ്പുകള്‍ നല്‍കുകയുണ്ടായി . ഒന്നാമത് ഈ കമന്റ് ആവര്‍ത്തിക്കപ്പെടുന്ന 1982 – 85 കാലഘട്ടത്തില്‍ റിവ്യൂ ചെയ്യപ്പെട്ട മെഡിക്കല്‍ സാങ്കെതിക വിദ്യകളില്‍ 69% ത്തിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. രണ്ടാമതു ഈ കമന്റ് സൂചിപ്പിക്കുന്ന “ 10 -20% “ എന്നത്, രോഗിയുടെ മേല്‍ പ്രയോഗിക്കുന്ന/പ്രയോഗിച്ചിരുന്ന ചികിത്സാരീതികളുടെ പ്രയോജനപരതയെ പ്രതിഫലിപ്പിക്കുന്ന കണക്കെ അല്ല.

  4. വൈദ്യം അതിന്റെ ക്ലിനിക്കല്‍ നിര്‍ദ്ദേശങ്ങളെയും ചികിത്സാ ഇടപെടലുകളെയും ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മൊത്തത്തില്‍ മൂന്നായി വിഭജിച്ചിരിക്കുന്നു:

  (I) റാന്ഡമൈസ്ഡ് കണ്ട്രോള്‍ഡ് ട്രയലുകള്‍ കൊണ്ട് തെളിയിക്കപ്പെട്ട കാര്യങ്ങള്‍ (ഉദാഹരണം : രക്തസമ്മര്‍ദ്ദ മരുന്നുകളില്‍ പ്രധാനപ്പെട്ടവ.)
  (II) റാന്‍ഡമൈസ്ഡ് അല്ലാത്ത കണ്ട്രോള്‍ഡ് ട്രയലുകള്‍ /അനേകം പരീക്ഷണങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ റിസല്‍റ്റുകല്‍. (വിവിധ ഇന്‍ഫക്ഷനുകള്‍ക്കു ഫലപ്രദമായി കാണുന്ന ആന്റീബയൊട്ടിക്കുകള്‍ )
  (III) കാര്യകാരണ ബന്ധത്തിന്റെ പിന്‍ബലമുള്ളതും,പല കാലങ്ങളിലായി ഫലപ്രദം എന്നു അഭിപ്രായം ഉരുത്തിരിഞ്ഞു വന്നതുമായ റിസല്‍റ്റുകള്‍ (ഉദാ: പ്രധാന ചികിത്സക്കുപുറമേ നല്‍കപ്പെടുന്നവ – ചില ഫിസിയോതെറാപ്പികള്‍).

  ഇതില്‍ Category (I)ല്‍ പെട്ടവയെ മാത്രമാണു 10-20% കണക്ക് കൊണ്ട് അര്‍ഥമാക്കുന്നത്. രോഗിക്കുമേല്‍ പ്രഥമമായും പ്രധാനമായും പ്രയോഗിക്കുന്ന ചികിത്സാ രീതികള്‍ (ഉദാ: ക്ഷയരോഗിക്ക് ആന്റീ ടീബി മരുന്നുകള്‍) കൂടാതെ ഒട്ടനവധി supportive treatment measures നാം ഉപയോഗിക്കുന്നു.(ഇവ പലതും ഒന്നാം ശ്രേണീതെളിവുകള്‍ ഉള്ളവയാണ്). എന്നാല്‍ എല്ലാ ചികിത്സാമുറകളെയും ആകമാനം എടുത്താല്‍ പ്രധാന ചികിത്സാമുറയ്ക്കു പുറമേയുള്ള supportive treatment ഇടപെടലുകള്‍ക്കു Randomised Controlled trialകളുടേ അടിസ്ഥാനത്തിലുള്ള തെളിവുകള്‍ കുറവുതന്നെയാണ് . ഇവിടെ denominator ല്‍ ഉണ്ടാകുന്ന വര്‍ധനവാണ് സാംഖ്യികമായ വ്യതിയാനങ്ങള്‍ ഉണ്ടാക്കുന്നതെന്നു സാരം.

  5. മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍ എന്ന “ഹാര്‍ട്ട് അറ്റാക് ” വരുമ്പോള്‍ പല ചികിത്സാ രീതികളും (interventions) ഉപയോഗിക്കാം. ഉദാഹരണത്തിനു രക്തക്കട്ട അലിയിക്കുന്നതിനു മരുന്നുകളും ഉപയോഗിക്കാം, ബലൂണ്‍ ആഞ്ചിയോപ്ലാസ്റ്റിയും ഉപയോഗിക്കാം. എന്നാല്‍ രോഗശാന്തിക്കു ഏറ്റവും ഇഫക്ടീവായ ചികിത്സാരീതി ഉപയോഗിക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. അതു രോഗിയെയും രോഗാവസ്ഥയേയും കണക്കിലെടുത്തു മാത്രം നിശ്ചയിക്കുന്നവയാണ്.

  അങ്ങനെ വരുമ്പോള്‍ നമ്മുടെ ചോദ്യം രണ്ട് രീതിയില്‍ ചോദിക്കാം :

  a) ഇന്നു ഉപയോഗിക്കാം എന്നു വിശ്വസിക്കപ്പെടുന്ന ചികിത്സാ ഉപാധികളില്‍ എത്ര ശതമാനമാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ശരിവയ്ക്കപ്പെട്ടിട്ടുള്ളത് ?

  1970കളില്‍ ഇതിന്റെ ഉത്തരം 10 – 20% വരെയെന്നു OHTA. ക്യത്യമായ ഒരു കണക്ക് ലഭ്യമായിട്ടില്ല. ചില ശ്രമങ്ങള്‍ 1998 ല്‍ തുടങ്ങിയിരുന്നു.

  b) രോഗികള്‍ക്കു ലഭിക്കുന്ന ചികിത്സാഉപാധികളില്‍ എത്രശതമാനം പേര്‍ക്ക് തെളിവധിഷ്ഠിതമെന്ന് കണ്ടെത്തിയവ കിട്ടുന്നു ?

  മുന്‍പു പറഞ്ഞ എല്ലാ വിഭാഗങ്ങളിലെയും തെളിവുകള്‍ എടുത്താല്‍ ഇതു 80% മുതല്‍ 97% വരെ വരും എന്നു ബ്രിട്ടന്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ ഇടങ്ങളിലെ 19 പ്രധാന സെന്റരുകളില്‍ മാത്രം നടന്ന പഠനങ്ങള്‍ കാണിക്കുന്നു. ഇതില്‍ ഏറ്റവും കുറഞ്ഞ തെളിവധിഷ്ഠിത മുറകള്‍ പ്രയോഗിക്കപ്പെടുന്നതു ക്യാന്‍സര്‍ ചികിത്സയിലാണ് – 45% വരെ. പക്ഷെ ആ പഠനത്തിലെ കണക്കുകളില്‍ ചില പിശകുകള്‍ റിവ്യൂകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

  വസ്തുനിഷ്ഠമായ (objective) തെളിവുകളുടെ അടിസ്ഥാനത്തിലേ രോഗചികിത്സ പാടുള്ളൂ എന്ന ശാസ്ത്രീയ നിഷ്കര്‍ഷ പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയാണ് ഈ വിശകലനങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്.

  (തെളിവധിഷ്ഠിത വൈദ്യം എന്ന പോസ്റ്റിന്റെ വരാന്‍ പോകുന്ന “രണ്ടാം ഭാഗ“ത്തില്‍ കൂടുതല്‍ വിശദമായി എഴുതാം.)

 9. വക്കാരിമഷ്‌ടാ Says:

  സൂരജ്, 63% കണ്ണടയ്ക്കല്‍ എന്നത് ഞാന്‍ പറഞ്ഞത് മൂര്‍ത്തി ക്വോട്ട് ചെയ്തതാണ്. ഇതാണ് ആ ഭാഗം മൊത്തത്തില്‍:

  …In balance, it might be helpful to note that if the highest scientific rigor were demanded of allopathic medicine as is being demanded of CAM practices, including Ayurveda, conventional medical practice would not meet the mark either. In 1983, the US Office of Technology stated that only 10-20% of all procedures currently used in medical practice had been shown effective by controlled trial. Currently, data indicate that only 20-37% of procedures in conventional medicine have been subjectd to the same standards as demanded for CAM

  ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ വാദങ്ങള്‍ വരുമ്പോള്‍ സൂരജ് നിഷ്കര്‍ഷിക്കുന്ന കൃത്യതയും റഫറന്‍സുകളുടെ ആധികാരികതയും ആയുര്‍വേദത്തെപ്പറ്റി പറയുമ്പോള്‍ സൂരജ് തന്നെ നോക്കുന്നില്ല എന്ന് (എനിക്ക്, ചിലപ്പോളൊക്കെ) തോന്നുന്നതുപോലെ ആധുനിക വൈദ്യശാസ്ത്ര മരുന്നുകളുടെയും മറ്റും കാര്യത്തില്‍ കൊടുക്കുന്ന ടോളറന്‍സ് കാം മരുന്നുകളുടെ കാര്യത്തില്‍ കൊടുക്കുന്നില്ല എന്നാണ് അതില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയത്. ആധുനികവും കാമും തമ്മിലുള്ള താരതമ്യമായിരുന്നു അത്. ആ പുസ്തകത്തിലെ ആ വാചകങ്ങളെ അടിസ്ഥാനമാക്കിയാണ് 63% ശതമാനം എന്ന് പറഞ്ഞത്. ആ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കാലഹരണപ്പെട്ടതാണോ/തെറ്റാണോ എന്നറിയില്ല. Currently എന്നാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. ആ കറന്റടി എത്രമാത്രം കറന്റാണെന്നറിയില്ല. അവര്‍ റഫറന്‍സ് നമ്പര്‍ 7 പ്രകാരമാണ് അത് പറഞ്ഞിരിക്കുന്നത്. അത് ഏത് റഫറന്‍സ് ആണെന്നുമറിയില്ല.

  പലപ്പോഴായി ഞാന്‍ പറയുന്ന, ലെവല്‍ പ്ലെയിംഗ് ഫീല്‍ഡിന്റെ കാര്യമാണ് ഇവിടെയും ഓര്‍മ്മ വരുന്നത്. മോഡേണ്‍ മെഡിസിനെപ്പറ്റി പറയുമ്പോള്‍ എത്രമാത്രം എഫര്‍ട്ട് സൂരജ് തന്നെയെടുക്കുന്നു എന്ന് സൂരജിന്റെ കമന്റുകളില്‍ നിന്ന് തന്നെ വ്യക്തമാണല്ലോ. മരുന്നു ഗവേഷണങ്ങളുടെ കാര്യത്തെപ്പറ്റിയുള്ള ഒരു വാചകം ക്വോട്ടിയപ്പോള്‍ തന്നെ അതിന്റെ ഉറവിടം, ആര് എവിടെ പറഞ്ഞു, അതിന്റെ ഫോളോ‍-അപ്, ഇപ്പോള്‍ ആ വാചകങ്ങളുടെ സാധുത തുടങ്ങി എത്ര കാര്യങ്ങള്‍ സൂരജ് ശ്രദ്ധിക്കുന്നു? അതുപോലെ മോഡേണ്‍ മെഡിസിനിലെ മരുന്നുഗവേഷണത്തിന്റെ രീതികള്‍ വരെ സൂരജ് വിശദീകരിക്കുന്നു. ആ ഒരു ഈക്വല്‍ എഫര്‍ട്ട് എടുത്ത് ആയുര്‍വേദത്തെപ്പറ്റിയും നല്ല്ലപോലെ മനസ്സിലാ‍ക്കിയിട്ടാണോ സൂരജ് ആയുര്‍വേദത്തെപ്പറ്റി (ആയുര്‍വേദത്തെപ്പറ്റിയുള്ള) ആദ്യത്തെ പോസ്റ്റിലും അതിന്റെ ലേബലുകളിലും പറഞ്ഞത് എന്നതാണ് എനിക്കുള്ള പല സംശയങ്ങളില്‍ ഒരു സംശയം. അതേ സമയം ആയുര്‍വേദത്തിലും കൂടി താത്പര്യമുള്ള പണിക്കര്‍ മാഷ് സൂരജ് മോഡേണ്‍ മെഡിസിനിലെടുക്കുന്ന അതേ താത്പര്യത്തോടെയാവണം അതിലെ കാര്യങ്ങള്‍ നമുക്ക് വിശദീകരിച്ച് തരുന്നത്.

  മോഡേണ്‍ മെഡിസിനെപ്പറ്റി അബദ്ധമായ കാര്യങ്ങള്‍ എഴുതിക്കാണുമ്പോള്‍ സൂരജിന് തോന്നുന്ന വികാരങ്ങള്‍ തന്നെ ആയുര്‍വേദത്തെപ്പറ്റി തെറ്റാണെന്ന് തോന്നുന്ന കാര്യങ്ങള്‍ എഴുതിക്കാണുമ്പോള്‍ അത് എഫര്‍ട്ട് എടുത്ത്/അതിനെ മനസ്സിലാക്കി പഠിച്ചവര്‍ക്കും കാണും. പലരുടെയും പ്രതികരണം പല രീതിയിലാവും എന്ന് മാത്രം.

 10. സൂരജ് Says:

  ആയുര്‍വേദത്തിന്റെ ഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യാന്‍–>

  ആയുര്‍വേദ ചര്‍ച്ചാബ്ലോഗ് ഇവിടെ : http://ayurvedadiscussion.blogspot.com/
  ഈ വിഷയത്തില്‍ ആരെങ്കിലുമൊക്കെ ഈ പുസ്തകങ്ങള്‍ വായിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും “വ്യാഖ്യാനിക്കുകയും” ചെയ്യും എന്നു കരുതുന്നു.

 11. sud Says:

  Read your article. What you have to remember is that as a physician, your responsibility is the well being of the patient. There can be varied approaches for this. In science there always have been more than one approach for explaining natural phenomenon. And there always have been people who passionately believe in one approach. So long as it does not cross the line in Ethics, you have to allow others live and practise their trade.


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )