മെഡിസിന്‍ @ ബൂലോകം

സ്വവര്‍ഗലൈംഗികതയുടെ ശാസ്ത്രം ജൂലൈ 3, 2009

ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് …

-ഇത് സാമൂഹികവൈദ്യപാഠപുസ്തകത്തില്‍ പൊതുജനാരോഗ്യത്തെ സംബന്ധിച്ച അധ്യായത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്ന ഒരു വരിയാണ്. ആരെഴുതിയെന്നൊന്നും അറിയില്ല. പക്ഷേ ഉള്‍ക്കൊള്ളലിന്റെ ജനാധിപത്യരീതികളെ വാനോളം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദില്ലി ഹൈക്കോടതി ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദീര്‍ഘകാലത്തെ പോരാട്ടത്തിന് നല്‍കിയ പച്ചക്കൊടി [1] ഈ തത്വത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.

ഇങ്ങനെയുള്ള അവസരങ്ങളില്‍ സ്വവര്‍ഗ്ഗാനുരാഗത്തെയും സ്വവര്‍ഗ്ഗ രതിയേയും സംബന്ധിച്ച് അബദ്ധധാരണകളുടെ ഒരു മലവെള്ളപ്പാച്ചില്‍ തന്നെ ഉണ്ടാവുക സ്വാഭാവികം. തങ്ങളുടെ തുരുമ്പിച്ച മതപ്രത്യയശാസ്ത്രങ്ങള്‍ക്ക് ന്യായീകരണം ചമയ്ക്കാന്‍ പാതിരിമാരും മൊല്ലാക്കമാരും ആര്‍ഷഭാരതസംസ്കൃതിയുടെ കാവലാളുകളും കച്ചകെട്ടിയിറങ്ങുമ്പോള്‍ പ്രത്യേകിച്ചും. കുടുംബബന്ധങ്ങളെ ശിഥിലമാക്കുമെന്നു തുടങ്ങി എയിഡ്സ് വ്യാപനത്തിനു വരെ കാരണമാകുമെന്നൊക്കെയാണ് കാറ്റില്‍ പറക്കുന്ന വാദങ്ങള്‍ . സ്വവര്‍ഗ്ഗാനുരാഗം പരിണാമ നിയമങ്ങള്‍ക്കോ പ്രകൃതിക്കോ വിരുദ്ധമാണോ ? സ്വവര്‍ഗ്ഗരതി എയിഡ്സ് വ്യാപിപ്പിക്കുമോ ? ശാസ്ത്രപഠനങ്ങള്‍ എന്തു പറയുന്നു ഇതിനെ സംബന്ധിച്ച് ?

സ്വവര്‍ഗാഭിമുഖ്യവും സമൂഹവും

“അപരന്‍” (other) എന്നൊരു സങ്കല്പത്തിലൂന്നിയാണ് ആന്തരികവ്യക്തിത്വം മുതല്‍ സമൂഹവും രാഷ്ട്രവും വരെ ഉരുത്തിരിയുന്നത് എന്നിരിക്കെ സ്വന്തം കൂട്ടര്‍ പിന്‍പറ്റുന്ന ശീലങ്ങള്‍ normal-ഉം അതില്‍ നിന്ന് വ്യതിരിക്തമാവുന്നതെല്ലാം abnormal -ഉം ആവുന്നത് സ്വാഭാവികം. മതബദ്ധമായതും അല്ലാത്തതുമായ സാമൂഹിക നിയമസംഹിതകള്‍ ഉണ്ടാകുന്നത് ആത്യന്തികമായി ഈ അപരനെ(other) സ്വന്തത്തില്‍ (same) നിന്ന് വേര്‍തിരിക്കാനാണ്. ഭൂരിപക്ഷത്തിന്റെ അനുശീലനങ്ങള്‍ സ്വാഭാവികമെന്നും ന്യൂനപക്ഷത്തിന്റേത് അസ്വാഭാവികമെന്നും നോക്കിക്കാണുന്ന മനോനിലയും ഇതിന്റെ തുടര്‍ച്ചതന്നെ [2].

പരലൈംഗികരായ (heterosexuals) ഭൂരിപക്ഷമടങ്ങുന്ന സമൂഹം സ്വവര്‍ഗാനുരാഗികളെ എങ്ങനെ കാണുന്നു എന്നതിനെ സംബന്ധിച്ച് ഒട്ടേറെ പഠനങ്ങള്‍ നടന്നിട്ടുണ്ട്.ഈ സാമൂഹികപ്രതികരണങ്ങളെ സംബന്ധിച്ചു പഠിച്ചഗവേഷകര്‍ അതിനെ മൂന്ന് ഘടകങ്ങളായി കാണുന്നു – ഒന്നാമത്തേത്, സ്വവര്‍ഗാനുരാഗം(homosexuality) എന്ന ആശയം എത്രമാത്രം “സദാചാരവിരുദ്ധ”മാണെന്ന ചിന്തയെ ആശ്രയിച്ചുള്ള പ്രതികരണം; രണ്ടാമത്, സ്വവര്‍ഗാനുരാഗി തനിക്കും തന്റെ ഉറ്റവര്‍ക്കും ഉണ്ടാക്കാന്‍ സാധ്യതയുള്ള പ്രശ്നങ്ങളെ ഓര്‍ത്തുള്ള പ്രതികരണം; മൂന്നാമത്, സ്വവര്‍ഗാനുരാഗികളുടെ അവകാശസമരങ്ങളോടുള്ള പ്രതികരണം. പരലൈംഗികരായ പുരുഷന്മാര്‍ സ്വവര്‍ഗ്ഗാനുരാഗിയായ പുരുഷന്മാരോട് കാണിക്കുന്ന വെറുപ്പ് സ്ത്രീകളുടെ തത്തുല്യ പ്രതികരണത്തെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ കാണിക്കുന്നു [3]. എന്നാല്‍ സ്ത്രീസ്വവര്‍ഗാനുരാഗിക(Lesbians)ളോട് പരലൈംഗികരായ പുരുഷനും സ്ത്രീയും ഏതാണ്ടൊരുപോലെയാണ് പ്രതികരിക്കുന്നതും. ശ്രദ്ധേയമായ മറ്റൊരുകാര്യം ഒരു മനുഷ്യാവകാശപ്രശ്നമെന്ന നിലയിലേയ്ക്ക് വരുമ്പോള്‍ പ്രതികരണങ്ങള്‍ തണുക്കുകയും കൂടുതല്‍ ആളുകള്‍ – ആണ്‍ പെണ്‍ ഭേദമെന്യേ – സ്വവര്‍ഗാനുരാഗികളുടെ സമരങ്ങളോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. പുരുഷമേധാവിത്വം, കര്‍ശനമായ ആണ്‍ – പെണ്‍ വിവേചനങ്ങള്‍, പുരുഷത്വ ചിഹ്നങ്ങള്‍, മതാധിഷ്ഠിത സദാചാരബോധം തുടങ്ങിയവയോട് ആഭിമുഖ്യമുള്ളവരാണ് ഇത്തരം ഹോമഫോബിയ കൂടുതലും വച്ചുപുലര്‍ത്തുന്നതായി പഠനങ്ങളും ചൂണ്ടുന്നത്. സ്വവര്‍ഗാനുരാഗികളോടുള്ള അവജ്ഞയ്ക്ക് ജാതി-വര്‍ണ-ലിംഗവിവേചനവുമായുള്ള സാമ്യം യാദൃച്ഛികമല്ല. സമൂഹത്തിലെ മറ്റ് അവശ/അസംഘടിത ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും ഭയവും പോലെ ഹോമഫോബിയയും അധീശത്വ മനോഭാവത്തില്‍ വേരൂന്നിയാണ് വളരുന്നതെന്നാണ് സൂചനകള്‍ [3,4].

സ്വവര്‍ഗാനുരാഗി എന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ആദ്യം മനസിലെത്തുന്ന ചിത്രം സ്ത്രൈണചേഷ്ടകളുള്ള നാണം കുണുങ്ങിയായ പുരുഷന്റെ(sissy boy)യാണ്, അല്ലെങ്കില്‍ സ്ത്രീവേഷം ധരിച്ച ഒരു നപുംസകരൂപത്തിന്റെ (transgender). എന്നാല്‍ സമൂഹം പ്രോട്ടോടൈപ്പുകളായി സങ്കല്പിച്ചുവച്ചിരിക്കുന്ന ഇവരൊക്കെ സ്വവര്‍ഗാനുരാഗികളിലെ ഒരു ചെറിയ ശതമാനം മാത്രമാണ് എന്നതാണ് സത്യം. കുട്ടിക്കാലത്ത് തീര്‍ച്ചമൂര്‍ച്ചയുള്ള ജെന്‍ഡര്‍ റോളുകള്‍ക്ക് വിധേയരാകാത്ത കുട്ടികള്‍ വളരുമ്പോള്‍ സ്വവര്‍ഗാനുരാഗിയാവാന്‍ സാധ്യത കൂടുതലാണെങ്കിലും ബഹുഭൂരിപക്ഷം വരുന്ന സ്വവര്‍ഗഭോഗികളും ലൈംഗികവിഷയത്തിലൊഴിച്ച് പരലൈംഗികാഭിമുഖ്യമുള്ളവരില്‍ നിന്ന് ശാരീരികമോ മാനസികമോ ആയി ഒരു തരത്തിലും വ്യത്യസ്തരല്ല. സ്ത്രീ സ്വവര്‍ഗാനുരാഗിയില്‍ പുരുഷ ഹോര്‍മോണുകളും പുരുഷ സ്വവര്‍ഗപ്രണയികളില്‍ സ്ത്രീ ഹോര്‍മോണുകളുമായിരിക്കും കൂടുതല്‍ എന്ന ധാരണയും ഭൂരിപക്ഷത്തിന്റെ കാര്യത്തിലും ശരിയല്ല. സ്വന്തം ലൈംഗികസ്വത്വത്തെ സംബന്ധിച്ച (താനൊരു പുരുഷനാണോ സ്ത്രീയാണോ എന്നൊക്കെയുള്ള) സന്ദേഹങ്ങളും സ്വവര്‍ഗ്ഗാനുരാഗികളില്‍ അത്യപൂര്‍വ്വമാണ്‍. സ്വവര്‍ഗാനുരാഗവും പരലൈംഗികാഭിമുഖ്യവും ഒരേവ്യക്തിയില്‍ കാണുന്ന ദ്വിലൈംഗികതയും (bisexuality) അസാധാരണമല്ല. ആധുനിക സമൂഹത്തില്‍ സ്വവര്‍ഗാഭിമുഖ്യമുള്ളവര്‍ വേഷവിധാനങ്ങളില്‍ പരലൈംഗികാഭിമുഖ്യക്കാരെക്കാള്‍ ഒരു രീതിയിലും വ്യത്യസ്തരല്ല.

മറ്റൊരു പ്രധാന തെറ്റിദ്ധാരണയാണ് സ്വവര്‍ഗ്ഗരതിയും (homosexual act) സ്വവര്‍ഗ്ഗലൈംഗികാഭിമുഖ്യവും (homosexuality) ഒന്നായിക്കാണുന്നത്. സ്വവര്‍ഗ്ഗലൈംഗികാഭിമുഖ്യം അഥവാ homosexuality എന്നത് സ്വവര്‍ഗ്ഗത്തിലുള്ള വ്യക്തികളില്‍ നിന്ന് മാത്രം ലൈംഗികോത്തേജനം ലഭിക്കുന്ന മാനസികാവസ്ഥയാണ്. ഈ ആഭിമുഖ്യം പ്രണയമാകുമ്പോള്‍ സ്വവര്‍ഗ്ഗാനുരാഗമാകുന്നു.സ്വവര്‍ഗരതിരീതികളെ സ്വവര്‍ഗാനുരാഗത്തില്‍ നിന്ന് വേര്‍തിരിച്ചുകാണേണ്ടതുണ്ട് [5]. കുണ്ടന്‍ (fag) എന്ന പരിഹാസവിളി സ്വവര്‍ഗ്ഗാനുരാഗികളെ ഉദ്ദേശിച്ചുള്ളതാണെങ്കിലും സ്വവര്‍ഗ്ഗ സുരതരീതികളെന്ന്‍ പൊതുവേ കരുതപ്പെടുന്ന ഗുദഭോഗവും വദനസുരതവുമൊക്കെ സ്വവര്‍ഗ്ഗാഭിമുഖ്യമുള്ളവരില്‍ മാത്രമല്ല പരലൈംഗികാഭിമുഖ്യമുള്ളവരിലും (heterosexuals)വ്യാപകമാണ്.സ്വവര്‍ഗ്ഗാനുരാഗികളുടെ കേവലജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ പരലൈംഗികാഭിമുഖ്യമുള്ളവരിലെ ഗുദഭോഗവും വദനസുരതവും ഏഴോ എട്ടോ മടങ്ങ് കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് [6] !

ഇതുപോലൊരു അസംബന്ധമാണ് ഇവര്‍ ബാലപീഡകരാണെന്ന് അടച്ചുള്ള ആക്ഷേപം. മുതിര്‍ന്ന ഒരു പുരുഷന് പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയുമായി ലൈംഗികബന്ധമുണ്ടായാല്‍ അതിനെ സ്വവര്‍ഗാനുരാഗമായി കാണാന്‍ പൊതുവേ എല്ലാവര്‍ക്കും താല്പര്യമാണ്. സ്വവര്‍ഗരതിവേഴ്ചയെ സ്വവര്‍ഗലൈംഗികാഭിമുഖ്യമായി തെറ്റിദ്ധരിക്കുന്നതിന്റെ പ്രശ്നമാവാമിത്. ബാ‍ലപീഡകരെ അവരുടെ ലൈംഗികാഭിമുഖ്യം വച്ചല്ല അളക്കേണ്ടത്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് പരലൈംഗികാഭിമുഖ്യമോ ദ്വിലൈംഗികാഭിമുഖ്യമോ ആണ് ബാലപീഡകരിലും കൂടുതല്‍ എന്നാണ് [7].പരലൈംഗികാഭിമുഖ്യമുള്ളവരിലും സ്വവര്‍ഗാഭിമുഖ്യമുള്ളവരിലും കുട്ടികളുടെ ചിത്രങ്ങള്‍ എത്രമാത്രം ലൈംഗികോത്തേജനം ഉണ്ടാക്കാമെന്ന് അന്വേഷിച്ച ഒരു പഠനത്തില്‍ വെളിവായത് ഈ രണ്ട് വിഭാഗങ്ങള്‍ തങ്ങളില്‍ ഇക്കാര്യത്തില്‍ വ്യത്യാസങ്ങളില്ലെന്നാണ്. കുറ്റവാസനയെ അളക്കുന്ന ചില പഠനങ്ങളാകട്ടെ സ്വവര്‍ഗലൈംഗികാഭിമുഖ്യമുള്ളവര്‍ മറുവിഭാഗത്തേക്കാള്‍ കുറ്റവാസനയും ആക്രമണ മനോഭാവവും കുറഞ്ഞ കൂട്ടരാണെന്നാണ് കണ്ടെത്തിയിട്ടുള്ളത് [8].

സ്വവര്‍ഗാനുരാഗവും വൈദ്യലോകവും

മധ്യകാലഘട്ടത്തില്‍ നരകലബ്ധിക്ക് കാരണമായി പല സമൂഹങ്ങളും കണ്ടിരുന്ന സ്വവര്‍ഗ്ഗരതിയും സ്വവര്‍ഗ്ഗാനുരാഗവും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേയ്ക്കാണ് ഒരു രോഗാവസ്ഥയാണെന്ന് സംശയിക്കപ്പെട്ടുതുടങ്ങിയത്. ഒരുതരത്തില്‍ ഇതൊരു വഴിത്തിരിവാണ് – കുറ്റവാളിയെന്ന മുദ്രയേക്കാള്‍ ഭേദമാണല്ലോ “രോഗി” എന്ന മുദ്ര. 1860കളില്‍ ജര്‍മ്മന്‍ നിയമജ്ഞനായ കാള്‍ ഹൈന്‍-റിഷ് ഉള്‍ റിഖ് ആണ് സ്വവര്‍ഗാനുരാഗം ഒരു ജന്മവാസനയാകാമെന്ന സാധ്യത ആദ്യമായി മുന്നോട്ടുവച്ചത്. ഇദ്ദേഹം ഇന്ന് ലൈംഗികന്യൂനപക്ഷാവകാശ സമരങ്ങളുടെ പിതാവായി അറിയപ്പെടുന്നു. 1930കളില്‍ ഇന്‍ഡ്യാനാ യൂണിവേഴ്സിറ്റിയിലെ ഡോ: ആല്ഫ്രെഡ് കിന്‍സിയുടെ പഠനങ്ങളാണ് പുരുഷന്മാരിലെ സ്വവര്‍ഗ്ഗരതിയുടെ വ്യാപ്തിയെപ്പറ്റിയുള്ള ആദ്യ ചിത്രങ്ങള്‍ മുഖ്യധാരാ വൈദ്യശാസ്ത്രത്തിന്റെ മുന്നില്‍ക്കൊണ്ടുവന്നത് [9,10]. ആ പഠനങ്ങളനുസരിച്ച് ജനസംഖ്യയിലെ 10%ത്തോളം ആളുകള്‍ സ്വവര്‍ഗ്ഗരതിക്കാരാവാമെന്ന് അനുമാനിക്കപ്പെട്ടു. സൈക്കോ അനലിറ്റിക് രീതികള്‍ പ്രചാരം നേടിയ ഈ കാലത്തുതന്നെയാണ് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ വിശദീകരണമായി ഫ്രോയ്ഡും കൂട്ടരും “ലൈംഗികമനോവികാസ മുരടിപ്പ്” സിദ്ധാന്തങ്ങള്‍ മുന്നോട്ടുവച്ചതും [11]. സൈക്കയാട്രിയും സൈക്കോളജിയും തമ്മിലുള്ള ആശയസമരം കൊടുമ്പിരികൊണ്ട ഈ കാലഘട്ടത്തില്‍ ഡോ: ജോര്‍ജ് ഹെന്രിയുടെ നേതൃത്വത്തില്‍ സ്വവര്‍ഗ്ഗാനുരാഗത്തെ സംബന്ധിച്ച തിയറികളെല്ലാം കൂടി യോജിപ്പിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും അതു വിജയിച്ചില്ല [12] .

1905 മുതല്‍ 1950 വരെയുള്ള കാലത്ത് ഫ്രോയ്ഡിന്റെയും പിന്നീടുവന്ന ഫ്രോയ്ഡിയന്‍ സൈദ്ധാന്തികരുടെയും ഭാവനാവിലാസത്തില്‍ സൈക്കോളജി എന്ന ശാസ്ത്രശാഖ ഞെങ്ങി ഞെരുങ്ങിയെങ്കിലും കടുത്ത ചികിത്സാവിധികളില്‍ നിന്ന് സൈക്കോ അനാലിസിസിന്റെ സൌമ്യസ്വഭാവത്തിലൂടെ സ്വവര്‍ഗ്ഗാനുരാഗികളെ രക്ഷിക്കാന്‍ ഫ്രോയ്ഡിനായി എന്നത് എടുത്തുപറയണം.

സ്വവര്‍ഗ്ഗാനുരാഗപഠനങ്ങളില്‍ അടുത്ത വഴിത്തിരിവുണ്ടാകുന്നത് സൈക്കോളജിസ്റ്റായ ഡോ: എവ്ലിന്‍ ഹുക്കറിലൂടെയാണ്. 1953 മുതല്‍ 1957 വരെ നീണ്ട ഡോ:ഹുക്കറുടെ പഠനങ്ങളാണ് ഒരു മാനസിക രോഗമെന്ന നിലയില്‍ നിന്ന് സ്വവര്‍ഗ്ഗാഭിമുഖ്യത്തെ ഒരു സാധാരണ ജന്മവാസനയെന്ന നിലയിലേയ്ക്ക് ഇറക്കിക്കൊണ്ടുവന്നത്. സ്വവര്‍ഗാനുരാഗികളെയും അങ്ങനെയല്ലാത്തവരെയും ഉള്‍പ്പെടുത്തി അവര്‍ നടത്തിയ പഠനത്തിന്റെ ഫലം സമകാലിക വൈദ്യശാസ്ത്രധാരണകളെ ഇടിച്ചുനിരത്തുന്നതായിരുന്നു [13]. പ്രാചീന ജനസമൂഹങ്ങളില്‍ സ്വവര്‍ഗരതി വ്യാപകമായിരുന്നുവെന്നും മിക്കപ്പോഴും സ്വവര്‍ഗരതിക്ക് മുഖ്യധാരയുടെ അംഗീകാരമുണ്ടായിരുന്നുവെന്നും വിശദമാക്കുന്ന പഠനങ്ങളും ഇതേ കാലത്തു തന്നെ പുറത്തുവന്നു. മൃഗങ്ങളിലെ സ്വവര്‍ഗരതിശീലങ്ങളുമായും താരതമ്യപഠനങ്ങള്‍ ഉണ്ടായതോടെ ഇതൊരു “രോഗ”മല്ല, ഒരു രതിശീലം മാത്രമാണെന്ന ധാരണ കൂടുതലുറച്ചു [14] . ഡോ:ഹുക്കറുടെ പഠനഫലങ്ങള്‍ പില്‍ക്കാലത്ത് പലരും ആവര്‍ത്തിക്കുകയും ലൈംഗികശീലത്തിലെ വ്യതിയാനത്തിനപ്പുറം സ്വവര്‍ഗാനുരാഗികളെ മാനസികരോഗികളാ‍യി മുദ്രകുത്താനുള്ള കാരണങ്ങളില്ലെന്ന് തെളിയിക്കപ്പെടുകയും ചെയ്തു [15]. ഒടുവില്‍ ചില്ലറ വാഗ്വാദങ്ങളും വോട്ടെടുപ്പുകള്‍ക്കും ശേഷം വൈദ്യരംഗത്ത് മറ്റൊരു ചരിത്രം കുറിച്ചുകൊണ്ട് അമേരിക്കന്‍ സൈക്കയാട്രിക് അസോസിയേഷന്‍ തങ്ങളുടെ രോഗലിസ്റ്റില്‍ (Diagnostic and Statistical Manual of Mental Disorders) നിന്ന് 1986ല്‍ സ്വവര്‍ഗാനുരാഗത്തെ ഒഴിവാക്കി.

പല ജനസംഖ്യാപഠനങ്ങളും സ്വവര്‍ഗരതിക്കാരെ സംബന്ധിച്ച് പല കണക്കുകളാണ് നല്‍കുന്നത്. 90കളിലും 2000ങ്ങളിലും പാശ്ചാത്യരാജ്യങ്ങളില്‍ നടന്ന പല പഠനങ്ങളും 2 – 20% വരെയാ‍ണ് സ്വവര്‍ഗ്ഗാനുരാഗികളുടെ ജനസംഖ്യയായി കണ്ടെത്തിയത്. സമൂഹത്തില്‍ നിലനില്‍ക്കുന്ന കടുത്തവിവേചനവും എതിര്‍പ്പും മൂലം വികസിത സമൂഹങ്ങളില്‍പ്പോലും സ്വവര്‍ഗ്ഗാനുരാഗികള്‍ വെളിച്ചത്തുവരാതിരിക്കുന്ന അവസ്ഥയുണ്ട്. ഇക്കാരണത്താലാവാം കണക്കുകളില്‍ വരുന്ന വ്യതിയാനം. ജീവിതത്തിന്റെ വളരെ ചെറിയൊരു കാലത്തിനിടെ സ്വവര്‍ഗാഭിമുഖ്യത്തിലൂടെ കടന്നുപോകുന്നവര്‍ മുതല്‍ ആജീവനാന്തം അതുമായി ജീവിക്കുന്നവര്‍ വരെയുള്ള വലിയൊരു സ്പെക്ട്രമാണ് സ്വവര്‍ഗലൈംഗികാഭിരുചികളുടേത് [16]. പൊതുജീവിതത്തില്‍ തികച്ചും പരലൈംഗികാഭിമുഖരായി ജീവിക്കുന്നവരില്‍പ്പോലും ഏറിയും കുറഞ്ഞും സ്വവര്‍ഗരതിശീലവും സ്വവര്‍ഗ്ഗാഭിമുഖ്യവും കാണപ്പെടുന്നു എന്ന് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുണ്ട് (ചലനാത്മക ലൈംഗികത, അഥവാ fluidity of sexual orientation). സാമൂഹികവിലക്കുകളെ ഭയന്ന് അത്തരം വാഞ്ഛകള്‍ അടക്കുന്നവരാവാം ഏറിയകൂറും [17].

അതിനാല്‍ത്തന്നെ ഇന്ത്യയെപ്പോലുള്ള ഒരു അടഞ്ഞ സമൂഹത്തില്‍ അമിതസ്ത്രൈണഭാവമുള്ള അപൂര്‍വ്വം പുരുഷന്മാരും ഹിജഡകളുമാണ് തങ്ങളുടെ മറച്ചുവയ്ക്കാനാവാത്ത ലൈംഗികസ്വത്വം വെളിപ്പെടുത്തി മുന്നോട്ടുവരുന്നതില്‍ കൂടുതലും. സ്വവര്‍ഗാനുരാഗം “ചികിത്സിച്ചു ഭേദമാക്കി”യെന്നും അങ്ങനെയുള്ള ചിലര്‍ കുടുംബമായി കഴിയുന്നുണ്ടെന്നുമുള്ള സാക്ഷ്യങ്ങളുടെ പൊള്ളത്തരവും ഇവിടെത്തന്നെയാണ്.

മുന്‍ ധാരണകളെ അട്ടിമറിക്കുന്ന ഗവേഷണങ്ങളിലൂടെ വൈദ്യസമൂഹം വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നുവെങ്കിലും ഇന്നും ഒരു ചെറിയ വിഭാഗം മനോരോഗചികിത്സകര്‍ സ്വവര്‍ഗാനുരാഗത്തെ ഒരു രോഗമായി കണ്ട് ചികിത്സിച്ച് ഭേദപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട് എന്നത് ദു:ഖകരമാണ്. ചെറുപ്പക്കാരില്‍ ഇത്തരം ചികിത്സകളുണ്ടാക്കാവുന്ന മാനസിക പ്രശ്നങ്ങള്‍ ചില്ലറയല്ല. മുന്‍ കാലങ്ങളില്‍ ലിംഗത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ചും സ്വയംപീഡനത്തിന് രോഗിയെ പ്രേരിപ്പിച്ചുമൊക്കെയാണ് “ചികിത്സ” കൊടുത്തിരുന്നതെങ്കില്‍ ഇന്ന് അല്പം കൂടി മയപ്പെട്ടിട്ടുണ്ട് കാര്യങ്ങള്‍ എന്നുമാത്രമാണ് ഒരാശ്വാസം. സ്വവര്‍ഗ്ഗരതി ചികിത്സിച്ചുമാറ്റാമെന്ന് വിശ്വസിക്കുന്ന മനശാസ്ത്രചികിത്സകരില്‍ നടന്ന പഠനങ്ങള്‍ ചൂണ്ടുന്നത് അവരില്‍ നല്ലൊരുപങ്കും സ്വന്തം സദാചാരബോധം ചികിത്സയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്നാണ്. പലരിലും തെളിവധിഷ്ഠിത വൈദ്യരീതികളെപ്പറ്റി കാര്യമായ അജ്ഞതയും കണ്ടെത്തുകയുണ്ടായി. സ്വവര്‍ഗരതിയെ എയിഡ്സ് ഭീതിയുമായി ബന്ധപ്പെടുത്തി കാണുന്നതും മതസദാചാരത്തിനു വിരുദ്ധമാണതെന്നുമൊക്കെയുള്ള തെറ്റിദ്ധാരണകളും ഈ ചികിത്സകര്‍ക്കിടയില്‍ അത്ഭുതപ്പെടുത്തും വണ്ണം വ്യാപകമാണ്. [18,19]

സ്വവര്‍ഗലൈംഗികതയുടെ ജൈവാടിത്തറകള്‍

മനുഷ്യസ്വഭാവങ്ങളെ ശ്ലീലവും അശ്ലീലവും എന്നിങ്ങനെ മുറിക്കാനല്ല മറിച്ച് പല വൈശേഷ്യങ്ങളുടെ ഒരു തുടര്‍ച്ച(continuum)യായി കാണാനാണ് ആധുനിക വൈജ്ഞാനികവെളിപാടുകള്‍ നമ്മെ പ്രേരിപ്പിക്കുന്നത് . ആ അര്‍ത്ഥത്തില്‍ സ്വവര്‍ഗ്ഗാഭിമുഖ്യം സാമാന്യനിയമങ്ങളുടെ ഒരു അപഭ്രംശമല്ല മറിച്ച്, തികച്ചും ജൈവികമായ അനേകം സ്വഭാവവിശേഷങ്ങളിലൊന്നു മാത്രമാണെന്ന് പ്രാഥമിക പഠനങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

നൈസര്‍ഗികമായ ഒരു സ്വഭാവവിശേഷമാണ് ലൈംഗികത എന്നംഗീകരിക്കുന്നവര്‍ തന്നെ മുഖ്യമായും രണ്ടുവാദങ്ങളാണ് സ്വവര്‍ഗലൈംഗികാഭിമുഖ്യത്തിന്റെ കാരണമായി മുന്നോട്ടുവയ്ക്കുന്നത് : 1. ഇതൊരു ജനിതകവാസനയാണ് 2. വളര്‍ച്ചയുടെ പല ഘട്ടങ്ങളിലുണ്ടാകുന്ന പാരിസ്ഥിതികസ്വാധീനങ്ങളുടെ ഫലമാണ്. ഇതിലെ ആദ്യത്തെ സിദ്ധാന്തപ്രകാരം ജന്മനാ തന്നെ ഒരു സ്വവര്‍ഗരതിക്കാരന്‍ ആ പ്രകൃതമാര്‍ജ്ജിക്കുന്നു. അതില്‍ നിന്ന് അയാളെ/അവളെ മാറ്റുക അസാധ്യമോ അനാവശ്യമോ ആണ് എന്നുവരുന്നു. രണ്ടാമത്തെ സിദ്ധാന്തം ചുരുക്കത്തില്‍ ഇങ്ങനെയാണ് : ഗര്‍ഭാവസ്ഥമുതല്‍ക്കുള്ള സ്വാധീനങ്ങള്‍ , ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയ ജനിതകേതര സ്വാധീനങ്ങളാല്‍ സ്വവര്‍ഗാഭിമുഖ്യം നിര്‍ണയിക്കപ്പെടുന്നു. യാഥാര്‍ത്ഥ്യം ഇവയ്ക്കു രണ്ടിനുമിടയിലെവിടെയോ ആണെന്ന് മസ്തിഷ്ക/മനശാസ്ത്രജ്ഞര്‍ കരുതുന്നു.

കുട്ടിക്കാലത്തെ സംഘം ചേരലുകളില്‍ സ്വന്തം ലൈംഗികസ്വത്വത്തെ ആണ്‍ – പെണ്‍ ദ്വന്ദ്വങ്ങളില്‍ ഒതുക്കാന്‍ തങ്ങള്‍ ബുദ്ധിമുട്ടിയിരുന്നു എന്ന്‍ സ്വവര്‍ഗാനുരാഗികളില്‍ നല്ലൊരു വിഭാഗം റിപ്പോര്‍ട്ട് ചെയ്യാറുണ്ട് [20,21]. കൌമാരത്തിനപ്പുറം ഈ സന്ദിഗ്ധത അധികം പേരെയും അലട്ടാറില്ല എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. സ്വവര്‍ഗാഭിമുഖ്യം പ്രകടിപ്പിക്കുന്നവരിലെ ഒരു ചെറിയ വിഭാഗം വ്യക്തികള്‍ ഉഭയലിംഗമുള്ളവരോ ലിംഗസംബന്ധിയായ ജന്മവൈകല്യങ്ങളുള്ളവരോ ആണ് (ambiguous genitals). മൂന്നാം ലിംഗമെന്ന് വിളിക്കാവുന്ന നപുംസകങ്ങളും ഭ്രൂണാവസ്ഥയിലെ ചില ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ മൂലം ലിംഗവും പ്രജനനാവയവങ്ങളും കൃത്യമായി ഉരുവപ്പെടാത്തവരുമൊക്കെ ഈ വിഭാഗത്തില്‍ വരുന്നവരാണ്. എന്നാല്‍ ഒരു വിഭാഗത്തില്‍ മാത്രം നിരീക്ഷിക്കപ്പെട്ടിട്ടുള്ള ഹോര്‍മോണ്‍ വ്യതിയാന പ്രതിഭാസം സ്വവര്‍ഗാഭിമുഖ്യങ്ങളുടെയാകെ ജൈവാടിസ്ഥാനത്തെ വിശദീകരിക്കാനുപയോഗിക്കാനാവില്ല. വിശേഷിച്ച് സ്വവര്‍ഗാനുരാഗികളായ ഇരട്ടകളില്‍ നടന്ന ജനിതക പഠനങ്ങളും പുരുഷ ഹോര്‍മോണ്‍ സ്വീകരിണികളെ സംബന്ധിച്ച ജൈവകണികാ പഠനങ്ങളും “ഹോര്‍മോണ്‍” സിദ്ധാന്തത്തെ പൂര്‍ണമായി പിന്തുണയ്ക്കുന്നില്ല എന്നിരിക്കെ [22] .

ഗര്‍ഭകാലത്ത് ആണ്‍ ഭ്രൂണങ്ങളില്‍ നിന്നു അമ്മയുടെ രക്തത്തിലേയ്ക്ക് കടക്കുന്ന ചില ജൈവ ഘടകങ്ങള്‍ക്കെതിരേ അമ്മയില്‍ ജൈവപ്രതിരോധം (immune reaction) ഉണ്ടാകുമെന്നും പിന്നീട് വരുന്ന ആണ്‍ കുഞ്ഞുങ്ങളിലെ പുരുഷത്വം നിര്‍ണയിക്കുന്ന Y-ക്രോമസോമിന്റെ ഭാഗങ്ങളെ ഈ ജൈവപ്രതിരോധകണികകള്‍ ‘ആക്രമിക്കു’മെന്നും ഒരു കണ്ടെത്തലുണ്ട് [23]. മൂത്തകുട്ടികളില്‍ ആണുങ്ങള്‍ കൂടുന്നതനുസരിച്ച ഇളയ ആണ്‍ കുട്ടി സ്വവര്‍ഗാഭിമുഖ്യം കൂടുതല്‍ കാണിക്കാം എന്ന യു.എസ്-കനേഡിയന്‍ പഠന നിരീക്ഷണത്തില്‍ നിന്നാണ് ഈ സിദ്ധാന്തം രൂപപ്പെട്ടത് [24]. ബ്ലാങ്കാഡിന്റെയും കൂട്ടരുടെയും ഈ കണക്കുകൂട്ടലനുസരിച്ച് ഓരോ മൂത്ത ചേട്ടന്റെയും സാന്നിധ്യത്തില്‍ ഇളയ ആണ്‍കുട്ടിയെ സ്വവര്‍ഗാഭിമുഖ്യമുള്ളയാളാകാനുള്ള സാധ്യത 33% വച്ച് കൂടുന്നുവത്രെ. എലികളില്‍ നടന്ന പരീക്ഷണങ്ങള്‍ കാണിക്കുന്നത് Y-ക്രോമസോമിനെതിരേ ഉണ്ടാവുന്ന ഈ പ്രതിരോധവ്യൂഹത്തിന്റെ ആക്രമണം പിന്നീടുണ്ടാവുന്ന ആണ്‍ കുട്ടിയുടെ പ്രജനനശേഷിയെ ബാധിക്കാമെന്നാണ് [25].

ബൌദ്ധികമായോ മാനസിക ഘടനയിലോ പൊതുസമൂഹവുമായി ഗണനീയ വ്യത്യാസങ്ങളൊന്നും ഇല്ലെങ്കിലും ചില്ലറ ഘടനാപരമായ വ്യതിയാനങ്ങള്‍ സ്വവര്‍ഗാനുരാഗികളിലെ മസ്തിഷ്കങ്ങളില്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കുരങ്ങുകളിലും ആടുകളിലും നടന്ന പഠനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലൈംഗികഹോര്‍മോണുകള്‍ക്ക് ഈ ഘടനാവ്യതിയാനത്തില്‍ പങ്കുണ്ടോ എന്ന് ശാസ്ത്രജ്ഞര്‍ സംശയിക്കുന്നു [26]. ഈ വ്യതിയാനങ്ങള്‍ പില്‍ക്കാലത്തെ വളര്‍ച്ചയുടെയും മാനസികവികാസത്തിന്റെയും ഫലമല്ല മറിച്ച് ജനനസമയത്തുതന്നെ ഉള്ളവയാണ് എന്നും ഏറെക്കുറേ സ്ഥിരീകരിച്ചിട്ടുണ്ട് [27]. ഒരുപക്ഷേ ജനിതകവ്യതിയാനങ്ങളുടെ ഒരു ശാരീരിക ഫലമാവാം മസ്തിഷ്കത്തിലെ ഈ വ്യത്യാസങ്ങള്‍.

പാരിസ്ഥിതിക സ്വാധീനത്തെ ന്യായീകരിക്കുന്ന സിദ്ധാന്തങ്ങള്‍ ഇങ്ങനെ ഒരു വഴിക്ക് അന്വേഷണം തുടരുമ്പോള്‍ ഏറ്റവും ശക്തമായ തെളിവുകളുമായി ജനിതക സ്വാധീനപഠനങ്ങളും വരുന്നുണ്ട്. ഒരേ ജനിതക ഘടനയുള്ള കാരണത്താല്‍ ഇക്കാര്യത്തില്‍ പ്രകൃതിയിലെ മികച്ച പാഠപുസ്തകങ്ങളാണ് ഒരേ സിക്താണ്ഡം പിളര്‍ന്നുണ്ടാകുന്ന ഇരട്ടക്കുട്ടികള്‍ (monozygotic twins) . ഇരട്ടകളിലെ പഠനങ്ങള്‍ ഒരുകാര്യം അസന്ദിഗ്ധമായി സ്ഥാപിച്ചുകഴിഞ്ഞു – സ്വവര്‍ഗാനുരാഗത്തിന്റെ കാര്യത്തില്‍ ഇരട്ടകള്‍ 48% മുതല്‍ 66% വരെ പൊരുത്തം കാണിക്കുന്നുണ്ട്; അതായത് ജനിതകമായ സ്വാധീനം ഇക്കാര്യത്തില്‍ ശക്തമാണ്, എന്നാല്‍ ഇതു പൂര്‍ണമായും ജനിതകമല്ല താനും [28].

സ്വവര്‍ഗാഭിമുഖ്യമുള്ളവരുടെ കുടുംബങ്ങളിലെ ജനിതക പാറ്റേണുകള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റൊരു കാര്യം നിരീക്ഷിക്കപ്പെട്ടത്, അമ്മയില്‍ നിന്ന് ജനിതകമായ ചില ഘടകങ്ങള്‍ കുട്ടിയിലേയ്ക്ക് കൈമാറാനുള്ള സാധ്യതയാണ്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സ്വവര്‍ഗാനുരാഗികളായ സഹോദരന്മാരില്‍ വളരെയേറെ സാമ്യമുള്ള ചില കഷ്ണങ്ങള്‍ X ക്രോമസോമിന്റെ ഒരു ഭാഗത്ത് കണ്ടു [29]. ആണ്‍കുട്ടികള്‍ക്ക് X ക്രോമസോം അമ്മയില്‍ നിന്നേ കിട്ടാറുള്ളൂ. സ്വവര്‍ഗാനുരാഗിയായ പുരുഷന്റെ അമ്മയുടെ ബന്ധുക്കള്‍ക്കിടയില്‍ സ്വവര്‍ഗാനുരാഗം കൂടുതലായി കണ്ടത് ഇതിന്റെ കൌതുകമുയര്‍ത്തുന്നു. “Xq28” എന്ന പേരില്‍ ഡീന്‍ ഹെയ്മര്‍ വിളിച്ച ക്രോമസോമിന്റെ ഈ ഭാഗം 1990-കളുടെ തുടക്കത്തില്‍ വന്‍ കൊടുങ്കാറ്റാണുയര്‍ത്തിയത് . ഈ ഭാഗത്തായിരിക്കണം സ്വവര്‍ഗാനുരാഗത്തെ നിര്‍ണയിക്കുന്ന ജീനുകള്‍ ഇരിക്കുന്നത് എന്ന് പലയിടത്തും പ്രസ്താവിക്കപ്പെട്ടു. സ്വവര്‍ഗാനുരാഗം ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട വാസനയാണെന്നതിനു പൂര്‍ണ്ണതെളിവാണിതെന്ന്‍ ആശ്വസിച്ച സ്വവര്‍ഗപ്രണയികള്‍ ഇതാഘോഷിച്ചത് “Xq28 – Thanks Mom” എന്നാലേഖനം ചെയ്ത ടീ-ഷര്‍ട്ടുകള്‍ വരെ ഇറക്കിയാണ് [30] ! എന്നാല്‍ പിന്നീട് വന്ന പഠനങ്ങള്‍ക്ക് പലതിനും ഹെയ്മറുടെ ഫലങ്ങള്‍ അതേ തോതില്‍ ആവര്‍ത്തിക്കാനായില്ലെന്നു വന്നതോടെ ആവേശം കെട്ടടങ്ങി – ഇതൊരു യാദൃച്ഛിക പൊരുത്തമാവാമെന്ന്‍ പലരും അഭിപ്രായം തിരുത്തുകയും ചെയ്തു [31]. എങ്കിലും സ്വവര്‍ഗപ്രണയത്തിന് കാരണമാകാന്‍ ജീനുകള്‍ക്കാകും എന്ന് തെളിയിക്കാന്‍ അനുബന്ധപഠനങ്ങള്‍ക്ക് കഴിഞ്ഞതിനാല്‍ അന്വേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

പരിണാമത്തിന്റെ നീണ്ട വിരലുകള്‍

പ്രാക്തനസമൂഹങ്ങളില്‍ കുടുംബ/വ്യക്തി ബന്ധങ്ങളിലും സപത്നീസമ്പ്രദായത്തിനുള്ളിലും ഗുരുശിഷ്യബന്ധങ്ങളിലും യോദ്ധാക്കള്‍ക്കിടയിലെ സൌഹൃദങ്ങളിലും ഒക്കെ സമലൈംഗികതയും സ്വവര്‍ഗരതിയും പല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനു നരവംശപഠനങ്ങള്‍ ഒട്ടേറെ തെളിവുകള്‍ തരുന്നുണ്ട്. സ്വവര്‍ഗരതിയ്ക്ക് സമൂഹത്തില്‍ അംഗീകാരവും ഉന്നതസ്ഥാനവും നല്‍കിയിരുന്ന സംസ്കാരങ്ങളില്‍ ഏറ്റവും പ്രശസ്തം പുരാതന ഗ്രീക്കുകാരുടേതാണ് [32,33]. ഗ്രീക്ക് സംസ്കാരം മാത്രമല്ല ഇക്കാര്യത്തില്‍ മുന്നില്‍ . അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെ കോളനീകരണപൂര്‍വ്വ സംസ്കാരങ്ങളില്‍ (ഉദാ: മായന്‍ ഗോത്രവര്‍ഗ്ഗക്കാരുടെയിടയില്‍ ) പുരുഷ സ്വവര്‍ഗാനുരാഗം വ്യാപകമായിരുന്നു. ബഹുഭാര്യാത്വം വ്യാപകമായ ആഫ്രിക്കന്‍ ഗോത്രങ്ങളില്‍ സപത്നീ സമ്പ്രദായത്തില്‍ സ്ത്രീ സ്വവര്‍ഗാനുരാഗം അനുവദനീയമായിരുന്നു. വടക്കേ അമേരിക്കയിലെ ആദിമഗോത്രവംശജര്‍ക്കിടയില്‍ സ്വവര്‍ഗബന്ധങ്ങള്‍ നിലനിന്നിരുന്നതിനു 18 ‍ാം നൂറ്റാണ്ടിലെ മിഷണറിമാരുടെ കുറിപ്പുകള്‍ തെളിവുതരുന്നു. ഓസ്ട്രേലിയയ്ക്ക് വടക്കുകിഴക്കാ‍യി കിടക്കുന്ന ചെറുദ്വീപസമൂഹങ്ങളിലെ പിതാവ്/രക്ഷിതാവ്-പുത്രന്‍/അടിമ ജനുസില്‍ പെടുത്താവുന്ന “ഉടമ-അടിമ” ബന്ധങ്ങളില്‍ സ്വവര്‍ഗരതി അംഗീകൃതമായിരുന്നു [34]. താഹിതി, ഹവായി എന്നിവിടങ്ങളിലും ഇത്തരം ബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഇതിലെ ‘ഇടപാടുകാര്‍ക്ക്’ സമൂഹത്തില്‍ വലിയ സ്ഥാനവും നല്‍കിയിരുന്നു [35]. സാംബിയ, നൈജീരിയ, ബ്രസീല്‍, കൊളമ്പിയ, അഫ്ഘാനിസ്ഥാന്‍ തുടങ്ങി ആദിമ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും കാണുന്ന അതിപുരാതന സംസ്കാരങ്ങളിലൊക്കെയും സ്വവര്‍ഗ്ഗാനുരാഗവും സ്വവര്‍ഗ്ഗ ബന്ധങ്ങളും പലപ്പോഴും ഉന്നത സാമൂഹികപദവി നേടിയിരുന്നു എന്നതിനു തെളിവുണ്ട്. ക്രീറ്റിലെ ജനങ്ങള്‍ക്കിടയിലും, എന്തിന്, ജപ്പാനിലെ സമുറായ്മാരില്‍പ്പോലും ഇത് വ്യാപകമായിരുന്നു. [36]

ജനിതകമായ പ്രത്യേകതകള്‍ അടുത്ത തലമുറയിലേയ്ക്ക് പോകണമെങ്കില്‍ കുട്ടികള്‍ വേണം. സ്വവര്‍ഗരതിയിലൂടെ കുട്ടികളുണ്ടാവില്ല താനും. പ്രകൃതി അപ്പോള്‍ ആരംഭത്തിലേ നുള്ളിക്കളയേണ്ടതായിരുന്നില്ലേ ജനിതകത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഈ ലൈംഗികശീലത്തെ ? ഇതു “പ്രകൃതിക്കു വിരുദ്ധ”മാണെങ്കില്‍ ഇതിത്രയേറെ വ്യാപകവും നൈസര്‍ഗികവുമാവുന്നതെങ്ങനെ ?

പഴയീച്ചകള്‍ മുതല്‍ ആനയും തിമിംഗിലവും വരെയുള്ള ജന്തുവര്‍ഗ്ഗങ്ങളിലെ ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം സ്പീഷീസുകളില്‍ സ്വവര്‍ഗരതി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പ്രാചീന ലളിതശരീരികളായ ജീവികളില്‍ കാണുന്ന പ്രജനനപരമായ, ഹെര്‍മാഫ്രൊഡൈറ്റിസം പോലുള്ള, ഉഭയലൈംഗികതയല്ല ഇത്. പല ജന്തുവര്‍ഗ്ഗങ്ങളിലും യാദൃച്ഛികമോ താല്‍ക്കാലികമോ ആയ സ്വവര്‍ഗരതി (casual homosexuality) അല്ല, മറിച്ച് സമലിംഗത്തിലുള്ള ജോഡികള്‍ തന്നെ ഉണ്ട്. സ്വവര്‍ഗ രതിയെ സഹായിക്കുന്ന ജൈവരീതികളും പ്രകൃതിയില്‍ സുലഭമാണ്‍. സ്വവര്‍ഗ രതിയിലേര്‍പ്പെടുന്ന ഒറാങ് ഉട്ടാന് തന്റെ ലിംഗം ഉള്ളിലേയ്ക്ക് വലിച്ച് തത്സ്ഥാനത്ത് ഒരു കുഴിയുണ്ടാക്കി സ്വീകര്‍ത്താവാകാന്‍ പറ്റും. ഡോള്‍ഫിനുകളില്‍ തലയിലെ വെള്ളം ചീറ്റുന്ന തുളയില്‍ ലിംഗം തിരുകിയുള്ള സ്വവര്‍ഗ്ഗഭോഗവും സാധാരണയാണ്. കഴുത്തുകള്‍ ഉരുമ്മിയും അക്ഷരാര്‍ത്ഥത്തില്‍ ഉമ്മവച്ചും ആണ്‍ ജിറാഫുകള്‍ ലിംഗസംയോഗത്തിന് മുന്‍പുള്ള രതിപൂര്‍വ്വലീലകളിലേര്‍പ്പെടുന്നു. റീസസ് കുരങ്ങുകള്‍ക്കിടയിലൊക്കെ ആണുങ്ങള്‍ തമ്മില്‍ സമലിംഗ ഇണകള്‍ക്കായി മത്സരം വരെയുണ്ടാവുന്നു. ആണ്‍ ഡോള്‍ഫിനുകള്‍ക്കിടയില്‍ കൌമാരത്തില്‍ തുടങ്ങി പ്രജനനത്തിനു സജ്ജമാകുന്നതു വരെയുള്ള പത്തുപതിനഞ്ചു കൊല്ലക്കാലം സ്വവര്‍ഗജോഡികളായി ജീവിക്കുന്ന രീതി വ്യാപകമാണ്. കുപ്പിമൂക്കന്‍ ഡോള്‍ഫിനുകളില്‍ കുഞ്ഞുങ്ങളുണ്ടാവുന്ന ഒരു ചെറിയകാലത്തേയ്ക്ക് ഇവ പരലൈംഗികാഭിമുഖ്യം കാണിക്കുമെങ്കിലും രണ്ട് പുരുഷനും ഒരു സ്ത്രീയുമടങ്ങുന്ന മൂന്നംഗ കുടുംബങ്ങള്‍ രൂപീകരിക്കപ്പെടുക സ്വാഭാവികമാണ്. പ്രജനനത്തിനു ശേഷവും പുരുഷ ജോഡി വേര്‍പിരിയാതെ നില്‍ക്കുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കറുത്ത അരയന്നങ്ങളില്‍ ഇത്തരം സ്വവര്‍ഗ്ഗ പുരുഷ ജോഡികള്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ചുമതലയേറ്റെടുക്കുക മാത്രമല്ല, അതില്‍ തലയിടുന്ന പെണ്‍ ഇണയെ കൊത്തിയോടിക്കുക വരെ ചെയ്യാം [37] !

ഏറ്റക്കുറച്ചിലുകളോടെയാണെങ്കിലും പെണ്‍ സമലിംഗ ജോഡികളും ഉണ്ട് ജന്തുക്കള്‍ക്കിടയില്‍. ജാപ്പനീസ് മക്കാക് കുരങ്ങുകളിലെ പെണ്ണുങ്ങള്‍ ആണ്‍കുരങ്ങിന്റെ പുറത്തേയ്ക്ക് പിന്‍രതിയുടെ (anal sex) പൊസിഷനില്‍ കയറുന്നതും തുടര്‍ന്ന് പെണ്‍ കുരങ്ങിന് ലൈംഗികോത്തേജനമുണ്ടാവുന്നതും മസ്തിഷ്ക സ്കാനിങ്ങുകളിലൂടെ വിശദമായ പഠനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് [38].

അപ്പോള്‍ പാരിണാമികമായ എന്തൊക്കെയോ ആനുകൂല്യങ്ങള്‍ സ്വവര്‍ഗ ലൈംഗികാഭിമുഖ്യത്തിനും അതിന്റെയുപോല്പന്നമായ സ്വവര്‍ഗരതിക്കും ലഭിക്കുന്നുണ്ടെന്നതില്‍ സംശയമേതുമില്ല. പക്ഷേ പ്രജനനത്തിനു സഹായിക്കാത്ത രതിശീലത്തെ പ്രകൃതി വച്ചുപൊറുപ്പിക്കുന്നതെങ്ങനെ ?

ലൈംഗികതയെ വിശകലനം ചെയ്യുമ്പോള്‍ ചെന്നുപെടാവുന്ന സ്ഥിരം ചതിക്കുഴികളിലൊന്നാണ് പ്രകൃതി അത് പ്രജനനത്തിനായി മാത്രം ഉദ്ദേശിച്ചിട്ടുള്ളതാണെന്ന ധാരണ [39]. നേരിട്ട് അനുഭവവേദ്യമല്ലാത്ത സൂക്ഷ്മമായ അനവധി ഘടകങ്ങള്‍ ജന്തുക്കളിലെ ലൈംഗികാകര്‍ഷണത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് (ശരീര ഗന്ധം, സ്പര്‍ശം, ആകാരത്തിന്റെ സിമെട്രികത, ശരീരക്കൊഴുപ്പ് തുടങ്ങിയവ ഉദാഹരണങ്ങളാണ്). മറ്റ് മൃഗങ്ങളില്‍ ഇവ മിക്കപ്പോഴും ഇത്ര സൂക്ഷ്മമല്ല. മനുഷ്യനെ സംബന്ധിച്ചിടത്തോളം ലൈംഗികസംതൃപ്തിയുടെ പാരമ്യം ലിംഗയോനീസംയോഗത്തിലാണ്. എന്നാല്‍ പ്രത്യക്ഷത്തില്‍ ലൈംഗികമെന്ന് തോന്നാത്ത, സ്പര്‍ശവും ശബ്ദവും അടക്കമുള്ള നൂറുകണക്കിന് സംഗതികള്‍ മൃഗങ്ങളിലെ ലൈംഗികസംതൃപ്തിയില്‍ പ്രധാനകണ്ണികളായി വര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ രതികേന്ദ്രിത വികാരങ്ങള്‍ ജന്തുലോകത്തെ ഏതാണ്ടെല്ലാ കൊടുക്കല്‍ വാങ്ങലുകളിലും പ്രതിഫലിക്കുന്നുമുണ്ട്. അതായത് അക്ഷരാര്‍ത്ഥത്തിലുള്ള ലിംഗയോനീസംയോഗമില്ലാതെ തന്നെ ലൈംഗികാഭിനിവേശങ്ങളെ പൂര്‍ത്തീകരിക്കാന്‍ സജ്ജമാണ് മൃഗശരീരമെന്നര്‍ത്ഥം. ഈ തിരണയില്‍ നിന്നുകൊണ്ട് നോക്കുമ്പോള്‍ സ്വവര്‍ഗാഭിമുഖ്യം ഗോത്രങ്ങള്‍ക്കുള്ളിലെ വ്യക്തിബന്ധങ്ങളെ വിളക്കിച്ചേര്‍ക്കുന്ന ശക്തമായ ഒരു കണ്ണിയാകാനുള്ള സാധ്യതയുണ്ടെന്ന് കാണാം.
രണ്ടാമത്തെ അബദ്ധധാരണ സ്വവര്‍ഗാനുരാഗികള്‍ക്കിടയില്‍ പ്രജനനസാധ്യതകള്‍ കുറവാണെന്നതാണ്. പരലൈംഗികാഭിമുഖ്യമുള്ളവരുടെ (heterosexuals) ഭൂരിപക്ഷ സമൂഹവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവായിരിക്കാം, പക്ഷേ പഠനങ്ങള്‍ ചൂണ്ടുന്നത് സ്വവര്‍ഗാനുരാഗികളും സ്വവര്‍ഗരതിശീലമുള്ളവരും പൊതുവേ കരുതുന്നതിനേക്കാള്‍ വ്യാപകമായി പരലൈംഗികബന്ധം വഴി പ്രത്യുല്പാദനം നടത്തുന്നു എന്നുതന്നെയാണ് [40]. സ്ത്രീകളിലെ ദ്വിലൈംഗികത(bisexuality)യെപ്പറ്റി നടന്ന ഗവേഷണങ്ങള്‍ മുന്‍പ് പറഞ്ഞ “ലൈംഗികാഭിമുഖ്യത്തിന്റെ സ്പെക്ട്ര”ത്തെക്കുറിച്ച് കൂടുതല്‍ തെളിവുകള്‍ നല്‍കുന്നതോടൊപ്പം സ്വവര്‍ഗപ്രണയികളിലെ ഗണനീയമായ ഒരു വിഭാഗം പരലൈംഗികബന്ധങ്ങളിലൂടെ പ്രത്യുല്പാദനം നടത്താനുള്ള സാധ്യതയെയും വെളിവാക്കുന്നുണ്ട് [41]. ചുരുക്കിപ്പറഞ്ഞാല്‍ സ്വവര്‍ഗാനുരാഗപ്രവണതയ്ക്ക് ജനിതകമായ സ്വാധീനങ്ങളുണ്ടെങ്കില്‍ അവ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള സാധ്യതകള്‍ ഇത്തരം ലൈംഗിക ചലനാത്മകത തുറന്നുവയ്ക്കുന്നു.

മനുഷ്യനില്‍ അത്ര വ്യക്തമല്ലെങ്കിലും മൃഗലോകത്ത് പ്രജനന കാലം (mating season) വലിയൊരളവില്‍ ചാക്രികമാണ്. ഈ പരിതോവസ്ഥയില്‍ പ്രജനനേതര കാലങ്ങളില്‍ പുരുഷവര്‍ഗ്ഗം ലൈംഗികദാരിദ്ര്യമനുഭവിക്കുന്നുവെന്നും അതില്‍ നിന്നും ഒരു രക്ഷനേടലാണ് സ്വവര്‍ഗരതിയെന്നും ഒരു വിശദീകരണമുണ്ട്. പ്രജനനസാധ്യതകള്‍ വര്‍ധിപ്പിക്കാനുള്ള പ്രകൃതിയുടെ ഒരു ഉപായമാണ് ജന്മവാസനയായി മൃഗലോകത്ത് കാണാറുള്ള ‘അമിതലൈംഗികപ്രവണത’. ഇതിന്റെ ഉപോല്‍പ്പന്നം കൂടിയാവാം സ്വവര്‍ഗരതിശീലങ്ങള്‍ .ആണുങ്ങളിലാണ് കൂടുതലെങ്കിലും സ്ത്രീകളിലും ഇത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളിലെ എല്ലാത്തരം സ്വവര്‍ഗാഭിമുഖ്യങ്ങളെയും സ്വവര്‍ഗ ജോഡിരൂപീകരണങ്ങളെയും വിശദീകരിക്കാന്‍ ഈ സിദ്ധാന്തത്തിനാവില്ലെങ്കിലും ഗണ്യമായ ഒരു കൂട്ടം നിരീക്ഷണങ്ങള്‍ ഈ തിയറിയെ സാധൂകരിക്കുന്നുണ്ട് [42] . സാമൂഹ്യജീവിതം നയിക്കുന്ന ജന്തുഗോത്രങ്ങളില്‍ മേല്‍ക്കോയ്മ സ്ഥാപിക്കലിന്റെ ഒരു രീതിയാണ് ലൈംഗികാധികാരം പ്രകടമാക്കല്‍ . പ്രായം കുറഞ്ഞ ഗോത്രാംഗങ്ങളെ ‘ബലാത്സംഗ’ത്തോളം പോകാവുന്ന സ്വവര്‍ഗരതിയിലൂടെ കീഴൊതുക്കുന്ന രീതി മലയാട്‍, റീസസ് കുരങ്ങ്, ആള്‍ക്കുരങ്ങ് തുടങ്ങിയവയില്‍ വ്യാപകമാണ് [43].

സ്വവര്‍ഗരതിയില്‍ നിന്നും സാങ്കേതികമായി വ്യത്യസ്തമാണ് സ്വവര്‍ഗാനുരാഗപ്രവണത എന്ന് മുന്നേ പറഞ്ഞല്ലോ. ഇതിനെ സംബന്ധിച്ച് ഇന്നുള്ള ഏറ്റവും ശക്തമായ വിശദീകരണം പരസ്പരം ഇഴചേര്‍ന്നിരിക്കുന്ന നാലു സിദ്ധാന്തങ്ങളിലാണുള്ളത്. പരിണാമ നിയമങ്ങളുടെ ഭാഗമായിക്കഴിഞ്ഞ “കിന്‍ സെലക്ഷന്‍ തിയറി”(kin selection)യാണ് ഒന്ന്. ലളിതമായി പറഞ്ഞാല്‍, ജൈവികമായ പരക്ഷേമകാംക്ഷ (altruism) മൂലം സ്വവര്‍ഗാനുരാഗികള്‍ പരലൈംഗികപ്രജനനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും വേട്ടയാടല്‍, ആഹാരശേഖരണം, ശിശുപരിപാലനം, വിജ്ഞാനാര്‍ജ്ജനം, പ്രബോധനം, പ്രേഷിതപ്രവര്‍ത്തനം ആദിയായവയിലൂടെ കുടുംബത്തിന്റെയും ഗോത്രത്തിന്റെയും സമുദായത്തിന്റെയാകെയും സഹായിയായി മാറുന്നു [44]. അങ്ങനെ സ്വന്തം ജീനുകള്‍ക്ക് നേരിട്ട് അടുത്ത തലമുറയിലേയ്ക്ക് കൈമാറുന്നില്ലെങ്കിലും സ്വന്തം ജനിതകവുമായി ഏറ്റവുമടുത്ത സാമ്യമുള്ള ബന്ധുക്കളെ ഇവര്‍ പ്രജനനത്തിനു സഹായിക്കുന്നു. അങ്ങനെ, നേരിട്ട് പ്രത്യുല്പാദനപ്രക്രിയയില്‍ ഭാഗമാകാതെയാണെങ്കിലും സ്വവര്‍ഗാഭിമുഖ്യത്തിനനുകൂലമായ ജനിതകഘടകങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. [45]. സ്വവര്‍ഗാനുരാഗികള്‍ക്ക് പല പ്രാക്തനസമൂഹങ്ങളിലും ഉണ്ടായിരുന്ന സ്ഥാനവും അങ്ങനെയുള്ളവര്‍ അനുഷ്ഠിച്ചിരുന്ന ധര്‍മ്മവും ഈ സിദ്ധാന്തത്തെ സാധൂകരിക്കുന്നുണ്ട്. ഇത് കേവലസ്വവര്‍ഗാഭിമുഖ്യത്തിന്റെ മാത്രം പ്രത്യേകതയല്ല, മറിച്ച് നിര്‍ബന്ധിതമോ അല്ലാത്തതോ ആയ ബ്രഹ്മചര്യത്തിലൂടെ പ്രജനനത്തില്‍ നിന്നും മാറിനില്‍ക്കുന്ന വ്യക്തികള്‍ക്ക് സമൂഹങ്ങള്‍ നല്‍കുന്ന സ്ഥാനത്തിന്റെകൂടി പ്രത്യേകതയാണെന്ന കൂട്ടിച്ചേര്‍ക്കലുകള്‍ പില്‍ക്കാലത്ത് “കിന്‍ സെലക്ഷന്‍” വിശകലനത്തിനുണ്ടായിട്ടുണ്ട് [46]. പ്രാചീനവും അര്‍വ്വാചീനവുമായ മിക്ക സമൂഹങ്ങളിലും കുട്ടികളെ രതിയില്‍ നിന്നും വലിയൊരു കാലയളവിലേക്ക് നിര്‍ബന്ധപൂര്‍വ്വം മാറ്റിനിര്‍ത്തുന്ന പ്രവണതയും സ്വവര്‍ഗരതിക്കും സ്വവര്‍ഗാഭിമുഖ്യത്തിനും അനുകൂലമാകുന്നു എന്നതാണ് രണ്ടാം സിദ്ധാന്തം [47].

പല നിരീക്ഷണങ്ങളെയും വിശദീകരിക്കുന്നുണ്ടെങ്കിലും ഈ രണ്ട് സിദ്ധാന്തങ്ങള്‍ക്കും വിരുദ്ധമെന്ന് പറയാവുന്ന പല വ്യതിയാനങ്ങളും കണ്ടിട്ടുണ്ട്. മൂന്നാം സിദ്ധാന്തത്തിന്റെ പ്രസക്തി ഇവിടെയാണ്. വേട്ടയാടല്‍, കൂട്ടം ചേര്‍ന്നുള്ള ആക്രമണങ്ങള്‍, യുദ്ധം എന്നിങ്ങനെ ചരിത്രാതീത കാലം മുതല്‍ക്കേ ശക്തമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കാന്‍ സ്വവര്‍ഗാഭിമുഖ്യം ഉപകരിച്ചിരുന്നുവെന്നതിന് സാമൂഹ്യശാസ്ത്രപഠനങ്ങള്‍ തെളിവുതരുന്നു (മുകളില്‍ നോക്കുക) . അപ്പോള്‍ അടിസ്ഥാനപരമായി സ്വവര്‍ഗാഭിമുഖ്യത്തിന്റെ ലക്ഷ്യം പരസ്പരസഹായമാണെന്ന്‍ കാണാം. അതായത്, സ്വവര്‍ഗാഭിമുഖ്യമെന്നത് ഒരു ലൈംഗികതയെയോ പ്രജനനസാധ്യതയെയോ നേരിട്ട് സഹായിക്കുന്ന ഉപായമല്ല മറിച്ച് സമൂഹത്തിലെ അംഗങ്ങളുടെ അതിജീവനത്തിന് സഹായിക്കുന്ന ഒരു പ്രകൃതിനിര്‍ധാരണ വിദ്യയാണെന്ന് സാരം [48]. മനുഷ്യനുള്‍പ്പടെയുള്ള മൃഗകുലത്തിലെ ഏതാണ്ടെല്ലാ സ്വവര്‍ഗരത്യനുശീലനത്തെയും ഇത് വിശാലമായൊരു ക്യാന്‍വാസില്‍ വിശദീകരിക്കുന്നു.

ആത്യന്തികമായി ഒരുപക്ഷേ സ്വവര്‍ഗലൈംഗികശീലങ്ങള്‍ക്ക് ഒറ്റ അടിസ്ഥാന വിശദീകരണം എന്നൊന്നില്ല എന്നു വരാം. അങ്ങനെയെങ്കില്‍ ഈ സിദ്ധാന്തങ്ങളെല്ലാം താന്താങ്ങളുടെ മേഖലകളില്‍ ശരിയാണെന്ന് കൂട്ടേണ്ടിവരും. ഇവയ്ക്കൊക്കെ പുറത്തൊരു സാധ്യതയുണ്ട് : ഒരുപക്ഷേ സ്വവര്‍ഗാഭിമുഖ്യത്തെ ജന്മവാസനയായി വഹിക്കുന്ന ജീനുകള്‍ക്ക് മറ്റേതെങ്കിലും ഗുണം കൂടി വ്യക്തിക്ക് നല്‍കാന്‍ കഴിവുണ്ടെങ്കിലോ ? ആ വിശേഷഗുണം ആ ജീനുകളുടെ പ്രാഥമികധര്‍മ്മവും സ്വവര്‍ഗാഭിമുഖ്യം അതിന്റെ ഉപോല്‍പ്പന്നമോ ദ്വൈതഗുണമോ ആണെങ്കിലോ [49] ? ഈ സാധ്യത 1959ലേ മുന്നോട്ടുവച്ച സിദ്ധാന്തമാണ് ഹച്ചിന്‍സണിന്റെ “ബാലന്‍സ്ഡ് പോളിമോര്‍ഫിസം” [50] . ഹച്ചിന്‍സണ്‍ ഈ “പ്രാഥമിക ഗുണ”മെന്തായിരിക്കാമെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും പില്‍ക്കാലത്തു വന്ന ഹെയ്മറുടെ വിവാദമായ Xq28 ജനിതകകഷ്ണം ഒരു സാധ്യത മുന്നോട്ടുവയ്ക്കുന്നുണ്ട്. പ്രകൃതിയില്‍ ഒരു പ്രാഥമികോദ്ദേശ്യം വച്ചോ മറ്റേതെങ്കിലും ജൈവപ്രക്രിയയുടെ (ദ്വിതീയ) ഉപോല്‍പ്പന്നമായോ ഉരുത്തിരിഞ്ഞ ഒരു ജന്മവാസന സ്പീഷീസുകള്‍ വേര്‍പിരിയുന്നതിനനുസരിച്ച് അതാത് ഗോത്രങ്ങളില്‍ പുതിയ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഉപായമായി പരിണമിച്ചു എന്നതാവാം സ്വവര്‍ഗരതിയെ സംബന്ധിച്ച നാളത്തെ ജീവശാസ്ത്രത്തിന്റെ “ബൃഹദ് ഏകീകരണ സിദ്ധാന്തം”.

ലൈംഗിക രോഗങ്ങളും സ്വവര്‍ഗരതിയും

എയിഡ്സിന്റെ ആദ്യകാല കേസുകള്‍ ഭൂരിഭാഗവും സ്വവര്‍ഗരതിശീലം ഉള്ളവരിലായിരുന്നു എന്നതിനാല്‍ ’80കളില്‍ ഇത് സ്വവര്‍ഗലൈംഗികതയുടെ രോഗമായി കാണുന്ന പ്രവണത ശക്തമായിരുന്നു. ഈ തെറ്റിദ്ധാരണ തിടം വച്ച് ഇപ്പോള്‍ സ്വവര്‍ഗരതിശീലം നിയമവിധേയമാക്കുന്നതിനെതിരേ ശക്തമായ ഒരു വാദമായി മാറിയിട്ടുണ്ട്. എന്നാല്‍ സത്യമെന്താണ് ?

ഗുദഭാഗത്തെ ചര്‍മ്മത്തിനുള്ള രണ്ട് പ്രത്യേകതകളാണ് HIV പകരാനുള്ള സാധ്യതയേറ്റുന്നത്: ഒന്ന്, ചര്‍മ്മം വളരെ ലോലമായതുകാരണം എളുപ്പം മുറിവുണ്ടാകാനുള്ള സാധ്യത. രണ്ട്, യോനിയെ അപേക്ഷിച്ച് ഗുദത്തിലെ ചര്‍മ്മത്തിനും മലസഞ്ചിയിലെ ശ്ലേഷ്മസ്തരത്തിനും (mucosa) വൈറസ് ബാധയെ പ്രതിരോധിക്കാനുള്ള ശേഷി കുറവാണ്. HIVപകരുന്നതിനുള്ള ഒന്നാമത്തെ അപകടസാധ്യത ഗുദഭോഗത്തിനാണെന്നു പറയുന്നതിനു കാരണം ഇതാണ്. ഇത് കൂടാതെ മറ്റൊരു പ്രശ്നം, രതിജന്യരോഗങ്ങളായ പാപ്പിലോമാ അണുബാധ, ഗൊണേറിയ,സിഫിലിസ്, ഹെര്‍പീസ് പോലുള്ള രതിജന്യ വ്രണങ്ങള്‍ തുടങ്ങിയവ ഗുദഭോഗികളില്‍ കാര്യമായ രോഗലക്ഷണങ്ങള്‍ കാണിക്കാത്തതുമൂലം ശ്രദ്ധിക്കാതെ പോകാമെന്നതാണ്. അപകടസാധ്യതയില്‍ (risk) രണ്ടാമതേ വരുന്നുള്ളുവെങ്കിലും ജനസമൂഹങ്ങളില്‍ പരലൈംഗികാഭിമുഖ്യമുള്ളവരുടെ കേവലസംഖ്യ സ്വവര്‍ഗാനുരാഗികളെ അപേക്ഷിച്ച് വളരെ വലുതായതിനാല്‍ മൊത്തത്തില്‍ നോക്കുമ്പോള്‍ എയിഡ്സ് പകരുന്നതിന്റെ ഒന്നാം കാരണം ഇപ്പോഴും ലിംഗയോനീ സംയോഗം തന്നെയാണ് എന്നോര്‍ക്കണം [51]. ലോകാരോഗ്യ സംഘടനയുടെ എയിഡ്സ് നിവാരണ വിഭാഗത്തിന്റെ (UNAIDS) കണക്കുകള്‍ കാണിക്കുന്നത് ലോകത്തെ മൊത്തം എയിഡ്സ് രോഗത്തിന്റെ 10%ത്തില്‍ താഴെയേ സ്വവര്‍ഗാനുരാഗികളില്‍ കാണപ്പെടുന്നുള്ളൂ എന്നാണ്; 60%ത്തിലധികവും കൈമാറുന്നത് ലിംഗയോനീസംയോഗത്തിലൂടെയും. സ്വവര്‍ഗാനുരാഗം മുന്‍പേ പറഞ്ഞതുപോലെ ഒരു മാനസികവാഞ്ഛയും ജന്മവാസനയുമാണ്, അത്തരക്കാര്‍ക്ക് എയിഡ്സ് ഉണ്ടാക്കുന്ന HIV വൈറസ് ബാധയുണ്ടാവാനും വേണ്ടിയുള്ള പ്രത്യേക മെക്കാനിസങ്ങളൊന്നുമില്ല. പരലൈംഗികാഭിമുഖ്യമുള്ളവര്‍ക്ക് വൈറസ് ബാധ വരുന്ന രീതികള്‍ തന്നെയാണ് സ്വവര്‍ഗാനുരാഗികളിലും ഉള്ളത്. സ്വവര്‍ഗാനുരാഗികള്‍ താരതമ്യേന കൂടുതല്‍ ഗുദഭോഗം ചെയ്യുന്നു, ഇത് HIVപകരാനുള്ള അപകടസാധ്യതയേറുന്നു എന്നുമാത്രം.

ഇന്ന് ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന എയിഡ്സ് പകര്‍ച്ചവ്യാധിയുടെ 90%വും HIV വൈറസിന്റെ ടൈപ്-1 എന്ന വകഭേദം കാരണമാണുണ്ടാവുന്നത്. ടൈപ്-1 HIVയെ ഒന്‍പതു അവാന്തര ജനിതകവിഭാഗങ്ങളായി വര്‍ഗീകരിച്ചിട്ടുണ്ട് (subtype കള്‍ ). അമേരിക്ക, യൂറൊപ്പ്, ഓസ്ട്രേയ്ലിയ, ജപ്പാന്‍ എന്നിവിടങ്ങളില്‍ ഏറ്റവുമധികം കാണപ്പെടുന്നത് subtype Bയില്‍പ്പെട്ട HIV-1 വൈറസുകളാണ്. ഇവയാകട്ടെ സ്വവര്‍ഗരതിരീതികളിലൂടെ പകരാന്‍ സാധ്യത കൂടുതലാണെന്ന് ചില പഠനങ്ങളെങ്കിലും സൂചിപ്പിക്കുന്നു [52] . ജനിതക അവാന്തരവിഭാഗത്തിലെ Subtype A ആണ് ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കൂടുതല്‍ വ്യാപകം. ഇതാകട്ടെ പരലൈംഗികബന്ധത്തിലൂടെയാണു പകരാന്‍ കൂടുതല്‍ സാധ്യതയെന്നും പഠനങ്ങളെ മുന്‍ നിര്‍ത്തി അനുമാനിക്കപ്പെടുന്നു. ഇങ്ങനെ നോക്കുമ്പോള്‍ സ്വവര്‍ഗഭോഗികളും പരലിംഗഭോഗികളും ഒരുപോലെ എയിഡ്സ് എന്ന മഹാമാരിയുടെ ഇരകളാണ്.

“എനിക്കീ രോഗമില്ല” എന്ന് സ്വയം തെറ്റിദ്ധരിക്കുകയാണ് ഒരു രോഗിക്ക് ചെയ്യാവുന്ന ഏറ്റവും വലിയ വിഡ്ഢിത്തം ! HIV ഒരു യാഥാര്‍ത്ഥ്യമാണ്. അതിനെതിരെ പോരാടുമ്പോള്‍ ബുദ്ധിയുള്ള സമൂഹം ആദ്യം ചെയ്യേണ്ടത് അതിനെ സംബന്ധിച്ച വസ്തുനിഷ്ഠമായി പഠിക്കുകയും, തങ്ങളുടെ ജനങ്ങള്‍ക്കിടയില്‍ നിന്ന് കഴിയാവുന്നത്ര വിവരം ശേഖരിക്കുകയുമാണ്. പ്രകൃതിവിരുദ്ധരെന്ന് വിളിച്ച് മാറ്റിനിര്‍ത്താതെ, പൊതുസമൂഹത്തിലേയ്ക്ക് എല്ലാ ജനവിഭാഗങ്ങളെയും കൊണ്ടുവരുന്നതിലൂടെയേ ഇതു സാധിക്കൂ. സ്വവര്‍ഗരത്യനുശീലനമുള്ളവര്‍ പൊതുവേ ലൈംഗികരോഗങ്ങള്‍ക്ക് ചികിത്സ തേടാന്‍ വൈമുഖ്യമുള്ളവരാണ് – തങ്ങള്‍ ‘പിടിക്കപ്പെട്ടാ’ലുണ്ടാകുന്ന അവഹേളനം ഇന്നത്തെ സമൂഹത്തില്‍ ചില്ലറയല്ലല്ലോ. മുന്‍പ് സൂചിപ്പിച്ചതുപോലെ സ്വയം സ്വവര്‍ഗാനുരാഗിയാണെന്ന് തിരിച്ചറിഞ്ഞവരേക്കാള്‍ പതിന്മടങ്ങ് വലുതാണ് പരലൈംഗികാഭിമുഖികളായി സമൂഹത്തില്‍ കഴിയുകയും സ്വവര്‍ഗരതിശീലം വച്ചുപുലര്‍ത്തുകയും ചെയ്യുന്നവരുടെ എണ്ണം. ഇങ്ങനെ ലൈംഗികാഭിമുഖ്യ ചാലകത്വം (fluid sexual orientation) പ്രകടിപ്പിക്കുന്ന മഹാഭൂരിപക്ഷം, സ്വവര്‍ഗഭോഗികളും പരലിംഗഭോഗികളും തമ്മിലൊരു പാലമായി വര്‍ത്തിക്കുന്നു [53]. ഗുദഭോഗത്തെ ‘പ്രകൃതിവിരുദ്ധ’മെന്ന് വിളിച്ച് സദാചാരവാളുമായി നില്‍ക്കുന്ന സമൂഹം സത്യത്തില്‍ ചെയ്യുന്നത് കണ്ണടച്ചിരുട്ടാക്കുകയാണ്. സമൂഹത്തിന്റെ പുറന്തള്ളല്‍ മൂലം സ്വവര്‍ഗാനുരാഗികളെപ്പറ്റിയുള്ള കൃത്യമായ കണക്കുകള്‍ പോലും പല സമൂഹങ്ങളിലും ലഭ്യമല്ല. ഇത് ആരോഗ്യനയ രൂപീകരണത്തെ എങ്ങനെ ബാധിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഇത്തരക്കാരിലെ രോഗങ്ങളെ തിരിച്ചറിയാനും ചികിത്സിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും ട്രെയിനിംഗ് നല്‍കാന്‍ കഴിയാത്ത അവസ്ഥയുണ്ട് പലയിടത്തും [54]. എയിഡ്സ് നിവാരണയജ്ഞം ശക്തമായ രാജ്യങ്ങളില്‍ പോലും 40%ത്തിനും താഴെ കവറേജ് മാത്രമേ സ്വവര്‍ഗരതിക്കാരില്‍ എത്തുന്നുള്ളൂ എന്നാണ് ലോകാരോഗ്യസംഘടനാ കണക്കുകള്‍ പറയുന്നത് .

സ്വവര്‍ഗരതി ഒരു യാഥാര്‍ത്ഥ്യമായി അംഗീകരിക്കുകയും സ്വവര്‍ഗാനുരാഗം കുറ്റമായി കാണുന്ന പ്രവണതയില്ലാതാവുകയും ചെയ്യുന്ന സമൂഹങ്ങളില്‍ സ്വവര്‍ഗാനുരാഗികള്‍ ചികിത്സതേടാനും ആരോഗ്യസംരക്ഷണത്തെ സംബന്ധിച്ച മുന്‍കരുതലുകളെടുക്കാനും പ്രോത്സാഹിപ്പിക്കപ്പെടുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എയിഡ്സ് പ്രതിരോധത്തിന്റെ ഏറ്റവും ഫലപ്രദമായ മാര്‍ഗം അപകടസാധ്യത കൂടുതലുള്ള (high risk) സമൂഹങ്ങളെ തിരിച്ചറിയുകയും അവര്‍ക്കിടയിലെ പീയര്‍ ഗ്രൂപ്പുകള്‍ വഴിയുള്ള ലൈംഗികബോധവല്‍ക്കരണവുമാണ്. സ്വവര്‍ഗരതിയെ അംഗീകരിക്കുന്ന സമൂഹങ്ങളില്‍ അത്തരക്കാരെ സംഘടിപ്പിക്കാനും പീയര്‍ ഗ്രൂപ്പുകളുണ്ടാക്കാനും എളുപ്പമാവുന്നു. ഗുദഭോഗവേളയില്‍ കൂടുതല്‍ ല്യൂബ്രിക്കന്റുകള്‍ ഉപയോഗിക്കാനും, ഉറ നിര്‍ബന്ധമായി ധരിക്കാനും പ്രോത്സാഹിപ്പിക്കുന്നതിലൂടെ കാര്യമായ മാറ്റങ്ങള്‍ വരുന്നുണ്ട്. ഗുദഭോഗം ഒഴിവാക്കി വദനസുരതമോ, തുടകള്‍ക്കിടയില്‍ ലിംഗം വച്ചുള്ള ഭോഗരീതിയോ സ്വീകരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട് [55]. ഇങ്ങനെ ലൈംഗികതയെ അപഗൂഢവല്‍ക്കരിക്കുകയും അത് ശരീരത്തിന്റെ സ്വാഭാവികമായ ഒരാവശ്യമാണെന്ന ബോധ്യമുണ്ടാക്കുകയും ചെയ്യുകവഴിയേ ഈ യുദ്ധം ജയിക്കാനാവൂ.

ഓരോന്നിങ്ങനെ ചിന്തിച്ചാല്‍…

രതിയെ സംബന്ധിച്ച ഇന്നത്തെ മതങ്ങളുടെ ചിട്ടകള്‍ ഏതാണ്ട് ഒരുപോലെയാണ് ലോകമെമ്പാടും : പ്രത്യുല്പാദനത്തിനു മാത്രം ലൈംഗികവൃത്തി, ഒരു തുള്ളി ശുക്ലം പതിനായിരം തുള്ളി രക്തത്തിനു സമം, ശുക്ലം പാഴാക്കുന്നത് പാപം, സ്വയം ഭോഗം നരകശിക്ഷയ്ക്കര്‍ഹം, കന്യാചര്‍മ്മം പരിപാവനം: ഇങ്ങനെ പോകുന്നു ലൈംഗികതയെ സംബന്ധിച്ച ധാരണകള്‍ . ഇവയെ മത നിഷ്കര്‍ഷകളെന്നതിനേക്കാള്‍ പ്രാചീനസമൂഹങ്ങളുടെ നിയമങ്ങളായി കരുതാം‍. എന്നാല്‍ സമൂഹങ്ങള്‍ വികസിക്കുകയും പുരോഗമിക്കുകയും ചെയ്യുന്നതനുസരിച്ച് നിയമങ്ങളും മാറുന്നു. ഏകഭാര്യാ/ഏകഭര്‍തൃവ്രതം നിഷ്കര്‍ഷിച്ച സമൂഹങ്ങള്‍ തന്നെ പില്‍ക്കാലത്ത് ബഹുഭാര്യാത്വവും ബഹുഭര്‍തൃത്വവും അംഗീകരിച്ച ചരിത്രങ്ങള്‍ നമുക്കു മുന്നിലുണ്ട്. സുരതത്തെ ഒരു നിഗൂഢ/സ്വകാര്യവിഷയം എന്നതില്‍ നിന്നും ഒരു സാമൂഹിക യാഥാര്‍ത്ഥ്യവും ആസ്വാദ്യമായ ഒരു ജൈവക്രിയയും കലയും ആക്കി ഉയര്‍ത്തിയവരുമുണ്ട് നമ്മുടെ മുന്‍തലമുറകളില്‍ . സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗിക കേളികളില്‍ ഭോഗരീതികളെ സംബന്ധിച്ച നിഷ്കര്‍ഷകളൊന്നുമില്ലാത്ത മതങ്ങള്‍ പോലും സ്വവര്‍ഗ്ഗാനുരാഗത്തെ തീവ്രമായി എതിര്‍ക്കുന്നു എന്നത് കൌതുകകരമാണ്. ഭാരതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന സദാചാരബോധവും ലൈംഗികതയെ സംബന്ധിച്ച പാപബോധവും അധിനിവേശകാലത്തിന്റെ അവശിഷ്ടങ്ങളാണെന്ന് വാദിക്കാറുള്ള ആര്‍ഷഭാരതസംസ്കൃതിക്കാര്‍ ആ വിക്റ്റോറിയന്‍ സദാചാരമൂല്യത്തിന്റെ ബാക്കിപത്രമായ ഒരു നിയമത്തെ മാറ്റുന്നതിന് ഭരണകൂടവും കോടതിയും മുന്‍ കൈയെടുക്കുമ്പോള്‍ ഓറിയന്റലിസത്തിന്റെ വാളുമായി ഇറങ്ങുന്നത് തമാശയ്ക്ക് വകയുണ്ട് !

പൊതു അവലംബങ്ങള്‍ :
1.Textbook of Homosexuality and Mental Health – R. P Cabaj, T. S Stein (Editors)
2. Diagnostic and Statistical Manual of Mental Disorders (DSM) – IV Text Revision (4th Ed)
3. UNAIDS Report on the global AIDS epidemic: 2008

ടിപ്പണി
(ഇവിടെയുദ്ധരിച്ചിട്ടുള്ള പഠനങ്ങളുടേത് സമഗ്രമായ പട്ടികയല്ല; അതാതുരംഗത്തെ ഗവേഷണങ്ങള്‍ക്ക് ഉദാഹരണം എന്നനിലയ്ക്കാണ് ചിലത് കൊടുത്തിട്ടുള്ളത്.)

1. Naz Foundation Versus Government of NCT of Delhi and Others WP(C) No.7455/2001
2. Intolerance and Psychopathology:Toward a General Diagnosis for Racism, Sexism, and Homophobia – Mary Guindon, Alan Green, and Fred Hanna, American Journal of Orthopsychiatry (2003)
3. Various studies by Herek (1988); Other similar studies by Agnew, Thompson, Smith, Gramzow and Currey (1993); Meta-analysis published in Personality and Social Psychology Bulletin by Mary Kite & Bernard Whitley Jr. (1996, reviews in 1998 and 2001); Michelle Davies (2004)
4. Stigma, Prejudice, and Violence Against Lesbians and Gay Men – Gregory M. Herek (Homosexuality: Research implications for public policy)
5. On Human Nature – E.O Wilson (1978)
6. 2002ലെ United States Advance Data from Vital and Health Statistics no: 362 അനുസരിച്ച് 18നും 44നും വയസ്സിനിടയ്ക്കുള്ള ഹെറ്ററോസെക്ഷ്വലുകളില്‍ 36.7 % പുരുഷന്മാരും 32.6% സ്ത്രീകളും ഒരിക്കലെങ്കിലും ഗുദഭോഗം ചെയ്തവരാണ്. ഈ പ്രായപരിധിയിലെ 87% ആണുങ്ങളും 86% പെണ്ണുങ്ങളും ഒരിക്കലെങ്കിലും വദനസുരതത്തിലും ഏര്‍പ്പെട്ടിട്ടുണ്ടത്രെ. വര്‍ഷാവര്‍ഷം ഈ സംഖ്യ വര്‍ധിച്ചാണു വരുന്നതും.
7. Freund et al., (1989); A comparison of neuroendocrine abnormalities and genetic factors in homosexuality and in pedophilia – Langevin R A, Annals of Sex Research(1993); Jenny et al., (1994);
8. Aggression, empathy and sexual orientation in males – Sergeant, Dickens, Davies & Griffiths, Personality and Individual Differences (2006)
9. Sexual Behavior in the Human Male : Kinsey, Pomeroy and Martin.(1948)
10. The Kinsey Data: Marginal tabulations of the 1938 -1963 interviews conducted by the Institute for Sex Research – Gebhard and Johnson.
11. Three Essays on the Theory of Sexuality: Sigmund Freud (1905)
12. Sex Variants: A Study of Homosexual Patterns – George W. Henry
13. The Adjustment of the Male Overt Homosexual. Evelyn Hooker; Journal of Projective Techniques.
14. Patterns of Sexual Behavior : Clellan Ford, Frank Beach
15. Freedman (1971),Hart, McKee et al (1978), Gonsiorek (1982)
16. Understanding Gay Relatives and Friends – Clinton R. Jones (1978)
17. The development of sexual orientation in women – Peplau et al.; Annual Review of Sex Research (1999)
18. Treating homosexuality as a sickness – Birte Twisselmann; BMJ (2004)
19. The response of mental health professionals to clients seeking help to change or redirect same-sex sexual orientation – Annie Bartlett, Glenn Smith,Michael King; Biomed Central Psychiatry (2009)
20. The “Sissy Boy Syndrome” and the Development of Homosexuality – R. Green (1987)
21. Is early effeminate behavior in boys early homosexuality? – B. Zuger, Comprehensive Psychiatry (1988)
22. Sequence Variation in the Androgen Receptor Gene is not a Common Determinant of Male Sexual Orientation – J.P Macke et. al, American Journal of Human Genetics (1993); M.F. Small (1993, 1995)
23. H-y antigen and homosexuality in men – Ray Blanchard, P. Klassen, Journal of Theoretical Biology (1997)
24. Homosexuality in men and number of older brothers – R. Blanchard, A. F. Bogaert, American Journal of Psychiatry (1996);The relation of birth order to sexual orientation in men and women – Blanchard, Zucker et al., Journal of Biosocial Science (1998);
25. Fraternal birth order and the maternal immune hypothesis of male homosexuality – R. Blanchard, Hormones and Behaviour (2001)
26. Roselli CE, Larkin K, Schrunk JM, Stormshak (2004)
27. A Difference in Hypothalamic Structure Between Heterosexual and Homosexual Men – Simon LeVay, Science(1991); Gender and sexual orientation in relation to hypothalamic structures – D.F. Swaab et al., Hormone Research (1992); Sexual Orientation and the Size of the Anterior Commissure in the Human Brain – Laura S. Allen,R. Gorski, Procedings of the National Academy of Science (1992)
28. Bailey et al. (1993); Whitam, Diamond, and Martin (1993); Bailey and Pillard (1991); Buhrich, Bailey, and Martin (1991)
29. D.Hamer, S. Hu et al (1993); Xq28ന്റെ കഥ Dean Hamer, Peter Copeland എന്നിവര്‍ ചേര്‍ന്നെഴുതിയ The Science of Desire-ല്‍ വിശദമായി പറഞ്ഞിട്ടുണ്ട്
30. Genome: The Autobiography of a Species in 23 Chapters – Matt Ridley (1999)
31. Risch, Squires-Wheeler, Keats (1993); Byne (1995); A Family History Study of Male Sexual Orientation Using Three Independent Samples – Bailey, pillard, Trivedi et al.,Behaviour Genetics (1999)
32. Out in Theory: The Emergence of Lesbian and Gay Anthropology – Ellen Lewin, William Leap (Eds.)
33: Chapters on Greek and Indo European Pedarasty in “From Sappho to De Sade: Moments in the History of Sexuality” – Jan N Bremmer
34. Ritualized Homosexuality in Melanesia: Gilbert Herdt
35. What Ever Happened to Ritualized Homosexuality? Modern Sexual Subjects in Melanesia and Elsewhere : Bruce M Knauft; Annual Review of Sex Research.
36. Homosexuality in the Ancient World : Wayne R. Dynes & Stephen Donaldson.
37. മൃഗങ്ങളിലെ സ്വവര്‍ഗരതിശീലങ്ങളെപ്പറ്റിയുള്ള വിശദമായ വിവരണങ്ങള്‍ക്ക് കനേഡിയന്‍ ജീവശാസ്ത്രകാരനായ Bruce Bagemihlന്റെ “Biological Exuberance: Animal Homosexuality and Natural Diversity” (1999) എന്ന പുസ്തകം കാണുക. പുസ്തകത്തിലെ വസ്തുതകളും അവതരണരീതിയും നിസ്തുലമാണെങ്കിലും നിരീക്ഷണങ്ങളുടെ വ്യാഖ്യാനങ്ങളില്‍ ചിലത് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തിയവയാണ്.
38. Paul Vasey, Nadine Duckworth (1995 – 2007 കാലത്തിനിടയ്ക്കുള്ള വിവിധ പഠനങ്ങള്‍ )
39. Walter L. Williams (comment on Kirkpatrick’s paper: Evolution of Human Homosexual Behavior)
40. Homosexuality/ Heterosexuality: Concepts of Sexual Orientation – McWhirter, Sanders, Reinisch (Eds); 1990
41. Lisa M Diamond (1998 മുതല്‍ 2008വരെ Developmental Psychology,Journal of Personality and Social Psychology, Psychological Review, Journal of Psychology and Human Sexuality എന്നീ ജേണലുകളില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിവിധ പഠനങ്ങള്‍ )
42. Homosexuality Re-examined – West (1977); Sexuality and Aggressivity: Development in the Human Primate – Green. R (1978);
43. Ambisexuality in Animals – Denniston(1980); Functional Analysis of Social Staring Behavior in an All-male Group of Mountain Gorillas – Yamagiwa (1992).
44. Reproductive Strategies and Gender Construction: An Evolutionary View of Homosexualities : Dickemann, M.
45. E.O Wilson (1975), James D. Weinrich (1987)
46. The inclusive fitness hypothesis of sociobiology re-examined – Dickemann; Journal of Homosexuality (1995)
47. The evolution of social behavior – R.D. Alexander, Annual Review of Ecology and Systematics (1974) ; The evolution of reciprocal altruism – R.L. Trivers, Quarterly Review of Biology (1971); Parent-offspring conflict. R.L Trivers, American Zoologist (1974)
48.The evolution of homoerotic behavior in humans – F. Muscarella, Journal of Homosexuality (1999); The Evolution of Human Homosexual Behavior- Kirkpatrick, Current Anthropology (2000).
49. Futuyma and Risch (1984); Abramson and Pinkerton(1995); Vasey (1995, 2000)
50. A speculative consideration of certain possible forms of sexual selection in man – Hutchinson, American Naturalist (1959)
51. San Francisco cohort studies1984-1989 – Samuel et al., Journal of Acquired Immune Deficiency Syndromes (1993)
52. Essex M (1996); Bhoopat L, Eiangleng L, Rugpao S et al (2001)
53. Bisexualities and AIDS – edited by Aggleton P (1996); Schifter J, Parker R.G(1996); Gibson D R, Han L, Guo Y (2004); United States NCHS Statistics (2004)
54. Sexuality and Eroticism among Males in Moslem Societies – Schmitt and Sofer (1992); Love in a Different Climate: Men Who Have Sex with Men in India – Seabrook (1999); HIV and Men who have Sex with Men in Asia and the Pacific – UNAIDS Best Practices: UNAIDS/06.25E
55. Herbst J H et al. (2005); Shimada K. et al. (2006); Jones K et al (2006).

* * *

ദില്ലി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്ന ബ്ലോഗ് പോസ്റ്റുകള്‍ : ദില്ലി പോസ്റ്റ് , പ്രശാന്ത് കൃഷ്ണ, കിഷോര്‍ , കൂതറ തിരുമേനി , സന്തോഷ്, ചിന്തകന്‍ . അനുബന്ധവിഷയങ്ങളിലെ കൃഷ്ണതൃഷ്ണയുടെ ചില പോസ്റ്റുകള്‍: പുരുഷപ്രണയങ്ങളുടെ ചരിത്രകഥകള്‍ , പീനല്‍ കോഡിലെ 377നെപ്പറ്റി , മൂന്നാം ലിംഗ ന്യൂനപക്ഷങ്ങളെപ്പറ്റി . വികട ശിരോമണിയുടെ പോസ്റ്റ്: അനുരാഗം പാപമോ ?

Many thanks to Shaji Mullookkaran for his advise on hyperlinking the sub sections.

Advertisements
 
മാംസാഹാരത്തിന്റെ രാഷ്ട്രീയവും വൈദ്യവും മാര്‍ച്ച് 6, 2009

മാംസാഹാരത്തിനെതിരേ ഘോരഘോരം പ്രസംഗിക്കുന്ന മുറിവൈദ്യന്മാരെക്കൊണ്ടു നിറയുകയാണ് വാരികകളും ടെലിവിഷനും ഇന്റര്‍നെറ്റുമൊക്കെ. പാരമ്പര്യ ചികിത്സാരീതിക്കാര്‍ , പൈതൃകശാസ്ത്രപ്രചാരകര്‍ , വൈദികഹൈന്ദവ സംസ്കാരത്തിന്റെ വക്താക്കള്‍ , പ്രകൃതിജീവനപ്രചാരകര്‍ തുടങ്ങിയവരാണ് ഇന്ന് പലപ്പോഴും മാംസാഹാരത്തിനെതിരേ മുന്നണിയില്‍ നില്‍ക്കുന്നതായി കാണുന്നത്. മാംസാഹാരം ഭാരതീയമായ ഭക്ഷണശൈലിയില്‍ പെട്ടതല്ലെന്നും അത് വിദേശീയ സംസ്കാരമാണെന്നും പരിപൂര്‍ണ്ണ സസ്യാഹാരമാണ് ശരിയായ ഭാരതീയ ഭക്ഷണശീലം എന്നുമൊക്കെ ഇവരില്‍ ചിലര്‍ തട്ടിവിടുന്നതും പതിവാണ്‍. മാംസാഹാരം മനസ്സിന്റെ ‘മൃഗീയവാസന’കളെയുണര്‍ത്തും എന്നും പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. മൃഗസ്നേഹികളുടെയും പ്രകൃതിസംരക്ഷണപ്രവര്‍ത്തകരുടേയും സദുദ്ദേശപരമായ ആക്റ്റിവിസങ്ങള്‍ക്കപ്പുറത്ത് പ്രതിലോമകരമായ ചില ആശയങ്ങളുടെ ഗൂഢസന്നിവേശമാണ് ഇതിന്റെ രാഷ്ട്രീയത്തെ കൌതുകകരമാക്കുന്നത്.

I

മാംസാഹാരം ശാസ്ത്രത്തിന്റെ ഉരകല്ലില്‍

പരിണാമത്തിന്റെ പലഘട്ടങ്ങളിലായി ആള്‍ക്കുരങ്ങിനോട് സാദൃശ്യമുള്ള, സസ്യാഹാരികളായ പൂര്‍വികരില്‍ നിന്നും വഴിപിരിഞ്ഞ മനുഷ്യന്‍ ഏതാണ്ട് 2 ദശലക്ഷം വര്‍ഷത്തോളം സര്‍വ്വഭക്ഷകമായ (omnivorous) ജീവിതമാണ് ജീവിച്ചത് . പല്ലുകളുടെയും ആമാശയത്തിന്റെയുമൊക്കെ ഘടനയും ദഹനരസങ്ങളുടെ പ്രത്യേകതകളും വച്ച് നോക്കുമ്പോള്‍ ആധുനിക മനുഷ്യന്‍ ഒരു പരിപൂര്‍ണ്ണ മാംസഭുക്കോ പരിപൂര്‍ണ്ണ സസ്യഭുക്കോ അല്ല. രണ്ടുതരം ആഹാരത്തിനെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവഘടനയാണ് മനുഷ്യ ശരീരത്തിനുള്ളത്.

പൊതുവില്‍ പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്‍ഷ്യം, ഫോസ്ഫറസ്, ഏ, ബി, ഡി വൈറ്റമിനുകള്‍ തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍ നിന്നു തന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ .ഇത് പോഷകാഹാരക്കുറവ് നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ് .

നെത്തോലിയും ചൂരയും ചാളയും അടക്കമുള്ള മത്സ്യങ്ങളില്‍ നിന്നും EPAയും DHAയും സമൃദ്ധമായി ലഭിക്കുന്നു.ഹൃദ്രോഗത്തെ ചെറുക്കുന്നതില്‍ ഒരു സുപ്രധാന റോള്‍ വഹിക്കുന്ന ആല്ഫാ ലിനോലെനിക് (ALA), ഐക്കോസാ പെന്റനോയിക് (EPA), ഡോക്കോസാ ഹെക്സനോയിക് (DHA) എന്നീ മൂന്ന് ഫാറ്റീ ആസിഡുകളാണ് ഒമേഗാ-3-ഫാറ്റീ ആസിഡുകളെന്ന് വിളിക്കപ്പെടുന്ന അവശ്യ കൊഴുപ്പുകള്‍ . മത്സ്യം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ഭക്ഷിക്കപ്പെടുന്ന മാംസം പന്നിയുടേതാണ് (41%). താരതമ്യേന ഉയര്‍ന്ന പൂരിതകൊഴുപ്പിന്റെ പേരില്‍ പഴികേള്‍ക്കാറുണ്ടെങ്കിലും പന്നിമാംസത്തിന്റെ തൊലിക്കടിയിലെ കൊഴുപ്പുകളഞ്ഞ് കിട്ടുന്ന ലീന്‍ പോര്‍ക്കില്‍ കോഴിയിറച്ചിയിലുള്ളത്ര കൊഴുപ്പേ ഉള്ളൂ എന്ന് പലര്‍ക്കും അറിയില്ല. നല്ല അളവുകളില്‍ തയമീന്‍, നിയാസിന്‍ തുടങ്ങിയ വൈറ്റമിനുകളും മറ്റ് ധാതുക്കളുമുണ്ട്. എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാല്‍ സമ്പന്നമാണ് പക്ഷിയിറച്ചികള്‍ . പൂരിത കൊഴുപ്പിന്റെ അളവ് മാട്ടിറച്ചിയേക്കാള്‍ കുറവും. പക്ഷിയിറച്ചിയുടെ വിശേഷിച്ച് കോഴിയിറച്ചിയുടെ കൊഴുപ്പിന്റെ ഒട്ടുമുക്കാലും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലായതിനാല്‍ അതു നീക്കം ചെയ്യുന്നതിലൂടെ തന്നെ മാംസാഹാരത്തിലൂടെ അമിത കൊഴുപ്പ് ഉള്ളിലെത്തുന്നത് തടയാം.

മാംസം,പാല്‍,മുട്ട എന്നിവയിലെ പ്രോട്ടീനുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന ട്രിപ്റ്റൊഫാന്‍ എന്ന അമിനോ അമ്ലം ശരീരത്തിലെത്തുമ്പോള്‍ സീറട്ടോണിന്‍ എന്ന രാസവസ്തുവിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടും. നമ്മുടെ മസ്തിഷ്കത്തെ ശാന്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സീറട്ടോണിനാണ്. ഇങ്ങനെ നോക്കുമ്പോള്‍ ഡിപ്രഷന്‍, മാനിയ,ഹൈപ്പോമാനിയ തുടങ്ങിയ മൂഡ് സംബന്ധിയായ മാനസികരോഗമുള്ളവര്‍ക്ക് മാംസാഹാരം ഗുണകരമായാണ് ഫലിക്കുക ! (“മൃഗവാസനാ-തിയറി”ക്കാര്‍ ഈ കെമിസ്ട്രി ഓര്‍ക്കുക.)

മാംസാഹാരവും ആരോഗ്യപ്രശ്നങ്ങളും

മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ടു താനും. ഇതില്‍ തന്നെ ബീഫ്, ഉണക്കിയതും ഉപ്പിലിട്ടതുമായ മാംസം, പുകയടിപ്പിച്ച് ഉണക്കുന്ന മാംസം എന്നിവയാണ് കാന്‍സറുമായി നേരിട്ട് കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള വകഭേദങ്ങള്‍ . ബീഫ് അവശ്യപ്രോട്ടീനുകളാല്‍ സമ്പന്നമെങ്കിലും ഉയര്‍ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്റ്റ്രോള്‍ വര്‍ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും. എന്നാല്‍ വളരെ ഉയര്‍ന്ന അളവില്‍ (ദിവസം 80 -100ഗ്രാമില്‍ കൂടുതല്‍ ) ബീഫ് കഴിച്ചിരുന്നവരിലാണ് ഉയര്‍ന്ന കാന്‍സര്‍ സാധ്യത പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ തന്നെ, ബീഫിനോടൊപ്പം മത്സ്യവും ഫൈബര്‍ ധാരാളമുള്ള ധാന്യങ്ങളും കഴിച്ചിരുന്നവരില്‍ കാന്‍സര്‍ സാധ്യത സാധാരണയിലും കുറവായി കണ്ടിട്ടുണ്ട്. മാംസവും പഴങ്ങളും സസ്യാഹാരവുമൊക്കെ ഇടകലര്‍ത്തിയുപയോഗിക്കുന്ന മിശ്രഭക്ഷണക്കാരില്‍ ഈ സാധ്യതകള്‍ പിന്നെയും കുറയുന്നു.

മാംസാഹാരത്തെപ്പറ്റിയുള്ള ഏറ്റവും വലിയ പരാതികളിലൊന്ന് വിരകളും പരാദജീവികളും മനുഷ്യനിലേയ്ക്ക് സംക്രമിക്കാന്‍ അവ കാരണമാകുമെന്നതാണ്. പന്നിയിലും മാടുകളിലും മറ്റും പൂര്‍ണ്ണമായോ ഭാഗികമായോ ജീവചക്രം പൂര്‍ത്തിയാക്കുന്ന ചില വിരകള്‍ ഉണ്ടെന്നത് വാസ്തവമാണ്. പക്ഷിയിറച്ചിയിലൂടെയും ചില വൈറല്‍ രോഗങ്ങള്‍ പടരാം. മാംസാഹാരം പൊതുവിലും, മാട്ടിറച്ചി വിശേഷിച്ചും ബാക്റ്റീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

എന്നാല്‍ അവ രോഗമുണ്ടാക്കുന്നത് ശരിക്ക് പാകം ചെയ്യാതെയും മറ്റും ഉപയോഗിക്കുമ്പോഴാണ്. അതും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം. ഇതേ പ്രശ്നം കാണിക്കുന്ന അനവധി സസ്യങ്ങളുമുണ്ട് എന്നത് ഇതിനെ പെരുപ്പിച്ച് കാണിക്കുന്നവര്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു. ഉദാഹരണത്തിനു സാധാരണ ഉപയോഗിക്കുന്ന ബീന്‍സ്, കാബേജ്, പയറ് തുടങ്ങിയവയിലൊക്കെ ഈവക ബാക്റ്റീരിയകള്‍ ധാരാളമായി വളരുകയും പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. സാല്‍മണെല്ല പോലുള്ള സര്‍വ്വവ്യാപിയായി കാണുന്ന ബാക്റ്റീരിയ സസ്യാഹാരം വഴിയാണ് അധികവും മനുഷ്യനില്‍ വയറിളക്കവും ആമാശയ രോഗങ്ങളുമുണ്ടാക്കുന്നത്. ( ഈ പോസ്റ്റ് കൂടി ഇതോടുചേര്‍ത്ത് വായിക്കാം.)

കന്നുകാലി വളര്‍ച്ച ത്വരിതപ്പെടുത്താനുപയോഗിക്കുന്ന ഹോര്‍മോണുകള്‍ മാംസത്തിലൂടെ നമ്മുടെ ശരീരത്തിലുമെത്തി അപകടമുണ്ടാക്കുന്നുവെന്ന് ഏറെ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പഠനങ്ങളൊന്നും തന്നെ ഈ വാദം തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ച ബ്രോയ്ലര്‍ കോഴിതിന്നാല്‍ പെണ്‍കുട്ടികളില്‍ ഹോര്‍മോണ്‍പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന്‍ ചില ആരോഗ്യമാസികകളില്‍ പോലും എഴുതിക്കണ്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് 1950കളുടെ അവസാനം മുതല്‍ പഠനങ്ങള്‍ നടക്കുന്നു. കുത്തിവയ്ക്കപ്പെട്ട മൃഗങ്ങളിലെ ഹോര്‍മോണുകള്‍ അവയുടെ മാംസത്തില്‍ സാന്ദ്രീകരിക്കുന്നില്ല എന്നതാണ് സത്യം. മാംസാഹാരത്തിലൂടെ പ്രകൃത്യാ ഉള്ളതോ കൃത്രിമമായതോ ആയ ഒരു ഹോര്‍മോണും ഹാനികരമായ അളവുകളില്‍ നമ്മുടെ ഉള്ളിലെത്തുന്നതായി പഠനങ്ങള്‍ ഇതുവരെ തെളിയിച്ചിട്ടില്ല. ഹോര്‍മോണ്‍ കുത്തിവച്ചുവളര്‍ത്തുന്ന മാടിന്റെ മാംസത്തില്‍ ഉള്ള ഹോര്‍മോണ്‍ നിലയേക്കാള്‍ എത്രയോ ഇരട്ടി ഹോര്‍മോണ്‍ നമ്മള്‍ സ്ഥിരമായി കഴിക്കുന്ന പല ആഹാരത്തിലുണ്ട് . ഉദാഹരണത്തിന് ഒരു ഗ്ലാസ് പശുവിന്‍ പാലില്‍ 250ഗ്രാം മാട്ടിറച്ചിയിലുള്ളതിനേക്കാള്‍ ഒന്‍പതിരട്ടി ഈസ്ട്രജന്‍ ഹോര്‍മോണുണ്ട്. മനുഷ്യ ശരീരത്തിലാകട്ടെ ഇതിന്റെ പതിനായിരം മുതല്‍ ഒരു കോടിയിരട്ടിവരെ സ്റ്റീറോയ്ഡ് ഹോര്‍മോണുകള്‍ പ്രകൃത്യാതന്നെ ഉല്പാദിപ്പിക്കപ്പെടാറുണ്ട് – കുട്ടികളില്‍ പോലും!

അപ്പോള്‍ ആത്യന്തികമായി പറയാവുന്നത് ഇത്രമാത്രം : ശുചിയായ പരിതസ്ഥിതിയില്‍ വളര്‍ത്തി, ശരിയായി പാകം ചെയ്തെടുത്താല്‍ മാംസാഹാരവും സസ്യാഹാരവുമൊക്കെ സുരക്ഷിതം തന്നെയാണ്. അതില്‍ ഉച്ചനീചത്വങ്ങള്‍ കാട്ടേണ്ട കാര്യമില്ല.

II

മാംസാഹാരത്തിന്റെ ഭാരതീയ രാഷ്ട്രീയം

നദീതീരത്തും പുല്‍മേടുകളിലും താഴ്വരകളിലുമൊക്കെയായി വികസിച്ച ഏതാണ്ടെല്ലാ സംസ്കാരങ്ങളും ഫലമൂലാദികള്‍ക്കും ധാന്യങ്ങള്‍ക്കുമൊപ്പം മൃഗമാംസവും ഭക്ഷണമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യ സംസ്കൃതികളായ ഹാരപ്പാ-മൊഹേന്‍ ജൊദാരോയും പിന്നീട് വന്ന ആര്യന്മാരുടെ വൈദിക സംസ്കൃതിയും ഒന്നും ഇതില്‍ നിന്ന് വിഭിന്നമല്ല.

ഭാരതത്തിന്റെ ആദ്യ മതങ്ങളിലൊന്നായ വൈദികമതത്തിന്റെ സംഹിതകളിലും പുരാണങ്ങളിലും തന്നെയുണ്ട് മാംസാഹാരത്തിന്റെ ഉപയോഗത്തെക്കുറിച്ചുള്ള ധാരാളം ഉദാഹരണങ്ങള്‍ :

ആര്യന്മാരുടെ മതഗ്രന്ഥമായ വേദങ്ങളിലും മനുസ്മൃതിയിലും ശതപഥബ്രാഹ്മണം പോലുള്ള പ്രമാണങ്ങളിലുമൊക്കെ യാഗവുമായി ബന്ധപ്പെട്ട് ദേവകള്‍ക്കായി ബലിനല്‍കിയ മൃഗത്തിന്റെ മാംസം ആഹാരമാക്കാന്‍ വിധിയുണ്ട്. ഋഗ്വേദത്തില്‍ അശ്വമേധത്തെക്കുറിച്ചു വിവരിക്കുന്ന ഭാഗം (ഒന്നാം മണ്ഡലം,അധ്യായം22) പ്രാചീനഭാരത സംസ്കൃതിയില്‍ നിലനിന്നിരുന്ന മൃഗബലിയെ മാത്രമല്ല കാണിച്ചുതരുന്നത്, പുരോഹിതര്‍ പോലും മാംസാഹാരം ഉപയോഗിച്ചിരുന്നു എന്നുകൂടിയാണ്. ബലിനല്‍കുന്ന കുതിരയ്ക്കുപുറമേ 609 മൃഗങ്ങളേക്കൂടി ബലികഴിക്കുന്നതിനായി ഉപയോഗിക്കുന്നതിനേക്കുറിച്ച് യജുര്‍വേദത്തില്‍ വിശദീകരണമുണ്ട്.

വൈദിക നിയമങ്ങളുടെ ശേഖരമായ മനുസ്മൃതിയില്‍ പുരോഹിതന്മാര്‍ക്കടക്കം കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ മാംസങ്ങളെപ്പറ്റി പറയുന്നു: മുള്ളന്‍ പന്നി, ആമ, ഉടുമ്പ്, കാണ്ടാമൃഗം, മുയല്‍ എന്നിവയും ഒരു താടിയെല്ലില്‍ മാത്രം പല്ലുകളുള്ള ഒട്ടകമൊഴിച്ചുള്ള ജീവികളെയും ദ്വിജന്മാര്‍ക്ക് ഭക്ഷിക്കാമെന്ന് മനു. പാഠിനം, രോഹിതം എന്നിങ്ങനെ ചില മത്സ്യങ്ങളും നിഷിദ്ധമാക്കിയിട്ടില്ല.മന്ത്രോച്ചാരണത്തിലൂടെ ശുദ്ധിവരുത്തിയതും യാഗത്തില്‍ ദേവകള്‍ക്കര്‍പ്പിച്ചതുമായ മാംസം പുരോഹിതനു ഭക്ഷിക്കാം. ഇങ്ങനെ വിധിക്കുന്ന മനു മറ്റൊന്നു കൂടി പറയുന്നുണ്ട് – വിധിപ്രകാരം മാംസം കഴിക്കേണ്ട അവസരത്തില്‍ അതു കഴിക്കാതിരിക്കുന്നവന്‍ ഇരുപത്തൊന്നുവട്ടം മൃഗജന്മം സ്വീകരിക്കേണ്ടി വരുമെന്ന് (അധ്യായം5, 11-37) !

യജ്ഞത്തില്‍ ഹോമിക്കപ്പെട്ട മാംസമാണ് എറ്റവും മികച്ച ആഹാരമെന്ന് ശതപഥബ്രാഹ്മണം (11:7:1:3) പ്രഖ്യാപിക്കുന്നു. ബൃഹദാരണ്യകോപനിഷത്തിലാകട്ടെ സന്താനലാഭത്തെക്കുറിച്ച് വിവരിക്കുന്ന ഭാഗത്ത് വാഗ്മിയും ഭരണനിപുണനും വേദങ്ങളില്‍ പ്രാവീണ്യമുള്ളവനുമായ പുത്രനുണ്ടാവാന്‍ ദമ്പതികള്‍ ചോറും, ഇളംപ്രായമുള്ളതോ മുതിര്‍ന്നതോ ആയ കാളയുടെ മാംസവും നെയ് ചേര്‍ത്ത് കഴിക്കാന്‍ ഉപദേശമുണ്ട് (4:18). രാമായണത്തിലാകട്ടെ പുരോഹിതരായ ബ്രാഹ്മണരടക്കം ആട്ടിറച്ചിയും മാനിറച്ചിയും കഴിക്കുന്ന നിരവധി വര്‍ണ്ണനകളുണ്ട്. വനവാസത്തിനു പോകും മുന്‍പ് കൗസല്യയെ സാന്ത്വനിപ്പിക്കുന്ന ശ്രീരാമന്‍ പറയുന്നത് “(കൊട്ടാരത്തിലെ) മാംസം നിഷിദ്ധമാക്കപ്പെട്ട്, കാട്ടിലെ ഫലമൂലാദികള്‍ കഴിച്ച് ഞാന്‍ ജീവിക്കേണ്ടി വരും” എന്നാണ്. കാട്ടിലേക്ക് പോയ രാമനെ തേടിയെത്തുന്ന ഭരതകുമാരനെ ആദിവാസികള്‍ സല്‍ക്കരിക്കുന്നത് മദ്യവും മീനും ഇറച്ചിയും കൊടുത്താണ്. കാട്ടില്‍ കഴിഞ്ഞ കാലത്ത് രാമലക്ഷ്മണന്മാരും സീതയും ഇറച്ചി ഉണക്കി ഉപയോഗിച്ചിരുന്നതിന്റെ സൂചന ജയന്തന്റെ കഥയിലുണ്ട്. കബന്ധനെന്ന രാക്ഷസരൂപത്തില്‍ നിന്നും മോചിതനായ ദനു രാമനും ലക്ഷ്മണനും ഇന്നിന്ന മാംസങ്ങളും ഇന്നിന്ന മീനുകളും ഭക്ഷണമായി ലഭിക്കുന്ന പമ്പാനദീതീരത്തെക്കുറിച്ചു പറയുന്നുണ്ട്. ദ്വിജര്‍ക്ക് തിന്നാമെന്ന് മനുസ്മൃതി അധ്യായം 5ല്‍ വിധിക്കുന്ന മാംസവര്‍ഗ്ഗങ്ങളെപ്പറ്റി രാമന്റെ അമ്പേറ്റ് വീണ ബാലി ഓര്‍മ്മിപ്പിക്കുന്ന ശ്ലോകവും ശ്രദ്ധേയം.

മാംസാഹാരം ഭാരതീയ വൈദ്യത്തില്‍

ബിസി 500-600 കാലഘട്ടത്തില്‍ ക്രോഡീകരിക്കപ്പെട്ടതെന്ന് അനുമാനിക്കപ്പെടുന്ന സുശ്രുതന്റെ സംഹിതയില്‍ ആണ് മാംസാഹാരത്തെ പറ്റിയുള്ള ഏറ്റവും ബൃഹത്തായ പ്രാചീനവര്‍ഗ്ഗീകരണം കാണാവുന്നത്. സൂത്രസ്ഥാനം ഉത്തരാര്‍ദ്ധത്തിലെ 531ശ്ലോകങ്ങളുള്ള നാല്പത്താറാം അധ്യായത്തില്‍ (അന്നപാനവിധി) ഏതാണ്ട് 200ഓളം ശ്ലോകങ്ങള്‍ മാംസാഹാരത്തെയും അവയുടെ പാകങ്ങളെയും വിവരിക്കുന്നതാണ്. വെള്ളത്തില്‍ വസിക്കുന്ന ജീവികള്‍ , വെള്ളം കൂടുതലുള്ള ഭൂമിയിലെ ജീവികള്‍ , പച്ചമാംസം തിന്നുന്ന ജീവികള്‍ , ഒറ്റക്കുളമ്പുള്ള ജീവികള്‍ , സമസ്ഥലങ്ങളിലെ ജീവികള്‍ എന്നിങ്ങനെ ആറ് വിധത്തിലുള്ള ഒരു വിശാലവര്‍ഗ്ഗീകരണത്തോടെ ആരംഭിക്കുന്ന മാംസാഹാര വിവരണം ഓരോ തരം മാംസത്തിന്റെയും വാത-പിത്ത-കഫാദികളുടെ ഏറ്റക്കുറച്ചിലുകളെയും ശരീരത്തില്‍ അവ പോഷിപ്പിക്കുന്ന ഭാഗങ്ങളെയും പറ്റി പറയുന്നു. ഉദാഹരണത്തിന് 55 – 58 വരെ ശ്ലോകങ്ങള്‍ മാനിറച്ചിയെപ്പറ്റിയാണ്. തിത്തിരി മുതല്‍ മയിലും കാട്ടുകോഴിയും നാടന്‍ പ്രാവും വരെയുള്ള പക്ഷികളുടെ മാംസത്തെപ്പറ്റി 60 – 71ല്‍ പറയുന്നു. ശുക്ലവൃദ്ധിയ്ക്ക് കുതിരയുടെ മാംസം നല്ലതാണെന്ന പ്രാചീനവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ശ്ലോകങ്ങളും പിന്നീട് കാണാം.

ഗോമാംസത്തെപ്പറ്റിയുള്ള പ്രസ്താവന സമകാലീനവിവാദങ്ങളുടെ അടിസ്ഥാനത്തില്‍ ഒന്ന് പരിശോധിക്കുന്നത് കൗതുകകരമായിരിക്കും.ശ്വാസരോഗം, കാസം, വിഷമജ്വരം എന്നിവയെ പശുവിന്റെ ഇറച്ചി ഇല്ലാതാക്കുമെന്ന് പറയുന്ന സുശ്രുതന്‍ കായികാധ്വാനം കൂടിയവര്‍ക്കും അത്യഗ്നി (ഗ്യാസ്ട്രൈറ്റിസ്), വാതാധിക്യം എന്നിവയുള്ളവര്‍ക്കും ഇത് നല്ലതാണെന്നു സൂചിപ്പിക്കുന്നു (ശ്ലോ:89).

പോത്തിന്‍ മാംസത്തെപ്പറ്റിയുമുണ്ട് വിശേഷം – അത് സ്നിഗ്ധമാണ്, ഉഷ്ണവീര്യമാണ്,മധുരരസമുള്ളതുമാണ്. ശരീരത്തെ അത് തടിപ്പിക്കും. ഉറക്കം, സംഭോഗശക്തി, മുലപ്പാല്‍ എന്നിവ വൃദ്ധിപ്പെടുമെന്നും മാംസം ദൃഢമാക്കുമെന്നുമുള്ള സുശ്രുതന്റെ പ്രസ്താവന കൂടി വായിച്ചുകഴിയുമ്പോള്‍ ബീഫ് നിരോധനത്തിനു വേണ്ടിയും മറ്റും മുറവിളികൂട്ടുന്ന “ഭാരതപൈതൃക” അവകാശികള്‍ വാളെടുക്കാതിരിക്കുമോ ? തീര്‍ന്നില്ല, പന്നിമാംസത്തെപ്പറ്റിയുമുണ്ട് സുശ്രുതന്റെ വിശകലനം. 112 മുതല്‍ 124വരെ ശ്ലോകങ്ങള്‍ മത്സ്യങ്ങളെപ്പറ്റിയുള്ളവയാണ്. പില്‍ക്കാലത്ത് മനുസ്മൃതിയില്‍ പലസ്ഥലത്തും പരാമര്‍ശിക്കപ്പെടുന്ന മത്സ്യങ്ങളും തിമിംഗിലം വരെയുള്ള സമുദ്ര ജീവികളും ധന്വന്തരിയുടെയും, ശിഷ്യന്‍ സുശ്രുതന്റെയും അഭിപ്രായത്തില്‍ ആഹാര്യമാണ്.

സുശ്രുത സംഹിതയിലെന്ന പോലെ ചരകസംഹിതയുടെ ‘സൂത്രസ്ഥാന’ത്തിലും കഴിക്കാവുന്നതും കഴിക്കാന്‍ പാടില്ലാത്തതുമായ വിവിധതരം മാംസങ്ങളെപ്പറ്റി വിശദമായി പറയുന്നുണ്ട്. എന്നാല്‍ സുശ്രുതനോ ചരകനോ മാംസാഹാരത്തെ ഒരു ഔഷധമെന്നതിനപ്പുറം സ്ഥിരഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല എന്ന മുട്ടാപ്പോക്ക് ന്യായമാണ് ഇന്നുള്ള പല പാരമ്പര്യവൈദ്യന്മാരും മാംസാഹാരത്തെ എതിര്‍ക്കാന്‍ ഉപയോഗിക്കുന്നത്. സൂക്ഷ്മ പരിശോധനയില്‍ ഇതു തെറ്റാണെന്ന് കാണാം. ഒന്നാമത്, സുശ്രുതന്‍ ഈ മാംസാഹാരങ്ങളുടെ വര്‍ഗ്ഗീകരണവും കഴിക്കേണ്ട രീതികളും പറയുന്നത് അന്നപാനവിധിയുടെ ഭാഗമായാണ്, ഔഷധങ്ങളെപ്പറ്റി പ്രത്യേകമായി പറയുന്ന സ്ഥലങ്ങളിലല്ല. ഈ അധ്യായത്തിന്റെ ആരംഭത്തില്‍ തന്നെ കാശിരാജാവായ ധന്വന്തരിയോട് ശിഷ്യന്മാരായ സുശ്രുതാദി ഋഷിമാര്‍ ഇങ്ങനെ അപേക്ഷിക്കുന്നു : “ആഹാരം തിന്നുന്നതും കുടിക്കുന്നതും സംബന്ധിച്ചും ദ്യവ്യങ്ങളുടെ രസ-ഗുണ-വീര്യ-വിപാക-പ്രഭാവ-കര്‍മ്മങ്ങളെ സംബന്ധിച്ചും പ്രത്യേകം പ്രത്യേകം അറിയാന്‍ ആഗ്രഹിക്കുന്നു…യാതൊന്നിനു ഹേതുവായിട്ട് ലോകത്തിലെ ജീവികള്‍ ആഹാരത്തിന്നധീനമണോ അതു ഹേതുവായിട്ട് അന്നപാനവിധിയെ എനിക്കുപദേശിച്ചുതന്നാലും.” തുടര്‍ന്ന് ധന്വന്തരി ഉപദേശിക്കുന്ന രൂപത്തില്‍ സുശ്രുതന്‍ എഴുതുന്ന അധ്യായത്തില്‍ അന്നപാനവിധിയുടെ ഭാഗമായി ധാന്യങ്ങളെയും കിഴങ്ങുകളെയും പഴവര്‍ഗ്ഗങ്ങള്‍ എന്തിന്, വെള്ളത്തിന്റെ ഉപയോഗത്തെക്കുറിച്ചുപോലും വളരെ വിശദമായി ചര്‍ച്ചചെയ്യുന്നതായും കാണാം.

മാംസാഹാരവും തൈരും മോരും : വിരുദ്ധാഹാര സങ്കല്പം

ശ്ലോകം 123ല്‍ വര്‍ജ്ജിക്കേണ്ട മാംസത്തെപ്പറ്റി പറയുന്നതു നോക്കുക: ഉണങ്ങി ചീഞ്ഞുനാറിയത്, രോഗത്താല്‍ മരിച്ചത്, വിഷം പുരണ്ട ആയുധത്താല്‍ മരിച്ചത് , പ്രായം ചെന്നത് ശരീരം ശുഷ്കിച്ചത്,ചീത്ത ആഹാരം കഴിക്കുന്നത് എന്നിങ്ങനെയുള്ള പക്ഷിമൃഗാദികളുടെ മാംസം കഴിക്കരുത്…ഇപ്രകാരം ദൂഷിതമല്ലാത്ത മാംസങ്ങളൊഴിച്ച് മറ്റ് മാംസങ്ങളെ ഭക്ഷിക്കുവാന്‍ സ്വീകരിക്കാവുന്നതാണ്. മാംസത്തെപ്പറ്റി സുശ്രുതന് നല്‍കുന്ന ഉപദേശം ധന്വന്തരി അവസാനിപ്പിക്കുന്നതുതന്നെ ഇപ്രകാരമാണ്: അല്ലയോ ശിഷ്യ, ഏത് ജീവിയുടെ മാംസം ഉപയോഗിക്കുന്നുവോ അവയുടെ ആഹാരവിഹാരങ്ങള്‍ ശരീരാവയവങ്ങള്‍ സ്വഭാവം ധാതുക്കള്‍ ചേഷ്ടകള്‍ ലിംഗം പാചകം ചെയ്യേണ്ടുന്ന വിധം എന്നിവയെല്ലാം പരീക്ഷണീയമാകുന്നു. (ശ്ലോ:138)

സുശ്രുതസംഹിതയിലെ തന്നെ സൂത്രസ്ഥാനം ഉത്തരാര്‍ധത്തില്‍ അധ്യായം 20 (ഹിതാഹിതീയം) ചില ആഹാരങ്ങള്‍ ചേര്‍ത്ത് കഴിക്കാന്‍ പാടില്ലാത്തതായി വിധിച്ചിട്ടുള്ളതു നോക്കുക: സകലജീവികള്‍ക്കും ആഹരിക്കാവുന്ന ചില വിശാല മാംസവര്‍ഗ്ഗങ്ങളെക്കുറിച്ച് പറയുന്നിടത്ത് കറുത്തമാന്‍, പുള്ളിമാന്‍, കസ്തൂരിമൃഗം, ഇരുവാല്‍ച്ചാത്തന്‍, പ്രാവ്, കാട തിത്തിരിപ്പുള്ള് തുടങ്ങിയ 13 എണ്ണം ഉള്‍പ്പെടുത്തിയിരിക്കുന്നു. ചിലയിനം മാംസത്തോട് ചേര്‍ത്ത് പാല്‍ കുടിക്കരുത് എന്ന പ്രസ്താവന ശ്രദ്ധിക്കേണ്ടതാണ്. ചെമ്മീന്‍, ഉടുമ്പ്, പന്നി ചെമ്മീന്‍ എന്നിവയുടെ മാംസത്തിനൊപ്പം പാലുപയോഗിക്കരുതെന്നാണ് സുശ്രുതന്റെ വിധി. പാലിനൊപ്പം ഒരുവിധ മത്സ്യവും ചേര്‍ത്തുകഴിക്കരുത് എന്ന വിധി ചരകസംഹിതയിലെ സൂത്രസ്ഥാനത്തിലും ഉണ്ട്. അത് കുഷ്ഠത്തിനും ത്വക് രോഗങ്ങള്‍ക്കും കാരണമാകുമെന്നത്രെ ചരകന്റെ ന്യായം.

എന്നാല്‍ അന്നപാനവിധിയില്‍ ആഹാരം പാചകം ചെയ്യുന്ന കാര്യം പറയുന്നിടത്ത് സുശ്രുതന്‍ തന്നെ ഇങ്ങനെയും വ്യക്തമാക്കുന്നു : “മാംസം സ്വതവേ ബലം വര്‍ദ്ധിപ്പിക്കുന്നതാകുന്നു. നെയ്യ്, മോര്, കുരുമുളക് പോലുള്ളവയുടെ എരിവ് എന്നിവ ചേര്‍ത്ത് പാകം ചെയ്യുന്ന മാംസം ഹിതകരമായതും ബലം നല്‍കുന്നതും രുചിപ്രദവും ഗുരുവുമാണ്. അതു തന്നെ മോര് ചേര്‍ത്തും കായം കുരുമുളക് മുതലായ സുഗന്ധവ്യഞ്ജനങ്ങള്‍ ചേര്‍ത്തും സംസ്കരിച്ചുപയോഗിക്കുന്നതായാല്‍ ബലം, മാംസം, ജഠരാഗ്നി എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതാണ്. ഉണങ്ങിയ മാംസം ശരീരത്തിന്ന് സ്ഥിരതയെ ഉണ്ടാക്കുന്നതും തൃപ്തിയെപ്രദാനം ചെയ്യുന്നതും ബലം, ബുദ്ധി, ജഠരാഗ്നി, മാംസം, ഓജസ്സ്, ശുക്ലം എന്നിവയെ വര്‍ദ്ധിപ്പിക്കുന്നതുമാകുന്നു.” തൈരും മോരും ഉറുമാമ്പഴവും ചേര്‍ത്ത് സംസ്കരിച്ചതും സംസ്കരിക്കാത്തതുമായ മാംസരസം ഹിതകരമായ ആഹാരങ്ങളില്പ്പെട്ടതാണെന്ന് സുശ്രുതന്‍ മറ്റൊരിടത്തും പറയുന്നു.

” ഉണങ്ങിയ മാംസം കമ്പിയില്‍ കോര്‍ത്തു തീയില്‍ കാണിച്ചു പാകം വരുത്തിയെടുത്താല്‍ ഏറ്റവും ഗുരുത്വമുള്ളതായിരിക്കും. എണ്ണയില്‍ വറുത്തെടുത്ത മാംസം ഇപ്രകാരം ഗുരുവായിരിക്കും. എന്നാല്‍ നെയ്യില്‍ വറുക്കുന്നത് ലഘുവായിരിക്കും. ജഠരാഗ്നിയെ വര്‍ദ്ധിപ്പിക്കും, ഹൃദ്യമായിരിക്കും (ഹൃദയത്തിനു നല്ലത് എന്ന അര്‍ത്ഥത്തില്‍ ), രുചിപ്രദവും മനസ്സിന്ന് പ്രിയമുള്ളതുമായിരിക്കും. പിത്തത്തെ ശമിപ്പിക്കും, ഉഷ്ണവീര്യമുണ്ടാവുകയുമില്ല.”

” മാംസരസം തൃപ്തിയെ ഉണ്ടാക്കും.ആയുസ്സിനെ വര്‍ദ്ധിപ്പിക്കും, ശ്വാസരോഗം കാസം ക്ഷയം എന്നിവയെ നശിപ്പിക്കും. വാതം പിത്തം കഠിനാധ്വാനം എന്നിവകൊണ്ടുള്ള ക്ഷീണം മാറ്റും. ഹൃദയത്തിനു നല്ലതാണ്‍.അസ്ഥി നീക്കി മാംസം മാത്രം നന്നായി വേവിച്ചശേഷം വീണ്ടും അരച്ച് തിപ്പലി, ചുക്ക്, കുരുമുളക്, ശര്‍ക്കര, നെയ്യ് എന്നിവ ചേര്‍ത്ത് എല്ലാം കൂടി നല്ലവണ്ണം പാകം ചെയ്തതിന് വേസവാരം എന്ന് പറയുന്നു. ഇത് ഗുരുവാണ്.സ്നിഗ്ധമാണ്. ബലവര്‍ദ്ധകവും വാത വേദനയെ ശമിപ്പിക്കുന്നതുമത്രെ” (ശ്ലോ: 343-370).

തുണ്ട്: മാംസാഹാരത്തിനെതിരെ ഇന്ന് ടെലിവിഷനില്‍ വെളിച്ചപ്പെടുന്ന ഭാരതീയവൈദ്യ വാചസ്പതികളെ സുശ്രുതന്റെ ഒരു സാങ്കല്പിക Food Spaയില്‍ കൊണ്ടിരുത്തിയാല്‍ നെയ്യില്‍ പാകം ചെയ്ത ‘കാട ഫ്രൈ’യും ശര്‍ക്കര ചേര്‍ത്ത ‘സൂപ്പും’ കമ്പിയില്‍ കോര്‍ത്ത് വറുത്ത ‘തന്തൂരിയും’ കണ്ട് തലകറങ്ങിയിരുന്നേനെ!

എഡിറ്റ് (8-മാര്‍ച്ച്-09) :

1. സസ്യാഹാരത്തിനെതിരേയാണ് ഈ പോസ്റ്റിന്റെ ഫോക്കസ് എന്നു തെറ്റിദ്ധരിച്ചവര്‍ ഈ കമന്റ് കൂടി വായിക്കുക
2.ഈ വിഷയത്തില്‍ ദേവേട്ടന്റെ ഒരു അനുബന്ധ പോസ്റ്റ് ഇവിടെ വായിക്കാം.
3. അംബിച്ചേട്ടന്റെ നാല് ഖണ്ഡമായി എഴുതിയ പോസ്റ്റുകള്‍ ഇവിടെ

നാനോ-വൈദ്യ-ഫ്രാഡുകളെ സൂക്ഷിക്കുക! ജനുവരി 3, 2009

നാനോ കാര്‍ഡിയോളജി യിലെ ആദ്യത്തെ ഓണററി പിഎച്ച്.ഡി ബിരുദത്തിന് മലയാളി സഹോദരന്മാരായ ഡോ. വി.എസ് അജിത് കുമാറും അനുജന്‍ ഡോ. വി.എസ് അരുണ്‍ കുമാറും അര്‍ഹരായി എന്ന കേരളകൗമുദി വാര്‍ത്ത ഒരു സുഹൃത്ത് ഫോര്‍ വേഡ് ചെയ്തു തന്നിരിക്കുന്നു. വാര്‍ത്ത കണ്ടപ്പോഴാണ് ഈ പഴയ മാരണങ്ങള്‍ ഇതുവരെ ഒഴിഞ്ഞു പോയില്ലേ എന്ന് ഓര്‍ത്തത്. ഇത് പൊതുശ്രദ്ധയില്‍ കൊണ്ടുവരാന്‍ കൂടിയാണ് ഈ പോസ്റ്റ്

ഭൂലോകത്തെങ്ങുമില്ലാത്ത ശാസ്ത്രീയ ഉഡായിപ്പുമായി ഈ മലയാളി ഡോക്ടര്‍മാര്‍ വീണ്ടും ഇറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരം ശാസ്തമംഗലത്തെ രാമകൃഷ്ണാ മിഷന്‍ ആശുപത്രിയിലെ ഡോ:അരുണ്‍ കുമാര്‍ , ഡോ:അജിത് കുമാര്‍ എന്നീ അലോപ്പൊതി സഹോദരന്മാരാണ് നാനോടെക്നോളജി ശാസ്ത്രജ്ഞന്മാരെന്ന വ്യാജേന ജനത്തെ ‘പൊതി’ക്കാനിറങ്ങിയിരിക്കുന്നത്.

2004-2005 ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ജിജി തോംസണ്‍ ഐ.ഏ.എസിനെ പോലുള്ള ഉദ്യോഗസ്ഥരെ വരെ കുപ്പിയിലിറക്കി സര്‍ക്കാരിന്റെ കോടികള്‍ വെട്ടിച്ച് ഒരു “നാനോ ടെക്നോളജി സെന്റര്‍ ” കെട്ടിപ്പടുക്കാന്‍ പദ്ധതിയിട്ട ഇവര്‍ കേരളകൗമുദി ദിനപ്പത്രത്തിലാണ് ശാസ്ത്രീയ വിഡ്ഢിത്തങ്ങള്‍ നിറഞ്ഞ ലേഖനങ്ങളും ഇന്റര്‍വ്യൂകളുമായി ജനത്തിനു മുന്നില്‍ അവതരിക്കുന്നത്.ഡിസംബര്‍ 2008ല്‍ വന്ന കൗമുദി ഇന്റര്‍വ്യൂവിന്റെ പകര്‍പ്പ് ചിത്രമാക്കിയത് ക്ലിക്കി വലുതാക്കി വായിക്കുക.

രണ്ട് മണിക്കൂറിനുള്ളില്‍ മനുഷ്യ ജനിതകത്തിന്റെ മുഴുവന്‍ സീക്വന്‍സും 99% കൃത്യതയോടെ കണ്ടെത്താന്‍ കഴിവുള്ള ഒരു ചെലവു കുറഞ്ഞ “നാനോ സാങ്കേതികത” തങ്ങള്‍ കണ്ടെത്തിയെന്നതായിരുന്നു ഇവരുടെ 2005ലെ അവകാശവാദം. നാനോ ഹെലിക്കല്‍ ലേസര്‍ , നാനോ ജീന്‍ സീക്വന്‍സിങ്, നാനോ ചിപ്പ്, നാനോ ബയോ ഫോട്ടോണിക്സ് എന്നിങ്ങനെ നാനോ ടെക്നോളജിയുമായി ബന്ധപ്പെട്ട് നിലവില്‍ ഉള്ളതും ഇല്ലാത്തതുമായ അനവധി ജാര്‍ഗണുകള്‍ വാരി നിരത്തി പൊതുജനത്തെ കഴുതകളാക്കുകയാണ് അന്ന് ഈ സഹോദരര്‍ ചെയ്തത്. പത്രത്തില്‍ ലേഖനങ്ങള്‍ എഴുതി ജനശ്രദ്ധ പിടിച്ചുപറ്റിയ ഇവര്‍ പിന്നീട് ആരും കേള്‍ക്കാത്ത ഏതൊക്കെയോ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അവാര്‍ഡുകളും ഉന്നത ഡിഗ്രികളും തങ്ങള്‍ക്ക് ലഭിച്ചതായി അവകാശപ്പെട്ടു കൊണ്ട് വാര്‍ത്ത കൊടുത്തു.
ബില്‍ ഗേറ്റ്സും അമേരിക്കന്‍ പ്രസിഡന്റും വരെ തങ്ങള്‍ക്ക് അനുമോദനങ്ങളയച്ചുവെന്നും നമ്മുടെ ധീരവീര “സയന്റിസ്റ്റ് രാഷ്ട്രപതി” അബ്ദുള്‍ കലാമിന്റെ പൂര്‍വ സഹവര്‍ത്തി ഒരു ഡോ:മുഖര്‍ജിയുടെ ആശീര്‍വാദങ്ങള്‍ ഈ ഉഡായിപ്പുകള്‍ക്കുണ്ടെന്നുമൊക്കെ പല പല ചീട്ടുകള്‍ ഇവരിറക്കി. ഇമ്മാതിരി ചവറുകള്‍ക്ക് പണ്ടും പ്രോത്സാഹനം നല്‍കുന്ന കേരളകൗമുദിയാണ് അന്നും ഈ സഹോദരരെ പ്രമോട്ട് ചെയ്തു തുടങ്ങിയത്. തുടര്‍ന്ന് ദ് ഹിന്ദുവും മനോരമയും ഇന്‍ഡ്യന്‍ എക്സ്പ്രെസ്സുമെല്ലാം വാഴ്ത്തു പാട്ടാരംഭിച്ചു. സ്വന്തമായി ഒറ്റ ഗവേഷണ പേപ്പര്‍ പോലും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഇവര്‍ വച്ച പ്രപ്പോസലനുസരിച്ച് നോര്‍ക്ക (Non-Resident Keralite Affairs) 300 കോടിയുടെ ഒരു “നാനോ ടെക്നോളജി സെന്ററി”നായി പ്രോജക്റ്റ് വരെ തയ്യാറാക്കി.
അന്ന് അറ്റ്ലാന്റയിലെ ജോര്‍ജിയാ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിലെ ശാസ്ത്രജ്ഞനും മലയാളിയുമായ ഡോ:ജോഷി ജോസഫ് ഈ അവകാശവാദങ്ങളിലെ വിഡ്ഢിത്തങ്ങള്‍ കണ്ട് ഈ നാനോ സഹോദരന്മാരുമായി വളരെയേറെ ഇ-മെയില്‍ കത്തിടപാടുകള്‍ നടത്തുകയും ഇവരുടെ പൊള്ളത്തരത്തെ വെളിവാക്കുകയും ചെയ്തിരുന്നു. ഡോ:ജോഷിയുടെ ഇടപെടലുകളും പത്രങ്ങള്‍ക്കുള്ള കത്തുകളും ബ്ലോഗിലൂടെ അവ പ്രസിദ്ധപ്പെടുത്തലും ആയപ്പോള്‍ സംഗതി വിവാദമായി. യാതൊരു ശാസ്ത്ര ഗവേഷണ പിന്‍ബലവുമില്ലാതെ കൊണ്ടുവന്ന ഈ പ്രോജക്റ്റ് ഒടുവില്‍ 2005 മദ്ധ്യത്തോടെ സര്‍ക്കാര്‍ വച്ചുകെട്ടുകയും ചെയ്തും.

മനുഷ്യ ജീനോം സീക്വന്‍സിങ് രണ്ട് മണിക്കൂറില്‍ !

ഒരു നീണ്ട ഡി.എന്‍.ഏ ചുരുളിനെ രാസത്വരകമുപയോഗിച്ച് “മുറിച്ച” ശേഷം ആ ഡി.എന്‍.ഏ കഷ്ണങ്ങളുടെ തന്മാത്രാഭാരം (molecular weight) അനുസരിച്ച് ഇലക്ട്രോഫൊറീസിസ് (electrophoresis) വഴി വേര്‍പെടുത്തി ‘ശുദ്ധീകരിക്കുക’ എന്നതാണ് വ്യവസ്ഥാപിതമായ ഡി.എന്‍.ഏ സീക്വന്‍സിങ് സാങ്കേതികവിദ്യ. ഇതിന്റെ പലവിധത്തിലുള്ള മോഡലുകള്‍ ഇന്നുപയോഗത്തിലുണ്ട്. നമ്മുടെ നാനോ സഹോദരന്മാര്‍ ഈ സാങ്കേതികവിദ്യയുടെ ഒരു “അത്യന്താധുനിക” വേര്‍ഷനാണ് DNA BRAID GENESEQ സീക്വന്‍സിങ് സിസ്റ്റം എന്ന ഉഡായിപ്പിലൂടെ അവതരിപ്പിക്കുന്നത്. ഡി.എന്‍.ഏ എന്ന് പറഞ്ഞാല്‍ കണ്ണിമേരാ മാര്‍ക്കറ്റില്‍ കിട്ടുന്ന ഏതോ കഞ്ചാവിന്റെ പേരാണെന്ന് വിചാരിച്ചു വച്ചിരിക്കുന്ന കുറേ തെരന്തോരം പത്രക്കാരും ഡിങ്കഡിങ്കാ കളിക്കാന്‍ കൂടെയിറങ്ങിയപ്പോ നാനോ അണ്ണമ്മാര്‍ക്ക് കോളൊത്തു.
ഈ “GENESEQ ” വച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്താല്‍ ആകെ കിട്ടുക ഫോര്‍സൈറ്റ് എന്ന നാനോടെക്നോളജിയധിഷ്ഠിത ഇന്‍സ്റ്റിറ്റൂട്ടിന്റെ 2003ലെ ഒരു സമ്മേളനത്തില്‍ അവതരിപ്പിക്കാനായി നാനോ സഹോദരന്മാര്‍ സമര്‍പ്പിച്ച ഒരു പേപ്പറിന്റെ ആബ്സ്ട്രാക്റ്റ് ആണ് .

ആബ്സ്ട്രാക്റ്റ് ആ വെബ് സൈറ്റിലുണ്ടെങ്കിലും പേപ്പര്‍ യഥാര്‍ത്ഥത്തില്‍ അവതരിപ്പിക്കപ്പെട്ടോ എന്നു സംശയമുണ്ട്. കാരണം ആ ആബ്സ്ട്രാക്റ്റിലെ മുക്കാലേ മുണ്ടാണിയും നിലവില്‍ പ്രചാരത്തിലുള്ള സാങ്കേതികവിദ്യയെക്കുറിച്ച് ഗൂഗിള്‍ സെര്‍ച്ചിലൂടെ കിട്ടുന്ന അടിസ്ഥാന വിവരണം മാത്രമാണ്. നാനോസഹോദരര്‍ മുന്നോട്ടു വയ്ക്കുന്ന ജീന്‍സെക് വിദ്യയുടെ പ്രവര്‍ത്തനമെങ്ങനെയെന്നതിനെക്കുറിച്ച് ആകെയുള്ളത് ഈയൊരു ഖണ്ഡികയാണ്:

DNA BRAID GENESEQ has developed NANOCHIP, a microelectronic device, a chip-like system, which allows DNA fragments to travel freely without intense density filling. It has been designed through the use of fractal geometrical methods, which are genetical algorithms which can be modelled to develop a porous geometry architecture which allows DNA samples to move in non-viscous media, such as water and other low/zero resistance media, using an electric field.
ഡോണ്ട് വറി..! ഇത് വായിച്ചാല്‍ നിങ്ങള്‍ക്കോ എനിക്കോ എന്നല്ല, മോളിക്യുലാര്‍ ബയോളജിയിലും ബയോകെമിസ്ട്രിയിലും ഈ പറയുന്ന നാനോടെക്നോളജിയിലും അംസാന്തം മുങ്ങി നില്‍ക്കുന്നവര്‍ക്കു പോലും ഈ സോദരര്‍ എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലാവില്ല. കമ്പ്ലീറ്റ് ഉഡായിപ്പാണ് ! രണ്‍ജിപ്പണിക്കര്‍ സ്റ്റൈലില്‍ പറഞ്ഞാല്‍ ശാസ്ത്രീയ വാക്കുകളുടെ അര്‍ത്ഥമോ സന്ദര്‍ഭമോ അറിയാതെയുള്ള “അതിസാരം” !
മര്യാദയ്ക്ക് നടത്തിയ ഗവേഷണമോ പഠനങ്ങളോ വ്യവസായ പ്രപ്പോസലായി വച്ചാല്പ്പോലും തിരിഞ്ഞു നോക്കാത്ത സര്‍ക്കാര്‍ ഈ ഉണ്ടച്ചുരുട്ടിനായി 300 കോടിയനുവദിക്കാന്‍ മാത്രം എന്താണാവോ അന്ന് ബ്യൂറോക്രാറ്റിക് തലങ്ങളില്‍ ഉണ്ടായത് ?

Digression : വ്യവസ്ഥാപിത രീതിയിലെ ഡി.എന്‍.ഏ സീക്വന്‍സിങ് പ്രക്രിയയെ ത്വരിതപ്പെടുത്താന്‍ ഉദ്ദേശിച്ച് കോര്‍ണെല്ലിലെ ശാസ്ത്രജ്ഞര്‍ മുന്നോട്ട് വച്ച ഒറിജിനല്‍ നാനോ ചിപ്പ് സാങ്കേതിക വിദ്യയുടെ ആബ്സ്ട്രാക്റ്റാണിത്. തികച്ചും സാധ്യമായതെന്ന് മാത്രമല്ല, പരീക്ഷിച്ചു വിജയിച്ചതിന്റെ വിശദാംശങ്ങളും അതിന്റെ ഒറിജിനല്‍ ഫുള്‍ടെക്സ്റ്റിലുണ്ട്. ഈ ആശയത്തിന്റെ പൊട്ടും പൊടിയുമെടുത്താണോ നാനോ സഹോദരന്മാര് ഈ ജീന്‍സെക് ഗുണ്ട് പടച്ചു വിടുന്നതെന്ന സംശയം അന്ന് ഈ വിഷയം ഫോളോഅപ് ചെയ്ത ഡോ: ജോഷി മുന്നോട്ടുവച്ചിരുന്നു. തൊണ്ണൂറുകളുടെ അവസാനം ഹാര്‍വാഡില്‍ നിന്നും ഡ്രോപ്പ് ഔട്ട് ആയ ഒരു യൂജീന്‍ ചാന്‍ ഇതുപോലെ ഒരു ജീന്‍സീക്വന്‍സിങ് ജിഞ്ചിരിഫിക്കേഷനും കൊണ്ട് നടന്ന് ഒടുക്കം അമേരിക്കന്‍ സര്‍ക്കാരിന്റെ കുറേ കോടികള്‍ പൊഹച്ച് കൈയ്യീ കൊടുത്ത ഒരു പഴമ്പുരാണം കൂടി ഡോ:പ്രദീപ് ഈ ബ്ലോഗില്‍ എഴുതിയിട്ടുള്ളതും നോക്കുക.

ശാസ്ത്ര…”ജ്ഞ”മ്മാര്

പ്രീഡിഗ്രി-കോളെജ് കാലം മുതല്‍ മൈക്രോസ്കോപ്പും കമ്പ്യൂട്ടറുമൊക്കെ ഉപയോഗിച്ച് വീട്ടിലെ കാര്‍ഷെഡ്ഡില്‍ പത്തുവര്‍ഷമായി നടത്തിയിരുന്ന പരീക്ഷണങ്ങളാണത്രെ സൂപ്പര്‍ നാനോ ചിപ്പ്, നാനോ ഹെലിക്കല്‍ ലേസര്‍ (?!) തുടങ്ങിയ ഉഗാണ്ടന്‍ കണ്ടുപിടുത്തങ്ങളിലേക്ക് നമ്മുടെ നാനോ സഹോദരന്മാരെ നയിച്ചത്. ഈ സാങ്കേതികവിദ്യയ്ക്ക് 90 രാജ്യങ്ങളിലായി നൂറോളം പേറ്റന്റുമുണ്ടെന്ന് അക്കാലത്തു വന്ന ലേഖന/ഇന്റര്‍വ്യൂ സീരീസുകളില്‍ അണ്ണന്മാര്‍ അടിച്ചു വിട്ടിരുന്നു.
അന്ന് ഗവേഷകര്‍ ഇടപെട്ട് സംഭവം നാറുമെന്നായപ്പോള്‍ അണ്ണന്മാര്‍ പ്ലേറ്റ് മലര്‍ത്തി : ഈ ഗൊണാണ്ടറുകളൊന്നും തങ്ങള്‍ ഉണ്ടാക്കിയിട്ടില്ലെന്നും അതൊക്കെ “ഐഡിയ”കളായി തലയ്ക്കത്ത് അങ്ങനെ ഇരുന്നു വേവുന്നേ ഉള്ളൂ എന്നും പേറ്റന്റിനെല്ലാം അപേക്ഷയും കൊടുത്തിരിപ്പാണെന്നും ഒക്കെ കാച്ചിക്കളഞ്ഞു. പാവം പിള്ളേര് പിഴച്ചുപൊയ്ക്കോട്ടെ എന്നു കരുതിയാവാം പത്രങ്ങള് അന്ന് സംഗതി വലിയ ഒച്ചപ്പാടുണ്ടാക്കാതെ എല്ലാം സലാമത്താക്കി.
ജിജി തോംസണ്‍റ്റെ നോര്‍ക്ക പ്രോജക്റ്റ് കട്ടപ്പുറത്തും കയറി. (ഓ, അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്. ഈ ഐ.ഏ.എസ് വിദ്വാന്റെ കാലത്താണ് കേരളത്തിലെ പുഴയോ വെള്ളമോ മറ്റോ വില്‍ക്കാനുണ്ടെന്ന് ഏതോ വിദേശപത്രങ്ങളില്‍ പരസ്യം ചെയ്തതിനെ സംബന്ധിച്ച് ഒരു ആരോപണം വന്നത്. ഇങ്ങേര് ഈ പരുവാടീന്റെ സ്ഥിരം ആളാണാ ? ഐ.ഏ.എസ്സ് ശരിക്കും ഒള്ളത് തന്നേ ചെല്ലാ ?)

ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് ഉഡായിപ്പ്സ് ആന്റ് ഗൊണാണ്ട്രിഫിക്കേഷന്‍ (പ്രൈ:) !

Dr. സഹോദരന്മാര്‍ 2005ല്‍ “നാനോപ്പുട്ടുകുറ്റിയും” കൊണ്ട് ആളെ വടിയാക്കാനിറങ്ങുന്ന കാലത്ത് രാമകൃഷ്ണാ മിഷന്‍ ആശുപത്രിയിലെ ജീവനക്കാരായിരുന്നു. കാലം കഴിഞ്ഞു, ശാസ്തമംഗലം ജങ്ഷനിലെ ടാക്സീ സ്റ്റാന്റിലെ ഇലകുറേ കൊഴിഞ്ഞു, മരുതങ്കുഴിയാറ്റിലെ വെള്ളവും കുറേ ഒഴുകിപ്പോയി. ഇപ്പോള്‍ അനിയന്‍ ഡാക്കിട്ടര് ഡോ: വി.എസ് അരുണ്‍ കുമാര്‍ Institute of Advanced Research and Studies എന്ന “അഡ്രസ്സില്ലാ” സ്ഥാപനത്തിന്റെ ഡയറക്ടറാണ്. നമുക്ക് IARS എന്ന ചുരുക്കപ്പേരില്‍ അവരുതന്നെ വിളിക്കുന്ന ഈ സ്ഥാപനത്തിന്റെ വെബ് സൈറ്റ് ഒന്ന് ടോര്‍ച്ചടിച്ചു നോക്കാം.

നന്ദികെട്ട കുറച്ച് മലയാളികള്‍ കാരണം ലോകമറിയാതെ പോയ ഈ ശാസ്ത്രപ്രതി..ഫകളുടെ ചരിത്രം ഈ പേജില്‍ ആലേഖനം ചെയ്തിരിക്കുന്നത് വായിച്ച് പുളകം കൊള്ളുക എന്റെ കൈരളീ:

Before taking his Medical degree Dr.Arun Kumar Studied Engineering for three Semesters at College of Engineering, Trivandrum. He had done a number of project presentations, and important among them were:
* Kerala Academy of Sciences (KAS), May 1996
* Vikram Sarabhai Space Centre (VSSC), Trivandrum, 27th May 1998
* Indian Space Research Organisation (ISRO) Headquarters, Bangalore, July9-10 1999.
* Presentation of “ATOMIC BIOLOGY” Project to the Expert Committee of ISRO: PROJECT “DNA BRAID GENESEQ” is the only project selected from India to be presented at the 11th Foresight Conference on Molecular Nanotechnology.

അതു ശരിയാണ് എണ്ട്രന്‍സ് കമ്മീഷണറേറ്റിന്റെ കൊണവതിയാരം കൊണ്ട് ഇങ്ങനെ ചില പ്രതിഫകള് ഇഞ്ജിനീരാവണോ എഞ്ചിനിയറാവണോ ‘പൂര്‍വജന്മ പാപ’വൈദ്യം വേണോ ‘ഗുളികവൈദ്യം’ വേണോ വേണോ എന്നൊക്കെ കണ്‍ഫ്യൂ അടിച്ച് കുറച്ചുകാലം (ന്നൂച്ചാ ഒന്ന് രണ്ട് സെമസ്റ്ററും ട്രൈമെസ്റ്ററും വരെ!) മാറി മാറി കോളെജ് നിരങ്ങാറുണ്ട്. അതുകൊണ്ടെന്ത്, ഐ.എസ്.ആര്‍.ഓയ്ക്കും കെ.ഏ.എസ്സിനുമൊക്കെ ഈ പ്രോജക്റ്റുകളാല്‍ ധന്യമാകാന്‍ കഴിഞ്ഞില്ലേ!

തീര്‍ന്നില്ല. ദേ ഈ ചേട്ടന്‍ പാപ്പനം കോട്ടെ അപ്ലൈഡ് സിസ്റ്റ ത്തില്‍ (??) ഇരുന്ന് ഒണ്ടാക്കിയ യന്ത്രസാങ്കേതിക വിദ്യകള് നോക്കിക്കേ :
Dr.Arun Kumar worked as a Consultant for 2 years in Applied Systems, Papanamcode, Trivandrum and had designed:
* Computerised ECG Machine Development.
* Circadian Pacemaker Development (Phase 1 trial)
* Kehlescope {Patent Granted} IDEAS & DESIGNS :
* Nanogeneseq Chip{Patent Published}
* Helinaser { Patent published}
* Nanoflownoids { Patent Published}
* Splashtec[Patent Published}
* Nanocircadian Pacemaker.{ Patent Published}
* Nanofibon Sensor{ Patent Published}
നാട്ടില് പെട്ടിക്കടയില് പോലും നാനോടെക്നോളജി റിസേര്‍ച് നടത്താമെന്നായിരിക്കുന്നു. ഹാവൂ..! പാപ്പനംകോട്ടെ കെ.എസ്.ആര്‍.ടി.സി ബസ്സ് ഡിപ്പോയിലിരുന്നാണോ എന്തോ ഈ Nanoflownoids ഒക്കെ ഒണ്ടാക്കിയത് ! ദേ ഈ പ്യാറ്റന്റ് ആപ്ലിക്കേഷനില്‍ പറയുന്നത് :
Nanoflownoids is a new innovative semi conductor device. It depends on the flow of fluds including added materials along a nano channel based on specific dimensions(fractal dimensions) it creates a three dimensional field called Nanoflow Electro Magnetic field, which are mutually Perpendicular in a way such that a flow along the X axis creates an electric current along the Y axis and a magnetic field along the Z axis giving a 3D effect.
ഹേയ്… ഈ എഴുതിവച്ചേക്കുന്നത് കണ്ടൊന്നും പൊന്ന് വായനക്കാര് ഓടിക്കളയല്ലും. ഇതെന്താണെന്ന് ലവമ്മാരക്കും ഒരു എത്തും പിടിയുമില്ല. എന്തരായാലും സ്ഥിരം പയറ്റണ എല്ലാ വാക്കും വന്നിട്ടൊണ്ട് – നാനോ, ഫ്രാക്റ്റല്, ഡയമെന്‍ഷന്‍, ത്രീ.ഡി എഫക്റ്റ്, ആക്സിസുകള്, സെമി കണ്ടക്റ്ററ്…തള്ളേ പുള്ളകള് പുലി തന്ന ക്യേട്ടാ!
പിന്നെ ബ്രാക്കറ്റിനകത്ത് “പ്യാറ്റന്റ് പബ്ലിഷ്ഡ്” എന്ന് എഴുതിവച്ചേക്കണ കണ്ടാ ‘ഹൊ, ആണ്ട ആ യന്ത്രം ലവന്‍ ഒണ്ടാക്കിക്കളഞ്ഞല്ല്’ എനൊക്കെ തോന്നും. അതിപ്പം, ടെലിപ്പോര്‍ട്ടേഷന്‍ (കൂടുവിട്ട് കൂടുമാറ്റം) യാഥര്‍ത്ഥ്യമാക്കാനുള്ള ഒരു യന്ത്രമാണ് ദാണ്ടെ ഇവിടെ ഒരുത്തന്‍ നിര്‍മ്മിക്കാനും പേറ്റന്റ് എടുക്കാനും അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.ലത് പോലെ തന്നെ ഇതും. എന്ത് മാരണം വച്ചും പേറ്റന്റിന് അപ്ലൈ ചെയ്യാം, വെബ്സൈറ്റില്‍ പബ്ലിഷും ചെയ്യാം.
IARSന്റെ വെബ്സൈറ്റിലെ About Us എന്ന ഈ പേജില്‍ നോക്കുക:
Dr Arun kumar & Dr Ajith kumar is recently selected to the Directors board of NEOCARDIOGENESIS FOUNDATION, Ohio,USA in November,2008.
എന്തായാലും പടച്ചവന്‍ സഹായിച്ച് ഹൃദയപേശികളെ വിത്തുകോശങ്ങളില്‍ നിന്ന് കൃത്രിമമായി വളര്‍ത്തിയെടുക്കുന്ന നിയോ കാര്‍ഡിയോജെനസിസ് എന്നൊരു സമ്പ്രദായം ജൈവശാസ്ത്ര രംഗത്ത് നിലവില്‍ ഉണ്ട്. അത്രയും ഭാഗ്യം! പക്ഷേ ഈ NEOCARDIOGENESIS FOUNDATION, Ohio,USA ?? അമ്മച്ചിയാണെ, ഓഹയോക്കാരു പോലും ഇങ്ങനൊരു ഫൗണ്ടേഷനെപ്പറ്റി കേട്ടിട്ടില്ല! (ഇല്ലെങ്കീ ദാണ്ട ഗൂഗിളമ്മയോട്ചോയിച്ച് നോക്ക്)
ഡിസ്ക്രീറ്റ് ഫ്രാക്റ്റല്‍ ഇ.സി.ജി എന്ന കമ്പിത്തിരിമത്താപ്പ് കേരളാ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ വിവരസാങ്കേതികതാ വിഭാഗത്തില്‍ ഒരു പേപ്പറായി അവതരിപ്പിച്ചുവെന്ന് നാനോഅണ്ണന്മാരു പറയുന്നു. ബെസ്റ്റ് ബെസ്റ്റ്…! മാക്കനെ പോക്കാച്ചി വിഴുങ്ങി ! (ഈ വകയില്‍ ഇക്ബാല്‍ സാറിന്റെ ഒരു പഴയ ‘കുടുകുടു’ ഇവിടെയുണ്ട്.)

ഈ IARSന്റെ വെബ്സൈറ്റിലെ “സ്പിന്‍ ഓഫ് പേജില്‍” നാനോജീന്‍സെക്കിന്റെയും മറ്റു പഴയ ഗ്യാസുകുറ്റികളുടെയും കൂടെ ഇപ്പോള്‍ കൗമുദിയില്‍ വന്ന വാര്‍ത്തയ്ക്കടിസ്ഥാനമായ DF-ECG യെക്കുറിച്ചും എന്തൊക്കെയോ എഴുതിവച്ചിട്ടുണ്ട്. വായിച്ചിട്ട് പരസ്പരബന്ധമില്ലാത്ത എന്തൊക്കെയോ തട്ടിമൂളിച്ചിരിക്കുന്നുവെന്ന് മനസ്സിലായി. എന്നാല്‍ അതീന്ന് ചിലതെടുത്ത് നെറ്റില്‍ പരതിയപ്പോള്‍ ഗഡികള് കൊള്ളാല്ലോ എന്നും തോന്നായ്കയില്ല. മഹത്തായ ഈ പേപ്പറിലെ ഒരു ഖണ്ഡിക IEEEടെ ഈ പേജിലെ ഒരു ഗവേഷണ പേപ്പറിന്റെ ആബ്സ്ട്രാക്റ്റില്‍ നിന്നും അടിച്ചുമാറ്റിയതാണ് ! ഫ്രാക്റ്റല്‍ ഡൈമെന്‍ഷന്‍ അല്‍ഗോരിഥങ്ങളെ കുറിച്ചുള്ള ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ ഒരു ഗവേഷണ പേപ്പറാണ് അതിന്റെ ഒറിജിനല്‍.

കണ്ടാ കണ്ടാ … ഇനി പണ്ട് ഇവമ്മാരുടെ കട പൂട്ടിച്ച സാക്ഷാല്‍ ഡോ:ജോഷി ജോസഫ് വന്നാല്‍ പോലും അനങ്ങരുത്. അതുകൊണ്ടാണ് ഇത്തവണ അദ്ദേഹത്തിന്റെ തട്ടകമായ ജോര്‍ജിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജീന്ന് തന്നെ അടിച്ചുമാറ്റി പതിപ്പിച്ചുവച്ചിരിക്കുന്നത്.
എന്തര് പറയണ് ?
നിങ്ങ ക്ഷീണിച്ചാ… ?
പോവല്ല് പോവല്ല്.. ഇതിലും വലിയ സുനാപ്പികള് വരാമ്പോണതേ ഉള്ളൂ.

നാനോ സംഗീതം
(?) എന്ന വേറൊരു ഗുണ്ട് ആ വെബ് സൈറ്റില്‍ കാണാം. അതിന്റെ ആമുഖവാചകം ഇങ്ങനെയാണ് : YOGA – NANOMUSIC INTEGRATION is a new dimension to the physical and spiritual world. എന്ത് വിഡ്ഢിത്തത്തിന്റെയും മുന്‍പില്‍ “നാനോ” എന്ന് ചേര്‍ത്ത് വച്ചാല്‍ അതെല്ലാം നാനോ ടേക്നോളജിയായിക്കൊള്ളുമെന്നാണെന്ന് ധരിച്ചുവച്ചിട്ടാണോ ആവോ ഈ സര്‍ക്കസ്. സ്വയം വിശേഷിപ്പിക്കുന്നത് – നാനോ ഡോക്ടര്‍ ബ്രദേഴ്സ്, സംഗീതം – നാനോ സംഗീതം, കാര്‍ഡിയോളജി – നാനോ കാര്‍ഡിയോളജി… വീട്ടില്‍ നാനോ അച്ഛന്‍, നാനോ അമ്മ, നാനോ ചേട്ടന്‍, നാനോ അളിയന്‍… ഹാവൂ!
ഇനി അതിലെഴുതിവച്ചിരിക്കുന്ന ഗൊണാണ്ടറില്‍ നിന്ന് ഒരു കഷ്ണം:

“…NANOMUSIC streches out by the new assumption that instead of time dimension ,if we can incorporate music as a dimension replacing time dimension, then we get a SPACE MUSIC continuum rather than SPACE TIME continuum….”

നാനോ ജീന്‍ സീക്വന്‍സിങ് കൊണ്ട് ജൈവകണികാശാസ്ത്രത്തെയും നാനോ “ഹെലിക്കല്‍ ലേസര്‍ “ടെക്നോളജി കൊണ്ട് ഫോട്ടോണിക്സിനെയും “നാനോ കാര്‍ഡിയോളജി” കൊണ്ട് വൈദ്യശാസ്ത്രത്തെയും സമ്പുഷ്ടമാക്കിയതു പോരാഞ്ഞിട്ടാണ് ഇനി സ്പേസ് ടൈം കണ്ടിന്യുവത്തീലോട്ട് “സംഗീത ഡൈമെന്‍ഷനെ” ചേര്‍ക്കാന്‍ പോകുന്നത് ! സ്പേസ്-മ്യൂസിക് കണ്ടിന്യുവം പോലും…എന്റെ യൂക്ലിഡ് മുത്തപ്പാ, ഹോക്കിംഗ് ഭഗവാനേ..വെയിലു കൊള്ളിക്കാതെ കാത്തോളണേ ഈ പൈതങ്ങളുടെ തങ്കത്തലമണ്ടകളെ.
അതിന്റെടുത്ത വരി വായിച്ചാല്‍ ഏതു കടുത്ത യുക്തിവാദിയും ഒടയതമ്പുരാനേന്ന് നെലവിളിക്കും : “…The most important advantage of such an interpretation is that since time is uni directional and complex it is far difficult to predict, fix and control time.” ഇതിലും വ്യക്തതയും യുക്തിയുമുള്ള സംസാരം ഊളന്‍പാറ ആശുപത്രിയിലെ വാര്‍ഡുകളില്‍ ഉണ്ടാകും.

ട്രേഡ് മാര്‍ക്ക് ആന്റ് പേറ്റന്റ് സെര്‍ച്ച് വെബ്സൈറ്റില്‍ പോയാല്‍ നാനോ സഹോദരങ്ങളുടേതായി ഡിസ്ക്രീറ്റ് ഫ്രാക്റ്റല്‍ ക്വാണ്ടം ഡോട്ട്സ് എന്ന വേറൊരു അമിട്ട് പേറ്റന്റാപ്ലിക്കേഷന്‍ കാണാം. അതിന്റെ വിശദാംശങ്ങളെന്നും പറഞ്ഞ് അവിടെ എഴുതിവച്ചിരിക്കുന്ന തലയും വാലുമില്ലാത്ത കുറേ വാചകങ്ങളും കാണാം. ഒരു സാമ്പിള്‍ ദാ :

“When the perimeter is defined as an ellipse and sustaining it without loss in both uncertanity in position and uncertanity in momentum we can get a wave equivalent which is invarient in perimeter but a change in area and there by volume. It creates a fractional quantum dots which can ossilate producing frequency ranges from sub violet to blue level.”

പൊട്ട ഇംഗ്ലീഷില്‍ ഈ എഴുതിവച്ച സാധനത്തിന്റെ അര്‍ത്ഥമെന്തെന്ന് ശരിക്കും ഫ്രാക്റ്റലുകളും ക്വാണ്ടം ഡോട്ടുകള്‍ എന്താണെന്ന് അറിയാവുന്നവര്‍ക്കു മാത്രമല്ല ദൈവം തമ്പുരാനുപോലും പിടികാണൂല്ല.

ഇല്ലാത്ത സ്ഥാപനവും വല്ലാത്ത പി.എച്.ഡിയും…

ഡോക്ടര്‍ സഹോദരന്മാര്‍ക്ക് ഓണററി പി.എച്.ഡി കൊടുത്തെന്ന് കൗമുദി വാര്‍ത്തയില്‍ പറയുന്ന ഈ “ഹ്യുമാനിറ്റേറിയന്‍ ഗ്ലോബല്‍ ബയോമെഡിക്കല്‍ കോര്‍പ്പറേഷ”ന്റെ വെബ്സൈറ്റ് ഇതാണ്.

ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാന്‍സ്ഡ് റീസേര്‍ച് ആന്റ് സ്റ്റഡീസ് എന്ന് പറയുമ്പോലെ ഈ ഹ്യുമാനിറ്റേറിയന്‍ ഗ്ലോബല്‍ ബയോമെഡിക്കല്‍ എന്ന പേരില്‍ തന്നെ ഒരു പിശകില്ലേ എന്ന് വിവരമുള്ള ആര്‍ക്കും തോന്നാം. ആ വെബ്സറ്റില്‍ പോയി നോക്കിയാല്‍ കാണുന്ന കാഴ്ചകള്‍ ഗംഭീരമാണ്. വെബ്സൈറ്റിന്റെ യുആര്‍എല്‍ അഡ്രസ്സ് .org.uk ആണ്. എന്നാല്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഡ്രസ്സ് HUMANITARIAN.ORG.UK, 67 Wall Street, 22nd Floor, New York, NY 10005-3198 U.S.A !! കൂടെ രണ്ട് ഫോണ്‍ നമ്പരും കൊടുത്തിട്ടുണ്ട്. വിളിച്ചു നോക്കിയാലും ബെല്ലടിച്ചോണ്ടിരിക്കുന്നതു മാത്രം കേള്‍ക്കും. ഓഫീസിന്റെ പടമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഏതോ രണ്ട് കിടിലം കെട്ടിടങ്ങളുടെ ഫോട്ടൊയൊക്കെ കൊടുത്തിട്ടുണ്ട്. എന്നാല്‍ ഈ പേജിലാട്ടെ ഹ്യുമാനിറ്റേറിയന്റെ അഡ്രസ്സ് കൊടുത്തിരിക്കുന്നത് Humanitarian Global Biomedical Corporation a California non-profit bio-medical research group എന്നാണ് !
ഒന്നായ നിന്നെയിഹ മൂന്നെന്നു കണ്ടളവിലുണ്ടായൊരിണ്ടലോ…അതോ ഇന്റര്‍നാഷനല്‍ ഫ്രാഡോ??!
ഇനി ആ വെബ് പേജിലെ തന്നെ ചില പിശകുകള്‍ ശ്രദ്ധിക്കുക. വായനക്കാര്‍ക്ക് പെട്ടെന്ന് കാണാന്‍ കഴിയുന്ന ഒന്നാണ് ആ പേജുകളിലുടനീളം കാണുന്ന പൊട്ട ഇംഗ്ലീഷ്.
ചില സാമ്പിളുകള്‍ :

The HGBC, Humanitarian tm , will be, from inception, built Using NASA and rugidized mission essential military electronic Standards from the drawing package throughout the entire Production cycle. The resultant quality and performance will Cost more on paper to implement, but scrap and rework, legal Problems and recalls will offset these investments quickly. The increased reliability will, in itself, become a tremendous marketing tool in this life giving environment…

വേറൊരിടത്തെ ഗീര്‍വാണം: “The HGBC hallmark and mission statement will not allow failures of any kind. Expect NASA level Quality Control planning and enforcement.” നാസാ ലെവല്‍ ക്വാളിറ്റി പ്രതീക്ഷിക്കണമെന്നതിന് ഒരു വെയ്റ്റ് കിട്ടാനാവും നാസയുടെ ലോഗോ കോപ്പീപേസ്റ്റ് ചെയ്തു വച്ചിരിക്കുന്നത് (സ്ക്രീന്‍ ഷോട്ട് നോക്കുക). ഇതിന്റെ ലീഗല്‍ പ്രത്യാഘതങ്ങളെക്കുറിച്ചൊക്കെ അറിയുമോ ആവോ സഹോദരന്മാര്‍ക്ക് ?
ഹ്യുമാനിറ്റേറിയന്റെ ഈ പേജില്‍ അവരുടെ ഗവേഷണ പരീക്ഷണങ്ങളെക്കുറിച്ചുള്ള തലയും വാലുമില്ലാത്ത കുറേ അവകാശവാദങ്ങളും കാണാം. ഇതിലെ ഉണ്ടച്ചുരുട്ടുകള്‍ മൂന്നാലെണ്ണം എടുത്ത് ഗൂഗിള്‍ സെര്‍ച്ചു ചെയ്താല്‍ നമ്മുടെ നാനോ സഹോദരന്മാരുടെ കുറേ പേട്ട് പേറ്റന്റ് അപേക്ഷകള്‍ മാത്രമേ കാണാനുള്ളൂ. അതിലൊരു സാമ്പിളാണ് നാനോ സര്‍ക്കേഡിയന്‍ പേസ്മേക്കര്‍ !!. അതിനുള്ള പേറ്റന്റിന്റെ അവകാശവാദപ്പേജാണ് ഇത്. ഇതിലും പിനീയല്‍ ഗ്രന്ഥി, ക്വാണ്ടം, നാനോ, അല്‍ഗോരിഥം, ഫ്രാക്റ്റല്‍ എന്നൊക്കെ കുറേ ശാസ്ത്രപദങ്ങള്‍ കൊണ്ട് വെടിയും പുകയുമുണ്ടാക്കുന്നുവെന്നല്ലാതെ വസ്തുത എന്നത് തൊട്ടുതീണ്ടിയിട്ടില്ല.
ഹ്യുമാനിറ്റേറിയന്റെ റിസേര്‍ച്ച് ആന്റ് ടെക്നോളജി പേജിലെ ആകെ പരാമര്‍ശിക്കപ്പെടുന്ന വ്യക്തികള്‍ അതിന്റെ സയന്റിഫിക് ബോഡ് മെംബ്രമ്മാരായ അജിത് അരുണ്‍ സഹോദരങ്ങളെയാണ് എന്നതു യാദൃച്ഛികമല്ല. വാചകം ഇങ്ങനെ :

HGBM scientific board members ; Dr. Ajith Kumar V.S. and Dr. Arum Kumar V.S. are nano -cardiologists , with 7 nanomachine and biomolecular imaging patents. From understanding the smallest of structural features of a cell or tissue to developing medical devices ,these researchers are unlocking the secrets of biology on an entirely new level.

നിയോകാര്‍ഡിയോ ജെനസിസ് എന്ന ‘ഹൃദയ-വിത്തുകോശ’ സാങ്കേതികതയെ കുറിച്ച് നെറ്റില്‍ കിട്ടുന്ന കുറേ സാധനങ്ങള്‍ അവിടെ കോപ്പിപേസ്റ്റ് ചെയ്ത് വച്ചിട്ടുണ്ട്. ഖണ്ഡികകള്‍ വെവ്വേറെ എടുത്ത് ഗൂഗിള്‍ സെര്‍ച്ചില്‍ക്കൊടുത്താല്‍ ഒറിജിനല്‍ റിപ്പോര്‍ട്ടുകളും വാര്‍ത്തകളും കിട്ടും. ആ വെബ് പേജില്‍ നിന്നും നിയോകാര്‍ഡിയോ ജെനസിസ് ഡോട്ട് കോം എന്ന വെബ്ബിലേക്ക് ഒരു ഹൈപ്പര്‍ ലിങ്കുള്ളതാണെങ്കില്‍ പോകുന്നത് ഇനിയും ഡെവലപ് ചെയ്യാത്ത ഒരു ബ്ലാങ്ക് പേജിലേക്ക്.
വേറൊരു ഡിങ്കോളിഫിക്കേഷന്‍ ആണ് ഹ്യുമാനിറ്റേറിയന്റെ വെബ് സൈറ്റില്‍ കാണുന്ന, വേറെ എങ്ങും കാണാത്ത കൊറൊണാഡോ സ്റ്റെം സെല്‍ സെന്റര്‍ !!
അതിന്റെ സ്ഥാപക ലക്ഷ്യങ്ങള്‍ പറയുന്നത് നോക്കുക :

Specific mission:

Establish a regional medical center ; http://coronadostemcellcenter.com, with administrative offices located in San Diego California. Build a state of the art laboratory, with a class 10,000 clean room . This new stem cell laboratory will process and multiply stem cell populations ; with defined methods for differentiation of stem cells into bone , lung and cardiac cells…Develop stem cell banks and cord blood bank , using the very newest cryogenic technology . Stem cell banking is the process by which cells taken from patients are stored ….ബ്ലാ ബ്ലാ ബ്ലാ…
സാന്‍ഡീഗോയിലെ പ്രശസ്തമായ Hotel Del Coronadoയുടെ ഫോട്ടോ അടിച്ചുമാറ്റി (സ്ക്രീന്‍ ഷോട്ട് നോക്കുക) കൊറൊണാഡോ സ്റ്റെം സെല്‍ സെന്റര്‍ എന്ന പേരുമിട്ട് അവതരിപ്പിച്ചിരിക്കുന്ന ബുദ്ധിക്ക് ഒരു നോബല്‍ പ്രൈസ് കൊടുക്കണ്ടേ സുഹൃത്തുക്കളേ ?

ഈ പേജില്‍ കാണുന്ന ഗവേഷകരുടെ പടമൊക്കെ വേറെ പലയിടത്തുമുള്ള പടങ്ങള്‍ ചൂണ്ടിയതാണ്. സ്റ്റെം സെല്‍ സെന്ററിന്റെ പടമെന്ന വ്യാജേന അതിന്റെ മൂട്ടില്‍ കൊടുത്തിരിക്കുന്ന ഫോട്ടോയാകട്ടെ ചൈനയിലെ Nanshan Hospitalന്റെ പടം അടിച്ചുമാറ്റിയതും ! (സ്ക്രീന്‍ ഷോട്ട് കാണുക)

ഈ ഡിങ്കിരിഡിങ്കോള്‍ഫികള്‍ കൊണ്ട് നാട്ടാരെ പറ്റിക്കുന്നതും പോരാഞ്ഞിട്ട് അരുണ്‍ കുമാര്‍ ഡാക്കിട്ടര് അത് വൈവാഹിക പംക്തിയില്‍ ഒരു “ക്രെഡിറ്റ്” ആക്കി ഇട്ടിട്ടുമുണ്ട് !! (സ്ക്രീന്‍ ഷോട്ട്)

ആട്ടക്കലാശം

തമാശയൊക്കെ വിട്ടിട്ട് കാര്യം സീരിയസായി പറയാം. ഇല്ലാത്ത ടെക്നോളജിയും പൊള്ള അവകാശവാദങ്ങളും ശൂന്യതയില്‍ നിന്നും വരുന്ന ബിരുദങ്ങളുമൊന്നുമല്ല നാം ഭയക്കേണ്ടത്. ദാ കൗമുദിയെ പോലുള്ള പത്രങ്ങള്‍ മുന്‍പിന്‍ നോക്കാതെ ഇന്റര്‍വ്യൂവും പെട്ടിക്കോളം ന്യൂസും വഴി പ്രമോട്ട് ചെയ്യുന്ന ഇത്തരം വാര്‍ത്തയെയാണ്
DESCRETE FRACTAL ECG: PRECURSOR OF ”NANO ECG” the scientific prototype of descrete fractal ecg was presented video in the press. DEVISED BY doctor brothers . DR. B.N SURESH, DIRECTOR, IIST (INDIAN INSTITUTE OF SPACE TECHNOLOGY), MEMBER SPACE COMMISION, GOVT OF INDIA. DR YESODHARAN, ADVISOR TO GOVT OF KERALA, SCIENCE & TECHNOLOGY, DR VIJAYARAGHAVAN, SR .CARDIOLOGIST were present. the press meeting was held in trivandrum PRESS CLUB ON 5/4/08. DOCTOR BROTHERS WERE PRESENT. Engineer RAJMOHAN & Mr BABY were also present.

Discrete ന്റെ സ്പെല്ലിംഗ് പോലുമറിയാത്ത ആനമണ്ടന്മാര്‍ പറയുന്നത് കേട്ട് ചാടിയിറങ്ങും മുന്‍പ് Fractal എന്താണെന്നോ Discrete Fractal എന്ത് പിണ്ണാക്കാണെന്നോ, അതിനു ഹൃദയവിദ്യുത് താളമളക്കുന്ന ഇ.സി.ജിയില്‍ എന്തു കാര്യമെന്നോ ഒന്നും ചോദിക്കാതെയുള്ള, അന്വേഷിക്കാതെയുള്ള, “വിവരക്കേടിന്റെ ഹിമാലയ സാനുവിലിരുന്നു കൊണ്ടുള്ള” പത്രപ്രവര്‍ത്തനം ! മുകളിലെ കൗമുദി ഇന്റര്‍വ്യൂവിന്റെ ഒരു കഷ്ണം ഹൈലൈറ്റ് ചെയ്ത ഈ ചിത്രം നോക്കുക.

… എന്ന് മാത്രമോ ? താന്താങ്ങളുടെ രംഗത്ത് വിദഗ്ധരെന്ന് നാം കരുതുന്ന അനേകം പ്രശസ്തരുടെ (ബി.എന്‍ സുരേഷ്, എം.വി.ജി.പിള്ള, വിജയരാഘവന്‍ സാറ്) പേരുകള്‍ കൂടി ഇവര്‍ തങ്ങളുടെ വെളിവില്ലായ്മയ്ക്ക് കുടയായി ഉപയോഗിക്കുന്നുണ്ട്. പത്രത്തിലൊക്കെ ഇത് കൊടുക്കുമ്പോഴെങ്കിലും ഒന്ന് അവരെ വിളിച്ച്, ഇത് ചക്കപ്പുഴുക്കാണോ മരച്ചീനീടെ മൂടാണോ എന്ന് ചോദിക്കാനുള്ള ബാധ്യതയുണ്ട്, പത്രത്തിന്. വിശേഷിച്ച് മൂന്നു കൊല്ലം മുന്‍പ് ഒരു വന്‍ തട്ടിപ്പിന് കളമൊരുങ്ങിയ അതേ വിഷയമായതുകൊണ്ട്.
________________________________
പിന്‍ വിളി

മൂന്നു വര്‍ഷം കഴിഞ്ഞ് ഇപ്പോള്‍ വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്ന ഈ അണ്ണന്മാരെ കുറിച്ച് നാട്ടിലെ മറ്റ് മലയാളം/ഇംഗ്ലീഷ് പത്രങ്ങളില്‍ പുതിയ വാര്‍ത്തകള്‍ വന്നിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല. അതേക്കുറിച്ച് വിശദമായി അറിയാവുന്നവര്‍ ലിങ്കോ വാര്‍ത്തയോ അയച്ചുതന്നാല്‍ ഉപകാരം. ഈ കള്ളത്തരത്തെപ്പറ്റി നാട്ടിലെ പത്രപ്രവര്‍ത്തകരെ ബോധവാന്മാരാക്കേണ്ടതും ആവശ്യമാണ്. ഏതെങ്കിലും ഗവേഷണവാര്‍ത്ത കണ്ട് മലയാളിയുടേതെന്ന് പറഞ്ഞ് ആവേശം പൂണ്ടിറങ്ങും മുന്‍പ് റെഫറന്‍സുകളും, സാങ്കേതിക വിശദാംശങ്ങളും എഡിറ്റര്‍മാര്‍ അന്വേഷിക്കേണ്ടതുണ്ട്.ബ്ലോഗിലെ പത്ര പ്രവര്‍ത്തക സുഹൃത്തുക്കള്‍ – വിശേഷിച്ച് ശാസ്ത്ര ഡെസ്കുകളില്‍ ഉള്ളവര്‍ – ശ്രദ്ധിക്കുമല്ലോ.

———————————————

എഡിറ്റ് (5.01.2008) :

ലണ്ടന്‍ യൂണിവേഴ്സിറ്റി കൂടി ചേര്‍ന്നാണു ഓണററി പി.എച് ഡി നല്‍കിയതെന്നാണു കൗമുദി വാര്‍ത്തയില്‍ അവകാശപ്പെട്ടിരുന്നത്. അങ്ങനൊരു പി.എച്.ഡി നല്‍കിയിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഇ-മെയില്‍ ലണ്ടന്‍ യൂണിവേഴ്സിറ്റി Programme Information Officer ഡിസംബര്‍ 22 നു അറിയിച്ചിട്ടുണ്ട്. ആ ഇ-മെയില്‍ വിനിമയം നടത്തിയ ഒരു അമേരിക്കന്‍ മലയാളി ഡോകടര്‍ ആ ഇമെയിലുകള്‍ ഫോര്വേഡ് ചെയ്തു തന്നിട്ടുണ്ട്.

കുടിയന്മാരേ ഇതിലേ ഇതിലേ… നവംബര്‍ 15, 2008

ഈ ബ്ലോഗ് തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. വായിച്ചും പ്രോത്സാഹിപ്പിച്ചും ഈമെയിലുകളയച്ച് രോഗവിവരങ്ങള്‍ പങ്കുവച്ചും സംശയങ്ങള്‍ ചോദിച്ചും തെറ്റ് ചൂണ്ടിക്കാട്ടിയും തിരുത്തിയും അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തും അത്യാവശ്യം പള്ള് വിളിച്ചും സഹകരിച്ചവര്‍ക്കൊക്കെ ബ്ലോഗിലെ പതിവ് ചടങ്ങനുസരിച്ച് നന്ദി പറയണമെന്നുണ്ട് സത്യത്തില്‍. പക്ഷേ ഒന്നോര്‍ത്താല്‍ ബ്ലോഗെഴുത്ത് ഒന്നാന്തരമൊരു സ്വയം ഭോഗമാണ് – ബൌദ്ധിക സ്വയംഭോഗം . അവനവന്റെ രസത്തിന് അവനവന്റെ സമയം മെനക്കെട്ത്തി അവനവനു തോന്നുന്നത് അവനവനറിയാവുന്ന ചേലിക്ക് എഴുതുന്നു. ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടുന്നുണ്ടെങ്കില്‍, ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, ഓ സന്തോഷം. ഇല്ലെങ്കില്‍ കുന്തം. അത്ര തന്നെ. അപ്പോ നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ ? ങ്ഹാ എന്തരോ വരട്ട് ! എഴുതാന്‍ സമയമുള്ള കാലമത്രയും എഴുതും. കുറേകഴിയുമ്പം മറ്റ് പല മെഡിക്കല്‍ ബ്ലോഗുകളെപ്പോലെ ഇതും പൂട്ടും. ഇതിലെ പോസ്റ്റുകള്‍ മൂലം ആര്‍ക്കെങ്കിലും വ്യക്തിപരമായ വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു . ഒള്ളകാലമത്രേം ജ്വാളിയാക്കട്ട് …. അപ്പ ശരി, ങ്ങള് ഇതെന്തര് നോക്കി നിക്കണത് ? പ്വോസ്റ്റുകള് വായീരെന്ന് .

വായിലും അന്നനാളത്തിലും തൊണ്ടയിലും കരളിലും മുലയിലും ക്യാന്‍സറുകള്‍, ആമാശയത്തില്‍ അള്‍സറ്,കരള്‍വീക്കം, ഡിപ്രഷന്‍, അപസ്മാരം, മദ്യത്തിനടിമയാവല്‍,രക്താതിസമ്മര്‍ദ്ദം, ധമനീ സംബന്ധിയായ ഹൃദ്രോഗം, പക്ഷാഘാതം….മനോഹരമായ ഈ ലിസ്റ്റ് മദ്യപാനവുമായി ശക്തമായ കാര്യകാരണ ബന്ധമുള്ളതെന്ന് പഠനങ്ങള്‍ ഉറപ്പിച്ച രോഗങ്ങളുടേതാണ്. വേറെ പത്തുനാല്പതെണ്ണം സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിലിരിക്കുന്നു. മദ്യം മൂലമുള്ള അസുഖം കാരണം നേരിട്ടോ അക്രമസംഭവങ്ങളില്‍ പരോക്ഷമായോ വര്‍ഷം തോറും 20 ലക്ഷം ആളുകള്‍ പരലോകം പൂകുന്നു. ഇന്ത്യയിലെ കഥ നോക്കിയാല്‍ റോഡപകടങ്ങളില്‍ 25%വും മസ്തിഷ്കക്ഷതങ്ങളില്‍ 20%വും, മാനസികരോഗങ്ങളില്‍ 17%വും മദ്യപാനവുമായിബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്…

അടിച്ച് കോണ്‍ തിരിഞ്ഞ് വീട്ടില്‍ വന്ന് പെണ്ണുമ്പിള്ളയെ എടുത്തിട്ട് വീക്കുന്നവര്‍ ഉയര്‍ത്തുന്ന ചിരി മാഞ്ഞ് പോകാന്‍ ഇത്രയൊക്കെ കേട്ടാല്‍ പോരേ.

ബ്രാന്റേതായാലും പൂസായാല്‍ മതി

ഥില്‍ ആല്‍ക്കഹോള്‍ (Ethyl Alcohol, ഈതൈല്‍ എന്നത് തെറ്റായ ഉച്ചാരണം) അഥവാ എഥനോള്‍ ആണ് കുടിക്കാനുപയോഗിക്കുന്ന മദ്യത്തിന്റെ വീര്യദാതാവ്. ബിയറും വീഞ്ഞും പോലെ വീര്യം കുറഞ്ഞ മദ്യങ്ങള്‍ നമ്മുടെ ‘വാറ്റ്’ ഗണത്തില്‍ സാധാരണ പെടാറില്ല. 4 – 8% എഥനോള്‍ ഉള്ള ബിയറും 11 – 15% ഉള്ള വീഞ്ഞും, വീഞ്ഞിന്റെ കാര്‍ബണേറ്റഡ് രൂപമായ ഷാമ്പെയ്നുമെല്ലാം വലിയ അളവുകളില്‍ അടിക്കാത്തിടത്തോളം താരതമ്യേന നിരുപദ്രവകാരികളാണ്. സ്പിരിറ്റ്സ്, അഥവാ വാറ്റ് മദ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ‘യഥാര്‍ത്ഥ’ വീരന്മാരാണ് പൊതുവേ നമ്മുടെ ഉപാസനാമൂര്‍ത്തികള്‍ .

മുന്തിരിവാറ്റിയതാണ് സാദാ ബ്രാന്റി (Brandy). അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് വാറ്റുകഴിയുമ്പോള്‍ ആകാവുന്ന ആല്‍ക്കഹോള്‍ കണ്ടെന്റ് പരമാവധി 50%വും ഏറ്റവും ചുരുങ്ങിയത് 36%വും. കരിമ്പും ചക്കരയും വാറ്റി റം (Rum) ഉണ്ടാക്കുന്നു. നമ്മുടെ സാദാ വൈറ്റ് റമ്മിന് 40% ആല്‍ക്കഹോള്‍ കണ്ടെന്റെ ഉള്ളൂ. ഓവര്‍ പ്രൂഫ്ഡ് റം എന്നപേരില്‍ കിട്ടുന്നതില്‍ അതിന്റെയിരട്ടി ആല്‍ക്കഹോളു കാണും.(അമേരിക്കയിലും മറ്റും പ്രൂഫ് കണക്കിനാണ് ആല്‍കഹോള്‍ അളവ് പറയുക: 80 പ്രൂഫ് എന്നുവച്ചാല്‍ 40%)
വിസ്കി (Whisky)യാണ് സലീംകുമാറ് പറയുമ്പോലെ ശരിക്കും “ബാറിലെ വെള്ളം” – എന്നുച്ചാ ‘ബാര്‍ളി’ വാറ്റിയത് 🙂 ശരിക്കുള്ള സ്കോട്ട്ലന്റുകാരന്റെ പരമ്പരാഗത വിസ്കിയാണ് സ്കോച്ച്; മരഭരണിയില്‍ 3 – 4 കൊല്ലം വച്ച് പഴക്കിയത്. അമേരിക്കയില്‍ ഇത് ചോളത്തില്‍ നിന്നു വാറ്റാറുണ്ട്. ഇന്ത്യയില്‍ കിട്ടുന്നത് ചക്കരയില്‍ നിന്ന് വാറ്റിയ സാധനം തന്നെ. (അതിനു സ്കോച്ചെന്ന് പേരെങ്കിലും സാങ്കേതികമായി അതും റമ്മാണ്.)
വോഡ്ക (Vodka) യാകട്ടെ പ്രധാനമായും ഗോതമ്പു വാറ്റിയതാണ് . ഉരുളക്കിഴങ്ങും മുന്‍പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആല്‍ക്കഹോള്‍ കണ്ടെന്റ് പരമ്പരാഗതമായി കൂടുതലാണ് ഇതില്‍ – 50-52% വരെ സാധാരണകിട്ടും. പ്രൊപ്പനോളും ബ്യൂട്ടനോളും ഫര്‍ഫ്യൂറാലുകളുമൊന്നുമില്ലാത്ത പരുവം വരെ വാറ്റുന്നതിനാല്‍ “കള്ളിന്റെ” ആ ടിപ്പിക്കല്‍ മണം വോഡ്കയ്ക്ക് ഉണ്ടാവില്ല. നമ്മുടെ നാട്ടില്‍ ഇതിനെല്ലാം 40% എന്ന ഒറ്റ അളവിലേ കിട്ടൂ. (സായിപ്പ് പല തരം അളവില്‍ ഉണ്ടാക്കുന്നുണ്ട്)
യേക്ച്വലി സ്പീക്കിംഗ്, മദ്യം എവിടുന്നു വാറ്റുന്നു എന്നതിനേക്കാള്‍ എത്രയാണ് ആല്‍ക്കഹോള്‍ കണ്ടെന്റ് എന്നതിലാണ് വീര്യവും, ശാരീരിക പ്രതികരണങ്ങളും ഇരിക്കുന്നത്. അതായത് ബ്രാന്റേതായാലും ‘കിക്ക്’ കിട്ടണത് ‘പിടിപ്പിക്കണ’ റേറ്റനുസരിച്ചിരിക്കുമെന്ന്. എന്നാല്‍ വാറ്റിയെടുക്കുന്ന വസ്തുവിലടങ്ങിയ രാസവസ്തുക്കള്‍ – ഫര്‍ഫ്യൂറാലുകള്‍ , പ്രൊപ്പനോള്‍ തുടങ്ങിയവ – കാരണം സ്വാദും ലഹരിയും അല്പാല്പം വ്യത്യാസപ്പെടാറുണ്ട്.

അയ്യപ്പന്‍ വിളക്ക്, വാള്, പിന്നെ പാമ്പുകളും

ല്‍ക്കഹോള്‍ ശരീരത്തില്‍ ചെന്നാല്‍ കരളിലെ ഒരു രാസത്വരകമുണ്ട് (എന്‍സൈം)- ആല്‍ക്കഹോള്‍ ഡീഹൈഡ്രജെനേയ്സ് – ഓന്‍ കേറി ഇതിനെ ഓക്സീകരിച്ച് ആല്‍ഡിഹൈഡ് ആക്കും. തലക്കറക്കവും ഛര്‍ദ്ദിയുമൊക്കെ ഉണ്ടാക്കുന്നത് ആല്‍ഡിഹൈഡ് ആണ് . ഈ ആല്‍ഡിഹൈഡ് പിന്നെ ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന വേറൊരു എന്‍സൈമിന്റെ പ്രഭാവത്താല്‍ രണ്ടാമതൊരു ഓക്സീകരണം കൂടി നടന്ന്‍ അസെറ്റിക് ആസിഡാകും. ഇവന്‍ സാമാന്യേന പാവമാണ് – കരളിലിത് വേഗത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവുമായി പിരിഞ്ഞ് പൊയ്ക്കോളും.

മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന ആല്‍ക്കഹോള്‍ (എഥനോള്‍ ) രക്തത്തില്‍ എത്ര നേരം രൂപാന്തരമില്ലാതെ അങ്ങനെതന്നെ കിടക്കുന്നോ അതനുസരിച്ചിരിക്കും ഇതിന്റെ ഇഫക്റ്റുകളും. മദ്യത്തോടൊപ്പം ആഹാരം കൂടി കഴിക്കുമ്പോള്‍ നാം ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് ആല്‍ക്കഹോള്‍ ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നു. അപ്പോള്‍ മദ്യം തലയ്ക്ക് പിടിക്കുന്നതിന്റെ വേഗവും കുറയുന്നു.

രക്തത്തിലേക്ക് കലരുന്ന ആല്‍ക്കഹോള്‍ തലച്ചോറിലും മറ്റുഭാഗങ്ങളിലുമുള്ള നാഡീകോശങ്ങളിലെ ചില സ്വീകരിണികളെ ഉത്തേജിതരാക്കുകയോ നിസ്തേജരാക്കുകയോ ചെയ്താണ് “കിക്ക്” ഉണ്ടാക്കുക. തലച്ചോറിലെ മദ്യത്തിന്റെ പ്രവര്‍ത്തനം മറ്റു പല ‘മയക്കു’മരുന്നുകളേയും പോലെ സങ്കീര്‍ണ്ണമാണെങ്കിലും ചില പൊതു നിരീക്ഷണങ്ങള്‍ താഴെ പറയുന്നു:
ഗാമാ അമിനോ ബ്യൂട്ടിരിക് ആസിഡ് എന്ന നാഡീരസം കേറി വിളയാടുന്ന ഒരു സ്വീകരിണിയുണ്ട്: GABA receptor എന്ന് ചുരുക്കപ്പേര്. നമ്മുടെ മസ്തിഷ്കപ്രതികരണങ്ങളെ മന്ദീഭവിപ്പിക്കുന്ന നാഡികളിലാണ് (inhibitory) ഈ സ്വീകരിണികള്‍ പൊതുവെ കാണുന്നത് . പ്രധാന ജോലിയും ഈ “മന്ദീഭവിപ്പിക്കല്‍” തന്നെ. മദ്യത്തിലെ എഥനോള്‍ GABA സ്വീകരിണികളെ ഉത്തേജിപ്പിക്കുക വഴി, അവയുടെ ‘മന്ദീഭവിപ്പിക്ക’ലിന് ആക്കം കൂട്ടുന്നു. ചെറിയതോതിലുള്ള മയക്കം ഇതിന്റെ ഒരു ഫലമാണെങ്കിലും ആകാംക്ഷയെയും മാനസിക പിരിമുറുക്കത്തെയും കുറയ്ക്കാനും ഇതേ സ്വീകരിണികളുടെ ത്വരിതപ്രവര്‍ത്തനം തന്നെ കാരണമാകുന്നു. ഇതിന്റെ മറ്റൊരു പാര്‍ശ്വഫലം, വികാരങ്ങളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കാനുള്ള കഴിവിനെക്കൂടി തടയുമെന്നതാണ്. ‘കനത്ത’ വെള്ളമടി സമയത്തും അതിനു ശേഷവുമുള്ള ഓര്‍മ്മകള്‍ മസ്തിഷ്കത്തില്‍ പലപ്പോഴും ഉറയ്ക്കാതെ മാഞ്ഞു പോകാനുള്ള ഒരു കാരണവും ഗാബാ വഴിയുള്ള മന്ദീഭവിക്കല്‍ തന്നെ.

മറ്റൊരു വിഭാഗം നാഡീരസങ്ങളായ ഗ്ലൂട്ടമേയ്റ്റുകളും അസ്പാര്‍ട്ടേയ്റ്റുകളും പ്രതിപ്രവര്‍ത്തിക്കുന്ന NMDA(എന്‍ മെഥൈല്‍ ഡി- അസ്പാര്‍ട്ടേയ്റ്റ്) സ്വീകരിണികളാണ് മദ്യത്തിന്റെ മറ്റൊരു ലക്ഷ്യം. ഈ സ്വീകരിണികള്‍ മസ്തിഷ്കത്തിന്റെ “ഉത്തേജക” സിഗ്നലുകള്‍ക്കായുള്ളവയാണ്. ഇതിനെ ആല്‍ക്കഹോള്‍ തടയുമ്പോള്‍ മുകളില്‍ പറഞ്ഞ “മന്ദത”യ്ക്ക് ആക്കം കൂടുന്നു.
തലച്ചോറിന്റെ വികാരക്ഷേത്രമായ അമിഗ്ഡാലയും, സമീപസ്ഥമായ ന്യൂക്ലിയസ് അക്യുംബെന്‍സ്, വെണ്ട്രല്‍ ടെഗ്മെന്റല്‍ ഏരിയ, ഹൈപ്പോതലാമസിന്റെ പാര്‍ശ്വഭാഗങ്ങള്‍, ഹിപ്പോകാമ്പസ്, എന്നിവയും അടങ്ങുന്ന “മീസോ കോര്‍ട്ടിക്കോ ലിംബിക് ഡോപ്പമീന്‍ സിസ്റ്റം” എന്ന ഒരു ഭാഗം മയക്കുമരുന്നിന്റെ ഇഫക്റ്റുകള്‍ പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. ഡോപ്പമീന്‍‍, സീറട്ടോണിന്‍, ഗാബാ, ഗ്ലൂട്ടമേയ്റ്റ് എന്നീ നാലു നാഡീരസങ്ങളാണ് ഈ ഭാഗങ്ങളില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മയക്കു മരുന്നോ മദ്യമോ പോലെ അഡിക്ഷന്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഈ ഭാഗത്തെ അതിസങ്കീര്‍ണ്ണമായ ചില നാഡീ സിഗ്നല്‍ വ്യൂഹങ്ങള്‍ മൂലം ആ അനുഭവം അതുപയോഗിക്കുന്നയാളില്‍ ഒരു ‘അനുഭൂതി’യായി രേഖപ്പെടുത്തുന്നു. മസ്തിഷ്കത്തിന്റെ അന്തരാളങ്ങളിലുള്ള ന്യൂക്ലിയസ് അക്യുംബെന്‍സ് എന്ന ഭാഗമാണ് ഈ “പരമാനന്ദ”ത്തിന്റെ പ്രധാന ഉദ്ഭവം. ഓരോ വട്ടവും മദ്യമോ മരുന്നോ ഉപയോഗിക്കുമ്പോഴും ഈ നാഡീശൃംഖല ഉത്തേജിതമാകുകയും സുഖാനുഭവത്തോടൊപ്പം ഭാവിയില്‍ ആ മരുന്ന് അല്ലെങ്കില്‍ മദ്യം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ താല്പര്യവുമുളവാക്കുന്നു. മദ്യത്തെ സംബന്ധിച്ചിടത്തോളം ഗാബാ സ്വീകരിണികളും എന്‍.എം.ഡി.ഏ (ഗ്ലൂട്ടമേയ്റ്റ്) സ്വീകരിണികളുമാണ് ഇതിനു മുന്‍ കൈ എടുക്കാറ്. ഡൈഗ്രഷന്‍ : ആത്മീയമെന്ന് പറയുന്ന വഴികളിലൂടെയും ഹിപ്നോസിസിലെ ഓട്ടോ സജഷന്‍ വഴിയുമൊക്കെ ‘ലഹരിസമാനമായ ആനന്ദം’ ഉണ്ടാക്കുന്നതും ഈ നാഡീ വ്യൂഹങ്ങളാണ് എന്നൊരു നിരീക്ഷണമുണ്ട്.

ചില മനുഷ്യരില്‍ ആല്‍ക്കഹോളിനെ ‘ദഹിപ്പിക്കുന്ന’ ഈ എന്‍സൈമുകള്‍ രണ്ടും (ആല്‍ക്കഹോള്‍ ഡീഹൈഡ്രജിനേയ്സും ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സും) പെട്ടെന്ന് പ്രവര്‍ത്തിച്ചുതുടങ്ങും; ആല്‍ക്കഹോള്‍ വേഗം ആല്‍ഡിഹൈഡ് ആയി മാറ്റപ്പെടുന്നു. ആല്‍ഡിഹൈഡ് വേഗം ആസിഡും ആക്കപ്പെടുന്നു. അപ്പോ ആല്‍ക്കഹോളിന്റെ അളവ് ശരീരത്തില്‍ വേഗം കുറയും. ആല്‍ക്കഹോള്‍ തലച്ചോറില്‍ നടത്തുന്ന ചില ചുറ്റിക്കളികളും കുറയുന്നു. ഇങ്ങനെയുള്ളവര്‍ക്ക് കിക്കാവുന്നതും മെല്ലെ, മെല്ലെ. ഇത് എന്‍സൈമിന്റെ പ്രശ്നം കൊണ്ടുമാത്രമല്ല, ശരീരഭാരം കൂടിയാലും ഉണ്ടാവാം. രക്തവും ശരീരത്തിലെ ഉയര്‍ന്ന ജലാംശവും ചേര്‍ന്ന് മദ്യത്തിന്റെ പ്രഭാവം കുറയ്ക്കുന്നു. അങ്ങനെയുള്ളവരാണ് “ടാങ്കുകള്‍ ” . കുപ്പിക്കണക്കിനു ചെലുത്തിയാല്‍ മാത്രം ‘പ്രയോജനം’ കിട്ടുന്നവര്‍ . ഇത്തരക്കാര്‍ അമിതമദ്യപാനത്തിലേക്ക് വീഴാനും സാധ്യതയുണ്ട്.

ആദ്യം പറഞ്ഞ – മദ്യത്തെ ആല്‍ഡിഹൈഡാക്കുന്ന എന്‍സൈം – ആണ് വേഗം പ്രവര്‍ത്തിക്കുന്നതെങ്കിലോ. ആല്‍ഡിഹൈഡ് ശരീരത്തില്‍ വേഗം അടിഞ്ഞുകൂടും. ഇതിനൊത്ത വേഗത്തില്‍ ഈ ആല്‍ഡിഹൈഡിനെ ദഹിപ്പിച്ച് ആസിഡാക്കുന്ന എന്‍സൈം പ്രവര്‍ത്തിക്കാതാകുമ്പോള്‍ ആല്‍ഡിഹൈഡ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ളവരാണ് രണ്ടാമത്തെ പെഗ്ഗിനു വാളു വയ്ക്കുന്ന “പൊതുവാള്‍സ്”. തലക്കനം, മന്ദത മുടിഞ്ഞ തലവേദന എന്നിവ അടുത്ത ദിവസം കാലത്തെഴുന്നേല്‍ക്കുമ്പോഴും തോന്നുന്നതും പൊതുവേ ഇതാണ് കാരണം. പൊതുവാള്‍സിന് സാധാരണ മദ്യം അധികം കഴിക്കാന്‍ പറ്റില്ല – പ്രകൃത്യാ തന്നെ മദ്യപാനശീലത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടവരാണിവര്‍ എന്നും പറയാം. ഇതിന് കാരണമാകുന്ന ജീനുകള്‍ ലഹരിവിരുദ്ധ മരുന്നുകള്‍ ഗവേഷിക്കുന്ന ശാസ്ത്രജ്ഞര്‍ തപ്പുന്നുണ്ട്.

മദ്യം ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങളായ സെറിബെല്ലത്തെയും ചെവിക്കുള്ളിലെ ‘സെമിസര്‍ക്കുലര്‍ കനാലു’കളെയും ബാധിക്കുമ്പോഴാണ് ആടിക്കുഴച്ചിലും തലക്കറക്കവും വരുന്നത്. കാഴ്ച നിര്‍ണ്ണയിക്കുന്ന മസ്തിഷ്ക ഭാഗങ്ങളിലാകട്ടെ ഊര്‍ജ്ജോല്‍പ്പാദനപ്രക്രിയ തകരാറിലാവുന്നു: ഫലം, കാഴ്ചമങ്ങല്‍ . വ്യാജമദ്യമടിച്ച് കണ്ണു പോകുന്നത് ഏറ്റവും താഴെയായി വിശദീകരിച്ചിട്ടുണ്ട്.

കിണ്ടി…പാമ്പ്…പടം…ബുദ്ധന്‍

ദ്യശാസ്ത്ര(?)പ്രകാരം ഒരു ശരാശരി ഡ്രിങ്കിന്റെ Alcohol Equivalence ആണ് അപ്പോള്‍ കിക്ക് നിശ്ചയിക്കുന്നത്. ഒരു ശരാശരി ഡ്രിങ്ക് എന്നാല്‍ 0.6 ഔണ്‍സ് ആല്‍ക്കഹോള്‍ അടങ്ങിയത് എന്നര്‍ത്ഥം. അതായത് അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവു വച്ചു നോക്കുമ്പോള്‍ 5 ഔണ്‍സ് വൈന്‍ = 12 ഔണ്‍സ് ബിയര്‍ (ഒരു സാദാ ക്യാന്‍/കുപ്പി) = 1.5 ഔണ്‍സ് വാറ്റ് മദ്യം (വിസ്കി/റം /ബ്രാന്റി ആദിയായവ) എന്നാണ് കണക്ക്. ഏകദേശം ഒരു മണിക്കൂറില്‍ കാല്‍ ഔണ്‍സ് എന്ന തോതിലാണ് ആല്‍ക്കഹോളിനെ ശരീരം ദഹിപ്പിക്കുന്നത് എന്നു കൂടി മനസിലാക്കണം. ഈ കണക്ക് ഓര്‍ത്തിരുന്നാല്‍ വീശുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ വയ്ക്കാം.

അടിക്കുന്നവന്റെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് – ബ്ലഡ് ആല്‍ക്കഹോള്‍ കോണ്‍സന്റ്രേയ്ഷന്‍ – ആണ് തണ്ണിയടിയുടെ പലവിധ ഇഫക്റ്റുകളെ നിശ്ചയിക്കുന്നത്. അടിക്കുന്ന സാധനത്തിന്റെ ആല്‍ക്കഹോള്‍ അളവല്ല. അതിനാല്‍ത്തന്നെ മദ്യപന്റെ ശരീരത്തൂക്കം ലിംഗവ്യത്യാസം, അടിച്ച സാധനം, അതിന്റെ അളവ്, എത്രമണിക്കൂറിനുള്ളിലാണ് അത്രയും കഴിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 70 കിലോ തൂക്കമുള്ള പുരുഷന്‍ ഒരു മണിക്കൂറിനുള്ളില്‍ 3 ഡ്രിങ്ക് വിസ്കി അകത്താക്കിയെന്നിരിക്കട്ടെ, അയാളുടെ 100 മില്ലി രക്തത്തിലെ അപ്പോഴത്തെ ആല്‍ക്കഹോള്‍ നില ഏതാണ്ട് 0.06 ഗ്രാം ആയിരിക്കും. അതായത് 0.06%. (സ്ത്രീകളില്‍ അല്പം വ്യത്യസ്തമായ തോതിലാണ് മദ്യം ദഹിക്കുന്നത്. )

0.12% ത്തില്‍ താഴെയാണ് ആല്‍ക്കഹോള്‍ ലെവലെങ്കില്‍ ആദ്യഘട്ടത്തിലെ “പിരുപിരുപ്പും”, ആനന്ദവും പിന്നെ വാചകമടിയും പൊട്ടിച്ചിരിയും, ഒരിത്തിരി കുഴച്ചിലും ഒക്കെ ഉണ്ടാവുന്നു. ഈ പരുവത്തില്‍ അടി നിര്‍ത്തുന്നതാണ് സാമൂഹികാരോഗ്യത്തിനു നല്ലത് 😉 0.1% ല്‍ താഴെ നിര്‍ത്തിയാല്‍ ആടിക്കുഴയുന്ന പരുവത്തിലെങ്കിലും പോരാം . ഇത് മൂത്ത് മൂത്ത് 0.30%-0.40% വരെയൊക്കെ പോയാല്‍ – ആഹാ… അവനെയല്ലോ നാം “പാമ്പ്” എന്നു വിളിക്കുക. സ്വര്‍ഗ്ഗരാജ്യം അവനുള്ളതാകുന്നു…!

വീശലും ശാരീരിക പ്രതികരണങ്ങളും :ചിത്രം ക്ലിക്കി വലുതാക്കി കാണുക

ഈ ശതമാനക്കണക്കൊന്നും നോക്കി വെള്ളമടിക്കാന്‍ ആരെക്കൊണ്ടുമാവില്ല. അതുകൊണ്ട് ശാരീരിക പ്രതികരണങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ അവനവന്‍ തന്നെ നിരീക്ഷിക്കുകയും പരിധി സൂക്ഷിക്കുകയും ചെയ്താല്‍ നല്ലത് എന്നേ പറയാനാവൂ (ചില ‘ടിപ്പുകള്‍ ’ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ളത് നോക്കുക). US National Institute on Alcohol Abuse and Alcoholism-ന്റെ നിരീക്ഷണത്തില്‍ മിതമായ വെള്ളമടി എന്നാല്‍ പ്രതി ദിനം 2 ഡ്രിങ്കില്‍ താഴെ എന്നതാണ്. പരിധിവിട്ടുള്ള “കിണ്ടിയാവല്‍ എന്നാല്‍ 2 മണിക്കൂറിനുള്ളില്‍ 5 ഡ്രിങ്ക് (വാറ്റ് മദ്യം) എന്ന തോതിലുള്ള വീശലും. (സ്ത്രീകളില്‍ 4 ഡ്രിങ്ക്)

‘ഹൃദയ’രാഗ രമണ ദു:ഖം

മിതമായ തോതില്‍ – എന്നൂച്ചാ പ്രതിദിനം 2 ഡ്രിങ്കില്‍ താഴെ – അടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറയുന്നു എന്ന് അനവധി പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ആദ്യം ഈ ഇഫക്റ്റ് തെളിയിക്കപ്പെട്ടത് വീഞ്ഞിലാണെങ്കിലും പിന്നീട് പലരാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളില്‍ ഈ മെച്ചം എല്ലാത്തരം മദ്യങ്ങളിലും ഉണ്ട് എന്ന് കണ്ടെത്തി. HDL എന്നുവിളിക്കുന്ന ‘ഉപകാരി’ കൊളസ്റ്റെറോള്‍ ‘മിതമദ്യപാനി’കളില്‍ വര്‍ദ്ധിക്കുന്നുണ്ട്. മാത്രവുമല്ല, ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയും, ധമനികള്‍ക്കുള്ളില്‍ കാലപ്പഴക്കം കൊണ്ടു വരുന്ന നീര്‍ക്കെട്ടുമൊക്കെ(inflammatory changes) മിതമായി മദ്യപിക്കുന്നവരില്‍ കുറവാണ്. രക്തക്കട്ട അലിയാനും മിതമായ അളവിലെ മദ്യം സഹായിക്കുമെന്നതിനാല്‍ ധമനികളിലെ രക്തക്കട്ട മൂലമുള്ള മസ്തിഷ്കാഘാത(സ്ട്രോക്ക്) സാധ്യതയും ഇവരില്‍ കുറവാണ് എന്നു കണ്ടിട്ടുണ്ട്.
ഇക്കാരണങ്ങളാലാവാം, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചില പഠനങ്ങളില്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച് മിതമായി മദ്യപിക്കുന്നവരില്‍ ധമനികളിലെ ബ്ലോക്ക് മൂലമുള്ള ഹൃദ്രോഗസാധ്യത 30%ത്തോളം കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പഠനങ്ങളെ വളച്ചൊടിക്കുന്ന വേന്ദ്രന്മാര്‍ എവിടെയും തക്കം പാര്‍ത്തിരുപ്പാണല്ലോ. ഇതുവരെ കുടിക്കാത്തവരോട് ഹൃദയാരോഗ്യത്തിനു വേണ്ടി മദ്യപാനം ആരംഭിക്കാന്‍ ഈ പഠനം നിര്‍ദ്ദേശിക്കുന്നു എന്ന് പറഞ്ഞ് ആഘോഷം തുടങ്ങാന്‍ വലിയ താമസമുണ്ടായില്ല.ഇപ്പോഴും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.

മിതമായ നിലയില്‍ മദ്യപാനം തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനും മിക്കവര്‍ക്കും പ്രായോഗികമായി കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതി ദിനം മൂന്ന് ഡ്രിങ്കോ അതിനു മേലോ വീശുന്നവരുടെ രക്ത സമ്മര്‍ദ്ദം ഒറ്റയാഴ്ച കൊണ്ട് 10mmHgയോളം ഉയരുന്നു. സിമ്പതെറ്റിക് നാഡികളില്‍ നിന്നുമുള്ള അഡ്രീനലിന്‍/നോര്‍ അഡ്രീനലിന്‍ ഉത്സര്‍ജ്ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. രക്താതിസമ്മര്‍ദ്ദത്തിനു കഴിക്കുന്ന മരുന്നു പോലും ഇത്തരക്കാരില്‍ ഫലപ്രദമായി മര്‍ദ്ദം നിയന്ത്രിക്കുന്നില്ല.
മിതമായ അളവിലും ഉയര്‍ന്ന സ്ഥിരം മദ്യപാനം ഹൃദയ പേശികളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് കുറച്ച് അവയെ തളര്‍ത്തുന്നു. കാര്‍ഡിയോ മയോപ്പതിയിലേക്കുള്ള വഴിയാണ് അത്.ഹൃദയ അറകളുടെ വീക്കം, ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കല്‍ , ഹൃദയതാളത്തില്‍ അകാരണമായി വരുന്ന പിഴവുകള്‍ ഇങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ വെള്ളമടികാരണം ഉണ്ടാവുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയറുതിക്ക് അടിച്ച് കിണ്ടിയാകുന്ന സംസ്കാരം കൂടുതലുള്ള രാജ്യങ്ങളില്‍ (ജര്‍മ്മനി, റഷ, സ്കോട്ട്ലന്റ്) വീക്കെന്റിനു ശേഷമുള്ള ദിവസങ്ങളില്‍ ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നു.

സാധാരണ ആരോഗ്യമുള്ള ഹൃദയത്തില്‍ മിതമായ അളവിലെ മദ്യം ചെയ്യുന്ന ഗുണങ്ങള്‍ ഹൃദ്രോഗമോ വര്‍ദ്ധിച്ച കൊളെസ്റ്റ്രോള്‍ നിലയോ പാരമ്പര്യമായുള്ളവരിലും ഹൃദയാഘാതം, ആഞ്ചൈന, ബ്ലോക്കുകള്‍ എന്നിവ ഉള്ളവരിലും ദോഷങ്ങളായാണ് ഭവിക്കാറ് എന്ന് പഠനങ്ങള്‍ പറയുന്നു. എല്ലായിടത്തോട്ടും രക്തം പമ്പുചെയ്യുന്നവനെങ്കിലും ഹൃദയത്തിനു അതിന്റെ പ്രവര്‍ത്തനത്തിനായി കിട്ടുന്ന രക്തം മറ്റ് അവയവങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ തീരെ കുറവാണ്. ഉള്ള രക്തത്തില്‍ നിന്ന് തന്നെ പരമാവധി (80%ത്തോളം!) പ്രാണവായു വലിച്ചെടുത്താണ് ഹൃദയം ഈ കളിയത്രയും കളിക്കുന്നത്. മേല്‍പറഞ്ഞ ഹൃദ്രോഗാവസ്ഥകളുള്ളവരില്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനു പ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്ന പ്രാണവായുവിന്റെ അളവ് കൂടുതലായിരിക്കും. മദ്യം കൂടെ ഉണ്ടെങ്കില്‍ ഈ അളവ് പിന്നെയും ഉയരുന്നു. സ്വതേ ദുര്‍ബല, ഇപ്പോ ഗര്‍ഭിണീം എന്നതാവും ഫലം!

ഈ സംഗതികളൊക്കെക്കൂടി കണക്കിലെടുക്കുമ്പോള്‍ നിലവില്‍ വെള്ളമടി ശീലമില്ലാത്തവര്‍ ഹൃദയാരോഗ്യത്തിനെന്നു പറഞ്ഞ് പുതുതായി വെള്ളമടി തുടങ്ങുന്നതിനെ ഒരു രീതിയിലും വൈദ്യശാസ്ത്രം ന്യായീകരിക്കുന്നില്ല.
മാത്രവുമല്ല
പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍, ഉയര്‍ന്ന കൊളസ്റ്റ്രോള്‍, മധുമേഹം(ഡയബീടിസ്), ഹൃദയബ്ലോക്കുകള്‍ എന്നിവ ഉള്ളവര്‍, ആഞ്ചിയോപ്ലാസ്റ്റി, വാല്‍വ് ശസ്ത്രക്രിയ, ഹൃദയം മാറ്റിവയ്ക്കല്‍ എന്നിവ കഴിഞ്ഞവര്‍, ഹൃദ്രോഗത്തിന് (Aspirin പോലുള്ള) മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരൊന്നും ഒരു അളവിലും മദ്യപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.

എരിയുന്നകരളേ… പുകയുന്ന ഞരമ്പേ… വരളുന്ന പോക്കറ്റേ

കരളിലാണ് ആല്‍ക്കഹോളിന്റെ ദഹനം പ്രധാനമായും നടക്കുന്നതെന്ന് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജത്തിന് വേണ്ടുന്ന ഗ്ലൂക്കോസിനെ ശേഖരിച്ചു വയ്ക്കുന്നതും കരളാണ്. കരളിലെ മദ്യത്തിന്റെ ദഹനപ്രക്രിയയില്‍ ഓക്സിജന്‍ വേഗം ഉപയോഗിച്ചു തീര്‍ക്കപ്പെടുന്നതു മൂലം കൊഴുപ്പിന്റെ കണികകളെ കരളിനു ശരിയാം വണ്ണം ദഹിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ ദഹിപ്പിക്കാനാവാതെ വരുന്ന കൊഴുപ്പ് എണ്ണത്തുള്ളികളായി കരള്‍ കോശങ്ങളിലടിയുമ്പോള്‍ ഫാറ്റീ ലിവര്‍ എന്ന അവസ്ഥയുണ്ടാകുന്നു.
കുടി നിര്‍ത്തുന്നവരില്‍ ഈ മാറ്റം കുറേശ്ശെയായി ശരിയായി വരുമെങ്കിലും സ്ഥിരം കുടിയന്മാരില്‍ ഇത് കരള്‍ വീക്കത്തിലേക്ക് പോകുന്നു (ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്). കരള്‍ കോശങ്ങള്‍ നശിക്കുകയും മുറിവുണങ്ങുമ്പോള്‍ ഉണ്ടാകുന്ന ‘പൊരിക്ക’ പോലുള്ള വസ്തു വന്ന് നിറയുകയും ചെയ്യുന്നതോടെ കരള്‍ ചുരുങ്ങി സിറോസിസ് എന്ന അവസ്ഥയിലാകുന്നു. കടുത്ത മഞ്ഞപ്പിത്തം, അന്നനാളത്തിലും ആമാശയത്തിലും രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കല്‍ എന്നിവ വന്ന് രോഗി മരണമടയുന്നു. കുടിയന്മാരില്‍ 20%ത്തോളം മരിക്കുന്നത് ഈ ഭീകരമായ അവസ്ഥയിലേക്ക് വഴുതിയാണ്.
ആഗ്നേയ ഗ്രന്ഥി (pancreas)നെയാണ് മദ്യം രൂക്ഷമായി ബാധിക്കുക.ആഗ്നേയഗ്രന്ഥിയുടെ നീരുവീക്കമായ പാന്‍ക്രിയാറ്റൈറ്റിസ് ആണ് മനുഷ്യനെ വേദനിപ്പിക്കുന്ന അസുഖങ്ങളില്‍ ഒന്നാമനെന്നാണ് വയ്പ്പ്. (പ്രസവവേദനയാണെന്നും ഒരു പക്ഷമുണ്ട് 😉 അതികഠിനമായ വയറ് വേദനയായിട്ടാണ് ഇത് വരുന്നത്. രൂക്ഷമായ ദഹനശേഷിയുള്ള രസങ്ങള്‍ പലതും അടങ്ങിയ ഒരു ചെപ്പാണ് ആഗ്നേയഗ്രന്ഥി. നീര്‍വീക്കം വരുന്നതോടെ ഈ ദഹനരസങ്ങള്‍ രക്തത്തിലേക്ക് ഒഴുകുന്നു, ശരീരത്തെ സ്വയം കാര്‍ന്നു തിന്നുന്ന അവസ്ഥ സംജാതമാകുന്നു. രക്തക്കുഴലോ മറ്റോ ഈ ദഹനരസത്തിന്റെ ഫലമായി ദ്രവിച്ചു പോയാല്‍ … സ്വാഹ!
ഞരമ്പുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനു വേണ്ടുന്ന ഒന്നാണ് ബി-വര്‍ഗ്ഗത്തിലുള്ള വൈറ്റമിനുകള്‍ . തയമീന്‍ (thiamine) ആണിതില്‍ മുഖ്യം. സ്ഥിരം കുടിയന്മാരില്‍ ആഹാരത്തിന്റെ കുറവിനാല്‍ ഈ ധാതു വേഗം കുറയുന്നു. സ്വാഭാവികമയും ഞരമ്പുകളുടെയും ചില മസ്തിഷ്കഭാഗങ്ങളുടെയും പ്രവര്‍ത്തന ശേഷി തകരാറിലാവുന്നു.
ഈ വക ഭീകരന്മാരുടെയൊക്കെ മേലെയാണ് മദ്യവും പുകവലി/മുറുക്കും ചേര്‍ന്നുണ്ടാക്കുന്ന ക്യാന്‍സര്‍ സാധ്യത. വായിലെയും തൊണ്ടയിലെയും അന്നനാളത്തിലെയും ആമാശയത്തിലെയും ചര്‍മ്മത്തെ സ്ഥിരമായ മദ്യവും പുകവലിയും ചേര്‍ന്ന് “ചൊറിയുന്നു”. ഈ irritation ക്യാന്‍സറിനു വഴിവയ്ക്കുകയും ചെയ്യുന്നു. മറ്റു പല ക്യാന്‍സറുകളുടെയും കാരകന്മാരിലൊന്ന് മദ്യമാണെങ്കിലും നേരിട്ടുള്ള ഒരു കാര്യ-കാരണബന്ധം പലതിലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍ മദ്യത്തില്‍ നിന്നുമുണ്ടാകുന്ന ഉപ-രാസവസ്തുക്കള്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് പഠനങ്ങളില്‍ വ്യക്തമാണ്.

‘അയ്യപ്പ’ബൈജുവിന്റെ ജാതകം

മിക്ക മാനസികരോഗങ്ങളേയും പോലെ മദ്യാസക്തിയും മനുഷ്യജനിതകത്തില്‍ വേരുകളുള്ള ഒരു രോഗാവസ്ഥയാണ്. സ്ഥിരം കുടിയന്മാരില്‍ ഏതാണ്ട് 10 – 15%ത്തോളം പേര്‍ മുഴുക്കുടിയന്മാരും മദ്യത്തിനടിമകളുമായി തീരുന്നുവെന്നാണ് കണക്ക്. മദ്യമുള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ‘സുഖാനുഭൂതി’ ആളുകളില്‍ വ്യത്യസ്തമായിരിക്കും. അതിനു കാരണം, നേരത്തേ പറഞ്ഞ “ആനന്ദലഹരിയുടെ” മസ്തിഷ്ക മേഖലകളും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലാകുന്നതാണ് . അതിനും കാരണം ആ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന ജീനുകളുടെ ഈഷദ് വ്യത്യാസവും. ഒരേ ജീന്‍ പകര്‍പ്പുകള്‍ പങ്കിടുന്ന ഇരട്ടക്കുട്ടികളിലെയും കുടുംബാംഗങ്ങളിലെയും പഠനങ്ങള്‍ കാണിക്കുന്നത് മദ്യപാനാസക്തി ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറപ്പെടുന്ന ഒരു അവസ്ഥയാണെന്നത്രെ. അതിവൈകാരികമായി (എടുത്തുചാട്ടം?) പ്രതികരിക്കുക, സാധാരണയില്‍ കവിഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ മാത്രം ലഹരി തോന്നുക, പുകവലിയടക്കമുള്ള ലഹരികളോട് താല്പര്യം എന്നിങ്ങനെ ചില സ്വഭാവവിശേഷങ്ങളും ജനിതകതലത്തില്‍ മദ്യപാനപ്രവണതയുള്ളവരില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങളെ ആറ്റിക്കുറുക്കിയാല്‍ മദ്യത്തിനടിപ്പെട്ട അച്ഛനോ അമ്മയ്ക്കോ ജനിക്കുന്ന കുട്ടിയും അനുകൂല സാഹചര്യങ്ങളില്‍ മദ്യത്തിനടിപ്പെടാനുള്ള സാധ്യത ഏതാണ്ട് 60 % ആണ് എന്ന് !

ദീര്‍ഘകാലം മദ്യമുപയോഗിക്കുന്നവരില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ കാണപ്പെടാറുണ്ട് : 1. കരളില്‍ ആല്‍ക്കഹോള്‍ ദഹിപ്പിക്കുന്നതിന്റെ തോതിലുണ്ടാകുന്ന വര്‍ദ്ധന. മദ്യം ഇങ്ങനെ വേഗം ദഹിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ തന്നെ കിക്ക് കിട്ടിയിരുന്ന ആദ്യനാളുകള്‍ക്ക് ശേഷം ക്രമേണ അളവ് കൂട്ടിയാലേ പഴയത് പോലുള്ള കിക്ക് കിട്ടൂ എന്നാവുന്നു. ഇത് പക്ഷേ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുന്ന ഒരു പ്രതിഭാസമത്രെ. 2. മദ്യത്താല്‍ ഉത്തേജിതരോ നിസ്തേജിതരോ ആക്കപ്പെടുന്ന നാഡികള്‍ മദ്യപാനശീലങ്ങള്‍ക്കനുസൃതമായി സ്വയം മാറുന്നു. ആദ്യകാലത്ത് കുറഞ്ഞ അളവില്‍ ലഹരിയുടെ അനുഭവമുണ്ടായ നാഡികള്‍ക്ക് അതേ അവസ്ഥ ഉണ്ടാക്കാന്‍ ഉയര്‍ന്ന അളവില്‍ മദ്യം വേണ്ടിവരുന്നു. 3. മദ്യപന്റെ മാനസിക ഘടനയില്‍ വരുന്ന മാറ്റം കാരണം സാധാരണ അളവുകളില്‍ ‘വീശി’യാലൊന്നും പഴയ പോലെ ആടിക്കുഴച്ചിലോ സ്വഭാവമാറ്റങ്ങളോ വരുന്നില്ല എന്ന ഘട്ടമെത്തുന്നു. സ്വാഭാവികമായും മദ്യപാനം നിയന്ത്രിക്കുന്നതില്‍ അയാള്‍ പരാജയപ്പെടുകയും ചെയ്യുന്നു.

അമിതമദ്യപാനാസക്തി (Alcohol abuse) മദ്യത്തിനടിമപ്പെടലും (Alcohol dependence) തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള്‍ മദ്യത്തിനടിമപ്പെടുക എന്നു പറയണമെങ്കില്‍ ചില ലക്ഷണങ്ങളുണ്ട്: മുന്‍പുപയോഗിച്ചിരുന്നതിലും ഉയര്‍ന്ന അളവിലും സമയത്തേക്കും മദ്യം ഉപയോഗിക്കുക, മദ്യം ഉപയോഗിക്കാതിരുന്നാല്‍ വിറയലും വിഭ്രാന്തിയും മറ്റു ലക്ഷണങ്ങളും കാണിക്കുക, മദ്യപാനം അനിയന്ത്രിതമാകുക, മദ്യപാനത്തെപറ്റിയും മദ്യം കിട്ടാനുള്ള വഴികളെപ്പറ്റിയുമൊക്കെ ആലോചിച്ച് അധികസമയവും ചെലവാക്കുക, മദ്യമുപയോഗിക്കുന്നതിനു വേണ്ടി ജീവിതത്തിലെ പല പ്രധാന സംഗതികളും മാറ്റിവയ്ക്കുക,തന്റെ മാനസിക/ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം മദ്യമാണെന്നറിഞ്ഞിട്ടു പോലും മദ്യപാനം ഉപേക്ഷിക്കാന്‍ വയ്യായ്ക എന്നിവയാണ് പ്രധാനം. ഈ വക ലക്ഷണങ്ങള്‍ 12 മാസമോ അതില്‍ക്കൂടുതലോ ആയി അലട്ടുന്നവരെയാണ് വൈദ്യശാസ്ത്രം മദ്യത്തിനടിമപ്പെട്ടവര്‍ എന്ന് വിളിക്കുന്നത്. അമിതമദ്യപാനാസക്തരുടെ പ്രശ്നം ഇത്രയും രൂക്ഷമല്ല. അവരെ ചികിത്സിക്കാനും കുറച്ചുകൂടി എളുപ്പമാണ്.

സാധാരണ മദ്യപാനസംബന്ധിയായ മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് വൈദ്യന്‍ പരീക്ഷിക്കുന്നത് ഡോ:ജോണ്‍ യൂവിംഗ് വികസിപ്പിച്ച ലളിതമായ 4 ചോദ്യങ്ങളിലൂടെയാണ് (CAGE questionnaire):

  1. നിങ്ങളുടെ ഇപ്പോഴത്തെ കുടിയുടെ അളവ് കുറയ്ക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
  2. നിങ്ങളുടെ മദ്യപാനശീലത്തെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കിയിട്ടുണ്ടോ ?
  3. നിങ്ങളുടെ മദ്യപാനത്തെയോര്‍ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ ?
  4. കാലത്തെഴുന്നേറ്റാല്‍ പതിവ് ജോലികളാരംഭിക്കും മുന്‍പ് ‘ഉണര്‍വി’നായി ഒരു ഡ്രിങ്കെടുക്കണമെന്ന് തോന്നിയിട്ടുണ്ടോ ?

ഈ ചോദ്യങ്ങളില്‍ 2 എണ്ണത്തിനെങ്കിലും “അതേ” എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക് അമിതമദ്യപാന സംബന്ധിയായ പ്രശ്നങ്ങളുണ്ട് എന്ന് പറയാം. അങ്ങനെയുള്ളവര്‍ കൂടുതല്‍ വിശദമായ ടെസ്റ്റുകള്‍ക്കും കൌണ്‍സലിങ്ങിനും വിധേയരാകുന്നതാവും നല്ലത്.

അമിതമദ്യപാനത്തെ മാനസിക രോഗാവസ്ഥയായിട്ടാണ് ചികിത്സിക്കാറ്. അതുകൊണ്ടു തന്നെ രോഗിയുടെ പരമാവധി സഹകരണം ഇതിനാവശ്യവുമുണ്ട്. ലഹരിയാല്‍ സ്വാധീനിക്കപ്പെടുന്ന നാഡീവ്യൂഹങ്ങളെ പഴയ അവസ്ഥയിലേക്ക് എത്തിക്കുകയെന്നത് എളുപ്പമല്ല. കടുത്ത കരള്‍ രോഗമോ നാഡീക്ഷയമോ ഒക്കെ വരുന്ന ആതുരാവസ്ഥയില്‍ മദ്യപാനശീലം കൈവിടാന്‍ രോഗി തയ്യാറായാല്‍ തന്നെയും അല്‍പ്പം ആരോഗ്യം വീണ്ടെടുക്കുന്നതോടെ പഴയ ശീലത്തിലേക്ക് തിരിച്ചു പോകും. ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന രാസത്വരകത്തെ തടയുന്ന ഡൈസള്‍ഫിറാം (disulfiram) എന്ന മരുന്ന് രോഗിയുടെ സമ്മതത്തോടെ കൊടുക്കുന്നു. ഈ മരുന്ന് കഴിക്കുന്നയാള്‍ മദ്യപിച്ചാല്‍ ആല്‍ക്കഹോള്‍ ആല്‍ഡിഹൈഡ് ആയി ശരീരത്തില്‍ കെട്ടിക്കിടക്കാനിടവരുകയും തന്മൂലം രോഗിക്ക് കടുത്ത ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് അയാളെ കൂടുതല്‍ മദ്യപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നാണ് സിദ്ധാന്തം. ഇതിനു പാര്‍ശ്വഫലങ്ങളൊത്തിരിയുള്ളതിനാല്‍ ഇപ്പോള്‍ അപൂര്‍വ്വമായേ ഉപയോഗിക്കുന്നുള്ളൂ. മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കൈവിറയല്‍, വിഭ്രാന്തി, ആകാംക്ഷ, ഡിപ്രഷന്‍ എന്നിവയ്ക്കാണ് പ്രധാനമായും മരുന്നുകള്‍ നല്‍കുക. എല്ലാറ്റിലും പ്രധാനം ഭാവിയില്‍ മദ്യപാനത്തിലേയ്ക്ക് വഴുതാനുള്ള സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന കൌണ്‍സലിങ്ങാണ്.മറ്റേതൊരു മാനസികരോഗവും പോലെ ബന്ധുമിത്രാദികളുടെ പൂര്‍ണസഹകരണമില്ലാതെ ഇത് ചികിത്സിക്കുക അസാധ്യമാണ് എന്നും നാമോര്‍ക്കേണ്ടതുണ്ട്.

താത്തയുടെ കവറും ആലിലക്കണ്ണനും

മെത്ഥില്‍ ആല്‍ക്കഹോള്‍ (Methyl Alcohol) അഥവാ മെത്ഥനോള്‍ ആണ് സര്‍ജ്ജിക്കല്‍ സ്പിരിറ്റ് എന്ന പേരില്‍ കിട്ടുന്ന, അണുനാശന/ശുചീകരണ ഉപയോഗങ്ങള്‍ക്കുള്ള സ്പിരിറ്റിന്റെ ഒരു ഘടകം . മെത്ഥില്‍ ആല്‍ക്കഹോള്‍ എത്ഥനോളിനേപ്പോലല്ല, മാരക വിഷമാണ് ജന്തുക്കളില്‍. പെയിന്റ് നിര്‍മ്മാണത്തിനും ശുചീകരണ ദ്രാവകങ്ങള്‍ക്കും പ്ലാസ്റ്റിക്കും പ്ലൈവുഡും നിര്‍മ്മിക്കാനുമൊക്കെ മെത്ഥനോള്‍ ഉപയോഗിക്കുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ സ്പിരിറ്റ് നിര്‍മ്മിക്കുമ്പോള്‍ അത് മദ്യമുണ്ടാക്കാനായി ഉപയോഗിക്കാതിരിക്കാന്‍ മെത്ഥില്‍ ആല്‍ക്കഹോള്‍ (methanol) അതില്‍ ചേര്‍ക്കുന്നു. ഈ ‘മെത്ഥിലേറ്റഡ് സ്പിരിറ്റാ’ണ് ചില അണ്ണന്മാര് കടത്തിക്കൊണ്ടുപോയി ചാരായത്തില്‍ ചേര്‍ക്കുന്നത്. മെത്ഥിലേറ്റ് ചെയ്തതാണെന്ന് അറിയാതെയാണ് ഇത് ചെയ്യുന്നതെങ്കിലും വില്‍ക്കുന്ന കവറ് താത്തമാര്‍ ഒടുക്കം ആളെകൊല്ലുന്നു. കവറ് താത്തമാര്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ ഈ സാധനം പാചകവാതകരൂപത്തില്‍ (sterno) കിട്ടുന്നതും ഇതുപോലെ ആളുകള്‍ വാറ്റിയടിക്കാറുണ്ട്. വലിയ അളവില്‍ അടിക്കുന്നവന്‍ ഭാഗ്യവാന്മാരാണ്: എളുപ്പം സിദ്ധികൂടും. ചെറിയ അളവില്‍ അടിക്കുന്നവന്റെ കണ്ണടിച്ചു പോവും, കരള്‍ വെന്തും !
മുന്‍പേ പറഞ്ഞ ആല്‍ക്കഹോള്‍ /ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേയ്സ് എന്‍സൈമുകള്‍ തന്നെ ഈ മെത്ഥനോളിനെ ഫോര്‍മാല്‍ഡിഹൈഡും പിന്നെ ഫോര്‍മിക് ആസിഡും ആക്കും. രണ്ടും നല്ല തങ്കപ്പെട്ട സ്വഭാവക്കാര്‍ . ഞരമ്പുകളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയെന്നതാണ് ഫലം. പ്രധാനമായും ഊര്‍ജ്ജോല്പ്പാദന പ്രക്രിയ വേഗം തകരാറിലാവാന്‍ സാധ്യതയുള്ള കണ്ണിന്റെ നാഡീനാരുകളില്‍ . വ്യാജനടിച്ച് ആലിലക്കണ്ണനാഹറത് ഇപ്പടി താന്‍.
മെത്ഥനോളിനെ ആല്‍ഡിഹൈഡ് രൂപമാകുന്നതില്‍ നിന്ന് തടയുന്നതാണ് ചികിത്സയുടെ മര്‍മ്മം. അതിനു നല്ല മദ്യത്തിലടങ്ങിയ എഥനോള്‍ തന്നെ രോഗിക്ക് കൊടുക്കും. വ്യാജമദ്യദുരന്തം ഉണ്ടായാല്‍ മെഡിക്കല്‍ കോളെജ് കാഷ്വാല്‍റ്റിയിലെ കൂട്ടപ്പെരളിക്കിടയില്‍ ഇത്തിരി ഒറിജിനല്‍ അടിക്കാന്‍ ഓടി വന്ന് കിടക്കുന്ന വേന്ദ്രന്മാരുമുണ്ട് ! (ഇപ്പോ fomepizole എന്ന മരുന്നും ലഭ്യമാണ്.)

മദ്യപാനപ്പിറ്റേന്നത്തെ “ഹാംഗ് ഓവര്‍ ”

[എഡിറ്റ്] മദ്യപാനത്തിനു ശേഷമുള്ള “ഹാംഗ് ഓവറി”നെക്കുറിച്ച് പലരും കമന്റുകളില്‍ സംശയം ചോദിച്ചതിനാല്‍ ഒരു ചെറു കൂട്ടിച്ചേര്‍ക്കല്‍ ഇവിടെ:
മദ്യത്തിന്റെ ആദ്യഘട്ട ദഹനത്തില്‍ ഉണ്ടാകുന്ന ആല്‍ഡിഹൈഡ് ആണ് ഹാംഗ് ഓവറിനു പ്രധാനകാരണം എന്ന് മുകളില്‍ പറഞ്ഞു. ഇവയെ രണ്ടാംഘട്ട ദഹനത്തിനു വിധേയമാക്കാന്‍ കരള്‍ കൂടുതല്‍ സമയമെടുക്കുന്നു. വിശേഷിച്ച് വലിയ അളവില്‍ മദ്യപിക്കുമ്പോള്‍ (ഇത് വീശുന്നവന്റെ ശാരീരികപ്രകൃതി പോലിരിക്കും). ആല്‍ക്കഹോള്‍ മുഴുവനും രക്തത്തിലേക്ക് ആഗിരണം ചെയ്തുകഴിഞ്ഞാലും ആല്‍ഡിഹൈഡ് ഏതാണ്ട് 6-10 മണിക്കൂറോളം രക്തത്തില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ആല്‍ഡിഹൈഡ് ആണ് തലക്കനം, തലക്കറക്കം,ഓക്കാനം എന്നിവ ഉണ്ടാക്കുന്നതില്‍ മുന്‍പന്‍. ആല്‍ഡിഹൈഡോളം തന്നെ പ്രധാനമായ മറ്റൊരു കാരണം ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന നിര്‍ജ്ജലീകരണമാണ് (dehydration). രക്തത്തിലെ വെള്ളവും ലവണങ്ങളും മൂത്രമായി നഷ്ടപ്പെടാനും ആല്‍ക്കഹോള്‍ കാരണമാകുന്നു. (മൂത്രം ഒഴിച്ചു കളഞ്ഞില്ല എന്നു വച്ച് ഇതു സംഭവിക്കാതിരിക്കില്ല കേട്ടോ; ആ വെള്ളം വൃക്കയിലെ ട്യൂബ്യൂളുകളിലും മൂത്രസഞ്ചിയിലുമായി നഷ്ടപ്പെട്ടാലും ഇതു തന്നെ അവസ്ഥ)

മദ്യങ്ങള്‍ വാറ്റുമ്പോള്‍ ഉണ്ടാകുന്ന ടാനിനുകളും മറ്റ് അശുദ്ധപദാര്‍ത്ഥങ്ങളും ഹാംഗോവറുകള്‍ക്ക് ഒരു കാരണമാണ്. കണ്‍ജീനേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഇവ വര്‍ഷങ്ങള്‍ പഴക്കിയെടുത്ത വാറ്റു മദ്യങ്ങളിലാണ് കൂടുതല്‍ . പല മദ്യങ്ങള്‍ മിക്സ് ചെയ്തു കഴിക്കുമ്പോള്‍ ഇങ്ങനെയുള്ള പലതരം ‘അശുദ്ധ’ പദാര്‍ത്ഥങ്ങളും കലര്‍ന്ന് ഉള്ളില്‍ പോകുന്നതിനാലാവാം, ‘കെട്ടും’ കൂടുതലായിക്കാണുന്നത്. ഗ്ലൂട്ടമീന്‍ എന്ന നാഡീരസം ഉണര്‍വ്വിനു സഹായിക്കുന്ന മസ്തിഷ്ക രാസവസ്തുവാണ്. ഗ്ലൂട്ടമീന്റെ മസ്തിഷ്കത്തിലെ അളവ് മദ്യപാനസമയത്ത് താഴ്ന്നിരിക്കുകയും മദ്യത്തിന്റെ നേരിട്ടുള്ള “മന്ദിപ്പിക്കലി”ന്റെ ഇഫക്റ്റ് പോയാല്‍ ഉയരുകയും ചെയ്യുന്നു. ഉറക്കത്തെയാണ് ഇത് ബാധിക്കുക. വെള്ളമടികഴിഞ്ഞുള്ള ഉറക്കം പലപ്പോഴും “മുറിഞ്ഞ് മുറിഞ്ഞ്” ആണ് സംഭവിക്കുക – REM stage ഉറക്കം ശരിയാകുന്നില്ല, മൊത്തത്തിലുള്ള ഉറക്കസ്റ്റേജുകളുടെ ക്രമവും തെറ്റുന്നു. ഇവയൊക്കെക്കൂടിച്ചേര്‍ന്നാണ് “ഹാംഗ് ഓവറി”നു രൂപം നല്‍കുക.
ഹാംഗ് ഓവര്‍ സമയത്ത് രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് തീരെ താഴ്ന്നുതുടങ്ങും. കാരണം ആല്‍ക്കഹോള്‍ ഏതാണ്ട് മുഴുവനും തന്നെ ആദ്യഘട്ട ദഹനം കഴിഞ്ഞ് ആല്‍ഡിഹൈഡ് ആയിട്ടുണ്ടാവും. അപ്പോള്‍ ആല്‍ക്കഹോളിന്റെ ആഗിരണം തടയുമെന്ന് വിചാരിച്ച് തൈരോ കരിഞ്ഞ ബ്രെഡ്ഡോ പാലോ കുടിപ്പിച്ചാലൊന്നും പ്രയോജനമില്ല. ആല്‍ഡിഹൈഡ് ഉണ്ടാക്കുന്ന “രക്തക്കുഴല്‍ വികാസം” മൂലം വരുന്ന തലവേദനയെ തടയാന്‍ കാപ്പി ഒരു മറുമരുന്നാണ്. എങ്കിലും കാപ്പി ആല്‍ക്കഹോളിനെ പോലെത്തന്നെ ശരീരജലാംശം കുറയ്ക്കുന്നു.

“കെട്ട്” ഇറങ്ങാന്‍ ശാസ്ത്രീയമായി സാധുതയുള്ള ചില സാധനങ്ങള്‍ ഇവയാണ് :
1.ഏറ്റവും നല്ല മരുന്ന്, വിശ്രമവും, ഉറക്കവും തന്നെയാണ്.
2.പഴച്ചാര്‍ , ഓറഞ്ച് , വാഴപ്പഴം – ഇവയില്‍ പൊട്ടാഷ്യവും മറ്റ് ലവണങ്ങളും ഉള്ളതിനാല്‍ ലവണനഷ്ടം നികത്താം .
3. വെള്ളമടിപ്പിറ്റേന്ന് മുട്ട, തൈര്, പാല് എന്നിവ കഴിക്കുന്നത് – ഇതിലെ സിസ്റ്റീന്‍ എന്ന അമിനോ അമ്ലം ഗ്ലൂട്ടാത്തയോണ്‍ എന്ന മാംസ്യം നിര്‍മ്മിക്കാന്‍ ആവശ്യമുണ്ട്. കരളിന് ആല്‍ഡിഹൈഡിനെ ദഹിപ്പിക്കുവാന്‍ ആവശ്യമുള്ളതാണ് ഗ്ലൂട്ടാത്തയോണ്‍ . എന്നാല്‍ ഈ ‘ഒറ്റമൂലി’ക്ക് പ്രവര്‍ത്തിച്ചു വരാന്‍ സമയമൊത്തിരി എടുക്കും. (മദ്യപാനികള്‍ക്കുള്ള ചില ടിപ്പുകള്‍ താഴെകൊടുത്തിട്ടുള്ളത് കൂടി നോക്കുക)

ഇത്രവായിച്ചിട്ടും ‘കണ്ട്രോള് ’ കിട്ടാത്തവര്‍ക്കായ് ചില മദ്യപാന ടിപ്പുകള്‍
(‘വനിത’ സ്റ്റൈലില്)

മദ്യപാനം മിതമായി മാത്രം: പുരുഷന്മാരില്‍ പ്രതിദിനം 2 ഡ്രിങ്കും സ്ത്രീകള്‍ക്ക് 1 ഡ്രിങ്കും ആണ് പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പരിധി. രണ്ടാഴ്ച അടിക്കാതിരുന്നിട്ട് എല്ലാ ദിവസത്തേം കൂടി ക്വോട്ടാ ഒറ്റയിരുപ്പിനു അടിക്കുന്ന ആ നമ്പരുണ്ടല്ലോ, അത് കൈയ്യീ വച്ചേരണ്ണാ.

പബ്ലിക്കായി അടിച്ചാല്‍ അയ്യപ്പന്‍വിളക്കും വില്ലടിച്ചാമ്പാട്ടും കഴിച്ചിട്ടേ ഇറങ്ങൂ എന്നുറപ്പുള്ളവര്‍ കുടിക്കുമ്പോള്‍ ആഹാരം കൂടെ കഴിക്കുക. ആഹാരം വയറ്റിലെ ആല്‍ക്കഹോളിന്റെ ആഗിരണം പതുക്കെയാക്കുന്നു. മാംസ്യം(പ്രോട്ടീന്‍) കൂടുതലുള്ള ആഹാരമായാല്‍ നല്ലത് : മാംസമോ കപ്പലണ്ടിയോ ഒക്കെ.

ഒരേ വീര്‍പ്പിനിരുന്ന് അടിക്കാതിരിക്കുക. ഡ്രിങ്കുകള്‍ക്കിടയില്‍ ഇടവേളകള്‍ നല്‍കുക. ആ ഗ്യാപ്പില്‍ ആഹാരമോ ജ്യൂസോ കഴിക്കാവുന്നതാണ്. രക്തത്തിലെ മദ്യത്തിന്റെ അളവ് താഴാന്‍ ഇടവേളകള്‍ ഉപകരിക്കും. മാത്രവുമല്ല, പിറ്റേദിവസം കാലത്തുണ്ടാകാന്‍ സാധ്യതയുള്ള തലവേദന, ഓക്കാനം എന്നിവയ്ക്ക് ഒരു കാരണം ശരീര ജലാംശം കുറയുന്നതാണ്. ഇത് ഒരു പരിധിവരെ ഒഴിവാക്കാനും ഡ്രിങ്കുകള്‍ക്കിടയില്‍ മറ്റു ലഹരിരഹിതപാനീയങ്ങള്‍ കഴിക്കുന്നതുകൊണ്ട് സാധിക്കും.

പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കുമൊക്കെ മദ്യപിക്കുമ്പോള്‍ പലപ്പോഴും ഫിറ്റാണോ അല്ലയോ എന്നൊന്നും സ്വയം അറിയാന്‍ പലര്‍ക്കും പറ്റാറില്ല. ഒരു സ്ഥലത്ത് തന്നെയിരുന്ന് മദ്യപിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക എന്നത് അതിനൊരു പോംവഴിയാണ്. നടപ്പിലും കൈകാലുകളുടെ ചലനങ്ങളിലുമൊക്കെയുള്ള മാറ്റങ്ങള്‍ അറിയാന്‍ ഇതുപകരിക്കും.

‘കെട്ട്’ ഇറങ്ങാന്‍ തൈര് കുടിപ്പിക്കുക, തലയിലൂടെ വെള്ളമൊഴിക്കുക, കാപ്പി കുടിപ്പിക്കുക തുടങ്ങിയ പല വിദ്യകളും പല നാട്ടുകാര്‍ പരീക്ഷിക്കാറുണ്ട്. വിശ്വാസങ്ങള്‍ എന്നല്ലാതെ അവയില്‍ യാഥാര്‍ത്ഥ്യം ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആല്‍ക്കഹോളിന്റെ രക്ത അളവും അതിനെ “ദഹിപ്പിക്കുന്ന”തിന്റെ തോതും അനുസരിച്ചാണ് ലഹരിയുടെ ഇഫക്റ്റ് കുറഞ്ഞു വരുന്നത്. ബാക്കിയെല്ലാം പടം! (തൈരിനും പാലിനും ലഹരി ഇറക്കാന്‍ കഴിവില്ലെങ്കിലും ഹാംഗ് ഓവര്‍ മാറ്റാന്‍ കഴിവുണ്ട്.)

നിങ്ങള്‍ മദ്യപിക്കുമ്പോള്‍ ആ അന്തരീക്ഷമാണ് മദ്യത്തിന്റെ ഇഫക്റ്റുകളെ എറ്റവും നന്നായി സ്വാധീനിക്കുക. സന്തോഷം നിറഞ്ഞ/ആഘോഷ വേളകളിലെ മദ്യപാനം (തല്‍ക്കാലത്തേയ്ക്കാണെങ്കില്‍ പോലും) ആഹ്ലാദം കൂട്ടുകയും ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യുമ്പോള്‍ ദു:ഖം നിറഞ്ഞ അന്തരീക്ഷത്തിലെ മദ്യപാനം , ആ സങ്കടം വര്‍ധിപ്പിക്കുന്നതായാണ് പൊതുവേ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ദു:ഖിതരേ, വെള്ളമടിച്ച് ദു:ഖം മറക്കാമെന്ന് വിചാരിച്ച് കാശ് കളയണ്ട.

ഏതെങ്കിലുമൊക്കെ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ കഴിവതും മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മിക്ക മരുന്നുകളും കരളിലാണ് അവസാനമായി ചയാപചയാപ്രക്രിയകളിലൂടെ ദഹിപ്പിക്കപ്പെടുക. ഇതിനു സഹായിക്കുന്ന രാസത്വരകങ്ങളെ മദ്യം പലവിധത്തില്‍ സ്വാധീനിക്കാമെന്നതിനാല്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.

അധികമായാല്‍ …എന്നല്ല, അല്പമായാല്‍ തന്നെ വിഷമാണ് ഈ ‘അമൃത്’. നിരോധനവും ‘കിട്ടാക്കനി’ ആക്കലുമല്ല ഉത്തരവാദിത്വത്തോടെയുള്ള ആസ്വാദനമാണ് പ്രായോഗികമായിട്ടുള്ളത്.

എഡിറ്റ് :
1.ഈ വിഷയത്തില്‍ ദേവേട്ടന്‍ ആയൂരാരോഗ്യത്തിലെഴുതിയ പഴയ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തിയ സുഹൃത്തിനു നന്ദി.

2. വായനക്കാരുടെ ചില സംശയങ്ങള്‍ക്ക് ഈ പോസ്റ്റിലെ തന്നെ ഈ കമന്റില്‍ ഉത്തരമെഴുതിയത് നോക്കുക.

*cartoon courtesy: zania dot com

കുടിയന്മാരേ ഇതിലേ ഇതിലേ…

ഈ ബ്ലോഗ് തുടങ്ങിയിട്ട് ഇപ്പോള്‍ ഒരു വര്‍ഷമാകുന്നു. വായിച്ചും പ്രോത്സാഹിപ്പിച്ചും ഈമെയിലുകളയച്ച് രോഗവിവരങ്ങള്‍ പങ്കുവച്ചും സംശയങ്ങള്‍ ചോദിച്ചും തെറ്റ് ചൂണ്ടിക്കാട്ടിയും തിരുത്തിയും അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തും അത്യാവശ്യം പള്ള് വിളിച്ചും സഹകരിച്ചവര്‍ക്കൊക്കെ ബ്ലോഗിലെ പതിവ് ചടങ്ങനുസരിച്ച് നന്ദി പറയണമെന്നുണ്ട് സത്യത്തില്‍. പക്ഷേ ഒന്നോര്‍ത്താല്‍ ബ്ലോഗെഴുത്ത് ഒന്നാന്തരമൊരു സ്വയം ഭോഗമാണ് – ബൌദ്ധിക സ്വയംഭോഗം . അവനവന്റെ രസത്തിന് അവനവന്റെ സമയം മെനക്കെട്ത്തി അവനവനു തോന്നുന്നത് അവനവനറിയാവുന്ന ചേലിക്ക് എഴുതുന്നു. ആര്‍ക്കെങ്കിലുമൊക്കെ ഉപകാരപ്പെടുന്നുണ്ടെങ്കില്‍, ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍, ഓ സന്തോഷം. ഇല്ലെങ്കില്‍ കുന്തം. അത്ര തന്നെ. അപ്പോ നന്ദിയാരോടു ഞാന്‍ ചൊല്ലേണ്ടൂ ? ങ്ഹാ എന്തരോ വരട്ട് ! എഴുതാന്‍ സമയമുള്ള കാലമത്രയും എഴുതും. കുറേകഴിയുമ്പം മറ്റ് പല മെഡിക്കല്‍ ബ്ലോഗുകളെപ്പോലെ ഇതും പൂട്ടും. ഇതിലെ പോസ്റ്റുകള്‍ മൂലം ആര്‍ക്കെങ്കിലും വ്യക്തിപരമായ വേദനിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു . ഒള്ളകാലമത്രേം ജ്വാളിയാക്കട്ട് …. അപ്പ ശരി, ങ്ങള് ഇതെന്തര് നോക്കി നിക്കണത് ? പ്വോസ്റ്റുകള് വായീരെന്ന് .

വായിലും അന്നനാളത്തിലും തൊണ്ടയിലും കരളിലും മുലയിലും ക്യാന്‍സറുകള്‍, ആമാശയത്തില്‍ അള്‍സറ്,കരള്‍വീക്കം, ഡിപ്രഷന്‍, അപസ്മാരം, മദ്യത്തിനടിമയാവല്‍,രക്താതിസമ്മര്‍ദ്ദം, ധമനീ സംബന്ധിയായ ഹൃദ്രോഗം, പക്ഷാഘാതം….മനോഹരമായ ഈ ലിസ്റ്റ് മദ്യപാനവുമായി ശക്തമായ കാര്യകാരണ ബന്ധമുള്ളതെന്ന് പഠനങ്ങള്‍ ഉറപ്പിച്ച രോഗങ്ങളുടേതാണ്. വേറെ പത്തുനാല്പതെണ്ണം സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഗവേഷണത്തിലിരിക്കുന്നു. മദ്യം മൂലമുള്ള അസുഖം കാരണം നേരിട്ടോ അക്രമസംഭവങ്ങളില്‍ പരോക്ഷമായോ വര്‍ഷം തോറും 20 ലക്ഷം ആളുകള്‍ പരലോകം പൂകുന്നു. ഇന്ത്യയിലെ കഥ നോക്കിയാല്‍ റോഡപകടങ്ങളില്‍ 25%വും മസ്തിഷ്കക്ഷതങ്ങളില്‍ 20%വും, മാനസികരോഗങ്ങളില്‍ 17%വും മദ്യപാനവുമായിബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്…

അടിച്ച് കോണ്‍ തിരിഞ്ഞ് വീട്ടില്‍ വന്ന് പെണ്ണുമ്പിള്ളയെ എടുത്തിട്ട് വീക്കുന്നവര്‍ ഉയര്‍ത്തുന്ന ചിരി മാഞ്ഞ് പോകാന്‍ ഇത്രയൊക്കെ കേട്ടാല്‍ പോരേ.

ബ്രാന്റേതായാലും പൂസായാല്‍ മതി

ഥില്‍ ആല്‍ക്കഹോള്‍ (Ethyl Alcohol, ഈതൈല്‍ എന്നത് തെറ്റായ ഉച്ചാരണം) അഥവാ എഥനോള്‍ ആണ് കുടിക്കാനുപയോഗിക്കുന്ന മദ്യത്തിന്റെ വീര്യദാതാവ്. ബിയറും വീഞ്ഞും പോലെ വീര്യം കുറഞ്ഞ മദ്യങ്ങള്‍ നമ്മുടെ ‘വാറ്റ്’ ഗണത്തില്‍ സാധാരണ പെടാറില്ല. 4 – 8% എഥനോള്‍ ഉള്ള ബിയറും 11 – 15% ഉള്ള വീഞ്ഞും, വീഞ്ഞിന്റെ കാര്‍ബണേറ്റഡ് രൂപമായ ഷാമ്പെയ്നുമെല്ലാം വലിയ അളവുകളില്‍ അടിക്കാത്തിടത്തോളം താരതമ്യേന നിരുപദ്രവകാരികളാണ്. സ്പിരിറ്റ്സ്, അഥവാ വാറ്റ് മദ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന ‘യഥാര്‍ത്ഥ’ വീരന്മാരാണ് പൊതുവേ നമ്മുടെ ഉപാസനാമൂര്‍ത്തികള്‍ .

മുന്തിരിവാറ്റിയതാണ് സാദാ ബ്രാന്റി (Brandy). അന്താരാഷ്ട്ര മാനദണ്ഡങ്ങളനുസരിച്ച് വാറ്റുകഴിയുമ്പോള്‍ ആകാവുന്ന ആല്‍ക്കഹോള്‍ കണ്ടെന്റ് പരമാവധി 50%വും ഏറ്റവും ചുരുങ്ങിയത് 36%വും. കരിമ്പും ചക്കരയും വാറ്റി റം (Rum) ഉണ്ടാക്കുന്നു. നമ്മുടെ സാദാ വൈറ്റ് റമ്മിന് 40% ആല്‍ക്കഹോള്‍ കണ്ടെന്റെ ഉള്ളൂ. ഓവര്‍ പ്രൂഫ്ഡ് റം എന്നപേരില്‍ കിട്ടുന്നതില്‍ അതിന്റെയിരട്ടി ആല്‍ക്കഹോളു കാണും.(അമേരിക്കയിലും മറ്റും പ്രൂഫ് കണക്കിനാണ് ആല്‍കഹോള്‍ അളവ് പറയുക: 80 പ്രൂഫ് എന്നുവച്ചാല്‍ 40%)
വിസ്കി (Whisky)യാണ് സലീംകുമാറ് പറയുമ്പോലെ ശരിക്കും “ബാറിലെ വെള്ളം” – എന്നുച്ചാ ‘ബാര്‍ളി’ വാറ്റിയത് 🙂 ശരിക്കുള്ള സ്കോട്ട്ലന്റുകാരന്റെ പരമ്പരാഗത വിസ്കിയാണ് സ്കോച്ച്; മരഭരണിയില്‍ 3 – 4 കൊല്ലം വച്ച് പഴക്കിയത്. അമേരിക്കയില്‍ ഇത് ചോളത്തില്‍ നിന്നു വാറ്റാറുണ്ട്. ഇന്ത്യയില്‍ കിട്ടുന്നത് ചക്കരയില്‍ നിന്ന് വാറ്റിയ സാധനം തന്നെ. (അതിനു സ്കോച്ചെന്ന് പേരെങ്കിലും സാങ്കേതികമായി അതും റമ്മാണ്.)
വോഡ്ക (Vodka) യാകട്ടെ പ്രധാനമായും ഗോതമ്പു വാറ്റിയതാണ് . ഉരുളക്കിഴങ്ങും മുന്‍പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ആല്‍ക്കഹോള്‍ കണ്ടെന്റ് പരമ്പരാഗതമായി കൂടുതലാണ് ഇതില്‍ – 50-52% വരെ സാധാരണകിട്ടും. പ്രൊപ്പനോളും ബ്യൂട്ടനോളും ഫര്‍ഫ്യൂറാലുകളുമൊന്നുമില്ലാത്ത പരുവം വരെ വാറ്റുന്നതിനാല്‍ “കള്ളിന്റെ” ആ ടിപ്പിക്കല്‍ മണം വോഡ്കയ്ക്ക് ഉണ്ടാവില്ല. നമ്മുടെ നാട്ടില്‍ ഇതിനെല്ലാം 40% എന്ന ഒറ്റ അളവിലേ കിട്ടൂ. (സായിപ്പ് പല തരം അളവില്‍ ഉണ്ടാക്കുന്നുണ്ട്)
യേക്ച്വലി സ്പീക്കിംഗ്, മദ്യം എവിടുന്നു വാറ്റുന്നു എന്നതിനേക്കാള്‍ എത്രയാണ് ആല്‍ക്കഹോള്‍ കണ്ടെന്റ് എന്നതിലാണ് വീര്യവും, ശാരീരിക പ്രതികരണങ്ങളും ഇരിക്കുന്നത്. അതായത് ബ്രാന്റേതായാലും ‘കിക്ക്’ കിട്ടണത് ‘പിടിപ്പിക്കണ’ റേറ്റനുസരിച്ചിരിക്കുമെന്ന്. എന്നാല്‍ വാറ്റിയെടുക്കുന്ന വസ്തുവിലടങ്ങിയ രാസവസ്തുക്കള്‍ – ഫര്‍ഫ്യൂറാലുകള്‍ , പ്രൊപ്പനോള്‍ തുടങ്ങിയവ – കാരണം സ്വാദും ലഹരിയും അല്പാല്പം വ്യത്യാസപ്പെടാറുണ്ട്.

അയ്യപ്പന്‍ വിളക്ക്, വാള്, പിന്നെ പാമ്പുകളും

ല്‍ക്കഹോള്‍ ശരീരത്തില്‍ ചെന്നാല്‍ കരളിലെ ഒരു രാസത്വരകമുണ്ട് (എന്‍സൈം)- ആല്‍ക്കഹോള്‍ ഡീഹൈഡ്രജെനേയ്സ് – ഓന്‍ കേറി ഇതിനെ ഓക്സീകരിച്ച് ആല്‍ഡിഹൈഡ് ആക്കും. തലക്കറക്കവും ഛര്‍ദ്ദിയുമൊക്കെ ഉണ്ടാക്കുന്നത് ആല്‍ഡിഹൈഡ് ആണ് . ഈ ആല്‍ഡിഹൈഡ് പിന്നെ ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന വേറൊരു എന്‍സൈമിന്റെ പ്രഭാവത്താല്‍ രണ്ടാമതൊരു ഓക്സീകരണം കൂടി നടന്ന്‍ അസെറ്റിക് ആസിഡാകും. ഇവന്‍ സാമാന്യേന പാവമാണ് – കരളിലിത് വേഗത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡും വെള്ളവുമായി പിരിഞ്ഞ് പൊയ്ക്കോളും.

മദ്യത്തിലൂടെ ശരീരത്തിലെത്തുന്ന ആല്‍ക്കഹോള്‍ (എഥനോള്‍ ) രക്തത്തില്‍ എത്ര നേരം രൂപാന്തരമില്ലാതെ അങ്ങനെതന്നെ കിടക്കുന്നോ അതനുസരിച്ചിരിക്കും ഇതിന്റെ ഇഫക്റ്റുകളും. മദ്യത്തോടൊപ്പം ആഹാരം കൂടി കഴിക്കുമ്പോള്‍ നാം ആമാശയത്തില്‍ നിന്നും രക്തത്തിലേക്ക് ആല്‍ക്കഹോള്‍ ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുന്നു. അപ്പോള്‍ മദ്യം തലയ്ക്ക് പിടിക്കുന്നതിന്റെ വേഗവും കുറയുന്നു.

രക്തത്തിലേക്ക് കലരുന്ന ആല്‍ക്കഹോള്‍ തലച്ചോറിലും മറ്റുഭാഗങ്ങളിലുമുള്ള നാഡീകോശങ്ങളിലെ ചില സ്വീകരിണികളെ ഉത്തേജിതരാക്കുകയോ നിസ്തേജരാക്കുകയോ ചെയ്താണ് “കിക്ക്” ഉണ്ടാക്കുക. തലച്ചോറിലെ മദ്യത്തിന്റെ പ്രവര്‍ത്തനം മറ്റു പല ‘മയക്കു’മരുന്നുകളേയും പോലെ സങ്കീര്‍ണ്ണമാണെങ്കിലും ചില പൊതു നിരീക്ഷണങ്ങള്‍ താഴെ പറയുന്നു:
ഗാമാ അമിനോ ബ്യൂട്ടിരിക് ആസിഡ് എന്ന നാഡീരസം കേറി വിളയാടുന്ന ഒരു സ്വീകരിണിയുണ്ട്: GABA receptor എന്ന് ചുരുക്കപ്പേര്. നമ്മുടെ മസ്തിഷ്കപ്രതികരണങ്ങളെ മന്ദീഭവിപ്പിക്കുന്ന നാഡികളിലാണ് (inhibitory) ഈ സ്വീകരിണികള്‍ പൊതുവെ കാണുന്നത് . പ്രധാന ജോലിയും ഈ “മന്ദീഭവിപ്പിക്കല്‍” തന്നെ. മദ്യത്തിലെ എഥനോള്‍ GABA സ്വീകരിണികളെ ഉത്തേജിപ്പിക്കുക വഴി, അവയുടെ ‘മന്ദീഭവിപ്പിക്ക’ലിന് ആക്കം കൂട്ടുന്നു. ചെറിയതോതിലുള്ള മയക്കം ഇതിന്റെ ഒരു ഫലമാണെങ്കിലും ആകാംക്ഷയെയും മാനസിക പിരിമുറുക്കത്തെയും കുറയ്ക്കാനും ഇതേ സ്വീകരിണികളുടെ ത്വരിതപ്രവര്‍ത്തനം തന്നെ കാരണമാകുന്നു. ഇതിന്റെ മറ്റൊരു പാര്‍ശ്വഫലം, വികാരങ്ങളെയും പ്രവര്‍ത്തികളെയും നിയന്ത്രിക്കാനുള്ള കഴിവിനെക്കൂടി തടയുമെന്നതാണ്. ‘കനത്ത’ വെള്ളമടി സമയത്തും അതിനു ശേഷവുമുള്ള ഓര്‍മ്മകള്‍ മസ്തിഷ്കത്തില്‍ പലപ്പോഴും ഉറയ്ക്കാതെ മാഞ്ഞു പോകാനുള്ള ഒരു കാരണവും ഗാബാ വഴിയുള്ള മന്ദീഭവിക്കല്‍ തന്നെ.

മറ്റൊരു വിഭാഗം നാഡീരസങ്ങളായ ഗ്ലൂട്ടമേയ്റ്റുകളും അസ്പാര്‍ട്ടേയ്റ്റുകളും പ്രതിപ്രവര്‍ത്തിക്കുന്ന NMDA(എന്‍ മെഥൈല്‍ ഡി- അസ്പാര്‍ട്ടേയ്റ്റ്) സ്വീകരിണികളാണ് മദ്യത്തിന്റെ മറ്റൊരു ലക്ഷ്യം. ഈ സ്വീകരിണികള്‍ മസ്തിഷ്കത്തിന്റെ “ഉത്തേജക” സിഗ്നലുകള്‍ക്കായുള്ളവയാണ്. ഇതിനെ ആല്‍ക്കഹോള്‍ തടയുമ്പോള്‍ മുകളില്‍ പറഞ്ഞ “മന്ദത”യ്ക്ക് ആക്കം കൂടുന്നു.
തലച്ചോറിന്റെ വികാരക്ഷേത്രമായ അമിഗ്ഡാലയും, സമീപസ്ഥമായ ന്യൂക്ലിയസ് അക്യുംബെന്‍സ്, വെണ്ട്രല്‍ ടെഗ്മെന്റല്‍ ഏരിയ, ഹൈപ്പോതലാമസിന്റെ പാര്‍ശ്വഭാഗങ്ങള്‍, ഹിപ്പോകാമ്പസ്, എന്നിവയും അടങ്ങുന്ന “മീസോ കോര്‍ട്ടിക്കോ ലിംബിക് ഡോപ്പമീന്‍ സിസ്റ്റം” എന്ന ഒരു ഭാഗം മയക്കുമരുന്നിന്റെ ഇഫക്റ്റുകള്‍ പഠിക്കുന്നവരെ സംബന്ധിച്ചിടത്തോളം അതിപ്രധാനമാണ്. ഡോപ്പമീന്‍‍, സീറട്ടോണിന്‍, ഗാബാ, ഗ്ലൂട്ടമേയ്റ്റ് എന്നീ നാലു നാഡീരസങ്ങളാണ് ഈ ഭാഗങ്ങളില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. മയക്കു മരുന്നോ മദ്യമോ പോലെ അഡിക്ഷന്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുമ്പോള്‍ ഈ ഭാഗത്തെ അതിസങ്കീര്‍ണ്ണമായ ചില നാഡീ സിഗ്നല്‍ വ്യൂഹങ്ങള്‍ മൂലം ആ അനുഭവം അതുപയോഗിക്കുന്നയാളില്‍ ഒരു ‘അനുഭൂതി’യായി രേഖപ്പെടുത്തുന്നു. മസ്തിഷ്കത്തിന്റെ അന്തരാളങ്ങളിലുള്ള ന്യൂക്ലിയസ് അക്യുംബെന്‍സ് എന്ന ഭാഗമാണ് ഈ “പരമാനന്ദ”ത്തിന്റെ പ്രധാന ഉദ്ഭവം. ഓരോ വട്ടവും മദ്യമോ മരുന്നോ ഉപയോഗിക്കുമ്പോഴും ഈ നാഡീശൃംഖല ഉത്തേജിതമാകുകയും സുഖാനുഭവത്തോടൊപ്പം ഭാവിയില്‍ ആ മരുന്ന് അല്ലെങ്കില്‍ മദ്യം കൂടുതല്‍ കൂടുതല്‍ ഉപയോഗിക്കാന്‍ താല്പര്യവുമുളവാക്കുന്നു. മദ്യത്തെ സംബന്ധിച്ചിടത്തോളം ഗാബാ സ്വീകരിണികളും എന്‍.എം.ഡി.ഏ (ഗ്ലൂട്ടമേയ്റ്റ്) സ്വീകരിണികളുമാണ് ഇതിനു മുന്‍ കൈ എടുക്കാറ്. ഡൈഗ്രഷന്‍ : ആത്മീയമെന്ന് പറയുന്ന വഴികളിലൂടെയും ഹിപ്നോസിസിലെ ഓട്ടോ സജഷന്‍ വഴിയുമൊക്കെ ‘ലഹരിസമാനമായ ആനന്ദം’ ഉണ്ടാക്കുന്നതും ഈ നാഡീ വ്യൂഹങ്ങളാണ് എന്നൊരു നിരീക്ഷണമുണ്ട്.ചില മനുഷ്യരില്‍ ആല്‍ക്കഹോളിനെ ‘ദഹിപ്പിക്കുന്ന’ ഈ എന്‍സൈമുകള്‍ രണ്ടും (ആല്‍ക്കഹോള്‍ ഡീഹൈഡ്രജിനേയ്സും ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സും) പെട്ടെന്ന് പ്രവര്‍ത്തിച്ചുതുടങ്ങും; ആല്‍ക്കഹോള്‍ വേഗം ആല്‍ഡിഹൈഡ് ആയി മാറ്റപ്പെടുന്നു. ആല്‍ഡിഹൈഡ് വേഗം ആസിഡും ആക്കപ്പെടുന്നു. അപ്പോ ആല്‍ക്കഹോളിന്റെ അളവ് ശരീരത്തില്‍ വേഗം കുറയും. ആല്‍ക്കഹോള്‍ തലച്ചോറില്‍ നടത്തുന്ന ചില ചുറ്റിക്കളികളും കുറയുന്നു. ഇങ്ങനെയുള്ളവര്‍ക്ക് കിക്കാവുന്നതും മെല്ലെ, മെല്ലെ. ഇത് എന്‍സൈമിന്റെ പ്രശ്നം കൊണ്ടുമാത്രമല്ല, ശരീരഭാരം കൂടിയാലും ഉണ്ടാവാം. രക്തവും ശരീരത്തിലെ ഉയര്‍ന്ന ജലാംശവും ചേര്‍ന്ന് മദ്യത്തിന്റെ പ്രഭാവം കുറയ്ക്കുന്നു. അങ്ങനെയുള്ളവരാണ് “ടാങ്കുകള്‍ ” . കുപ്പിക്കണക്കിനു ചെലുത്തിയാല്‍ മാത്രം ‘പ്രയോജനം’ കിട്ടുന്നവര്‍ . ഇത്തരക്കാര്‍ അമിതമദ്യപാനത്തിലേക്ക് വീഴാനും സാധ്യതയുണ്ട്.

ആദ്യം പറഞ്ഞ – മദ്യത്തെ ആല്‍ഡിഹൈഡാക്കുന്ന എന്‍സൈം – ആണ് വേഗം പ്രവര്‍ത്തിക്കുന്നതെങ്കിലോ. ആല്‍ഡിഹൈഡ് ശരീരത്തില്‍ വേഗം അടിഞ്ഞുകൂടും. ഇതിനൊത്ത വേഗത്തില്‍ ഈ ആല്‍ഡിഹൈഡിനെ ദഹിപ്പിച്ച് ആസിഡാക്കുന്ന എന്‍സൈം പ്രവര്‍ത്തിക്കാതാകുമ്പോള്‍ ആല്‍ഡിഹൈഡ് ശരീരത്തില്‍ അടിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ളവരാണ് രണ്ടാമത്തെ പെഗ്ഗിനു വാളു വയ്ക്കുന്ന “പൊതുവാള്‍സ്”. തലക്കനം, മന്ദത മുടിഞ്ഞ തലവേദന എന്നിവ അടുത്ത ദിവസം കാലത്തെഴുന്നേല്‍ക്കുമ്പോഴും തോന്നുന്നതും പൊതുവേ ഇതാണ് കാരണം. പൊതുവാള്‍സിന് സാധാരണ മദ്യം അധികം കഴിക്കാന്‍ പറ്റില്ല – പ്രകൃത്യാ തന്നെ മദ്യപാനശീലത്തില്‍ നിന്നും സംരക്ഷിക്കപ്പെട്ടവരാണിവര്‍ എന്നും പറയാം. ഇതിന് കാരണമാകുന്ന ജീനുകള്‍ ലഹരിവിരുദ്ധ മരുന്നുകള്‍ ഗവേഷിക്കുന്ന ശാസ്ത്രജ്ഞര്‍ തപ്പുന്നുണ്ട്.

മദ്യം ശരീരത്തിന്റെ ബാലന്‍സ് നിയന്ത്രിക്കുന്ന മസ്തിഷ്കഭാഗങ്ങളായ സെറിബെല്ലത്തെയും ചെവിക്കുള്ളിലെ ‘സെമിസര്‍ക്കുലര്‍ കനാലു’കളെയും ബാധിക്കുമ്പോഴാണ് ആടിക്കുഴച്ചിലും തലക്കറക്കവും വരുന്നത്. കാഴ്ച നിര്‍ണ്ണയിക്കുന്ന മസ്തിഷ്ക ഭാഗങ്ങളിലാകട്ടെ ഊര്‍ജ്ജോല്‍പ്പാദനപ്രക്രിയ തകരാറിലാവുന്നു: ഫലം, കാഴ്ചമങ്ങല്‍ . വ്യാജമദ്യമടിച്ച് കണ്ണു പോകുന്നത് ഏറ്റവും താഴെയായി വിശദീകരിച്ചിട്ടുണ്ട്.

കിണ്ടി…പാമ്പ്…പടം…ബുദ്ധന്‍

ദ്യശാസ്ത്ര(?)പ്രകാരം ഒരു ശരാശരി ഡ്രിങ്കിന്റെ Alcohol Equivalence ആണ് അപ്പോള്‍ കിക്ക് നിശ്ചയിക്കുന്നത്. ഒരു ശരാശരി ഡ്രിങ്ക് എന്നാല്‍ 0.6 ഔണ്‍സ് ആല്‍ക്കഹോള്‍ അടങ്ങിയത് എന്നര്‍ത്ഥം. അതായത് അടങ്ങിയിരിക്കുന്ന ആല്‍ക്കഹോളിന്റെ അളവു വച്ചു നോക്കുമ്പോള്‍ 5 ഔണ്‍സ് വൈന്‍ = 12 ഔണ്‍സ് ബിയര്‍ (ഒരു സാദാ ക്യാന്‍/കുപ്പി) = 1.5 ഔണ്‍സ് വാറ്റ് മദ്യം (വിസ്കി/റം /ബ്രാന്റി ആദിയായവ) എന്നാണ് കണക്ക്. ഏകദേശം ഒരു മണിക്കൂറില്‍ കാല്‍ ഔണ്‍സ് എന്ന തോതിലാണ് ആല്‍ക്കഹോളിനെ ശരീരം ദഹിപ്പിക്കുന്നത് എന്നു കൂടി മനസിലാക്കണം. ഈ കണക്ക് ഓര്‍ത്തിരുന്നാല്‍ വീശുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ വയ്ക്കാം.

അടിക്കുന്നവന്റെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് – ബ്ലഡ് ആല്‍ക്കഹോള്‍ കോണ്‍സന്റ്രേയ്ഷന്‍ – ആണ് തണ്ണിയടിയുടെ പലവിധ ഇഫക്റ്റുകളെ നിശ്ചയിക്കുന്നത്. അടിക്കുന്ന സാധനത്തിന്റെ ആല്‍ക്കഹോള്‍ അളവല്ല. അതിനാല്‍ത്തന്നെ മദ്യപന്റെ ശരീരത്തൂക്കം ലിംഗവ്യത്യാസം, അടിച്ച സാധനം, അതിന്റെ അളവ്, എത്രമണിക്കൂറിനുള്ളിലാണ് അത്രയും കഴിച്ചത് എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഉദാഹരണത്തിന് 70 കിലോ തൂക്കമുള്ള പുരുഷന്‍ ഒരു മണിക്കൂറിനുള്ളില്‍ 3 ഡ്രിങ്ക് വിസ്കി അകത്താക്കിയെന്നിരിക്കട്ടെ, അയാളുടെ 100 മില്ലി രക്തത്തിലെ അപ്പോഴത്തെ ആല്‍ക്കഹോള്‍ നില ഏതാണ്ട് 0.06 ഗ്രാം ആയിരിക്കും. അതായത് 0.06%. (സ്ത്രീകളില്‍ അല്പം വ്യത്യസ്തമായ തോതിലാണ് മദ്യം ദഹിക്കുന്നത്. )

0.12% ത്തില്‍ താഴെയാണ് ആല്‍ക്കഹോള്‍ ലെവലെങ്കില്‍ ആദ്യഘട്ടത്തിലെ “പിരുപിരുപ്പും”, ആനന്ദവും പിന്നെ വാചകമടിയും പൊട്ടിച്ചിരിയും, ഒരിത്തിരി കുഴച്ചിലും ഒക്കെ ഉണ്ടാവുന്നു. ഈ പരുവത്തില്‍ അടി നിര്‍ത്തുന്നതാണ് സാമൂഹികാരോഗ്യത്തിനു നല്ലത് 😉 0.1% ല്‍ താഴെ നിര്‍ത്തിയാല്‍ ആടിക്കുഴയുന്ന പരുവത്തിലെങ്കിലും പോരാം . ഇത് മൂത്ത് മൂത്ത് 0.30%-0.40% വരെയൊക്കെ പോയാല്‍ – ആഹാ… അവനെയല്ലോ നാം “പാമ്പ്” എന്നു വിളിക്കുക. സ്വര്‍ഗ്ഗരാജ്യം അവനുള്ളതാകുന്നു…!

വീശലും ശാരീരിക പ്രതികരണങ്ങളും :ചിത്രം ക്ലിക്കി വലുതാക്കി കാണുക

ഈ ശതമാനക്കണക്കൊന്നും നോക്കി വെള്ളമടിക്കാന്‍ ആരെക്കൊണ്ടുമാവില്ല. അതുകൊണ്ട് ശാരീരിക പ്രതികരണങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ അവനവന്‍ തന്നെ നിരീക്ഷിക്കുകയും പരിധി സൂക്ഷിക്കുകയും ചെയ്താല്‍ നല്ലത് എന്നേ പറയാനാവൂ (ചില ‘ടിപ്പുകള്‍ ’ പോസ്റ്റിന്റെ അവസാനം കൊടുത്തിട്ടുള്ളത് നോക്കുക). US National Institute on Alcohol Abuse and Alcoholism-ന്റെ നിരീക്ഷണത്തില്‍ മിതമായ വെള്ളമടി എന്നാല്‍ പ്രതി ദിനം 2 ഡ്രിങ്കില്‍ താഴെ എന്നതാണ്. പരിധിവിട്ടുള്ള “കിണ്ടിയാവല്‍ എന്നാല്‍ 2 മണിക്കൂറിനുള്ളില്‍ 5 ഡ്രിങ്ക് (വാറ്റ് മദ്യം) എന്ന തോതിലുള്ള വീശലും. (സ്ത്രീകളില്‍ 4 ഡ്രിങ്ക്)

‘ഹൃദയ’രാഗ രമണ ദു:ഖം

മിതമായ തോതില്‍ – എന്നൂച്ചാ പ്രതിദിനം 2 ഡ്രിങ്കില്‍ താഴെ – അടിക്കുന്നവരില്‍ ഹൃദ്രോഗ സാധ്യത കുറയുന്നു എന്ന് അനവധി പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്. ആദ്യം ഈ ഇഫക്റ്റ് തെളിയിക്കപ്പെട്ടത് വീഞ്ഞിലാണെങ്കിലും പിന്നീട് പലരാജ്യങ്ങളിലായി നടന്ന ഗവേഷണങ്ങളില്‍ ഈ മെച്ചം എല്ലാത്തരം മദ്യങ്ങളിലും ഉണ്ട് എന്ന് കണ്ടെത്തി. HDL എന്നുവിളിക്കുന്ന ‘ഉപകാരി’ കൊളസ്റ്റെറോള്‍ ‘മിതമദ്യപാനി’കളില്‍ വര്‍ദ്ധിക്കുന്നുണ്ട്. മാത്രവുമല്ല, ധമനികളില്‍ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യതയും, ധമനികള്‍ക്കുള്ളില്‍ കാലപ്പഴക്കം കൊണ്ടു വരുന്ന നീര്‍ക്കെട്ടുമൊക്കെ(inflammatory changes) മിതമായി മദ്യപിക്കുന്നവരില്‍ കുറവാണ്. രക്തക്കട്ട അലിയാനും മിതമായ അളവിലെ മദ്യം സഹായിക്കുമെന്നതിനാല്‍ ധമനികളിലെ രക്തക്കട്ട മൂലമുള്ള മസ്തിഷ്കാഘാത(സ്ട്രോക്ക്) സാധ്യതയും ഇവരില്‍ കുറവാണ് എന്നു കണ്ടിട്ടുണ്ട്.
ഇക്കാരണങ്ങളാലാവാം, പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ചില പഠനങ്ങളില്‍ മദ്യപിക്കാത്തവരെ അപേക്ഷിച്ച് മിതമായി മദ്യപിക്കുന്നവരില്‍ ധമനികളിലെ ബ്ലോക്ക് മൂലമുള്ള ഹൃദ്രോഗസാധ്യത 30%ത്തോളം കുറവാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ളത്.
എന്നാല്‍ പഠനങ്ങളെ വളച്ചൊടിക്കുന്ന വേന്ദ്രന്മാര്‍ എവിടെയും തക്കം പാര്‍ത്തിരുപ്പാണല്ലോ. ഇതുവരെ കുടിക്കാത്തവരോട് ഹൃദയാരോഗ്യത്തിനു വേണ്ടി മദ്യപാനം ആരംഭിക്കാന്‍ ഈ പഠനം നിര്‍ദ്ദേശിക്കുന്നു എന്ന് പറഞ്ഞ് ആഘോഷം തുടങ്ങാന്‍ വലിയ താമസമുണ്ടായില്ല.ഇപ്പോഴും അതിന്റെ അലയൊലികള്‍ അടങ്ങിയിട്ടില്ല.

മിതമായ നിലയില്‍ മദ്യപാനം തുടങ്ങാനും മുന്നോട്ട് കൊണ്ടു പോകാനും മിക്കവര്‍ക്കും പ്രായോഗികമായി കഴിയാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രതി ദിനം മൂന്ന് ഡ്രിങ്കോ അതിനു മേലോ വീശുന്നവരുടെ രക്ത സമ്മര്‍ദ്ദം ഒറ്റയാഴ്ച കൊണ്ട് 10mmHgയോളം ഉയരുന്നു. സിമ്പതെറ്റിക് നാഡികളില്‍ നിന്നുമുള്ള അഡ്രീനലിന്‍/നോര്‍ അഡ്രീനലിന്‍ ഉത്സര്‍ജ്ജനങ്ങള്‍ വര്‍ദ്ധിക്കുന്നു. രക്താതിസമ്മര്‍ദ്ദത്തിനു കഴിക്കുന്ന മരുന്നു പോലും ഇത്തരക്കാരില്‍ ഫലപ്രദമായി മര്‍ദ്ദം നിയന്ത്രിക്കുന്നില്ല.
മിതമായ അളവിലും ഉയര്‍ന്ന സ്ഥിരം മദ്യപാനം ഹൃദയ പേശികളുടെ ചുരുങ്ങാനും വികസിക്കാനുമുള്ള കഴിവ് കുറച്ച് അവയെ തളര്‍ത്തുന്നു. കാര്‍ഡിയോ മയോപ്പതിയിലേക്കുള്ള വഴിയാണ് അത്.ഹൃദയ അറകളുടെ വീക്കം, ഹൃദയത്തിനുള്ളില്‍ രക്തം കട്ടപിടിക്കല്‍ , ഹൃദയതാളത്തില്‍ അകാരണമായി വരുന്ന പിഴവുകള്‍ ഇങ്ങനെ ഒത്തിരി പ്രശ്നങ്ങള്‍ വെള്ളമടികാരണം ഉണ്ടാവുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ആഴ്ചയറുതിക്ക് അടിച്ച് കിണ്ടിയാകുന്ന സംസ്കാരം കൂടുതലുള്ള രാജ്യങ്ങളില്‍ (ജര്‍മ്മനി, റഷ, സ്കോട്ട്ലന്റ്) വീക്കെന്റിനു ശേഷമുള്ള ദിവസങ്ങളില്‍ ഹൃദയാഘാതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കൂടുതലാണെന്ന് ലോകാരോഗ്യ സംഘടനയുടെ തന്നെ കണക്കുകള്‍ കാണിക്കുന്നു.

സാധാരണ ആരോഗ്യമുള്ള ഹൃദയത്തില്‍ മിതമായ അളവിലെ മദ്യം ചെയ്യുന്ന ഗുണങ്ങള്‍ ഹൃദ്രോഗമോ വര്‍ദ്ധിച്ച കൊളെസ്റ്റ്രോള്‍ നിലയോ പാരമ്പര്യമായുള്ളവരിലും ഹൃദയാഘാതം, ആഞ്ചൈന, ബ്ലോക്കുകള്‍ എന്നിവ ഉള്ളവരിലും ദോഷങ്ങളായാണ് ഭവിക്കാറ് എന്ന് പഠനങ്ങള്‍ പറയുന്നു. എല്ലായിടത്തോട്ടും രക്തം പമ്പുചെയ്യുന്നവനെങ്കിലും ഹൃദയത്തിനു അതിന്റെ പ്രവര്‍ത്തനത്തിനായി കിട്ടുന്ന രക്തം മറ്റ് അവയവങ്ങളെ അപേക്ഷിച്ചു നോക്കിയാല്‍ തീരെ കുറവാണ്. ഉള്ള രക്തത്തില്‍ നിന്ന് തന്നെ പരമാവധി (80%ത്തോളം!) പ്രാണവായു വലിച്ചെടുത്താണ് ഹൃദയം ഈ കളിയത്രയും കളിക്കുന്നത്. മേല്‍പറഞ്ഞ ഹൃദ്രോഗാവസ്ഥകളുള്ളവരില്‍ വ്യായാമം ചെയ്യുമ്പോള്‍ ഹൃദയത്തിനു പ്രവര്‍ത്തിക്കാന്‍ വേണ്ടി വരുന്ന പ്രാണവായുവിന്റെ അളവ് കൂടുതലായിരിക്കും. മദ്യം കൂടെ ഉണ്ടെങ്കില്‍ ഈ അളവ് പിന്നെയും ഉയരുന്നു. സ്വതേ ദുര്‍ബല, ഇപ്പോ ഗര്‍ഭിണീം എന്നതാവും ഫലം!

ഈ സംഗതികളൊക്കെക്കൂടി കണക്കിലെടുക്കുമ്പോള്‍ നിലവില്‍ വെള്ളമടി ശീലമില്ലാത്തവര്‍ ഹൃദയാരോഗ്യത്തിനെന്നു പറഞ്ഞ് പുതുതായി വെള്ളമടി തുടങ്ങുന്നതിനെ ഒരു രീതിയിലും വൈദ്യശാസ്ത്രം ന്യായീകരിക്കുന്നില്ല. മാത്രവുമല്ല പാരമ്പര്യമായി ഹൃദ്രോഗമുള്ളവര്‍ , ഉയര്‍ന്ന കൊളസ്റ്റ്രോള്‍ , മധുമേഹം (ഡയബീടിസ്), ഹൃദയബ്ലോക്കുകള്‍ എന്നിവ ഉള്ളവര്‍, ആഞ്ചിയോപ്ലാസ്റ്റി, വാല്‍വ് ശസ്ത്രക്രിയ, ഹൃദയം മാറ്റിവയ്ക്കല്‍ എന്നിവ കഴിഞ്ഞവര്‍, ഹൃദ്രോഗത്തിന് (Aspirin പോലുള്ള) മരുന്നുകള്‍ കഴിക്കുന്നവര്‍ എന്നിങ്ങനെയുള്ളവരൊന്നും ഒരു അളവിലും മദ്യപിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നുമില്ല.

എരിയുന്നകരളേ… പുകയുന്ന ഞരമ്പേ… വരളുന്ന പോക്കറ്റേ

കരളിലാണ് ആല്‍ക്കഹോളിന്റെ ദഹനം പ്രധാനമായും നടക്കുന്നതെന്ന് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജത്തിന് വേണ്ടുന്ന ഗ്ലൂക്കോസിനെ ശേഖരിച്ചു വയ്ക്കുന്നതും കരളാണ്. കരളിലെ മദ്യത്തിന്റെ ദഹനപ്രക്രിയയില്‍ ഓക്സിജന്‍ വേഗം ഉപയോഗിച്ചു തീര്‍ക്കപ്പെടുന്നതു മൂലം കൊഴുപ്പിന്റെ കണികകളെ കരളിനു ശരിയാം വണ്ണം ദഹിപ്പിക്കാന്‍ സാധിക്കാതെ വരുന്നു. ഇങ്ങനെ ദഹിപ്പിക്കാനാവാതെ വരുന്ന കൊഴുപ്പ് എണ്ണത്തുള്ളികളായി കരള്‍ കോശങ്ങളിലടിയുമ്പോള്‍ ഫാറ്റീ ലിവര്‍ എന്ന അവസ്ഥയുണ്ടാകുന്നു.
കുടി നിര്‍ത്തുന്നവരില്‍ ഈ മാറ്റം കുറേശ്ശെയായി ശരിയായി വരുമെങ്കിലും സ്ഥിരം കുടിയന്മാരില്‍ ഇത് കരള്‍ വീക്കത്തിലേക്ക് പോകുന്നു (ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ്). കരള്‍ കോശങ്ങള്‍ നശിക്കുകയും മുറിവുണങ്ങുമ്പോള്‍ ഉണ്ടാകുന്ന ‘പൊരിക്ക’ പോലുള്ള വസ്തു വന്ന് നിറയുകയും ചെയ്യുന്നതോടെ കരള്‍ ചുരുങ്ങി സിറോസിസ് എന്ന അവസ്ഥയിലാകുന്നു. കടുത്ത മഞ്ഞപ്പിത്തം, അന്നനാളത്തിലും ആമാശയത്തിലും രക്തസ്രാവം, രക്തം ഛര്‍ദ്ദിക്കല്‍ എന്നിവ വന്ന് രോഗി മരണമടയുന്നു. കുടിയന്മാരില്‍ 20%ത്തോളം മരിക്കുന്നത് ഈ ഭീകരമായ അവസ്ഥയിലേക്ക് വഴുതിയാണ്.
ആഗ്നേയ ഗ്രന്ഥി (pancreas)നെയാണ് മദ്യം രൂക്ഷമായി ബാധിക്കുക.ആഗ്നേയഗ്രന്ഥിയുടെ നീരുവീക്കമായ പാന്‍ക്രിയാറ്റൈറ്റിസ് ആണ് മനുഷ്യനെ വേദനിപ്പിക്കുന്ന അസുഖങ്ങളില്‍ ഒന്നാമനെന്നാണ് വയ്പ്പ്. (പ്രസവവേദനയാണെന്നും ഒരു പക്ഷമുണ്ട് 😉 അതികഠിനമായ വയറ് വേദനയായിട്ടാണ് ഇത് വരുന്നത്. രൂക്ഷമായ ദഹനശേഷിയുള്ള രസങ്ങള്‍ പലതും അടങ്ങിയ ഒരു ചെപ്പാണ് ആഗ്നേയഗ്രന്ഥി. നീര്‍വീക്കം വരുന്നതോടെ ഈ ദഹനരസങ്ങള്‍ രക്തത്തിലേക്ക് ഒഴുകുന്നു, ശരീരത്തെ സ്വയം കാര്‍ന്നു തിന്നുന്ന അവസ്ഥ സംജാതമാകുന്നു. രക്തക്കുഴലോ മറ്റോ ഈ ദഹനരസത്തിന്റെ ഫലമായി ദ്രവിച്ചു പോയാല്‍ … സ്വാഹ!
ഞരമ്പുകളുടെ സ്വാഭാവിക പ്രവര്‍ത്തനത്തിനു വേണ്ടുന്ന ഒന്നാണ് ബി-വര്‍ഗ്ഗത്തിലുള്ള വൈറ്റമിനുകള്‍ . തയമീന്‍ (thiamine) ആണിതില്‍ മുഖ്യം. സ്ഥിരം കുടിയന്മാരില്‍ ആഹാരത്തിന്റെ കുറവിനാല്‍ ഈ ധാതു വേഗം കുറയുന്നു. സ്വാഭാവികമയും ഞരമ്പുകളുടെയും ചില മസ്തിഷ്കഭാഗങ്ങളുടെയും പ്രവര്‍ത്തന ശേഷി തകരാറിലാവുന്നു.
ഈ വക ഭീകരന്മാരുടെയൊക്കെ മേലെയാണ് മദ്യവും പുകവലി/മുറുക്കും ചേര്‍ന്നുണ്ടാക്കുന്ന ക്യാന്‍സര്‍ സാധ്യത. വായിലെയും തൊണ്ടയിലെയും അന്നനാളത്തിലെയും ആമാശയത്തിലെയും ചര്‍മ്മത്തെ സ്ഥിരമായ മദ്യവും പുകവലിയും ചേര്‍ന്ന് “ചൊറിയുന്നു”. ഈ irritation ക്യാന്‍സറിനു വഴിവയ്ക്കുകയും ചെയ്യുന്നു. മറ്റു പല ക്യാന്‍സറുകളുടെയും കാരകന്മാരിലൊന്ന് മദ്യമാണെങ്കിലും നേരിട്ടുള്ള ഒരു കാര്യ-കാരണബന്ധം പലതിലും തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകാന്‍ മദ്യത്തില്‍ നിന്നുമുണ്ടാകുന്ന ഉപ-രാസവസ്തുക്കള്‍ പരോക്ഷമായി പ്രോത്സാഹിപ്പിക്കുന്നുണ്ട് എന്ന് പഠനങ്ങളില്‍ വ്യക്തമാണ്.

‘അയ്യപ്പ’ബൈജുവിന്റെ ജാതകം

മിക്ക മാനസികരോഗങ്ങളേയും പോലെ മദ്യാസക്തിയും മനുഷ്യജനിതകത്തില്‍ വേരുകളുള്ള ഒരു രോഗാവസ്ഥയാണ്. സ്ഥിരം കുടിയന്മാരില്‍ ഏതാണ്ട് 10 – 15%ത്തോളം പേര്‍ മുഴുക്കുടിയന്മാരും മദ്യത്തിനടിമകളുമായി തീരുന്നുവെന്നാണ് കണക്ക്. മദ്യമുള്‍പ്പടെയുള്ള ലഹരികള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ‘സുഖാനുഭൂതി’ ആളുകളില്‍ വ്യത്യസ്തമായിരിക്കും. അതിനു കാരണം, നേരത്തേ പറഞ്ഞ “ആനന്ദലഹരിയുടെ” മസ്തിഷ്ക മേഖലകളും പ്രവര്‍ത്തിക്കുന്നത് വ്യത്യസ്ത രീതിയിലാകുന്നതാണ് . അതിനും കാരണം ആ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കുന്ന ജീനുകളുടെ ഈഷദ് വ്യത്യാസവും. ഒരേ ജീന്‍ പകര്‍പ്പുകള്‍ പങ്കിടുന്ന ഇരട്ടക്കുട്ടികളിലെയും കുടുംബാംഗങ്ങളിലെയും പഠനങ്ങള്‍ കാണിക്കുന്നത് മദ്യപാനാസക്തി ജീനുകളിലൂടെ തലമുറകളിലേക്ക് കൈമാറപ്പെടുന്ന ഒരു അവസ്ഥയാണെന്നത്രെ. അതിവൈകാരികമായി (എടുത്തുചാട്ടം?) പ്രതികരിക്കുക, സാധാരണയില്‍ കവിഞ്ഞ അളവില്‍ മദ്യം കഴിച്ചാല്‍ മാത്രം ലഹരി തോന്നുക, പുകവലിയടക്കമുള്ള ലഹരികളോട് താല്പര്യം എന്നിങ്ങനെ ചില സ്വഭാവവിശേഷങ്ങളും ജനിതകതലത്തില്‍ മദ്യപാനപ്രവണതയുള്ളവരില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പഠനങ്ങളെ ആറ്റിക്കുറുക്കിയാല്‍ മദ്യത്തിനടിപ്പെട്ട അച്ഛനോ അമ്മയ്ക്കോ ജനിക്കുന്ന കുട്ടിയും അനുകൂല സാഹചര്യങ്ങളില്‍ മദ്യത്തിനടിപ്പെടാനുള്ള സാധ്യത ഏതാണ്ട് 60 % ആണ് എന്ന് !

ദീര്‍ഘകാലം മദ്യമുപയോഗിക്കുന്നവരില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ കാണപ്പെടാറുണ്ട് : 1. കരളില്‍ ആല്‍ക്കഹോള്‍ ദഹിപ്പിക്കുന്നതിന്റെ തോതിലുണ്ടാകുന്ന വര്‍ദ്ധന. മദ്യം ഇങ്ങനെ വേഗം ദഹിക്കുമ്പോള്‍ കുറഞ്ഞ അളവില്‍ തന്നെ കിക്ക് കിട്ടിയിരുന്ന ആദ്യനാളുകള്‍ക്ക് ശേഷം ക്രമേണ അളവ് കൂട്ടിയാലേ പഴയത് പോലുള്ള കിക്ക് കിട്ടൂ എന്നാവുന്നു. ഇത് പക്ഷേ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുന്ന ഒരു പ്രതിഭാസമത്രെ. 2. മദ്യത്താല്‍ ഉത്തേജിതരോ നിസ്തേജിതരോ ആക്കപ്പെടുന്ന നാഡികള്‍ മദ്യപാനശീലങ്ങള്‍ക്കനുസൃതമായി സ്വയം മാറുന്നു. ആദ്യകാലത്ത് കുറഞ്ഞ അളവില്‍ ലഹരിയുടെ അനുഭവമുണ്ടായ നാഡികള്‍ക്ക് അതേ അവസ്ഥ ഉണ്ടാക്കാന്‍ ഉയര്‍ന്ന അളവില്‍ മദ്യം വേണ്ടിവരുന്നു. 3. മദ്യപന്റെ മാനസിക ഘടനയില്‍ വരുന്ന മാറ്റം കാരണം സാധാരണ അളവുകളില്‍ ‘വീശി’യാലൊന്നും പഴയ പോലെ ആടിക്കുഴച്ചിലോ സ്വഭാവമാറ്റങ്ങളോ വരുന്നില്ല എന്ന ഘട്ടമെത്തുന്നു. സ്വാഭാവികമായും മദ്യപാനം നിയന്ത്രിക്കുന്നതില്‍ അയാള്‍ പരാജയപ്പെടുകയും ചെയ്യുന്നു.

അമിതമദ്യപാനാസക്തി (Alcohol abuse) മദ്യത്തിനടിമപ്പെടലും (Alcohol dependence) തമ്മില്‍ വ്യത്യാസമുണ്ട്. ഒരാള്‍ മദ്യത്തിനടിമപ്പെടുക എന്നു പറയണമെങ്കില്‍ ചില ലക്ഷണങ്ങളുണ്ട്: മുന്‍പുപയോഗിച്ചിരുന്നതിലും ഉയര്‍ന്ന അളവിലും സമയത്തേക്കും മദ്യം ഉപയോഗിക്കുക, മദ്യം ഉപയോഗിക്കാതിരുന്നാല്‍ വിറയലും വിഭ്രാന്തിയും മറ്റു ലക്ഷണങ്ങളും കാണിക്കുക, മദ്യപാനം അനിയന്ത്രിതമാകുക, മദ്യപാനത്തെപറ്റിയും മദ്യം കിട്ടാനുള്ള വഴികളെപ്പറ്റിയുമൊക്കെ ആലോചിച്ച് അധികസമയവും ചെലവാക്കുക, മദ്യമുപയോഗിക്കുന്നതിനു വേണ്ടി ജീവിതത്തിലെ പല പ്രധാന സംഗതികളും മാറ്റിവയ്ക്കുക,തന്റെ മാനസിക/ശാരീരിക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണം മദ്യമാണെന്നറിഞ്ഞിട്ടു പോലും മദ്യപാനം ഉപേക്ഷിക്കാന്‍ വയ്യായ്ക എന്നിവയാണ് പ്രധാനം. ഈ വക ലക്ഷണങ്ങള്‍ 12 മാസമോ അതില്‍ക്കൂടുതലോ ആയി അലട്ടുന്നവരെയാണ് വൈദ്യശാസ്ത്രം മദ്യത്തിനടിമപ്പെട്ടവര്‍ എന്ന് വിളിക്കുന്നത്. അമിതമദ്യപാനാസക്തരുടെ പ്രശ്നം ഇത്രയും രൂക്ഷമല്ല. അവരെ ചികിത്സിക്കാനും കുറച്ചുകൂടി എളുപ്പമാണ്.

സാധാരണ മദ്യപാനസംബന്ധിയായ മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് വൈദ്യന്‍ പരീക്ഷിക്കുന്നത് ഡോ:ജോണ്‍ യൂവിംഗ് വികസിപ്പിച്ച ലളിതമായ 4 ചോദ്യങ്ങളിലൂടെയാണ് (CAGE questionnaire):

  1. നിങ്ങളുടെ ഇപ്പോഴത്തെ കുടിയുടെ അളവ് കുറയ്ക്കണം എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ?
  2. നിങ്ങളുടെ മദ്യപാനശീലത്തെ മറ്റുള്ളവര്‍ വിമര്‍ശിക്കുന്നത് നിങ്ങളെ അസ്വസ്ഥനാക്കിയിട്ടുണ്ടോ ?
  3. നിങ്ങളുടെ മദ്യപാനത്തെയോര്‍ത്ത് നിങ്ങള്‍ എപ്പോഴെങ്കിലും പശ്ചാത്തപിച്ചിട്ടുണ്ടോ ?
  4. കാലത്തെഴുന്നേറ്റാല്‍ പതിവ് ജോലികളാരംഭിക്കും മുന്‍പ് ‘ഉണര്‍വി’നായി ഒരു ഡ്രിങ്കെടുക്കണമെന്ന് തോന്നിയിട്ടുണ്ടോ ?

ഈ ചോദ്യങ്ങളില്‍ 2 എണ്ണത്തിനെങ്കിലും “അതേ” എന്നാണുത്തരമെങ്കില്‍ നിങ്ങള്‍ക്ക് അമിതമദ്യപാന സംബന്ധിയായ പ്രശ്നങ്ങളുണ്ട് എന്ന് പറയാം. അങ്ങനെയുള്ളവര്‍ കൂടുതല്‍ വിശദമായ ടെസ്റ്റുകള്‍ക്കും കൌണ്‍സലിങ്ങിനും വിധേയരാകുന്നതാവും നല്ലത്.

അമിതമദ്യപാനത്തെ മാനസിക രോഗാവസ്ഥയായിട്ടാണ് ചികിത്സിക്കാറ്. അതുകൊണ്ടു തന്നെ രോഗിയുടെ പരമാവധി സഹകരണം ഇതിനാവശ്യവുമുണ്ട്. ലഹരിയാല്‍ സ്വാധീനിക്കപ്പെടുന്ന നാഡീവ്യൂഹങ്ങളെ പഴയ അവസ്ഥയിലേക്ക് എത്തിക്കുകയെന്നത് എളുപ്പമല്ല. കടുത്ത കരള്‍ രോഗമോ നാഡീക്ഷയമോ ഒക്കെ വരുന്ന ആതുരാവസ്ഥയില്‍ മദ്യപാനശീലം കൈവിടാന്‍ രോഗി തയ്യാറായാല്‍ തന്നെയും അല്‍പ്പം ആരോഗ്യം വീണ്ടെടുക്കുന്നതോടെ പഴയ ശീലത്തിലേക്ക് തിരിച്ചു പോകും. ആല്‍ഡിഹൈഡ് ഡീഹൈഡ്രജിനേയ്സ് എന്ന രാസത്വരകത്തെ തടയുന്ന ഡൈസള്‍ഫിറാം (disulfiram) എന്ന മരുന്ന് രോഗിയുടെ സമ്മതത്തോടെ കൊടുക്കുന്നു. ഈ മരുന്ന് കഴിക്കുന്നയാള്‍ മദ്യപിച്ചാല്‍ ആല്‍ക്കഹോള്‍ ആല്‍ഡിഹൈഡ് ആയി ശരീരത്തില്‍ കെട്ടിക്കിടക്കാനിടവരുകയും തന്മൂലം രോഗിക്ക് കടുത്ത ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെടുകയും ചെയ്യുന്നു. ഇത് അയാളെ കൂടുതല്‍ മദ്യപിക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുമെന്നാണ് സിദ്ധാന്തം. ഇതിനു പാര്‍ശ്വഫലങ്ങളൊത്തിരിയുള്ളതിനാല്‍ ഇപ്പോള്‍ അപൂര്‍വ്വമായേ ഉപയോഗിക്കുന്നുള്ളൂ. മദ്യപാനം പെട്ടെന്ന് നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന കൈവിറയല്‍, വിഭ്രാന്തി, ആകാംക്ഷ, ഡിപ്രഷന്‍ എന്നിവയ്ക്കാണ് പ്രധാനമായും മരുന്നുകള്‍ നല്‍കുക. എല്ലാറ്റിലും പ്രധാനം ഭാവിയില്‍ മദ്യപാനത്തിലേയ്ക്ക് വഴുതാനുള്ള സാഹചര്യങ്ങളെ എങ്ങനെ നേരിടാം എന്ന കൌണ്‍സലിങ്ങാണ്.മറ്റേതൊരു മാനസികരോഗവും പോലെ ബന്ധുമിത്രാദികളുടെ പൂര്‍ണസഹകരണമില്ലാതെ ഇത് ചികിത്സിക്കുക അസാധ്യമാണ് എന്നും നാമോര്‍ക്കേണ്ടതുണ്ട്.

താത്തയുടെ കവറും ആലിലക്കണ്ണനും

മെത്ഥില്‍ ആല്‍ക്കഹോള്‍ (Methyl Alcohol) അഥവാ മെത്ഥനോള്‍ ആണ് സര്‍ജ്ജിക്കല്‍ സ്പിരിറ്റ് എന്ന പേരില്‍ കിട്ടുന്ന, അണുനാശന/ശുചീകരണ ഉപയോഗങ്ങള്‍ക്കുള്ള സ്പിരിറ്റിന്റെ ഒരു ഘടകം . മെത്ഥില്‍ ആല്‍ക്കഹോള്‍ എത്ഥനോളിനേപ്പോലല്ല, മാരക വിഷമാണ് ജന്തുക്കളില്‍. പെയിന്റ് നിര്‍മ്മാണത്തിനും ശുചീകരണ ദ്രാവകങ്ങള്‍ക്കും പ്ലാസ്റ്റിക്കും പ്ലൈവുഡും നിര്‍മ്മിക്കാനുമൊക്കെ മെത്ഥനോള്‍ ഉപയോഗിക്കുന്നു.
വ്യാവസായികാടിസ്ഥാനത്തില്‍ സ്പിരിറ്റ് നിര്‍മ്മിക്കുമ്പോള്‍ അത് മദ്യമുണ്ടാക്കാനായി ഉപയോഗിക്കാതിരിക്കാന്‍ മെത്ഥില്‍ ആല്‍ക്കഹോള്‍ (methanol) അതില്‍ ചേര്‍ക്കുന്നു. ഈ ‘മെത്ഥിലേറ്റഡ് സ്പിരിറ്റാ’ണ് ചില അണ്ണന്മാര് കടത്തിക്കൊണ്ടുപോയി ചാരായത്തില്‍ ചേര്‍ക്കുന്നത്. മെത്ഥിലേറ്റ് ചെയ്തതാണെന്ന് അറിയാതെയാണ് ഇത് ചെയ്യുന്നതെങ്കിലും വില്‍ക്കുന്ന കവറ് താത്തമാര്‍ ഒടുക്കം ആളെകൊല്ലുന്നു. കവറ് താത്തമാര്‍ മാത്രമല്ല, വിദേശരാജ്യങ്ങളില്‍ ഈ സാധനം പാചകവാതകരൂപത്തില്‍ (sterno) കിട്ടുന്നതും ഇതുപോലെ ആളുകള്‍ വാറ്റിയടിക്കാറുണ്ട്. വലിയ അളവില്‍ അടിക്കുന്നവന്‍ ഭാഗ്യവാന്മാരാണ്: എളുപ്പം സിദ്ധികൂടും. ചെറിയ അളവില്‍ അടിക്കുന്നവന്റെ കണ്ണടിച്ചു പോവും, കരള്‍ വെന്തും !
മുന്‍പേ പറഞ്ഞ ആല്‍ക്കഹോള്‍ /ആല്‍ഡിഹൈഡ് ഡീഹൈഡ്രജനേയ്സ് എന്‍സൈമുകള്‍ തന്നെ ഈ മെത്ഥനോളിനെ ഫോര്‍മാല്‍ഡിഹൈഡും പിന്നെ ഫോര്‍മിക് ആസിഡും ആക്കും. രണ്ടും നല്ല തങ്കപ്പെട്ട സ്വഭാവക്കാര്‍ . ഞരമ്പുകളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയെന്നതാണ് ഫലം. പ്രധാനമായും ഊര്‍ജ്ജോല്പ്പാദന പ്രക്രിയ വേഗം തകരാറിലാവാന്‍ സാധ്യതയുള്ള കണ്ണിന്റെ നാഡീനാരുകളില്‍ . വ്യാജനടിച്ച് ആലിലക്കണ്ണനാഹറത് ഇപ്പടി താന്‍.
മെത്ഥനോളിനെ ആല്‍ഡിഹൈഡ് രൂപമാകുന്നതില്‍ നിന്ന് തടയുന്നതാണ് ചികിത്സയുടെ മര്‍മ്മം. അതിനു നല്ല മദ്യത്തിലടങ്ങിയ എഥനോള്‍ തന്നെ രോഗിക്ക് കൊടുക്കും. വ്യാജമദ്യദുരന്തം ഉണ്ടായാല്‍ മെഡിക്കല്‍ കോളെജ് കാഷ്വാല്‍റ്റിയിലെ കൂട്ടപ്പെരളിക്കിടയില്‍ ഇത്തിരി ഒറിജിനല്‍ അടിക്കാന്‍ ഓടി വന്ന് കിടക്കുന്ന വേന്ദ്രന്മാരുമുണ്ട് ! (ഇപ്പോ fomepizole എന്ന മരുന്നും ലഭ്യമാണ്.)

മദ്യപാനപ്പിറ്റേന്നത്തെ “ഹാംഗ് ഓവര്‍ ”

[എഡിറ്റ്] മദ്യപാനത്തിനു ശേഷമുള്ള “ഹാംഗ് ഓവറി”നെക്കുറിച്ച് പലരും കമന്റുകളില്‍ സംശയം ചോദിച്ചതിനാല്‍ ഒരു ചെറു കൂട്ടിച്ചേര്‍ക്കല്‍ ഇവിടെ:
മദ്യത്തിന്റെ ആദ്യഘട്ട ദഹനത്തില്‍ ഉണ്ടാകുന്ന ആല്‍ഡിഹൈഡ് ആണ് ഹാംഗ് ഓവറിനു പ്രധാനകാരണം എന്ന് മുകളില്‍ പറഞ്ഞു. ഇവയെ രണ്ടാംഘട്ട ദഹനത്തിനു വിധേയമാക്കാന്‍ കരള്‍ കൂടുതല്‍ സമയമെടുക്കുന്നു. വിശേഷിച്ച് വലിയ അളവില്‍ മദ്യപിക്കുമ്പോള്‍ (ഇത് വീശുന്നവന്റെ ശാരീരികപ്രകൃതി പോലിരിക്കും). ആല്‍ക്കഹോള്‍ മുഴുവനും രക്തത്തിലേക്ക് ആഗിരണം ചെയ്തുകഴിഞ്ഞാലും ആല്‍ഡിഹൈഡ് ഏതാണ്ട് 6-10 മണിക്കൂറോളം രക്തത്തില്‍ ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. ആല്‍ഡിഹൈഡ് ആണ് തലക്കനം, തലക്കറക്കം,ഓക്കാനം എന്നിവ ഉണ്ടാക്കുന്നതില്‍ മുന്‍പന്‍. ആല്‍ഡിഹൈഡോളം തന്നെ പ്രധാനമായ മറ്റൊരു കാരണം ആല്‍ക്കഹോള്‍ ഉണ്ടാക്കുന്ന നിര്‍ജ്ജലീകരണമാണ് (dehydration). രക്തത്തിലെ വെള്ളവും ലവണങ്ങളും മൂത്രമായി നഷ്ടപ്പെടാനും ആല്‍ക്കഹോള്‍ കാരണമാകുന്നു. (മൂത്രം ഒഴിച്ചു കളഞ്ഞില്ല എന്നു വച്ച് ഇതു സംഭവിക്കാതിരിക്കില്ല കേട്ടോ; ആ വെള്ളം വൃക്കയിലെ ട്യൂബ്യൂളുകളിലും മൂത്രസഞ്ചിയിലുമായി നഷ്ടപ്പെട്ടാലും ഇതു തന്നെ അവസ്ഥ)

മദ്യങ്ങള്‍ വാറ്റുമ്പോള്‍ ഉണ്ടാകുന്ന ടാനിനുകളും മറ്റ് അശുദ്ധപദാര്‍ത്ഥങ്ങളും ഹാംഗോവറുകള്‍ക്ക് ഒരു കാരണമാണ്. കണ്‍ജീനേഴ്സ് എന്ന് വിളിക്കപ്പെടുന്ന ഇവ വര്‍ഷങ്ങള്‍ പഴക്കിയെടുത്ത വാറ്റു മദ്യങ്ങളിലാണ് കൂടുതല്‍ . പല മദ്യങ്ങള്‍ മിക്സ് ചെയ്തു കഴിക്കുമ്പോള്‍ ഇങ്ങനെയുള്ള പലതരം ‘അശുദ്ധ’ പദാര്‍ത്ഥങ്ങളും കലര്‍ന്ന് ഉള്ളില്‍ പോകുന്നതിനാലാവാം, ‘കെട്ടും’ കൂടുതലായിക്കാണുന്നത്. ഗ്ലൂട്ടമീന്‍ എന്ന നാഡീരസം ഉണര്‍വ്വിനു സഹായിക്കുന്ന മസ്തിഷ്ക രാസവസ്തുവാണ്. ഗ്ലൂട്ടമീന്റെ മസ്തിഷ്കത്തിലെ അളവ് മദ്യപാനസമയത്ത് താഴ്ന്നിരിക്കുകയും മദ്യത്തിന്റെ നേരിട്ടുള്ള “മന്ദിപ്പിക്കലി”ന്റെ ഇഫക്റ്റ് പോയാല്‍ ഉയരുകയും ചെയ്യുന്നു. ഉറക്കത്തെയാണ് ഇത് ബാധിക്കുക. വെള്ളമടികഴിഞ്ഞുള്ള ഉറക്കം പലപ്പോഴും “മുറിഞ്ഞ് മുറിഞ്ഞ്” ആണ് സംഭവിക്കുക – REM stage ഉറക്കം ശരിയാകുന്നില്ല, മൊത്തത്തിലുള്ള ഉറക്കസ്റ്റേജുകളുടെ ക്രമവും തെറ്റുന്നു. ഇവയൊക്കെക്കൂടിച്ചേര്‍ന്നാണ് “ഹാംഗ് ഓവറി”നു രൂപം നല്‍കുക.
ഹാംഗ് ഓവര്‍ സമയത്ത് രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് തീരെ താഴ്ന്നുതുടങ്ങും. കാരണം ആല്‍ക്കഹോള്‍ ഏതാണ്ട് മുഴുവനും തന്നെ ആദ്യഘട്ട ദഹനം കഴിഞ്ഞ് ആല്‍ഡിഹൈഡ് ആയിട്ടുണ്ടാവും. അപ്പോള്‍ ആല്‍ക്കഹോളിന്റെ ആഗിരണം തടയുമെന്ന് വിചാരിച്ച് തൈരോ കരിഞ്ഞ ബ്രെഡ്ഡോ പാലോ കുടിപ്പിച്ചാലൊന്നും പ്രയോജനമില്ല. ആല്‍ഡിഹൈഡ് ഉണ്ടാക്കുന്ന “രക്തക്കുഴല്‍ വികാസം” മൂലം വരുന്ന തലവേദനയെ തടയാന്‍ കാപ്പി ഒരു മറുമരുന്നാണ്. എങ്കിലും കാപ്പി ആല്‍ക്കഹോളിനെ പോലെത്തന്നെ ശരീരജലാംശം കുറയ്ക്കുന്നു.

“കെട്ട്” ഇറങ്ങാന്‍ ശാസ്ത്രീയമായി സാധുതയുള്ള ചില സാധനങ്ങള്‍ ഇവയാണ് :
1.ഏറ്റവും നല്ല മരുന്ന്, വിശ്രമവും, ഉറക്കവും തന്നെയാണ്.
2.പഴച്ചാര്‍ , ഓറഞ്ച് , വാഴപ്പഴം – ഇവയില്‍ പൊട്ടാഷ്യവും മറ്റ് ലവണങ്ങളും ഉള്ളതിനാല്‍ ലവണനഷ്ടം നികത്താം .
3. വെള്ളമടിപ്പിറ്റേന്ന് മുട്ട, തൈര്, പാല് എന്നിവ കഴിക്കുന്നത് – ഇതിലെ സിസ്റ്റീന്‍ എന്ന അമിനോ അമ്ലം ഗ്ലൂട്ടാത്തയോണ്‍ എന്ന മാംസ്യം നിര്‍മ്മിക്കാന്‍ ആവശ്യമുണ്ട്. കരളിന് ആല്‍ഡിഹൈഡിനെ ദഹിപ്പിക്കുവാന്‍ ആവശ്യമുള്ളതാണ് ഗ്ലൂട്ടാത്തയോണ്‍ . എന്നാല്‍ ഈ ‘ഒറ്റമൂലി’ക്ക് പ്രവര്‍ത്തിച്ചു വരാന്‍ സമയമൊത്തിരി എടുക്കും. (മദ്യപാനികള്‍ക്കുള്ള ചില ടിപ്പുകള്‍ താഴെകൊടുത്തിട്ടുള്ളത് കൂടി നോക്കുക)

ഇത്രവായിച്ചിട്ടും ‘കണ്ട്രോള് ’ കിട്ടാത്തവര്‍ക്കായ് ചില മദ്യപാന ടിപ്പുകള്‍
(‘വനിത’ സ്റ്റൈലില്)

മദ്യപാനം മിതമായി മാത്രം: പുരുഷന്മാരില്‍ പ്രതിദിനം 2 ഡ്രിങ്കും സ്ത്രീകള്‍ക്ക് 1 ഡ്രിങ്കും ആണ് പഠനങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പരിധി. രണ്ടാഴ്ച അടിക്കാതിരുന്നിട്ട് എല്ലാ ദിവസത്തേം കൂടി ക്വോട്ടാ ഒറ്റയിരുപ്പിനു അടിക്കുന്ന ആ നമ്പരുണ്ടല്ലോ, അത് കൈയ്യീ വച്ചേരണ്ണാ.പബ്ലിക്കായി അടിച്ചാല്‍ അയ്യപ്പന്‍വിളക്കും വില്ലടിച്ചാമ്പാട്ടും കഴിച്ചിട്ടേ ഇറങ്ങൂ എന്നുറപ്പുള്ളവര്‍ കുടിക്കുമ്പോള്‍ ആഹാരം കൂടെ കഴിക്കുക. ആഹാരം വയറ്റിലെ ആല്‍ക്കഹോളിന്റെ ആഗിരണം പതുക്കെയാക്കുന്നു. മാംസ്യം(പ്രോട്ടീന്‍) കൂടുതലുള്ള ആഹാരമായാല്‍ നല്ലത് : മാംസമോ കപ്പലണ്ടിയോ ഒക്കെ.

ഒരേ വീര്‍പ്പിനിരുന്ന് അടിക്കാതിരിക്കുക. ഡ്രിങ്കുകള്‍ക്കിടയില്‍ ഇടവേളകള്‍ നല്‍കുക. ആ ഗ്യാപ്പില്‍ ആഹാരമോ ജ്യൂസോ കഴിക്കാവുന്നതാണ്. രക്തത്തിലെ മദ്യത്തിന്റെ അളവ് താഴാന്‍ ഇടവേളകള്‍ ഉപകരിക്കും. മാത്രവുമല്ല, പിറ്റേദിവസം കാലത്തുണ്ടാകാന്‍ സാധ്യതയുള്ള തലവേദന, ഓക്കാനം എന്നിവയ്ക്ക് ഒരു കാരണം ശരീര ജലാംശം കുറയുന്നതാണ്. ഇത് ഒരു പരിധിവരെ ഒഴിവാക്കാനും ഡ്രിങ്കുകള്‍ക്കിടയില്‍ മറ്റു ലഹരിരഹിതപാനീയങ്ങള്‍ കഴിക്കുന്നതുകൊണ്ട് സാധിക്കും.

പാര്‍ട്ടികള്‍ക്കും ഒത്തുചേരലുകള്‍ക്കുമൊക്കെ മദ്യപിക്കുമ്പോള്‍ പലപ്പോഴും ഫിറ്റാണോ അല്ലയോ എന്നൊന്നും സ്വയം അറിയാന്‍ പലര്‍ക്കും പറ്റാറില്ല. ഒരു സ്ഥലത്ത് തന്നെയിരുന്ന് മദ്യപിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുക എന്നത് അതിനൊരു പോംവഴിയാണ്. നടപ്പിലും കൈകാലുകളുടെ ചലനങ്ങളിലുമൊക്കെയുള്ള മാറ്റങ്ങള്‍ അറിയാന്‍ ഇതുപകരിക്കും.

‘കെട്ട്’ ഇറങ്ങാന്‍ തൈര് കുടിപ്പിക്കുക, തലയിലൂടെ വെള്ളമൊഴിക്കുക, കാപ്പി കുടിപ്പിക്കുക തുടങ്ങിയ പല വിദ്യകളും പല നാട്ടുകാര്‍ പരീക്ഷിക്കാറുണ്ട്. വിശ്വാസങ്ങള്‍ എന്നല്ലാതെ അവയില്‍ യാഥാര്‍ത്ഥ്യം ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ആല്‍ക്കഹോളിന്റെ രക്ത അളവും അതിനെ “ദഹിപ്പിക്കുന്ന”തിന്റെ തോതും അനുസരിച്ചാണ് ലഹരിയുടെ ഇഫക്റ്റ് കുറഞ്ഞു വരുന്നത്. ബാക്കിയെല്ലാം പടം! (തൈരിനും പാലിനും ലഹരി ഇറക്കാന്‍ കഴിവില്ലെങ്കിലും ഹാംഗ് ഓവര്‍ മാറ്റാന്‍ കഴിവുണ്ട്.)

നിങ്ങള്‍ മദ്യപിക്കുമ്പോള്‍ ആ അന്തരീക്ഷമാണ് മദ്യത്തിന്റെ ഇഫക്റ്റുകളെ എറ്റവും നന്നായി സ്വാധീനിക്കുക. സന്തോഷം നിറഞ്ഞ/ആഘോഷ വേളകളിലെ മദ്യപാനം (തല്‍ക്കാലത്തേയ്ക്കാണെങ്കില്‍ പോലും) ആഹ്ലാദം കൂട്ടുകയും ഊര്‍ജ്ജസ്വലരാക്കുകയും ചെയ്യുമ്പോള്‍ ദു:ഖം നിറഞ്ഞ അന്തരീക്ഷത്തിലെ മദ്യപാനം , ആ സങ്കടം വര്‍ധിപ്പിക്കുന്നതായാണ് പൊതുവേ നിരീക്ഷിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് ദു:ഖിതരേ, വെള്ളമടിച്ച് ദു:ഖം മറക്കാമെന്ന് വിചാരിച്ച് കാശ് കളയണ്ട.

ഏതെങ്കിലുമൊക്കെ രോഗങ്ങള്‍ക്ക് മരുന്നു കഴിക്കുന്നവര്‍ കഴിവതും മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മിക്ക മരുന്നുകളും കരളിലാണ് അവസാനമായി ചയാപചയാപ്രക്രിയകളിലൂടെ ദഹിപ്പിക്കപ്പെടുക. ഇതിനു സഹായിക്കുന്ന രാസത്വരകങ്ങളെ മദ്യം പലവിധത്തില്‍ സ്വാധീനിക്കാമെന്നതിനാല്‍ വളരെയധികം സൂക്ഷിക്കേണ്ടതുണ്ട്.

അധികമായാല്‍ …എന്നല്ല, അല്പമായാല്‍ തന്നെ വിഷമാണ് ഈ ‘അമൃത്’. നിരോധനവും ‘കിട്ടാക്കനി’ ആക്കലുമല്ല ഉത്തരവാദിത്വത്തോടെയുള്ള ആസ്വാദനമാണ് പ്രായോഗികമായിട്ടുള്ളത്.

എഡിറ്റ് :
1.ഈ വിഷയത്തില്‍ ദേവേട്ടന്‍ ആയൂരാരോഗ്യത്തിലെഴുതിയ പഴയ പോസ്റ്റ് ശ്രദ്ധയില്‍ പെടുത്തിയ സുഹൃത്തിനു നന്ദി.2. വായനക്കാരുടെ ചില സംശയങ്ങള്‍ക്ക് ഈ പോസ്റ്റിലെ തന്നെ ഈ കമന്റില്‍ ഉത്തരമെഴുതിയത് നോക്കുക.

*cartoon courtesy: zania dot com

മാംസാഹാരം ശരീരത്തെ ഒറ്റിക്കൊടുക്കുമോ ? (കമന്റ്) നവംബര്‍ 3, 2008

മാംസാഹാരം ശരീരത്തെ ഒറ്റിക്കൊടുക്കുന്നു എന്ന തലക്കെട്ടില്‍ കുറിഞ്ഞി ഓണ്‍ ലൈനില്‍ വന്ന പോസ്റ്റിനുള്ള കമന്റാണിത്. വിഷയം വൈദ്യമായതുകൊണ്ട് ഇവിടെ പോസ്റ്റാക്കി ഇടുന്നു.

കുറിഞ്ഞിയിലെ പോസ്റ്റില്‍ പരാമര്‍ശിക്കപ്പെട്ട പഠനം പ്രൊഫ:അജിത് വര്‍ക്കിയുടെ ദീര്‍ഘകാല ഗവേഷണങ്ങളിലെ ഏറ്റവും പുതിയതായി നേച്ചറില്‍ വന്നതാണ്. അതിന്റെ പശ്ചാത്തലം കൂടിയറിഞ്ഞാല്‍ വിഷയം കൂടുതല്‍ മനസിലാകും:
സയാലിക് ആസിഡുകള്‍ എന്നത് ജന്തുക്കളിലെ കോശസ്തരത്തില്‍ പൊതുവേ കാണപ്പെടുന്ന പഞ്ചസാരപോലുള്ള തന്മാത്രയാണ്. പല രോഗാണുക്കളും പരാദ അണുക്കളും ജന്തു കോശത്തില്‍ പറ്റിപ്പിടിക്കാന്‍ ഈ സയാലിക് ആസിഡ് കണങ്ങളെ ഒരു “കൊളുത്താ”യി ഉപയോഗിക്കാറുണ്ട്. മനുഷ്യവര്‍ഗ്ഗം കുരങ്ങുകളുമായി പരിണാമവഴിയില്‍ പിരിഞ്ഞ ശേഷം ഉണ്ടായ ഏതോ മ്യൂട്ടേഷന്റെ ഫലമായി N-glycolylneuraminic acid (Neu5Gc) എന്ന സയാലിക് ആസിഡ് ഗണത്തില്‍ പെടുന്ന തന്മാത്രകള്‍ നിര്‍മ്മിക്കാനുള്ള കഴിവ് മനുഷ്യശരീരത്തിലെ കോശങ്ങള്‍ക്കില്ലാതായി. മനുഷ്യനൊഴിച്ചുള്ള സസ്തനികളിലെല്ലാം Neu5Gc ഉണ്ട്. അങ്ങനെയിരിക്കെ, ചില മനുഷ്യകോശ പരീക്ഷണങ്ങളില്‍ കുടലിന്റെയും ധമനികളുടെയും ഭിത്തിയിലെ മനുഷ്യകോശങ്ങളില്‍ ഈ Neu5Gc ഉണ്ടെന്ന് കണ്ടു. സ്വയം ഇതുണ്ടാക്കാനുള്ള ജീനുകള്‍ ഇല്ലാതിരിക്കെ, മനുഷ്യനില്‍ ഇത് വന്നതെവിടെനിന്ന് എന്ന്‍ അന്വേഷണമായി. പക്ഷികളിലും മീനിലും ഈ തന്മാത്ര താരതമ്യേന കുറഞ്ഞ തോതിലേ കാണാറുള്ളൂ. സസ്യങ്ങളില്‍ തീരെയില്ല എന്നുതന്നെ പറയാം. മനുഷ്യരെ Neu5Gc ന്റെ ശുദ്ധരൂപം കഴിപ്പിച്ചശേഷം പരിശോധിപ്പിച്ചപ്പോള്‍ അവരുടെ മൂത്രത്തില്‍ ഭാഗികമായി ഇത് വിസര്‍ജ്ജിച്ചതായും കുറേ ഭാഗം ശരീരരോമത്തിലെ കോശത്തിലും മറ്റും കയറിപ്പറ്റിയതായും കണ്ടു. Neu5Gc ധാരാളമായുള്ളത് നാം സാധാരണ ആഹാരമാക്കുന്ന സസ്തനികളുടെ (കാള,പശു,പോത്ത്,ആട്) മാംസത്തിലും പാല്/പാലുല്പന്നങ്ങളിലുമാണ്. ഈ Neu5Gc തന്മാത്രയെക്കെതിരേ മനുഷ്യശരീരത്തിന്റെ രോഗപ്രതിരോധസിസ്റ്റം ചെറിയതോതിലുള്ള ആക്രമണവും നടത്താറുണ്ടെന്ന് കണ്ടെത്തിയതോടെ ശരീരത്തിന്റെ ഇമ്യൂണ്‍ സിസ്റ്റം അമിതമായി പ്രതികരിക്കുന്നതിലൂടെ ഉണ്ടാവാമെന്ന് കരുതുന്ന രോഗങ്ങളില്‍ Neu5Gc യുടെ റോള്‍ എന്ത് എന്നായി അന്വേഷണം. Red Meat അഥവാ സസ്തനികളുടെ (ബീഫ്,മട്ടന്‍ ആദിയായവ) മാംസത്തില്‍ അടങ്ങിയിട്ടുള്ള പൂരിത കൊഴുപ്പ് ക്യാന്‍സറിനും ഹൃദ്രോഗത്തിനും കാരണമായേക്കാം എന്ന ചില പഠനങ്ങളുണ്ട്. ഇത് പൂരിത കൊഴുപ്പ് കാരണമാവില്ല, മറിച്ച് ഈ ആഹാരത്തിലൂടെ ഉള്ളില്‍ ചെല്ലുന്ന Neu5Gc ഉണ്ടാക്കുന്ന പ്രതിരോധപ്രവര്‍ത്തനത്തിന്റെ പാര്‍ശ്വഫലമാവാന്‍ സാധ്യതയില്ലേ എന്നാണ് അജിത് വര്‍ക്കി സാറിന്റെ പഠനങ്ങളില്‍ ചിലത് അന്വേഷിക്കുന്നത്. എന്നാല്‍ ഈ ബന്ധം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

ഈ പശ്ചാത്തലത്തില്‍ തന്നെയാണ് ഈ പോസ്റ്റിന്റെ വിഷയമായ പുതിയ പഠനമെങ്കിലും മലിനമായ ഭക്ഷണത്തിലൂടെയും പാല്‍ വഴിയുമൊക്കെ നമ്മുടെയുള്ളില്‍ ചെല്ലുന്ന STEC എന്ന ബാക്ടീരിയ Neu5Gc തന്മാത്രയെ ഒരു “കൊളുത്താ”യി ഉപയോഗിച്ച് അണുബാധയ്ക്കു കാരണമാകുന്നതിന്റെ സാങ്കേതികതയിലാണ് പുതിയ ഗവേഷണത്തിന്റെ ഊന്നല്‍.

കമന്റ്:

തെറ്റിദ്ധാരണാ ജനകമായ റീ‍സേര്‍ച് റിപ്പോര്‍ട്ടിംഗിന്റെ ഉദാഹരണമായി ഈ പോസ്റ്റ് എന്നു പറയാതെ വയ്യ ജോസഫ് മാഷേ. മാഷ് മാത്രമല്ല, പല വെബ് സൈറ്റുകളും, വിശേഷിച്ച് വെജിറ്റേറിയനിസം പ്രമോട്ട് ചെയ്യുന്നവ, വളച്ചൊടിച്ചാണ് ഈ ഗവേഷണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

1. മാംസാഹാരം ശരീരത്തെ ഒറ്റിക്കൊടുക്കുന്നു എന്നതു വായിച്ചാല്‍ മാംസാഹാരത്തിനെതിരായി വന്ന പഠനമാണിതെന്ന് തോന്നും. “മാംസാഹാരം ശരീരത്തിന്‌ അത്ര നന്നല്ല എന്നതിന്‌ ഒരു തെളിവ്‌ കൂടി.” എന്ന വാചകം ഈ ഗവേഷണത്തെ സംബന്ധിച്ചിടത്തോളം പരിഗണനയിലേ ഇല്ലാത്ത വിഷയമാണ്. മലിനമായ മാംസാഹാര‍ത്തില്‍ വളരാന്‍ സാധ്യതയുള്ള, ഷിഗാ ടോക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന, ഒരു തരം Escherichia coli എന്ന ബാക്ടീരിയം (STEC) അതിന്റെ സട്ടിലേസ് സൈറ്റോ ടോക്സിനും ആഹാരം വഴി മനുഷ്യശരീരത്തിലെത്തുന്ന Neu5GC എന്ന ഗ്ലൈക്കനുമായി പ്രതിപ്രവര്‍ത്തിപ്പിച്ച് അണുബാധയ്ക്ക് കാരണമാകുന്നതിന്റെ മെക്കാനിസം ആണ് ഈ ഗവേഷണത്തിന്റെ ഫോക്കസ്.

Red meat – ബീഫ്, മട്ടണ്‍ ആദിയായ സസ്തനികളുടെ മാംസം -ആണ് പരാമര്‍ശവിഷയം. ഒപ്പം പാല്‍/പാലുല്‍പ്പന്നങ്ങളും. ഇവയില്‍ Neu5GC ഗ്ലൈക്കന്‍ സമൃദ്ധമാണ് എന്നതിനാല്‍ ഇവ കഴിക്കുന്നതിലൂടെയാകാം Neu5GC മനുഷ്യശരീരത്തിലെത്തുന്നത് എന്നാണ് ഈ ഗവേഷണത്തിന്റെ ലൈനിലുള്ള വര്‍ക്കിസാറിന്റെ തന്നെ മുന്‍ കാല ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. സൂചിപ്പിക്കുന്നേയുള്ളൂ, പോപ്പുലേയ്ഷന്‍ പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടില്ല ഈ അവകാശവാദം.

Neu5Gc എന്ന ഗ്ലൈക്കന്റെ അളവ് പഴം,പച്ചക്കറി,മുട്ട,മീന്‍,കോഴിയടക്കമുള്ള പക്ഷിയിറച്ചി എന്നിവയില്‍ വളരെ താഴ്ന്നതാണ് എന്ന് മുന്‍പേ കണ്ടെത്തിയിട്ടുണ്ട്. ഈ പഠനവും ഇതേ ലൈനിലുള്ള മുന്‍ പഠനങ്ങളും അവയെ ഈ “അപകട സാധ്യതാ” ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. (2003ല്‍ വര്‍ക്കി സാറും കൂട്ടരും പ്രസിദ്ധീകരിച്ച പഠനം.)‍ മീന്‍, പക്ഷിയിറച്ചികള്‍ തുടങ്ങിയവ white meat ഗണത്തില്‍ വരുന്നവയാണ്. ഈ പഠനം അവയെ സംബന്ധിച്ചതല്ല.

മാത്രവുമല്ല, വലിയ പോ‍പ്പുലേയ്ഷന്‍ പഠനങ്ങളില്‍ മാംസാഹാരികളായ മനുഷ്യരുടെ കോശങ്ങളില്‍ ഈ പറയുന്ന Neu5GC ഗ്ലൈക്കന്‍ വ്യാപകമായി കണ്ടെത്തുകയോ ഇത് മാംസാഹാരത്തില്‍ നിന്നു തന്നെയാണ് ഇവരുടെ ശരീരത്തില്‍ ഈ ഗ്ലൈക്കന്‍ എത്തുന്നത് എന്നോ സ്ഥിരീകരിച്ചിട്ടൊന്നുമില്ല.

2. “രക്തത്തോടുകൂടിയ കഠിന വയറിളക്കത്തിന്‌ ഈ വിഷവസ്‌തു കാരണമാകും.ഹീമോലിറ്റിക്ക്‌ യുറേമിക്‌ സിന്‍ഡ്രോം (HUS) എന്ന്‌ ഈ മാരകരോഗം, ‘ഹാംബര്‍ഗര്‍ രോഗം’ എന്നും അറിയപ്പെടുന്നു. കേടുവന്ന ഇറച്ചി കഴിക്കുന്നവരില്‍ ഉണ്ടാകുന്ന അസുഖമായതിനാലാണ്‌ ഈ പേര്‌.”

പോസ്റ്റിലെ ഈ വാചകം വസ്തുതാപരമല്ല.

എസ്ചറീഷ്യ കോളൈ എന്ന വലിയൊരു ബാക്ടീരിയാ വര്‍ഗ്ഗത്തില്പെട്ട അസുഖമുണ്ടാക്കുന്ന ചെറിയൊരു വിഭാഗം ബാക്ടീരിയയാണ് ഷിഗാ ടോക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന STECകള്‍. ഇവ മൂലമുള്ള അണുബാധ രക്തം കലര്‍ന്ന വയറിളക്കത്തിനു കാരണമാകാം. ഹീമോലിറ്റിക് യുറീമിക് സിന്‍ഡ്രോമെന്ന് (HUS) വിളിക്കുന്നത് അതിനെ അല്ല.

E. coli O157:H7 എന്നതരം STEC ബാക്ടീരിയമാണ് പ്രധാനമായും HUS ഉണ്ടാക്കുന്നത്. വയറിളക്കമായി തുടങ്ങുന്ന അണുബാധ രക്തസ്രാവത്തിനും തുടര്‍ന്ന വൃക്കത്തകരാറിനും കാരണമാകുമ്പോഴാണ് HUS എന്ന് അതിനെ വിളിക്കുക. ഇത് തലച്ചോറിനെ ബാധിക്കുമ്പോള്‍ Thrombtic Thrombocytopenic Purpura (TTP) എന്ന് വിളിക്കും.

പരാമൃഷ്ട പഠനത്തിന്റെ വിഷയമായ ഷിഗാ ടോക്സിനുല്പ്പാദിപ്പിക്കുന്ന E.coli അണുബാധ ഏല്‍ക്കുന്നവരില്‍ 5-10% ആളുകളിലേ HUS എന്ന മാരകാവസ്ഥയുണ്ടാകാറുള്ളൂ. താരതമ്യേന അപൂര്‍വമായ ഒരു ഇന്‍ഫക്ഷന്‍ വച്ചുകൊണ്ട് മാംസാഹാരത്തിനു മുഴുവന്‍ “മാരകത്വം” സാമാന്യവല്‍ക്കരിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ഓര്‍ക്കുന്നത് നന്ന്.

3. മാംസാഹാരം കഴിക്കുന്നതിലൂടെ വരാവുന്ന STEC അണുബാധ അതിന്റെ പത്തോ ഇരുപതോ കാരണങ്ങളിലൊന്നേ ആവുന്നുള്ളൂ. പാസ്ചറൈസ് ചെയ്യാത്ത പാല്‍, വെണ്ണ, ചീസ് ,ശുദ്ധമല്ലാത്ത വെള്ളം, മൃഗ മലവുമായി- ചാണകം അടക്കം – ബന്ധം, പശു എരുമ ആട് തുടങ്ങിയവയെ പാല്‍ കറക്കുന്നതു വഴി, പച്ചക്കറി പച്ചയ്ക്ക് കഴിക്കുന്നതു വഴി എന്നിങ്ങനെ വേറെ ഒരുപാട് വഴികളുണ്ട് ഈ അണുബാധയ്ക്ക്. (ഭൂരിപക്ഷം ഷിഗാ ടോക്സിന്‍ മൂലമുള്ള വയറിളക്കങ്ങളും അഞ്ചോ ആറോ ദിവസത്തിനുള്ളില്‍ സുഖപ്പെടുമെന്നതിനാല്‍ രോഗം വ്യാപകമായി പൊട്ടിപ്പുറപ്പെടുമ്പോഴേ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളൂ.) കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഈ പഠനമെടുത്ത് മൊത്തം മാംസാഹാരത്തിനുമെതിരേ സാമാന്യവല്‍ക്കരിക്കുന്നത് വസ്തുതാപരമല്ല.

4. ഈ പഠനത്തില്‍ ഹീമോലിറ്റിക് യുറീമിക് സിന്‍ഡ്രോം ഉണ്ടാക്കാന്‍ കഴിവുള്ളതെന്ന് പറയുന്ന E. coli O157:H7 എന്ന അതേ “ഭീകര ബാക്ടീരിയം” പാകം ചെയ്യാത്ത സ്പിനച്ച് (പച്ചക്കറി)ലൂടെയും മാരക രോഗത്തിനു കാരണമാകാറുണ്ട്. എന്ന് വച്ച് ആരും “പച്ചക്കറി ശരീരത്തെ ഒറ്റിക്കൊടുക്കുന്നു – പഠനം” എന്ന് എഴുതില്ല !!

അനില്‍@ബ്ലോഗ് സസ്യാഹാരം ഇങ്ങനെ അപകടമുണ്ടാക്കുന്നുവെന്ന് മുന്‍പ് എഴുതിയ പോസ്റ്റിന്റെ ലിങ്ക് ഇവിടെ. അതിനുള്ള ഈയുള്ളവന്റെ കമന്റ് ഇവിടെ.

6. റീസേര്‍ച് വാര്‍ത്തകള്‍ക്ക് ശ്രദ്ധ പിടിച്ചു പറ്റുന്ന തലക്കെട്ടുകള്‍ കൊടുക്കുമ്പോള്‍ റിസേര്‍ച്ച് യഥാര്‍ത്ഥത്തില്‍ പറയുന്നതെന്ത് എന്നത് പലപ്പോഴും വിഴുങ്ങുന്നു; അല്ലെങ്കില്‍ കാര്യമായ പ്രാധാന്യം കൊടുക്കുന്നില്ല.

പോസ്റ്റില്‍ എഴുതിയിരിക്കുന്നത് :ശരിയായി വേവാത്ത മാംസവും പഴകിയ മാംസവും പാലുത്‌പന്നങ്ങളും ഉപയോഗിക്കുന്നത്‌ മാരകമായ ഫലമുണ്ടാക്കാമെന്ന്‌ ഈ പഠനം മുന്നറിയിപ്പു നല്‍കുന്നു.

വസ്തുത: “ശരിയായി വേവാത്തതോ പഴകിയതോ ആയ റെഡ് മാംസവും (ബീഫ്,മട്ടണ്‍)പാസ്ചറൈസ് ചെയ്യാത്ത പാലുത്‌പന്നങ്ങളും ഉപയോഗിക്കുന്നത്‌ ഷിഗാടോക്സിന്‍ ഉല്‍പ്പാദിപ്പിക്കുന്നയിനം എസ്ചറീഷ്യ കോളൈ ബാക്ടീരിയ മൂലമുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം” എന്നേ ഈ പഠനം മുന്നറിയിപ്പു നല്‍കുന്നുള്ളൂ.

പച്ചക്കറിയിലൂടെയും മാംസാഹാരത്തിലൂടെയും ഉണ്ടാവാന്‍ സാധ്യതയുള്ള
ഇ-കോളൈ അണുബാധ തടയാന്‍ നിലവിലെ അറിവുകള്‍ വച്ച് നമ്മളാല്‍ ചെയ്യാവുന്ന ചിലത് താഴെ കൊടുക്കുന്നു:

a). മാംസം, പച്ചക്കറികള്‍ എന്നിവ കൈകാര്യം ചെയ്താൽ കൈകൾ ചെറു ചൂടിൽ കഴുകുക. നഖത്തിനടിയിലെ അഴുക്ക് പഴയൊരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരച്ചുകളയുക.

b). ചെറു ചൂടിൽ പച്ചക്കറികൾ കഴുകുക. മാർദ്ദവമുള്ള ഒരു ബ്രഷ് ഉപയോഗിച്ച് ചെറുതായി ഉരച്ച് മണ്ണും ചെളിയും കളയുക. ഒഴുകിപ്പോകുന്ന വെള്ളത്തിൽ കഴുകാൻ ശ്രദ്ധിക്കുക. പാത്രത്തിലെടുത്ത വെള്ളത്തിലിട്ട് കഴുകിയിട്ട് കാര്യമില്ല – പൈപ്പിനടിയിൽ പിടിക്കൂ ….. 😉

c) മുറിച്ചു കഴിഞ്ഞ് ബാക്കി വരുന്ന പച്ചക്കറിയും പഴങ്ങളും ഫ്രിഡ്ജിൽ (5 ഡിഗ്രി സെന്റീഗ്രേഡ്) സുക്ഷിക്കുക.

d). മാംസം 70ഡിഗ്രി സെല്‍ഷസിലെങ്കിലും വേവിക്കേണ്ടതുണ്ട്. (നമ്മുടെ നാട്ടില്‍ അതില്‍ കൂടുതല്‍ ചൂ‍ടുപയോഗിക്കാറുണ്ടെന്നത് നല്ല കാര്യം. വിദേശത്ത് പലപ്പോഴും rare, medium എന്നിങ്ങനെ കാര്യമായി പാകം ചെയ്യാതെയും ഭക്ഷണശാലകളില്‍ മാംസം കിട്ടും). ബീൻസ്, പയറ് വർഗ്ഗങ്ങൾ എന്നിവ കഴിവതും വേവിച്ചു മാത്രം കഴിക്കുക.

e). ചീഞ്ഞ ഭാഗങ്ങൾ ഒരുകാരണവശാലും തിന്നരുത് (അതു പിന്നെ പറയണോ … ?!)

f). ആട് മാടുകളുമായി ഇടപഴകിക്കഴിഞ്ഞാല്‍ വൃത്തിയായി ശരീരം കഴുകിയിട്ട് മാത്രം ആഹാരം പാകം ചെയ്യുക.

g) പാല്‍ പാസ്ചറൈസ് ചെയ്തതോ തിളപ്പിച്ചതോ മാത്രം ഉപയോഗിക്കുക.

h) കെട്ടിക്കിടക്കുന്ന വെള്ളം – വിശേഷിച്ച് തൊഴുത്ത്, ഡെയറി ഫാം എന്നിവയ്ക്കടുത്തുള്ളവ – കോളിഫോം ബാക്ടീരിയകളുടെ വിഹാര കേന്ദ്രമാണ്. അവ ഒഴിവാക്കുക.

കുറിപ്പുകള്‍:

1. Incorporation of a non-human glycan mediates human susceptibility to a bacterial toxin (ലിങ്ക്)
Nature , doi:10.1038/nature07428; Received 24 June 2008; Accepted 15 September 2008; Published online 29 October 2008

2. Mechanism of Uptake and Incorporation of the Non-human Sialic Acid N-Glycolylneuraminic Acid into Human Cells (ലിങ്ക്) J. Biol. Chem., Vol. 280, Issue 6, 4228-4237, February 11, 2005

3. Human uptake and incorporation of an immunogenic nonhuman dietary sialic acid. (ലിങ്ക്) Proc Natl Acad Sci U S A. 2003 October 14; 100(21): 12045–12050. Published online 2003 October 1

4. Interactions between Food-Borne Pathogens and Protozoa Isolated from Lettuce and Spinach(ലിങ്ക്) Applied and Environmental Microbiology, April 2008, p. 2518-2525, Vol.74, No.8

* * *
ഡിസ്ക്ലെയിമര്‍
ഈ പോസ്റ്റോ അതിലെ ആശയങ്ങളോ സസ്യാഹാരശീലത്തിനെതിരല്ല. അങ്ങനെ വ്യാഖ്യാനിക്കരുതെന്നപേക്ഷ.
 
പ്രതിരോധ കുത്തിവയ്പ്പ് : ഒരു കമന്റ് സെപ്റ്റംബര്‍ 15, 2008

ഇത് ഉമേഷ് ജീയുടെ ഗുരുകുലം ബ്ലോഗിലെ ഒരു പോസ്റ്റിനുള്ള മറുപടിക്കമന്റാണ്.

സംഗതി വൈദ്യമായതിനാല്‍ കമന്റാണെങ്കിലും ഇവിടെ പോസ്റ്റുന്നു. രോഗപ്രതിരോധ ശേഷിയെക്കുറിച്ചും വാക്സിനേഷനുകള്‍ അതിനെങ്ങനെ സഹായിക്കും എന്നതിന്റെ ഫിസിയോളജിയെക്കുറിച്ചും വിശദമായി മറ്റൊരു പോസ്റ്റില്‍ ഇടാം എന്ന് വിചാരിക്കുന്നു.

1. പ്രതിരോധ കുത്തിവയ്പ്പ് അവനവന്റെ സുരക്ഷ മാത്രമല്ല ലക്ഷ്യമിടുന്നത്. അന്യന്റെ സുരക്ഷ കൂടിയാണ്. ഒരു വ്യക്തിയിലേക്ക് രോഗാണു സംക്രമിക്കുന്നത് തടയുമ്പോള്‍ നാം ആ സമൂഹത്തിലൂടെയുള്ള അണുവിന്റെ ആകമാന സഞ്ചാരത്തെയാണു തടയുന്നത് എന്ന വിശാല ബോധം കൂടിയുള്‍പ്പെടുന്നു ഇതില്‍.

എന്റെ വീട്ടിലെ ടിന്റു മോന് ചിലപ്പോ കുത്തിവയ്പ്പൊന്നും എടുത്തില്ലേലും അസുഖം വന്നാല്‍ നല്ല ചികിത്സയും ഭക്ഷണവും ഉള്ളതിനാല്‍ രക്ഷപ്പെടും. പക്ഷേ ടിന്റു മോനില്‍ നിന്നും അതേ രോഗാണു പകര്‍ന്ന് കിട്ടുന്ന അയല്പക്കത്തെ ടുട്ടു മോളുടെ അവസ്ഥ അതാവണമെന്നില്ല.

…അങ്ങനെ സമയത്ത് പ്രതിരോധകുത്തിവയ്പ്പെടുത്താല്‍ ഒഴിവാക്കാമായിരുന്ന രോഗങ്ങളോ അവയുടെ സങ്കീര്‍ണതകളോ മൂലം ലോകത്ത് 1,400,000 ടിന്റു മോനും ടുട്ടുമോളും വര്‍ഷം തോറും മരിക്കുന്നുണ്ട് … 5 വയസ്സ് തികയും മുന്‍പ്….

വാക്സ്സീനുകളും മരുന്നുകളാണു. ഫലം ഉണ്ടെങ്കില്‍ പാര്‍ശ്വഫലവും ഉണ്ടാകുമെന്നതില്‍ സംശയമൊന്നും വേണ്ട. അപ്പോള്‍ തീര്‍ച്ചയായും വാക്സീനുകള്‍ക്കും പാര്‍ശ്വഫലങ്ങള്‍ ഉണ്ട്. എന്നുവച്ച് അത് എടുക്കാതിരിക്കുന്നത് – പ്രത്യേകിച്ച് അതിനു സാമ്പത്തിക സാമൂഹിക സാഹചര്യങ്ങള്‍ തടസ്സമല്ലാതിരിക്കുമ്പോള്‍ – സാമൂഹിക ദ്രോഹമാണെന്നാണു ഈയുള്ളവന്റെ വക്രബുദ്ധി പറയുന്നത് :))

2. വാക്സീനുകള്‍ക്കെതിരേ ഒരു തരം അനാവശ്യഭയം ഉണ്ടാവുകയോ ഉണ്ടാക്കിയെടുക്കുകയൊ ചെയ്യുന്നത് ഇപ്പോള്‍ ഒരു ഫാഷനായി മാറിയിട്ടുണ്ട് . ചില വാക്സീനുകള്‍, ഉദാ: ഹെപ്പറ്റൈറ്റിസ് – ബി, എം.എം.ആര്‍ , ഡിപിറ്റി തുടങ്ങിയവയിലെ രാസഘടനയില്‍ മെര്‍ക്കുറി പോലുള്ള വിഷാംശം ഉള്ളതിന്റെ പേരില്‍ ഒരുപാട് തെറ്റിദ്ധാരണകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിവച്ചിട്ടുണ്ടെന്നത് നേര്.

തൈമെറൊസാല്‍ (thimerosal) അഥവാ തയോമെര്‍സല്‍ എന്ന ഓര്‍ഗാനോമെര്‍ക്യൂറിക് സമ്യുക്തം ഈ വാക്സീനില്‍ അണുബാധ വരാതിരിക്കാനായി പ്രിസര്‍വേറ്റിവ് എന്ന നിലയ്ക്ക് ചേര്‍ക്കാറുണ്ടായിരുന്നു. സാധാരണഗതിയില്‍ ശരീരത്തില്‍ വിഷമയം ആകാന്‍ സാധ്യതയുള്ള മെര്‍ക്കുറി അളവുകള്‍ക്കും വളരെ താഴെയുള്ള അളവിലേ ഇത് എഫ്.ഡി ഏ പോലുള്ള ഏജന്‍സികള്‍ അനുവദിച്ചിരുന്നുള്ളൂ. എന്നാല്‍ ജപ്പാനിലെ മിനമതാ അത്യാഹിതം (മെര്‍ക്കുറി കലര്‍ന്ന മത്സ്യം കഴിച്ച് മെര്‍ക്കുറി വിഷബാധയേറ്റ സംഭവം) വാക്സീനുകളിലെ മെര്‍ക്കുറിയുമായി ഏച്ചുകെട്ടി ഭീതിപരത്തിയവരില്‍ പത്രമാധ്യമങ്ങള്‍ മാത്രമല്ല ചില ശിശുരോഗ വിദഗ്ധരും ഉള്‍പ്പെടും 🙂

മെഥില്‍ മെര്‍ക്കുറിയാണു (methyl mercury) മിനമതാ സംഭവത്തിലെ വില്ലനെങ്കില്‍ തൈമെറൊസാലില്‍ അത് എഥില്‍ മെര്‍ക്കുറിയാണു (ethyl). രണ്ടും കടലും കുളവും പോലെ വ്യത്യസ്ഥം. മെഥില്‍ മെര്‍ക്കുറിക്ക് 50ദിവസത്തോളം ശരീരത്തില്‍ ഹാഫ് ലൈഫ്. എഥില്‍ മെര്‍ക്കുറി കഷ്ടിച്ച് 4 ദിവസം കൊണ്ട് ശരീരത്തില്‍ പകുതിയാകുന്നു.
തൈമെറൊസാല്‍ നേരാം വണ്ണം നടത്തിയ ഒരു പഠനത്തിലും ഓട്ടിസത്തിനോ മറ്റ് വിഷബാധാസംബന്‍ധിയായ പ്രശ്നങ്ങള്‍ക്കോ കാരണമായതായി കണ്ടെത്തിയിട്ടില്ല. എങ്കിലും അതിനെതിരായി വന്ന പ്രചാരണങ്ങള്‍ക്ക് ശക്തി കൂടിയപ്പോള്‍ പീഡിയാട്രിക് അക്കാഡമികളും ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്റ്റ്രേയ്ഷനും വാക്സീനുകളില്‍ തൈമെറൊസാല്‍ ചേര്‍ക്കുന്നത് 90കളുടെ ഒടുക്കത്തോടെ നിരോധിച്ചു.

ഈ പ്രചാരണങ്ങളുടെ വെളിച്ചത്തില്‍ എലികളിലും മറ്റും നടന്ന ഇടക്കാല പഠനങ്ങള്‍ പരിശോധിച്ച കമ്മറ്റികള്‍ തൈമെറൊസാലിനെതിരെയാണു വിധിച്ചത്. എന്നാല്‍ രീതിശാസ്ത്രപരമായി വ്യക്തതയുള്ള അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ കാണിച്ച 12 പഠനങ്ങള്‍ അപഗ്രഥിച്ചതില്‍ നിന്നും 2004ലെ Immunization Safety Review Committee എത്തിച്ചേര്‍ന്ന നിഗമനം MMR വാക്സീനെയോ തൈമെറൊസാലിനെയോ ഓട്ടിസവുമായി ബന്ധപ്പെടുത്താനുള്ള തെളിവുകള്‍ വളരെ ദുര്‍ബലമാണ് എന്നതായിരുന്നു.

ആര്‍ക്കൈവ്സ് ഒഫ് ജനറല്‍ സൈക്കിയാട്രിയില്‍ (ഈ വര്‍ഷം ജനുവരി) വന്നത് : കാലിഫോണിയ ഡിപ്പാട്ട്മെന്റ് ഒഫ് ഡിവലപ്മെന്റല്‍ സ്റ്റഡീസിന്റെ 1995 ജനു 1 മുതല്‍ 2007 മാര്‍ച്ച് 31 വരെയുള്ള കാലയവില്‍ നടന്ന പഠനം വ്യക്തമാക്കുന്നത് വാക്സീനിലെ തൈമെറൊസാല്‍ തീരെ ഇല്ലാതായ കാലയളവിലും ഓട്ടിസത്തിന്റെ തോത് കുറഞ്ഞിട്ടില്ല, കൂടിയെങ്കിലേ ഉള്ളൂ !!

കൂട്ടത്തില്‍ പറയട്ടെ, MMR വാക്സീനും ഓട്ടിസവുമായുള്ള ബന്ധം സ്ഥാപിക്കാന്‍ ‘ശ്രമിച്ച’ ചില പഠനങ്ങള്‍ പില്‍ക്കാലത്ത് വിവാദമായിട്ടുണ്ട്. ഉദാ: 1998ലെ പ്രശസ്തമായ ആന്‍ഡ്രൂ വേയ്ക്ഫീല്‍ഡ് പഠനത്തില്‍ ഉള്‍പ്പെട്ട പല ഓട്ടിസ്റ്റിക് കുട്ടികളുടെയും രക്ഷിതാക്കള്‍ വാക്സീന്‍ മൂലമാണു ഓട്ടിസം വരുന്നതെന്ന് നഷ്ടപരിഹാരം തേടി നിയമവഴിക്ക് പോയവരായിരുന്നു. 2006 മേയ്-ജൂണ്‍ കാലത്ത് ചില പത്രങ്ങള്‍ കൊണ്ടാടിയ റിപ്പോട്ടാണു MMR കുത്തിവയ്പ്പിനെ ഒട്ടിസവുമായി ബന്ധപ്പെടുത്തിയ ഡോ: സ്റ്റീവന്‍ വാക്കറുടെ ഒരു പോസ്റ്റര്‍ അവതരണം (International Meeting for Autism Researchല്‍ അവതരിപ്പിച്ചത്) . കാള പെറ്റതും കയറിനായി ഓടിയ മാധ്യമങ്ങള്‍ ഒടുവില്‍ മീസിത്സ് ബാധയാണോ തന്റെ പഠനത്തിലെ രോഗികളില്‍ ഓട്ടിസത്തിന് കാരണമായത് എന്ന് നോക്കിയിട്ടില്ലെന്നും അതിനു സാധ്യതയുണ്ടെന്നും അതിനാല്‍ വാക്സീനാണു ഓട്ടിസത്തിനു കാരണമെന്ന് പറയാനാകില്ലെന്നും ഡോ:വാക്കര്‍ കൈകഴുകിയതോടെ പിടി വിട്ടു.

3. റൂബെല്ല (ജര്‍മ്മന്‍ മീസിത്സ്) വൈറല്‍ അണുബാധ താരതമ്യേന പ്രശ്നരഹിതമാണെങ്കിലും ചില പ്രത്യാഘാതങ്ങള്‍ ഭീകരമാണ്. റൂബെല വരുന്ന ഗര്‍ഭിണികളില്‍ – വിശേഷിച്ച് ആദ്യ 6 മാസം – 80% കുഞ്ഞുങ്ങളിലും പ്രസവാനന്തരം അന്ധത, ബാധിര്യം, ഹൃദയത്തില്‍ തുള എന്നിങ്ങനെയുള്ള ഏതെങ്കിലും പ്രശ്നം ഒറ്റയ്ക്കോ ഒരുമിച്ചോ കാണാം . ഗര്‍ഭിണികളില്‍ അതിനാല്‍ തന്നെ ഈ അസുഖത്തിനു വലിയ പ്രാധാന്യമുണ്ട്.
പുരുഷനിലും സ്ത്രീയിലും കുട്ടികളിലൂം വ്യത്യാസമില്ലാതെ വരുന്ന റൂബെല്ല 6000 രോഗികളില്‍ 1 എന്ന നിരക്കില്‍ തലച്ചോറിനെ ബാധിക്കാം. (post infectious encephalopathy). ഇത് വരുന്നവരില്‍ 20% പേര്‍ മരിക്കാന്‍ സാധ്യത. കുട്ടികളില്‍ നിന്ന് ഗര്‍ഭിണികളിലേക്കുള്ള സംക്രമണ സാധ്യത വലുതാണെന്നുകൂടിയിരിക്കെ റൂബെല വാക്സീനെ തള്ളിക്കളയുന്നത് ശുദ്ധ മണ്ടത്തരമാണെന്നാണു ഈയുള്ളവന്റെ വിനീതമായ അഭിപ്രായം.
അത് പെണ്‍ കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും വേണം താനും. (ആദ്യം പറഞ്ഞ സാമൂഹിക സുരക്ഷാ തത്വം തന്നെ ഇവിടെയും)

റൂബെല വാക്സീന്‍ പ്രചാരത്തിലാകുന്നത് 1970ക്കളുടെ തുടക്കത്തില്‍. വളരെ ശുഷ്കാന്തിയോടെ പ്രതിരോധകുത്തിവയ്പ്പ് യജ്ഞം നടപ്പാക്കിയ ഫിന്‍ലന്റ് ബ്രിട്ടന്‍ അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ ക്രമമായി റൂബെല കേയ്സുകള്‍ കുറഞ്ഞുവന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. (1975 കാലഘട്ടത്തില്‍ വര്‍ഷം തോറും ഏതാണ്ട് 750 ഗര്‍ഭസ്ഥ റൂബെല അബോര്‍ഷനുകളും 50 പ്രസവാനന്തര വൈകല്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന ബ്രിട്ടനില്‍ 2001 ആകുമ്പോള്‍ അത് 7 റൂബെല്ലക്കുഞ്ഞുങ്ങള്‍ എന്ന തൊതിലേക്ക് ജനനം കുറഞ്ഞു. ഫിന്‍ലന്റും അമേരിക്കയും ഏതാണ്ട് 0 നിരക്കെത്തിക്കഴിഞ്ഞു).

റൂബെല്ല വാക്സീനെതിരേയുള്ള മറ്റൊരു പ്രചരണം ത്രോമ്പോസൈറ്റോപീനിയ (ITP) എന്ന ഒരു രക്തസ്രാവ രോഗം ഉണ്ടാകുന്നു എന്നതാണു. ഭാഗികമായി ഇത് ശരിയാണു താനും. റൂബെല എടുക്കുന്ന 40,000 കുത്തിവയ്പ്പുകളില്‍ ഒരാള്‍ക്ക് ഈ രോഗം വാക്സീനിന്റെ പാര്‍ശ്വഫലമായി വരാം (സ്വീഡിഷ് കണക്ക്) . അമേരിക്കന്‍ കണക്കനുസരിച്ച് ഇത് 10 ലക്ഷം കുത്തിവയ്പ്പില്‍ 1 എന്ന തോതാണ് . എന്നാല്‍ റൂബെല്ല എന്ന രോഗം വന്നാലും ഇതേ അമിതരക്തസ്രാവ അവസ്ഥ ഉണ്ടാകാം. കുത്തിവയ്പ്പെടുക്കാതെ റൂബെല്ല വരുന്നവരില്‍ അതിന്റെ തോത് വച്ചു നോക്കുമ്പോള്‍ വാക്സീനിന്റെ പാര്‍ശ്വഫലത്തോത് അവഗണിക്കാവുന്നതത്രെ.

4. മീസിത്സ് (മണ്ണന്‍) അണുബാധ മൂക്ക് തൊണ്ട ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ഒരു ‘ജലദോഷ’ ത്തിനപ്പുറം പോകുന്നത് അപൂര്‍വ്വമാണ്. എന്നാല്‍ ഇവനൊന്ന് ‘അറിഞ്ഞ് വിളയാടിയാല്‍ ‘ ശ്വാസകോശത്തില്‍ സ്ഥിരമായ നാശനഷ്ടമുണ്ടാക്കാമെന്ന് മാത്രമല്ല ഭാവിയിലേക്കുള്ള സ്ഥിരമായ (പ്രത്യേകിച്ച് കുട്ടി ഒരു പുകവലിക്കാരനൊക്കെ ആകുമെങ്കില്‍ ) നെഞ്ചുരോഗ ഫിക്സഡ് ഡിപ്പോസിറ്റ് കൂടിയാകും ഇത് :))

മൊത്തം രോഗികളില്‍ 5 % പേര്‍ക്ക് ബ്രോങ്കോ ന്യുമോണിയയായോ ബ്രോങ്കിയോളൈറ്റിസോ ആയി ഇത് മാറാമെന്ന് കണക്ക്.

SSPE പോലുള്ള തലച്ചോര്‍ കോശനാശ രോഗങ്ങള്‍ ഇന്‍ഫക്ഷന്‍ വന്ന് 5 മുതല്‍ 15 വര്‍ഷത്തിനു ശേഷമേ കാണാറുള്ളൂ. അതും അത്യപൂര്‍വ്വം : 1ലക്ഷത്തില്‍ ഒരാള്‍ക്ക് എന്ന തോതില്‍ .
കളി അവിടെയല്ല… മണ്ണന്റെ അണുബാധത്തോത് (ഇന്‍ഫക്റ്റിവിറ്റിക്ക് എന്തരാണോ മലയാളം..ആ പോട്ട് പുല്ല്) വളരെ വലുതാണു. രോഗി നാലാളുടെ ഇടയിലിരുന്ന് ഒറ്റ തുമ്മല്‍ തുമ്മിയാല്‍ ചുറ്റുമിരിക്കുന്ന നാലാള്‍ക്കും വൈറസ് ബാധയുണ്ടാകും. ഏതാണ്ട് 100 % ഇന്‍ഫക്റ്റിവിറ്റി !!

മണ്ണനും (measles) മുണ്ടി നീരും (mumps) ഒറ്റയ്ക്കൊറ്റയ്ക്ക് നോക്കിയാല്‍ താരതമ്യേന പ്രശ്നകാരികളല്ലാത്ത രോഗങ്ങളാണ്. എന്നാല്‍ പോഷകാഹാരക്കുറവും മറ്റും ഉള്‍പ്പടെയുള്ള സാമൂഹികപരിപ്രേക്ഷ്യത്തില്‍ കണ്ടാല്‍ ഭീകരന്മാരുമാണു.2006 ലെ കണക്കനുസരിച്ച് വര്‍ഷം തോറും 2,42, 000 ലക്ഷം കുട്ടികള്‍ (5 വയസ്സില്‍ താഴെയുള്ളവരാണു ഭൂരിഭാഗവും) മണ്ണന്‍ വന്ന് ശ്വാസകോശാണുബാധയാല്‍ ലോകത്ത് മരിയ്ക്കുന്നു. ഇതില്‍ 95 ശതമാനത്തോളം പേര്‍ നമ്മുടേതു പോലുള്ള വികസ്വര നാടുകളിലാണ്.

പ്രതിരോധക്കുത്തിവയ്പ്പിന്റെ ആവശ്യകതയെക്കുറിച്ച് ഇനിയെന്ത് പറയാന്‍ ?

5 . മുണ്ടി നീര്‍ അഥവാ parotitis epidemica യുടെ പ്രധാന ലക്ഷണം ചെവിക്ക് മുന്നില്‍ കവിളിലായി ഉള്ള തുപ്പല്‍ ഗ്രന്ഥികളുടെ വീക്കമാണു.

മുണ്ടിനീര്‍ , 10,000 പേരില്‍ ഒരാളെ മാത്രം കൊല്ലുന്ന താരതമ്യേന നിര്‍ദ്ദോഷിയായ രോഗമാകുന്നു. എന്നാല്‍ മുണ്ടി നീര്‍ വരുന്ന 30 % രോഗികളില്‍ അത് തലച്ചോറിനെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ് ആയി മാറാറുണ്ട്.

കൌമാരമെത്താത്ത (ഏതാണ്ട് 12 വയസ്സില്‍ താഴെയുള്ള) ആണ്‍ കുട്ടികളില്‍ ഇത് വൃഷണത്തെ ഒട്ടും തന്നെ ബാധിക്കാറില്ല. പ്യൂബര്‍ട്ടി എത്തിയ കുട്ടികളില്‍ 20 – 40% പേര്‍ക്ക് മുണ്ടി നീര്‍ ‘അണ്ടിനീര്‍ ‘ (വൃഷണത്തില്‍ നീരുകെട്ടും എന്ന്) ആകുകയും ചെയ്യും !

എന്നാല്‍ ഇങ്ങനെ വൃഷണവീക്കം വരുന്നവര്‍ സ്ഥിരമായ ഷണ്ഡത്വം അപൂര്‍വ്വമാണെന്ന് കണക്കുകള്‍ കാണിക്കുന്നു.(5% സ്ത്രീകളില്‍ അണ്ഡാശയവീക്കവും കാണാം – വെറുമൊരു വയറ് വേദന വന്നങ്ങ് പൊയ്ക്കോളും. )

അപൂര്‍വ്വമായ കോമ്പ്ലിക്കേയ്ഷനുകള്‍ പറഞ്ഞാല്‍ പേടിയാകും. ഹൃദയത്തെ വരെ ബാധിക്കാം. 1000ത്തില്‍ 3 പേര്‍ക്ക് കേള്‍വിയും പോകാം.

നിലവിലുള്ള വാക്സീനുകളായ ലെനിന്‍ ഗ്രാഡ് – 3 (വോ തന്ന തന്ന ,റഷ്യാക്കാരന്റെ തന്ന :), റൂബിനി, യുറേബ് ഏ എം – 9 എന്നിങ്ങനെയുള്ള വാക്സീനുകളെ അപേക്ഷിച്ച് ഇഫക്റ്റ് കുറവാണേലും അമേരിക്കയില്‍ ലൈസന്‍സ് ചെയ്തിട്ടുള്ള Jeryl–Lynn വാക്സീന് സൈഡ് ഇഫക്റ്റുകള്‍ വളരെ കുറവാണു. അമേരിക്കയില്‍ ഇത് 2 ഡോസ് നല്‍കാനാണു വ്യവസ്ഥ.

6. ഈ മൂന്ന് വാക്സീനുകളും ചേര്‍ന്നതാണ് എം.എം.ആര്‍ . അത് കുട്ടിക്ക് 12 മാസം പ്രായമാകുമ്പോഴാണു നല്‍കേണ്ടത്. 9-ആം മാസം എം.എം.ആര്‍ ആണോ കൊടുത്തത് ? അതോ മീസിത്സ് മാത്രമോ ?

നാട്ടില്‍ അനുവര്‍ത്തിച്ചു പോരുന്ന Universal Immunisation Programme അനുസരിച്ച് 6 മാസത്തില്‍ മീസില്‍സ് വാക്സീന്‍ ഗവണ്മെന്റ് ഫ്രീയായി കൊടുക്കുന്നു. MMR ആണെങ്കില്‍ അത് 15 മാസമാകുമ്പോഴാണു ഇന്ത്യയില്‍ കൊടുക്കുക. ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രീഷ്യന്‍സ് MMR ബൂസ്റ്റര്‍ കൊടുക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. ഒരു ഡോസേ നാട്ടില്‍ ഉള്ളൂ.

അമേരിക്കയില്‍ 12 – 15 മാസത്തിനിടയിലും . അമേരിക്കയില്‍ സ്കൂള്‍ പ്രവേശനത്തിനു മുന്‍പ് 4-5 വയസ്സാകുമ്പോള്‍ ഒരു ബൂസ്റ്റര്‍ ഡോസ് MMR കൂടി കൊടുക്കും.

ഗര്‍ഭസ്ഥമായിരിക്കുമ്പോള്‍ മറുപിള്ള (പ്ലാസെന്റ) വഴി കുട്ടിയിലെത്തുന്ന രക്തത്തില്‍ അമ്മയുടെ ഉള്ളിലെ ആന്റീബോഡികള്‍ – അമ്മയ്ക്ക് ഈ കുത്തിവയ്പ്പുകള്‍ മുന്‍പ് എടുത്തിട്ടുണ്ടെങ്കിലോ അല്ലെങ്കില്‍ ഇവ രോഗമായി വന്നിട്ടുണ്ടെങ്കിലോ – ഉണ്ടാകും. പ്രസവാനന്തരം ഏതാണ്ട് 6 – 9 മാസം വരെ ഇത് നിലനില്‍ക്കും.പിന്നെ ക്രമേണ അവ നശിക്കും. അതുകൊണ്ടാണ്6 മാസം വരെയെങ്കിലും കാത്തിരിക്കാന്‍ നാം പറയുന്നത്. അതിനു മുന്നേ കൊടുക്കുമ്പോള്‍ വാക്സീനെ കുഞ്ഞിന്റെ ശരീരത്തിലെ മാതൃജന്യ ആന്റീബോഡികള്‍ ന്യൂട്രലൈസ് ചെയ്യാന്‍ സാധ്യതയുണ്ട് എന്ന് തിയറി :))

എം.എം ആര്‍ 9 മാസം കൊടുക്കാന്‍ വകുപ്പില്ലാത്തതാണ്. എന്നാലും Don’t worry … പ്രശ്നമൊന്നുമില്ല.

പീഡിയാട്രീഷ്യന്മാരുടെ കമ്മറ്റി അംഗീകരിച്ച Catch Up Schedule അനുസരിച്ച് 5 വയസ്സ് കഴിഞ്ഞിട്ടും ആദ്യ MMR ഡോസ് എടുത്തിട്ടില്ല എങ്കില്‍ എപ്പോള്‍ വേണമെങ്കിലും ആദ്യ ഡോസ് എടുക്കുക. എന്നിട്ട് കുറഞ്ഞത് 4 ആഴ്ച കഴിയുമ്പോള്‍ അടുത്ത MMR ഡോസ് എടുക്കാവുന്നതാണ്. പ്രായം 5 വയസ്സില്‍ താഴെയാണെങ്കില്‍ നേരത്തേ പറഞ്ഞ ഷെഡ്യൂള്‍ അനുസരിച്ച് തന്നെ പോകാം: ആദ്യഡോസ് എത്രയും പെട്ടന്ന്. പിന്നെ സ്കൂളില്‍ ചേര്‍ക്കാറാവുമ്പോള്‍ ബൂസ്റ്റര്‍ ഡോസും.

7 . ഹെപ്പറ്റൈറ്റിസ് – ബി വാക്സീന്‍ ദേവേട്ടന്‍ പറഞ്ഞപോലെ കുട്ടികള്‍ക്ക് അനാവശ്യമാണെന്നൊക്കെ തോന്നാം. ചില ആഗോള കണക്കുകള്‍ മറ്റൊന്നാണു പറയുക: ലോകത്തിന്റെ മുക്കാല്‍ ജനസംഖ്യയും ഹെപ്പറ്റൈറ്റിസ്-ബി ബാധയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലാണു ജീവിക്കുന്നത്.

HIVയെക്കാള്‍ 100 ഇരട്ടി വേഗത്തിലാണു ഹെപ്പറ്റൈറ്റിസ് ബി ബാധയുണ്ടാകുക എന്നോര്‍ക്കുക. എച് ഐ വി ബാധയേക്കാള്‍ നാം ഭയക്കേണ്ടത് ഹെപ്പറ്റൈറ്റിസ്-ബി യെ ആണ് എന്ന് സാരം.

സംഗതി രക്തത്തിലൂടെയോ ലൈംഗികവേഴ്ചയിലൂടെയോ പ്രസവവേളയിലെ സ്രവങ്ങളിലൂടെയോ ഒക്കെയാണു ശരീരത്തില്‍ ഈ വൈറസ് പ്രവേശിക്കുന്നതെങ്കിലും കുട്ടികളിലേക്ക് ഇത് സംക്രമിക്കാന്‍ ചില വഴികളുണ്ട് : കുത്തിവയ്പ്പുകള്‍ വഴി, ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വഴി , ഓപ്പറേഷന്‍ ഉപകരണങ്ങള്‍ വഴി, രക്തസംബന്ധിയായ രോഗങ്ങള്‍ (വിശേഷിച്ച് സിക്കിള്‍ സെല്‍ അനീമിയ, തലാസ്സീമിയ തുടങ്ങിയവ വികസ്വര രാജ്യങ്ങളില്‍ കൂടുതലാണ്) വരുന്നവരില്‍ , മുറിവുകളില്‍ നിന്ന് മുറിവുകളിലേക്ക്, പച്ചകുത്തിലൂടെ, നിര്‍ബന്ധത്താലുള്ള ലൈംഗിക വേഴ്ച വഴി (ബാലികാ ബാല പീഡനത്തില്‍ നാം ഒട്ടും മോശമല്ലല്ലോ).

ഹെപ് – ബി ബാധിക്കുന്ന 20 – 30% ആളുകളെ ഇത് രോഗവാഹക അവസ്ഥയില്‍ ആക്കുന്നു. സനാതന രോഗിയാകുന്നവരില്‍ 50 – 75 % ആളുകളും കരളില്‍ ക്യാന്‍സര്‍ വന്നാണു മരിക്കുക. ശേഷിച്ചവര്‍ മറ്റു കരള്‍ രോഗം വന്നും.

Hep-Bയുടെ high endemicity areas എന്നുപറയുന്ന ഇടങ്ങളില്‍ ഇന്ത്യയുള്‍പ്പെടുന്ന തെക്കുകിഴക്കന്‍ ഏഷ്യയും വരും. കിഴക്കന്‍ യൂറോപ്പിലെ ചില രാജ്യങ്ങളും സബ് സഹാറന്‍ ആഫ്രിക്കയുമൊക്കെ ഈ ഗ്രൂപ്പിലാണ്. ഇന്ത്യയിലെ ജനസംഖ്യയില്‍ നടന്ന ചിതറിയ ആന്റിജന്‍ അസേ പഠനങ്ങളില്‍ 0.1% മുതല്‍ 11.4% വരെ ആളുകള്‍ക്ക് ഹെപ്പറ്റൈറ്റിസ്-ബി അണുബാധ ഉണ്ടായിട്ടുള്ളതായി കാണുന്നു. ഇതില്‍ ലോകാരോഗ്യസംഘടന ഉറപ്പിച്ച ” 5% ” എന്ന നിരക്ക് എടുത്ത് കണക്കുകൂട്ടുമ്പോള്‍ പോലും ഹെപ്പറ്റൈറ്റിസ് – ബി ബാധിച്ചവരുടെ ആഗോളസംഖ്യയുടെ 15% വരും !!

ഇന്ത്യന്‍ അക്കാഡമി ഒഫ് പീഡിയാട്രിസ്ക് മുന്നോട്ടു വച്ച “വിപുലീകൃത പ്രതിരോധ കുത്തിവയ്പ്പ് യജ്ഞ’ത്തിന്റെ പ്രധാന പരിപാടികളിലൊന്ന് ഹെപ്പറ്റൈറ്റിസ്-ബി ബാധ പിടിച്ചു നിര്‍ത്തുകയെന്നതാണ്. ഹെപ്പറ്റൈറ്റിസ്-ബി വാക്സീനാകട്ടെ വളരെ വളരെ സുരക്ഷിതവുമാണ്. (ഇന്ത്യന്‍ കമ്പനികള്‍ സ്വന്തമായി പേറ്റന്റ് എടുത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് കുറഞ്ഞ വിലയ്ക്ക് ഇത് നാട്ടില്‍ നല്‍കുന്നുണ്ട്.)

നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ഇപ്പോള്‍ തന്നെ, എത്രയും നേരത്തേ ഈ വാക്സീന്‍ കൊടുത്താല്‍ അത്രയും നേരത്തെ ഇത് വരുന്നതിനെതിരേ തടയിടാം. നാളെ അവനില്‍ നിന്നോ അവളില്‍ നിന്നോ – ലൈംഗികമായോ രക്തസംബന്ധമായോ – അത് മറ്റാര്‍ക്കും കിട്ടില്ല എന്നുറപ്പ് വരുത്താം.

8. പ്രതിരോധക്കുത്തിവയ്പ്പുകളെ കണ്ണുമടച്ച് എതിര്‍ക്കുകയും സ്പാം മെയിലുകള്‍ പടച്ചു വിടുകയും ചെയ്യുന്നവര്‍ ഈ കുത്തിവയ്പ്പുകള്‍ പ്രചാരത്തിലാവുന്നതിനു മുന്‍പും പിന്‍പും അതാത് രോഗങ്ങള്‍ വരുന്നതിന്റെ തോതും ആ രോഗങ്ങള്‍ മൂലം ഉണ്ടായ മരണങ്ങളുടെ നിരക്കുമൊക്കെ ഒന്ന് മനസ്സിരുത്തി പഠിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

എപ്പോഴൊക്കെ നിലവിലുണ്ടായിരുന്ന പ്രതിരോധകുത്തിവയ്പ്പ് തീവ്രപരിപാടികള്‍ ആലസ്യത്തിലേക്ക് പോയിട്ടുണ്ടോ അപ്പോഴൊക്കെ അത് തടയേണ്ട രോഗങ്ങളുടെ തോതും കൂടിയിട്ടുണ്ട്. ഇംഗ്ലന്റ് വെയില്‍സ് സ്വീഡന്‍ ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 1979 – 81കാലത്ത് വില്ലന്‍ ചുമയ്ക്കെതിരേയുള്ള പ്രതിരോധനടപടികള്‍ തടസ്സപ്പെട്ടപ്പോള്‍ വില്ലന്‍ ചുമയുടേ റേറ്റും കൂടിയിട്ടുണ്ട്.

വാക്സീനുകള്‍ക്കെതിരെ ഡയലോഗ് വിടുന്ന 750 വെബ്സൈറ്റുകളെ ഉള്‍പ്പെടുത്തി നടന്ന പിറ്റ്സ്ബെര്‍ഗ് യൂണിവേഴ്സിറ്റിയുടെ പഠനം കാണിക്കുന്ന കണക്കുകള്‍ രസകരമാണു :

* അത്തരം വെബ്സൈറ്റുകളില്‍ 91% വും വാക്സീന്‍ ഓട്ടിസം, മള്‍ട്ടിപ്പിള്‍ സ്ക്ലീറോസിസ് സഡന്‍ ഇന്‍ഫന്റ് ഡെത്ത് സിന്റ്രോം തുടങ്ങിയ അപൂര്‍വ രോഗങ്ങള്‍ക്ക്/അവസ്ഥകള്‍ക്ക് വഴിവയ്ക്കും എന്ന് പ്രചരിപ്പിക്കുന്നു .

* 83% വെബ് സൈറ്റുകള്‍ വാക്സീനുകളില്‍ മെര്‍ക്കുറി പോലുള്ള ‘വിഷം’ ഉണ്ടെന്നോ അല്ലെങ്കില്‍ ചില ബാച്ച് വാക്സീനുകള്‍ മൊത്തം contaminated ആണെന്നോ വാദിക്കുന്നു.

* 62% വെബ്സൈറ്റുകള്‍ പറയുന്നത് ഡോക്ടര്‍മാര്‍ മന:പൂര്‍വം കുത്തിവയ്പ്പിന്റെ സൈഡ് ഇഫക്റ്റ് പുറത്ത് പറയാത്തതാണെന്ന്.

* വാക്സീനുകള്‍ക്കെതിരേ കുരയ്ക്കുന്ന 67% വെബ്സൈറ്റുകള്‍ പ്രകൃതിചികിത്സ, ഹോമിയോ, കൈറോ പ്രാക്റ്റിക് രീതികള്‍ , ഹെര്‍ബല്‍ ഔഷധവും ഹോളിസ്റ്റിക് ഉഗാണ്ടന്‍ തിയറികളും മറ്റും നിര്‍ദ്ദേശിക്കുന്നവയാണെന്നത് യാദൃശ്ചികമല്ല :)) 16% Website കള്‍ ഈ വക ഉല്പ്പന്നങ്ങള്‍ വില്‍ക്കുന്നവയുമായിരുന്നു !

* 76% വെബ്സൈറ്റുകള്‍ ഗൂഢാലോചന സിദ്ധാന്തക്കാരാണ്. വാക്സീന്റെ ഫലപ്രാപ്തി, സുരക്ഷിതത്വം എന്നിവയെപ്പറ്റി വൈദ്യശാസ്ത്രം മറച്ചുവയ്ക്കുന്നു ; അല്ലെങ്കില്‍ കണക്കുകള്‍ ഒക്കെ തെറ്റാണ് എന്നിങ്ങനെ . ജൂതകൂട്ടക്കൊല നടന്നിട്ടേയില്ല എന്ന് ചിലര്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോലെ… :))

ദേവേട്ടന്റെ കമന്റില്‍ ലിങ്കിയ ആ വാക്സീന്‍ ലിബറേയ്ഷന്‍ അണ്ണന്മാരെ (http://www.vaclib.org/index.htm) ഏതെങ്കിലും മൂന്നാം ലോക ചേരിയില്‍ ഒരു പത്തു ദിവസം താമസിപ്പിക്കാമെങ്കില്‍ ‘കടി’ മാറിക്കൊള്ളും :))