മെഡിസിന്‍ @ ബൂലോകം

‘ആയുസ്സിന്റെ വേദം‘ : വ്യാഖ്യാനങ്ങള്‍ക്കപ്പുറം നവംബര്‍ 28, 2007

ഒരു ശാസ്ത്രമെന്ന നിലയ്ക്കുള്ള ആയുര്‍വേദത്തിന്റെ മുരടിപ്പിനു കാരണം മതവിശ്വാസത്തിന്റെ അമിത സ്വാധീനമാണ് എന്നു ചരിത്രപരമായി നോക്കിയാല്‍ കാണാം. ചരകന്റെയും സുശ്രുതന്റെയും ശാസ്ത്രം – വിശേഷിച്ച് ശസ്ത്രക്രിയാ ശാസ്ത്രം ആയുര്‍ വേദത്തിന്റെ ചില പരമ്പരാഗത “ശരീരശാസ്ത്ര” സങ്കല്‍പ്പനങ്ങളുമായി യോജിച്ചു പോകുന്നതായി കാണാന്‍ കഴിയുന്നില്ല..ഒരുപക്ഷെ അവര്‍ പ്രകടിപ്പിച്ച ശാസ്ത്രാഭിരുചി പില്‍ക്കാലത്തുള്ളവര്‍ ഏറ്റെടുത്തിരുന്നെങ്കില്‍ ഇന്നു മേയോ ക്ലിനിക്കും ഹാര്‍വാര്‍ഡ് സ്കൂള്‍ ഒഫ് മെഡിസിനുമൊക്കെ നമ്മുടെ തിരുമുറ്റത്തായേനെ..!
പക്ഷെ അത്തരമൊരു മുന്നേറ്റത്തിനുള്ള സാധ്യത ഉള്ളില്‍ നിന്നു കൊട്ടിയടച്ചത് ” ദൈവദത്തമാണ് ” ഇതെന്നും അതിനാല്‍ ഇതിന്റെ തത്വങ്ങള്‍ മാറ്റാന്‍ പാടില്ല എന്നുമുള്ള പിടിവാശി തന്നെയല്ലേ. മാറ്റമില്ലാതെ എന്തു ശാസ്ത്രം? യഥാര്‍ത്ഥ ശാസ്ത്രത്തിന്റെ മുഖ മുദ്ര തന്നെ സ്വയം നവീകരണമാണ്.
കാടും കാട്ടുകിഴങ്ങുമെടുത്ത് രോഗിയിലോ ആരോഗ്യവാനിലോ പരീക്ഷിക്കുക എന്നതു മാത്രമല്ല ശാസ്ത്രം. ശാസ്ത്രത്തിന് ഒരു ഉപപത്തി (hypothesis) വേണം പരീക്ഷിച്ച് / നിരീക്ഷിച്ച് തെളിവെടുത്ത് സാമാന്യവത്കരിക്കാന്‍. എന്താണു ആയുര്‍വേദത്തിന്റെ ഫിസിയോളജി ? ജൈവശാസ്ത്രതലത്തില്‍ എങ്ങനെയാണു ആയുര്‍വേദം മനുഷ്യ ശരീരത്തെ അപഗ്രഥിച്ചിരുന്നത് ? വാത/പിത്ത/കഫ തിയറികളില്‍ കിടന്ന് നട്ടം തിരിഞ്ഞിരുന്ന ഈ ശാസ്ത്രത്തിന്റെ മരുന്നുപ്രയോഗത്തെ മാത്രം വച്ചാണു ഇന്നു ആളുകള്‍ അതിനെ പിന്താങ്ങുന്നത്. ആഴത്തിലെക്കു ചെന്നാല്‍ അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദത്തില്‍ നല്ലൊരു പങ്കിലും എന്നു അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും.
അതിലേക്കൊരു നോട്ടം :

മൂലഗ്രന്ഥങ്ങളില്‍ നിന്നും ആയുര്‍വേദത്തെ കണ്ടെടുക്കല്‍

ആയുര്‍വേദത്തിന്റെ “ഫിസിയോളജിക്കല്‍” സങ്കല്‍പ്പങ്ങള്‍ അറിയാന്‍ അഷ്ടാംഗഹ്യദയം, ഗര്‍ഭോപനിഷത്ത്, സഹസ്രയോഗം,ശാര്‍ങധര സംഹിത എന്നിവയുടെ ടെക്സ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും. ആധുനികകാല ആയുര്‍വേദകൊളജു ടെക്സ്റ്റുബുക്കുകളില്‍ ആടിനെ പട്ടിയാക്കുന്ന ധാരാളം വ്യഖ്യാനങ്ങള്‍ നല്‍കി ആയുര്‍വേദത്തെ ആധുനിക സയന്‍സുമായി യോജിപ്പിച്ചു കൊണ്ടുള്ള രീതിയാണവലംബിച്ചിരിക്കുന്നത്. അത് കൊണ്ടാണ് മൂലഗ്രന്ഥങ്ങള്‍ റെഫര്‍ ചെയ്യണം എന്നു പറയുന്നത്.
ആയുര്‍വേദ ഫിസിയോളജിയുടെ ചില സാമ്പിളുകള്‍ ഇതാ:

1. ആയുര്‍വേദ ന്യൂറോളജി: സുഷുംനയുടെ (സ്പൈന്‍) ഇടതു ഭാഗത്ത് “ഇഡാ” നാഡിയും, വലത്ത് “പിംഗളാ” നാഡിയും സ്ഥിതി ചെയ്യുന്നു. ഇഡയില്‍ തമോഗുണനായ ചന്ദ്രനും പിംഗളയില്‍ രജോഗുണനായ സൂര്യനും സഞ്ചരിക്കുന്നു. ചന്ദ്രനു അമ്യതാംശവും സൂര്യനു വിഷാംശവുമാണ്. സുഷുംന കാലഭോക്താവാണു. ഇതിനു പിറകില്‍ സരസ്വതി നാഡി, വശത്ത് കുഹൂ നാഡി, പിന്നെ യശസ്വിനി, വരുണി, പുഷാന്‍…അങ്ങനെയങ്ങനെ.
പിംഗല മുകളിലേയ്ക്കു പോയി ഇടത്തേ മൂക്കുവരെ എത്തുന്നു. പിംഗളയുടെ മുകളില്‍ ഇടത്തേക്കണ്ണു വരെ പുഷാനാഡി…. ഇഡ, പിംഗള, സുഷുംന എന്നിങ്ങനെയുള്ള പ്രധാന നാഡികള്‍ നാഭിക്കു താഴെ ‘മൂലാധാരത്തില്‍” വട്ടത്തില്‍ പിണഞ്ഞുകിടക്കുന്നു.ഇവിടെ നാഡികള്‍ ഒരു വിശേഷ ശക്തിയെ ഉണ്ടാക്കുന്നതിനാണു യോഗാ ക്ലാസുകാര്‍ “കുണ്ഡലിനി” എന്നു പറയുന്നത്. (ഇവിടുന്നങ്ങോട്ട് കുറെ ചക്രങ്ങളും മറ്റുമുണ്ടെന്ന് ചില ടെക്സ്റ്റുകള്‍).

2. ആയുര്‍വേദപ്രകാരം വേഗോദീരണങ്ങള്‍ കൊണ്ടാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്। (പകര്‍ച്ച വ്യാധികളെക്കുറിച്ചു പറയുന്നെങ്കിലും, അണുക്കള്‍, ആയുര്‍വേദത്തിനു തികച്ചും അജ്നാതം). എല്ലാ മാന‍സിക ശാരീരിക പ്രവര്‍ത്തനങ്ങളുടെയും നിയന്താവായ “വായു” ഇതു നിമിത്തം താളം തെറ്റുന്നു। തുടര്‍ന്ന് അതു ‘പിത്ത കഫാ’ദികളെ ബാധിച്ച് എല്ലാ പ്രശ്നത്തിനും കാരകമാകുന്നു. പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍ എന്നിങ്ങനെയുള്ള പത്തു വായുക്കള്‍ നാഡികളിലൂടെ സഞ്ചരിക്കുന്നു… വാഗ്ഭടാചാര്യന്റെ സങ്കല്‍പ്പപ്രകാരമാണു ത്രിദോഷങ്ങള്‍ എന്ന “വാത – പിത്ത – കഫ ” തിയറി അവതരിപ്പിച്ചിരിക്കുന്നത് എന്നു കാണുന്നു. ഇതു ചരിത്രപരമായി നോക്കിയാല്‍, ചില ഉപനിഷത്തുക്കളിലെയും (ബ്യഹദാരണ്യകം, ഛാന്ദോഗ്യം, ശാണ്ഡില്യം തുടങ്ങിയവ.) അഥര്‍വ്വ വേദത്തിലെയും പഞ്ചഭുത തത്വങ്ങളില്‍ നിന്നും, ആത്മാവിനെയും പ്രാണനെയും കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞതായി കാണാം. ആരോഗ്യകരമായ അവസ്ഥയില്‍ വാതം പക്വാമാശയ കേന്ദ്രത്തിലും, പിത്തം മദ്ധ്യസ്ഥാനത്തും, കഫം ഉരസ്സിലുമായി സ്ഥിതി ചെയ്യൂന്നു.വിക്യതാവസ്ഥയില്‍ ഇവ സ്ഥാനം വിട്ടു “കോപിക്കും”. അതാണു രോഗം.

3. വയറ്റിലെ അന്നരസാദികളെ പ്രാണവായു തരം തിരിക്കുന്നു…അവിടെ (ജഠരാഗ്നി) അഗ്നിക്കുമുകളില്‍ വെള്ളം വച്ചു ദഹനാദികള്‍ക്കുപകരിക്കത്തക്കവണ്ണം വായു പ്രവര്‍ത്തിക്കുന്നു…വിയര്‍പ്പ്, മൂത്രം, മലം എന്നിവ വേര്‍തിരിക്കുന്നതും വായു തന്നെ (വാതം എന്നത് “സഞ്ചരിക്കുന്നത്” എന്ന അര്‍ഥത്തിലാണെന്ന് ഒരു സങ്കല്‍പ്പം)

4. ഭക്ഷണവുമായി ബന്ധപ്പെട്ട അഷ്ടാംഗ ഹ്യദയ കന്‍സെപ്റ്റ് : ‘രാജസ’മായ ആഹാരം (പുളിപ്പു, എരിവു, ചൂട് തുടങ്ങിയവയെന്ന് ഭഗവദ് ഗീതയില്‍ പറഞ്ഞിട്ടുള്ളവ) ‘പിത്തത്തെ’ കോപിപ്പിക്കുന്നു. ‘താമസ’ ആഹാരം (പഴകിയത് എന്നു ഗീതയില്‍ ) കഫത്തെ വര്‍ധിപ്പിക്കുകയും ബുദ്ധിമാന്ദ്യം ഉണ്ടാക്കുകയും ചെയ്യുന്നു. വായു കോപം ഓര്‍മ്മക്കുറവുണ്ടാക്കുന്നു. വായൂകോപത്തിനു ധ്യാനം, സന്തോഷം, ഭയം സങ്കടം എന്നീ വികാരങ്ങളും കാരണമാകുന്നു.

5. ആയുര്‍വേദത്തിലെ ജെനറ്റിക്സ് : രതിമൂര്‍ഛയുണ്ടാവുന്നത് ആദ്യം പുരുഷനാണെങ്കില്‍ കുട്ടി ആണാകുമെന്നും മറിച്ചയാല്‍ കുട്ടി പെണ്ണാവുമെന്നും ഉള്ള പ്രചീന ഗ്രീക്കു-അറബിക സങ്കല്പം ഏതാണ്ടതുപോലെ ആയുര്‍വേദത്തിലും ഉപനിഷത്തുക്കളിലും കാണാം. ശുക്ലം അധികതയാല്‍ കുട്ടി ആണും, ശോണിതത്തിന്റെ ആധിക്യത്താല്‍ പെണ്ണുമായി വളരുന്നു. രണ്ടും തുല്യമെങ്കില്‍ നപുംസകവും.(സ്ത്രീകളിലെ യോനീസ്രവത്തെ പ്രാചീന സംസ്കാരങ്ങള്‍ എല്ലാം തന്നെ ശുക്ലത്തിനു തുല്യമായിട്ടാണു കണ്ടിരുന്നത്. അണ്ഡകോശമെന്ന ആശയം ഒരുപാട് കഴിഞ്ഞാണല്ലോ വന്നത്). സംഭോഗാവസ്ഥയില്‍ മനോവ്യാകുലതയുണ്ടായാല്‍ കുട്ടിക്ക് വൈകല്യങ്ങള്‍ (ഞൊണ്ടല്‍, കൂന്) ഉണ്ടാകാമെന്നും പറയുന്നുണ്ട്.

6. ധാതുക്കള്‍ : ഇവ 7 എണ്ണം ഉണ്ടെന്നു ആയുര്‍വേദം – എല്ലാത്തിന്റെയും മൂലകാരണം ആഹാരത്തിന്റെ സാരമായ “രസം” ആണ്. അതില്‍ നിന്നും ക്രമത്തില്‍ രക്തം, മാംസം, മേദസ്സ്, സ്നായു, അസ്ഥി, മജ്ജ, ശുക്ലം എന്നിവ ഉരുത്തിരിയുന്നു ( രസം – രുചി എന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നു.)

7. പ്രാചീന ഒഫ്താല്‍മോളജി : ദോഷങ്ങള്‍ സിരകളിലൂടെ സഞ്ചരിച്ച് ശിരസ്സിലെത്തിയാണു നേത്രരോഗങ്ങള്‍ ഉണ്ടാക്കുന്നതത്രെ. ക്ഷാര/അമ്ല ആഹാരങ്ങള്‍, തീക്ഷ്ണ-ഉഷ്ന-ഗുരു-ദ്രവ ആഹാരങ്ങള്‍ എന്നിവ നേത്രരോഗത്തിനു കാരണം.ശോകം, കോപം,സൂക്ഷിച്ചു നോക്കല്‍, അമിതമായ ലൈംഗികവേഴ്ച എന്നിവ മറ്റു കാരണങ്ങളില്‍ പെടുന്നു. വാതകോപത്താലുള്ള നേത്രരോഗങ്ങള്‍ക്ക് കുത്തുന്നപോലുള്ള വേദനയാണു. പിത്തകോപം നീറ്റല്‍, നീരൊഴുക്ക് എന്നിവ ഉണ്ടാക്കുന്നു. കഫം കൊണ്ടു ചൊറിച്ചിലും കനവും കൊഴുത്ത നീരു എന്നിവ ലാക്ഷണികം. (ചെങ്കണ്ണ് ഒരു പകര്‍ച്ച വ്യാധിയണെന്ന് ആയുര്‍വേദം ക്യത്യമായി നിരീക്ഷിച്ചിട്ടുണ്ട്; എന്നിട്ടും വായുവിനെ വച്ചുള്ള വിശദീകരണം)

8. വിഷവൈദ്യം : പാമ്പുകളെക്കുറിച്ച് ഏതാണ്ട് ആധികാരികമായിത്തന്നെ സംസാരിക്കുന്ന ആയുര്‍വേദം ചേരയും പാമ്പും ഇണചേര്‍ന്നുണ്ടാകുന്ന ഒരു സങ്കര വര്‍ഗ്ഗത്തെ കുറിച്ച് പറയുന്നതാണ് ഞെട്ടിക്കുന്ന സംഗതി. ഈ പുതുവര്‍ഗ്ഗത്തിന്, വ്യന്തരന്‍ എന്നൊരു പേരുമുണ്ട്. തീര്‍ന്നില്ല- ഉടുമ്പും പാമ്പും ചേര്‍ന്ന് ഗൌധരന്‍ എന്ന ഒരു വര്‍ഗ്ഗത്തെ കൂടി മുനിമാര്‍ ഭാവനയില്‍ക്കണ്ടു. വിഷം ഇറക്കുന്ന നാടന്‍ ചികിത്സാരീതികള്‍ രണ്ടെണ്ണം സാമ്പിള്‍: “മൂര്‍ധാവിലേക്കു കയറിയ” വിഷം ഇറക്കാന്‍, തലമുടി വടിച്ച്, തലയില്‍ മുറിവുണ്ടാക്കി, അതിലേക്ക് കോഴിയുടേയോ മറ്റോ പച്ച മാംസം വയ്ക്കണം.മാംസം വിഷത്തെ ‘വലിച്ചെടുക്കുന്ന’ മുറയ്ക്കു, നിറം മാറി വരുമെന്നും പറയുന്നു. മറ്റൊരു രീതി: കോഴിയുടെ ഗുദത്തില്‍ ഒരു മുറിവുണ്ടാക്കി രക്തം വാര്‍ന്നു വരുമ്പോള്‍ അതു പാമ്പുകടിയേറ്റഭാഗത്ത് വയ്ക്കണം. വിഷം ‘വലിച്ചെടുക്കുന്ന’ മുറയ്ക്കു കോഴി ചാവും. പിന്നെ മറ്റൊരു കോഴി, അങ്ങനെ കോഴികള്‍ ഒന്നിനൊന്നായി വിഷം വലിച്ചെടുക്കുന്ന മുറയ്ക്ക് രോഗിയുടെ ലക്ഷണങ്ങളും മാറി വരും. (നമ്മുടെ നാട്ടില്‍ വെള്ളിവരയന്‍ എന്നൊരുഇനം വിഷമില്ലാത്ത, എന്നാല്‍ കാഴ്ച്ചയില്‍ വെള്ളിക്കെട്ടനെപ്പോലിരിക്കുന്ന, പാമ്പുണ്ട്. അതു തീണ്ടിയാല്‍ ഒന്നും സംഭവിക്കില്ലെങ്കിലും പേടിച്ചു തന്നെ രോഗി വിഷംകയറിയതിന്റെ ലക്ഷണങ്ങളൊക്കെ കാണിക്കും. അതിലേക്കു ഈമാതിരി “കോഴി” ചികിത്സകള്‍ ചെയ്തു രോഗിയെ ‘സുഖപ്പെടുത്തി’ ഹീറോയാകുന്ന നാട്ടുവൈദ്യന്മാരെ ഓര്‍ത്തു കുളിരണിയൂ.)

നിര്‍വ്വികാരമായ ഒരു അപഗ്രഥനം

ഇവിടെ കൊടുത്തിരിക്കുന്ന ‘ഉദ്ധരണികള്‍’ തികച്ചും അസാന്ദര്‍ഭികമായിട്ടാണെന്നു സമ്മതിക്കുന്നു. ഒറ്റയ്ക്കൊറ്റയ്ക്കു എടുത്ത് വിശകലനം ചെയ്യേണ്ട ഒന്നല്ല, വൈദ്യശാസ്ത്ര രീതികള്‍. എന്നിരുന്നാല്‍ത്തന്നെയും, ‘മേയോ ക്ലിനിക്കും’, ‘ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയും’, ‘ഓക്സ്ഫഡു’മൊക്കെ ഓടിച്ചിട്ടു പിടിച്ച് പേറ്റന്റെടുക്കുന്നു എന്നു പാടിപ്പുകഴ്ത്തപ്പെടുന്ന ഒരു ചികിത്സാരീതിയുടെ ശാസ്ത്രീയതയും വ്യക്തതയും വസ്തുനിഷ്ഠതയും എത്രയുണ്ട് എന്നു പരിശോധിക്കാന്‍ ഇത്രയൊക്കെ മതിയാകും. മോഡേണ്‍ മെഡിസിന്റെ ചരിത്രത്തിലും ഉണ്ടായിട്ടുണ്ട്, ഇത്തരം പ്രാക്യത ഘട്ടങ്ങള്‍. തളം കെട്ടിയ വെള്ളത്തില്‍ വളരുന്ന കൂത്താടികള്‍ കിന്നരന്മാരാണെന്നും, ഓപ്പറേഷന്‍ തിയറ്ററില്‍ ഫാഷനബിള്‍ ആയ വസ്ത്രം ധരിച്ചു വന്നാല്‍ രോഗം പകരില്ല എന്നുമൊക്കെ വിശ്വസിച്ചിരുന്ന ഒരു സമീപ ഭൂതകാലം ആധുനിക വൈദ്യത്തിനുമുണ്ടായിരുന്നു. (ലവ് ഇന്‍ ദ ടൈം ഒഫ് കോളറ എന്ന മാര്‍ക്കേസിന്റെ നോവലില്‍ ഇതിനെ പരാമര്‍ശിക്കുന്നുണ്ട്) എന്നാല്‍ വിശ്വാസസംഹിതകള്‍ ചോദ്യം ചെയ്യപ്പെടാനുള്ളതാണ് എന്ന ആരോഗ്യകരമായ ‘ധാര്‍ഷ്ട്യം’ ആണ് ശാസ്ത്രത്തെ നയിക്കേണ്ടത്.

വേദോപനിഷത്തുക്കളുടെ അന്ധകാരം മുഴുവനും ആവാഹിച്ചാണ് ആയുര്‍വേദം മുരടിച്ചത്. പ്രാചീന ആചാര്യന്മാര്‍ തീര്‍ച്ചയായും ശരീരത്തെയും രോഗാവസ്ഥകളേയും സശ്രദ്ധം നിരീക്ഷിച്ചിരുന്നു. ഫിസിഷ്യന്‍സ് കോണ്‍ഫറന്‍സുകള്‍ പോലും ഉണ്ടായിരുന്നതായും പേപ്പര്‍ പ്രസന്റേഷന്‍ മാതിരിയുള്ള രീതികള്‍ അവിടെ നടന്നിരുന്നതായും കാണാം. എന്നാല്‍ സ്വയം തിരുത്താനോ, ശരീരത്തെ കൂടുതല്‍ ആഴത്തില്‍ പഠിക്കാനോ അതിന്റെ നോര്‍മല്‍ ഫിസിയോളജിയെക്കുറിച്ച് അന്വേഷിക്കാനോ സര്‍വ്വോപരി അതിനെ സുക്ഷ്മതലത്തില്‍ ഫലപ്രദമായ ഒരു ഫാര്‍മക്കോപ്പിയയായി (മരുന്നു സംഘാതം) വികസിപ്പിക്കാനോ പില്‍ക്കാലതലമുറ ശ്രദ്ധിക്കാത്തതു തന്നെയാണു കാതലായ പ്രശ്നം.

പാരമ്പര്യത്തെപ്പറ്റി വീമ്പിളക്കുമ്പോള്‍ നഷ്ടമാകുന്നത്

കെമിസ്റ്റ്ട്രിയുടെ ചരിത്രത്തില്‍ ആല്‍ക്കെമിക്കുണ്ടായ അവസ്ഥയാണ് ഇന്ന് ആയുര്‍വേദത്തിന്. കുറേ പ്ലസീബോ ഇഫക്റ്റുകളും തിരുമ്മലിന്റെ ഫിസിയോതെറാപ്പ്യൂട്ടിക് സൌജന്യങ്ങളുമൊക്കെ ചേര്‍ന്ന് ഈ ശാസ്ത്രത്തില്‍ അമൂല്യമായ എന്തൊക്കെയോ കണ്ടെത്താനുണ്ടെന്ന ധാരണ പരത്തിയിട്ടുണ്ട് . ഉദാഹരണത്തിനു,ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന പല ചെടികളുടെയും ഔഷധ ഗുണം ആധുനികവൈദ്യം ഇപ്പോള്‍ തിരിച്ചറിയുന്നതായി ഒരു പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. എന്നാല്‍ ഈ പറയുന്ന “ചെടികളും” അവയില്‍ ആധുനിക വൈദ്യം കണ്ടെത്തിയെന്നു പറയുന്ന മരുന്നും യഥാര്‍ഥത്തില്‍ ആയുര്‍വേദത്തില്‍ എന്ത് രോഗങ്ങള്‍ക്കും രോഗലക്ഷണങ്ങള്‍ക്കുമാണ് ഉപയോഗിച്ചിരുന്നതെന്ന ഏറ്റവും പ്രധാന ചോദ്യം ആരും ഉന്നയിക്കുന്നില്ല. ആയുര്‍വേദം ഈ പറയുന്ന ഔഷധഗുണം യഥാര്‍ത്ഥത്തില്‍ കണ്ടെത്തിയിരുന്നോ എന്നു ചോദിച്ചാല്‍ എന്താ?
സത്യം അത്ര കണ്ട് അഭിമാനകരമല്ല.

മഞ്ഞളിലെ നിരോക്സീകാരികള്‍, ബെല്ലഡോണയില്‍ നിന്നെടുക്കുന്ന അട്രോപ്പിന്‍, സര്‍പ്പഗന്ധിയില്‍ നിന്നെടുക്കുന്ന റിസര്‍പ്പിന്‍, ശവംനാറി യില്‍ നിന്നും കിട്ടുന്ന വിന്‍ ക്രിസ്റ്റിന്‍, വിന്‍ ബ്ലാസ്റ്റിന്‍… ലിസ്റ്റ് നീളും പക്ഷേ യാഥാര്‍ഥ്യം സുഖകരമല്ല. ഇന്നു നാം ഈ മരുന്നുകള്‍ക്കു പറഞ്ഞിട്ടുള്ള ഒറ്റ ഉപയോഗം പോലും ക്ലാസിക്കല്‍ ആയുര്‍വേദത്തില്‍ ഈ മരുന്നുകള്‍ക്ക് പറഞ്ഞിട്ടില്ല! രക്താതിസമ്മര്‍ദ്ദം എന്നൊരു സംഗതിയേ ആയുര്‍വേദത്തില്‍ ഇല്ല; അപ്പോള്‍പ്പിന്നെ സര്‍പ്പഗന്ധി അതിനുപയോഗിക്കുന്നതിന്റെ ആവശ്യമേ വരുന്നില്ലല്ലോ (സര്‍പ്പഗന്ധി മനോവിഭ്രാന്തിക്കുള്ള മരുന്നായാണു ക്ലാസിക്കല്‍ ടെക്സ്റ്റുകളില്‍ കാണുന്നത്) വിന്‍കാ ആല്‍ക്കലോയിഡുകള്‍ (വിന്‍ ക്രിസ്റ്റിന്‍, വിന്‍ ബ്ലാസ്റ്റിന്‍ എന്നിവ ) ആധുനിക വൈദ്യത്തില്‍ ക്യാന്‍സറിന്റെ കീമോതെറാപ്പിക്കുപയോഗിക്കുന്നവയാണ്.
ത്രിദോഷസങ്കല്‍പ്പത്തെ ആധുനിക വൈദ്യത്തിലെ സാധുതയുള്ള ഏതെങ്കിലുമൊരു സംഗതിയുമായി ചേര്‍ത്തുകെട്ടിയാണ് പുതിയ ആയുര്‍വേദ ടെക്സ്റ്റുകളത്രയുമിറങ്ങുന്നത്. മിക്ക അസുഖങ്ങള്‍ക്കും ബ്രാക്കറ്റില്‍ അതുമായി പേരില്‍ സാമ്യമുള്ള ആധുനിക വൈദ്യത്തിലെ രോഗങ്ങളുടെ പേരുകള്‍ ചേര്‍ത്തിട്ടുണ്ടാകും. എന്നാല്‍ മൂലഗ്രന്ഥഠിലെ വിശദീകരണം നോക്കിയാല്‍ കള്ളി വെളിച്ചത്താകും. 70 – 80% കേസുകള്‍ക്കും ആധുനിക ശാസ്ത്രീയ അറിവുകളുമായി പുലബന്ധം പോലുമില്ല!
പല വിദേശ മെഡിക്കല്‍ സര്‍വകലാശാലകളും ആയുര്‍വേദ/ചൈനീസ് മരുന്നുകളില്‍ ഗവേഷണം നടത്തുന്നത് അവയുടെ പരമ്പരാഗത ഉപയോഗം കണ്ടിട്ടൊന്നുമല്ല. പുതിയ ഒരു മരുന്നു സ്യഷ്ടിച്ചെടുക്കുന്നതിലും വളരെ ചെലവു കുറവാണ് “എസ്റ്റാബ്ലിഷ് ഡ് ” ആയ ചില രസക്കൂട്ടുകളുടെ പ്രയോജനപരത ഗവേഷണം ചെയ്ത് നിശ്ചയിക്കുന്നത്. അതിനാല്‍ പല മരുന്നു നിര്‍മ്മാതാക്കളും നിലവില്‍ “സമാന്തര” വൈദ്യം ഉപയോഗിച്ചുപോരുന്ന പല മരുന്നുകളും ഗവേഷിക്കുന്നത്. നേരിയ തോതില്‍ പ്രയോജനമുണ്ടെന്നു കണ്ടാലും ഈ ഗവേഷണം ലാഭകരമാണ് . കാരണം ചെറിയ ചില രാസമാറ്റങ്ങളോടെ അവയുടെ, ഉദ്ദിഷ്ട ശരീരഭാഗങ്ങളിലെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താം എന്ന സൌകര്യം ആധുനിക രസതന്ത്രം നമുക്കനുവദിച്ചു തരുന്നു.

(പിന്നിട് ചേര്‍ത്തത്: ) “സമാന്തര വൈദ്യം” എന്ന പേരില്‍ “Complementary / Alternative medicine” വര്‍ഗ്ഗീകരിച്ച് ഈ ചികിത്സാരീതികളെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ഉപശാഖയാക്കി രോഗികള്‍ക്കു മുന്നില്‍ അവതരിപ്പിക്കുകയും, മെഡിക്കല്‍ ഡോക്ടര്‍മാരെ അതിനെക്കുറിച്ചു വായിച്ചറിഞ്ഞു വയ്ക്കാന്‍ സര്‍വ്വകലാശാലകളും സ്ഥാപനങ്ങളും പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇതര വൈദ്യശാഖകളോടുള്ള പ്രത്യേക മമത കൊണ്ടൊന്നുമല്ല : രോഗികളുടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യത്തിലധിഷ്ടിതമാണു വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ പ്രാക്റ്റീസ്. രോഗികള്‍ – വിശേഷിച്ചു തീരാവ്യാധികളില്‍ നട്ടം തിരിയുന്നവര്‍ – കേട്ടുകേള്‍വിയുമായൊക്കെ വന്നു മറ്റു ശാഖകളെക്കുറിച്ചു ചോദിക്കുമ്പോള്‍ അതു വിശദീകരിച്ചു കൊടുക്കാനും, ഏതു ചികിത്സ സ്വീകരിക്കണമെന്ന രോഗിയുടെ തീരുമാനത്തെ ബഹുമാനിക്കാനും അവിടങ്ങളീല്‍ ഡോക്റ്റര്‍മാരെ ശീലിപ്പിക്കുന്നു. അതു മെഡികല്‍ എത്തിക്സുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്.പിന്നെ പല യൂണിവേഴ്സിറ്റികളും സമാന്തര ചികിത്സകള്‍ക്കയി കേന്ദ്രങ്ങള്‍തുറക്കുന്നത് ജനങ്ങളുടെ ഇച്ഛപ്രകാരമാണ്. ടാക്സും എജ്യൂക്കേഷനല്‍ സെസ്സുമൊക്കെ കൊടുക്കുന്നവനും ഉണ്ടല്ലോ ഒരു അധികാരം – അതിനെ മാനിച്ചുകൊണ്ട്.
ആടിനെ വ്യാഖ്യാനിച്ച് പട്ടിയാക്കല്‍

വാതം പിത്തം കഫം എന്നിവയ്ക്കു നാമിന്നു കല്‍പ്പിക്കുന്ന ഒരര്‍ഥവും ആയുര്‍വേദ മൂലഗ്രന്ഥങ്ങളില്‍ ഇല്ല. അവയെ ഹോമിയോപതിയിലെ “സോറ”, “മയാസം” സങ്കല്‍പ്പങ്ങള്‍ പോലെ അമൂര്‍ത്തമായ എന്തോ ഒന്നായിട്ടണു ആയുര്‍വേദാചാര്യന്മാര്‍ കണ്ടത്. പിത്തം ശരീരത്തെ തപിപ്പിക്കുന്നു. കഫം യോജിപ്പിക്കുന്നവനാണ്. നശിക്കുന്ന ഭാഗങ്ങളെ പുന:സ്ഥാപിക്കുന്നതും കഫമത്രെ. ഇതര ദോഷങ്ങളത്രയും വായു (വാതം)വില്‍ ആരോപിതമാണ്. ഇവിടെ വാതം എന്നാല്‍ നാം വ്യവഹാര ഭാഷയില്‍ ഉദ്ദേശിക്കുന്ന സന്ധികളുടെ വാതമേയല്ല. കാറ്റിനെയാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നും പറയാനാവില്ല; കാരണം വാതം ഹ്യദയത്തെ പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് പലയിടത്തും പരാമര്‍ശമുണ്ട്. (ചലിക്കുന്നത് എന്തോ, അതാണു വാതം എന്ന് മറ്റൊരു വാദം.)വാതമാണു ഭക്ഷണ സാരമായ “രസ”ത്തെ ശരീര ഭാഗങ്ങളിലെത്തിക്കുന്നതെന്നും വിവരണങ്ങളുണ്ട്; അതുപോലെ “പിത്തം” എന്നതു കരളില്‍ നിന്നൂറുന്ന പിത്ത രസത്തെയാണുദ്ദേശിക്കുന്നതെന്നും പറയാനാവില്ല. കഫം എന്ന് ആയുര്‍വേദം പറയുന്നതു ചുമച്ചു തുപ്പുന്നതോ ശ്വാസകോശത്തെ വഴുക്കുള്ളതാക്കി നിര്‍ത്തുന്ന സാധനമോ അല്ല. എന്നാല്‍ മറിച്ചു വ്യാഖ്യാനിക്കുന്ന “പാരമ്പര്യ” വാദികളുടെ വാക്കുകള്‍ കേള്‍ക്കാനാണു ജനത്തിനിഷ്ടം.

ഇതുപോലെയാണു ഇഡ, പിംഗള നാഡീ വ്യവസ്ഥകളെ നമ്മുടെ Autonomic നാഡീ ശ്യംഖലയുമായി താരതമ്യം ചെയ്തുള്ള ഉഡായ്പ്പുകള്‍. Autonomic nervous system നും രണ്ടു വിഭാഗം നാഡീവ്യവസ്ഥകളുണ്ട് – സിമ്പതെറ്റിക്, പാരാസിമ്പതെറ്റിക് എന്നിവ. എന്നാല്‍ ആയുര്‍വേദത്തില്‍ ഇഡ, പിംഗള നാഡീ വ്യവസ്ഥകളെ സ്പൈനല്‍ കോഡിന്റെ ഇരുവശത്തുമായിത്തന്നെയാണു സങ്കല്‍പ്പിച്ചു വിവരിച്ചിരിക്കുന്നത്. സിമ്പതെറ്റിക്, പാരാസിമ്പതെറ്റിക് നാഡികള്‍ ആകട്ടെ ശരീരത്തിന്റെ മറ്റു ഞരമ്പുകളുടെ ഉള്‍ഭാഗത്ത് ഒരു കേബിളില്‍ ചെറിയ ചെമ്പു കമ്പികളെന്നപോലെയാണു കാണപ്പെടുന്നത്. അതും യാതൊരു ‘അടുക്കും ചിട്ടയു‘മില്ലാതെയും; ഒരേ ഞരമ്പിലൂടെ രണ്ടു നാഡീവ്യവസ്ഥയിലെ നാഡികളും കടന്നു പോകുന്നുമുണ്ട്. പ്ലെക്സസ് എന്നു വിളിക്കുന്ന “നാഡീ സംഘാതങ്ങളാണ് മൂലാധാരവും മണിപൂരകവും പോലുള്ള ‘ചക്രങ്ങള്‍’ എന്ന വാദവും മുഖവിലയ്ക്കെടുക്ക്കാനാവില്ല. പ്ലക്സസ്സുകള്‍ കണ്ണില്‍ പോലും പെടാന്‍ പാടാണ് – ചക്രങ്ങളാകട്ടെ നാഡികള്‍ വട്ടത്തീല്‍ പിണഞ്ഞു കിടക്കുന്നതായി സങ്കല്‍പ്പിച്ചിരിക്കുന്നവയാണ്.

ദഹനപ്രക്രിയയിലൂടെ ആഹാരത്തിന്റെ സത്തയായ “രസം” ഉണ്ടാകുന്നതിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ചു കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനുമൊക്കെ ആക്കുന്നതു കാ‍ണുമ്പൊള്‍ ഖുറാന്‍, ബൈബിള്‍, ഉപനിഷത്തുക്കള്‍ എന്നിവയിലെ ദര്‍ശനങ്ങള്‍ക്കു ശാസ്ത്രീയാടിത്തറയുണ്ടെന്നു വാദിക്കുന്നവരെയാണ് ഓര്‍മ്മ വരുക.

കോശങ്ങള്‍ എന്നു വിവക്ഷിക്കപ്പെടുന്ന എന്തോ ഒന്നിനെക്കുരിച്ചു ആയുര്‍വേദം പറയുന്നു. എന്നാല്‍ ഇതു നാം “cell ” എന്നു ജീവശാസ്ത്രത്തില്‍ ഉദ്ദേശിക്കുന്ന അര്‍ഥത്തിലേ അല്ല ഉപയോഗിച്ചിരിക്കുന്നത്. അഷ്ടാംഗ ദര്‍ശനം പറയുന്നതിങ്ങനെ: “കോശങ്ങള്‍ നാഡികളുറ്റെ ശക്തി വിശേഷം കൊണ്ടുണ്ടാകുന്നതാണ്. അവ 5 തരം : അന്നമയ കോശം, പ്രാണമയ കോശം, ആനന്ദമയകോശം, മനോമയകോശം, വിജ്ണാനമയ കോശം.” ഇതെന്തുതരം വര്‍ഗ്ഗീകരണമാണെന്നു നൂറ്റാണ്ടുകള്‍ക്ക് മുന്‍പു ഇതെഴുതിവച്ച ആളുകള്‍ക്കു മാത്രമേയറിയൂ എന്നാണ് ഈ ലേഖകന്റെ ( MBBS ലും BAMSലും ഡിഗ്രിയെടുത്ത ) ഒരു സുഹ്യത്ത് പറഞ്ഞത്.

പിന്‍ വിളി : ചക്കരക്കൊല്ലി തിന്നിട്ട് പഞ്ചാര വായിലിട്ടാല്‍ മധുരം അറിയില്ല എന്ന നിരീക്ഷണം പ്രസിദ്ധം. എന്നു കരുതി ഡയബറ്റീസിനുള്ള ബെസ്റ്റ് മരുന്നാണതെന്നു കരുതി പിന്നാമ്പുറത്ത് അതു നട്ടു വളര്‍ത്തിയ ഒരു പിതാവിനോട് ഞങ്ങളുടെ പഴയ കെമിസ്ട്രി അധ്യാപകന്‍ പറഞ്ഞത്: : “ചക്കരക്കൊല്ലി ചവച്ചിട്ട് കാഞ്ഞിരം തിന്നാല്‍ കയ്പ്പും അറിയില്ലടോ!”
(ചക്കരക്കൊല്ലി നാവിലെ രസമുകുളങ്ങളെ കുറച്ചു നേരത്തേക്കു മരവിപ്പിക്കുകയാണു ചെയ്യുന്നത്)

കുറിപ്പ് (1-12- 2007 നു ഈ പോസ്റ്റിനോട് ചേര്‍ത്തത് )
ഇതൊരു പോസ്റ്റ്/കമന്റ്-യുദ്ധമാക്കാന്‍ ഉദ്ദേശ്യമില്ല. എങ്കിലും ഈ പോസ്റ്റുമായി ബന്ധപ്പെട്ട ഒരു മറു കുറിപ്പ് “അക്ഷരശാസ്ത്രം” എന്ന ബ്ലോഗില്‍ (ഡോ. പണിക്കര്‍) കാണാനിടയായത് ഇവിടെ :
1.ആയുര്‍വേദത്തിനെക്കുറിച്ച് : “അക്ഷരശാസ്ത്രം“ ബ്ലോഗില്‍
2.ഇന്ത്യാ ഹെറിറ്റേജ് “കമന്റ് പെട്ടി

Advertisements
 

26 Responses to “‘ആയുസ്സിന്റെ വേദം‘ : വ്യാഖ്യാനങ്ങള്‍ക്കപ്പുറം”

 1. സൂരജ് Says:

  “‘ആയുസ്സിന്റെ വേദം‘ : വ്യാഖ്യാനങ്ങള്‍ക്കപ്പുറം”

  എന്താണു ആയുര്‍വേദത്തിന്റെ ഫിസിയോളജി ? ജൈവശാസ്ത്രതലത്തില്‍ എങ്ങനെയാണു ആയുര്‍വേദം മനുഷ്യ ശരീരത്തെ അപഗ്രഥിച്ചിരുന്നത് ?

  വാത/പിത്ത/കഫ തിയറികളില്‍ കിടന്ന് നട്ടം തിരിഞ്ഞിരുന്ന ഈ ശാസ്ത്രത്തിന്റെ മരുന്നുപ്രയോഗത്തെ മാത്രം വച്ചാണു ഇന്നു ആളുകള്‍ അതിനെ പിന്‍ താങ്ങുന്നത്. ആഴത്തിലെക്കു ചെന്നാല്‍ അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദമെന്ന് അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും
  അതിലേക്കൊരു നോട്ടം :

 2. ദേവന്‍ Says:

  സൂരജ്,
  ശ്രീ. സുകുമാരന്‍ മാഷുടെ ബ്ലോഗില്‍ ഇടാന്‍ ഞാന്‍ ഒരു കമന്റ് എഴുതിയിരുന്നു, ചര്‍ച്ച അവിടെ അവസാനിച്ചെന്ന് കണ്ടതിനാല്‍ പിന്നെ ഇട്ടില്ല. ആയുര്‍വേദത്തിനു ഇന്നത്തെ പ്രസക്തി എന്താണ്, (എന്റെ അബദ്ധസാദ്ധ്യതകളുള്ള & പരിമിതമായ അഭിപ്രായം വച്ച് ) എന്താണതിനു സംഭവിച്ചു പോയത് എന്നീ കാര്യങ്ങള്‍ ആയിരുന്നു കമന്റില്‍. ഇനിയത് ഇവിടെ കിടന്നോട്ടെ, പ്രസക്തമാണെങ്കിലും അല്ലെങ്കിലും.

  ഓഫ് വാണിങ്ങ്: ഈ പോസ്റ്റിന്റെ വിഷയത്തിലേക്ക് പരാമര്‍ശമുണ്ടെങ്കിലും നൂറുശതമാനം ഓണ്‍ ടോപ്പിക്ക് അല്ല ഇത്. (ഈ പോസ്റ്റിന്റെ വിഷയത്തെക്കുറിച്ച് പരാമര്‍ശം കമന്റിന്റെ അവസാനഭാഗത്തു മാത്രമാണ്)

  ശ്രീ. സുകുമാരന്‍ മാഷ് മൂന്ന് ചോദ്യങ്ങളാണ്‌ ചോദിച്ചിരിക്കുന്നത്, എന്റെ പരിമിതമായ അറിവില്‍ നിന്നുള്ള ഉള്ള അഭിപ്രായം താഴെ ചേര്ക്കുന്നു

  ചോദ്യം ഒന്ന് : ആധുനിക വൈദ്യശാസ്ത്രത്തില്‍ ലഭ്യമല്ലാത്ത ഏത് രോഗത്തിനുള്ള ചികിത്സയാണ് നമുക്ക് മറ്റ് ചികിത്സാരീതികളില്‍ നിന്ന് ലഭിക്കുക ? നമുക്കുണ്ടാവുന്ന മിക്കവാറും രോഗങ്ങള്‍ രോഗാണു സംക്രമണം കൊണ്ടാണല്ലോ . മറ്റൊരു വൈദ്യ ശാഖക്കും ഈയൊരു വിജ്ഞാനം ഇല്ലെന്ന് മാത്രമല്ല സൂക്ഷ്മാണുക്കള്‍ക്കെതിരെയുള്ള ഗവേഷണം സ്വന്തം നിലയില്‍ നടത്താനുള്ള കോപ്പ് ആധുനിക വൈദ്യശാസ്ത്ര ശാഖക്ക് മാത്രമെയുള്ളൂ . വേറെ സമാന്തരമായി ഇതില്‍ ഒരു ഗവേഷണം ആവശ്യവുമില്ല .

  അഭിപ്രായം : രോഗങ്ങളെ ഉന്നത തലത്തില്‍ വച്ച് രണ്ടായി പിരിക്കാം. ക്ഷിപ്രവ്യാധി- ഇംഗ്ലീഷില്‍ അക്യൂട്ട് ( എന്തോ കാരണം കൊണ്ട് ആളുകള്‍ അക്യൂട്ട് എന്നാല്‍ ഗുരുതരം എന്ന് തെറ്റിദ്ധരിച്ചു കാണാറുണ്ട്) എന്നും സനാതവ്യാധി – ക്രോണിക്ക് എന്നും.

  ഇതില്‍ അക്യൂട്ട് വിഭാഗത്തില്‍ ഏറെയും അണുബാധകളും മറ്റുമാണ്‌. പലതും പകര്‍ച്ചരോഗങ്ങളും. ആയുര്‍‌വേദം ഇവയെ ജനപഥരോഗം എന്നാണ്‌ വിളിക്കുക എന്ന് അഷ്ടാംഗഹൃദയം (കുട്ടികൃഷ്ണ മേനോന്റെ ഭാഷ്യത്തില്‍ )‌ പറയുന്നു. അണുബാധകളില്‍ അലോപ്പതി ശരീരത്തിനെ ആക്രമിച്ച അണുവിനെ കൊല്ലാന്‍ ആണ്‌ മരുന്നുകള്‍ തരുന്നത്, വൈറസ് ഒഴിയെയുള്ള ബാധകളെ മിക്കതിനെയും ക്ഷിപ്രം നശിപ്പിക്കാന്‍ വീര്യമുള്ള മരുന്നുകള്‍ പല രീതിയിലായി നമുക്കുണ്ട്. വൈറസുകള്‍ക്കും മരുന്ന് ഈ രീതിയില്‍ സമീപഭാവിയില്‍ കണ്ടെത്താന്‍ കഴിയുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

  ലോകമപ്പടി ദോഷകാരികളായ വൈറസുകളും മറ്റു സൂക്ഷ്മജന്തുക്കളും ഉള്ളപ്പോള്‍, ഒട്ടുമിക്ക ആളുകളുടെ ശരീരത്തിനും അവയെ പ്രതിരോധിക്കാന്‍ കഴിയുമ്പോള്‍ എന്തുകൊണ്ട് ചലരുടെ പ്രതിരോധം തോറ്റുപോകുന്നു എന്ന് അന്വേഷിച്ച് അതിനെ ഒരു ന്യൂനതയായി കണ്ടെത്തി അത് മാറ്റാന്‍ ശ്രമിക്കല്‍ ആണ്‌ ആയുര്‍‌വേദത്തിന്റെ വഴി. ഇത് എന്തുമാത്രം ഫലപ്രദമെന്ന് മോഡേണ്‍ മെഡിസിന്‍ പരീക്ഷിച്ചറിയാന്‍ ശ്രമിക്കുന്നില്ല, കാരണം അണുബാധകള്‍ക്ക് അണുക്കളെ കൊല്ലുക എന്ന തത്വത്തില്‍ ഒട്ടേറെ അസുഖങ്ങള്‍ ഫലപ്രദമായി സുഖപ്പെടുത്താന്‍ കഴിയുന്നുണ്ട്. മാത്രമല്ല രോഗം മൂര്‍ഛിച്ചു പ്രതിസന്ധിയിലായ അണുബാധിതന്റെ കാരണഹേതു അന്വേഷിക്കാനും കറക്റ്റ് ചെയ്യാനുമുള്ള സാവകാശമില്ല, ക്ഷീണിതനായ ആളുടെ ദേഹത്തിനു അതുവരെ പിടിച്ചു നില്‍ക്കാന്‍ പറ്റിയെന്നു വരില്ല, ആ ടൈം ലാഗില്‍ മരണമോ സ്ഥിരമായ കേടോ ആളിനു സംഭവിക്കാം.

  എന്നാല്‍ സനാതനവ്യാധികളില്‍ ഉദാഹരണം ഹൃദ്രോഗം, ക്യാന്‍സര്‍, അസ്ഥിഭംഗങ്ങള്‍, രക്താതിസമ്മര്‍ദ്ദം തുടങ്ങിയവയില്‍ ക്രൈസിസ് മാനേജ്മെന്റ് എന്ന രീതിയിലല്ലാതെയുള്ള കാര്യങ്ങളില്‍ ശാസ്ത്രം ഇനിയും വളരെ പുരോഗമിക്കേണ്ടിയിരിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ആയുര്വേദം ഏറെ ഫലപ്രദം ആക്കാന്‍ കഴിയും എന്ന സ്കോപ്പ് ആണ്‌ നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും മറ്റും തുറന്നിരിക്കുന്നത്, പഠനങ്ങള്‍ ഇനിയും പൂര്‍ണ്ണമായിട്ടില്ല, എന്നാല്‍ ഇതുവരെയുള്ള ഫലങ്ങള്‍ ഏറെ ആശാവഹം ആണെന്ന് കാണുന്നു.

  http://www.cancer.org/docroot/ETO/content/ETO_5_3X_Ayurveda.asp എന്ന പേജിലെ
  വാട്ടീസ് ദി എവിഡന്‍സ് എന്ന ഭാഗം വായിക്കുക. നാഷണല്‍ ക്യാന്‍സര്‍ സൊസൈറ്റിയാണ്‌ ഈ വെബ് സൈറ്റിന്റെ പ്രസാധകര്‍, അവര്‍ തന്നിരിക്കുന്ന ഗവേഷണം അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റേതും. ഇന്നലെ ഈ ലിങ്ക് ഇടാന്‍ വിട്ടുപോയി, ഇതിലെ കണ്ടെന്റ് എടുത്തെഴുതിയെങ്കിലും.

  ചോദ്യം രണ്ട് : ആയുര്‍വേദത്തില്‍ സത്യത്തില്‍ എന്ത് ഗവേഷണമാണ് നടക്കേണ്ടത് ? രോഗങ്ങളേക്കുറിച്ചും മരുന്നുകളെക്കുറിച്ചുമാണെങ്കില്‍ ലോകത്താകമാനം നടക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ മുഖ്യധാരാ ഗവേഷണത്തില്‍ നമ്മളും പങ്ക് ചേര്‍ന്നാല്‍ പോരേ ? ഭാവിയിലെ വെല്ലുവിളികള്‍ നേരിടാന്‍ അതല്ലേ ഗുണം ചെയ്യുക ? അതല്ല ആയുര്‍വ്വേദത്തെ നിലനിര്‍ത്താന്‍ വേണ്ടി മാത്രം ഗവേഷണത്തിന് വേണ്ടിയുള്ള ഗവേഷണമോ ? ഭാവിയില്‍ നാം നേരിടാന്‍ പോകുന്ന ഏതെങ്കിലും രോഗത്തിന് പ്രതിവിധി കണ്ടെത്താന്‍ ഈ ഗവേഷണം ഉപകരിക്കുമോ ? കുറഞ്ഞപക്ഷം ചിക്കന്‍ ഗുനിയ നിയന്ത്രിക്കാനെങ്കിലും ?

  അഭിപ്രായം: സനാതന വ്യാധികളിന്മേല്‍ ആയുര്വേദത്തിനുള്ള സാദ്ധ്യത മുകളില്‍ പറഞ്ഞല്ലോ. നാഷണല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും മറ്റും നടത്തുന്ന ഗവേഷണങ്ങളെക്കാള്‍ വേഗത്തിലും കൃത്യതയിലും ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ആയുര്വേദത്തിലെ ഗവേഷണങ്ങള്‍ക്ക് കഴിയും- പ്രൊവൈഡഡ് അതിനെ പരിഷ്കരിക്കുകയും ആധുനിയ ഗവേഷണങ്ങള്‍ അതിനു മേല്‍ നടക്കുന്നത് ത്വരിതപ്പെടുത്തുകയും ചെയ്താല്‍. ഇന്ത്യന്‍ കേന്ദ്രഗവണ്മെന്റിന്റെ സെണ്ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും ആളുകള്‍ക്ക് പി എച്ച് ഡി കൊടുക്കുകയും ചെയ്യുന്നത് കാണുന്നു, അതിനപ്പുറം എന്തു ചെയ്യുന്നോ ആവോ (ഇല്ലെന്നല്ല, എനിക്കറിയില്ല എന്ന്)

  ആള്‍ട്ടര്‍നേറ്റ് മെഡിസിന്‍ എന്ന രീതിയില്‍ എനിക്കു വിശ്വാസമില്ല. ഒന്നുകില്‍ മരുന്ന് ആണ്‌, അല്ലെങ്കില്‍ മരുന്നല്ല. എന്ത് ആള്‍ട്ടര്‍നേറ്റിവ്. മരുന്നിന്റെ അല്ലെങ്കില്‍ വൈദ്യത്തിന്റെ മേല്‍ മൂന്നു തരം ഗവേഷണത്തിനഅണ്‌ സ്കോപ്പ് ഉള്ളത്:
  ൧. ഇതുവരെ ചികിത്സ ഇല്ലാത്ത രോഗങ്ങള്‍ക്ക് പ്രതിവിധി കണ്ടെതാന്‍ കഴിയുമോ?
  ൨.ഇപ്പോഴുള്ള ചികിത്സയെക്കാള്‍ ചിലവ്, പാര്‍ശ്വഫലം, കോഴ്സ് പീരിയഡ്, ഫലപ്രാപ്തി എന്നിവയുള്ള മരുന്ന് കണ്ടെത്താനാവുമോ?
  ൩. രോഗത്തെ തന്നെ വരാതെയാക്കാന്‍, അണുക്കളെ ലോകത്തില്‍ നിന്നും തുടച്ചു മാറ്റുകയോ രോഗപ്രതിരോധത്തിനു ആളുകളെ പ്രാപ്തരാക്കുകയോ ചെയ്യാനാവുമോ ?

  ഇതില്‍ ആയുര്‍‌വേദത്തിനു പ്രാപ്തിയുള്ള മേഘലകളില്‍ ഗവേഷണം ആവശ്യമാണ്‌, അതു അലോപ്പതിക് രീതിയിലുള്ള ഗവേഷണമോ ആയുര്‍‌വേദിക്ക് രീതിയില്‍ ഉള്ള ഗവേഷണമോ എന്തുമാകാം. മെഡിസിന്‍ ഫീല്‍ഡിലേ ഇല്ലാത്തവര്‍ക്കും ഗവേഷണമാകാം, അതിശയോക്തിയല്ല. മുപ്പതു വര്‍ഷം മുന്നേ വരെ ഹൃദയ ധമനീ രോഗം ബാധിച്ചവര്‍ക്ക് ആധുനിക ശാസ്ത്രം പരിപൂര്‍ണ്ണ വിശ്രമം ആയിരുന്നു വിധിച്ചിരുന്നത്. അതായത് സാധാരണ രീതിയില്‍ ജീവിക്കുന്ന ഹൃദ്‌രോഗിയെക്കാള്‍ പലമടങ്ങ് വേഗം ചികിത്സ കിട്ടുന്നവന്റെ രോഗം മൂര്‍ച്ഛിച്ചിരുന്നു എന്നര്‍ത്ഥം. ഇതിനെ വെല്ലുവിളിച്ചതും ധമനികള്‍ അടഞ്ഞ തന്റെ ഹൃദയം താന്‍ ഏറോബിക്ക് എക്സര്‍സൈസ് ചെയ്ത് സുഖപ്പെടുത്തുമെന്നും പ്രഖ്യാപിച്ചത് ഒരു രോഗിയായിരുന്നു. വൈദ്യവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ജേര്‍ണലിസ്റ്റ്. കാര്‍ഡൊയോളജിയുടെ അപ്രോച്ച് തന്നെ മാറ്റിമറിച്ച്, അതിന്റെ ഒരു ലൈഫ് സ്റ്റൈല്‍ ഡിസോര്‍ഡര്‍ ആണെന്ന് ലോകത്തെ എല്ലാ വിഭാഗം ഡോക്റ്റര്‍മാരെക്കൊണ്ടും സമ്മതിപ്പിക്കും വരെ അയാളെ ഗവേഷകര്‍ ഭ്രാന്തനെന്നു വിളിച്ചിരുന്നു. ആളിന്റെ പേര്‍ നാധന്‍ പ്രിട്ടിക്കിന്‍ എന്നാണ്‌.

  അതല്ല , ആയുര്‍വ്വേദം നമ്മുടെ പുരാതനമായ ഒരു ചികിത്സാ സമ്പ്രദായമല്ലേ എന്ന വൈകാരികമായ ആവശ്യം മാത്രമാണോ ഗവേഷണം വേണം എന്ന് പറയാന്‍ പ്രേരിപ്പിക്കുന്നത് ?
  ആയുര്‍‌വേദത്തിനോട് നമ്മുടെ, അല്ലെങ്കില്‍ ലോകത്തിന്റെ തന്റെ പുരാതനമായ കാര്യങ്ങള്‍ എന്ന രീതിയില്‍ ഒരു കൗതുകം എനിക്കുണ്ട്, എന്നാല്‍ അതിനു പ്രസക്തിയില്ല. പഴയ അപ്ലൈഡ് സയന്‍സസ് പലതും ഇന്ന് അനാവശ്യമായ അറിവുകള്‍ മാത്രമാണ്‌. ഉദാഹരണം മാതംഗലീല എന്നൊരു സാധനമുണ്ട്, ആനകളെ എങ്ങനെ ഇണക്കി പരിപാലിക്കാം എന്നത്. ഇന്ന് യുദ്ധത്തിനോ ഭാരം വലിക്കാനോ സഞ്ചാരത്തിനോ ആനകളെ ആവശ്യമില്ലാത്ത നിലയ്ക്ക് ഇതിനു പ്രസക്തിയില്ല (ഓഫ്: ജന്മനാ തീയും ശബ്ദവും പേടിയായ ഈ മൃഗത്തിനെ പിടിച്ച് അമ്പലത്തിനു മുന്നില്‍ നിര്‍ത്തി അതിന്റെ മുന്നില്‍ തീവെട്ടിയും ചെണ്ടയുമായി ബഹളം കാണുമ്പോഴെല്ലാം ഞാന്‍ ഓര്‍ക്കുന്നത് കാട്ടില്‍ ആനശ്യല്യം ഉണ്ടാകുമ്പോള്‍ പന്തം കൊളുത്തിയും തകരപ്പാട്ടകള്‍ കൊട്ടിയും അതിനെ ഭയപ്പെടുത്തി ഓടിച്ച സംഭവങ്ങളാണ്‌ )

  ഇന്നത്തെ ശാസ്ത്രത്തിനു, ഇന്നത്തെ രോഗങ്ങള്‍ക്ക്, ഇന്നത്തെ ചികിത്സാരീതികള്‍ക്ക് ആയുര്‍വ്വേദം കൊണ്ട് പ്രയോജനമുണ്ടെന്ന് ഒരഭിപ്രായം ഉള്ളതുകൊണ്ടാണ്‌ ഇതിനെ പരിഷ്കരിക്കുകയും കൂടുതല്‍ ഫലപ്രദവും ശാസ്ത്രീയവുമായ രീതിയില്‍ ആക്കുകയും വേണമെന്ന് തോന്നുന്നത്. ആയുര്‍‌വേദം മറ്റേതു ശാസ്ത്രത്തെയും പോലെ തന്നെ അപൂര്‍ണ്ണവും തിരുത്തിയെഴുതേണ്ടതും ആണ്‌. മതം അതിനു ദോഷങ്ങള്‍ ചെയ്തിട്ടുണ്ട്, ഒരു രാജാവിന്റെ അഹിംസാവിശ്വാസം അതിലെ ശല്യതന്ത്രം- സര്‍ജ്ജറി എന്ന വിഭാഗത്തെ ഇല്ലാതാക്കിയിട്ടുണ്ട്. കാഡവര്‍ പഠനം – ശവങ്ങള്‍ കീറിമുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന രീതി ബുദ്ധമതത്തോടെ ഇല്ലാതെയായി. അതിന്റെ ഹീലിങ്ങ് ഇഫക്റ്റുകളെ മാന്ത്രികവിദ്യ പോലെ ഉപയോഗിച്ച് മതപ്രചാരകര്‍ ജനത്തെ വിശ്വാസികളാക്കിയിട്ടുണ്ട്. പാരമ്പര്യസ്വത്തായി അറിവുകളെ പൂഴ്ത്തിവച്ച് പലതലമുറകള്‍ പലതും ഇല്ലാതെയാക്കിയിട്ടുണ്ട്. കഴിവും താല്പ്പര്യവും ഉള്ള വിദ്യാര്‍ത്ഥികള്‍ക്കു പകരം സ്വകുടുംബത്തിലുള്ളവരെ മാത്രം പഠിപ്പിച്ച് കൊള്ളരുതാത്ത വൈദ്യന്മാരെ സൃഷ്ടിച്ചിട്ടുണ്ട്, വേദം എന്നാല്‍ പ്രാര്‍ത്ഥനക്കായി ദൈവം തന്ന കിത്താബ് ആണെന്നു ധരിച്ച് തെറ്റുകള്‍ തിരുത്താന്‍ വിസമ്മതിച്ച് അതിന്റെ ഭാഗങ്ങള്‍ ഒബ്സലീറ്റ് ആക്കിയിട്ടുണ്ട്. ഒത്തിരി വഴിപിഴച്ചു പോയിട്ടും പ്രസക്തി പോയില്ല എന്നത് ശ്രദ്ധേയം തന്നെയല്ലേ?

  ചില കാര്യങ്ങളില്‍ കണ്ടുപിടിത്തങ്ങള്‍ കാലഹരണപ്പെടുന്നില്ല. വീല്‍ ആദ്യ കണ്ടുപിടിത്തങ്ങളിലൊന്നാണ്‌, അതിനിപ്പോഴും ഉപയോഗം ഉണ്ട്. എഴുത്തും വായനയും കൂടി ഉണ്ടായിട്ടില്ലാത്ത കാലത്ത് ശരീരത്തിന്റെ പ്രതിരോധശേഷി പുഷ്ടിപ്പെടാന്‍ ആസ്ടെക്കുകള്‍ എന്ന പ്രാകൃത മനുഷ്യര്‍ സ്പൈരുലിന എന്ന പായല്‍ തിന്നിരുന്നു. എച്ച് ഐ വി വൈറസിന്റെ റെപ്ലിക്കേഷന്‍ മന്ദഗതിയിലാക്കുമെന്ന് ആധുനികശാസ്ത്രം നിരീക്ഷിക്കുമ്പോള്‍ ആസ്ടെക്ക് വംശം ഇല്ലാതെയായി ആയിരക്കണക്കിനു വര്‍ഷം കഴിഞിട്ടും അവരുടെ അറിവുകള്‍ നശിക്കാതിരുന്നത് നന്നായെന്ന് തോന്നുന്നു.
  http://grande.nal.usda.gov/ibids/index.php?mode2=detail&origin=ibids_references&therow=354600

 3. വക്കാരിമഷ്‌ടാ Says:

  പോസ്റ്റിന്റെ പോസ്റ്റ്മാര്‍ട്ടശ്രമം നടത്തിയപ്പോള്‍ (ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ ആയുര്‍വേദത്തെപ്പറ്റി ആധികാരിക അറിവില്ല)

  അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദമെന്ന് അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും

  എന്നിടം മുതല്‍ പോസ്റ്റിന്റെ അവസാനം വരെ വായിച്ചതില്‍ നിന്നും ആയുര്‍വേദത്തെപ്പറ്റി എനിക്ക് ഒരു നെഗറ്റീവ് ഇമേജാണ് കിട്ടിയത്. ആയുര്‍വേദത്തില്‍ എന്ത് ഗവേഷണം ചെയ്തിട്ടും കാര്യമില്ല, ഇതൊരു കപടശാസ്ത്രം മാത്രം എന്നൊരു ഇമേജാണ് പോസ്റ്റില്‍ നിന്നും കിട്ടിയത്. മൂലഗ്രന്ഥങ്ങള്‍ തന്നെ അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണെങ്കില്‍ ദൈവദത്തമാണ് ” ഇതെന്നും അതിനാല്‍ ഇതിന്റെ തത്വങ്ങള്‍ മാറ്റാന്‍ പാടില്ല എന്നുള്ള പിടിവാശി ഇല്ലെങ്കില്‍ പോലും എന്ത് ചെയ്യാന്‍ പറ്റും?

  ലേഖകന്റെ വ്യാഖ്യാനങ്ങള്‍ ശരിയായിട്ടുള്ളവ തന്നെയാണോ എന്നറിയണമെന്നുണ്ട്. ആയുര്‍വേദവും മോഡേണ്‍ മെഡിസിനും പഠിച്ചവരുള്‍പ്പടെ ഇതിനെപ്പറ്റി ആധികാരികമായി പറയാന്‍ കഴിവുള്ളവര്‍ പറഞ്ഞ് തരുമെന്ന് പ്രതീക്ഷിക്കുന്നു. അതുപോലെ ആയുര്‍വേദ ഫിസിയോളജിയും മോഡേണ്‍ ഫിസിയോളജിയും തമ്മിലുള്ള ബന്ധങ്ങളെങ്ങിനെ, ബന്ധിപ്പിക്കുന്നതെങ്ങിനെ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും ആരെങ്കിലും പറയുമെന്ന് പ്രതീക്ഷിക്കുന്നു.

 4. അനംഗാരി Says:

  പ്രിയ സൂരജ്.
  ഈ വിശദമല്ലാത്ത, അവിടുന്നും ഇവിടുന്നും പെറുക്കിയെടുത്തുള്ള കുറിപ്പിനോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിക്കുന്നു,താങ്കളുടെ ചില നിഗമനങ്ങളോട് യോജിക്കുന്നെങ്കിലും..

  പൂര്‍ണ്ണമായി ആയുര്‍‌വേദത്തെ ആശ്രയിച്ച് രോഗം ഭേദമായ ഒരു രോഗിയാണ് ഞാന്‍.ആയുര്‍‌വേദത്തില്‍ ചികിത്സ ചെയ്യുന്നവരൊക്കെ രോഗം ഭേദമാകുന്നില്ല എന്ന് താങ്കള്‍ക്ക് പറയാന്‍ കഴിയുമോ?അലോപ്പതിയില്‍ ചികിത്സിച്ച് ഒരു ഫലവുമില്ലാതെ ആയുര്‍‌വേദത്തെ സമീപിച്ച് രോഗവിമുക്തി നേടിയ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും.

  ഒരു സുപ്രഭാതത്തില്‍ ഒരു കാലിന്റേയും,കയ്യുടേയും സ്വാധീനം കുറഞ്ഞുപോയ ഞാന്‍‍ മൂന്നാം മാസം പുലിപോലെ എഴുന്നേറ്റ് നടന്നത് ആയുര്‍‌വേദത്തിലെ മരുന്ന് കൊണ്ടാണ്.എന്റ് നടുവിന് പോലീസ് കാര്‍ ഉമ്മവെച്ചതിനെ തുടര്‍ന്നുണ്ടായ തകരാറും മാറ്റിതന്നത് ആയുര്‍‌വേദമാണ്.
  എനിക്കറിയാവുന്ന ഒരുപാട് പേര്‍ അതിന്റെ അല്‍ഭുതശക്തി അനുഭവിച്ചറിഞ്ഞവരാണ്.

  അലോപ്പതിയിലെന്നപോലെ തന്നെ ആയുര്‍‌വേദത്തിലും നിഗമനങ്ങളില്‍ പിശകുണ്ടാവാം.അലോപ്പതിയാണ് ശരിയായ ചികിത്സാരീതി എന്നൊന്നും പറഞ്ഞുകളയരുത്!

  ആയുര്‍‌വേദത്തില്‍ വേണ്ടത്ര ഗവേഷണങ്ങള്‍ നടക്കാത്തത് ആയു‌ര്‍വേദക്കാരന്റെ തകരാറല്ല.മറിച്ച് വൈദ്യരംഗത്ത് നിലനില്‍ക്കുന്ന താന്‍പോ‍രിമയുടേയും,സര്‍ക്കാരിന്റേയും തെറ്റായ നിലപാടുകള്‍ മൂലമാണ്.അതിനായി പണമിറക്കാനും, പ്രയത്നിക്കാനും ആരും തയ്യാറല്ല എന്നത് വസ്തുതയാണ്.മറ്റൊന്ന്,അലോപ്പതി വരുന്നതിനും മുന്‍പ് ഒരു തലമുറ ഇവിടെ ജീവിച്ചിരുന്നു.അവരൊക്കെ ഈ ചികിത്സാ സൌകര്യങ്ങള്‍ കൊണ്ട് തന്നെയാണ് രോഗത്തെ അതിജിവിച്ചത്.ഒരു പക്ഷെ ഈ തലമുറയെക്കാളും ആരോഗ്യവാന്‍മാര്‍ അവരായിരുന്നിരിക്കണം.രോഗ വിമുക്തിക്ക് അലോപ്പതി കഴിക്കുന്നവര്‍ അതിന്റെ പാര്‍ശ്വഫലം അനുഭവിക്കുന്നതിനെ കുറിച്ച് താങ്കള്‍ക്ക് എന്താണ് പറയാനുള്ളത്?
  പാര്‍ശ്വഫലം തരാത്ത എത്ര മരുന്നുകള്‍ അലോപ്പതിയിലുണ്ട്?

  ആയുര്‍‌വേദത്തില്‍ തട്ടിപ്പുകളുണ്ട്.അത് ചികിത്സാരീതിയുടെ തകരാറല്ല.മറിച്ച് ധനലാഭത്തിനായി അതിനെവ്യവസാ‍യ വല്‍ക്കരിച്ചവര്‍ ഉണ്ടാക്കി വെച്ച കുഴപ്പങ്ങളാണ്.

 5. Haree | ഹരീ Says:

  ഒരാള്‍ക്ക് ഒരു വൈറല്‍ ഫീവര്‍ വന്നു എന്നു കരുതുക. മോഡേണ്‍ മെഡിസിനില്‍ ചികത്സിച്ചാല്‍ എന്തെങ്കിലും ആന്റി-ബയോട്ടിക്ക്, ആ വൈറസിനെ എതിര്‍ക്കുന്നത് തരും. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പനിമാറും. പക്ഷെ, അതിന്റെ പാര്‍ശ്വഫലങ്ങളോ? അതെപ്പോളെങ്ങിനെയാണ് ശരീരത്തെ ബാധിക്കുക എന്ന് ഒരു ഡോക്ടറിനും പറയുവാന്‍ കഴിയില്ല.

  എന്നാല്‍, ആയുര്‍വേദം ചെയ്യുക; എന്തുകൊണ്ട് ഇയാള്‍ക്ക് ഈ പനി വന്നു, പ്രതിരോധശക്തി കുറഞ്ഞതുകൊണ്ടല്ലേ? ആ പ്രതിരോധശക്തി എങ്ങിനെ വീണ്ടെടുക്കാം? അതിനു വേണ്ടിയുള്ള കഷായങ്ങളും അരിഷ്ടങ്ങളും ഗുളികകളുമാണ് നല്‍കുന്നത്. പലപ്പോഴും, ഓരോ രോഗിയുടേയും അവസ്ഥയ്ക്കനുസൃതമായി ഓരോ കൂട്ടാവും ലഭിക്കുക. അതായത് ഒരേ പനിയുള്ള രണ്ടുപേര്‍ക്ക് ഒരേ കൂട്ട് മരുന്നാവണമെന്നില്ലെന്ന് സാരം. പനിമാറുവാന്‍ തീര്‍ച്ചയായും കൂടുതല്‍ സമയമെടുക്കും. പക്ഷെ, പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവില്ല എന്നു തന്നെ പറയാം. കാരണം, പ്രതിരോധശക്തി നല്‍കുക എന്നു പറയുമ്പോള്‍, ശരീരത്തിലേക്ക് നല്‍കുന്നത് ശരീരത്തിനു മനസിലാവുന്ന മരുന്നുകള്‍ തന്നെയാണ് (അല്ലെങ്കില്‍ ശരീരത്തില്‍ ഉണ്ടാവേണ്ടിയിരുന്ന, പനിബാധിച്ച ശരീരത്തില്‍ ഉണ്ടാവാതിരുന്ന അംശങ്ങള്‍). എന്നാല്‍ മോഡേണ്‍ മെഡിസിനിലൂടെ അകത്തെത്തുന്നവ, കീടാണുവിനെക്കൊല്ലുവാനുള്ളതാണ്, ശരീരത്തിന് അതെന്താണെന്ന് മനസിലാവണമെന്നു തന്നെയില്ല.

  ജൈവവളമിട്ട പച്ചക്കറിയും, കെമിക്കല്‍ വളമിട്ട പച്ചക്കറിയുമ്പോലെയാണ്; ആയുര്‍വേദം ചികത്സിച്ച ശരീരവും, മോഡേണ്‍ മെഡിസിന്‍ ചികത്സിച്ച ശരീരവും.

  ഓഫ്: ഇത് സാധാരണക്കാരന്റെ വിവരം, ഇവിടെ പങ്കുവെച്ചുവെന്നുമാത്രം.

 6. സൂരജ് Says:

  രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായേക്കുമെന്നറിഞ്ഞു കൊണ്ട്തന്നെയാണ് ഈ പോസ്റ്റിട്ടത്

  കമന്റുകള്‍ വരട്ടെ…ഈയുള്ളവന്റെ വിശദീകരണങ്ങള്‍ പിന്നീടിടാം.ചിലപ്പോള്‍ അതു മറ്റൊരു പോസ്റ്റിനുള്ള വിഷയമായാലോ..:-)

  ലേഖനത്തിലെ വിവരങ്ങള്‍ ആയുര്‍വേദം/എം.ബി.ബി.എസ് രണ്ടും പഠിച്ച് സാമാന്യം നല്ല നിലയില്‍ ആയുര്‍വേദവും മോഡേണ്‍ മെഡിസിനും പ്രാക്റ്റീസു ചെയ്യുന്ന സുഹ്യത്തിനെക്കൊണ്ടു ‘വെരിഫൈ’ ചെയ്യിച്ചതു തന്നെയാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അല്ല എന്നു മാത്രം ഇപ്പോള്‍ പറയട്ടെ.

 7. കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി Says:

  പ്രിയ സൂരജ് , പോസ്റ്റ് വളരെ നന്നായി . തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയമാണ് ആയുര്‍വ്വേദം . ഒരു മത വിശ്വാസം പോലെയാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത് . ആയുര്‍വ്വേദത്തെ പുകഴ്ത്താനും സൈഡ് എഫക്റ്റ് എന്ന് പറഞ്ഞ് ആധുനിക വൈദ്യശാസ്ത്രത്തെ ഇകഴ്ത്താനും ആളുകള്‍ കാണിക്കുന്ന ഉത്സാഹം അത്ഭുതകരമാണ് . ഇന്ന് ആരോഗ്യകരമായ ഒരു ജനത ഇവിടെ അധിവസിക്കുന്നതിന്റെ ക്രഡിറ്റ് ആധുനിക വൈദ്യശാസ്ത്രത്തിന് മാത്രമാണെന്നത് ഒരു ലളിതമായ സത്യമാണ് . ആധുനിക വൈദ്യശാസ്ത്രം ഇന്നുള്ളത് പോലെ വികസിച്ചിട്ടില്ലായിരുന്നെങ്കില്‍ മനുഷ്യന്റെ അവസ്ഥ എന്തായിരിക്കും എന്നത് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുന്നില്ല .

  അസത്യ പ്രചരണങ്ങള്‍ക്കാണ് ഇന്ന് കൂടുതല്‍ മാര്‍ക്കറ്റ് , എല്ലാ രംഗങ്ങളിലും ! മോഡേണ്‍ മെഡിസിനെതിരെയുള്ള ഒരു വികാരം ജനങ്ങളിടയെ പ്രചരിപ്പിക്കാന്‍ മറ്റ് ചികിത്സാസമ്പ്രദായങ്ങളുടെ വക്താക്കള്‍ സംഘടിതവും ആസൂത്രിതവുമായ രീതിയില്‍ പ്രചരണ കോലാഹലങ്ങള്‍ കെട്ടഴിച്ചു വിടുമ്പോള്‍ സത്യം ജനങ്ങളോട് തുറന്ന് പറയാന്‍ ബന്ധപ്പെട്ടവര്‍ മൌനം പാലിക്കുകയാണ് ചെയ്യുന്നത് . മോഡേണ്‍ മെഡിസിന്‍ പ്രാക്റ്റീസ് ചെയ്യുന്ന ഡോക്റ്റര്‍മാര്‍ ജനങ്ങളോട് ഒരു സത്യവും തുറന്ന് പറയുന്നില്ല . അവര്‍ ജനങ്ങളോട് സംവദിക്കുന്നത് തന്നെയില്ല . ജനങ്ങളില്‍ നിന്ന് അവര്‍ ഒരു അകലം എപ്പോഴും നിലനിര്‍ത്തുന്നു .

  വൈദ്യശാസ്ത്രത്തെക്കുറിച്ച് ജനങ്ങളോട് സത്യം തുറന്ന് പറയാനുള്ള ചരിത്രപരമായ ദൌത്യം മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ഏറ്റെടുക്കണമെന്ന് ഞാന്‍ സൂരജിനോട് സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു . സത്യം എവിടയും അപ്രിയമാണെന്ന സത്യം ആരോഗ്യപ്രശ്നത്തിനും ബാധകമാവുന്നു എന്നത് ഒരു വിരോധാഭാസം തന്നെ . ചര്‍ച്ചകളുടെ പിന്നാലെ പോകാതെ വിഷയത്തെ അനുഗമിക്കുക എന്ന അപേക്ഷയും കൂടിയുണ്ട് .

 8. മൂര്‍ത്തി Says:

  വായിക്കുന്നു..ഈ കമന്റ് മറ്റു കമന്റുകള്‍ ജിമെയിലില്‍ കിട്ടാന്‍ വേണ്ടി…:)

 9. റഫീക്ക് കിഴാറ്റൂര്‍ Says:

  ആയുര്‍വേദത്തിനു ഫലമുണ്ടെന്നു വാദിക്കുന്നവര്‍
  തന്നെ പാര്‍ശ്വഫലമുണ്ടാവില്ലെന്നും പറയുന്നു.
  ഇതെങ്ങിനെ ശരിയാവും?ഫലമുണ്ടാക്കാന്‍ കഴിയുമെങ്കില്‍ പാര്‍ശ്വഫലമുണ്ടാക്കാനും കഴിയില്ലെ?
  (വിവരകേടാണങ്കില്‍ ക്ഷമിക്കണേ)

 10. വക്കാരിമഷ്‌ടാ Says:

  ലേഖനത്തിലെ വിവരങ്ങള്‍ ആയുര്‍വേദം/എം.ബി.ബി.എസ് രണ്ടും പഠിച്ച് സാമാന്യം നല്ല നിലയില്‍ ആയുര്‍വേദവും മോഡേണ്‍ മെഡിസിനും പ്രാക്റ്റീസു ചെയ്യുന്ന സുഹ്യത്തിനെക്കൊണ്ടു ‘വെരിഫൈ’ ചെയ്യിച്ചതു തന്നെയാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ അല്ല എന്നു മാത്രം ഇപ്പോള്‍ പറയട്ടെ.

  ജേണല്‍ ആര്‍ട്ടിക്കിളുകളുടെ സൈറ്റേഷന്റെ കാര്യം പറഞ്ഞതുപോലെ സുഹൃത്തിന്റെ ആയുര്‍വേദം, സംസ്കൃതം മുതലായവയിലുള്ള ജ്ഞാനം, ആയുര്‍വേദ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാനുള്ള കഴിവ്… 🙂

  എന്തായാലും അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദമെന്ന് അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും എന്നറിയാവുന്ന സുഹൃത്തിന് പിന്നെങ്ങിനെ ആയുര്‍വേദം നല്ലനിലയില്‍ ധാര്‍മ്മികമായി പ്രാക്ടീസ് ചെയ്യാന്‍ കഴിയുമെന്ന കുനഷ്ഠ് ചോദ്യവും വരുന്നു.

  ബ്ലോഗില്‍ തന്നെ എന്റെ അറിവ് പ്രകാരം പണിക്കര്‍ മാഷും മോഡേണ്‍ മെഡിസിനും ആയുര്‍വേദവും പഠിച്ച ആളാണ്. അദ്ദേഹത്തിന്റെ അഭിപ്രായവും സുഹൃത്തിന്റെ അഭിപ്രായവും രണ്ടും രണ്ടാണെങ്കില്‍ തന്നെ രണ്ടും ഒരുപോലെ ശരിയാവില്ലല്ലോ.

  മുന്‍പ് പറഞ്ഞതുപോലെ മുന്‍‌വിധികളില്ലാതെ ഈ ആര്‍ട്ടിക്കിള്‍ ആരെങ്കിലും റിവ്യൂ ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

 11. മൂര്‍ത്തി Says:

  വക്കാരിയുടെ കൊനഷ്ട് ചോദ്യം അത്ര കൊനഷ്ടായി തോന്നിയില്ല. ധാര്‍മ്മികതയുടെ പ്രശ്നം എന്തായാലും ഉണ്ട്. അതിവിടെ വിഷയമല്ലായിരിക്കാം. സുഹൃത്ത് നോക്കിയത് എത്ര ശ്രദ്ധയോടെയായിരുന്നു എന്നുള്ള പ്രശ്നങ്ങളും ഉണ്ട്.

 12. ബാബുരാജ് Says:

  സൂരജിന്റെ ആര്‍ജ്ജവം അഭിനന്ദിക്കപ്പെടേണ്ടതു തന്നെ. പക്ഷെ സുകുമാരേട്ടന്‍ പറഞ്ഞതു പോലെ ഇതൊരു കൈ പൊള്ളുന്ന വിഷയമാണ്‌. ആയുര്‍വേദത്തെ ഒരു ഇതര ചികില്‍സാ പദ്ധതിയായി കാണുന്നതായിരിക്കും നല്ലത്‌. വൈദ്യ ശാസ്ത്രവും ചികില്‍സാ പദ്ധതിയും തമ്മിലുള്ള വ്യത്യാസം മനസ്സിലാകണം. ചികില്‍സയുടെ ഉദ്ദേശം രോഗശാന്തി മാത്രമാണ്‌. പക്ഷെ ശാസ്ത്രസത്യങ്ങള്‍ പലരീതിയിലാവാന്‍ സാദ്ധ്യമല്ല. സത്യത്തില്‍ ആയുര്‍വേദവും ഹോമിയോയും യുനാനിയും ഒക്കെപോലെ മറ്റൊരു ചികില്‍സാ സമ്പ്രദായമല്ല വൈദ്യശാസ്ത്രം. ആധുനിക വൈദ്യശാസ്ത്രം എന്ന പ്രയോഗം പോലും ശരിയാണെന്നു തോന്നുന്നില്ല. ആധുനിക ജീവശാസ്ത്രം എന്നൊന്നും ആരും പറയാറില്ലല്ലൊ?
  പിന്നെ വൈദ്യശാസ്ത്രം രോഗലക്ഷണങ്ങളേ ചികില്‍സിക്കുന്നുള്ളൂ, അടിസ്ഥാന കാരണം അന്വേഷിക്കുന്നില്ല എന്നൊക്കെയുള്ള അരോപണങ്ങള്‍ അതിനെ സംബന്ധിച്ച അറിവില്ലായ്മകൊണ്ട്‌ പറയുന്നതാണ്‌. അതുപോലെ തന്നെ പാര്‍ശ്വ ഫലങ്ങളുടെ കാര്യവും.

 13. ചിത്രകാരന്‍chithrakaran Says:

  സൂരജ്,
  താങ്കളുടെ മഹത്തരമായ ഈ വെളിപ്പെടുത്തലിനെ സസന്തോഷം സ്വീകരിക്കുന്നു.
  വൈദ്യശാസ്ത്ര രംഗത്തുള്ളവര്‍ക്കു മാത്രമേ ഈ രംഗത്തെ കാപട്യം തുറന്നു കാട്ടാനാകു എന്നതിനാല്‍ താങ്കളുടെ സാന്നിദ്ധ്യവും,ഈ തുറന്നെഴുത്തും , മാനവികമായ നന്മയുടെ വളര്‍ച്ചക്ക് ഒഴിച്ചുകൂടാനാകാത്തതാണ്.

  ആയുര്‍വേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങളില്‍ നിന്നുള്ള ശാസ്ത്രീയ സത്യങ്ങള്‍ വായിച്ചപ്പോള്‍ “അയ്യ്യേന്ന്” തോന്നി.
  ഇത്രയും ശുദ്ധ വിഢിത്തങ്ങള്‍ പഠിക്കാന്‍ നമ്മുടെ ആയുര്‍വേദ വിദ്യാര്‍ത്ഥികളെല്ലാം മണ്ട്ന്മാരാണോ?
  ഒന്നു പ്രതിഷേധിക്കുകയെങ്കിലും ചെയ്തൂടെ?
  എം ബി ബി എസ്സിനു പഠിപ്പിക്കുന്ന ശരീര ശാസ്ത്രമെങ്കിലും ആ പാവങ്ങളെ പഠിപ്പിച്ചൂടെ?
  മരുന്ന് വേണമെങ്കില്‍ പച്ചിലയോ,പച്ചവെള്ളമോ,തിരുമ്മലോ ആയിക്കൊള്ളട്ടെ !!! ആയുര്‍വേദം ആധുനികശാസ്ത്രം പഠിച്ചാല്‍ തേഞ്ഞുപോകുമെങ്കില്‍ തേഞ്ഞുപോകുന്നതല്ലെ നല്ലത്.
  ആയുവേദ കോളേജുകളിലെല്ലാം ആധുനികശാസ്ത്രപ്രകാരമുള്ള പുസ്തകങ്ങാള്‍ പഠിപ്പിക്കാന്‍ ഇനി വൈകിക്കൂട.
  വിഢിത്തം !!!!!!

 14. ചിത്രകാരന്‍chithrakaran Says:

  ഈ പൊസ്റ്റ് മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കുമൊക്കെ അയച്ചുകൊടുക്കണം.
  എല്ലാ പത്രക്കാര്‍ക്കും,ടീവിക്കാര്‍ക്കും. ആയുര്‍വേദമെന്നു പറഞ്ഞ് ,പഠിപ്പിക്കുന്ന വിഢീത്തം…ജനം ഒരു സത്യമറിയട്ടെ.

 15. മാരീചന്‍ Says:

  സൂരജ്, പോസ്റ്റ് നന്നായി. എന്നാല്‍ ചര്‍ച്ചയ്ക്ക് സമര്‍പ്പിക്കുന്ന ഒരു പോസ്റ്റില്‍ ഇത്രയും പ്രകോപനപരമായ ഭാഷ വേണോ എന്ന സംശയം ഇല്ലാതില്ല. കാരണം, ഇത്തരം വിഷയങ്ങളില്‍ വിഷയാവതാരകന്‍ തന്നെ പ്രകോപനപരമായ ഭാഷ ഉപയോഗിക്കുമ്പോള്‍ ചര്‍ച്ച ലക്കും ലഗാനും തെറ്റാന്‍ ഇടയുണ്ട്.

  ആയൂര്‍വേദത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ ഫിസിയോളജിയെക്കുറിച്ചുളള വൈദ്യശാസ്ത്രത്തിന്റെ നിഗമനങ്ങളുമായി പൊരുത്തപ്പെടുന്നില്ല എന്നാണ് ആരോപണം. അലോപ്പൊതിയുമായി താരതമ്യം നടത്തുമ്പോള്‍ ആ വിലയിരുത്തലില്‍ കാര്യമുണ്ട്. കാരണം അലോപ്പൊതിയിലെ ഓരോ മരുന്നും ശരീരത്തില്‍ ഇന്നയിന്ന വിധമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ആ മേഖലയിലുളളവര്‍ക്ക് അറിയാന്‍ കഴിയും. ഈ മരുന്നു കഴിച്ചാല്‍ ഇന്ന പാര്‍ശ്വഫലം ഉണ്ടാകും, അതിന് കാരണം ഇതാണ് എന്ന് വ്യക്തമായി പറയാന്‍ കഴിയുമെന്നര്‍ത്ഥം.

  ആയൂര്‍വേദ മരുന്നുകള്‍ ശരീരത്തില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എന്ന ചോദ്യത്തിന് ആയൂര്‍വേദം അറിയാവുന്നവര്‍ മറുപടി പറയുമെന്നു തന്നെയാണ് കരുതുന്നത്.

  അതുപോലെ തന്നെയാണ് രോഗം ഡയഗ്നോസിസ് ചെയ്യുന്നതും. എന്റെ ഒരു സുഹൃത്തിന് സംഭവിച്ച അനുഭവം സുകുമാരേട്ടന്റെ പോസ്റ്റില്‍ കമന്റായി എഴുതിയിരുന്നു. നടുവേദന കാരണം ആഴ്ചകളോളം തിരുവനന്തപുരം ആയൂര്‍വേദ കോളെജില്‍ ചികിത്സ അദ്ദേഹത്തിന് നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച കാര്യം മെഡിക്കല്‍ കോളെജിലെ പരിശോധനയില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. നടുവേദനയ്ക്ക് എണ്ണയും തടവലുമായി എത്രയോ കാലം അദ്ദേഹം ആയൂര്‍വേദ ചികിത്സ നടത്തിയെന്നും നേരിട്ടറിയാം.

  അപ്പോള്‍ ശരിയായ ഡയഗ്നോസിസ് പ്രശ്നമാണ്. വയറുവേദനയുമായി ഡോക്ടറെ കാണാനെത്തുന്നയാള്‍ക്ക് ഗ്യാസ് ട്രബിള്‍ മുതല്‍ കുടലിനോ മറ്റേതെങ്കിലും ആന്തരാവയവങ്ങള്‍ക്ക് കാന്‍സറോ അതിനെക്കാള്‍ മാരകമായ രോഗങ്ങളോ ആകാം. എങ്ങനെയാണ് ഒരു ആയൂര്‍വേദ ഡോക്ടര്‍ അത് കൃത്യമായി തിരിച്ചറിയുന്നത്? തിരുവനന്തപുരം ആയൂര്‍വേദ കോളെജിലടക്കം അതിന് ഏതേത് പരിശോധനകളാണ് നിലവിലുളളത്?

  അപൂര്‍വ രോഗങ്ങള്‍ അത്ര അപൂര്‍വമല്ലാതിരിക്കുന്ന ഇക്കാലത്ത് ചികിത്സ പോലെ പ്രധാനമാണ് ഡയഗ്നോസിസും. ആയൂര്‍വേദം, ഹോമിയോ എന്നീ ചികിത്സാ രീതികളില്‍ വിശ്വാസമര്‍പ്പിക്കുന്നവരുടെ എണ്ണം പല ലക്ഷങ്ങളാണ് നമ്മുടെ നാട്ടില്‍. അതുകൊണ്ട് തന്നെ ഈ ചോദ്യങ്ങള്‍ പ്രസക്തമാണെന്നു തോന്നുന്നു.

  ഒന്നുകൂടി
  ആയൂര്‍വേദം മാത്രം ഉണ്ടായിരുന്ന കാലത്ത് ആയുരാരോഗ്യത്തോടെ പലരും ജീവിച്ചിരുന്നതിനെക്കുറിച്ച് ഒരു കമന്റു കണ്ടു. പ്ലേഗും മലമ്പനിയും കോളറയും പോലുളള പകര്‍ച്ചവ്യാധികളും അക്കാലത്താണ് പടര്‍ന്നു പിടിച്ചത്. അവിടെ ആയൂര്‍വേദം നിസഹായമായിപ്പോയത് ചരിത്രമല്ലേ.

 16. കിരണ്‍ തോമസ് തോമ്പില്‍ Says:

  സൂരജ്‌,

  മനോഹരമായ ലേഖനം. മരീചന്‍ പറഞ്ഞതുപോലെ പ്രകോപനമായാ ഭാഷ വേണോെ എന്ന സംശയം എനിക്കും ഉണ്ട്‌. ചര്‍ച്ചക്ക്‌ ലക്കും ലഗാനവും പോകും എന്നത്‌ മാത്രമാണ്‌ പ്രശ്നം. പിന്നെ എന്ത്‌ പ്രതിവാദത്തേയും നേരിടാന്‍ ധൈര്യമുണ്ടെങ്കില്‍ പ്രകോപനപരമായ ഭാഷ ഉപയോഗിച്ചുകൊള്ളൂ എന്ന് ഞാന്‍ പറയും അതിന്‌ മാതൃകയും മരീചന്‍ തന്നേ

 17. Anonymous Says:

  Ayurveda was discovered, nurtured and perfected in India. This science of longevity provides a framework defining cause and conditions of sickness and connects
  them with healing practices. In its golden days, Ayurveda was practised by vaidyas (physicians) who had knowledge about nature and medicines. Furthermore, they used
  to prepare medicines themselves, as a source of livelihood and self-esteem. The period when this science flourished was the era of professional truthfulness, faith and belief. But the modern period is the era of globalization and
  cultural Copernicanism. Furthermore, nature and its habitat
  are being bricked and concretized. The fundamentals of truth, faith and belief are becoming words of the past. Today we need proof, scientific validation, testing, and
  rather more lucidity in the system, because only based on
  these facts can modern medicine revolutionize the global
  healthcare system. Their fundamentals are based on scientific research, active principles, mechanism of action, validation, testing, standardization and controlled clinical trails. Evidences provided by modern medicine are such that it is becoming difficult for vaidyas to convince the
  common man about the real efficacy of their medicinal preparations. Common man is moving towards modern
  medicine because it has strict scientific foundation and
  the ability to adequately manage symptoms of chronic and
  terminal diseases. The modern medicines are monitored vigilantly through systematic reviews and meta-analysis. At this juncture unfortunately, traditional medicines in this era are finding themselves poorly equipped to respond to these challenges, even though they may have superior therapeutic potential.

  Read more from this link….
  http://www.ias.ac.in/currsci/apr102005/1043.pdf

 18. സൂരജ് Says:

  ഇതൊരു പോസ്റ്റ്/കമന്റ്-യുദ്ധമാക്കാന്‍ ഉദ്ദേശ്യമില്ല. എങ്കിലും ഈ പോസ്റ്റുമായി ബന്ധപ്പെട്ട ഒരു മറു കുറിപ്പ് “അക്ഷരശാസ്ത്രം” എന്ന ബ്ലോഗില്‍ കാണാനിടയായത് ഇവിടെ:

  1. http://indiaheritage.blogspot.com/2007/11/blog-post_3244.html

  2. http://heritageindia-indiaheritage.blogspot.com/

 19. മുക്കുവന്‍ Says:

  കമെന്റ് കസറട്ടെ.. അറിവില്ലാത്ത ഞാന്‍ കേട്ടോളാം!

 20. ദേവന്‍ Says:

  പ്രിയ ഡോ. സൂരജ്‌,
  ആയുര്‍വേദത്തിലും കൂടി ബിരുദമെടുത്ത്‌, അതും പ്രാക്റ്റീസ്‌ ചെയ്യുന്ന ഒരു ഡോക്റ്റര്‍ വായിച്ച്‌ ശരിവച്ചതാണ്‌ ഈ ലേഖനം എന്ന കമന്റ്‌ വായിച്ചപ്പോള്‍ അദ്ദേഹത്തോട്‌ ചോദിക്കാന്‍ നിരവധി ചോദ്യങ്ങള്‍ മനസ്സില്‍ പൊന്തിപ്പോയി. അതില്‍ ചിലത്‌ കേള്‍ക്കാന്‍ സുഖമില്ലാത്ത തരം ലോജിക്കല്‍ ചോദ്യങ്ങളാണ്‌ ഉദാഹരണത്തിന്‌

  “ആഴത്തിലേക്ക്‌ ചെന്നാല്‍ അസംബന്ധങ്ങളുടെ ഘോഷയാത്രയാണ്‌ ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങളില്‍” എന്നത്‌ റാറ്റിഫൈ ചെയ്യുക വഴി അദ്ദേഹം ആയുര്‍വ്വേദം ക്വാക്ക്‌ മെഡിസിന്‍ ആണെന്ന് സമ്മതിക്കുകയാണ്‌, ഇത്‌ തട്ടിപ്പു ചികിത്സ എന്ന് വിശ്വസിച്ചുകൊണ്ട്‌ എന്തിനദ്ദേഹം ഇതു പ്രാക്റ്റീസ്‌ ചെയ്യുന്നു?

  രണ്ടാമത്തേ തരം ചോദ്യങ്ങള്‍ ജസ്റ്റിഫിക്കേറ്ററി ടൈപ്പ്‌ ആണേ. ഉദാ: മറ്റുള്ള പലരും ഡോ. വല്യത്താന്റെ ലെഗസി ഓഫ്‌ ചരക എന്ന പുസ്തകത്തിലും ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ്‌ ഒഫ്താല്‍മോളജിയില്‍ ലേഖനങ്ങളെഴുതുന്ന ഡോ. രാജു വി കെ എഴുതുന്നതിലും ബ്ലോഗ്‌ എഴുതുന്ന ഡോ. പണിക്കരുടെ പോസ്റ്റുകളിലും കാണുന്ന നിരവധി നിരീക്ഷണങ്ങളുമായി കടകവിരുദ്ധമായ ഫാക്ച്വല്‍ സ്റ്റേറ്റ്മെന്റ്സ്‌ അദ്ദേഹം ശരിവച്ചിട്ടുണ്ട്‌. നേര്‍ വിപരീതമായ കാര്യങ്ങള്‍ വന്നാല്‍ രണ്ടില്‍ ഏതാണ്‌ ശരിയെന്ന് എല്ലാവരുടെയും ജസ്റ്റിഫിക്കേഷന്‍ എടുത്ത്‌ വായിക്കുന്ന ആള്‍ (വായിച്ച്‌ മനസ്സിലാക്കാന്‍ മാത്രം രണ്ടുതരം ചികിത്സയുടെയും ബേസിക്ക്‌
  അറിവെങ്കിലും ഉള്ള ആളുകള്‍, ഞാന്‍ അതില്‍ പെടുന്നില്ല) തീരുമാനിക്കേണ്ടിവരും. കോടതി പോലത്തെ ക്രോസ്‌ വിസ്താരം അദ്ദേഹത്തിനു താല്‍പ്പര്യമുണ്ടോ? (ഡോ. വല്യത്താന്റെയും ഡോ. രാജുവിന്റെയും ലേഖനങ്ങള്‍ ഇപ്പോള്‍ തന്നെ നല്ലൊരു ശതമാനം ജസ്റ്റിഫിക്കേഷനോടു കൂടിയാണ്‌, പണിക്കരു മാഷ്‌ ദേഷ്യം പിടിച്ചിരിക്കാത്ത സമയം നോക്കി ബ്ലോഗേല്‍ പോയി നമുക്ക്‌ ജസ്റ്റിഫിക്കേഷന്‍ ചോദിച്ചാല്‍ കിട്ടേണ്ടതാണ്‌, പോസ്റ്റ്‌ ഇട്ടയാള്‍ എന്ന നിലയ്ക്ക്‌ അതു വാലിഡേറ്റ്‌ ചെയ്യാനും അദ്ദേഹത്തിനു ധാര്‍മ്മികമായി ഉത്തരവാദിത്തമുണ്ടല്ലോ)

  അവസാനത്തെ തരം ചോദ്യം:
  ഹിപ്പോക്രറ്റീസിന്റെ ലൈബ്രറിയില്‍ അദ്ദേഹം ശേഖരിച്ചു വച്ചിരുന്ന രണ്ടായിരത്തഞ്ഞൂറു പുസ്തകങ്ങള്‍ തന്നെയാണോ ആധുനിക വൈദ്യശാസ്ത്രം ഇന്നു പ്രാക്റ്റീസ്‌ ചെയ്യുന്നത്‌? അല്ലെങ്കില്‍ എന്തുകൊണ്ട്‌ ചരകന്റെ കാലത്ത്‌ രക്തസമ്മര്‍ദ്ദം രേഖപ്പെടുത്തിയിട്ടില്ല അതുകൊണ്ട്‌ ഇന്ന് മുരിങ്ങയിലച്ചാറ്‌ കഴിച്ചാല്‍ രക്താതിസമ്മര്‍ദ്ദം കുറയും (അലോപ്പതി ഇതു വച്ച്‌ മരുന്നൊന്നും ഉണ്ടാക്കുന്നില്ല, ആയുര്‍വേദത്തിന്റെ സ്വന്തം പുസ്തകത്തില്‍ കണ്ട്‌, പൊതുവില്‍ ആളുകള്‍ നിരുപദ്രവകരമായ ഡയറ്റ്‌ തെറാപ്പി എന്ന രീതിയില്‍ ചെയ്യുന്ന കാര്യം, ഞാന്‍ വൈദ്യനോ ഡോക്റ്ററോ അല്ലാത്തതുകാരണം ഒരുതരം മരുന്നുകളെയും സജ്ജസ്റ്റീവ്‌ ആയ രീതിയില്‍ പരാമര്‍ശിക്കാറില്ല ) എന്നു അഷ്ടാംഗഹൃദയത്തിന്റെ ഇന്നത്തെ
  കണ്ടതില്‍ തെറ്റുണ്ടോ എന്ന രീതിയില്‍ അപ്പ്രോച്ചിനെ വാലിഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നതും. ( അഷ്ടാം ഹൃദയപ്രകാരം രക്തസമ്മര്‍ദ്ദത്തിനു മുരിങ്ങയാണു ചികിത്സ എന്നാരും ധരിക്കരുതേ, വി കെ കുട്ടികൃഷ്ണമേനോന്റെ ഭാഷ്യത്തില്‍ അഞ്ചെട്ടിടങ്ങളില്‍ രക്തസമ്മര്‍ദ്ദം പ്രതിപാദിക്കുന്നുണ്ട്‌)

  പോസ്റ്റ്‌- കമന്റ്‌ യുദ്ധത്തില്‍ കലാശിക്കാതെ ഇരിക്കാന്‍, ഇത്തരം അസുഖകരവും ദൈര്‍ഘ്യമേറിയതും ഡസന്‍ കണക്കിനു ചോദ്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിക്കുന്നതുമായ ഒരു കമന്റ്‌ ഞാന്‍ കമ്പോസ്‌ ചെയ്യാതെ ഇരിക്കാം (ഏറെ സമയവും ഞാനടക്കം എല്ലാവര്‍ക്കും ലാഭിക്കാം) പക്ഷേ അതില്‍ ഒരു പ്രശ്നമുണ്ട്‌ (അതുകൊണ്ടായിരിക്കാം ആളുകള്‍ ഇത്ര താല്‍പ്പര്യം കമന്റിടാന്‍ കാണിക്കുന്നതും ഈ വിഷയത്തില്‍):

  ലക്ഷക്കണക്കിനാളുകള്‍ പിന്‍തുടരുന്ന ഒരു ചികിത്സാ സമ്പ്രദായം, അതു ആധുനിക ശാസ്ത്രമോ ആഫ്രിക്കന്‍ വൂഡോവോ വേലനെ വിളിച്ച്‌ തുള്ളിക്കലോ എന്തുമാകട്ടെ, തെറ്റാണെന്ന് പൊതുസമക്ഷം പറയുമ്പോള്‍ വായിക്കുന്നവര്‍ക്ക്‌ ബോദ്ധ്യം വരുന്നതുവരെ ആ സ്റ്റേറ്റ്മെന്റിനെ ന്യായീകരിക്കാനും അതിറക്കുന്ന വ്യക്തിക്ക്‌ ബാദ്ധ്യതയുണ്ടല്ലോ? രണ്ടു തവണ നോബല്‍ പ്രൈസ്‌ വാങ്ങിയ ഡോ. ലീനസ്‌ പൌളിംഗ്‌ ആണ്‌ ഹൃദ്രോഗം ഒരു വൈറ്റമിന്‍ ഡെഫിഷ്യന്‍സി പ്രശ്നമാണെന്നും വൈറ്റമിന്‍ സിയ്ക്ക്‌ ഈതറോസ്ക്ലീറോസിസ്‌ പ്രോഗ്രസ്സ്‌ ചെയ്യുന്നത്‌ ഇന്‍ഹിബിറ്റ്‌ ചെയ്യാന്‍ കഴിയുമെന്നും പ്രസ്ഥാവിച്ചത്‌. അദ്ദേഹം ലോകപ്രശസ്തനായതുകൊണ്ട്‌ ജനം അതു വിശ്വസിച്ചിരുന്നെങ്കില്‍ എന്തായേനെ കഥ?
  തൊണ്ണൂറുവയസ്സിലോ മറ്റോ അന്തരിക്കും വരെ ഡോ. പൌളിംഗ്‌ വൈറ്റമിന്‍ സി തെറാപ്പിയെക്കുറിച്ച്‌ നിരന്തരം പ്രസംഗിച്ചുകൊണ്ടേയിരുന്നു. വൈദ്യശാസ്ത്രവും പൊതുജനവും അതു ചോദ്യം ചെയ്തുകൊണ്ടും.

 21. വക്കാരിമഷ്‌ടാ Says:

  മഞ്ഞളിലെ നിരോക്സീകാരികള്‍, ബെല്ലഡോണയില്‍ നിന്നെടുക്കുന്ന അട്രോപ്പിന്‍, സര്‍പ്പഗന്ധിയില്‍ നിന്നെടുക്കുന്ന റിസര്‍പ്പിന്‍, ശവംനാറി യില്‍ നിന്നും കിട്ടുന്ന വിന്‍ ക്രിസ്റ്റിന്‍, വിന്‍ ബ്ലാസ്റ്റിന്‍… ലിസ്റ്റ് നീളും പക്ഷേ യാഥാര്‍ഥ്യം സുഖകരമല്ല. ഇന്നു നാം ഈ മരുന്നുകള്‍ക്കു പറഞ്ഞിട്ടുള്ള ഒറ്റ ഉപയോഗം പോലും ക്ലാസിക്കല്‍ ആയുര്‍വേദത്തില്‍ ഈ മരുന്നുകള്‍ക്ക് പറഞ്ഞിട്ടില്ല!

  എന്താണ് ഈ പറഞ്ഞതില്‍ നിന്നും ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. മഞ്ഞളിന്റെ കാര്യമെടുത്താല്‍ മഞ്ഞളിന്റെ ആരോഗ്യത്തിനും അസുഖം മാറാനുമൊക്കെയായുള്ള ഒരു ഉപയോഗവും ആയുര്‍വേദത്തില്‍ പറഞ്ഞിട്ടില്ല എന്നാണോ, അതോ മഞ്ഞളിന് ഉണ്ട് എന്ന് ഇപ്പോഴത്തെ ആയുര്‍വേദക്കാര്‍ പറയുന്ന ഉപയോഗങ്ങളൊന്നും യഥാര്‍ത്ഥ ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ മഞ്ഞളിനായി പറയുന്നില്ല (അതായത് ആധുനിക ശാസ്ത്രം മഞ്ഞളിന്റെ ഉപയോഗങ്ങള്‍ കണ്ടുപിടിച്ചപ്പോള്‍ ആയുര്‍വേദത്തിലും ഇതിന്റെ ഉപയോഗങ്ങള്‍ പണ്ടേ പറഞ്ഞിരുന്നു എന്നാരെങ്കിലും വെറുതെ വീമ്പ് പറയുന്നതാണോ)എന്നാണോ അതോ മറ്റുവല്ലതുമാണോ ഉദ്ദേശിച്ചതെന്ന് വ്യക്തമായില്ല. ഒറ്റ ഉപയോഗം പോലും എന്നത് വല്ലാത്തൊരു ആബ്‌സൊല്യൂട്ട് സ്റ്റേറ്റ്‌മെന്റുമാണല്ലോ- തുടരന്വേഷണത്തിന് യാതൊരു സ്കോപ്പുമില്ലാത്ത രീതിയില്‍ 🙂

  Ajay Goel, Ajaikumar B. Kunnumakkara, Bharat B. Aggarwal എന്നിവരുടെ b i o c h e m i c a l pharmacology എന്ന ജേണലില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന Curcumin as ‘‘Curecumin’’: From kitchen to clinic എന്ന ആര്‍ട്ടിക്കിളില്‍ In Ayurvedic medicine, curcumin is a well-documented treatment for various respiratory conditions (e.g., asthma, bronchial hyperactivity, and allergy)
  as well as for liver disorders, anorexia, rheumatism, diabetic
  wounds, runny nose, cough, and sinusitis

  എന്നൊക്കെ

  Araujo CC, Leon LL. Biological activities of Curcuma longa L.. Mem Inst Oswaldo Cruz 2001;96:723–8.

  എന്ന ആര്‍ട്ടിക്കിളിനെ റഫര്‍ ചെയ്ത് പറഞ്ഞിട്ടുണ്ട്. സൂരജ് പറഞ്ഞതില്‍ നിന്നും വിഭിന്നമായുള്ള ഒരു പരാമര്‍ശമല്ലേ അത്? രണ്ടും ഒരുപോലെ ശരിയാവാന്‍ മാര്‍ഗ്ഗമില്ലല്ലോ.

  മഞ്ഞളിന്റെ ഉപയോഗങ്ങള്‍ ആയുര്‍വേദത്തില്‍ പറഞ്ഞിട്ടുണ്ടോ, ഉണ്ടെങ്കില്‍ അവ ഏതൊക്കെയാണ്, അവ എന്നാണ് ആദ്യമായി ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ചേര്‍ക്കപ്പെട്ടത്, എന്നൊക്കെ ആയുര്‍വേദം ആധികാരികമായി അറിയാവുന്ന ആരെങ്കിലും പറയുമെന്ന് പ്രതീക്ഷിക്കുന്നു.

  ദേവേട്ടന്‍ പറഞ്ഞതിനോട് യോജിക്കുന്നു. അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദമെന്ന് വെരിഫൈ ചെയ്ത സുഹൃത്ത് ആ വൈദ്യം ഇപ്പോഴും വിജയകരമായി പ്രാക്ടീസ് ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ ചെറുതായൊന്ന് ഞെട്ടാതിരുന്നില്ല 🙂

  സൂരജ് ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങള്‍ എന്ന് പറഞ്ഞവയല്ല (ഒന്നോ മറ്റോ ഒഴികെ), പണിക്കര്‍മാഷ് ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങള്‍ എന്ന് പറഞ്ഞത്.

  സൂരജ് പറഞ്ഞവ (ഫിസിയോളജിക്കല്‍ കണ്‍സപ്റ്റ് അറിയാനായിട്ടാണെന്നാണ് പറഞ്ഞതെങ്കിലും മൂലഗ്രന്ഥങ്ങളായിട്ടാണ് അവയെ വിവരിച്ചിരിക്കുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കിയത്)-

  അഷ്ടാംഗഹ്യദയം,
  ഗര്‍ഭോപനിഷത്ത്,
  സഹസ്രയോഗം,
  ശാര്‍ങധര സംഹിത

  എന്നിവയാ‍ണ് പരാമര്‍ശിച്ചത്. പണിക്കര്‍ മാഷ് പറഞ്ഞത് :

  ചരകസംഹിത,
  സുശ്രുതസംഹിത,
  അഷ്ടാംഗസംഗ്രഹം,
  ഭാവപ്രകാശം,
  രസരത്നസമുച്ചയം,
  ശാര്‍ങ്ങധരസംഹിത,
  ഭൈഷജ്യരത്നാവലി,
  മാധവനിദാനം,
  യോഗരത്നാകരം എന്നിവയാണ്.

  ഇവയില്‍ സൂരജുമായി യോജിക്കുന്നത് ശാര്‍ങധരസംഹിതയില്‍ മാത്രമാണ്. ഈ വ്യത്യാസം എത്രമാത്രം സൂരജിന്റെ നിഗമനങ്ങളെ (പോസിറ്റീവായോ നെഗറ്റീവായോ) ബാധിച്ചിരിക്കും? പണിക്കര്‍ മാഷ് പറഞ്ഞ ഗ്രന്ഥങ്ങള്‍ കൂടി കണ്ണോടിക്കാതെ ആഴത്തില്‍ തന്നെ വായിച്ച് മനസ്സിലാക്കിയാല്‍ സൂരജിന്റെ നിഗമനങ്ങളില്‍ മാറ്റമുണ്ടാവുമോ?

  വിക്കിപ്പീഡിയ ഈ മൂന്ന് ഗ്രന്ഥങ്ങളെപ്പറ്റിയാണ് പറയുന്നത്:

  Agnivesh tantra, which was revised and renamed as Charaka Samhitā ആന്‍ഡ് Sushruta Samhitā. ഇവ രണ്ടും സൂരജ് മൂലഗ്രന്ഥങ്ങളായി പരാമര്‍ശിക്കുന്നേ ഇല്ല.

  അങ്ങിനെ നോക്കുമ്പോള്‍ ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങളെപ്പറ്റി സൂരജ് പറഞ്ഞതില്‍ തന്നെ കണ്‍ഫ്യൂഷനുണ്ട്. അപ്പോള്‍ പിന്നെ ആ കണ്‍ഫ്യൂഷന്റെ പുറത്ത് ആയുര്‍വേദത്തിന്റെ മൂലഗ്രന്ഥങ്ങളില്‍ പലതിനെപ്പറ്റിയും പറയുന്നില്ല എന്ന് പറയുന്നതും കണ്‍ഫ്യൂഷനുണ്ടാക്കില്ലേ?

  മോഡേണ്‍ ഫിസിയോളജിയെയും ആയുര്‍വേദത്തിലെ അത്തരം കണ്‍സപ്റ്റുകളെയും താരതമ്യപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? എന്താണ് അതിന്റെ രീതി തുടങ്ങി കാക്കത്തൊള്ളായിരം സംശയങ്ങള്‍ വേറെയുമുണ്ട്.

 22. Dr Who Says:

  ഈ ചര്‍ച്ച ആദ്യമേ വഴി തെറ്റിക്കഴിഞ്ഞു. ആയുര്വേദത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന പലരും (ലേഖകന്‍ ഒഴിച്ച്) വൈദ്യശാസ്ത്രത്തില്‍ യാതൊരു പരിചയമോ, മാതൃഭൂമി ആരോഗ്യമാസികക്കപ്പുറം വായിക്കാത്തവരോ ആണെന്ന് അവരുടെ കമന്റുകള്‍ വായിച്ചാല്‍ അറിയാം. മുനിയെഴുതി, ബ്രാഹ്മണന്‍ ഉപയോഗിച്ചു, മതം ഇടപെട്ടു, ഇതൊക്കെയാണ് അവരുടെ യഥാര്‍‌ത്ഥ പ്രശ്നം എന്ന് മനസ്സിലാവാതിരിക്കാന്‍ ഇവിടെ ആരെങ്കിലും പൊട്ടന്മാരുണ്ടോ?
  ആയുര്‍‌വേദത്തിന്റെ പരിമിതികള്‍ സമ്മതിക്കുമ്പോള്‍ തന്നെ അതിന്റെ നിലനില്പിന്റേയും പരിഷ്കരിച്ച ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ചും കാര്യകാരണസഹിതം വിവരിക്കുന്ന ദേവാനന്ദിനെ എന്ത് പറഞ്ഞാണ് അഭിനന്ദിക്കുക? ലേഖകന്റെ എഴുത്തും നിഷ്പക്ഷമാണ്. എന്നാല്‍ ചില പാഷാണത്തില്പോലും കൃമികളാകുന്നവര്‍ (ഞാനല്ല :-)) എന്തു കണ്ടിട്ടാണ് ഈ “വേദത്തെ” എതിര്‍ക്കുനതെന്ന് ചര്‍ച്ചയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ മനസ്സിലാക്കിയാല്‍ അവരെ ഒഴിവാക്കി ക്രിയാത്മകമായി മുന്നോട്ട് പോകാം.

  പാര്‍ശഫലത്തിനെക്കുറിച്ച് : ഇത്തിരി ശക്തികൂടിയ (പ്രിസിക്രിപ്ഷന്‍ വേണ്ട) ഇംഗ്ലീഷ് മരുനുകളുടെ യൂസേജ് ഫോമില്‍ അറിയാവുന്ന, ഇന്നുവരെ ഒബ്‌സേര്‍‌വ്വ് ചെയ്ത,‍ എലികളലും മറ്റു ഹതഭാഗ്യരായ മനുഷ്യരുടെ മുകളിലും കണ്ട പാര്‍ശഫലങ്ങളേയുള്ളൂ. എന്നിട്ടവസാനം ഒരു ഡിസ്ക്ലിഅമറൂം ഇടും..കേട്ടാല്‍ പേടി വരുന്ന പല എഫക്റ്റും പറഞ്ഞിട്ട്, അത് ചിലരിലൊക്കെ ഉണ്ടാവാനും ഉണ്ടാവാതിരിക്കാനും സാധ്യതയുണ്ടത്രേ! എല്ലാം ഒരു ഞാണിന്മേല്‍ കളീയാണ് എന്നര്‍ത്ഥം.
  എന്നിട്ടാണ് അലോപ്പതി എല്ലാം കിറുകൃത്യം എന്നൊക്കെ ഓരോത്തര് വെച്ചു കാച്ചുന്നത്! വിവരമില്ലെങ്കില്‍ മിണ്ടാതിരുന്ന് ചര്‍ച്ച കേള്‍ക്കെടേ…ബാ എന്റെ സൈഡില്‍ ഇരി.

 23. subins Says:

  Dear dr,
  U hav 2 understand that AV s absolutily a diffrent science.. never compare it wt modern medicie.
  “Arogyanikethanam” s a must read 4 u… d refferences are interpreted in a -ve way here. i think u studied it just 2 write this article…

 24. subins Says:

  Dear dr,
  U hav 2 understand that AV s absolutily a diffrent science.. never compare it wt modern medicie.
  “Arogyanikethanam” s a must read 4 u… d refferences are interpreted in a -ve way here. i think u studied it just 2 write this article…


ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )